ജോലിയും കൂലിയും ഒന്നും ഇല്ലാത്ത നിങ്ങളുടെ കൂടെ ഇറങ്ങി പോന്നിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു..

Valappottukal



രചന: Anu Swaroop
ഒരു മൂക്കുത്തി കഥ

ഇച്ചായന് എന്നോടൊരു സ്നേഹവും ഇല്ല ല്ലേ??

ബിരിയാണി വെക്കാൻ ഉള്ള സവാള മുറിക്കുന്നതിനിടയിൽ മീനാക്ഷി  തന്റെ ഭർത്താവായ ആന്റോയോട് പരാതി പറഞ്ഞു,,

കണ്ണിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ളം പുറം കയ്യാൽ തുടച്ചു നീക്കുന്നുണ്ട് അവൾ,

ചിക്കൻ മുറിച്ചു കഴുകികൊണ്ടിരുന്ന ആന്റോ ഒരു കള്ളചിരിയോടെ അവളെ തിരിഞ്ഞു നോക്കി,,

ഞാൻ എന്തേലും സീരിയസ് ആയിട്ട് പറയുമ്പോഴും ഈ കള്ളചിരി ചിരിച്ചോണം മനുഷ്യനെ വട്ടു പിടിപ്പിക്കാൻ...,,,

അല്ല പിന്നെ...

അവൾ മുഖം കോട്ടി.

അല്ല മീനാക്ഷി  കൊച്ചേ... എന്നതാ നിന്റെ പ്രശ്നം??

ഒന്നും അറിയില്ല അല്ലെ നിങ്ങൾക്ക്??

അല്ലെങ്കിലും ഞാൻ നിങ്ങൾക്ക് ആരും അല്ലല്ലോ?? എപ്പോഴും പെങ്ങളും അളിയനും അല്ലെ നിങ്ങൾക്ക് വലുത്???

ഓഹോ അതാണോ പ്രശ്നം??

ഡീ എന്റെ ഒരേ ഒരു പെങ്ങളും, നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയും അല്ലെ അവൾ??

അപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് ശെരിയാണോ മീനാക്ഷി കൊച്ചേ...??

അപ്പനും, അമ്മയും അവളെ എന്നെ ഏല്പിച്ചിട്ട് അല്ലെ പോയത്??

എന്റെ പിറന്നാളും കഴിഞ്ഞ ആഴ്ച ആയിരുന്നല്ലോ??

അന്നൊന്നും ഈ ബിരിയാണിവെക്കലും കേക്ക് മുറിക്കലും ഒന്നും കണ്ടില്ലല്ലോ ഇവിടെ..??

എല്ലാം പോട്ടെ, ജോലിയും കൂലിയും ഒന്നും ഇല്ലാത്ത നിങ്ങളുടെ കൂടെ ഇറങ്ങി പോന്നിട്ട് കൊല്ലം മൂന്ന് കഴിഞ്ഞു.. ഒരു കുഞ്ഞും ആയി, ഒരുപാട് ആഗ്രഹങ്ങൾ ഒന്നും ഞാൻ പറയാറില്ലല്ലോ???

കുളിമുറിയിൽ വീണു പോയ മൂക്കുത്തിക്കു പകരം വേറെ ഒരെണ്ണം അല്ലെ ചോദിച്ചുള്ളൂ..

ഈ ബിരിയാണി വെക്കാൻ വാങ്ങിയ സാധനങ്ങളുടെ പൈസ കൊടുത്താൽ രണ്ടു മൂക്കുത്തി വാങ്ങായിരുന്നു...

എന്നിട്ടിപ്പോ കെട്ടിച്ചു വിട്ടവളുടെ പിറന്നാളിന് ബിരിയാണി വെക്കുന്നു

അവൾ കെറുവിച്ചു..

നല്ല നായര്ചെക്കന്മാരെ നോക്കി പോയിരുന്നെങ്കിൽ ഇപ്പൊ മൂക്കുത്തിയും, മാങ്ങാമാലയും ഒക്കെ ഇട്ടു നടക്കാരുന്നു..

അതും പറഞ്ഞു അവൾ ആന്റോയെ ഒളിക്കണ്ണിട്ടു നോക്കി..

അവനുണ്ടോ വല്ല കുലുക്കവും,,

എന്റെ ഒരു തലവിധിയെ...

അല്ലാതെന്താ???

അല്ലെങ്കിൽ പിന്നെ ബി. എഡ് പാസ്സായി നിൽക്കുന്ന ഞാൻ ഈ പണി ചെയ്യില്ലല്ലോ??

ഒക്കെ അനുഭവിക്കുക തന്നെ..

എല്ലാം കേട്ടിട്ടും ഒന്നും കേൾക്കാത്ത പോലെ നിൽക്കുന്ന ആന്റോയെ കണ്ടപ്പോൾ മീനാക്ഷിക്കു ദേഷ്യം പെരുവിരൽ മുതൽ ഇരച്ചു കയറി വന്നു,,

ഹ് മ്..

എന്ത് പറഞ്ഞാലും ഇങ്ങനെ നിന്നോളും കരിംകല്ലിനു കാറ്റു പിടിച്ച പോലെ..,,

ഇങ്ങനെ ഒരു മനുഷ്യൻ.,,

അതും പറഞ്ഞു അവൾ വീണ്ടും ജോലികളിൽ മുഴുകി,

വീടിനു താഴെ റോഡിൽ ഒരു സ്കൂട്ടറിന്റെ ഹോൺ അടി കേട്ട് ആന്റോ ജനലിലൂടെ എത്തി നോക്കി,,

പിന്നെ ഭാര്യയെ ഒന്ന് തിരിഞ്ഞു നോക്കി,

ഡീ... അവൾക്കുള്ള ബർത്ഡേ കേക്ക് എത്തിയെന്നു തോന്നുന്നു, ഒന്ന് പോയി വാങ്ങിച്ചോണ്ട് വാ, എന്റെ കയ്യിൽ അഴുക്കു അല്ലെ??

ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു അവളുടെ കുണുങ്ങിയുള്ള പോക്ക് കണ്ടപ്പോഴേ മനസ്സിൽ വിചാരിച്ചു നിനക്ക് ഇന്നു പണിയുണ്ടെടി എന്നു....

അയാളോടുള്ള അവളുടെ കുറുമ്പും ദേഷ്യവും ആ കേക്കിനോടും, ഒന്നും അറിയാതെ മൂലയ്ക്ക് ഇരിക്കുന്ന ഫ്രിഡ്ജ്നോടും തീർത്തു അവൾ കുളിക്കാൻ ആയി ബാത്‌റൂമിലേക്ക് പോയി,,

പോകുന്ന വഴി അയാൾക്കൊരു നിർദ്ദേശവും കൊടുത്തു,,

അടുപ്പത്തു ഇരിക്കുന്ന ബിരിയാണി മാത്രം നോക്കാതെ ഇടക്ക് തൊട്ടിയിൽ കിടക്കുന്ന കുഞ്ഞിനേയും ശ്രെദ്ധിച്ചോണം... ഞാൻ ഇപ്പൊ വരാം,,,

നേരത്തെ പ്ലാൻ ചെയ്തത് പ്രകാരം പുറത്ത് കാത്തു നിന്ന അയാളുടെ രണ്ടു സുഹൃത്തുക്കൾ അകത്തു വന്നു കേക്ക് മുറിക്കാനും, ഭക്ഷണം വിളമ്പാൻ ഉള്ള ടേബിൾ എല്ലാം ഒരുക്കുന്ന തിരക്കിൽ ആയി,

ബാത്‌റൂമിൽ നിന്നു പല രാഗത്തിൽ പല ഗാനങ്ങൾ മൂളുന്നുണ്ടാരുന്നു അവൾ,,

കുളി കഴിഞ്ഞു ഇറങ്ങിയ അവൾ സ്വന്തം അച്ഛനെയും അമ്മയെയും കണ്ടു അന്തം വിട്ടു..

എന്താ പറയാതെ വന്നത്??

രാവിലെ കൂടെ വിളിച്ചത് അല്ലെ ഞാൻ??

അവൾ പരിഭവം പറഞ്ഞു,,

സന്തോഷം കൊണ്ട് മോളെ കെട്ടിപിടിച്ചു രണ്ടുപേരും കരഞ്ഞു..

ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ പ്രേത്യേക സമയം ഒന്നും ഇല്ലല്ലോ??

പിന്നെ ഇന്നു നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ പിറന്നാൾ കൂടി അല്ലെ?? അവളെയും കെട്ടിയോനെയും കൂടി കണ്ടിട്ട് പോകാം എന്നു കരുതി..

അവളുടെ അച്ഛൻ പറഞ്ഞു നിർത്തി..

അപ്പോഴേക്കും ആന്റോയുടെ പെങ്ങളും അളിയനും മോനും കൂടി വണ്ടിയിൽ മുറ്റത്തു വന്നിറങ്ങി...

കൂട്ടുകാരികൾ പരസ്പരം കണ്ടതോടെ ഓടി ചെന്നു കെട്ടിപിടിച്ചു..

ഹാപ്പി ബർത്ഡേ അഞ്ജു കുട്ടി.. മീനാക്ഷി അവളെ വിഷ് ചെയ്തു,

താങ്ക്‌യൂ സൊ മച്ച് & കോൺഗ്രാജുലേഷൻസ് പ്രിയപ്പെട്ട നാത്തൂനേ...

അഞ്ജു അവളെ കെട്ടിപിടിച്ചു ഇറുക്കെ പുണർന്നു..

അഞ്ജുവിന്റെ മോൻ കയ്യിൽ കരുതിയിരുന്ന പനിനീർപൂവ് കൊണ്ടുള്ള ബൊക്ക മീനാക്ഷിക്കു കൊടുത്തു കവിളത്തു ഒരു ഉമ്മയും കൊടുത്തു...

മീനാക്ഷി ഒന്നും മനസ്സിൽ ആകാതെ എല്ലാവരെയും മാറി മാറി നോക്കി..

എന്നതാ ഇച്ചായ എല്ലാവരും കൂടി??

അവൾ ആന്റോയുടെ മുഖത്തേക്ക് നോക്കി..

ഇനിയും അവളെ ടെൻഷൻ ആക്കാതെ അത് അങ്ങ് കൊടുക്കെടാ ആന്റപ്പാ .. അഞ്ജു ചിരിച്ചു കൊണ്ട് പറഞ്ഞു,,

കേക്കിന്റെ കൂടെ മേശപ്പുറത്തു ഇരുന്ന കവർ എടുത്തു ആന്റോ മീനാക്ഷിയുടെ കയ്യിൽ വെച്ചു കൊടുത്തു..

കവർ തുറന്നു നോക്കിയ മീനാക്ഷി സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നു അറിയാതെ നിന്നു പോയി.,

വീടിനടുത്തുള്ള ഗവണ്മെന്റ് സ്കൂളിലേക്ക് ജോലിക്കുള്ള അപ്പോയ്മെന്റ് ലെറ്റർ ആയിരുന്നു അത്...

എല്ലാവരും കൂടെ എന്നെ പറ്റിച്ചു ല്ലേ??

അവൾ പരിഭവം പറഞ്ഞു,,

എന്നാലും ഇച്ചായന് എങ്കിലും പറയാരുന്നു...

ആന്റോ തന്റെ പ്രിയപെട്ടവളെ നെഞ്ചോടു ചേർത്തു പോക്കറ്റിൽ കയ്യിട്ട് ഒരു കുഞ്ഞു പൊതി എടുത്തു അവളുടെ കയ്യിൽ വെച്ചു കൊടുത്തു..

ഇനി ഇതിന്റെ പേരിൽ ഒരു പിണക്കം വേണ്ട,

അവൻ പുഞ്ചിരിച്ചു..

ഇനി മൂക്കുത്തി ഇല്ലാത്തതിന്റെ പേരിൽ നായര്ചെക്കന്മാരെ ഒന്നും തപ്പി പോകണ്ട കേട്ടല്ലോ..??

അഞ്ജുവിന്റെ വക ഡയലോഗ് ആയിരുന്നു അത്,

എല്ലാവരും കൂടി പൊട്ടിച്ചിരിച്ചു 

എന്റെ ഗുരുവായൂരപ്പ അത് അവിടെ വരെ എത്തിയോ..??

മീനാക്ഷി നിങ്ങൾക്കിട്ട് ഞാൻ വെച്ചിട്ടുണ്ട് എന്ന മട്ടിൽ ആന്റോയെ നോക്കി കണ്ണുരുട്ടി...

ശുഭം 

To Top