രചന: അനൂപ് മാത്യു
ചോറ്റുപാത്രം
"ഇന്നും താമസിച്ചു... പോകുവാണേ.. "" അവൾ ഓടിയിറങ്ങി...
"അയ്യോ മറന്നു.... ""അവൾ തിരിച്ചു വന്നു എന്റെ നെറ്റിയിലും കവിളിലും ഉമ്മ വച്ചു...
വീണ്ടും ഓടാൻ തുടങ്ങിയപ്പോൾ ബാഗിൽ നിന്നും ചോറ്റു പാത്രം താഴെ വീണു.....
''ഇന്നും ബാഗിനു സിബ്ബ് ഇട്ടില്ല അല്ലെ ??"" ഞാൻ ചോദിച്ചു....
അവൾ എന്നെ നോക്കി ചിരിച്ചു...
""ഞാൻ എടുത്തു തരാം നിക്ക് "" ഞാൻ പറഞ്ഞു..
ഞായറാഴ്ച ആയത് കൊണ്ട് എനിക്ക് അവധിയാണ്..
ഇതൊരു ശീലമാണ്... തിരക്കിട്ട് എന്നിറങ്ങിയാലും ഇതൊക്കെ തന്നെ സംഭവിക്കും...
പത്താം ക്ലാസ് വരെ നല്ല പോലെ പഠിക്കുന്ന മ നാട്ടിൻപുറത്തെ മിക്ക കുട്ടികളും എത്തി ചേരുന്നത് പോലെ എന്റെ ഭാര്യയും നഴ്സിംഗ് ഫീൽഡിൽ എത്തി ചേർന്നു.....
ഈ ചോറു താഴെ പോകുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയാതല്ല..
ഞങ്ങളുടെ പ്രണയം തുടങ്ങുന്നത് തന്നെ ഒരു ചോറു പാത്രം താഴെ വീഴുന്നതോട് കൂടിയാണ്...
സ്കൂളിൽ പഠിക്കുന്ന സമയം..
ചോറുണ്ണാൻ ഉള്ള ബെൽ അടിച്ചതും കുട്ടികൾ എല്ലാവരും വെളിയിലേക്ക് ഇറങ്ങിയോടി...
ക്ലാസ്സ് ലീഡർ എല്ലാവരും പോയിട്ട് ബോർഡും തുടച്ചിട്ടേ പോകാവൂ എന്നു കർശന നിർദ്ദേശം ഉള്ളത് കൊണ്ടു ഒരു കയ്യിൽ വാഴയില പൊതിയും മറ്റേ കയ്യിൽ ഡസ്റ്ററുമായി നിന്നു...
ഇതിൽ നിന്നും ഞാനാണ് ക്ലാസ്സ് ലീഡർ എന്നു മനസ്സിലായി കാണുമല്ലോ...
ക്ലാസ്സിൽ ഒന്നാമൻ ആയതുകൊണ്ടല്ല ഞാൻ ലീഡർ ആയതു... എന്നെ ലീഡർ ആക്കിയാൽ അത്രയും അലമ്പ് കുറയുമല്ലോ എന്നോർത്താണ്...
ബോർഡ് മായിച്ചു തീർന്നതും ഞാൻ വെളിയിലേക്ക് ഇറങ്ങിയോടി......
ഡും എന്നൊരു ശബ്ദം മാത്രം ഓർമ്മയുണ്ട്.....
ആരെയോ ഇടിച്ചു.. നോക്കുമ്പോൾ നിലത്തു ഞങ്ങളുടെ ക്ലാസ്സിലെ പെൺകുട്ടികളുടെ ലീഡറും., മികച്ച പഠിപ്പിസ്റ്റും സർവോപരി അഹങ്കാരിയുമായ അമ്മുവിന്റെ തലയിൽ ചെറിയ ഒരു മുഴ അതിന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ എത്തി നിൽക്കുന്നത് കണ്ടു..
അവളായത് കൊണ്ട് ആരുടെയും മുഖത്തു യാതൊരു ശോകവും കണ്ടില്ല...
എന്തെങ്കിലും സംഭവിക്കുമ്പോൾ പെൺകുട്ടികളിൽ നിന്നുയരുന്ന ഒരു 'അയ്യോ ' എന്ന വിളി പോലും ഉണ്ടായില്ല...
കാരണം അവൾ എന്നും ഒറ്റയ്ക്ക് ആയിരുന്നു... ആരോടും മിണ്ടില്ല.. വർത്തമാനം പറഞ്ഞു എന്നു പറഞ്ഞു എല്ലാവർക്കും അടി വാങ്ങി കൊടുക്കുക ഇതൊക്കെ തന്നെ.. എന്തിനു ചോറ് ഉണ്ണുമ്പോൾ പോലും അവൾ ഒരു മൂലയിൽ പോയി ഇരുന്നു കഴിക്കും..
കഴിഞ്ഞ വർഷം അതായത് ഒൻപതാം ക്ലാസ്സിന്റെ അവസാന സമയത്ത് അവളോട് പോയി ഞാൻ ഇഷ്ടം ആണെന്ന് പറയാൻ പോയി.... എന്റമ്മോ...
അഹങ്കാരി ആണെങ്കിലും കണ്ടാൽ സുന്ദരി ആണ് കെട്ടോ.. എട്ടാം ക്ലാസ്സിൽ അവൾ വന്നപ്പോൾ മുതൽ അവളെ ഞാൻ പ്രേമിക്കുന്നുണ്ട്...
അങ്ങനെ അവളോട് പറയാൻ ഉള്ള ഡയലോഗ് എല്ലാം കാണാതെ പഠിച്ചു...
അങ്ങനെ ആണ് അവൾ ടോയ്ലറ്റിൽ കയറിയപ്പോൾ ഞാൻ വാതിൽക്കൽ കാത്തു നിന്നത്...
അവൾ ഇറങ്ങി വന്നതും ടോയ്‌ലെറ്റിന്റെ വാതിലിനോട് ചേർന്നു നിക്കുന്ന എന്നെ കണ്ടു ഒരു നിലവിളി ആയിരുന്നു...
""അയ്യോ ഇവൻ ഒളിഞ്ഞു നോക്കിയേ.. "'
എന്റെ സ്വഭാവം വച്ചു ആർക്കും അക്കാര്യത്തിൽ ഒരു സംശയം പോലുമില്ലാരുന്നു...
നല്ല അടിയും കിട്ടി ഒരാഴ്ചത്തെ സസ്പെന്ഷനനും കഴിഞ്ഞു അപ്പനെ വിളിച്ചോണ്ട് ചെന്നിട്ടാണ് എന്നെ പരീക്ഷ എഴുതിപ്പിച്ചത്..
വീണു കിടക്കുന്ന അവളുടെ നേരെ ഞാൻ കൈ നീട്ടി.. അവളുടെ മുഖത്ത് ഒരു പുച്ഛ ഭാവം..
അവളുടെ നോട്ടം അവളുടെ വീണു കിടക്കുന്ന പാത്രത്തിൽ ആണ്.. ആർത്തി പണ്ടാരം ഞാനോർത്തു..
കുട്ടികൾക്ക് ഇഷ്ടമില്ലെങ്കിലും ടീച്ചർ മാർക്ക് അവളെ വലിയ കാര്യമാണ്... എല്ലാവരും ഓടി വന്നു അവളെ എഴുന്നേൽപ്പിച്ചു...
അപ്പോളാണ് തൊട്ടപ്പുറത്ത് തുറന്നു കിടക്കുന്ന എന്റെ വാഴയില പൊതിയുടെ കൂടെ അവളുടെ ചോറ്റുംപാത്രം കിടക്കുന്നത് കണ്ടത്..
എന്റെ ചോറും പൊതിയിൽ നിന്നും വെളിയിൽ ചാടി കിടക്കുന്ന മുട്ട ഓംലറ്റ് എന്നെ നോക്കി ചിരിച്ചു.. വിശന്നിട്ടു വയറ്റിൽ ഒരു മൂളൽ കേൾക്കുന്നുണ്ടോ എന്നൊരു സംശയം...
ഞാൻ അവളുടെ പാത്രം എടുത്തു നോക്കി..വല്യ ഭാരം ഒന്നുമില്ല....
ഞാൻ തുറന്നു നോക്കി..
ഒരു കഷ്ണം കപ്പ...
അതാണ് അവൾ പാത്രത്തിലേക്ക് തന്നെ നോക്കിയിരുന്നത്..
ടീച്ചർമാർ അവളുടെ ചോറ്റുപാത്രം അന്വേഷിക്കുന്നുണ്ട്...
ആരും കാണാതെ ഞാൻ എന്റെ തെറിച്ചു വീണ ചോറിന്റെ മുകളിൽ നിന്നും മണ്ണ് പറ്റാത്ത ചോറു വാരി അവളുടെ പാത്രത്തിൽ നിറച്ചു..
എന്റെ ഓംലറ്റും വച്ചു പാത്രം അടച്ചു...
അതിനിടയിൽ ടീച്ചർമാർ അവളെ എഴുന്നേൽപ്പിച്ചു...
ടീച്ചർ അവളുടെ ചോറ്റു പാത്രം എടുക്കാൻ വന്നു...
ടീച്ചർ എന്റെ തുറന്നു കിടന്ന വാഴയില പൊതിയിലേക്ക് നോക്കി.....
നിനക്ക് കറി ഒന്നുമില്ലേ സാരമില്ല ചോറ് നമ്മുക്ക് സ്റ്റാഫ് റൂമിൽ നിന്നും കഴിക്കാം.....
അവളുടെ ചോറ്റുപാത്രം ടീച്ചർ അവളെ ഏൽപ്പിച്ചു....
സ്റ്റാഫ് റൂമിൽ നിന്നും ടീച്ചർ തന്ന ചോറു വാങ്ങി കഴിച്ചു ഞാൻ തിരിച്ചുവരുമ്പോൾ എന്നുമിരിക്കുന്ന സ്ഥലത്ത് ഇരുന്നു. ഞാൻ വാരി വച്ചു കൊടുത്ത ചോറും ഓംലറ്റും അവൾ വെട്ടി വിഴുങ്ങുന്നുണ്ടായിരുന്നു......
അവൾ ആദ്യമായി എന്നെ നോക്കി ചിരിച്ചു...............അവളുടെ കണ്ണിൽ ചെറിയ അഹങ്കാരം ഉണ്ടായിരുന്നോ എന്നൊരു സംശയം.......തോന്നലാകാം..
എന്നും അവൾ മൂലയിൽ പോയിരുന്നു കഴിച്ചിരുന്നത് ഒരു കഷ്ണം കപ്പ ആയിരിക്കും . ചിലപ്പോൾ ഒന്നും കഴിക്കുന്നില്ലായിരിക്കും..
അവളുടെ വിഷമങ്ങൾ ആരെയും അറിയിക്കാതിരിക്കാൻ അവള് തീർത്ത മുഖം മൂടിയായിരുന്നു ആ അഹങ്കാരം... പാവം.......
എന്നാലും പിന്നെയും രണ്ടു വർഷം വേണ്ടി വന്നു അന്നത്തെ ടോയ്ലറ്റ് കേസിലെ എന്റെ നിരപരാധിത്വം തെളിയിക്കാൻ.....
പ്ലസ്ടു കഴിഞ്ഞപ്പോൾ അവളോട് ഞാൻ എന്റെ ഇഷ്ടം ഒന്നൂടി പറഞ്ഞു...
""എനിക്കിഷ്ടം ആണ് ""എന്നു പറഞ്ഞു അവൾ ഓടി അപ്പോളും അവളുടെ ബാഗിൽ നിന്നു വീണ്ടും എന്തോ വീണു.. അതൊരു പേപ്പറിൽ എഴുതിയ അവളുടെ ദാരിദ്ര്യത്തിന്റെ കഥ ആയിരുന്നു.....
എനിക്ക് ജോലി ആയതേ അവളുടെ വീട്ടിൽ പോയി പെണ്ണ് ആലോചിച്ചു....
"അതേ ഒന്നു വേഗം വാന്നേ ബസ് പോയി.... "" അവൾ വിളിച്ചു കൂവി...
അടുക്കളയിൽ നിന്നു നിറച്ച ചോറും പാത്രവുമായി എത്തിയപ്പോൾ ബസ് പോകുന്നത് നോക്കി നിൽക്കുകയായിരുന്നു അവൾ...
""എന്നെ ഹോസ്പിറ്റലിലേക്ക് ഒന്നു വിടുവോ ""അവൾ ചോദിച്ചു...
ബൈക്കുമെടുത്തു അവളെയുമായി വെളിയിലേക്ക് ഇറങ്ങുമ്പോൾ എന്തോ പാത്രം വീഴുന്ന ശബ്ദം കേട്ടു അവളെ ഞാൻ നോക്കി...
""അത് ഞാനല്ല.. നമ്മുടെ കുറിഞ്ഞി പൂച്ച അടുക്കളയിൽ എന്തോ തട്ടിയിട്ടതാ ""
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു...