ഭർത്താവ്, അവസാന ഭാഗം

Valappottukal


രചന: ജംഷീർ പറവെട്ടി

അച്ഛൻ കരഞ്ഞപ്പോൾ തന്നെ അമ്മയ്ക്ക് കാര്യം ബോധ്യമായിരുന്നു...
തന്റെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങി...
ഏത് നിമിഷവും കാലന്റെ കാലൊച്ച കേൾക്കാം ഇനി...
ബ്ളഡ് കാർസർ...
മനുഷ്യനെ കാർന്നു തിന്നുന്നു എന്ന് കേട്ടിട്ടുണ്ട്... അതിപ്പോൾ തന്നെയും പിടികൂടി...
ഈശ്വരാ... ഞാൻ ചെയ്ത തെറ്റുകൾക്ക് പകരം തന്ന ശിക്ഷയാണോ....
ഒരുപാട് തെറ്റുകൾ... പാവം രാധു... എത്രയൊക്കെ വേദനിപ്പിച്ചു... എന്നിട്ടും തനിക്ക് സ്നേഹവും ബഹുമാനവും ആദരവും നൽകുന്നു... ആ പാവത്തിന്റെ ശാപമാണോ തനിക്ക് കിട്ടിയത്.... ഇനിയെനിക്ക് നീ തരുന്ന ആയുസ്സ് മുഴുവൻ  എന്റെ മക്കളെ സ്നേഹിക്കണം...  ഈശ്വരാ...സ്നേഹിച്ച് കൊതി തീർന്നില്ലല്ലോ... കുറച്ചു കൂടി ആയുസ്സ് തരുമോ നീ എനിക്ക്.......

ആ രാത്രിയും പുലർന്നു.
അച്ഛൻ കുഞ്ഞു കുട്ടികളെ നോക്കുന്നതിനേക്കാൾ കെയർ ചെയ്തു അമ്മയെ...
"എന്നെയിങ്ങനെ രോഗിയായി കാണല്ലേ.. ഇനി മക്കള് വന്നാൽ അവരെന്തു കരുതും..."
"അവരോട് എല്ലാം പറയാം നമുക്ക്.."
"വേണ്ട... എന്റെ പൊന്നു മക്കളെ അറിയിക്കേണ്ട... അവരുടെ സന്തോഷങ്ങള് ഇല്ലാതെയാകും... അവര് സമാധാനത്തോടെ ജീവിക്കട്ടെ... ഇത്രയും കാലം അനുഭവിച്ച ദുരിതങ്ങൾ തീർന്ന് എന്റെ മക്കള് ജീവിച്ചു തുടങ്ങിയിട്ടേ ഉള്ളൂ...."
"നിന്റെ ഇഷ്ടം പോലെ ആയിക്കോട്ടെ..."

അന്ന് ഡോക്ടർ വന്നപ്പോൾ എന്നാണ് വീട്ടിൽ പോവാൻ പറ്റുന്നത് എന്ന് മാത്രമറിഞ്ഞാൽ മതിയായിരുന്നു അമ്മയ്ക്ക്..
"ഡോക്ടർ.. പറ്റുമെങ്കിൽ ഇന്ന് തന്നെ പോവണം അല്ലെങ്കിൽ, നാളെ എന്തായാലും പോവണം.."
"പൊയ്ക്കോളൂ... പക്ഷേ അടുത്ത ആഴ്ച്ച മുതൽ  കീമോ സ്റ്റാർട്ട് ചെയ്യണം... നിങ്ങള് ആഴ്ചയിൽ ഒരു ദിവസം വന്ന് ചെയ്തു പോയാലും മതി.. ഏകദേശം നാല് മണിക്കൂർ സമയമെടുക്കും... അഡ്മിറ്റൊന്നും ആവേണ്ട..."
"ഓഹ്.. ഇപ്പോഴാണ് സമാധാനമായത്.. മക്കളെ അറിയിക്കാതെ എങ്ങനെ മുന്നോട്ടു പോകും എന്ന് കരുതി ഇരിക്കായിരുന്നു.."
"ആ.. പിന്നെ... കുറച്ചു കഴിഞ്ഞാൽ ഒരു പക്ഷെ ചെറിയ ചെറിയ മാറ്റങ്ങൾ വരാം... ചിലപ്പോൾ മുടി കൊഴിഞ്ഞു പോകും..."
"ഓഹ്.. സാരമില്ല.. അത് വരേയെങ്കിലും അവർക്ക് സമാധാനത്തോടെ ജീവിക്കാല്ലോ..."
"അങ്ങനെ എങ്കിൽ നാളെ രാവിലെ തന്നെ വീട്ടിലേക്ക് പോകാം.. ഇന്ന് തിങ്കൾ.. അടുത്ത ചൊവ്വാഴ്ച രാവിലെ ഓപിയിൽ വന്നാൽ മതി..."
"ആയിക്കോട്ടെ..."

******************

അപ്പുവും രാധുവും
ഒരു ഓട്ടോയിൽ
ആശുപത്രിയിൽ എത്തുമ്പോൾ സമയം വൈകുന്നേരം ആയിരുന്നു.

വാതിലിൽ മുട്ടുന്നത് കേട്ട് അച്ഛൻ തുറന്നു നോക്കിയപ്പോൾ
മടിച്ചു മടിച്ചു നിൽക്കുന്ന അപ്പുവും രാധുവും..
"വാ മക്കളെ.."
നേരം വൈകിയതിന് അമ്മ വഴക്കു പറയുമോ എന്നായിരുന്നു അവരുടെ പേടി...
"ആ.. എന്റെ മക്കൾ വന്നല്ലോ...വാ.. ഇവിടെ വന്നിരിക്കൂ.."
അപ്പു അമ്മയുടെ അടുത്ത് വന്നിരുന്നു.
രാധിക അമ്മയുടെ ബെഡിൽ ചാരി നിന്നു.
അപ്പു അമ്മയുടെ കവിളിൽ ഒരുമ്മ കൊടുത്തു.
"അമ്മേ... സുഖം ണ്ടോ.. ഇപ്പോ.."
"ഉവ്വല്ലോ മോളേ..."
രാധികയുടെ മുഖം പൂർണ്ണ ചന്ദ്രനെ പോലെ പ്രകാശിച്ചു.
ഒത്തിരി നാളായി വീണ്ടും അമ്മ മോളെ എന്ന് വിളിച്ചു.
ഈശ്വരാ....
"എന്റെ മോളെന്താ ഇങ്ങനെ നോക്കുന്നേ... "
"ഒന്നുമില്ലമ്മേ.."
രാധികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. സന്തോഷം കൊണ്ട്.
"വാ... എന്റെ മോള് ഇവിടെ ഇരിക്ക്.. "
രാധിക അവരുടെ അടുത്ത് ഇരുന്നു.
"എന്റെ പൊന്നു മോൾക്ക് എന്നോട് വെറുപ്പുണ്ടോ..."
"അയ്യോ... അമ്മേ.. അങ്ങനെ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ... എനിക്കെന്റെ അമ്മയെ പോലെ തന്നെയാ... ഒത്തിരി ഇഷ്ടം മാത്രം..."
"എനിക്കറിയാം മോളേ.. പക്ഷേ.. ഈ അമ്മ കുറേ അരുതായ്ക ചെയ്തു എന്റെ മോളോട്.. മോളതൊക്കെ മറക്കണം... "
രാധിക അമ്മയുടെ അടുത്തേക്ക് ഒന്ന് കൂടി നിങ്ങിയിരുന്നു..
ആ കൈകൾ തന്റെ കൈയിൽ എടുത്തു... തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു...
"ഇവിടെ.., ദേ...ഇതിനുള്ളിൽ ആരോടും വെറുപ്പില്ലമ്മേ... സ്നേഹം മാത്രം... എനിക്കെല്ലാവരേയും സ്നേഹിക്കാനേ അറിയൂ... ആരേയും വെറുക്കാൻ അറിയില്ലമ്മേ..."
അവർക്കും അറിയാം രാധികയ്ക്ക് ആരേയും വെറുക്കാൻ അറിയില്ലെന്ന്...

അന്ന് എല്ലാവരും കൂടി ആശുപത്രിയിൽ നിന്നു. സന്തോഷത്തോടെ.. ചിരിച്ച് കളിച്ച് ആ രാത്രിയെ മനോഹരമാക്കി...

വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരു രോഗിയെ പോലെ കരുതി തനിക്ക് വേണ്ടി ഒരുപാട് ഒരുക്കങ്ങൾ ചെയ്തിരുന്നു കല്യാണി.
എല്ലാവർക്കും ചോറ് വിളമ്പിയപ്പോൾ അമ്മയ്ക്ക് ചെറിയരി കഞ്ഞി..
അതവർക്ക് തീരെ ഇഷ്ടമായില്ല.
"ഞാനെന്താ മരിക്കാൻ കിടക്കാണോ.... എനിക്കും ചോറ് വിളമ്പ് പെണ്ണേ..."
ചിരിച്ച് കൊണ്ട് അമ്മ അങ്ങനെ പറഞ്ഞപ്പോൾ കല്യാണി ശരിക്കും അൽഭുതപ്പെട്ടു..
പണ്ടൊക്കെ കൽപിക്കുകയായിരുന്നു.. പതിവ്...

ഓരോ ദിവസവും കഴിഞ്ഞത് ഓർത്തു വെക്കാൻ ഒരായിരം ഓർമ്മകൾ സമ്മാനിച്ചാണ്...
നന്ദനം എന്ന ആ വീട്ടിൽ സ്നേഹവും സന്തോഷവും പൂത്തു വിടർന്നു.
അവർ പരസ്പരം സ്നേഹവും സന്തോഷവും പകർന്നു നൽകി..
അമ്മയുടെ ഓരോ കുഞ്ഞുകാര്യങ്ങളിൽ പോലും രാധിക ശ്രദ്ധ വെക്കുന്നത് അമ്മയ്ക്ക് പേടിയായിരുന്നു...
എന്റെ മോള് തന്റെ അസുഖം അറിഞ്ഞാൽ പിന്നെയുള്ള അവസ്ഥ അവർ ഊഹിച്ചു. 
അത് കൊണ്ട് തന്നെ ഒരു വിഷമതകളും രാധിക അറിയാതെ ശ്രദ്ധിച്ചു അവർ.

കീമോതെറാപ്പി എടുക്കേണ്ട ദിവസം വെറുതെ ചെക്കപ്പ് ചെയ്യണം എന്ന് പറഞ്ഞു പോയി പെരിന്തൽമണ്ണ യിലേക്ക്.

രണ്ട് മാസത്തോളമായി കീമോ ചെയ്യാൻ തുടങ്ങിയിട്ട്...
അപ്പോഴേക്കും മുടിയൊക്കെ ചെറുതായി കൊഴിഞ്ഞു തുടങ്ങിയിരുന്നു...
മക്കൾ അറിയാതിരിക്കാൻ
എന്തെങ്കിലും ഒരുപായം.. അച്ഛനും അമ്മയും ഇരുന്ന് ചിന്തിച്ചു..
"അംബൂ.. എന്തെങ്കിലും ഐഡിയ കിട്ടിയോ..."
"ചെറിയൊരു ഐഡിയ തോന്നുന്നുണ്ട്... പറ്റുമോന്ന് നോക്കട്ടെ..."
പറഞ്ഞു നാക്കെടുക്കുന്നതിന് മുമ്പ് അവിടേക്ക് വന്നു രാധിക.
"എന്റെ മോൾക്ക് നൂറായുസ്സാണ്.. ദേ ഇപ്പോ നിന്നെക്കുറിച്ച് വിചാരിച്ചേയുള്ളൂ..."
"ആ.. അമ്മ ഈയിടെയായി എന്നെയാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് അപ്പൂന് പരാതിയുണ്ട്..."
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞത് ശരിക്കും സത്യം തന്നെയാണെന്ന് അമ്മയ്ക്കും അറിയാം..
"അമ്മേ...  ഒരു കാര്യം ചോദിച്ചോട്ടെ..."
"ചോദിക്ക് മോളേ... "
"ഞാനും അപ്പുവും കൂടി വീട് വരേയൊന്ന് പോയി വന്നാലോ..."
"ഓഹ്... മോളേ ഞങ്ങളും വന്നോട്ടെ... എനിക്കും അവരെയൊക്കെ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്..."
അങ്ങനെ ഒത്തിരി നാളുകൾക്ക് ശേഷം രാധിക തന്റെ വീട്ടിലേക്ക് രാജകീയമായി കയറി ചെല്ലുമ്പോൾ എല്ലാവർക്കും ആദ്യം അറിയേണ്ടത് അപ്പുവിനെ കൊണ്ട് വന്നില്ലേ എന്നായിരുന്നു...
അവരുടെ മുന്നിലേക്ക് കയറി വന്നു അപ്പു.
"രാധുവിന്റെ അമ്മയല്ലേ..."
"അതേ.."
"ഞാനാണ്.. നിങ്ങളന്വേഷിച്ച രാധികയുടെ ഭർത്താവ് അപ്പു..."
"എന്റീശ്വരാ..... മോനാകെ മാറിയല്ലോ... ഇതെന്താ മറിമായം..."
അവർ മൂക്കത്ത് വിരൽ വെച്ചു.

അച്ഛൻ കിടക്കുന്ന റൂമിലേക്ക് ചെന്നു എല്ലാവരും കൂടി.
അവർക്ക് എല്ലാവർക്കും ഒരുമിച്ച് നിൽക്കാൻ കഴിഞ്ഞില്ല അവിടെ..
അത്രയും ഇടുങ്ങിയതായിരുന്നു ആ റൂം...
അച്ഛൻ തന്റെ മക്കളെ കണ്ണ് നിറയെ കണ്ടു...
കണ്ണടയുന്നതിന്റെ മുമ്പ് ഇങ്ങനെ തന്റെ മോളുടെ ഐശ്വര്യം കാണാൻ വിധി നൽകിയ ഈശ്വരനോട് നന്ദി പറഞ്ഞു ആ പാവം...
അപ്പോഴേക്കും രാധികയുടെ വരവ് അയൽക്കാർ അറിഞ്ഞ്  കാണാൻ വന്നു തുടങ്ങിയിരുന്നു..
എല്ലാവരും അപ്പുവിന്റെ അത്ഭുത മാറ്റം ഉൾക്കൊള്ളാൻ കഴിയാതെ നിന്നു...
അവന്റെ നീട്ടി വളർത്തിയ മുടിയും.. ഇടതൂർന്ന താടിയും മനോഹരമായ മീശയും.. 
ഒരു സിനിമ നടനെപ്പോലെ തോന്നിച്ചു...
ആദ്യം തന്നെ സുന്ദരി കുട്ടിയാണ്.. രാധിക..
പക്ഷേ..
അവളെയിപ്പോൾ കണ്ടാൽ ആരും കണ്ണ് വെക്കും അത്രയും മാറ്റമുണ്ട്.. വിലയേറിയ വസ്ത്രവും ഒരുപാട് ആഭരണങ്ങളും... അവളിൽ കുലീനമായ ഒരു ഭാവം വരുത്തിയിരുന്നു...
അവർ വന്നപ്പോൾ കൊണ്ട് വന്ന ഡ്രസ്സുകളും മറ്റും എല്ലാവർക്കും നൽകാൻ അമ്മയെ ഏൽപ്പിച്ചു.

"ഞങ്ങള് പൊയ്ക്കോട്ടേ ഇനി... നേരം ഇരുട്ടി തുടങ്ങി.."
"ഇന്നിവിടെ നിൽക്കാൻ പറയണമെന്നുണ്ട്... പക്ഷേ..."
ആ പക്ഷേ യുടെ അർത്ഥം അപ്പുവിനേയും അമ്മയേയും അച്ഛനേയും ഒക്കെ ഒരുപാട് വേദനിപ്പിച്ചു...
അച്ഛനും അമ്മയും എന്തോ രഹസ്യം പറഞ്ഞു...
എല്ലാവരോടും യാത്ര പറഞ്ഞ് രാധികയും അകത്തു നിന്നും ഇറങ്ങി വന്നു..
"അമ്മേ.... ഇനി പോവാം ല്ലേ..."
"ആ.. മോളേ... ചെറിയൊരു കാര്യം കൂടി പറയാനുണ്ട്..."
എന്താണെന്ന ഭാവത്തിൽ എല്ലാവരും അമ്മയെ നോക്കി.
"നമ്മുടെ തിരുവാലിയിലെ വീടും സ്ഥലവും അവിടെ വെറുതെ കിടക്കാ... വാടകയ്ക്കാര് പോയിട്ട് കുറേ നാളായി..."
എന്താണ് ചെയ്യേണ്ടത് എന്ന മട്ടിൽ നിന്നു അവർ..
"നിങ്ങള് ഇനി മുതൽ അവിടെ താമസിച്ചാൽ മതി.... "
"അയ്യോ.. അതൊന്നും വേണ്ട.. ട്ടോ... ഞങ്ങള് ഇവിടെ നിന്നോളാം..."
"വാടകയ്ക്കാരായി അല്ല.. നിങ്ങളുടെ സ്വന്തം വീടാണ് ഇനിമുതൽ അത്...  നാളെത്തന്നെ വണ്ടൂരിൽ പോയി നിങ്ങളുടെ പേരിൽ ആധാരം ചെയ്യാൻ കൊടുക്കാം..."
"വേണ്ടാട്ടോ... ഞങ്ങള് അങ്ങനെ ഒന്നും കരുതിയിട്ടില്ല... ഞങ്ങളെ രാധികമോള് സുഖമായി കഴിയുന്നത് കണ്ടാൽ മതി... വേറൊന്നും വേണ്ട..."
"അല്ല.. ജാനകിയമ്മേ.. നിങ്ങളുടെ രാധികയുടെ സ്വത്താണ് അത്.. അതവൾ നിങ്ങൾക്ക് നൽകുന്നു എന്ന് കരുതിയാൽ മതി... അവൾക്കവിടെ നിൽക്കുമ്പോൾ ഒരിക്കലും നിങ്ങളെ ഓർത്ത് സങ്കടപ്പെടാൻ ഇടവരരുത്..."
"നിങ്ങള് ഇപ്പോ ചെയ്തു തരുന്നത് തന്നെ വല്യ കാര്യമാണ്... എത്ര കാശാണ് ഇപ്പോ തന്നെ ചിലവാക്കുന്നത്... ഇവരെ പഠിപ്പും... പിന്നെ ആ പലചരക്ക് പീടീലെ കാശും... ഇത്രയൊക്കെ ചെയ്യുന്നത് തന്നെ വല്യ പുണ്യമാണ്... എന്റെ പൊന്നു മോളേ കൊണ്ട് ഉണ്ടായ പുണ്യം..."
"അങ്ങനെ ഒന്നും പറയല്ലേ... മരനാട്ട് ഒരുപാട് സ്വത്തുണ്ട്.. ഇനിയും ഒരുപാട് തലമുറകൾക്ക് സുഖമായി ജീവിക്കാൻ മാത്രമുണ്ട്... അതിന്റെ അവകാശികളിൽ ഒരാളാണ് നിങ്ങളുടെ രാധിക.... അവളുടെ കൂടെപ്പിറപ്പുകൾ നല്ല രീതിയിൽ ജീവിക്കണം... അതല്ലാതെ കുറേ സ്വത്തും മുതലും കാത്തു വെച്ചിട്ട് എന്താവാനാണ്...
ഇന്നല്ലെങ്കിൽ നാളെ മരിച്ചു പോവേണ്ടേ... പോവുമ്പോൾ ഒന്നും കൊണ്ട് പോവാൻ കഴിയില്ലല്ലോ.... നിങ്ങള് നാളെ തന്നെ അങ്ങോട്ട് മാറാനുള്ള ഏർപ്പാട് ചെയ്തോളൂ...."
പിന്നെ അവരൊന്നും പറഞ്ഞില്ല.
നിറഞ്ഞ മനസ്സോടെ തലകുലുക്കി.
അത്യാവശ്യ കാര്യങ്ങൾക്കെന്ന് പറഞ്ഞ് കൈയ്യിൽ വെച്ച് കൊടുത്ത പണം വാങ്ങാൻ അവർ ഒരുപാട് വിസമ്മതിച്ചു.. നിർബന്ധിച്ച് കൊടുത്തു അമ്മ ആ പണം...

തിരിച്ച് നന്ദനത്തിൽ എത്തുമ്പോൾ ഒരുപാട് വൈകിയിരുന്നു.
യാത്രാ ക്ഷീണം ഉണ്ടായിരുന്നു എങ്കിലും മനസ് നിറയെ സന്തോഷമായിരുന്നു...
ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു.. 
രാധിക മോളുടെ മനസ് സന്തോഷിക്കുന്നുണ്ടാവും...

ദിവസങ്ങൾ കടന്നു പോയി.. അമ്മയുടെ മുടി കൊഴിഞ്ഞു കൊണ്ടിരുന്നു.
അവർ ഒരുപാട് നാളായി മനസ്സിൽ കരുതിയ ഐഡിയ  പുറത്തെടുത്തു..
"അല്ല മോളേ... എത്ര കാലമായി ഞങ്ങള് രണ്ടാളും ഇങ്ങനെ കാത്തിരിക്കുന്നു..."
"എന്താണമ്മേ... ആരെയാ കാത്തിരിക്കുന്നത്..."
"അതേയ്.. മുത്തശ്ശീന്ന് വിളിക്കുന്നത് കേൾക്കാൻ ഇനിയും എത്രകാലം കാത്തിരിക്കണം ഞങ്ങള്..."
രാധികയുടെ തുടുത്ത മുഖം ഒന്ന് കൂടി ചുവന്നു തുടുത്തു...
അവൾ എന്ത് മറുപടി പറയണമെന്ന് അറിയാതെ നിന്നു..
"ആ... ഞാനൊരു നേർച്ച നേർന്നിട്ടുണ്ട്... എല്ലാം ശരിയാകും..."
"അതെന്താ മ്മേ..."
"ഇനി എന്നെ മുത്തശ്ശീന്ന് വിളിക്കാൻ ഒരാള് പിറക്കുന്നത് വരേയും ഞാനെന്റെ മുടി മുണ്ഡനം ചെയ്യാണ്... മുടി വേണ്ടിനി.. ആര് കണ്ടാലും ഒന്നുമില്ല എനിക്ക്..."
"അയ്യോ... എന്റെ പൊന്നമ്മേ... അങ്ങനെയൊന്നും പറയല്ലേ... അമ്മയ്ക്ക് വേണങ്കിൽ ഞാൻ ചെയ്തോളാം... ട്ടോ... "
"ഇല്ല.. മോളേ.. ഞാനത് നേർന്നു കഴിഞ്ഞു... ഇനി എല്ലാം ഈശ്വര നിശ്ചയം പോലെ.."
രാധിക വീണ്ടും ഒരുപാട് പറഞ്ഞു നോക്കി..
അമ്മ ഒട്ടും അഴഞ്ഞില്ല..

കീമോതെറാപ്പി തുടങ്ങി ആദ്യത്തെ രണ്ട് മൂന്ന് മാസത്തിനകം മുടി കൊഴിഞ്ഞു പോകും.. പിന്നെ
ഏകദേശം ഒരു വർഷം കഴിഞ്ഞാൽ മുടിയൊക്കെ വീണ്ടും വളർന്നു വരും എന്നായിരുന്നു ഡോക്ടർ പറഞ്ഞത്..
ഇനിയിപ്പോ ആ നേർച്ചയുടെ പേരിൽ വലിയൊരു മനപ്രയാസം ഒഴിവായി...
ഈശ്വരൻ അനുഗ്രഹിച്ച് ഒരു കുഞ്ഞിനെ കൂടി എന്റെ പൊന്നു മോള് എനിക്ക് തന്നാൽ പിന്നെ സന്തോഷത്തോടെ മരിക്കാല്ലോ.......

വൈകുന്നേരം ചായ കുടിച്ചിരിക്കുകയായിരുന്നു... 
മുറ്റത്തേക്ക് വന്ന് നിന്ന ഓട്ടോയിൽ നിന്നും ഇറങ്ങിയ ആളെക്കണ്ടപ്പോൾ അപ്പുവിന്റെ മുഖം വലിഞ്ഞു മുറുകി...
"അയ്യോ... അപ്പൂ... അയാള്.."
രാധിക പേടിയോടെ അമ്മയുടെ പിറകിൽ ഒട്ടി നിന്നു...
മുണ്ട് മടക്കി കുത്തി പുറത്തേക്ക് നടന്നു അപ്പു...
ഭീതിയോടെ ആ പോക്ക് നോക്കി നിന്നു അവർ.
അപ്പുവിന്റെ ആ വരവ് കണ്ടപ്പോൾ തന്നെ മഹി ആകെ പരുങ്ങി...
"നിനക്ക് അന്ന് കിട്ടിയതൊന്നും പോരാ.. ല്ലേ.."
അവന്റെ മുഖമടച്ച് അടിക്കാൻ ആഞ്ഞ അപ്പുവിന്റെ കരങ്ങൾ തൊഴുകൈയോടെ അവന്റെ നിൽപ് കണ്ടപ്പോൾ സ്വയം താഴ്ന്നു..
"ഞാൻ... ഞാൻ.. കച്ചറയുണ്ടാക്കാനൊന്നും വന്നതല്ല.."
"പിന്നെ.. തന്നോട് മേലിൽ ഈ വഴി വന്നേക്കരുതെന്ന് പറഞ്ഞതല്ലേ..."
"അത്... ഞാൻ... "
മഹി ഓട്ടോയിൽ തന്നെ ഇരുന്ന യുവതിയെ കൈപിടിച്ചിറക്കി..
അപ്പോഴേക്കും രാധികയും അച്ചനും അമ്മയും കൂടി പുറത്തേക്ക് വന്നിരുന്നു..
"ഞാൻ... എന്റെ... കല്യാണം കഴിഞ്ഞു.. ഇതാ ഇവളാണ് പെണ്ണ്... എന്റെ മുറപ്പെണ്ണാ.. പേര് ശ്രീദേവി.. കല്യാണം കഴിഞ്ഞത് മുതൽ മനസിൽ വല്ലാത്തൊരു എടങ്ങേറ്... പലതും ഓർത്തു പോയി... ഇവിടെ വന്ന് മാപ്പ് പറയണമെന്ന് എപ്പോഴും കരുതും... ഇവൾക്ക് കാര്യങ്ങളൊക്കെ അറിയാം.. ഇവളും പറഞ്ഞു ഇവിടെ വന്ന് മാപ്പ് പറയണമെന്ന്.. അതിനാ.. ഞങ്ങള് വന്നത്..."
അപ്പുവിന്റെ മുഖം തെളിഞ്ഞു..
"വരൂ.. അകത്തേക്ക് ഇരിക്കാം...രാധൂ.. വാ.. ഇവളെ വിളിച്ചു കൊണ്ട് പോകൂ.."
ഒരു രാജകുമാരിയെ പോലെ പടികൾ ഇറങ്ങി വരുന്ന ഇവളെ യായിരുന്നോ മഹിയേട്ടൻ പണ്ട് പ്രണയിച്ചിരുന്നത്... ഇത്രയും മനോഹരമായ ഒരാളെയാണോ എന്നിട്ടൊടുവിൽ വേണ്ടെന്ന് വെച്ചത്...
"വരൂ..."
രാധിക വന്ന് ശ്രീദേവിയുടെ കൈയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി..
രാധികയുടെ വിനയവും ലാളിത്യവും ശ്രീദേവിക്ക് പുതിയൊരു അനുഭവമായിരുന്നു...

ഒടുവിൽ ചായ കുടിച്ചിറങ്ങുമ്പോൾ ചെയ്തു പോയ എല്ലാ തെറ്റുകൾക്കും മാപ്പ് പറഞ്ഞു മഹി..
"എല്ലാം എന്റെ ബുദ്ധി മോശമാണ്...ഒരിക്കലും എന്നെ ശപിക്കരുത്.."
"ഇല്ല.. ഞാനൊരിക്കലും അങ്ങനെ ചിന്തിച്ചിട്ട് പോലുമില്ല... നല്ലത് വരട്ടെ.."
ശ്രീദേവി രാധികയുടെ കൈയ്യിൽ പിടിച്ച് പോവാണെന്ന് പറഞ്ഞു..
"പോയി വരൂ.. "
അവരെ യാത്രയാക്കി തിരികെ പടി കയറി ചെല്ലുമ്പോൾ നിറ കണ്ണുകളോടെ നിന്ന അമ്മ രാധികയെ കെട്ടിപ്പിടിച്ച് കരഞ്ഞു..
"എന്റെ പൊന്നു മോളുടെ ഈ നല്ല മനസിന് മുന്നിൽ ഞാൻ തോറ്റു പോയി മോളേ..."
"ഏയ്... ഇല്ലല്ലോ.. എന്റമ്മ എപ്പോഴും ജയിച്ചു കൊണ്ടിരിക്കണം..."
അവരുടെ മുടി മുണ്ഡനം ചെയ്ത തല മറച്ച ഷാള് നീങ്ങിയത് ശരിയാക്കി കൊടുത്തു... രാധിക

അന്ന് രാത്രി ഭക്ഷണത്തിന് ശേഷം അമ്മ രാധികയോട് വീണ്ടും ചോദിച്ചു.
"ഇനിയും എത്ര കാലം ഞാനിങ്ങനെ കാത്തു കഴിയണം മോളേ..."
അവൾ ചിരിച്ചു കൊണ്ട് ഓടി രക്ഷപ്പെട്ടു അവിടെ നിന്ന്.
നാളുകൾ വീണ്ടും കൊഴിഞ്ഞു പോയി
അമ്മയ്ക്ക് എന്നും അറിയേണ്ടത് വല്ലതും ഉണ്ടോ എന്ന് മാത്രം...
ഒടുവിലൊരു ദിവസം നാണത്തോടെ അവൾ മുന്നിൽ വന്ന് നിന്ന് പരുങ്ങുന്നത് കണ്ടപ്പോൾ അവരുടെ മനം തുടിച്ചു... നല്ലത് കേൾക്കാൻ..
"എന്താ.. മോളേ.. പറയ് നീ.."
"അമ്മേ... അമ്മയുടെ പ്രാർഥന ഈശ്വരൻ കേട്ടുവെന്ന് തോന്നുന്നു..."
"എന്റീശ്വരാ... "
അവരവളെ ചേർത്ത് പിടിച്ച് നെറുകയിൽ ഉമ്മ വെച്ചു..
"എന്റെ പൊന്നു മോളേ.... നീ അവനോട് പറഞ്ഞോ.."
"ഇല്ലമ്മേ.. ആദ്യം പറയുന്നത് അമ്മയോടാവണമെന്ന് തോന്നി... അപ്പൂനോട് ഉറപ്പ് വരുത്തീട്ട് നമുക്ക് പറയാമെന്ന് കരുതി..."
"വേണ്ട മോളെ.. നീ തന്നെ പറഞ്ഞാൽ  മതി... നീയവനോട് പറയുമ്പോഴാണ് അതിനൊരു സുഖം....
എന്റീശ്വരാ.. എന്റെ മോൾക്ക് നല്ലത് വരുത്തണേ..."

കാലം പിന്നെയും കുറേ പുലരികൾ കണ്ടു..
രാധികയുടെ വയർ വീർത്തുന്തി നിന്നു...

അമ്മയുടെ കീമോതെറാപ്പി അവസാനത്തെ ഡോസും അടിച്ചു വന്നു...
ഇനി എല്ലാ മാസവും പോയി ചെക്കപ്പ് ചെയ്യണം..
വല്ല മാറ്റവും ഉണ്ട് എങ്കിൽ വീണ്ടും കീമോതെറാപ്പി ചെയ്യേണ്ടതായി വരും എന്ന് പറഞ്ഞു ഡോക്ടർ.
അത് കൊണ്ട് തന്നെ നല്ല കരുതൽ വേണം.

മഞ്ചേരി തുറക്കൽ ജംഗ്ഷനിൽ അച്ഛൻ നടത്തുന്ന സ്റ്റീലിന്റെ ഹോൾസെയിൽ ഷോപ്പിൽ ഏകദേശം കാര്യങ്ങളൊക്കെ അപ്പുവാണ് ഇപ്പോ ചെയ്യുന്നത്..
വളരെ പെട്ടെന്ന് തന്നെ കടയുമായി ഇണങ്ങി അപ്പു..

വീട്ടിൽ വന്നാൽ
രാധികയുടെ ഉന്തി നിൽക്കുന്ന വയറിൽ മുഖം ചേർത്ത് ഉള്ളിൽ കിടന്നുറങ്ങുന്ന കുഞ്ഞുവാവയോട് കിന്നാരം പറയും അപ്പു.
ആ കുഞ്ഞു കാലുകൾ കൊണ്ട് വയറിൽ തൊഴിക്കുമ്പോൾ അവൻ വെറുതെ വഴക്ക് പറയും..
"എന്റെ രാധൂനെ തൊഴിച്ചാലുണ്ടല്ലോ.. പുറത്ത് വന്നാൽ നല്ല അടി വെച്ച് തരും ഞാൻ..."
ആയാസപ്പെട്ട് പൊട്ടി ചിരിക്കുന്ന രാധികയുടെ എടങ്ങേറ് കാണുമ്പോൾ അമ്മ അപ്പുവിനെ വഴക്ക് പറയും...

മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിലാണ് രാധികയെ കാണിക്കുന്നത്..
ഖദീജ ഡോക്ടർ..
നല്ല കൈപ്പുണ്യം ഉള്ളതാണെന്ന് പലരും പറയുന്നത് കേട്ടാണ് അങ്ങോട്ട് പോയത്.

ഒടുവിൽ അഡ്മിറ്റ് ചെയ്യാൻ പറഞ്ഞ ദിവസം രാവിലെ തന്നെ പോയി അഡ്മിറ്റ് ചെയ്തു.
അപ്പു വേവലാതിയോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

ഖുർർർർറേ... എന്ന് കരയുന്ന ആ കുഞ്ഞുവാവയെ അമ്മ നിറഞ്ഞ മനസ്സോടെ കൈകളിൽ ഏറ്റുവാങ്ങി....
അപ്പുവിന്റെ മുഖത്ത് അത് വരെയുണ്ടായിരുന്ന പിരിമുറുക്കം മനസ് നിറഞ്ഞ പുഞ്ചിരിയിൽ അവസാനിച്ചു...
"ഓഹ്.... ഒരു കുഞ്ഞു രാധുക്കുട്ടിയാണല്ലോ.."
അമ്മയുടെ മുഖത്ത് കൂടുതൽ സന്തോഷം...
കുട്ടിയെ രണ്ട് മണിക്കൂർ ഐസിയുവിൽ ആക്കി.

രാധികയുടെ കൂടെ ഉള്ളവരെന്ന് വിളിച്ചപ്പോൾ അപ്പു മുന്നിൽ കയറി...
പിറകെ അമ്മയും അച്ഛനും.
പച്ചപുതപ്പിനുള്ളിൽ കിടന്ന വാടിയ മുഖം അപ്പുവിനെ കണ്ടതോടെ വിടർന്നു.. പിറകിൽ അമ്മയും അച്ഛനും കൂടി വന്നതോടെ.. രാധിക പുഞ്ചിരി തൂകി.
ആ പുഞ്ചിരി തൂകി നിൽക്കുന്ന തന്റെ രാധുവിന്റെ മുഖത്ത് അപ്പുവിന്റെ അധരങ്ങൾ പതിയുമ്പോൾ പിറകിൽ അമ്മയും അച്ഛനും നിറഞ്ഞ മനസ്സോടെ നോക്കി നിന്നു.....
.........
.... 
സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതത്തിലേക്ക് വന്ന കുഞ്ഞു മാലാഖയോടൊപ്പം അമ്മയുടെയും അച്ഛന്റെയും സ്നേഹലാളനകൾ  നുകർന്ന്  രാധുവിന്റെയും അപ്പുവിന്റെയും ജീവിതം തുടരുന്നു.....

ലൈക്ക് കമന്റ് ചെയ്യണേ...
To Top