അവൻ അവളെ ഒരു തവണ നോക്കി നന്നായി ഒന്ന് ചിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു...

Valappottukal


രചന: ജിംസി

അലക്കിയിട്ട തുണികൾ അയയിൽ വിരിച്ചിടും നേരമാണ് അമ്മയും അനിയത്തി ഗോപുവും പുറത്തു പോയി അവളുടെ അടുത്തേക്ക് നല്ല പ്രസന്നതയോടെ കൂടി വന്നത്...

" ന്താണ്.. രണ്ടാൾടേം മുഖത്ത് ഒരു ചിരി? "
തുണി കുടഞ്ഞിടുന്നതിന് ഇടയിൽ ഗാഥ ചോദിച്ചു...

" അത് പിന്നെ ചേച്ചി.. മേമ വിളിച്ച് ചേച്ചിക്ക് ഒരു കല്യാണ ആലോചന പറഞ്ഞു... ചെക്കൻ ഗൾഫിലാ... അവിടെ ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആ... പേര് അജിത്ത്... പിന്നെ വീട്ടിൽ അച്ഛനും അമ്മയും ഒരു ചേച്ചിയും... ചേച്ചിയുടെ മാര്യേജ് കഴിഞ്ഞ് അവർ വിദേശത്ത് സെറ്റിൽഡ് ആ .. പിന്നെ ഫോട്ടോ വാട്സാപ്പിൽ അയച്ചു തന്നൂട്ടോ... നല്ല സുന്ദരൻ ചെക്കനാ... ചേച്ചിക്ക് ചേരും... "

"ഒന്ന് നിർത്തിയേടി... എനിക്കൊന്നും വേണ്ട ഇപ്പൊ..."

ഒരുപാട് വാചാലയായി നിന്നിരുന്ന ഗോപുവിന്റെ തലയ്ക്കു ഒരു കിഴുക്കു കൊടുത്തുംകൊണ്ട് ഗാഥ അകത്തേക്ക് കയറി പോയി...

" മോളെ... ഗോപു പറഞ്ഞത് നേരാ.. നല്ല പയ്യനാ... നീ ഒന്ന്  കാണ്... ഞങ്ങൾക്ക് ഇഷ്ടായി.... ഗോപു നിന്റെ ഫോട്ടോ വെറുതെ അയച്ചു കൊടുത്തു. ചെക്കന് നന്നായി ഇഷ്ടപെട്ടു എന്ന് പറഞ്ഞു..."

അമ്മയും കൂടെ അവളുടെ സപ്പോർട്ട് എന്നോണം പറഞ്ഞു.

" എന്റെ അമ്മേ എനിക്ക് ഇപ്പൊ കല്യാണം കഴിക്കാൻ വല്ല്യ പ്രായം ഒന്നും ആയില്ലലോ...എന്റെ പിജി ലാസ്റ്റ് സെമ്മ് എക്സാം വരുവാ.    ന്തിനാ ഇപ്പൊ എന്റെ പിക് അയക്കാൻ പോയെ... വേണ്ടായിരുന്നു.... "

ഗാഥാ അത് പറഞ്ഞ് അകത്തെ സോഫയിൽ ഇരുന്ന് തുറന്നിട്ട ജനലഴിക്കുള്ളിലൂടെ പുറത്തേക്ക് അലക്ഷ്യമായി നോക്കി ഇരുന്നു...

" മോളെ... നിനക്ക് കണ്ടാൽ ഇഷ്ടായാൽ നമുക്ക് ഇത് ഉറപ്പിച്ചിടാം... കല്യാണം സാവകാശം മതി.. പിന്നെ ചെക്കന്റെ വീട്ടുകാർക്ക് പഠിപ്പിക്കാൻ വിടുന്നതിൽ ഭയങ്കര താല്പര്യമാ... മോള് ഫോട്ടോ ഒന്ന് കാണ്... "

അമ്മ ഓരോന്നും പറയുമ്പോഴും അച്ഛൻ മൗനമായി ടിവിയിൽ നോക്കി ഇരിക്കുകയായിരുന്നു...

" അച്ഛാ ഈ അമ്മ പറയണ കേട്ടോ.. എനിക്ക് ഇപ്പൊ കല്ല്യണം ഒന്ന് നോക്കണ്ട എന്ന് പറയ്‌.. "

അത് കേട്ടപ്പോൾ അച്ഛൻ ടിവിയിൽ നിന്നും നോട്ടം പിൻവലിച്ച് അമ്മയുടെ നേർക്കു നോക്കി...
" രാധികേ.. മോള് പറയണ കേട്ടില്ലേ അവൾക്ക് ഇഷ്ടല്ലാച്ചാ ഇപ്പൊ നോക്കണ്ട... " അച്ഛൻ അത് പറഞ്ഞപ്പോ അമ്മയുടേം ഗോപുവിന്റേം മുഖം കടന്നല്ല് കുത്തിയ മാതിരിയായി...

"പ്ലീസ് അച്ഛാ.. ചേട്ടന്റെ ഫോട്ടോ കണ്ടപ്പോ ചേച്ചിക്ക് നന്നായി ചേരും എന്ന് തോന്നി.. ചേച്ചി ഒന്ന് ഫോട്ടോ കണ്ടാൽ ഈ അഭിപ്രായമൊക്കെ അങ്ങ് മാറും.." അവൾ ഫോണിലെ ഫോട്ടോ അവൾക്ക് നേരെ നീട്ടിയപ്പോൾ അവൾ നോക്കാതെ മുഖം തിരിച്ചു.
ഗോപുവിന് ഇത്ര വേഗം തന്നെ ഈ വീട്ടിൽ നിന്നു പറഞ്ഞ് വിടാൻ ധൃതിയായോന്ന് ഗാഥാ ഒരു നിമിഷം ആലോചിച്ചു..

അന്ന് രാത്രി കിടക്കാൻ നേരം ചുമ്മാ ഫോൺ വെറുതെ സ്ക്രോൾ ചെയ്തു കിടക്കായിരുന്നു ഗാഥാ...അപ്പോഴാണ് ഗോപു അടുത്തേക്ക് വന്നത്...

" ചേച്ചി.... ചേച്ചിക്ക് നല്ലത് എന്ന് തോന്നിയ ആളെ മാത്രം അല്ലേ ഞാനും അമ്മയും കണ്ട് പിടിക്കുള്ളു.. ഫോട്ടോ ഒന്ന് കാണുന്നതിൽ തെറ്റില്ലാലോ... " അത് പറഞ്ഞ് അവൾ ഗാഥായുടെ ഫോണിലേക്കു ഫോട്ടോ വാട്സ്ആപ്പ് ചെയ്തു..

ഗാഥാ വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ കണ്ടു എങ്കിലും വീണ്ടും ഫോണിലെ എഫ് ബി ഓപ്പൺ ചെയ്തു സ്ക്രോൾ ആക്കി ഓരോന്നും നോക്കി... പെട്ടെന്ന് ഒരു പോസ്റ്റ്‌ അവളുടെ കണ്ണിൽപ്പെട്ടത് ഓരോ വരിയിലൂടെയും അവളുടെ ദൃഷ്ടി പതിച്ചു...

""മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചൊന്നും ആർക്കും തങ്ങളുടെ സോൾമേറ്റിനെ കണ്ടെത്താൻ കഴിയില്ല....വളരെ നാച്ചുറൽ ആയി നടക്കേണ്ട ഒന്നാണത്...
ഒരാളെ കാണുമ്പോൾ  മനസ്സിലും ശരീരത്തിലും ഇതുവരെ ഇല്ലാത്തൊരു സന്തോഷം, ഉന്മേഷം തോന്നുക....ഇയാൾക്ക് വേണ്ടിയാണ് ഇത്ര കാലം അലഞ്ഞത് എന്ന് തോന്നുക...ഇനി അങ്ങോട്ടുള്ള ജീവിതം ഇയാൾ കൂടെയില്ലെങ്കിൽ അപൂർണമാണെന്ന് തോന്നുക...അങ്ങനെ ഉള്ള ചിന്ത വരുകയാണെങ്കിൽ ഉറപ്പിച്ചോളു ഇതാണ് നിങ്ങളുടെ സോൾമേറ്റ്.....""

ആ വരികൾ വായിച്ച് ഗാഥാ ഫോൺ ഓഫ് ചെയ്തു...  അവളുടെ വിരലുകൾ വാട്സ്ആപ്പിലേക്കു പോയി.

ഇനി ഈ പറയുന്ന സോൾമേറ്റ് ഇതിൽ എങ്ങാനും ഉണ്ടോ എന്ന് ഒന്ന് ചിന്തിച്ച് അവൾ പതിയെ ഗോപു അയച്ച ഫോട്ടോ ഓപ്പൺ ചെയ്തു..
ഫോട്ടോയിൽ ഒരു തവണ നോക്കിയതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...
നിഷ്കളങ്കമായി ചിരിക്കുന്ന ഒരു മുഖം.ചെറിയ കണ്ണുകൾ, കട്ടിയുള്ള പുരികം.. തിങ്ങിയ മുടികളിൽ കുറച്ചു നെറ്റിത്തടത്തിൽ വീണു കിടപ്പുണ്ട്... ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ ഉള്ളിൽ അവൻ കയറിപെറ്റിയിരുന്നു....

പെട്ടെന്ന് അവളുടെ ആത്മാവിൽ നിന്ന് ഒരു സ്വരം പുറത്തേക്കു വന്നതായി തോന്നി..
"" യെസ്.. യു ഫൈൻഡ് യുവർ സോൾമേറ്റ്.... ""
 അവൾ ഫോട്ടോ വീണ്ടും നോക്കി എഫ്ബിയിലെ ബാക്കി വരികളിലേക്ക് കണ്ണു പായിച്ചു...
""" കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നാൽ കാലങ്ങൾ പോകുന്നത് അറിയുമോ എന്ന കവിഭാവനയുടെ അത്രയും വരില്ലെങ്കിലും കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും..അത് നമ്മുടെ സോൾമേറ്റിന്റെ കണ്ണിലേക്ക് ആവുമ്പോൾ ചിലപ്പോൾ കാലങ്ങൾ കടന്നു പോകുന്നത് തന്നെ നമ്മൾ അറിയില്ല...!!

 കണ്ണുകൾ കൊണ്ട് കഥ പറയാനും കണ്ണിൽ കണ്ണിൽ നോക്കിയിരുന്ന് കാലങ്ങൾ കഴിച്ചുകൂട്ടാനും ഒരാളെ കിട്ടുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.. അത്തരം ഭാഗ്യ ജോഡികളെയാണ് സോൾമേറ്റ് എന്ന് വിളിക്കുന്നതും.... ""

 ഫോൺ ഒരു നിമിഷം ഓഫ് ചെയ്ത് അവൾ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നു.. കല്യാണമേ വേണ്ട എന്ന് ഉറച്ച മനസ്സോടെ ഇരുന്ന തനിക്ക് എന്താ പറ്റിയത്...

 വീണ്ടും വീണ്ടും ആ ഫോട്ടോയിലേക്ക് കണ്ണു പായിക്കാൻ അവൾക്ക് തോന്നിക്കൊണ്ടിരുന്നു..  കുറച്ചുനിമിഷങ്ങൾ കടന്നുപോയതോടെ അവൾ എങ്ങനെയും ഉറങ്ങാൻ നോക്കാം എന്ന് ചിന്തിച്ച് കിടന്നു...

 തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എങ്ങനെ നോക്കിയിട്ടും ഉറങ്ങാൻ സാധിക്കാതെ അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു..
ഒരു ഫോട്ടോ തന്റെ ഉറക്കം ഒക്കെ കെടുത്തിയോ? ആലോചിച്ചിട്ട് ഒന്നും മനസ്സിലാവണില്ലല്ലോ...അവൾ പെട്ടെന്ന് എന്തോ ഓർത്തിട്ട്  തന്റെ ബെസ്റ്റ് ഫ്രണ്ട് ആയ നിതിനെ കോൾ ചെയ്തു... സമയം ഏകദേശം പതിനൊന്ന് മണിയോടെ അടുത്തിരുന്നു....

കുട്ടിക്കാലം മുതലേ ഉള്ള കൂട്ടാണ് നിതിൻ.. അവളുടെ അച്ഛനും അവന്റെ അച്ഛനും ബിസിനസ് പാർട്ണർസ് ആണ്.. എന്തു സന്തോഷം വന്നാലും സങ്കടം വന്നാലും ഇരുവരും ഷെയർ ചെയ്യും.. എടാ പോടാ ബന്ധം എന്ന് ഒക്കെ പറയും പോലെ ഒരു ഫ്രണ്ട്ഷിപ്പ്...അവൻ സിനിമയിൽ ഒക്കെ വീഡിയോ എഡിറ്റിംഗ് വർക്ക്‌ ആണ് ചെയുന്നത്...
രണ്ട് തവണ റിംഗ് ചെയ്തതിനുശേഷം അവൻ ഫോണെടുത്ത് ഹലോ പറഞ്ഞു..

" ഹലോ..എടാ.. നീ ഉറങ്ങിയായിരുന്നോ? "

" ഇല്ല.. ഈ നട്ടപ്പാതിരയ്ക്ക് ഞാൻ ഉറങ്ങാതെ പിന്നെ... "
അവൻ ഉറക്കച്ചടവോട് കൂടി ചോദിച്ചു.

" എടാ.. ഞാൻ വിളിച്ചത് എന്റെ മേമ ഒരു കല്യാണാലോചന കൊണ്ട് വന്നിട്ടുണ്ട്...ചെക്കന് ഗൾഫിലാ വർക്ക്. ഫാമിലി ഒന്നും കുഴപ്പമില്ല എനിക്ക് ചേരും എന്നൊക്കെ ഗോപു പറഞ്ഞു..അമ്മയും അവളും ഇപ്പൊ വന്ന ഈ ബന്ധം നല്ലതാണെന്നു പറയുന്നേ... അവർ പെണ്ണുകാണലിനു വരട്ടെ എന്നൊക്കെ പറയുന്നുണ്ട്..."

" ഹ ഹ ഹ..നിനക്ക് അതിനു കെട്ടാൻ പ്രായം ആയാ...നിന്റെ ഗോപുവിന് ന്താ വട്ടാ.. ഒരു കുട്ടിക്കളിയും മാറാത്ത ഒരു പൊട്ടിപെണ്ണിനെ കെട്ടുന്നവന്റെ അവസ്ഥ ഹമ്മോ ആലോചിക്കാൻ വയ്യായെ... "
മറുതലക്കൽ നിന്നുള്ള അവന്റെ ചിരി അവളെ ചൊടിപ്പിച്ചു...
" എടാ നിതിനെ... ഞാൻ പറയുന്നത് മുഴുവൻ കേൾക്ക്... നീ എന്നെ കളിയാക്കാതെ... "

" ഓക്കേ മേഡം... എന്നിട്ട് ഇപ്പൊ നീ എന്ത് ഡിസിഷൻ എടുത്തു ഗാഥാ.. അത് പറ... "

" എടാ ഞാൻ അപ്പൊ തന്നെ വേണ്ടെന്നു പറഞ്ഞു... അച്ഛനും എനിക്ക് സപ്പോർട്ട് ആണ്.. ബട്ട്‌ അതല്ലടാ പ്രോബ്ലം... അവൾ എനിക്ക് ചെക്കന്റെ ഫോട്ടോ വാട്സ്ആപ്പ് ചെയ്തു... ഞാൻ അത് ജസ്റ്റ്‌ നോക്കി... അപ്പൊ ഈ സിനിമയിൽ ഒക്കെ പറയണ പോലെ കണ്ടപ്പോ തന്നെ അടിവയറ്റിൽ ഒരു മഞ്ഞു വീണ അനുഭൂതി വന്നു... ന്ത്‌ ചെയുമെടാ ഇനി... " അവൾ അത് പറഞ്ഞ് മടിയിലേക്ക് ഒരു തലയിണ വെച്ച് വിരലുകൾ കൊണ്ട് ഞെരിച്ചു കൊണ്ടിരുന്നു...

" ആഹാ.. ബെസ്റ്റ്... അപ്പൊ നിനക്ക് ഫസ്റ്റ് വ്യൂ തന്നെ ക്രഷ് അടിച്ചല്ലേ... ഹ ഹ ഹ കൊള്ളാം... അപ്പൊ നീ ഒരു കാര്യം ചെയ്.. ഒന്നും നോക്കണ്ട പെണ്ണുകാണലിനു ഒന്ന്  നിന്ന് കൊടുക്ക്... നേരിട്ട് കാണുമ്പോഴും അങ്ങനെ ഒരു ഫീൽ നന്നായി നിനക്ക് തോന്നുവാണേൽ ഉറപ്പിച്ചോ നീ നിന്റെ പാർട്ണർനെ ഫൈൻഡ് ചെയ്തിരിക്കുന്നു... അത് പോട്ടെ ആ ഫോട്ടോ എനിക്ക് ഒന്ന് സെൻറ് ചെയ്.. നോക്കട്ടെ നിന്നെ ഒറ്റ നോട്ടത്തിൽ വീഴ്ത്തിയവനെ... "

" ഓക്കേ ടാ.. ഇപ്പൊ അയക്കാം... നീ കോൾ കട്ട്‌ ആക്കണ്ട... "
 അവൾ അതു പറഞ്ഞ് വാട്സാപ്പിൽ നിന്ന് ഫോട്ടോ അവന് ഫോർവേഡ് ചെയ്തു..
അവൻ അവൾ അയച്ച ഫോട്ടോ നോക്കി...
" മ്മ്... നിന്നെ തെറ്റ് പറയാൻ പെറ്റില്ല ആള് അടിപൊളിയാ... പിന്നെ ഈ കാഴ്ച്ചയിൽ മാത്രം വിശ്വസിക്കേണ്ട... ആളെ അടുത്തറിയുമ്പോ അറിയാം.. കേട്ടിട്ടില്ലേ മിന്നുന്നതെല്ലാം പൊന്നല്ല എന്നൊക്കെ "

" ഹോ.. മതിയെടാ... എനിക്കും അത് അറിയാം... ഇപ്പോ എന്തായാലും ആളുടെ കേരക്ടർ എനിക്ക് അറിയില്ലലോ... നോക്കട്ടെ..ആള് എങ്ങനെ ഉണ്ടെന്ന്... എന്നാൽ നീ ഉറങ്ങിക്കോടാ...ഗുഡ്‌നൈറ്റ്..... "

" നിന്റെ ഒരു ഗുഡ് നൈറ്റ്... എന്റെ ഉറക്കം കളഞ്ഞിട്ട്... ഇനി വിളിക്കാൻ തോന്നിയാൽ നൈറ്റ് വിളിച്ചേക്കല്ലേ ഞാൻ നേരത്തെ കിടക്കണതാ... എനിക്ക് മോർണിംഗ് നേരത്തെ തന്നെ പോണം... അപ്പോ ഓക്കേ ചെല്ലം... പോയി നിന്റെ ചെക്കനെ കനവ് കണ്ട് ചാച്ചോട്ടാ.... " 
അത് പറഞ്ഞ് അവൻ ഫോൺ ഓഫ് ആക്കി ഉറക്കത്തിലേക്ക് വീണിരുന്നു...
പിറ്റേന്ന് ഒരു ഞായറാഴ്ച ദിവസമായതിനാൽ അവൾ അലാറം വയ്ക്കാതെയാണ് കിടന്നുറങ്ങിയത്... സൂര്യരശ്മികളുടെ വെളിച്ചം അവളുടെ മുറിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.

 മുറിയിലെ ജനലിലെ ഗ്ലാസിലൂടെ കടന്നുവന്ന വെളിച്ചം അവളുടെ മുഖം ഒന്നാകെ ശോഭിപ്പിച്ചു.. വെളിച്ചം കണ്ണിലേക്ക് തട്ടിയതും അവൾ ചെറുതായി ഒന്ന് കണ്ണു തിരുമ്മി  കിടക്കയിൽ എഴുന്നേറ്റിരുന്നു...

 രണ്ടു കൈകളും മേൽപ്പോട്ട് ഉയർത്തി ഒന്ന് സ്വയം ഉഷാറാവൻ നോക്കി... കിടക്കയിൽ നിന്നും എണീറ്റ് അവൾ ജനലിന് അടുത്തേക്ക് നടന്നു.. രണ്ടു ജനൽ കുറ്റികളും വിടുവിച്ച ശേഷം കതകുകൾ രണ്ടും പുറത്തേക്ക് തള്ളി..
 പുറത്തെ വെളിച്ചം മുഴുവനായും അകത്തേക്ക് വലിച്ചെടുക്കാൻ ഒരവസരം കൊടുത്തു.. വീടിന് മറുവശത്തു വലിയൊരു പറമ്പാണ്... പറമ്പിൽ നിറയെ ചീരയും പയറും കുറച്ച് വാഴയും കൃഷിയുണ്ട്...അമ്മ ഒഴിവു അവസരങ്ങളിൽ ചെയ്യുന്നതാണ്...
പറമ്പിലോട്ട് വെറുതെ ഒന്ന് കണ്ണോടിച്ചു. അടുത്ത് കിടക്കുന്ന ടേബിളിൽ വെച്ച ജെഗിൽ നിന്ന് കുറച്ചു വെള്ളം എടുത്ത് കുടിച്ചു... ചൂട് അസഹനീയം ആയതു കൊണ്ട് തന്നെ വെള്ളം എത്ര കുടിച്ചാലും മതിയാവതോണ്ട് കുപ്പിയിൽ നിന്നും വലിയ ജെഗിലേക്ക് ഒരു മാറ്റം വന്നതാണ്....

ഒഴിഞ്ഞ ജെഗ് എടുത്തു കൊണ്ട് അവൾ നേരെ അടുക്കളയിലേക്ക് നടന്നു..

" മ്മ്... നല്ല മണം വരുന്നുണ്ടല്ലോ... ഇന്ന് എന്താ സ്പെഷ്യൽ "
അവൾ അത് ചോദിച്ചെങ്കിലും രാധിക മുഖം വീർപ്പിച്ചു നിന്നു...
" ന്താ അമ്മ... കേൾക്കാൻ ഇല്ലേ... ന്താ സ്പെഷ്യൽ എന്ന് പറയന്ന്... "
വീണ്ടും മുഖം വീർപ്പിച്ചു മൗനം....
കൈയിലെ ജെഗ് അവൾ അടുക്കള തിണ്ണയിൽ ഒരു മൂലയ്ക്ക് വെച്ചു ബാത്‌റൂമിൽ പോയി ഫ്രഷ് ആയിട്ട് തിരികെ വന്നു... 

ഫ്ലാസ്ക്കിൽ നിന്നും ചൂട് ചായ കപ്പിലേക്ക് പകർത്തി അവൾ ഒരു കവിൾ നിന്നു കൊണ്ട് കുടിച്ച് ഇടക്കൊന്നു അമ്മയെ പാളി നോക്കി...

അമ്മ പൂരിയും കിഴങ്ങു കറിയുടെ പണിയിലാണെന്നു അവൾ ഊഹിച്ചു.. അപ്പോഴേക്കും ഗോപു ഉറക്കം കഴിഞ്ഞ് എണിറ്റു വന്നിരുന്നു...

" ആ.. നീ എണീറ്റോ... പോയി പല്ലേച്ചും വാ ഞാൻ ചായ പകർത്തി വെക്കാം.... " രാധിക അവളോട് പറഞ്ഞ് ചെയ്ത പണി തുടർന്നു.. ഗോപു ഓക്കേ എന്ന് പറഞ്ഞ് ബാത്‌റൂമിലേക്ക് പോയി...

" ഓഹോ അപ്പൊ ഞാൻ ന്താ രണ്ടാം കുടിയിൽ ഉള്ളതാണോ? അവൾക്ക് മാത്രം ചായ പകർത്തി കൊടുക്കുന്നു... നമ്മൾ വിളിച്ചാൽ കൂടി മൈൻഡ് വെക്കണില്ല... കാര്യം ന്താന്ന് ഒക്കെ എനിക്ക് തിരിയുന്നുണ്ട്.... "
ഗാഥാ പരിഭവം പറഞ്ഞ് കയ്യിലെ കപ്പ് തിണ്ണയിലോട്ട് വെച്ച് ചുണ്ട് കോട്ടി ഗോഷ്ടി കാണിച്ചു...

"കാര്യം മനസ്സിലായല്ലോ... എന്നാൽ പോയി കുളിക്കാൻ നോക്ക്...."

" മ്മ്... ഇന്നലെ പറഞ്ഞ കാര്യം അല്ലേ അത്.... എനിക്ക്.. ഓക്കേ.. "
അവൾ ഒരു കുസൃതി ചിരിയോടെ പറഞ്ഞതും രാധിക വിശ്വസിക്കാതെ അവളുടെ മുഖത്തേക്ക് നോക്കി...

പതിവില്ലാത്ത കുറച്ച് ഭാവങ്ങൾ അവളുടെ മുഖത്തു മിന്നി മാഞ്ഞു പോയി...
" അപ്പൊ അവരോട് പെണ്ണ് കാണാൻ വരാൻ പറയട്ടെ... "

" മ്മ്... പറഞ്ഞോ... ബട്ട്‌ ഒരു കണ്ടിഷൻ... നേരിട്ട് കണ്ടിട്ട് എനിക്ക് ഇഷ്ടല്ലാച്ചാൽ പിന്നെ ആരും നിർബന്ധിക്കരുത്.... "

" അത് പിന്നെ ഞങ്ങൾ നിർബന്ധം പിടിക്കോ? കണ്ടിട്ട് നമുക്ക് ബാക്കി നോക്കാം... " രാധിക അത് പറഞ്ഞ് ഒന്ന് ചിരിച്ചു...അപ്പോഴേക്കും ഗോപു വന്ന് അമ്മയോട് ചേച്ചി എന്താ പറഞ്ഞെ എന്നൊക്കെ ചോയ്ക്കുന്നത് ഗാഥാ അകത്തേക്ക് പോകുമ്പോൾ കേട്ടു....

അച്ഛൻ ഉമ്മറത്തെ കസേരയിൽ ഇരുന്നു പത്രത്തിൽ കണ്ണോടിക്കുന്നുണ്ട്....
" ഗുഡ് മോർണിംഗ് അച്ഛാ... " ഗാഥാ അച്ഛന് തൊട്ട് അടുത്ത കസേരയിലേക്ക് ഇരുന്നു..

" ഗുഡ് മോർണിംഗ് മോളെ... "

" ആ ചരമ കോളം ഇങ്ങു തന്നേ... ഇന്ന് ആരാ ഫസ്റ്റ് സ്കോർ അടിച്ചെന്ന് നോക്കട്ടെ "

" നിനക്ക് മെയിൻ ന്യൂസ്‌ ഹെഡിങ് എങ്കിലും വായിച്ചൂടെ ഗാഥാ... എന്നും നീ പത്രം കണ്ടാൽ ഏറ്റവും പ്രായം കൂടിയ ആള് ഏതാണ് എന്ന് കണ്ട് പിടിക്കൽ തന്നേ ഉള്ളുലോ... "
" ന്റെ അച്ഛാ... ബാക്കി ന്യൂസ്‌ ഒക്കെ ഫോണിൽ ഞാൻ കണ്ടോളാം..ഇപ്പൊ അതിങ്ങു തന്നേ... "
അവൾ പത്രം എടുത്തു മറിച്ചു നോക്കി...

" ഹ്മ്..... വായനാശീലം ഇല്ലാതെ ആയി വരുന്നുണ്ട് നിനക്ക്... ഇടക്ക് ഒക്കെ വായിക്കുന്നത് നല്ലതാ....കേട്ടിട്ടില്ലേ വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന്... "
ഇനി നിന്നാൽ അച്ഛൻ വായനയെപെറ്റിയുള്ള ക്ലാസ്സ്‌ മുഴുവൻ വായിക്കും എന്നുള്ളൊണ്ട് ഗാഥ അവിടെ നിന്ന് എസ്‌കേപ്പ് ആയി.
അമ്മ മേമയെ വിളിച്ച് ചെക്കൻ വീട്ടുകാരോട് വരാൻ സമ്മതം അറിയിച്ചു..വരുന്ന ഞായർ മോർണിംഗ് പത്തു മണിക്ക് അവർ എത്തും...

ദിവസം ഒന്നൊന്നായി കൊഴിഞ്ഞു വീണു.. ഇന്നാണ് ഗാഥയുടെ പെണ്ണുകാണൽ...
തറവാട്ടു വീട്ടിലെ ആദ്യത്തെ കുട്ടിയുടെ പെണ്ണുകാണൽ ചടങ്ങ് ആയോണ്ട് ബന്ധുക്കൾ എല്ലാം കുറച്ച് പേര് വന്നിട്ടുണ്ട്...

മേമയുടെ മോൾ പവിത്ര അവളെ ഒരുക്കാൻ വന്നിട്ടുണ്ട്... 
പവിത്രയും ഗാഥയും കാഴ്ച്ചയിൽ ഒരേ വണ്ണവും ഉയരവും ഒക്കെയാണ്... അവൾ ബ്യൂട്ടീഷൻ കോഴ്സ് ചെയുന്നുണ്ട്... കൈയിൽ കിട്ടുന്നവരെ ഒക്കെ പരീക്ഷണ വസ്തു ആക്കും അല്ലോ ഇവള് എന്നോർത്ത് അൽപ്പം പേടിയോടെ തന്നേ ഗാഥാ അവൾക്കൊപ്പം ഒരുങ്ങാൻ മുറിയിലേക്ക് പോയി...

" നീ... ഏതു ഡ്രസ്സാ ഇടാൻ പോണേ "

" പവി... ഞാൻ എന്റേല് ഉള്ള ബ്ലൂ കളർ ചുരിദാർ ഇട്ടോളാം... നീ ഇവിടെ ഒരിടത്തു മിണ്ടാതെ ഇരുന്നാൽ മതി കേട്ടോ... "
അവളിൽ നിന്ന് രക്ഷപെടാൻ പറഞ്ഞതാണ്... സമ്മതിക്കത്തില്ല എന്ന് അറിയാമെങ്കിൽ കൂടി... മേമയാണ് തന്നെ നന്നായി ഒരുക്കി ഇറക്കണം എന്ന് അവളോട് നിർദേശിച്ചിരിക്കുന്നത്... മേമ കൊണ്ട് വന്ന ബന്ധം ആണല്ലോ.... അവൾ ഓർത്തു...

" അയ്യടാ... അങ്ങനെ ഒരിടത്തു ഇരിക്കാൻ അല്ല ഞാൻ നിന്റെ ഒപ്പം വന്നത്.... ഞാൻ ഒരു സാരി കൊണ്ട് വന്നിട്ടുണ്ട് മോളെ.... ഇന്ന് നീ അത് ഉടുത്തു നിന്നെ ഞാൻ നന്നായി ഒരുക്കും.... "

അവൾ അത് പറഞ്ഞ് ബാഗിൽ നിന്നും ഒരു മെറൂൺ സാരി പുറത്ത് എടുത്തു.. അധികം ഒന്നും വർക്ക്‌ ഇല്ലാത്ത എന്നാൽ നല്ല ഭംഗിയും തോന്നിക്കും വിധത്തിൽ ഉള്ള കുറച്ചു വീതിയിൽ മാത്രം ഗോൾഡൻ കസവുള്ള ഒരു സാരി...

" സാരിയോ എനിക്കൊന്നും വേണ്ട... കാണാൻ ഒക്കെ ഭംഗിയുണ്ട്... പക്ഷേ ഇത് ഒക്കെ ഉടുത്തു എല്ലാരുടേം മുമ്പിൽ പോയി നിക്കാൻ എനിക്ക് ന്തോ ചമ്മൽ പോലെ.... ഞാൻ വേറെ ചുരിദാർ ഇട്ടോളാം... "
ഗാഥാ എന്തൊക്ക പറഞ്ഞെങ്കിലും പവിത്ര കൂട്ടാക്കിയില്ല....

അവളെ വൃത്തിയായി ആ സാരി ഉടുപ്പിച്ചു.... അത്യാവശ്യം ചുരുണ്ട അവളുടെ കട്ടിയുള്ള മുടി അരക്കൊപ്പം ഉണ്ടായിരുന്നു... വീതിയുള്ള ചീർപ്പ് എടുത്തു മെല്ലെ മുടി കെട്ട് തീർത്ത് ചെറിയൊരു കുളിപ്പിന്നൽ ഇട്ട് മുടി അഴിച്ചിട്ടു...

മുഖത്തു നേരിയ തോതിൽ മെയ്ക്കപ് ഒക്കെ ചെയ്തു..പവി തന്നെ ഏതു കോലത്തിലാക്കും എന്ന ചിന്തയോടെ ഗാഥാ വിഷമിച്ചു നിന്നു...

" ഇനി മോള് കണ്ണാടിയിൽ ഒന്ന് നോക്കിയേ... "
പവി അവളെ കണ്ണാടിയിലേക്ക് മുഖം തിരിച്ചു നിർത്തി...
അവൾ മടിച്ചു മടിച്ചു നോക്കി...
"മ്മ്.. കൊള്ളാലോ... അപ്പൊ നിനക്ക് കുറച്ചൊക്കെ ഈ പണി അറിയാലേ?"
ഗാഥാ ഒരു കുസൃതിയോടെ ചോദിച്ചു....

" പിന്നെ അല്ലാതെ.. ചെയ്ത് ചെയ്തു പഠിച്ചു ഞാൻ.... " 
ദേ.... അവർ വന്നൂട്ടോ.. മേമ വാതിൽ കൊട്ടി പറഞ്ഞു...

" എന്നാൽ നിന്നെ വിളിക്കുമ്പോൾ വന്നാൽ മതി... ഞാൻ പോണു... ഇവിടെ മിണ്ടാതെ ഇരിക്ക്... " അത് പറഞ്ഞ് വാതിൽ ചാരിയിട്ട് അവൾ ഒറ്റ പോക്കായിരുന്നു...
ആ സമയം നെഞ്ചിൽ ശക്തിയായി ഇടിക്കാൻ തുടങ്ങിയത് അവൾ അറിഞ്ഞിരുന്നു... അകത്തും നിന്ന് കുറേ ശബ്ദം ഒക്കെ കേൾക്കുന്നുണ്ട്....
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരാൾ വാതിലിൽ വന്ന് തട്ടി...
"" മോളെ ഗാഥാ...അകത്തേക്ക് വരുട്ടോ.... "
അമ്മായി വാതിൽ മെല്ലെ തുറന്നിട്ട്‌ വിളിച്ചു...
അവൾ പതിയെ ഒറ്റയടി വെച്ച് അകത്തേക്ക് ചെന്നു....ചുമരിൽ ചാരി നിന്നു.

" മോള് ഇങ്ങോട്ട് കുറച്ച് നീങ്ങി നില്ക്കു.... "
അമ്മാവന്റെ ആ പറച്ചില് കേട്ട് അവൾ ഒരു ചമ്മലോടെ കുറച്ചു മാറി നിന്നു....

" ദേ.... ഇതാണ് പയ്യൻ...കുട്ടി നോക്കിയേ.... "
മേമ പറഞ്ഞത് കേട്ട് അവൾ നോക്കി... 
നിരത്തിയിട്ട സോഫയിൽ ഒരു അറ്റത്തായി ഫുൾ ക്ലോസപ്പ് ചിരി ചിരിച്ചു ഇരിക്കുന്നു....

ബ്ലാക്ക് ടീഷർട് ജീൻസും വേഷം... ഒരു കയ്യിൽ ബ്ലാക്ക് മെറ്റൽ വാച്ച്... മറ്റേ കൈയിൽ കനം കുറഞ്ഞ ഒരു സിൽവർ ബ്രയ്സ്ലെറ്റ്‌.... ഫോട്ടോയിൽ കണ്ടതിനേക്കാൾ കൂടുതൽ ഭംഗി ആ മുഖത്തിന് തോന്നിപ്പിച്ചു...

അവൻ അവളെ ഒരു തവണ നോക്കി നന്നായി ഒന്ന് ചിരിച്ചു പുറത്തേക്ക് നോക്കി ഇരുന്നു...
പെണ്ണുകാണാലിനു കൂടെ ഒരു അഞ്ചാറു പേര് കൂടി വന്നിട്ടുണ്ട്.... എല്ലാവരും പേര് പറഞ്ഞു പരിചയപ്പെടുത്തി...അവൾ എല്ലാവർക്കും ചിരിച്ചു കൊടുത്തു... ആൾക്കാർ കൂടുതൽ ഉള്ളോണ്ട് ചായയും പലഹാരവും ടേബിളിൽ അമ്മയും മേമയും ചേർന്ന് നിരത്തി....

" നമുക്കു ചായ കുടിക്കാൻ ഇങ്ങോട്ട് ഇരിക്കെട്ടോ"
അച്ഛൻ അവരെ മേശക്കരികിലേക്കു വിളിച്ചു ഒരുത്തി... ഗാഥാ ഒരൽപ്പം മാറി നിന്നു... അവർ ചായ കുടിച്ച് സംസാരിച്ചു കൊണ്ടിരുന്നു... ചെക്കന്റെ ചേച്ചിയും അളിയനും ലീവിന് നാട്ടിൽ വന്നൊണ്ട് പെണ്ണുകാണാലിനു ഒപ്പം ഉണ്ട്... ചെക്കന്റെ കാതിൽ അളിയൻ എന്തൊക്കെയോ പറഞ്ഞു രണ്ടാളും ചിരിക്കുണ്ട്...
" എടാ അജു... കുട്ടിയോട് പേര് ചോയ്ക്കടാ... "
അളിയൻ ചെക്കനെ തോണ്ടി ചിരിച്ചോണ്ട് പറഞ്ഞു..
ചെക്കൻ അപ്പോഴും ചിരിച്ച് പ്ലേറ്റിൽ നിന്ന്  കായ വറുത്തത് കടിച്ച് ഇരുന്നു..
ശെടാ ഇതിപ്പോ തന്നെക്കാൾ നാണം ചെക്കനാണല്ലോ? ചിരി അൽപ്പം കൂടുതലാണോ? ഓരോന്നും ചിന്തിച്ച് അവൾ അവനെ നോക്കി...
" മോള് ചോയ്ച്ചേ.. അവന്റെ പേര്... ചോദിക്കുന്നെ.. "
അടുത്ത് നിന്ന് മേമ അവളുടെ കൈയിൽ തോണ്ടി ചോദിച്ചു...
എനിക്ക് പേര് അറിയുന്നതാണല്ലോ... ഹാ ചോദിച്ചേക്കാം.... അവൾ ഓർത്തിട്ട് ചോദിച്ചു 

"" എന്താ പേര്? ""

പെട്ടെന്ന് പുറത്തു വന്ന ശബ്ദത്തിനു ഗാഭീര്യം കുറച്ചു കൂടി പോയി... കേട്ട് നിന്നവർ കുറച്ച് ഉറക്കെ ചിരിച്ചു....
" പേര് പറയെടാ.... "
അടുത്ത് ഇരുന്ന ചെക്കന്റെ ചേച്ചി അവനെ തോണ്ടി.....

" അജു... അജിത്ത്..... "
പേര് പറഞ്ഞിട്ട് അവൻ അവളെ നോക്കി വീണ്ടും നിഷ്കളങ്കമായ ചിരി ചിരിച്ചു...

ഹ്മ് ഒരു ചിരി കുടുക്ക ആണെന്ന് തോന്നുന്നു... അവൾ വെറുതെ പിറുപിറുത്തു....

"രണ്ടാളും അപ്പുറത്ത് പോയി സംസാരിച്ചിട്ട് വാ.."
ചായ കുടിച്ച് കഴിഞ്ഞപ്പോ അമ്മാവൻ,  ചെക്കനെ നോക്കി പറഞ്ഞു..
ചെക്കൻ അൽപ്പം മടിച്ചു മടിച്ചു ഉമ്മറത്തേക്ക് ചെന്നു.. പിന്നാലെ അവളും..
കുറച്ച് നേരം മൗനത്തിനു സ്റ്റോപ്പിട്ട് അവൾ ആദ്യം സംസാരിക്കാൻ തുടങ്ങി..

" എന്തേലും പറയ്‌ടോ ..."

"ന്താ.. ഇപ്പൊ പറയാ.... ഹാ..എന്റെ ഇത് നാലാമത്തെ പെണ്ണുകാണൽ ആണുട്ടോ  " അത് പറഞ്ഞ് വീണ്ടും അവന്റെ ഒരു ചിരി..
നിർത്താതെ ഉള്ള ആ ചിരി കണ്ടിട്ട് അവൾ മനസ്സിൽ അവന് നെഗറ്റീവ് മാർക്ക്‌ ഇട്ടിരുന്നു...

... നാലാമത്തെ ആയിട്ടും ഇങ്ങേർക്ക് ഒട്ടും ധൈര്യം ഇല്ലാലോ പെണ്ണുങ്ങളോട് ഒന്ന് മിണ്ടാൻ... എപ്പോഴും ചിരിച്ചോണ്ട് നിന്നോളും...

" പിന്നെ തന്നെ എനിക്ക് ബോധിച്ചുട്ടോ.... തനിക്ക് എങ്ങനെയാ? " മുഖത്തു വല്ലാതെ നാണം വരുത്തി അവൻ വീണ്ടും ചോദിച്ചു...

ഉള്ളിൽ എന്തോ ഒരു അസ്വസ്ഥത... തുറന്ന് ഒന്ന് സംസാരിക്കാൻ ധൈര്യം ഇല്ലാതെ... ഇങ്ങനെ ഇടക്കിട്ട് ചിരിച്ചോണ്ട് ഇരിക്കുന്ന... എവിടെയൊക്കെയോ ഇത് വേണോ എന്ന ചിന്തയിൽ അവളുടെ മനസ്സ് ഉഴറികൊണ്ടിരുന്നു...

പക്ഷേ എന്താണ് തനിക്ക് ഉള്ളിൽ ഇങ്ങേരെ കണ്ടപ്പോ ഒരു ഫീൽ തോന്നിയത്... സോൾമേറ്റ്..... ഒരു കുന്തവുമില്ല.... വെറും തോന്നൽ ആയിരുന്നോ? അവൾ ഓരോന്ന് ആലോചിച്ചു നിന്നപ്പോ അവൻ അവളുടെ മുഖത്തിന്‌ മേലെ കൈ വീശി കാണിച്ചു... 

" ഹലോ... എടോ ഞാൻ ചോയ്ച്ചത് കേട്ടില്ലേ?"

" നോ... എനിക്ക് താല്പര്യം ആയില്ലാട്ടോ... സോറി. "

 അവൾ ഒരു തീരുമാനം എടുത്തിട്ടു പറഞ്ഞു... അവന്റെ പെരുമാറ്റത്തിലെ ചിലതൊന്നും അവൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല...
ലൈഫിൽ ആലോചിച്ച് ഒരു ഡിസിഷൻ എടുത്തില്ലെങ്കിൽ അത് തനിക്കു പിന്നീട് ദോഷം മാത്രം ചെയ്യും... നിതിൻ പറഞ്ഞത് കറക്റ്റ് ആ.. മിന്നുന്നത് എല്ലാം പൊന്നല്ല..

കാണാൻ ഗ്ലാമർ ഉണ്ടായിട്ട് ന്താ കാര്യം... വകതിരിവ് വട്ട പൂജ്യം ആണ്... അവൾ ഓരോന്ന് ഓർത്തിട്ട് നിൽക്കുമ്പോൾ അവൻ മുന്നിൽ നിന്ന് വീണ്ടും ചിരിക്കുക തന്നെ തുടർന്നു...
ന്താടോ ഇത്ര ചിരിക്കാൻ... വന്നപ്പോൾ തൊട്ട് ഇയാൾ ഒരു വളിഞ്ഞ ചിരിയാണല്ലോ... അത് ചോദിക്കാൻ വന്നെങ്കിലും തല്ക്കാലം അവൾ മനസ്സിൽ പറഞ്ഞതേയുള്ളു...

" ഓക്കേ.. ഗാഥാ.. തനിക്ക് താല്പര്യം ആയില്ലേൽ വേണ്ട... നോ പ്രോബ്ലം... " 
അവൻ അത് പറഞ്ഞ് തിരിച്ചു നടന്നു... ശേഷം പെട്ടന്ന്  അവിടെ നിന്ന് അവളെ തിരിഞ്ഞു നോക്കി...
ഒരു കണ്ണിറുക്കി കാണിച്ചു ചിരിച്ചിട്ട്  ഗാഥാ.. താങ്ക്സ് ഫോർ സേവിങ്ങ് മൈ ലൈഫ്...എന്ന് പതുക്കെ പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു...

അവൾ ചൂണ്ടു വിരലിലെ നഖം കടിച്ച് അവിടെ തന്നെ നിന്നു... എന്താകും അങ്ങനെയൊരു മറുപടി അയാൾ പറഞ്ഞത് എന്ന് ആലോചിച്ചു അവളുടെ തല പുകഞ്ഞു..

പെണ്ണുകാണൽ കഴിഞ്ഞ് എല്ലാവരും പോയപ്പോൾ അമ്മക്കും ഗോപുവിനും ആകാംഷ ഏറെയായിരുന്നു... അവളുടെ അഭിപ്രായം അറിയാനായി അവർ തിടുക്കം കൂട്ടി...
" അമ്മേ.. എനിക്ക് ഇഷ്ടായില്ല... എന്റെ അത്ര ധൈര്യം പോലും ആ ചെക്കന് ഇല്യ... ഫുൾ ക്ലോസപ്പ് ചിരി.. നിങ്ങൾ ശ്രദ്ധിചില്ലേ?  ഫുൾ മെന്റൽ ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം... "
ഗാഥാ അത് പറഞ്ഞപ്പോൾ അവരുടെ എല്ലാം മുഖം വാടിപോയിരുന്നു...

" അത് പിന്നെ ആ മോന് ചമ്മൽ കൊണ്ടാകും അങ്ങനെ ചിരിച്ചതൊക്കെ... നീ അതൊന്നും കാര്യം ആക്കണ്ട... "

" ഹാ അമ്മക്ക് അങ്ങനെ പറയാം. കണ്ടാൽ ഒറ്റ നോട്ടത്തിൽ എല്ലാരേം വീഴ്ത്തും അവൻ... പക്ഷേ അടുത്ത് അറിയുമ്പോൾ അറിയാം... .ബാക്കി ഞാൻ പറയുന്നില്ല.... "
ഗാഥയുടെ ഉള്ളിൽ പൂവിട്ട സോൾമേറ്റ് എന്ന വികാരവിചാരം എല്ലാം കുറച്ച് നിമിഷങ്ങൾ കൊണ്ട് ആവിയായി പോയി... ഇപ്പൊ അത് ദേഷ്യം എന്ന വികാരത്തിലേക്കു ഇരച്ചു കയറി കൊണ്ടിരുന്നു....
അവൾ റൂമിൽ പോയി നിതിനെ കോൾ ചെയ്തു. അൽപ്പം മുൻപ് കഴിഞ്ഞ പെണ്ണുകാണൽ വിശേഷം പറയാനായി...

ആദ്യത്തെ റിങ്ങിൽ തന്നെ അവൻ ഹലോ പറഞ്ഞു 

" എടാ എല്ലാം പോയി..... "

" എന്ത് പോയെന്നാ.... നിന്നു കിണുങ്ങാതെ കാര്യം പറയ്‌ടി....എനിക്ക് വർക്ക്‌ ഉണ്ട്.. "

" നിനക്ക് ന്ത്‌ വർക്ക്‌.. ഇന്ന് സൺ‌ഡേ അല്ലേ? "

" ഓഹ് കുറച്ച് പെന്റിങ് വർക്ക്‌ വീട്ടിൽ ഇരുന്നോണ്ട് ചെയ്യാ... നീ കാര്യം പറ.... നിന്റെ ചെക്കൻ വന്ന് കണ്ടിട്ട് പോയില്ലേ? " അവൻ ആകാംഷയോടെ കാര്യം അറിയാൻ ചോദിച്ചു 

" ഉവ്വ്... ഒരു ചെക്കൻ... ഞാൻ കരുതിയത് പോലെയല്ലടാ... ന്തോ മെന്റൽ കേസ് ആടാ.... ആള് വെറുതെ നിന്ന് ചിരിച്ചോണ്ട് ഇരിക്കും...."
" ഹ ഹഹ.... അയ്യോ ന്റെ അമ്മച്ചിയെ.... ബെസ്റ്റ്.... നീ കെട്ടിക്കോ.... പാവം... "
മറുതലക്കൽ നിന്നുള്ള അവന്റെ അട്ടഹാസം കേട്ട് അവൾക്കു ദേഷ്യം വന്നു...

" ചിരിച്ചാൽ അവിടെ വന്നാൽ നിന്റെ മുതുകിന് ഇട്ട് കിട്ടുമെടാ... മനുഷ്യൻ ഇവിടെ പ്രാന്ത് എടുത്ത് നിക്കാ... എനിക്ക് കണ്ടപ്പോ തന്നെ ആ പുള്ളിനെ പിടിച്ചതാർന്നു.... പക്ഷേ കുറച്ചു നേരം ശ്രദ്ധിച്ചപ്പോഴല്ലേ ആള് നോർമൽ അല്ലെന്നു മനസിലായെ... പിന്നെ ഒരു കാര്യം ഉണ്ട്... ഞങ്ങൾ സംസാരിക്കാൻ മാറി നിന്നപ്പോ എനിക്ക് താല്പര്യം ഇല്ലന്ന് ഞാൻ പറഞ്ഞു... അപ്പോ അവൻ പറയാ.. താങ്ക്സ് ഫോർ സേവിങ് മൈ ലൈഫ് എന്ന്.... ന്തായിരിക്കുംടാ അങ്ങനെ പറഞ്ഞത്... "

അവൻ താടിയിൽ കുറച്ച് ഒന്ന് തടവി ആലോചനയിലേക്ക് പോയി..

To Top