രചന: Pratheesh
സമയം ഒരൽപ്പം വൈകിയതു കൊണ്ട് ട്രെയിൻ കിട്ടുമോ എന്ന വേവലാതിയോടെയാണ് റൂബിൾ റെയിൽവേ സ്റ്റേഷനിലേക്ക് ഒാടി കിതച്ച് കയറി വന്നത്,
വന്നപ്പോഴാണ് അറിയുന്നത് ട്രെയിൻ ഇരുപതു മിനിട്ടോള്ളം വൈകുമെന്നത്,
അതോടെ തെല്ലാശ്വാസമായി,
ഇരുപതു മിനിട്ടു കൂടിയുണ്ട് എന്നു മനസിലായതും എന്നാൽ കുറച്ചു നേരം റീൽസ് കാണാം എന്നു കരുതി മൊബൈൽ എടുത്തപ്പോഴാണ് അവൾക്കു കുറച്ചു മാറി അവൻ നിൽക്കുന്നത് അവൾ കാണുന്നത് !
അവനെ കണ്ടതും
പെട്ടന്നവളുടെ മനസ്സു മന്ത്രിച്ചു,
നിമയ് " !
അവൾക്കാ കാഴ്ച്ച അപ്പോൾ വല്ലാത്ത ഒരതിശയമായി കാരണം അവളവനെ കണ്ടിട്ട് പതിനഞ്ചോള്ളം വർഷങ്ങളായിരുന്നു,
അവിടെ അപ്പോൾ അവനോടൊപ്പം അവന്റെ ഭാര്യയും കുഞ്ഞും കൂടി ഉണ്ടായിരുന്നു,
ആ നിമിഷം തന്നെ അവനോടൊപ്പം മറ്റൊരു മുഖവും പേരും കൂടി അവൾക്കുള്ളിൽ തെളിഞ്ഞു,
'മിറിയം" !
അത്ര പെട്ടന്ന് മറവിയിലാഴ്ത്തി വെക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല റൂബിളിന് ആ മുഖങ്ങൾ,
ഒരാൾക്ക് മാത്രമായി കരുതിവെച്ച സ്നേഹം മറ്റൊരാൾക്ക് നൽകി ജീവിക്കുന്നവരുടെ ഈ ലോകത്ത് അവർ തീർത്തും വ്യത്യസ്ഥരായിരുന്നു,
കോളേജ് കാലഘട്ടത്തിൽ ഏറ്റവും രഹസ്യമാക്കി വെക്കപ്പെട്ട ഒരു പ്രണയമായിരുന്നു അവരുടെത്,
രണ്ടാം ലോകമഹായുദ്ധക്കാലത്ത് ശത്രു രാജ്യങ്ങളിലുള്ള താങ്കളുടെ സേനാംഗങ്ങൾക്ക് രഹസ്യസന്ദേശങ്ങൾ എത്തിച്ചു കൊടുക്കും പോലെ കടലാസിൽ അക്ഷരങ്ങളായി മാത്രം കൈമാറപ്പെട്ട രഹസ്യപ്രണയമായിരുന്നു അവരുടെത് !
അതിന്റെ കാരണം അവന്റെ അമ്മയായിരുന്നു,
അവർ ആ കോളേജിൽ അസിസ്റ്റന്റ് പ്രിൻസിപ്പാളായിരുന്നു,
അല്ലെങ്കിൽ തന്നെ ചെറിയ കാര്യങ്ങളിൽ പോലും ആവശ്യത്തിലധികം സ്ട്രിക്റ്റായ അവർ ഇതു കൂടിയറിഞ്ഞാൽ പിന്നെ അവിടെ ഭൂകമ്പം ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാമായിരുന്നു,
ക്ലാസ്സ് മുറികളുടെ വരാന്തകളിലൂടെ നേർക്കു നേർ നടന്നു പോകുമ്പോൾ ഒരു നോട്ടത്തിൽ പരസ്പരം ഒന്നു കാണാം എന്നല്ലാതെ നേരിൽ സംസാരിക്കാനോ ഇടപഴകാനോ ഒന്നും സാധിക്കാതെ ഉടലെടുത്തതായിരുന്നു അവരുടെ ആ പ്രണയം !
ഒരു വാക്കോ സംസാരമോ ഇല്ലാതെ തീർത്തും നിശബ്ദമായ് അതു മുളപ്പൊട്ടി എന്നിട്ടും സുദീർഘവും സമൃദ്ധവുമായ വളർച്ച ആ പ്രണയത്തിനുണ്ടായി,
അതിന്റെ കാരണം ഒരു ചെറു വീഴ്ച്ച കൊണ്ടു പോലും അവർക്കവരുടെ പ്രണയം നഷ്ടപ്പെട്ടു പോയേക്കാം എന്ന പേടി അവർ ഇരുവർക്കുമുള്ളിൽ ഒരേപോലെ ഉണ്ടായിരുന്നതു കൊണ്ടും, പരസ്പരം അവർക്കുള്ളിൽ ഒരേ അനുപാതത്തിൽ പ്രണയം നിലനിന്നിരുന്നതു കൊണ്ടും മാത്രമാണ് !
ആ കോളേജിൽ തന്നെ അവർ രണ്ടു പേരടക്കം ആകെ അഞ്ചു പേർക്കു മാത്രം അറിയാവുന്ന ഒരു വലിയ രഹസ്യമായിരുന്നു അത് !
കോളേജിലാണെങ്കിൽ നിമയ് യുടെ ഏതെങ്കിലും തരത്തിലുള്ള ഒരു കുറ്റം കണ്ടെത്തി അതു ടീച്ചറെ ധരിപ്പിച്ചു ടീച്ചറുടെ മകനും മോശക്കാരനാണെന്നു വരുത്തി തീർക്കാൻ കച്ചക്കെട്ടിയിറങ്ങിയ ചിലരും ഉണ്ടായിരുന്നു,
അവരുടെ ഇടയിൽ നിന്നു കൂടി അവനെ രക്ഷിക്കേണ്ട ചുമതല സുഹൃത്തായ കൂട്ടുകാർക്കു ഉണ്ടായിരുന്നു അതു കൊണ്ടു തന്നെ നിമയ് യുടെയും മിറിയത്തിന്റെയും പ്രണയം കൂടി അതീവ രഹസ്യമാക്കി സൂക്ഷിക്കുക എന്ന ദൈത്വവും അതിനു പിന്നിലുണ്ടായിരുന്നു,
നിമയ് യും മിറിയവുമാണെങ്കിൽ അവർ കണ്ടുമുട്ടുകയും തമ്മിൽ തോന്നിയ ഇഷ്ടം തുറന്നു സമ്മതിക്കുകയും ചെയ്തതിൽ പിന്നെ അവർ സ്നേഹം കൊണ്ട് പരസ്പരം തോൽപ്പിക്കാൻ ഇറങ്ങി തിരിച്ചവരെ പോലെയായിരുന്നു,
അവരെ മനസ്സിലാക്കിയ ഇടത്തോള്ളം അവർ തമ്മിൽ പരസ്പരം കൈമാറാത്ത രഹസ്യങ്ങൾ കുറവായിരുന്നു,
ഒരു ദിവസം നിമയ് കൈയ്യിലൊരു ചെറിയ ബോക്സുമായി റൂബിളിന്റെയടുത്തു വന്നു കൊണ്ട് അതൊന്ന് മിറിയക്കു കൊടുക്കണം എന്നു പറഞ്ഞു,
അവളതു വളരെ രഹസ്യമായി മിറിയത്തിനു എത്തിച്ചു കൊടുത്തു,
എന്നാൽ ബാത്ത്റൂമിൽ കയറി ബോക്സഴിച്ചു നോക്കിയ മിറിയം തിരിച്ചു വന്ന് ആ ബോക്സ് അവളെ തന്നെ തിരിച്ചേൽപ്പിച്ചു കൊണ്ട് അതവനു തന്നെ തിരിച്ചു കൊടുക്കാൻ പറഞ്ഞു,
ഒന്നും മനസിലായില്ലെങ്കിലും അവളത് അവനെ തന്നെ തിരിച്ചേൽപ്പിച്ചു,
അപ്പോഴാണ് അവൻ പറഞ്ഞു അവളറിയുന്നത് ആ ബോക്സിൽ ഉണ്ടായിരുന്നത് അവന്റെയും മിറിയയുടെയും ആദ്യാക്ഷരങ്ങൾ കൊത്തിയ ഒരു സ്വർണ്ണമോതിരമായിരുന്നു എന്നത് !
എന്നാൽ സ്വർണ്ണം ഇട്ടു നടക്കാൻ പറ്റില്ലെന്നും വീട്ടിൽ ചോദ്യം വരും എന്നും മിറിയം പറഞ്ഞതോടെ അവനു സങ്കടമായെങ്കിലും കാര്യം മനസിലായി,
തുടർന്ന് ഒരാഴ്ച്ചക്കു ശേഷം അതിനു സമാനമായ വെള്ളിയുടെ മറ്റൊരു മോതിരം മിറിയക്കു വേണ്ടി വാങ്ങുകയും അതവൾക്ക് എത്തിച്ചു കൊടുക്കുകയും അവളതു അണിഞ്ഞു നടക്കുവാൻ തയ്യാറാവുകയും ചെയ്തു,
എങ്കിലും ആ മോതിരം അവളുടെ വിരലിലമർന്നു കിടക്കുന്നത് ദൂരക്കാഴ്ച്ചകളിലല്ലാതെ തൊട്ടടുത്തു കാണാൻ മാത്രം അവനും സാധിച്ചിരുന്നില്ല,
കോളേജ് അവസാനിക്കാൻ ഒരു മാസം മാത്രമുള്ളപ്പോൾ ഒരു ദിവസം മിറിയം ക്ലാസ്സ് മുറിയിൽ കുഴഞ്ഞു വീണു. അതിനു ശേഷമാണ് അവൾക്കൊരു മാറാരോഗമുണ്ടായിരുന്നെന്നു എല്ലാവരും അറിയുന്നതു തന്നെ തുടർന്ന് ഡോക്ടറുമാർ അവർക്കു നൽകിയ ആയുസ്സിന്റെ സമയം പോലും ആറു മാസം മാത്രമായിരുന്നു,
ആ വാർത്ത ഏറ്റവും തകർത്തു കളഞ്ഞത് നിമയിനെയായിരുന്നു,
രോഗമുള്ള അവളെക്കാൾ രോഗമില്ലാത്ത അവൻ രോഗിയായി മാറി,
ഹോസ്പ്പിറ്റലിൽ കിടക്കുകയായിരുന്ന അവളെ ദിനവും പലവട്ടം നിറ കണ്ണുകളോടെ ദൂരക്കാഴ്ച്ചയിൽ വന്നു നിന്നവൻ കണ്ടു കൊണ്ടെയിരുന്നു,
അതു മനസിലാക്കിയ മിറിയം ദൂരെ നിന്നാണെങ്കിലും അവൾക്കു അവനെയും അവന് അവളെയും കാണുന്നതിനായി ഡോക്ടറോടു ജനാലയിലൂടെ പുറംകാഴ്ച്ചകൾ കാണണമെന്നു കള്ളം പറഞ്ഞവൾ അവർക്കു കുറച്ചു കൂടി അവരെ തമ്മിൽ അടുത്തു കാണാനാവും വിധം ജനാലക്കരുകിലെ ബഡ്ഡു തന്നെ നേടിയെടുത്തു,
മിറിയയുടെ അവസാന നാളുകളൊന്നിൽ നിമയ് യുടെ അമ്മ അളഗനന്ദ ടീച്ചർ അവനോടു പറഞ്ഞു,
'നീ അവളെ പോയൊന്നു കണ്ടേക്കു എന്ന് "
അവനു ശരിക്കും അത്ഭുതമായിരുന്നു ഇത്രയും രഹസ്യമാക്കി വെക്കപ്പെട്ട ആ കാര്യം അമ്മയെങ്ങിനെ അറിഞ്ഞുവെന്നത് ?
അവന്റെ മുഖത്തു നിന്നു ആ ചോദ്യം തിരിച്ചറിഞ്ഞ അവർ അതിനുള്ള മറുപടിയും പറഞ്ഞു,
അവന്റെ മുറി വൃത്തിയാക്കുകയും പുസ്തകങ്ങൾ അടക്കി വെക്കുകയും ചെയ്യുന്നതിനിടയിൽ അവൾ അവനെഴുതിയ ഒരു കത്ത് അവർക്കു ലഭിച്ചിരുന്നു എന്നത് !
ഇതല്ലാതെ തന്നെ അവളെ അവന്റെമ്മയും ശ്രദ്ധിച്ചിരുന്നു എന്നവർ അവനോടു പറഞ്ഞു,
അതവളുടെ പേരു കൊണ്ടായിരുന്നു, 'മിറിയം' എന്ന ആർക്കും കേട്ടിട്ടില്ലാത്ത ആ പേരുകൊണ്ട് !
അമ്മയുടെ അനുവാദം കിട്ടിയതും അവളെ കാണാനായി ഹോസ്പ്പിറ്റലിൽ അവളുടെ അടുത്തു വന്നപ്പോഴാണ് അവൻ ഈ കാര്യം റൂബിൾ അടക്കം മറ്റുള്ളവരോടും പറയുന്നത്,
അങ്ങിനെ അന്ന് അവന്റെ മനസ്സിന്റെയും, ഹൃദയത്തിന്റെയും, ശരീരത്തിന്റെയും തൊട്ടടുത്ത് വെച്ചവൻ അവളെ മതിവരുവോള്ളം കണ്ടു മടങ്ങി, ഭാഗ്യമോ നിർഭാഗ്യമോ അന്നു രാത്രി തന്നെ അവളും മരണപ്പെട്ടു,
അങ്ങിനെ അവർക്കുള്ളിലെ സകല സ്നേഹവും, ഇഷ്ടവും ആ ഒരു ദിവസത്തേക്കും ഒരു കാഴ്ച്ചയിലേക്കും കുറച്ചു നിമിഷത്തിലേക്കും അവരെ ചേർത്തു നിർത്തുകയും,
അതോടെ ആ ഒരു സന്തോഷത്തിന്റെ സുഗന്ധം പേറിയാവാം അന്നേ ദിവസം തന്നെ അവൾ യാത്രയായതെന്നും വിശ്വസിക്കാനാണു റൂബിളും മറ്റുള്ളവരും ഇഷ്ടപ്പെട്ടത്,
ഭൂമിക്കടിയിൽ മണ്ണിനാൽ മൂടപ്പെട്ട നിധി കുംഭം പോലെ അത്രമേൽ രഹസ്യമാക്കി വെച്ച അവരുടെ പ്രണയവും അങ്ങിനെ ഒാർമ്മകൾ മാത്രമായ് അവസാനിച്ചു....... !
ഒാർമ്മകളിൽ നിന്ന് റൂബിൾ പെട്ടന്ന് തിരിച്ചു വന്നതും നിമയ് യും റൂബിളിനെ കണ്ടു,
അവളെ കണ്ടതും പെട്ടന്നു തന്നെ ഭാര്യയോട് എന്തോ പറഞ്ഞു കൊണ്ട് നേരെ അവൾക്കു മുന്നിലേക്കവൻ വന്നു,
തുടർന്നു ട്രെയിൻ വരുന്നതു വരെ അവർ തമ്മിൽ പഴയ കാര്യങ്ങൾ സംസാരിച്ചു കൊണ്ടെയിരുന്നു, അതിനിടയിൽ ഇപ്പോഴും വർഷത്തിലൊരിക്കൽ അവളുടെ ഒാർമ്മ ദിവസം അവനവിടെ പോകാറുണ്ടെന്നു പറഞ്ഞതും അവൾക്കത് വല്ലാത്തൊരു അതിശയമായി തോന്നി,
കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ടിട്ടും ആ പ്രണയത്തിന് ഇന്നും ഒട്ടും പ്രഭ നഷ്ട്‌ടപ്പെട്ടിട്ടില്ലാ എന്നവൾക്കു മനസിലായി !
അവളുടെ ട്രെയിൻ വന്നതും അവനോട് യാത്ര പറഞ്ഞവൾ ട്രെയിനിൽ കയറി !
എന്നിട്ടും അവളിൽ സംശയം ബാക്കി അവനിൽ ഇപ്പോൾ ഉള്ളത് ഓർമ്മകളാണോ അതോ ഓർമ്മകളേക്കുറിച്ചുള്ള ഓർമ്മകളാണോ എന്ന് എന്നാൽ അതിനൊന്നും ഉത്തരം കണ്ടെത്താനാവില്ലെന്ന് അവൾക്കും അറിയാം,
എന്നാലും ഹൃദയത്തിൽ അവർ തമ്മിലുണ്ടായിരുന്ന ആ ദൃശ്യങ്ങൾ കൂടുതൽ കൂടുതൽ മിഴിവാർന്നു വന്നു."
തിരിച്ചെത്തിയ റൂബിൾ ആദ്യം പോയത് മിറിയത്തിന്റെ ശവക്കല്ലറയിലേക്കായിരുന്നു,
അങ്ങിനെ വർഷങ്ങൾക്കു ശേഷം ഒരിക്കൽ കൂടി റൂബിൾ മിറിയത്തിനു മുന്നിലെത്തി,
കൈയ്യിൽ കരുതിയ പൂക്കൾ അവളുടെ ശവക്കല്ലറയിൽ വെച്ച് പ്രാർത്ഥിച്ച് അവൾക്കു മുന്നിൽ നിൽക്കുമ്പോൾ റൂബിളിനോർമ്മ വന്നത് മറ്റൊരു കാര്യമായിരുന്നു,
മിറിയത്തിന്റെ അവസാന നാളുകളൊന്നിൽ മരണക്കിടക്കയിൽ വെച്ച് അമ്മയോടും റൂബിളിനോടുമായി ആവശ്യപ്പെട്ട ഒരു കാര്യം,
'മരണശേഷം അവളെ അടക്കം ചെയ്യുമ്പോൾ അവളുടെ വിരലിൽ കിടക്കുന്ന ആ വെള്ളി മോതിരത്തോടു കൂടി വേണം അവളെ അടക്കാനെന്നത് "
അമ്മയോടവൾ അതിന്റെ കാരണം പറഞ്ഞില്ലെങ്കിലും റൂബിളിനോടവൾ പറഞ്ഞു,
ബൈബിളിൽ പറയും പോലെ,
'നിങ്ങൾ ഭൂമിയിൽ വെച്ചു കണ്ടു മുട്ടുകയും സ്വർഗ്ഗത്തിൽ വെച്ചു വിവാഹിതരാവുകയും ചെയ്യുന്നു "എന്നതു സത്യമായി സംഭവിക്കുകയാണെങ്കിൽ അവളെ തിരിച്ചറിയാൻ ആ മോതിരം കാണിക്കാലോ ?
അതുമല്ലെങ്കിൽ അവൾക്ക് പുനർജ്ജനിക്കാൻ ചിലപ്പോൾ ആ മോതിരം വീണ്ടും ഒരു കാരണമായേക്കാമെന്നും "
അങ്ങിനെ മരണത്തിൽ പോലും അവളവനെ ചേർത്തു പിടിച്ചാണ് കിടന്നത് !
അവളോട് മണ്ണുച്ചേർന്ന് ആ മോതിരം ഇന്നും അവളുടെ ഈ കല്ലറയിൽ കിടക്കുന്നുണ്ടാവും,
സ്നേഹത്തിനു പകരം സ്നേഹം നൽകി ഒരു ജന്മം മുഴുവൻ പരസ്പരം തുണയായിരിക്കാൻ ആഗ്രഹിച്ചവരുടെ ഒരോർമ്മശിലയായ് !
അതു പക്ഷേ വെള്ളി മോതിരമായല്ല സ്വർണ്ണ മോതിരമായി തന്നെ,
അവളുടെ കൈവിരലിൽ ഉണ്ടായിരുന്നത് ശരിക്കും സ്വർണ്ണമോതിരമായിരുന്നു !
ആശിച്ചു വാങ്ങിയ സ്വർണ്ണമോതിരം ഒരു പ്രശ്നക്കാരനാവുമെന്ന് കരുതി വിഷമിച്ചു നിന്ന അവനോട് അതിൽ വെള്ളി പൂശി അവൾക്കു കൊടുക്കാനുള്ള വഴി പറഞ്ഞു കൊടുത്തത് റൂബിളായിരുന്നു....!