രചന: ജംഷീർ പറവെട്ടി
ഇടക്കിടെ പിറകോട്ട് തിരിഞ്ഞ്, അവനെ നോക്കി കുലുകുലെ ചിരിച്ച് രാധിക ഓടി പോകുന്നത് തുടിക്കുന്ന മനസോടെ, എന്തിനോ വേണ്ടി വെമ്പുന്ന ഹൃദയവുമായി, ഒരു നിമിഷം നോക്കി നിന്നു അപ്പു...
അവന്റെ ഉള്ളിലെ പൗരുഷം അവനറിയാതെ ചൂട് പിടിച്ചു...
എത്തിപ്പിടിക്കാൻ കൈ നീട്ടി അവളോടൊപ്പം അവനും പിറകെ ഓടി..
ആ ഓട്ടം ചെന്നു നിന്നത് രാധികയുടെ റൂമിലായിരുന്നു.......
അവൾ ഓടി വന്ന് മേശമേൽ പിടിച്ചു നിന്നു..
അപ്പു പിറകെ ഉണ്ടെന്നവൾക്കറിയില്ലായിരുന്നു...
സ്ത്രൈണ ഭാവത്തിൽ കഴിഞ്ഞു പോയ മനോഹരമായ ഓർമ്മകളിലേക്ക് ഊളിയിട്ടു പോകുന്നതിന് മുമ്പേ അപ്പുവിന്റെ കരങ്ങൾ പിറകിൽ നിന്നും അവളുടെ മേനിയെ ചുറ്റി വരിഞ്ഞിരുന്നു....
അവന്റെ ചുടു നിശ്വാസം കാതുകളിലും...
പിൻ കഴുത്തിലും പതിഞ്ഞപ്പോൾ
അവളുടെ മുഖത്തെ കുഞ്ഞു കുഞ്ഞു നനുനനുത്ത ഓരോ രോമ കൂപങ്ങളിലും വിയർപ്പ് കണങ്ങൾ പൊടിഞ്ഞു....
"അപ്പൂ.... വേണ്ട... ട്ടോ...."
അവനൊതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല...
അപ്പുവിന്റെ മനസ്സും ശരീരവും പുതിയൊരു ലോകത്തിലായിരുന്നു..
ആദ്യമായി അനുഭവിക്കുമ്പോൾ... അല്ലെങ്കിൽ രുചിച്ച് നോക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി ഹൃദയം നിറയ്ക്കുന്നുണ്ടായിരുന്നു...
"രാധൂ.... "
രാധുവിന്റെ നനഞ്ഞ മുടി ഒരു വശത്തേക്ക് മാടിയൊതുക്കി അപ്പു.
അവളുടെ നീണ്ട മുടിയുടെ വാസന അവന്റെ മനസ്സിനെ വീണ്ടും വീണ്ടും ഉത്തേജിപ്പിച്ചു... അപ്പുവിന്റെ അധരം അവളുടെ പിൻകഴുത്തിൽ സ്നേഹമുദ്ര പതിപ്പിച്ചപ്പോൾ കരയിലേക്കിട്ട മൽസ്യം പോലെ പിടഞ്ഞു രാധു...
അവളുടെ മേനിയിൽ വൈദ്യുതി പ്രവാഹം ഏറ്റപോലെ ഒരു വിറയൽ..
ആ നിമിഷം അപ്പുവിന്റെ നിശ്വാസങ്ങൾക്ക് പാലക്കാട് ചുരമിറങ്ങി വന്ന വേനൽ കാറ്റ് പോലെ ചൂടുണ്ടായിരുന്നു...
അവളെ ബലമായി തന്റെ നേരെ തിരിച്ചു...
അവന്റെ മേലെ പടർന്നു കയറാൻ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു എങ്കിലും അവളവനെ വെറുതെ പ്രതിരോധിച്ചു...
ആ നിമിഷത്തിൽ പിടിവലി പോലും മനോഹരമായി തോന്നി...
പിടിച്ച് അടുപ്പിച്ചു നെഞ്ചോട്.. അവൾ കുണുകുണെ ചിരിച്ച് കുതറി മാറാൻ ശ്രമിച്ചു...
ഈറനുണങ്ങാത്ത നീണ്ടു കിടന്ന കൂന്തലിനടിയിലൂടെ അവന്റെ കൈവിരലുകൾ പിൻകഴുത്തിൽ ഓടി നടന്നു...
അവളുടെ ഒരോ രോമകൂപങ്ങളും എഴുന്ന് നിന്നു...
"അപ്പൂ.... നീ എവിടെയാ... വാ... അച്ഛൻ നിന്നെയവിടെ ഭക്ഷണം കഴിക്കാൻ കാത്തിരിക്കുന്നു...."
അമ്മയുടെ വിളി കേട്ടപ്പോൾ അവർ നൈരാശ്യത്തോടെ വിട്ടകന്നു.
"ഈ.. അമ്മയെ കൊണ്ട് തോറ്റു..."
അവൻ മെല്ലെയാണ് പറഞ്ഞത് എങ്കിലും രാധിക കേട്ടു അത്.
"ഞാനമ്മയോട് പറയാവേ..."
"കഷ്ടംണ്ട് രാധൂ... പറയല്ലേ..."
"ഞാൻ പറയും...."
അവളുടെ നിരയൊത്ത പല്ലുകൾ കാട്ടി അപ്പുവിനെ നോക്കി ചിരിച്ചു...
അവന്റെ മുഖം വാടിയോ.... അവനമ്മയെ ഭയമാണെന്നവൾക്കറിയാം..
അവളുടെ ചിരി നിന്നു...
"ഞാൻ.. വെറുതെ പറഞ്ഞതാ...അപ്പൂ...
.. എന്റെ അപ്പുക്കുട്ടൻ... വാ.... നമുക്കേ.... ഭക്ഷണം കഴിച്ച് വരാം.... ഇല്ലേ.. അമ്മ ഇങ്ങോട്ട് വരും.."
അവന്റെ കൈ കോർത്ത് പിടിച്ച് വിരലുകൾ കൊണ്ട് പരസ്പരം ഞെരിച്ച്.. അവനെ തൊട്ടുരുമ്മി..
ഒരു പ്രത്യേക ആംഗിളിൽ നടന്നു അവൾ...
ഈ ലോകം തന്നെ കീഴടക്കിയ പ്രതീതി ആയിരുന്നു അവളുടെ മുഖത്ത് ആ നിമിഷം...
തന്റെ മക്കൾ സന്തോഷത്തോടെ വരുന്നത് കണ്ടപ്പോൾ അച്ചന്റെ മുഖം വിടർന്നു...
പക്ഷേ..,
അമ്മയുടെ മുഖത്തെ പ്രകാശം മാഞ്ഞു..
അമ്മയെ കണ്ടതോടെ രാധിക അപ്പുവിനെ വിട്ടകന്നു..
"എത്ര നേരമായി അച്ഛനിവിടെ ഭക്ഷണം കഴിക്കാൻ വേണ്ടി കാത്തിരിക്കുന്നു... നിങ്ങള് എവിടെ പോയി കിടക്കായിരുന്നു..."
"എനിക്ക് വിശക്കാണെങ്കില് ഞാനങ്ങു കഴിക്കൂല്ലേന്ന് കരുതി കാണും അവർ... അതിന് നീ എന്തിനാ വെറുതെ പ്രഷർ കൂട്ടുന്നത്.."
"ആ.. അല്ലെങ്കിലും ഇപ്പോ ഞാൻ പുറത്താണല്ലോ.."
അമ്മയുടെ വാക്കുകൾ അച്ഛൻ കേട്ടതായി പോലും നടിച്ചില്ല.
"വാ... മോളേ.. നോക്കട്ടെ.."
പുതിയ ഡ്രസ് ചെയ്തത് ശരിക്കും നോക്കി കണ്ടു അച്ഛൻ..
അമ്മ വെറുതെ നോക്കി നിന്നു.
"എന്റെ മോൾക്ക് ഏത് ഡ്രസ് ഇട്ടാലും ചേരും... അത്രയ്ക്ക് സുന്ദരിയാണ് ന്റെ കുട്ടി.."
അച്ഛൻ അങ്ങനെ പറയുമ്പോൾ അപ്പുവിന്റെ മുഖത്ത് അഭിമാനം..
"അവളെ സൗന്ദര്യം നോക്കി നിൽക്കാതെ ഭക്ഷണം കഴിക്കാൻ നോക്കൂ നിങ്ങൾ ....സമയം നട്ടപ്പാതിരയായി.."
"ആ.. മോള് കൂടി വാ.. "
"ഏയ്.. വേണ്ടച്ഛാ.. ഞാൻ കഴിച്ചതാ..."
"അതൊക്കെ എപ്പോഴേ ദഹിച്ചു പോയില്ലേ... വാ.. ഇന്ന് അപ്പുവിന്റെ കൂടെ ഇരുന്ന് കുറച്ചുകൂടി കഴിക്കാം..."
"വാ.. രാധൂ.."
അവരുടെ നിർബന്ധത്തിൽ അവളും ഇരുന്നു.
നേരത്തേ കഴിച്ച ഭക്ഷണം തന്നെയാണ്.. പക്ഷേ.. പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു രുചി തോന്നി ഇപ്പോ അവൾക്ക്....
"അല്ല.. മോനെ പെരിന്തൽമണ്ണയിൽ ആയിരുന്നപ്പോൾ ഞങ്ങളയൊക്കെ ഓർത്തിരുന്നോ.. നീ"
അവൻ കുറച്ചു നേരം മൗനമായി ഇരുന്നു.
"ഉവ്വച്ഛാ... എപ്പോഴും.. ഓർത്തിരുന്നു... എത്രയും വേഗം ദിവസങ്ങൾ കഴിഞ്ഞിരുന്നു എങ്കിൽ എന്നാവും എപ്പോഴും ചിന്ത..."
"നിനക്ക് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ഇവിടെ ഞങ്ങൾ.. എന്തായാലും എന്റെ പൊന്നു മോന് സുഖമായല്ലോ അത് മതി.."
ആ അച്ഛന്റെ കണ്ണിൽ നിന്നും ഉതിർന്നു വീണ നീർതുള്ളികൾ ഒരച്ഛൻ തന്റെ മക്കൾക്ക് വേണ്ടി എത്രമാത്രം കരുതലും സ്നേഹവും നൽകുന്നു എന്നതാണ്...
"ആ... നേരം ഒരുപാടായി... ഇനി പോയി കിടന്നോളൂ... ട്ടോ... രാവിലെ സാവകാശം എഴുന്നേറ്റ് വന്നാൽ മതി... പൊയ്ക്കോളൂ..."
"അല്ലാ.. രാധിക ആകെ ക്ഷീണിച്ചിരിക്ക്യാ.. ആ മഹിയുമായി ശണ്ഠ കൂടി... അപ്പുവും അത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ... "
"ആ... അതിന്..."
"അപ്പു ഇന്ന് കൂടി നമ്മുടെ അടുത്ത് കിടന്നോട്ടേ.. അതാ നല്ലത്..."
അപ്പുവിന്റെയും രാധികയുടെയും മുഖം വാടുന്നത് കണ്ടപ്പോൾ അച്ഛന് ശരിക്കും അമ്മയോട് ദേഷ്യം വന്നു..
"ക്ഷീണോം കുഴക്കും ഒക്കെ ഉണ്ടെങ്കിൽ പരസ്പരം ആശ്വസിപ്പിക്കാനും.. ഇനി വേണമെങ്കിൽ കൈയ്യിലോ കാലിലോ ഒന്ന് കുഴമ്പ് പുരട്ടാനും നിങ്ങള് ഒരുമിച്ചാ നല്ലത്... ഇനിയിപ്പോ ഇവൾക്ക് കയ്യോ കാലോ വേദനിക്കുന്നുണ്ട് എങ്കിൽ ഞാനും കുറച്ചു കുഴമ്പ് പുരട്ടി ഉഴിഞ്ഞു കൊടുക്കാം... നിങ്ങള് പൊയ്ക്കോളൂ..."
അച്ഛൻ അമ്മയെ നോക്കി പറഞ്ഞു.
അമ്മ ഒന്നും പറയാതെ അവിടെ നിന്നും പോയി..
വേവലാതിയോടെ നിൽക്കുന്ന തന്റെ മക്കളെ ആ അച്ഛൻ ചേർത്ത് പിടിച്ചു..
"എന്റെ മക്കളോട് എനിക്ക് പറയാനുള്ളത് ശരിക്കും കേൾക്കണം... "
ഉവ്വ് എന്ന് രണ്ടു പേരും തലയാട്ടി.
"മരണം വരേയും ഒരുമിച്ച് ജീവിക്കേണ്ടവരാണ് നിങ്ങൾ.. അതിനിടയിൽ അമ്മയും അച്ഛനും മറ്റ് കുടുംബങ്ങളും ഒക്കെ ഉണ്ടാകും... എല്ലാവരേയും സ്നേഹവും ബഹുമാനവും ആദരവും നൽകി കൂടെ നിർത്തണം... പക്ഷേ.. ഒരിക്കലും നിങ്ങളുടെ ജിവിതത്തിൽ കൈകടത്താൻ ഒരാളേയും അനുവദിക്കരുത്.. നിങ്ങൾക്ക് നിങ്ങളായി ജീവിക്കാൻ കഴിയണം.. വയസ്സ് മൂത്തവര് എന്തെങ്കിലും പറ്റാത്തത് പറഞ്ഞാൽ അവരോട് മൗനം പാലിച്ച് നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കുക.. എന്റെ മക്കൾ ചെല്ല്... ഈശ്വരൻ അനുഗ്രഹിക്കട്ടെ..."
അപ്പുവിന്റെയും രാധികയുടെയും മനസിൽ അച്ഛൻ ഈശ്വരന് തുല്യമായിരുന്നു ആ നിമിഷം..
ഈ വീട്ടിൽ അച്ഛനും കൂടി ഇല്ലായിരുന്നുവെങ്കിൽ.. അല്ലെങ്കിൽ അമ്മയെ പോലെ ആയിരുന്നു എങ്കിൽ... ഈശ്വരാ.. നീ നല്ലവനാണ്...
രാധിക മനസ് കൊണ്ട് പ്രാർത്ഥിച്ചു.
ഇങ്ങോട്ട് വന്നത് പോലെ ആയിരുന്നില്ല അവർ റൂമിലേക്ക് തിരിച്ചു പോയത്.. മൗനമായി., മൂകമായി ആയിരുന്നു..
റൂമിലേക്ക് കയറിയതേയുള്ളൂ.. അമ്മയുടെ നിലവിളി കേട്ട് അവർ രണ്ടു പേരും തിരികെ ഓടി...
അവർ ചെല്ലുമ്പോൾ ആർത്ത് കരയുന്ന അമ്മയെ എടുത്തു കട്ടിലിൽ കിടത്തുക യായിരുന്നു അച്ഛൻ.
"അയ്യോ... അമ്മേ... ഈശ്വരാ.... "
അമ്മ നിലവിളി തുടർന്നു...
അപ്പു അമ്മയുടെ അരികിൽ ഇരുന്നു..
"അമ്മേ... കരയല്ലേ...എന്താണെന്റമ്മയ്ക്ക് പറ്റിയത്.."
"മോനേ... അപ്പൂ.. ഞാനിപ്പം മരിക്കും മോനേ... എനിക്ക് വയ്യെടാ... നെഞ്ച് പൊട്ടി പൊളിയുന്നു..."
അമ്മ നെഞ്ചില് തടവിക്കൊണ്ടിരുന്നു..
"അമ്മേ... കരയല്ലേ.. നമുക്ക് ആശുപത്രിയിൽ പോവാം... അച്ഛാ വണ്ടി എടുക്കൂ വേഗം.."
അമ്മയെ കോരിയെടുത്തു അപ്പു..
"രാധൂ.. വാ.."
അപ്പുവിന്റെ മടിയിൽ തലയും രാധികയുടെ മടിയിലേക്ക് കാലും വെച്ച് കിടന്ന അമ്മയെ
വീട്ടിൽ നിന്നും ആശുപത്രിയിൽ എത്തുന്നത് വരേയും നെഞ്ചില് അപ്പുവും കാലുകളിൽ രാധികയും തടവി കൊണ്ടിരുന്നു.
അച്ഛൻ മൗനമായി വണ്ടി ഓടിച്ചു..
ആ പാതിരാവിൽ അമ്മയേയും കൊണ്ട് മൗലാനാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ ചെന്ന് വണ്ടി നിൽക്കുമ്പോഴും അമ്മ കരഞ്ഞു കൊണ്ടേ ഇരുന്നു...
കൂടെ അപ്പുവും രാധികയും നിറഞ്ഞ കണ്ണുകളോടെ ഒപ്പം തേങ്ങി...
എമർജൻസി മെഡിക്കൽ വിഭാഗത്തിലേക്ക് കൊണ്ട് പോയി അമ്മയെ..
"തൽക്കാലം നിങ്ങളിവിടെ ഇരുന്നോളൂ... എവിടെയും പോവരുത്.. ആവശ്യമുണ്ടെങ്കിൽ വിളിക്കാം.."
പുറത്ത് വെയ്റ്റിംഗ് ഏരിയയിൽ ഇരുന്നു അവർ.
അപ്പുവും രാധുവും തേങ്ങി ക്കൊണ്ടേയിരുന്നു..
അച്ഛൻ ഏതോ ആലോചനകളുടെ ലോകത്തായിരുന്നു...
"അംബികാദേവിയുടെ കൂടെ വന്നവർ"
എന്ന് നേഴ്സ് വന്ന് വിളിച്ചപ്പോൾ അപ്പുവും രാധികയും ഓടിച്ചെന്നു...
"അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല.. ടെൻഷൻ കൂടിയതാണ്.. പേടിക്കാനൊന്നുമില്ല..."
"ഈശ്വരാ..."
കോറസ് പോലെ വിളിച്ചു അവർ രണ്ടുപേരും.
അകത്തേക്ക് പോയ നേഴ്സ് അതേപോലെ തിരിച്ചു വന്നു..
"അംബിക ദേവിയുടെ ഭർത്താവ് പ്രഭാകരമേനോനെ ഡോക്ടർ വിളിക്കുന്നു.."
അച്ഛൻ എഴുന്നേറ്റ് ചെന്നു.
"ആ ഇരിക്കൂ സർ.."
മുന്നിൽ കസേര ചൂണ്ടിക്കാട്ടി ഡോക്ടർ.
"പ്രഭാകരമേനോൻ ല്ലേ.."
"ആ.. അതേ ഡോക്ടർ"
"ടെൻഷനാവേണ്ട കാര്യമൊന്നുമില്ല.. ഇസിജിയും എക്കോയുമൊക്കെ എടുത്തു നോക്കി.. ഒന്നിലും ഒരു കുഴപ്പവുമില്ല... പക്ഷേ.. അവർ നല്ല വേദനയുള്ള പോലെ കരയുന്നു.. അത് കൊണ്ട് നമുക്ക് എംആർഐ കൂടി ഒന്ന് എടുത്തു നോക്കിയാലോ... "
"ഡോക്ടർ.. എനിക്ക് ഒരു ടെൻഷനും ഇല്ല.. പക്ഷേ എന്റെ മക്കൾ പുറത്തിരുന്ന് കരയുന്നു.. അവരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം വേണമെങ്കിൽ അങ്ങനെ ചെയ്യാം.."
"മേനോൻ സാർ നിങ്ങളെന്താണ് അങ്ങനെ പറഞ്ഞത് എന്നെനിക്ക് മനസ്സിലായില്ല.."
അച്ഛൻ ഏകദേശം രൂപങ്ങൾ വളരെ ചുരുങ്ങിയ വാക്കുകളിൽ ഡോക്ടർക്ക് വിവരിച്ചു കൊടുത്തു.
"ഓഹ്... ഗോഡ്.. ഇങ്ങനെയും അമ്മമാരുണ്ടല്ലേ..."
അച്ഛൻ വെറുതെ ചിരിച്ചു.. പക്ഷേ ആ ചിരിയിൽ സങ്കടവും ദേഷ്യവും നിരാശയും നിഴലിച്ചിരുന്നു...
"മേനോൻ സാർ.. നമുക്കൊരു കാര്യം ചെയ്യാം.. ഇന്നിവിടെ കിടക്കട്ടെ.. ഏതായാലും സമയം ഒത്തിരി ആയി.. നാളെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്യാം.. "
"ആയിക്കോട്ടെ ഡോക്ടർ.."
"ഞാൻ റൂമിലേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്യാം.. ഓകെ.."
പുറത്തിറങ്ങിയ അച്ചനെ ചോദ്യങ്ങൾ കൊണ്ട് പൊതിഞ്ഞു മക്കൾ.
"ഒന്നുമില്ല മക്കളേ... ഇന്ന് ഇവിടെ കിടന്ന് നാളെ തിരിച്ചു പോകാം... "
"ഓഹ്.. ആശ്വാസമായി.. അച്ഛാ.. ശരിക്കും പേടിച്ചു ട്ടോ.. ഏതായാലും ഈശ്വരൻ കാത്തു..."
രാധികയുടെ നിഷ്കളങ്കമായ വാക്കുകൾ ആ അച്ഛന്റെ മനസിൽ കൂരമ്പുകളായി...
ഈശ്വരാ ഇത്രയും നല്ലൊരു കുട്ടിയെ മരുമകളായി തന്ന നിന്നോട് ഞാനെങ്ങനെ നന്ദി പറയും..
"എന്താച്ഛാ.."
"ഒന്നുമില്ല മോളേ... ഈശ്വരൻ നല്ലവനാണല്ലേ..."
"അതേല്ലോ.."
"പക്ഷേ.. ചില മനുഷ്യ മനസ്സുകളാണ് പ്രശ്നം.."
അവൾക്കൊന്നും മനസിലായില്ല.. അത് കൊണ്ട് തന്നെ മറുപടിയും കൊടുത്തില്ല..
മറുപടി അച്ഛൻ പ്രതീക്ഷിച്ചിട്ടുമില്ല..
റൂമിലേക്ക് മാറ്റി.
പത്താം നിലയിലെ ഡീലക്സ് റൂമിൽ ഒരു വലിയ രോഗിയെ പോലെ കിടന്നു അമ്മ.
ബെഡിൽ തല ഭാഗത്തായി അപ്പുവും കാൽഭാഗത്ത് രാധുവും ഇരുന്നു.
വേറേയും രണ്ട് ബെഡുകൾ കൂടി ഉണ്ട് റൂമിൽ.. പിന്നെ ഒരു സോഫയും.
"മക്കൾ ഉറങ്ങിക്കോളൂ... ഇനി കുഴപ്പമില്ല.. ഞാൻ ഇരുന്നോളാം ഇവിടെ.. "
കസേര അമ്മയുടെ ബെഡിനടുത്തേക്ക് നീക്കി അതിലിരുന്നു അച്ഛൻ.
അമ്മയുടെ അടുത്ത് നിന്ന് പോകാൻ മടിച്ചു നിന്നു അവർ.
"പോയി കിടന്നുറങ്ങെടാ... ദാ.. നീ ആ ബെഡിൽ കിടന്നോ.. രാധിക ഇവിടേയും കിടക്ക്.. "
അത്രയ്ക്ക് പൗരുഷമായി അച്ഛൻ സംസാരിക്കുന്നത് തന്നെ കേട്ടിട്ടില്ല..
അവർ രണ്ടുപേരും പിടഞ്ഞെഴുന്നേറ്റു..
പോവല്ലേ എന്ന് മൗനമായി പറഞ്ഞ് അമ്മ അപ്പുവിന്റെ കൈയ്യിൽ പിടിച്ചു.
രൂക്ഷമായ അച്ഛന്റെ നോട്ടത്തിൽ ആ കൈ അഴഞ്ഞു...
കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് അവർ രണ്ടുപേരും ഉറങ്ങിയിരുന്നു...
പാവം നല്ല ക്ഷീണം ഉണ്ട് തന്റെ മക്കൾക്ക്..
കുറച്ചു നേരം കസേരയിൽ ഇരുന്നു.. പിന്നെ അച്ഛനും സോഫയിൽ പോയി സുഖമായി കിടന്നുറങ്ങി...
കിടക്കുന്നതിന് മുമ്പ് നേഴ്സിംഗ് റൂമിൽ പോയി ആവശ്യമില്ലാതെ വന്ന് വിളിക്കരുത് എന്ന് പറഞ്ഞു വന്നിരുന്നു..
നേരം പുലർന്നത് പോലും അറിഞ്ഞില്ല..
രാവിലെ എട്ടു മണിക്ക് ഡോക്ടർ വരുന്നു എന്ന് പറഞ്ഞ് നേഴ്സ് വന്ന് വാതിലിൽ മുട്ടുന്നത് കേട്ടാണ് അച്ഛനെപ്പോലെ അപ്പുവും രാധികയും ഉണർന്നത്.
അമ്മ അപ്പോഴും നല്ല ഉറക്കം.
ഡോക്ടർ വന്ന് പരിശോധിച്ചു...
സ്റ്റെതസ്കോപ്പ് തട്ടുമ്പോൾ പോലും വേദനയുണ്ടെന്നത് പോലെ പുളഞ്ഞു അമ്മ.
"നിങ്ങൾക്ക് ഇപ്പോ ചെയ്ത ടെസ്റ്റുകളിൽ കുഴപ്പമൊന്നുമില്ല... ഇന്ന് ഉച്ചയ്ക്ക് ശേഷം വേണമെങ്കിൽ വീട്ടിൽ പോവാം..."
"അയ്യോ വേണ്ട ഡോക്ടർ... എനിക്ക് പേടിയാ.. വീട്ടിലാവുമ്പോൾ പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ എന്താ ചെയ്യാ... ഒരാഴ്ച എങ്കിലും ഇവിടെ കിടന്നിട്ട് പോയാൽ മതി.. ഡോക്ടർ.."
"ആ.. നോക്കട്ടെ.. "
അച്ഛനെ പുറത്തേക്ക് വിളിച്ചു ഡോക്ടർ.
"നിങ്ങള് പറഞ്ഞത് തന്നെയാണ് അവരുടെ അസുഖം.. അതിന് മരുന്ന് നൽകാൻ എനിക്ക് കഴിയില്ല മേനോൻ സാർ.."
"ശരി ഡോക്ടർ... ഞാൻ കുറച്ചു കഴിഞ്ഞ് ഓപിയിൽ വന്ന് കാണാം.."
കൊണ്ട് വന്ന ചായ കുടിക്കാൻ വേണ്ടി ഒന്നെണീറ്റിരിക്കാൻ പോലും കഴിയാത്ത പോലെ അമ്മ കരഞ്ഞു..
രാധികയും അപ്പുവും അമ്മയെ താങ്ങി എണീപ്പിച്ചു...
സമയം ഇഴഞ്ഞിഴഞ്ഞ് നിങ്ങി.. അമ്മയുടെ മുന്നിൽ അടുത്തടുത്ത് ഇരിക്കാൻ പോലും കഴിയാതെ ആ രണ്ടു ഹൃദയങ്ങൾ വിങ്ങി...
പരസ്പരം കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞു... അവർ
"ആ.. അപ്പൂ.. ഊണ് നിങ്ങള് പുറത്ത് പോയി കഴിച്ചോളൂ... വരുമ്പോൾ ഞങ്ങൾക്ക് പാർസൽ വാങ്ങി വന്നാൽ മതി..."
എന്തോ അമ്മ ഒന്നും പറഞ്ഞില്ല...
അപ്പുവിന്റെ കൂടെ.. അവന്റെ കൈയ്യിൽ പിടിച്ച് രാധിക നടന്നു..
"രാധൂ.. "
"ഊം...."
"ഇങ്ങനെ നിന്നിട്ട് സങ്കടാവുന്നുണ്ടോ..."
"ഏയ്.. ഇല്ലപ്പൂ... എത്രയും വേഗം അമ്മയുടെ അസുഖം മാറിക്കിട്ടിയാൽ മതി.."
"രാധൂ.. നിന്റെ ഒരു വിധിയേ.. കല്യാണം കഴിഞ്ഞിട്ട് കാലമെത്രയായി... ഇത് വരേയും ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞിട്ടില്ല... "
"ഏയ് അങ്ങനെ ഒന്നും പറയല്ലേ അപ്പൂ.. നമുക്ക് ഇനിയും ഒരുമിച്ച് ജീവിക്കാല്ലോ.. അമ്മയുടെ അസുഖം മാറിക്കിട്ടിയാൽ വീട്ടിലേയ്ക്കാണല്ലോ പോവാ... പിന്നെ.. അവിടെ.. ഞാനും എന്റെ അപ്പുവും...."
അവളുടെ നുണക്കുഴി വീണ്ടും വിരിഞ്ഞത് കണ്ടപ്പോൾ അപ്പുവിന്റെ മുഖവും തെളിഞ്ഞു..
ചോദിച്ചു ചോദിച്ച് കാന്റീനിൽ പോയി..
"ഓഹ്.. എന്തൊരു തിരക്കാ.. ഇവിടെ.."
ഒരുവിധം ഇരിക്കാൻ സീറ്റ് കിട്ടി..
ആളുകൾ നോക്കി നിൽക്കുന്നു..
കഴിച്ചു എന്ന് വരുത്തി എണീറ്റു അവർ.
പാർസലും വാങ്ങി റൂമിൽ എത്തുമ്പോൾ അമ്മ കരയുന്നു..
"എന്ത് പറ്റി അമ്മേ.. എന്തിനാണ് കരയുന്നത്..."
"ഏയ്.. ഒന്നുമില്ല.."
അച്ഛൻ ഒന്നും അറിയാത്തത് പോലെ ഇരിക്കുന്നു..
അച്ഛൻ അമ്മയെ എന്തിനോ വഴക്ക് പറഞ്ഞു എന്ന് അവർക്ക് മനസിലായി..
ബെഡിൽ ചാരി ഇരുത്തി അമ്മയ്ക്ക് വായിലേക്ക് സ്പൂൺ കൊണ്ട് രാധിക ചോറ് കോരി കൊടുക്കുമ്പോൾ കണ്ട് നിന്ന അച്ഛന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...
അമ്മയ്ക്ക് കൊടുത്തു കഴിഞ്ഞു.
"അച്ഛനും കഴിച്ചോളൂ.. "
രാധിക ഒക്കെ എടുത്തു കൊടുത്തു.
അച്ഛന്റെ അടുത്ത് തന്നെ ഇരുന്നു.
"എനിക്കും ഒരു അസുഖം വന്നിരുന്നു എങ്കിലെന്ന് ചിന്തിക്കാ..."
"അയ്യോ... അതെന്താ.. അച്ഛാ.. അങ്ങനെയൊക്കെ പറയുന്നേ.."
"എന്റെ മോളുടെ കൈകൊണ്ട് കഴിക്കാല്ലോ.."
"എന്റെ പൊന്നച്ഛാ അച്ഛന് വേണമെങ്കിൽ അസുഖം വന്നിട്ട് വേണോ..."
കൈകഴുകി വന്ന രാധിക കൊടുത്ത ആ ഓരോ ഉരുള ചോറുകളും ആ അച്ഛന് പുതിയൊരു അനുഭവമായിരുന്നു....
സ്നേഹം അത് പ്രകടിപ്പിക്കുംതോറും മനോഹരമാണ്...
"സാർ.. നിങ്ങളെ ഡോക്ടർ വിളിക്കുന്നു..."
"ഭക്ഷണം കഴിച്ചിട്ട് വന്നാൽ മതിയോ...."
"ഓഹ്.. മതി.. എമർജൻസി എന്തോ ഉണ്ടെന്ന് തോന്നി.. എന്തായാലും വൈകേണ്ട..."
അദ്ദേഹം ഡോക്ടറുടെ കാബിനിലേക്ക് ചെല്ലുമ്പോൾ ഡോക്ടർ കാത്തിരിക്കുകയായിരുന്നു.
"എന്താണ്.. ഡോക്ടർ.. കാണണം എന്ന് പറഞ്ഞു.."
"ആ... അത്.. മേനോൻ സാർ... ഞാൻ പറയുന്നത് ശരിക്ക് കേൾക്കണം.. ചിലപ്പോൾ മെഷീനുകൾക്ക് തെറ്റ് പറ്റാം.. എന്തായാലും നമുക്ക് വിശദമായി ഒന്ന് കൂടി ടെസ്റ്റുകൾ ചെയ്യാം..."
"ഡോക്ടർ ഒന്ന് കൂടി വിശദമായി പറയൂ.. എനിക്ക് ഒന്നും മനസിലായില്ല.."
"അത്.. എന്താന്ന് വെച്ചാൽ... നിങ്ങളുടെ ഭാര്യയുടെ രക്തം പരിശോധനക്ക് കൊടുത്തിരിന്നു.. അതിന്റെ റിസൾട്ട് ഇപ്പോഴാണ് വന്നത്... "
''ആ..പറയൂ ഡോക്ടർ.."
"അതിൽ അർബുദത്തിന്റെ ചില ലക്ഷണങ്ങൾ കാണുന്നുണ്ട്... ചിലപ്പോൾ തെറ്റാകാം.. എന്തായാലും നിങ്ങൾ ഇന്ന് പോവേണ്ട... ഒന്ന് കൂടി വിശദമായി പരിശോധിച്ച് നമുക്ക് എന്താണ് വേണ്ടതെന്ന് വെച്ചാൽ ചെയ്യാം..."
"ശരി ഡോക്ടർ..."
"ആ... പിന്നെ.. ഇത് തൽക്കാലം നിങ്ങൾ മാത്രം അറിഞ്ഞാൽ മതി.. അവരെ അറിയിക്കേണ്ട...ഓകെ"
തളർന്ന് ഇപ്പോൾ വീഴും എന്ന് തോന്നി അയാൾക്ക്.
ഈശ്വരാ പരീക്ഷിക്കല്ലേ...
തളർന്നു വീഴാതിരിക്കാൻ പാട് പെട്ട്
ഒരു വിധം റൂമിൽ എത്തി.. പരമാവധി പുഞ്ചിരി വരുത്തി അവരുടെ മുന്നിൽ..
"എന്താണച്ഛാ ഡോക്ടർ പറഞ്ഞത്..."
"ഏയ് അത് വെറുതെ വിളിപ്പിച്ചതാ.. എന്തായാലും അമ്മ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് രണ്ട് ദിവസം കഴിഞ്ഞ് പോവാം ന്ന് പറഞ്ഞു.."
അമ്മയുടെ മുഖത്ത് തെളിച്ചം...
"ആ.... പിന്നെയ്.. നിങ്ങള് രണ്ടാളും വീട്ടിലേക്ക് ചെല്ല്... അവിടെ ആരുമില്ലാതിരുന്നാൽ ശരിയാവില്ല... എന്നിട്ട് നാളെ ഉച്ചയോടെ തിരിച്ചുവന്നാൽ മതി..."
"ഏയ് വേണ്ടച്ഛാ.. നമുക്ക് ഒരുമിച്ച് പോകാം.. അത് മതി.."
"അതല്ല.. മോളേ.. അപ്പുവിന് ഇവിടെ നിൽക്കുന്നതൊന്നും അത്ര നല്ലതല്ല..
അത് കൊണ്ടാണ്.. അവനെ ഒറ്റയ്ക്ക് അവിടെ നിർത്തുന്നതും ശരിയല്ലല്ലോ.. ഞാനൊരു ടാക്സി ഏർപ്പാടാക്കി തരാം..."
"അമ്മേ... എന്താണ് ചെയ്യേണ്ടത്... അമ്മയെ ഒറ്റയ്ക്കാക്കി പോവണോ.. അമ്മ തന്നെ പറയൂ..."
രാധിക അങ്ങനെ ചോദിക്കും എന്നവർ കരുതിയിരുന്നില്ല..
അവരച്ഛനെ നോക്കി..
എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു.
"ആ... നിങ്ങള് പോയി വന്നോളൂ.. നാളെ ഉച്ച കഴിഞ്ഞു വന്നാലും മതീല്ലോ ല്ലേ.."
"ഓഹ് മതി"
അപ്പുവിന്റെയും രാധികയുടെയും മുഖം തെളിഞ്ഞു വന്നു..
അമ്മയുടെ അനുവാദത്തോടെ., ആശിർവാദത്തോടെ അവർ രണ്ടുപേരും വീട്ടിലേക്ക്...
വരാൻ പോകുന്ന ദുരന്തങ്ങൾ ഒന്നുമറിയാതെ,
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ വരാൻ പോകുന്നത് മനസിൽ കണ്ട് ആ അംബാസഡർ കാറിന്റെ പിൻസീറ്റിൽ തൊട്ടുരുമ്മി ഇണക്കുരുവികളായി ഇരുന്നു.. അപ്പുവും രാധുവും...