ആദ്യമായൊരു ഇഷ്ട്ടം തോന്നിയവനോട് അങ്ങോട്ട് ചെന്ന് മനസ്സ് തുറക്കുമ്പോൾ അവൻ...

Valappottukal


 രചന: മഹാദേവൻ

ഓർമ്മവെച്ച കാലം അമ്മ സ്നേഹത്തോടെ വിളിച്ച " കറുമ്പി " എന്ന വാക്കായിരുന്നു  ആദ്യം മനസ്സിൽ വിവേചനത്തിന്റെ മുൾനാമ്പുകളാൽ കുത്തിനോവിച്ചുത്തുടങ്ങിയത്. 
   
     രാത്രി അല്പം മിനുങ്ങി വരുന്ന അച്ഛൻ   " അച്ഛന്റെ കറുമ്പിക്കുട്ടി ഓടി വന്നേ "  എന്നും പറഞ്ഞു കൈ നീട്ടുമ്പോൾ അതിൽ മുറ്റി നിൽക്കുന്ന സ്നേഹത്തേക്കാൾ മനസ്സിനെ സ്പർശ്ശിച്ചത് കറുപ്പെന്ന വാക്കിലെ വിവേചനമായിരുന്നു. 

         അഞ്ചാം ക്‌ളാസ്സിലേക്ക് ആയ സമയം പുത്തനുടുപ്പിട്ട്  പുതിയ ക്‌ളാസ്സിലേക്ക് സന്തോഷത്തോടെ ഓടിച്ചെല്ലുമ്പോൾ അടുത്തിരുത്താൻ മടിച്ച്  ഒഴിഞ്ഞുതരാതെ അറപ്പോടെ നോക്കുന്ന ചില മുഖങ്ങൾ ആയിരുന്നു കറുപ്പിന്റെ വേദനയുടെ ആഴം കൂട്ടിയത്. 

  പലപ്പോഴും കണ്ണാടിയിൽ നോക്കി നിൽകുമ്പോൾ സ്വയം തോന്നിയിട്ടുണ്ട് ഇരുട്ടിന് പോലും ദൈവം എന്തെ ഇത്ര നിറം കൊടുക്കാഞ്ഞതെന്ന്. !
    
   ആദ്യമായി സ്കൂളിലെ ഒപ്പനക്ക് മണവാട്ടിയാക്കാൻ താല്പര്യം പറഞ്ഞ സമയം   ടീച്ചർ സ്നേഹത്തോടെ നിരസിച്ചപ്പോൾ ആയിരുന്നു കറുപ്പ് എന്നാൽ കണ്ണുനീർ ആണെന്ന് തിരിച്ചറിഞ്ഞത്. 

       ആദ്യമായൊരു ഇഷ്ട്ടം തോന്നിയവനോട് അങ്ങോട്ട് ചെന്ന് മനസ്സ് തുറക്കുമ്പോൾ  അവൻ പുച്ഛത്തോടെ പറയുന്നുണ്ടായിരുന്നു 
  "   നിനക്ക് തലക്ക് സുഖമില്ലേ കൊച്ചേ?   നിന്നെ പ്രേമിച്ചിട്ടെനിക്ക് എന്ത് കിട്ടാനാ.. നിലവിളക്കിനൊപ്പം കരിവിളക്കോ?  അതുമല്ല,  നിന്റെ ഈ മുഖത്തേക്ക് നോക്കുമ്പോൾ  എങ്ങിനെ ഉമ്മ വെക്കാൻ തോന്നും. 
   നിന്നെ വെറുതെ ഒന്ന് തൊട്ടാൽ പോലും കയ്യിൽ കരി ആകുമല്ലോ " എന്ന്. 

അത്‌ കേട്ട് ചിരിയോടെ തിരികെ നടക്കുമ്പോൾ വെറുതെ ഒന്ന് സ്വയം കയ്യിൽ ഒന്ന് വരഞ്ഞു നോക്കിയിരുന്നു  എന്റെ കറുപ്പിത്ര വെറുക്കപ്പെട്ടതാണോ എന്ന ചിന്തയോടെ. 

  കോളേജിൽ പഠിക്കുമ്പോൾ ഏറെ സന്തോഷം നൽകികൊണ്ട് ഒരുത്തൻ ഇഷ്ട്ടമാണെന്ന്  പറയുമ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു മനസ്സിൽ. 
   കറുപ്പിനെ സ്നേഹിക്കാൻ  മനസ്സുള്ളവനെ നെഞ്ചോട് ചേർക്കുമ്പോൾ അവന്റെ ചുംബനങ്ങൾ പറയുന്നുണ്ടായിരുന്നു " നിന്റെ കറുപ്പിന് അഴക് നൂറാണ് പെണ്ണെ " എന്ന്. 

  പിന്നെ ഇടുപ്പിൽ ആ കൈ സ്പര്ശിക്കുമ്പോൾ  അവന്റ ചുണ്ടുകൾ വികാരത്തോടെ പറയുന്നുണ്ടായിരുന്നു " നിന്റെ സൗന്ദര്യം നിന്റെ ഉടലിന്റ ഉണർവിലാണ് " എന്ന്. 
 
പിന്നെ വർണ്ണനകളുടെ ലോകത്തെക്ക് അവൻ വാക്കുകളാൽ സഞ്ചരിക്കുമ്പോൾ അതിനൊപ്പം സഞ്ചരിക്കുന്നുണ്ടായിരുന്നു അവന്റെ മനസ്സും കയ്യും ഉടലിന്റ ഉണർവ്വിലേക്ക് ഉന്മാദത്തോടെ. 

 സ്നേഹമാണെന്ന് കരുതി. പക്ഷേ, കറുപ്പിനോടുള്ള സ്നേഹമല്ല,   കറുത്ത ശരീരത്തിലെ ഉടയാത്ത മേനിയോടുള്ള  ഭ്രമം മാത്രമാണ് ആ സ്നേഹം എന്നറിഞ്ഞ നിമിഷം അവന്റെ കരണത്ത്‌ കൈ പതിപ്പിക്കുമ്പോൾ   കരയാതിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. 

               കറുപ്പ് കണ്ട് വെറുപ്പോടെ നടക്കുന്നവർ കറുപ്പിനുള്ളിൽ തുടിക്കുന്ന മനസ്സ് തിരിച്ചറിയാത്തതെന്തേ എന്ന് ചിന്തിച്ച നിമിഷം മുതൽ സ്വയം തീരുമാനിച്ചിരിക്കുന്നു  വെറുപ്പോടെ നോക്കുന്നവരെ നോക്കി പുഞ്ചിരിക്കാം. പുഞ്ചിരിക്കാൻ ഉള്ള അർഹത എങ്കിലും ഉണ്ടല്ലോ ലോകത്ത് കറുത്തവർക്ക് എന്ന്. 

  അന്ന് വീട്ടിലെ കണ്ണാടി പിന്നിലെ തൊടിയിലേക്ക് എറിയുമ്പോൾ അമ്മയോട് പറയുന്നുണ്ടായിരുന്നു  

    " എന്റെ കറുപ്പ് കണ്ട് ചിരിക്കുന്നവർക്കൊപ്പം പൊട്ടിച്ചിരിക്കാൻ ഇനി  ഒരു കണ്ണാടി കൂടി വേണ്ടെന്ന് "
       നിലാവ് അന്യമാകുന്ന ഇരുട്ടിനെ പ്രണയിച്ചോട്ടെ ഞാൻ..  കറുപ്പിനെ പ്രണയിക്കാൻ  ഇരുട്ടിനെ കഴിയൂ.... 
  ഒതുക്കപ്പെടുന്ന ലോകത്തിന് മുന്നിൽ ഒതുങ്ങാൻ വേണ്ടിയല്ല, വെളുത്ത ശരീരം കൊണ്ട് അഹങ്കരിക്കുന്നവരുടെ വെളിച്ചമെത്താത്ത മനസ്സ്   നൽകിയ തിരിച്ചറിവ് ആണ്. 

പെണ്ണിന്റ ഉടലിന്റ സൗന്ദര്യം വർണ്ണിക്കുന്നവന്റെ വികൃതമായ  മനസ്സിനേക്കാൾ സൗന്ദര്യം ഉണ്ട് എന്റെ മേനിക്കറുപ്പിനെന്ന സ്വയം തിരിച്ചറിവ്. 

കറുപ്പിനോളം ചന്തം വരില്ലല്ലോ  ഒരിക്കലൂം നിന്റെ കളങ്കപ്പെട്ട മനസ്സ്   !
To Top