Happy Wedding തുടർക്കഥ Part 22 വായിക്കൂ...

Valappottukal



രചന :-അനു അനാമിക

ആദ്യഭാഗങ്ങൾക്ക് Happy Wedding Part No മുകളിൽ Search ചെയ്യുക...

കഴിഞ്ഞ് പോയ കഥകൾ സെലിൻ സിവാനോട് പറയുമ്പോൾ അവന്റെ ഓർമകളും പിന്നിലേക്ക് സഞ്ചരിച്ചു. എവിടെയൊക്കെയോ മിഴിനീർ ഉരുണ്ട് കൂടാൻ തുടങ്ങി.

Again flashback

"ഡാ.... നീ ഇത് എങ്ങോട്ടാ ഓടുന്നെ "??....long ബെൽ അടിച്ചപ്പോഴേ ക്ലാസ്സിൽ നിന്ന് ഇറങ്ങി ഓടുന്ന സിവാനെ കണ്ട് സന്ദീപ് ചോദിച്ചു.

"അ... അത് എനിക്ക് അത്യാവശ്യം ആയിട്ട് വീട്ടിൽ പോണം....!! നാളെ കാണാടാ!!"... അവൻ അതും പറഞ്ഞ് ക്ലാസ്സിൽ നിന്ന് ഓടി ഇറങ്ങി അവന്റെ ബൈക്ക് വെച്ചിരിക്കുന്ന സ്ഥലത്തേക്ക് വന്നു.എന്നും അവനെ തേടി എത്താറുള്ള ആ പെൺകുട്ടിയുടെ കത്തുകൾ അവനെ അത്രയധികം ആകാംഷയിലേക്ക് ഓരോ ദിവസവും കഴിയുംതോറും കൊണ്ട് എത്തിച്ചിരുന്നു. അവൻ ബാഗ് തോളിലേക്ക് വലിച്ചിട്ടു.സിവാന്റെ കണ്ണിൽ പെടാതെ കുറച്ച് ദൂരെ മാറി സൈമൺ അവനെ വാച് ചെയ്ത് നിൽപ്പുണ്ടായിരുന്നു.

"കത്ത് വന്ന് കാണുവോ??".... അവൻ സംശയത്തോടെ ബൈക്കിൽ കേറി ഇരുന്ന് കത്ത് നോക്കാൻ തുടങ്ങി. ഒടുവിൽ അത് കൈയിൽ കിട്ടിയപ്പോൾ പൂർണ ചന്ദ്രൻ ഉദിച്ച പോലെയാ മുഖം തിളങ്ങി.ആ ചുണ്ടുകളിൽ ആഗ്രഹിച്ചത് എന്തോ കൈയിൽ കിട്ടിയ പോലൊരു സന്തോഷം കണ്ടതും സൈമൺ കുസൃതിയോടെ എല്ലാം ക്യാമറയിലേക്ക് പകർത്തി.

"ഹ്മ്മ്.... ഇന്നും ഉണ്ടല്ലോ!!".... സിവാൻ ഒരു ചെറു ചിരിയോടെ അത് തുറന്ന് വായിക്കാൻ തുടങ്ങി.

"ഹലോ കുരീക്കാട്ടിലെ കൊച്ച് തമ്പുരാനെ.... എന്താ വിളിച്ചത് ഇഷ്ടായില്ലേ ഇച്ചായ??".... സിവാൻ അത് വായിച്ച് പുഞ്ചിരിച്ചു.

"ഈ പെണ്ണ്....!!".... അവൻ മനസ്സിൽ ഓർത്തു.

"ദേ നാളെ വിദ്യാർഥി സമരം ആണെന്നൊക്കെ കേട്ടു. നാളെ അതുകൊണ്ട് കത്ത് കൊണ്ട് വെക്കാൻ പറ്റിയെന്നു വരില്ല സാറേ. അതുകൊണ്ട് നാളെ എന്നെ പ്രതീക്ഷിക്കണ്ട. എഴുതി വെച്ചാലും അത് കൊണ്ട് വെക്കാൻ ഈ ബൈക്ക് ഇവിടെ കാണില്ലല്ലോ... നാളെ ഇച്ചായനും സമരത്തിന് പോകുവല്ലോ!!".....

"ഏഹ്....??ഇതൊക്കെ ഇവൾ എങ്ങനെ അറിയുന്നു "?? 🙄

"ദേ സമരത്തിന് പോകുന്നതൊക്കെ കൊള്ളാം ലാത്തി ചാർജും കൊണ്ട് അംഗ ഭംഗങ്ങൾക്ക് കേട് പാട് ഉണ്ടാക്കിയിട്ട് എങ്ങാനുമാണ് തിരിച്ചു വരുന്നതെങ്കിൽ മുക്കാലിൽ കെട്ടി അടിക്കും ഞാൻ. ഇനി പറഞ്ഞില്ലെന്നു വേണ്ട....!!".... സിവാൻ കണ്ണ് മിഴിച്ചു പോയി.

"എന്റെ പൊന്ന് ഇച്ചായനല്ലേ  വഴക്കിന് ഒന്നും പോയേക്കല്ലേ.... ഇച്ചായ.എനിക്ക് പേടി ആയോണ്ടാ. വല്ലൊം പറ്റി പോയാൽ എനിക്ക് സഹിക്കാൻ പറ്റൂല്ല മനുഷ്യ അതുകൊണ്ടാ....സൂക്ഷിക്കണേ. Love you ഇച്ചായ.....!!"....

"എന്ന് ഇച്ചായന്റെ കൊച്ച്!!".....

"ഹ്മ്മ്... ഇത് എന്നെ നന്നായി അറിയുന്ന ആരോ ചെയ്യുന്ന പണിയാ അതിപ്പോ ഉറപ്പായി. പക്ഷെ ആര്?? ഇവിടെ കൊണ്ട് വന്ന് കത്ത് വെക്കാൻ ധൈര്യം ആർക്കാ ഉള്ളത് !!ഇനി അവന്മാർ എങ്ങാനും എന്നെ പറ്റിക്കാൻ!!എയ് ചാൻസില്ല.... പക്ഷെ നാളെ നടക്കാൻ പോകുന്ന കാര്യം വരെ ഇവൾക്ക് നന്നായിട്ട് അറിയാല്ലോ അതെങ്ങനെ "??.... സിവാൻ കത്ത് കൈയിൽ പിടിച്ച് ആലോചിച്ചു നിന്നു.

"ഡാ..  നീ എന്നാ ദിവാ സ്വപ്നം കാണുവാണോ?? വീട്ടിൽ പോകണ്ടേ "??..... അത്രേം നേരം മറഞ്ഞു നിന്ന സൈമൺ സിവാന്റെ അടുത്തേക്ക് വന്നു.

"അ.... ആഹ് പോകാം ഇച്ചായ!!".... അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കി കത്ത് പോക്കറ്റിലേക്ക് ഇട്ട് കൊണ്ട് വെപ്രാളത്തോടെ പറഞ്ഞു.

ഇതേ സമയം......

"ഹോ അങ്ങനെ നാളെ ഒരു ദിവസം അവധി കിട്ടി.രാവിലെ കുളിച്ചു കുറി തൊട്ട് വരണ്ടല്ലോ!!".... റീന സന്തോഷത്തോടെ പറഞ്ഞു.

"ഓഹ്.... അല്ലേൽ നീ എന്നാ കുളിക്കാറുള്ളത്??"....

"ഒഞ്ഞു പോടീ....!!അല്ല നീ വീട്ടിലേക്ക് പോകുന്നുണ്ടോ??"....

"ഓഹ് ഒറ്റ ദിവസത്തേക്ക് പോയിട്ട് എന്നാത്തിനാടി??എനിക്ക് എങ്ങും വയ്യ!!"...

"അതൊന്നുമല്ല... നിന്റെ ഇച്ചായനെ കാണാതെ ഇരിക്കാൻ പറ്റിയേലാഞ്ഞിട്ട് അല്ലിയോ?? വീട്ടിൽ ചെന്നാൽ അമ്മച്ചിയും അപ്പച്ചനും നിന്നെ രണ്ട് ദിവസമെങ്കിലും അവിടെ പിടിച്ച് നിർത്തും. പിന്നെ നീ നിന്റെ ആളെ എങ്ങനെ കാണും?? അല്ലേടി മോളെ "??.... റീന കുറുമ്പോടെ പറഞ്ഞു.

"ആഹാ എന്റെ കൊച്ചിന് ഇത്രേം ബുദ്ധിയൊക്കെ ഉണ്ടാരുന്നോ "???.... സെലിൻ ചിരിയോടെ ചോദിച്ചു.

"ആഹ് അങ്ങേരുടെ കൂടെ നടന്ന് തലക്ക് കുറച്ച് വെട്ടമൊക്കെ വീണന്ന് തോന്നുന്നു...!!"...

"മ്മ്... ടി....നാളെ നമുക്കും സമരം കാണാൻ പോയാലോ??"..  സെലിൻ ചോദിച്ചു.റീന ഒന്ന് ഞെട്ടി.

"ഏഹ്..... 😳😳നിനക്ക് എന്താടി പ്രാന്തി?? വട്ട് മൂത്ത് മുഴു വട്ട് ആയോ?? നാളെ എന്തായാലും അടിയും പിടിയും ചിലപ്പോ വെടി വെപ്പും ഉണ്ടായെന്നു വരും. അതിന്റെ ഇടയിൽ നീ എന്നാ കാണിക്കാൻ പോകുവാ "??

"അല്ലെടി.... വെറുതെ ഒരു....!!"... സെലിൻ പൂർത്തിയാക്കിയില്ല.

"എന്റെ പൊന്ന് പെണ്ണെ മര്യാദക്ക് ഹോസ്റ്റലിൽ കിടന്ന് ഈ ദിവസം ഉറങ്ങി തീർക്കാൻ നോക്ക്!!ഞാൻ നാളെ പോത്ത് പോലെ കിടന്നുറങ്ങാല്ലോ എന്ന സമാധാനത്തിലാ നിക്കണേ....!!അപ്പോഴാ അവളുടെ സമരം!!"..... റീന പറഞ്ഞ് കൊണ്ടിരുന്നപ്പോൾ ആണ് അവൾക്ക് സൈമന്റെ മെസ്സേജ് വന്നത്. അത് കണ്ടതും അവൾ മുഖം കൂർപ്പിച്ചു.

"എന്നാടി "??... സെലിൻ ചോദിച്ചു.

"എന്റെ ഉറക്കം ഗോവിന്ദ ആയെടി.നാളെ രാവിലെ 9 മണിക്ക് എന്നോട് കോളേജ് ജക്ഷനിലേക്ക് വരാൻ. കറങ്ങാൻ പോകാന്നു....!!ഇങ്ങേര് എന്നെ ഒരു ദിവസം ഉറങ്ങാൻ വിടൂല്ലേ തമ്പുരാനെ....!!"..... റീന സങ്കടത്തോടെ പറഞ്ഞു.

"ആഹ് സാരമില്ലടി.... ഇപ്പോഴല്ലേ ഇതൊക്കെ പറ്റൂ. ഇച്ചായൻ ജോലിയുടെ കാര്യൊക്കെ ആയി തിരക്കായാൽ പറ്റുവോ??"....

"മ്മ് അതും ശരിയാ....!!ഹ്മ്മ് പോയേക്കാം.അല്ലെങ്കിൽ ഇനി അതിന് മതി.ഹ്മ്മ്.....ഉടായിപ്പ് വല്ലൊം ഉണ്ടാക്കാൻ എന്റെ അടുത്ത് വന്നാൽ അങ്ങേരുടെ പല്ല് ഞാൻ അടിച്ച് കൊഴിക്കും നാളെ ....!!".... സൈമന്റെ സ്വഭാവം അറിയാവുന്ന കൊണ്ട് തന്നെ റീന പറഞ്ഞു. സെലിൻ അത് കേട്ട് ചിരിച്ചു.

ഹോസ്റ്റലിൽ ചെന്നിട്ടും സെലിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല. സിവാൻ സമരത്തിന് പോകുമെന്ന് അവൾക്ക് അറിയാം. അവനെ കാണാതെ ഇരിക്കുന്നതിനേക്കാൾ വേദന നാളത്തെ സമരത്തിന് ഇടയിൽ എന്തേലും പ്രശ്നം ഉണ്ടാകുവോ അവന് എന്തേലും പറ്റുമോ എന്നുള്ളത് ആരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്ന് അവൾ ആ രാത്രി ഇരുട്ടി വെളുപ്പിച്ചു.

പിറ്റേന്ന് രാവിലെ പള്ളിയിൽ പോയി മനസ്സ് ഉരുകി പ്രാർത്ഥിച്ചു.ഹോസ്റ്റലിലേക്ക് തിരികെ പോകാൻ തുടങ്ങുമ്പോൾ തന്നെ കണ്ടു കൊടിയും വടിയും പിടിച്ച് സിവാച്ചനും സമരക്കാരും പോകുന്നത്. കോളേജിന്റെ പുറത്ത് നിൽക്കുന്ന പോലീസുകാരെ കൂടെ കണ്ടതും സെലിന്റെ ഉള്ളിൽ എന്തോ ഭയം നിഴലിച്ചു തുടങ്ങിയിരുന്നു. സമാധാനപരമായി പൊയ്ക്കൊണ്ടിരുന്ന സമരത്തിന് ഇടയിലേക്ക് ആരോ കല്ല് പെറുക്കി എറിഞ്ഞതും പോലീസ് ലാത്തി വീശി അതിനൊപ്പം തന്നെ ഗ്രനേടും പ്രയോഗിച്ചു. മുൻപന്തിയിൽ നിന്നവരൊക്കെ ചിതറി ഓടുന്നതിന്റെ കൂടെ തന്നെ സെലിനും ഓടി. ഗ്രനേഡ് വീണത് കൊണ്ട് തന്നെ ആരെയും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. സമരക്കാർ വീണ്ടും ബഹളവുമായി ചെന്നതും ജലപീരങ്കിയും പോലീസ് പ്രയോഗിച്ചു. സെലിൻ ഓട്ടത്തിന് ഇടയിൽ നാലുപാടും സിവാനെ നോക്കി എങ്കിലും അവനെ കണ്ടില്ല.

"കർത്താവേ ഇച്ചായൻ ഇതെവിടെയ?? എന്തേലും പറ്റിയിട്ടുണ്ടാകുവോ?? പോയി നോക്കിയാലോ??".... സെലിന്റെ മുഖത്ത് ഭയം ഉരുണ്ട് കൂടി. അവൾ സമരം നടക്കുന്നിടത്തേക്ക് വെപ്രാളത്തോടെ നടക്കാൻ തുടങ്ങി. ഗ്രനേഡ് വീണ്ടും പോലീസ് എറിഞ്ഞതും ആ പുക മറയിൽ കൂടെ സിവാൻ ഓടി വരുന്നത് അവൾ കണ്ടു. അപ്പോഴാണ് അവൾക്ക് ശ്വാസം നേരെ വീണത്. ഗ്രനേടിന്റെ നീറ്റൽ കൊണ്ട് സിവാൻ കണ്ണ് പൊത്തി ആണ് ഓടി വന്നത്. കൂട്ടത്തിൽ കൂട്ടുകാരും ഉണ്ടാരുന്നു. അവരും കണ്ണടച്ച് പിടിച്ചിരുന്നു.
സിവാൻ ഓടി സെലിന്റെ അടുത്ത് എത്താറായതും സിവാന്റെ കൂട്ടുകാർ ഏതോ ഇടവഴി കേറി ഓടി.

"സന്ദീപേ വാടാ....!!".... സിവാൻ പറഞ്ഞതും സെലിനും അവന്റെ ഒപ്പം ഓടി. കണ്ണടച്ച് ഓടിയ സിവാന്റെ ഇടം കൈയിൽ അവൾ മുറുകെ പിടിച്ചു. അവനാ കൈ തട്ടി മാറ്റിയില്ല. കൂട്ടുകാർ ആണെന്ന് അവൻ കരുതി. സി വാന്റെ ഒപ്പം മുന്നോട്ട് ഓടി പോകുമ്പോൾ ആണ് എതിരെ വരുന്ന പോലീസ് ജീപ്പ് സെലിൻ കണ്ടത് അവൾ പെട്ടെന്ന് സിവാനെയും വലിച്ചു കൊണ്ട് ഒരു ഇട റോഡിലേക്ക് കയറി നിന്നു.

"എന്താടാ "??.... സിവാൻ ചോദിച്ചതിന് അവൾ ഉത്തരം പറഞ്ഞില്ല. അവൻ അപ്പോഴും കണ്ണ് ഇറുകെ അടിച്ചിരുന്നു ഗ്രനേടിന്റെ നീറ്റൽ കാരണം. അപ്പോഴാണ് പൊലിസ് ജീപ്പ് പോയതിന്റെ ശബ്ദം അവൻ കേട്ടത്.

"ഓഹ് പോലീസ് ആരുന്നോ?? പണ്ടാരം കണ്ണു നീറിയിട്ട് പാടില്ല. ഏതവൻ ആണോ കല്ല് പെറുക്കി എറിഞ്ഞത്?? കോപ്പ്....!!".... സിവാന്റെ കണ്ണിൽ കൂടെ കണ്ണീർ ഒഴുകുന്നതും അവൻ നീറ്റൽ കാരണം എരിവ് വലിക്കുന്നതും കണ്ട് സെലിൻ അടുത്ത് കണ്ട ഒരു പൈപ്പിൽ നിന്ന് കുറച്ച് വെള്ളം കൈ കുമ്പിളിൽ നനച്ച് കൊണ്ട് വന്ന് അവന്റെ കണ്ണിലേക്കു ഒഴിച്ചു കൊടുത്തു. അവളുടെ കൈകളുടെ സ്പർശം അറിഞ്ഞതും സിവാൻ ഒരു നിമിഷം ഞെട്ടി പോയി.

"ഇത്ര സോഫ്റ്റ്‌ ആയ കയ്യോ?? സന്ദീപേ....!!".... അവൻ വിളിച്ചതും സെലിൻ സിവാന്റെ ചുണ്ടിനു മീതെ ചൂണ്ട് വിരൽ വെച്ചവനെ തടഞ്ഞു. സിവാന്റെ മൂക്കിലെ ശ്വാസവും ചുണ്ടിന്റെ മൃദുലതയും ചൂടും അറിഞ്ഞ സെലിന്റെ കൈ അറിയാതെ വിറച്ചു പോയി. സിവാൻ ഒരു നിമിഷം അനങ്ങാതെ നിന്നതും സെലിൻ അവളുടെ ഷാൾ കൊണ്ട് അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു. സിവാൻ കണ്ണ് തുറക്കാൻ പലവട്ടം ശ്രമിച്ചെങ്കിലും അത് നടന്നില്ല. അവൾ പൈപ്പിലെ വെള്ളത്തിൽ ഷാൾ നനച്ച് കൊണ്ട് അവന്റെ കണ്ണിലെ നീറ്റൽ മെല്ലെ തുടച്ചു മാറ്റി. അപ്പോഴും സിവാൻ കണ്ണടച്ച് കൊണ്ട് നിൽക്കുവാരുന്നു.

"ഇയാളാരാ "??.... അവൻ ചോദിച്ചതിന് അവൾ മറുപടി പറഞ്ഞില്ല. പകരം അടഞ്ഞു കിടക്കുന്ന അവന്റെ മിഴികൾക്ക് നേരെ മുഖം എത്തിച്ചു അതിലേക്ക് മെല്ലെ ഊതാൻ തുടങ്ങി. അവളുടെ ശ്വാസം മുഖത്തും കണ്ണുകളിലും തട്ടിയതും സിവാന്റെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നു വന്നു. അവനിൽ ഒരു നേരിയ കിതപ്പ് പോലും സ്ഥാനം പിടിച്ചു. കണ്ണുകളിൽ മെല്ലെ സെലിൻ ഊതുന്നതിനു അനുസരിച്ച് സിവാന്റെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു. അവൻ അത് ആസ്വദിച്ചു നിന്നു. മെല്ലെ സെലിൻ ശബ്ദം ഉണ്ടാക്കാതെ ഇട വഴിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. കണ്ണിലെ നീറ്റൽ അടങ്ങിയതും അവളുടെ സാമിപ്യം നഷ്ടമായെന്നും തോന്നിയപ്പോൾ സിവാൻ കണ്ണ് ചിമ്മി വലിച്ച് പിടിച്ച് ചുറ്റും നോക്കി. അപ്പോൾ അവിടെ എങ്ങും ആരുമില്ലാരുന്നു. അവൻ നേരെ പുറത്തേക്ക് വന്നു നോക്കി. അപ്പോഴും ആരെയും കണ്ടില്ല.

"ശേ.... മിസ്സ്‌ ആയല്ലോ!!ആരാരുന്നു അത്.... ച്ചെ...!!"... അവൻ നിരാശയോടെ ഓർത്തു. സെലിൻ അതൊക്കെ കണ്ട് മെല്ലെ ചിരിയോടെ മാറി നിന്നു.

"നീ എന്താടാ നോക്കണേ "??.... ലൂക്കയും സന്ദീപും അങ്ങോട്ട് വന്നു.

"അ.... എയ് ഒന്നുല്ല. വാ... വാടാ പോകാം!!".... അവരോട് ഒന്നും പറയാതെ ചുറ്റും കണ്ണോടിച്ചു കൊണ്ട് അവൻ അവർക്കൊപ്പം പോയി.ആരെയോ തേടുന്ന പോലെ.

"മ്മ്.... മോനെ ഇച്ചായ ഈ സമരത്തിന്റെ ബാക്കി നാളെ തരാട്ടോ!!".... സെലിൻ കുസൃതിയോടെ മനസ്സിൽ പറഞ്ഞു.അവൾ കുസൃതിയോടെ സിവാന്റെ അധരങ്ങളിൽ തൊട്ട വിരലുകളിൽ ഒന്ന് ചുംബിച്ചു നെഞ്ചോട് ചേർത്തു.

പിറ്റേന്ന് വൈകുന്നേരം പതിവ് പോലെ സെലിന്റെ കത്ത് അന്നും സൈമൺ സിവാന്റെ വണ്ടിയിൽ കൊണ്ട് വെച്ചിരുന്നു.സിവാൻ ഒരു ചിരിയോടെ ആ കത്ത് പൊട്ടിച്ചു വായിച്ചു.

"ഹലോ... മോനെ സമരക്കാരാ!! ഇന്നലെ ശരിക്കും കിട്ടിയല്ലേ പോലീസിന്റെ കൈയിൽ നിന്ന്?? ഞാൻ കണ്ടാരുന്നു. അവരെ എടുത്തിട്ട് പൂശുന്നതും അവര് എന്റെ ഇച്ചായനെ പൂശുന്നതും കിടന്ന് ഓടുന്നതുമൊക്കെ.!! അങ്ങനെ ഓടിയ കൊണ്ടാണല്ലോ എനിക്ക് എന്റെ ഇച്ചായന്റെ കൂടെ കുറച്ച് നേരം നിൽക്കാൻ പറ്റിയത്!!".... അത് വായിച്ചതും സിവാൻ ഒന്ന് ഞെട്ടി.

"എന്റെ കൂടെയോ"??അവൻ വായന തുടർന്നു.

"ഞെട്ടണ്ട. ഇന്നലെ മോന്റെ കൈ പിടിച്ച് ഓടിയതും നിങ്ങടെ കണ്ണ് കഴുകി തന്നതും ഊതി തന്നതുമൊക്കെ ഞാൻ ആണെടോ ഇച്ചായ....!! ഇന്നലെ എങ്ങാനും നിങ്ങള് കണ്ണ് തുറന്നിരുന്നേൽ ഈ കത്ത് എഴുത്ത് ഇന്നലെ കൊണ്ട് നിന്നേനെ.സാരമില്ല നമുക്ക് ഇനിയും സമയം ഉണ്ടല്ലോ!! പിന്നെ നമുക്കിനി ഈ സമരമൊന്നും വേണ്ടാട്ടോ... ഇന്നലെ ഓടി വന്ന പോലെ എപ്പോഴും എനിക്ക് വരാൻ പറ്റില്ലല്ലോ!!ഉള്ള ഗ്രനേഡ് മുഴുവൻ കണ്ണിൽ അടിച്ച് കേറ്റി കാഴ്ച വല്ലൊം പോയാൽ പിന്നെ ഞാൻ എങ്ങനെ അവിടെ ഒരു ഉമ്മ തരും ഇച്ചായ "??.... 😁അത് വായിച്ചതും സിവാന്റെ കണ്ണ് മിഴിഞ്ഞു.

"കണ്ണ് മിഴിക്കണ്ട വെറുതെ പറഞ്ഞതാ. ഇനി ഇതൊന്നും വേണ്ട ഇച്ചായ. എനിക്ക് പേടി ആയിട്ടാ പ്ലീസ്.....!!സഹിക്കാൻ പറ്റില്ല എന്തേലും ആയി പോയാൽ....!!എന്നെ ഓർത്തെങ്കിലും ഇനി ഈ സമരത്തിനൊന്നും പോവല്ലേ ഇച്ചായ....!!"..... ആ അവസാന വരികളിൽ അവൻ കണ്ടത് തന്നോടുള്ള അവളുടെ കരുതലായിരുന്നു. ഒരു ദീർഘ നിശ്വാസത്തോടെ കത്ത് വായിച്ചവൻ പോക്കറ്റിലേക്ക് തിരുകി.അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി.

"അങ്ങനെ കത്തുകൾ ഞാൻ അയച്ചു കൊണ്ടേയിരുന്നു. ഇച്ചായൻ അതൊക്കെ വായിക്കുന്നതും ചിരിക്കുന്നതും ചിന്തിക്കുന്നതും എല്ലാം ഞാൻ അറിഞ്ഞു കൊണ്ടേയിരുന്നു. എന്നും ആ കത്തുകൾ മുടങ്ങാതെ സൈമചാച്ചൻ ഇച്ചായന്റെ ബൈക്കിലും കാറിലും കൊണ്ട് വെച്ചു കൊണ്ടേയിരുന്നു. നമുക്ക് ഓണത്തിനും ക്രിസ്മസിനും വെക്കേഷൻ ആയപ്പോഴും സൈമ ചാച്ചൻ നാട്ടിൽ ഇല്ലാതിരുന്ന സമയങ്ങളിലും മാത്രമാണ് കത്ത് ഞാൻ വെക്കാതെ ഇരുന്നത്.പിന്നെ ലീവ് കിട്ടിയ സമയങ്ങളിലും.ഞാൻ അപ്പോൾ അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂടെ നാട്ടിൽ ആരുന്നു. ഇച്ചായൻ എന്നും എന്റെ കത്ത് വന്നാലോ എന്ന പ്രതീക്ഷയിൽ ബൈക്ക് കൊണ്ട് പോയി കോളേജിന്റെ മുന്നിൽ വെക്കുന്നുണ്ട് എന്ന് സൈമൺ ഇച്ചായൻ പറഞ്ഞു ഞാൻ അറിഞ്ഞു. എവിടെയൊക്കെയോ എന്നെ ഇച്ചായൻ സ്നേഹിക്കുന്നുണ്ട് എന്ന് ഞാൻ വിശ്വസിച്ചിരുന്നു.!!".... സെലിൻ അത്രയും പറഞ്ഞു സിവാനെ നോക്കി. അവൻ ഗൗരവത്തോടെ തന്നെ അവളെ നോക്കി നിന്നു.

"അങ്ങനെ ഒരു ദിവസം രാവിലെ കോളേജിലേക്ക് പോകുന്ന വഴിക്കാ ഇച്ചായൻ ഒരു മരത്തിന്റെ മറവിൽ നിന്ന് സിഗരറ്റ് വലിക്കുന്നത് ഞാൻ കണ്ടത്. ഓടി വന്ന് ഒരെണ്ണം പൊട്ടിക്കാൻ ആണ് തോന്നിയത്. പക്ഷെ ഞാൻ അത് ചെയ്തില്ല പകരം......!!".... അവളും അവനും വീണ്ടും ഓർമകളിലെ ചക്രവാളത്തിലേക്ക് വഴുതി വീണു...

💞💍💞💍💞💍💞💍💞💍💞

ഇതാണ് ഞാൻ പറഞ്ഞ ഗ്രനേഡ്. തൊട്ടടുത്ത് ഉണ്ടായിട്ടും അറിയാതെ പോയൊരു പൊട്ടൻ ആയി പോയല്ലോ ന്റെ നായകൻ. സങ്കടൊന്നും ഇല്ല്യ..... എന്നാലും ചെറിയൊരു വിഷമം. അടുത്ത പാർട്ടോടെ നമ്മടെ ഫ്ലാഷ് ബാക്ക് തീരും കേട്ടോ. ഒരു ചെറിയ ഗിഫ്റ്റും കൂടെ കൊടുത്തിട്ട് നമുക്ക് മംഗളം പാടി അവസാനിപ്പിക്കാം...

തുടരും

രചന :-അനു അനാമിക

To Top