രചന: മുരളി. ആർ
ഏറെ നേരമായി ഞാൻ ആ വരാന്തയിൽ ഇരിക്കുകയാണ്. ഇതുവരെ ആരെയും പുറത്തേക്കു കണ്ടില്ല. പേരെടുത്തു ഞാൻ പത്മയെ വിളിക്കണോ..? ഇല്ല, വേണ്ട. എന്തിനാണ് ഞാൻ അവളെ വിളിക്കുന്നത്. പിണങ്ങി പോയത് അവളല്ലേ..? ഞാൻ അവളെ വിളിക്കേണ്ട ആവിശ്യം ഉണ്ടോ..?
മനസിലേക്ക് ഓരോരോ തോന്നലുകൾ വീണ്ടും കടന്നുകൂടി തുടങ്ങി. എങ്കിലും മൗനത്തോടെ ഞാൻ തറയിലേക്ക് നോക്കി ഇരുന്നു.
"രഘു വന്നിട്ടൊരുപാട് നേരായോ..? പിന്നെന്താ ഞങ്ങളെ വിളിക്കാഞ്ഞെ..?"
പെട്ടെന്നാരുന്നു അമ്മായിയുടെ ആ ചോദ്യം എന്നിലേക്ക് വന്നത്. എന്ത് പറയണം എന്നറിയാതെ ഞാൻ പകച്ച് എഴുന്നേറ്റു. പതറിയ സ്വരത്തിൽ പറഞ്ഞു.
"ഇപ്പോ.. ഇപ്പോ വന്നതേയുള്ളൂ, പത്മയെ.. അവളെ എനിക്കൊന്നു കാണണം."
"ആ.. ഞാനിപ്പോ അവളെ വിളിക്കാം. മോൻ ഇരിക്ക്, ചായ എടുക്കാം."
ഒന്നും മറുപടി പറയാതെ നിസ്സഹായനായി ഞാൻ വീണ്ടും അവിടെ ഇരുന്നു. അകത്തേക്ക് അമ്മായി കയറിയതും എനിക്കെന്തോ ഒരു മാനസിക വേദന പെട്ടെന്ന് അനുഭവപ്പെട്ടു.
"നീ കൂടുതലൊന്നും പറയണ്ട.. ഞങ്ങടെ മോളെ ഞങ്ങൾക്കറിയാം. നീ ചെല്ല്, അവളിപ്പോ വരുന്നില്ല."
എനിക്ക് നേരെയുള്ള അമ്മായിയുടെ ഈ വാക്കുകൾക്ക് രണ്ടാഴ്ച തികയുന്നു. ഞാൻ ഈ വീട്ടിൽ നിന്നും വഴക്കിട്ടാണ് അന്ന് ഇറങ്ങിയത്. എനിക്കും പത്മക്കും ഇടയിൽ ചെറിയ സൗന്ദര്യ പിണക്കമാണ് ആദ്യമൊക്കെ നടന്നതെങ്കിലും.. അത് വലിയ വിഷയമാക്കി വീട്ടിൽ അവതരിപ്പിച്ചത് അവളാണ്. അന്ന് അമ്മായിയോടും അമ്മാവനോടും അപ്പോഴത്തെ ദേഷ്യത്തിൽ ഞാനും എന്തൊക്കെയോ കടുപ്പിച്ചു പറഞ്ഞു. അതൊക്കെ മറന്നാണ് ഇന്ന് അമ്മായി എന്നോട് സംസാരിക്കുന്നത്. പത്മയെ ഇവിടെ കൊണ്ടാക്കിയ ശേഷം പിന്നീട് ഞാൻ ഇവിടേക്ക് വന്നിട്ടില്ല, അവളെ ഫോണിൽ വിളിച്ചിട്ടുമില്ല. എന്നാൽ, ദിവസവും പത്മ എന്നെ വിളിക്കാറുണ്ട്, ഞാൻ മനപ്പൂർവ്വം എടുക്കാറില്ല. ഇന്നിപ്പോ ഞാൻ ഇവിടെ വന്നു നിൽക്കുന്നത് കണ്ടാൽ, അവൾ എന്ത് വിചാരിക്കും..? ഞാൻ വീട്ടിലേക്ക് വിളിച്ചാൽ അവൾ വരുമോ..? ഉത്തരം ഇല്ലാത്ത ചില ചോദ്യങ്ങൾ എന്റെ മനസ്സിൽ ഇപ്പോൾ കുടികൊള്ളുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാൻ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നു. അത് ചിലപ്പോൾ പത്മയുടെ കുറവാകാം. എന്നെ അറിയാവുന്നവർ പലരും എന്നോട് അത് പറഞ്ഞു തുടങ്ങി.
"ദാ മോനെ.. ഈ ചായ കുടിക്ക്."
അമ്മായി എനിക്ക് നേരെ ആ ചായ നീട്ടിയതും ഞാൻ ആലോചനകളിൽ നിന്നും യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു. കൈ നീട്ടി അത് വാങ്ങിയ ഉടനെ..
"അവളെ വിളിച്ചോണ്ട് പോകാനാണോ വന്നേ..? അതോ..?"
"മ്മ്.. അതെ.."
എന്റെ മറുപടി കേട്ടതും അമ്മായി വീണ്ടും അകത്തേക്ക് കയറി. ചായയുടെ ചൂട് ആറി വന്നതും.. പത്മ ബാഗുമായി എന്റെ അടുക്കലേക്ക് മനസ്സില്ലാമനസ്സോടെ ഇറങ്ങി വന്നു. അവൾക്ക് പിറകിൽ അമ്മായിയും..
"എടി.. നീ മുന്നോട്ട് നടന്നോ.. രഘു ചായ കുടിച്ചേച്ചും വരും."
ഞാൻ നോക്കി നിൽക്കെ അമ്മായി അവളോട് മുന്നോട്ട് നടക്കാനായി ആവശ്യപ്പെട്ടു. എനിക്ക് മുന്നിൽ എന്താണ് നടക്കുന്നത് എന്നറിയാതെ ഞാൻ നിന്നു. അവൾ പതിയെ നടന്നു നീങ്ങിയതും..
"മോനെ.. അവളൊരു പാവമാ.. നിങ്ങളുടെ കല്യാണം കഴിഞ്ഞു കുറച്ചല്ലേ ആയുള്ളൂ. ഇതൊക്കെ മിക്ക വീടുകളിലും നടക്കും. അതിപ്പോ വലിയ വിഷയം ആക്കേണ്ട കാര്യമില്ലെന്നും അറിയാം. എന്നാലും, അവള് ഞങ്ങളുടെ മോളല്ലേ..? അവൾക്ക് എന്തെങ്കിലും പറയാനോ, കേൾക്കാനോ ഉണ്ടെങ്കിൽ, അത് ഞങ്ങളോടല്ലേ ചെയ്യൂ. അതുകൊണ്ടാ ഈ നിമിഷം വരെ ഞങ്ങള് അവളുടെ കൂടെ നിൽക്കുന്നത്. അതൊക്കെ അറിയണേൽ മോനൊരു അച്ഛനാവണം. എന്നാലേ മനസിലാകൂ. പരസ്പരം പൊരുത്തപ്പെട്ടു പോവാൻ അവളോട് ഞാൻ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. ഇനിയെല്ലാം മോന്റെ കൈയിലാ.. എനിക്കിനി ഒന്നും പറയാനില്ല."
എന്നോട് അത് പറഞ്ഞിട്ട് അമ്മായി അകത്തേക്ക് കയറി പോയി. മറുപടി എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു. വഴിയരികിൽ പത്മ എന്നെ കാത്തുനിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. ഒഴിഞ്ഞ ഗ്ലാസ്സ് തിണ്ണമേൽ വെച്ചിട്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി നടന്നു. എന്റെ പത്മക്ക് ഒപ്പം നടക്കാനായി.