രാധികയുടെ അ, ധരങ്ങൾ ആദ്യമായി ഒരു പുരുഷന്റെ കവി ളിൽ...

Valappottukal



രചന: ജംഷീർ പറവെട്ടി


രാധികയുടെ അധരങ്ങൾ ആദ്യമായി ഒരു പുരുഷന്റെ കവിളിൽ അമർന്നപ്പോൾ അവളുടെ ഉള്ളറകളിൽ എവിടെയൊക്കെയോ തുടിച്ച വികാരങ്ങൾ പോലെ തന്നെയായിരുന്നു അപ്പുവിന്റെ മനസ്സിലും... മനസാഴങ്ങളിൽ എവിടെയോ എന്തൊക്കെയോ  തോന്നി...
എന്നും ഉമ്മ വെക്കുന്ന അമ്മയുടെ ഉമ്മ പോലെയല്ല.... മറ്റെന്തോ ഒരു സുഖം അവനറിഞ്ഞു...

ആദ്യം ലഭിച്ച ചുംബനത്തിന്റെ മാധുര്യം നുകർന്നാസ്വദിച്ച് അടുത്ത കവിളും കാണിച്ചു കൊടുത്തു അപ്പു...
അവളുമ്മ വെച്ചു.. ഒന്നല്ല.. പലപ്രാവശ്യം...

തന്റെ മനസിന്റെ നിയന്ത്രണങ്ങൾ നഷ്ടപ്പെട്ടു പോകുന്നത് പോലെ തോന്നി രാധികയ്ക്ക്..
മേലാസകലം ഒരു പ്രത്യേക ചൂട്..
ആ ചൂടിൽ ഹൃദയം പൂത്തു വിടരുന്ന പോലെ...
പേരറിയാത്ത ഒരനുഭൂതി വർഷിക്കുന്ന പോലെ...
പിടഞ്ഞു മാറി അവൾ..

ഈശ്വരാ.. എന്തൊക്കെയാണ് ചെയ്യുന്നത്..
അവൾക്ക് സങ്കടം തോന്നി. എട്ടും പൊട്ടും തിരിയാത്ത അപ്പുവിന്റെ അടുത്ത് എപ്പോഴും നല്ല കരുതൽ വേണം... 

കണ്ണടച്ച് ഇരിക്കുന്ന അപ്പുവിന്റെ മുഖവും ചുവന്നു തുടുത്തിരുന്നു...
"അപ്പൂ..."
സ്വപ്നലോകത്തില് നിന്നെണ്ണ വണ്ണം അവൻ കണ്ണ് തുറന്നു..
"എനിക്ക്.... ഇനിയും.... ഉമ്മ.... വേണം..."
കൊച്ചുകുട്ടികളെ പോലെ ചിണുങ്ങി അപ്പു..
"രാധു പിന്നെ തരാട്ടോ... ഇപ്പോ വാ.. നമുക്ക് അമ്മയുടെ അടുത്തേക്ക് പോവാം..."

അപ്പുവിന്റെ കൈപിടിച്ച് വരുന്ന രാധികയെ ആ അമ്മ...  മനസ് നിറഞ്ഞ് നോക്കി നിന്നു..
"ഈശ്വരാ... എന്റെ പൊന്നു മക്കളെ കാത്തു കൊള്ളണേ..."

"അമ്മേ.. അച്ഛൻ എപ്പോഴാണ് വരാ.."
"അച്ഛൻ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരും..എന്താണ് മോളേ... എന്തെങ്കിലും വേണോ നിനക്ക്.."
"അല്ലമ്മേ.. ഞാൻ... അപ്പൂന്  എഴുതാനും വായിക്കാനും ഒന്ന് പഠിപ്പിക്കാൻ ശ്രമിച്ചാലോന്ന് കരുതാ...."
"എന്റീശ്വരാ... അതാണോ കാര്യം.. അച്ഛൻ വന്നിട്ട് നമുക്ക് എല്ലാവർക്കും പോവാം.. എന്നിട്ട് എന്താന്ന് വേണ്ടത്ച്ചാ... അതൊക്കെ വാങ്ങാം.."
ആ മാതൃത്വം എത്രയേറെ ആ മകനെ സ്നേഹിക്കുന്നു എന്ന് അവരുടെ മുഖം പറഞ്ഞു....

ബ്ളാക്ക് ബോർഡും സ്ളൈറ്റും പെൻസിലും കളേഴ്സ് ബുക്കുകളും അതിൽ കളറ് കൊടുക്കാൻ ക്രയോൺസും സ്കെച്ച് പെന്നും എല്ലാം വാങ്ങി...
"ഒരു ചൂരല് കൂടി വാങ്ങിക്കോ ടീച്ചറെ..."
അപ്പുവിന്റെഅച്ഛൻ അവളോട് തമാശയായി പറഞ്ഞു...
"അച്ഛാ.. സ്നേഹം കൊണ്ട് തീർത്ത ഒരു വടിയുണ്ട് എന്റടുത്ത്.. അതാവും ചൂരലിനേക്കാൾ നല്ലത്"
അവര് മൂവരും ചിരിക്കുന്നതിനൊപ്പം ഒന്നും മനസിലായില്ല എങ്കിലും അപ്പുവും കൂടെ ചിരിച്ചു...

ഹാളിനോട് ചേർന്നുള്ള റൂമിൽ ക്ളാസ് റൂം സെറ്റ് ചെയ്തു.
ഏകാംഗ പഠിതാവും ഏകാംഗ ടീച്ചറും.

ആദ്യം ബ്ളാക്ക് ബോർഡിൽ അക്കങ്ങൾ എഴുതി.. ഒന്ന് മുതൽ അഞ്ചു വരെ..
അപ്പുവിന്റെ അരികിൽ വന്നിരുന്നു
അവന്റെ കൈകളിൽ നേരാം വണ്ണം സ്ളൈറ്റ് പിടിപ്പിച്ചു കൊടുത്തപ്പോൾ തന്നെ ഒത്തിരി സമയമെടുത്തു..

അപ്പൂന് ഈ പരിപാടി നന്നേ ബോധിച്ചു എന്നവന്റെ ഭാവം കണ്ടാൽ അറിയാം..
രാധിക അവനോട് ചേർന്നിരുന്നാൽ അവന് വല്ലാത്തൊരു ഭാവമാണ്...

അപ്പുവിന്റെ വിരലുകളിൽ പെൻസിൽ പിടിപ്പിച്ച് അവനെ കൊണ്ട് എഴുതിപ്പിച്ചു.. 
അ... എന്ന ആദ്യാക്ഷരം..
അതവനെക്കൊണ്ട് ഇപ്പോ അടുത്തൊന്നും എഴുതാൻ കഴിയില്ല എന്ന് രാധികയ്ക്കറിയാം.. അതിനാണവൾ ബോർഡിൽ അക്കങ്ങൾ എഴുതി വെച്ചത്..

"അപ്പൂ... ഇതാണ് ഒന്ന്..... 
പറഞ്ഞേ.. ഒന്ന്.... ഒന്ന്... ഒന്ന്..."
അവൾ പലയാവർത്തി പറഞ്ഞു..
അപ്പുവും കൂടെ പറഞ്ഞു...

അമ്മയും അച്ഛനും മനസ്സ് നിറഞ്ഞ് നോക്കി നിന്നു.. തങ്ങളുടെ പൊന്നു മോൻ എഴുതി തുടങ്ങുന്നത്

അപ്പുവിന്റെ കൈപിടിച്ച് രാധിക എഴുതിപ്പിക്കുന്നത് അവന് ഒരുപാട് ഇഷ്ടമാണ്.
അവളുടെ ഇളം ചൂടും.. ഹൃദ്യമായ സൗരഭ്യവും... സ്നേഹപൂർവ്വമുള്ള സംസാരവും അപ്പു ശരിക്കും ആസ്വദിച്ചു...

രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് തന്നെ അപ്പുവിന് എഴുതാൻ കൈ വഴങ്ങി.
പത്തു വരെ അവൻ ബോർഡിൽ എഴുതിയത് നോക്കി എഴുതാൻ പഠിച്ചു.

അമ്മയും അച്ഛനും ഇത്രയും കാലം അവനെ പഠിപ്പിക്കാൻ ശ്രമിക്കാത്തതിൽ ഇന്ന് വലിയ ദുഃഖത്തിലാണ്..

ഓരോ ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ അപ്പുവിന് ആദ്യം അറിയേണ്ടതും കാണേണ്ടതും രാധുവിനെയാണ്.

ദിവസങ്ങൾ കഴിയുംന്തോറും അപ്പുവിന്റെ മനസ്സ് വെറും രാധിക എന്ന് മാത്രമായ പോലെ..

"അമ്മേ.. അപ്പൂന്റെ ഈ വേഷം ഒരു യോജിപ്പുമില്ല.. നമുക്ക് ഇതൊന്നു മാറ്റായാലോ.."
"എന്റെ മോളുടെ ഇഷ്ടം പോലെയാ എല്ലാം.. എന്ത് വേണമെന്ന്
മോള് പറഞ്ഞാൽ മതി.. നമുക്ക് ഇന്ന് തന്നെ പോയി വാങ്ങാം ട്ടോ..." 

ചമയത്തിലെ ടീഷർട്ട് റേക്കുകളിലാണ് ആദ്യം അപ്പുവിന് വേണ്ടി തിരഞ്ഞത്..
ട്രാക്ക് സ്യൂട്ടിലെ വെറൈറ്റികളും ഒരുപാട് എടുത്തു..
രണ്ടു മൂന്നു ജീൻസും ഓട്ടോയുടെ നാലഞ്ചു ഷോട്ടുകളും...
"അമ്മേ ഞാനൊന്ന് അണിഞ്ഞ് നോക്കട്ടെ"
വീട്ടിൽ എത്തിയപാടേ എല്ലാവരേയും അപ്പു അൽഭുതപ്പെടുത്തി..
ഇത് വരേയും പാന്റും ഷർട്ടും തൈപ്പിക്കുകയായിരുന്നു പതിവ്..
എന്നിട്ട് കണ്ടാൽ തന്നെ ഒരു പൊട്ടൻ ലൂക്കൻ ആവും..

"മോള് കൂടി വാ.. എനിക്കിതൊന്നും ഇട്ട് കൊടുത്ത് ശീലമില്ല.."
ഡ്രസ്സ് മാറാൻ അവൾ കൂടി സഹായിച്ചു..

"ഈശ്വരാ... എന്റെ മോൻ തന്നെയാണോ ഇത്..."
"ചന്തമുണ്ടോ... "
"ഓഹ്... അപ്പൂ... സൂപ്പർ..."
അവൾ തള്ള വിരലും ചൂണ്ടു വിരലും പ്രത്യേക രീതിയിൽ ചേർത്ത് പിടിച്ച് മുദ്ര കാണിച്ചു..
"അപ്പൂ.. വാ.. കണ്ണാടിയിൽ നോക്ക്.."
ശരീരത്തോട് ചേർന്ന് നിൽക്കുന്ന ബ്ളാക്ക് കളർ ടീഷർട്ടും നീല ജീൻസും അവന് നന്നായി യോജിക്കുന്നുണ്ടായിരുന്നു...
"ഇപ്പോ എന്റെ മോനെകണ്ടാല്.. ആർക്കും ഇഷ്ടാവും"
"രാധൂന് ഇഷ്ടായാ മതിയമ്മേ..."
"എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ"
ആ സന്തോഷ നിമിഷങ്ങൾ അമ്മയുടെയും അച്ഛന്റെയും കണ്ണുകൾ ശരിക്കും നിറച്ചു

ഇന്ന് രാവിലെ മുറ്റത്ത് ഒരുപാട് ഓടി കളിച്ചു അവർ.. 
അത് കഴിഞ്ഞ് പഠനവും.. 

"വാ.. രാധൂ നമുക്ക് കളിക്കാം.."
"പോടാ.. ആ കുട്ടി ഒന്ന് പോയി കിടന്നോട്ടേ.. രാവിലെ തുടങ്ങിയതല്ലേ നീ അതിനെ കഷ്ടപ്പെടുത്തൽ..."
ഭക്ഷണം കഴിച്ച പാടെ രാധികയുടെ കൂടെ കളിക്കാൻ വന്നതാണ് അപ്പു.. അമ്മ വഴക്കു പറഞ്ഞതോടെ അവന്റെ മുഖം വാടി.
"ഏയ്.. ഇല്ലമ്മേ എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.."
"എനിക്കറിയാം മോളേ.. നിന്റെ ബുദ്ധിമുട്ട്.. മോള് പോയി ഒന്ന് കിടന്നോ.."
"ഉവ്വമ്മേ..."
"അപ്പൂ.. നീയും വാ... ഒന്ന് കിടന്നോ.. എന്നിട്ട് വൈകുന്നേരം കളിക്കാം..."

റൂമിൽ കയറിയ പാടെ വാതിലടച്ചു.. ഇല്ലെങ്കിൽ കിടക്കലും ഉറങ്ങലും ഒന്നും നടക്കില്ല.. അപ്പു വരും..

ഈശ്വരാ... ഈ വീട്ടിലേക്ക് വന്നിട്ട് രണ്ടാഴ്ചയായി...
അപ്പുവിന് ഒരുപാട് മാറ്റമുണ്ട്...
പക്ഷേ ഇപ്പോഴും ആ കുട്ടി പ്രായം പോലെ തന്നെ മനസ്..
അതിന് എന്നാണ് ഇനിയൊരു മാറ്റം വരാ...
ഓരോ ദിവസം കഴിയുന്തോറും അപ്പുവിനോട് കൂടുതൽ അടുത്ത് വരുന്നു മനസ്.
സിംപതിയിൽ നിന്നും വേറൊരു രീതിയിലേക്ക് മനസ്സ് മാറുന്നു..

രാധിക തന്റെ വീട്ടുകാരെ ഓർത്തു... അമ്മ ഒരു പണിക്കും പോവാതെ അച്ഛനെ നോക്കി ഇരിക്കുന്നു..
താഴെയുള്ള രണ്ടെണ്ണം ഒരുപാട് സ്വപ്നങ്ങളുമായി പഠനം തുടരുന്നു...
അവരുടെ സന്തോഷങ്ങള് തന്റെ ജീവിതത്തിന്റെ വിലയാണ് എങ്കിലും അവർ തന്നെ ഓർക്കുന്നുണ്ടാവുമോ... 
തന്നെ കാണാൻ ഒരു വട്ടമാണ് അവരിങ്ങോട്ട് വന്നത്..
വെറുതെ തമാശയ്ക്ക് പോലും രാധികേ നീ അങ്ങോട്ട് വരുന്നുണ്ടോ എന്ന് ചോദിച്ചില്ല..
വേണ്ട... വെറുതെ ഒന്ന് വന്ന് കാണാൻ പോലും പിന്നെ അവര് വന്നിട്ടില്ല....
അവര് വന്നാൽ മഹിയുടെ വിശേഷങ്ങൾ അറിയാമായിരുന്നു.
മഹി നാട്ടിൽ തന്നെ ആണോ.. അതോ അന്ന് പറഞ്ഞത് പോലെ എവിടെയെങ്കിലും ജോലി തേടി പോയോ...
പാവം..
തന്നെ ഒരുപാട് ഇഷ്ടമാണ്...
തനിക്ക് വേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ മഹി തയാറാണ്..
ഈശ്വരാ... താനിന്ന് മറ്റൊരാളുടെ ഭാര്യയാണ്...
കഴുത്തിൽ കിടക്കുന്ന താലിയിൽ തൊട്ടു നോക്കി രാധിക...
പേരിന് താനൊരു ഭാര്യയാണിന്ന്....
ശരിക്കും ഒരു ഉദ്യോഗം ആണെങ്കിലും.. 
നല്ല ഭക്ഷണം.. നല്ല വസ്ത്രങ്ങൾ.. ഒന്നിനും ഒരു കുറവുമില്ല..
സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന അച്ഛനും അമ്മയും..
തന്റെ ഭാര്യ ഉദ്യോഗത്തിന്റെ ഭീമമായ ശമ്പളം തന്റെ വീട്ടിൽ ഐശ്വര്യം നിറച്ചു.. 
താൻ ഐശ്വര്യം ഇല്ലാത്തവളാണ് എങ്കിലും താൻ കാരണം തന്റെ വീട് രക്ഷപ്പെട്ടുവല്ലോ അത് മതി...
ഈശ്വരാ... എന്നാലും..
എനിക്കും ഉണ്ടായിരുന്നു ഒരുപാട് സ്വപ്നങ്ങൾ... 
ഒരു നല്ല ഭാര്യയാവണം... അമ്മയാവണം... ഒടുവിൽ... പേരമക്കളുടെ മുത്തശ്ശീ എന്ന വിളി കേട്ട്... ഒടുവിൽ കണ്ണടയുമ്പോൾ കരയാനും സങ്കടപ്പെട്ട് ഇരിക്കാനും തനിക്കൊരു കുടുംബം....
താൻ കണ്ട ഓരോ സ്വപ്നങ്ങളിലേയും നായകൻ മഹി...
മഹീ.. എവിടെയാണ്... ഇപ്പോ..
എന്നെ ഓർക്കാറുണ്ടോ...
മഹീ... മഹിക്ക് എന്നേക്കാൾ നല്ല എത്ര കുട്ടികളെ വേണമെങ്കിലും കിട്ടും...
ഞാനെന്ന ഈ ഹതഭാഗ്യയുടെ കൂടെ ജീവിച്ച് തകർക്കാൻ ഉള്ളതല്ല മഹിയുടെ ജീവിതം...
ഈ പൊട്ടി പെണ്ണിനെ ദൈവം ഇവിടെ അപ്പുവിന്റെ കളിപ്പാട്ടം ആവാനാണ് വിധിച്ചത്....

ആരോ വാതിലിൽ മുട്ടുന്നത് കേട്ട് ഓർമ്മകളിൽ നിന്നും ഉണർന്നു..
അപ്പുവാകും.. ഉറങ്ങിയ പോലെ കിടന്നു അവൾ..
വീണ്ടും മുട്ടി..
"മോളേ.. എണീറ്റ് വാ... നിന്നെ കാണാൻ പുറത്ത് ആരോ വന്നിരിക്കുന്നു..."
ഈശ്വരാ അമ്മയാണല്ലോ..
"ദാ... വരുണു.. അമ്മേ...."

"ആരാണാവോ ഈ നേരത്ത്.."
"അറിയില്ല മോളേ.. നിന്നെ കാണണം എന്ന് പറഞ്ഞു..."

അമ്മയോടൊപ്പം  പുറത്തേക്കിറങ്ങി വന്ന രാധിക തന്റെ അതിഥിയെ കണ്ട് ശരിക്കും ഞെട്ടി..
"ഈശ്വരാ... മഹി...."
"ആരാ മോളേ... ഇയാൾ.."
ആ അമ്മ ആഗതനേയും രാധികയേയും മാറി മാറി നോക്കി...

അമ്മയോടൊപ്പം  പുറത്തേക്കിറങ്ങി വന്ന രാധിക തന്റെ അതിഥിയെ കണ്ട് ശരിക്കും ഞെട്ടി..
"ഈശ്വരാ... മഹി...."
"ആരാ മോളേ... ഇയാൾ.."
ആ അമ്മ ആഗതനേയും രാധികയേയും മാറി മാറി നോക്കി...
"മോളറിയുമോ ഇയാളെ"
എന്ത് പറയണമെന്ന് അറിയാതെ രാധിക ഉഴറി.

"പറഞ്ഞു കൊടുക്ക് രാധൂ... ഞാൻ ആരാണെന്നും നമ്മൾ തമ്മിൽ എന്താണ് ബന്ധമെന്നും.."
പുറത്തെ സംസാരം കേട്ട് അപ്പുവും അവിടേക്ക് വന്നു...

"പറയൂ.. മോളേ ഇവനേതാ... ഇവനെന്തിനാ ഇങ്ങോട്ട് വന്നത്..."
രാധികയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..
"ഞാൻ പറയാം... ഞാൻ തന്നെ പറയാം.."

അരുതേ എന്ന് നിസ്സഹായതയോടെ പറയുന്നുണ്ട് അവളുടെ കണ്ണുകൾ..
എന്നിട്ടും മനസിലാക്കാൻ കഴിയാത്ത മഹിയോട് ഇരു വശത്തേക്കും തല വെട്ടിച്ചു അവൾ...
മഹി മുറ്റത്ത് നിന്ന് ഒരു പടി മുന്നിലേക്ക് കയറി..
"ഞാൻ മഹേഷ്.. ഇവളെന്നെ മഹി എന്നാ വിളിക്കുന്നത്... ഒരുപാട് കാലമായി ഞങ്ങള് തമ്മില് ഇഷ്ടത്തിലാണ്... ഈ പൊട്ടച്ചെറുക്കന്റെ ആലോചന വന്നപ്പോഴും ഇവളെന്നോട് വന്ന് പറഞ്ഞു... എനിക്കന്ന് വേണമെങ്കിൽ ഇവളെ വിളിച്ചു കൊണ്ട് പോകാമായിരുന്നു... പക്ഷേ എനിക്ക് ജോലിയാകുന്നത് വരെ ഇവളെ സുരക്ഷിതമായി നിർത്താൻ പറ്റിയൊരു ഇടമായാണ് ഈ കല്യാണം തോന്നിയത്..... അത് കൊണ്ട് മാത്രമാണ് ഞാനിതിന് സമ്മതിച്ചതും"

ഒരപരാധിയെ പോലെ ചുവരിൽ ചാരി നിന്ന രാധികയുടെ കണ്ണുകൾ രണ്ടു നീർച്ചാലുകളായി കവിളിലൂടെ ഒഴുകി കൊണ്ടിരുന്നു...

"ഞാനീ കല്യാണത്തിന് അനുവാദം നൽകിയത് കൊണ്ട് മാത്രമാണ് അവളിന്ന് ഇവിടെ, ദേ.. ഈ പൊട്ടന്റെ ഭാര്യയായി നിൽക്കുന്നത്..."

നിസ്സഹായതയോടെ നിൽക്കുന്ന രാധികയെ നോക്കി ആ അമ്മ..

"മോള് വാ..."
അവളുടെ കൈപിടിച്ച് മഹിയുടെ മുന്നിൽ കൊണ്ടു വന്നു നിർത്തി..

"പ്രണയിക്കുന്ന പെണ്ണിനെ നീ പറഞ്ഞ പൊട്ടന് വിട്ടു കൊടുത്ത് ജോലി തേടി പോവുകയല്ല ആണത്തം.. നീ ആണാണെങ്കില് നിന്റെ സ്നേഹം സത്യമാണെങ്കിൽ., ദാ... ഈ നിമിഷം ഇവളെ വിളിച്ചു കൊണ്ടുപൊയ്ക്കോ... എന്റെ പൊന്നു മോന് ഇവളല്ലെങ്കില് വേറൊരാൾ വരും... അത് ദൈവ നിശ്ചയമാണെന്ന് കരുതും ഞാൻ...
എന്റെ പൊന്നു മോനൊരുപക്ഷേ അത് താങ്ങാനാവാതെ വരാം... അതവന്റെ വിധി എന്ന് കരുതും... അതല്ലാതെ വഴിയേ പോകുന്ന തന്റെ യൊക്കെ പെണ്ണിനെ പോറ്റി വളർത്താനുള്ള സത്രമല്ല ഈ വീട്.."
അവനവളെ പേരിനെങ്കിലും ഇറങ്ങി വാ രാധികേ എന്ന് വിളിക്കും എന്ന് കരുതി അവർ..

മഹി ഒന്ന് പതറിയെങ്കിലും ഒരുവിധം സമചിത്തത വീണ്ടെടുത്തു..
"രാധികേ... ഇന്ന് നിന്നെ വിളിച്ചു കൊണ്ട് പോകാൻ എനിക്ക് കഴിയില്ല... ഞാൻ വരും... ആരൊക്കെ എതിർത്താലും.. അന്ന് നിന്നെ കൊണ്ട് പോവുക തന്നെ ചെയ്യും...."

"അതിന് നീ വേറെ സ്ഥലവും ആളേയും നോക്കണം... നിന്റെ പെണ്ണാണ് ഇവൾ എങ്കിൽ ദാ...ഇപ്പൊ ഈ.. നിമിഷം വിളിച്ചു കൊണ്ട് പോ... "

"അമ്മേ... എന്നെ പറഞ്ഞ് വിടല്ലേ... ഞാൻ പോവില്ല... എന്റെ കഴുത്തില് താലികെട്ടിയ അപ്പുവിന്റെ ഭാര്യയാണ് ഞാൻ... ഇയാളെ ഞാൻ ഒരുപാട് സ്നേഹിച്ചിരുന്നു.. അത് സത്യമാണ്.. പക്ഷേ.. ഇന്ന്.. ഞാൻ അപ്പൂന്റെ ഭാര്യയാണ്... ഞാൻ പോവില്ല... ഇവിടന്ന് എങ്ങോട്ടും പോവില്ല... എന്നെ പറഞ്ഞ് വിടല്ലേ..."
ആ അമ്മയുടെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു രാധിക...

അവളുടെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ  ചുടുനീർ തുള്ളികൾ ആ മനസ് പൊള്ളിച്ചു..
അവരുടെ കൈകൾ തന്നെ തഴുകിയപ്പോൾ ആ മാതൃവാൽസല്യത്തിൽ രാധികയുടെ തേങ്ങലുകൾ അലിഞ്ഞു പോയത് പോലെ.. 

"കേട്ടല്ലോ.. രാധിക പറഞ്ഞത്...  ഇവളെന്റെ മകൻ അപ്പുവിന്റെ ഭാര്യ രാധികയാണ്... പണ്ട് നീ മിണ്ടേ.. പറയേ.. ഒക്കെ ചെയ്തുവെന്ന് കരുതി ഇപ്പോ അത് നടക്കില്ല...
മേലാൽ പഴയകാല കഥയും പറഞ്ഞ് ഈ വഴി വന്നേക്കരുത്.."

"നിങ്ങൾ എന്തൊക്കെ പറഞ്ഞാലും എനിക്കറിയാം... ഒരിക്കൽ ഞാൻ വന്ന് വിളിച്ചാൽ അവളിറങ്ങി വരും.. അതിന് കൂടുതൽ കാലമൊന്നും വേണ്ട..."
അവിടെ നടക്കുന്നത് ഒന്നും മനസ്സിലാവാതെ എല്ലാവരെയും മാറി മാറി നോക്കി നിൽക്കുന്ന അപ്പുവിന്റെ അടുത്തേക്ക് ചെന്നു മഹി..
"ഡാ.. പൊട്ടാ... എന്റെ പെണ്ണിന്റെ മേലെയെങ്ങാനും കൈ വെച്ചാലുണ്ടല്ലോ... നിന്റെ ഇല്ല ബുദ്ധി കൂടി ഞാൻ കളയും..."
"ദേ.. വീട്ടിൽ കയറി അതിക്രമം കാണിച്ചാലുണ്ടല്ലോ..."
മകനെ പറഞ്ഞത് അത്രമേൽ നൊന്തിരുന്നു അമ്മയ്ക്ക്...
"ഈ നോക്കി നിൽക്കുന്ന വേലക്കാരെ കണ്ട് പേടിക്കുന്നവനല്ല മഹേഷ്.. ഞാനൊന്ന് കരുതിയാ അത് ചെയ്യുന്നവനാണ്..."
അവനെന്തും ചെയ്യുമെന്ന് ആ നിമിഷം രാധിക പോലും ഭയപ്പെട്ടു...
"ദയവായി ഇവിടന്ന് പോകൂ... "
"ഞാൻ പോവാം.. അതിന് മുമ്പ് നീ വാ.. എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്..."
അത് പറഞ്ഞ് അവളുടെ കൈയ്യിൽ പിടിച്ച് മുറ്റത്തേക്കിറക്കാൻ ശ്രമിച്ചു...
അത് വരേയും ഒന്നും മനസ്സിലാവാതെ നിന്ന അപ്പുവിന് തന്റെ രാധുവിനെ തട്ടിക്കൊണ്ടുപോവാൻ വന്നവനാണ് മഹിയെന്ന് തോന്നി...
അവന്റെ മുഖം വലിഞ്ഞു മുറുകി... കൈവിരലുകൾ പലപ്രാവശ്യം മടക്കി നിവർത്തി...

അമ്മയിൽ നിന്ന് അടർന്നു മാറാൻ തയ്യാറാവാതെ നിന്ന രാധികയെ മഹി  കൂടുതൽ ശക്തമായി പിടിച്ചു വലിച്ചു... 
"വാ.. രാധൂ.. എനിക്കൊരുപാട് കാര്യങ്ങള് സംസാരിക്കാനുണ്ട്..."

അപ്പുവിന്റെ ബലിഷ്ഠമായ കൈ വന്നു വീണത് മഹിയുടെ ചെവിക്കല്ല് അടക്കമായിരുന്നു... മുറ്റത്തേക്ക് തെറിച്ചു വീണു മഹി..
എവിടെ നിന്നാണ് അടി വന്നതെന്ന് പോലും അറിയാതെ വീണിടത്ത് കിടന്ന്  പകച്ചു നാലുപാടും നോക്കി...
അവന്റെ മുന്നിലേക്ക് നീങ്ങി നിന്നു അപ്പു...
വീണ് കിടക്കുന്ന തന്റെ മുന്നിൽ ആറടി ഉയരത്തിൽ മലപോലെ നിൽക്കുന്ന അപ്പുവിനെ കണ്ടപ്പോൾ മഹി ഭയന്ന് പിറകോട്ട് നിരങ്ങി നീങ്ങി....
"അപ്പൂ... വേണ്ട... ഇനി തല്ലേണ്ട... വാ... "
രാധിക അപ്പുവിന്റെ മുന്നിൽ നിന്ന് വട്ടം പിടിച്ചു...
"നീ.. ഒരുപാട് വട്ടം പറഞ്ഞ പൊട്ടന്റെ കൈയ്യിൽ നിന്ന് ഒരടി കിട്ടിയപ്പോൾ ഇതാണ് നിന്റെ കോലം.... ഇനിയെന്റെ മോന്റെ കൈയ്യീന്ന് അടി മേടിക്കാതെ എണീറ്റ് പോടാ... ചെക്കാ..."
..

അവരുടെ മുന്നിൽ ആകെ ചെറുതായത് പോലെ തോന്നി മഹിക്ക്..
അവൻ പിടഞ്ഞെണീറ്റു..
സർവ്വ ശക്തിയും ആവാഹിച്ച് അപ്പുവിന്റെ നേരെ പാഞ്ഞടുത്തു...
മഹിയുടെ മുന്നിൽ തടസ്സം നിന്നു രാധിക.
"ദയവായി ഇവിടെനിന്ന് പോകൂ... അപേക്ഷയാണ്..."
"തൽക്കാലം നീ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ പോവുന്നു... ഞാൻ വരും... നിന്നെ കൊണ്ട് പോകാൻ... അന്ന് തടയാൻ വരുന്നവർക്ക് ആദ്യം ചിതയൊരുക്കി വരാൻ പറഞ്ഞേക്കണം.."

"അമ്മേ.. അപ്പൂ.. അകത്തേക്ക് വരൂ... മഹിയെന്തെങ്കിലും പറഞ്ഞോട്ടെ..."

അവരകത്തേക്ക് പോയെങ്കിലും പിന്നെയും കുറേ നേരം മഹി അവിടെ നിന്ന് പലതും പറഞ്ഞു...

അച്ഛൻ വന്നപാടെ അപ്പു വിസ്തരിച്ചു തന്നെ പറഞ്ഞു...

അവരുടെ ഇടയിൽ രാധിക ഒരു വലിയ തെറ്റ് ചെയ്തവളെ പോലെ നിന്നുരുകി...

അച്ഛൻ തന്റെ നേരെ എഴുന്നേറ്റ് വരുന്നത് കണ്ടപ്പോൾ അവൾക്ക് ഇപ്പോൾ തളർന്നു പോവും എന്ന് തോന്നി...

"മോളേ... മോളൊരു തെറ്റും ചെയ്തിട്ടില്ല... അപ്പുവിനെ വിവാഹം ചെയ്യുന്നതിന് മുൻപ് ആരോടെങ്കിലും പ്രേമവും സ്നേഹവും ഒക്കെ തോന്നിയിരിക്കാം... പക്ഷേ.. മോള് അതൊക്കെ മറക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം.... എന്റെ മോളുടെ മനസ്സ് വേദനിപ്പിച്ച് ഒരിക്കലും അപ്പുവിന്റെ ഭാര്യ ആയി ഇവിടെ നിർത്തില്ല..."
"അച്ഛാ... ഞാൻ... അതൊക്കെ മറക്കാൻ ശ്രമിക്കുന്നുണ്ട്...  ഒരിക്കലും നിങ്ങളെ വേദനിപ്പിച്ച് എനിക്ക് മറ്റൊന്നും വേണ്ട... ഞാൻ... ഞാൻ.... ഹാപ്പിയാണച്ഛാ...."
അത് പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു തൂവി..
"മോളേ... സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാൻ കിട്ടില്ലല്ലോ... അത് നമ്മുടെ മനസ്സിൽ നിന്നും ഉണ്ടാകുന്ന ഒരു വികാരമാണ്...  മോൾക്ക് ഒരു ബുദ്ധിമുട്ടും വരാതിരിക്കാൻ പരമാവധി ശ്രമിച്ചു... ഞങ്ങൾ... പക്ഷേ... ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ സ്വപ്നം അത് പൂർണമവാൻ മോള് കാത്തിരിക്കണം... നമ്മുടെ അപ്പുവിന്റെ മക്കൾ ഈ മുറ്റത്ത് കൂടി ഓടി കളിക്കുന്നത് കണ്ടിട്ട് വേണം കണ്ണടക്കാൻ...."
"അച്ഛാ... ഞാൻ... ഞാനുണ്ട് കൂടെ... അപ്പുവിന് ഒരുപാട് മാറ്റമുണ്ട്... എനിക്ക് നല്ല പ്രതീക്ഷയുണ്ട്... എന്റെ പ്രാർത്ഥന ഈശ്വരൻ കേൾക്കാതിരിക്കില്ല..."

ആ അച്ഛനവളെ ചേർത്ത് പിടിച്ച് വാത്സല്യത്തോടെ "മോളുടെ പ്രാർത്ഥന ഈശ്വരൻ കേൾക്കുക തന്നെ ചെയ്യും"
 എന്ന് പറഞ്ഞ് തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു..

രാത്രിയുടെ ഓരോ യാമങ്ങളും അന്ന് അവൾ കണ്ടു...
നിദ്ര ഒരു സ്വപ്നമായി അവശേഷിച്ചു...
വെളുപ്പാൻ കാലത്ത് എപ്പോഴോ ആണ് കണ്ണടച്ചത്...

കണ്ണ് തുറന്നു നോക്കുമ്പോൾ നേരം നന്നേ വെളുത്തിട്ടുണ്ടായിരുന്നു..
തത്രപ്പെട്ട് പുറത്തേക്കിറങ്ങാൻ വാതിൽ തുറന്നതും മുന്നിൽ നിലത്ത് ഇരിക്കുന്നു അപ്പു...
"രാധൂനെ കട്ടോണ്ട് പോവും ന്ന് പറഞ്ഞു അവര്..."
"ആരാ.. അങ്ങനെ നുണ പറഞ്ഞത്"
"ദാ അവര്.."
"അവര് വെറുതെ പറഞ്ഞതാ... അപ്പൂനെ വിട്ട് ഞാൻ എങ്ങോട്ടും പോവില്ല ട്ടോ..."
അവന്റെ മുഖം തെളിഞ്ഞു..
അവളവന്റെ കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു...
അവന്റെ വിരലുകളിൽ തന്റെ വിരൽ കോർത്ത് പിടിച്ച് നടന്നു... 
"അയ്യോ... അവൻ വന്ന് വിളിച്ചോ.. മോളേ... "
"ഏയ് ഇല്ലമ്മേ... ഞാൻ എണീറ്റു വന്നതാ.. അപ്പോ റൂമിന്റെ മുന്നിൽ ഇരിക്കുന്നു ആള്... "
"ഓഹ്.. ഒന്നും പറയേണ്ട മോളേ... ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല അവൻ..  രണ്ടു മൂന്നു വട്ടം നിന്റെ അടുത്തേക്ക് വരാൻ ഒരുങ്ങിയതാ... പിന്നെ നിന്റെ ഉറക്കം  കളയേണ്ടെന്ന് കരുതി..."
"ഏയ് ഞാനും ഒട്ടും ഉറങ്ങിയില്ല... "
"അത് തന്നെ മോളേ.. ഇവനിടക്ക് തട്ടി വിളിക്കും.. അമ്മേ.. രാധൂനെ ആരേലും കൊണ്ടോവോ.. എന്ന് ചോദിക്കും.. ഏയ് ഇല്ല മോനെ എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാൻ പറഞ്ഞ് ഞാൻ വീണ്ടും കണ്ണടച്ച് കുറച്ചു കഴിയുമ്പോൾ വീണ്ടും ഇത് തന്നെ... അവനുറങ്ങുന്നില്ല മോളേ.. അതാ..."
"അയ്യോ... ആണോ അപ്പൂ... "
അവന്റെ മുഖത്ത് നവരസങ്ങൾ മിന്നി മറഞ്ഞു...
"അമ്മേ.. എന്നാലിന്ന് മുതൽ അപ്പു എന്റടുത്ത് കിടന്നോട്ടേ...."
"അത് വേണോ മോളേ..."
അമ്മയ്ക്ക്  ഇഷ്ടമാവാത്ത പോലെ...
പക്ഷേ... അപ്പുവിന്റെ മുഖം സൂര്യകാന്തി പൂ പോലെ വിടർന്നു വന്നു..

To Top