രചന: ജിംസി
മതിൽക്കെട്ടിൽ വലിയൊരു ബോർഡ്..... അതിലുടെ...മാധവം എന്ന് തെളിഞ്ഞു കിടക്കുന്ന അക്ഷരങ്ങൾ...
മാടമ്പി തറവാട്ടിലെ അശോക് മേനോന്റെയും പവിത്രയുടെയും ഒരേയൊരു മകൻ മാധവ് മേനോൻ...
ഡിഗ്രി കമ്പ്യൂട്ടർ സയൻസ് കഴിഞ്ഞ് കൊച്ചിയിലെ ഒരു ഐ ടി കമ്പനിയിൽ ജോലി ചെയ്തു വരികയാണ്...
പഴമ ഒട്ടും ചോർന്നുപോകാത്ത അവന്റെ നാലുകെട്ട് വീട്ടിൽ അവന്റെ അച്ഛനും അമ്മയും കൂടാതെ വേറെയും ചിലർ ഉണ്ടായിരുന്നു....
മാധവിന്റെ പ്രിയപ്പെട്ട അച്ചാച്ചനും അച്ഛമ്മയും.... അവരെ കൂടാതെ മാധവിന്റെ ചെറിയച്ചൻ അനന്തനും ചെറിയമ്മ സുലേഖയും...
ചെറിയച്ഛനും ചെറിയമ്മക്കും മക്കളില്ലാത്ത ദുഃഖം മാറിയത് മാധവിന്റെ ജനനത്തോടെയാണ്...എല്ലാവരുടേം വാത്സല്യവും സ്നേഹവും ആവോളം അനുഭവിച്ചായിരുന്നു അവൻ ജീവിച്ചതത്രയും......
കുറച്ച് വർഷങ്ങൾക്കിപ്പുറം ഒരു വിവാഹം കഴിഞ്ഞു ആളും തിരക്കും ഒഴിഞ്ഞ് നിശബ്‍ദമായിരിക്കുകയാണ് മാധവം വീട്......
കുട്ടി.... പോയി കുളിച്ചു ഈ സാരി ഒക്കെ മാറിക്കോളൂ...സമയം കുറെയായില്ലേ ഈ വേഷത്തിൽ ഇവിടെ നിൽക്കുന്നു... നല്ല ക്ഷീണം ഉണ്ട് മോൾക്ക്....
മിഴിയുടെ തലയിൽ സ്നേഹത്തോടെ തലോടി മാധവിന്റെ അമ്മ പവിത്ര പറഞ്ഞു..
അവൾക്ക് അവന്റെ മുറി ഒട്ടും നിശ്ചയം ഉണ്ടായിരുന്നില്ല... അവൾ ആദ്യം ആയിട്ട് കാണുന്ന മട്ടിൽ ചുറ്റും ഒന്ന് കണ്ണോടിച്ചു നിന്നു..
മോൾക്ക് അവന്റെ മുറി കാണിച്ചു കൊടുക്ക് പവിത്രെ...
അച്ഛമ്മ അങ്ങോട്ട് വന്ന് മിഴി അവിടെ തന്നെ നിൽക്കുന്നത് കണ്ടിട്ട് പറഞ്ഞു..
അയ്യോ അത് ശരിയാണല്ലോ.... മോള് വാ മുറി അമ്മ കാണിച്ചു തരാം...
അവൾ പവിത്ര നടന്നു നീങ്ങുന്ന വഴി അനുഗമിച്ചു...
ഓരോ പടികൾ നടന്നു നീങ്ങുമ്പോഴും അവൾ താലിയിൽ മുറുകെ പിടിച്ചു പതിയെ നടന്നു..ഇടയ്ക്കിടെ കൺകോണിൽ മിഴിനീർക്കണം മിന്നി മാഞ്ഞു കൊണ്ടിരുന്നു...
തന്റെ കഴിഞ്ഞ കാലം പുസ്തക താളുകൾ മറിച്ചു നീക്കും പോലെ ഓർമയിൽ അങ്ങനെ തെളിഞ്ഞു നിന്നു...
ചെറുപ്പത്തിലേ അച്ഛനും അമ്മയും മരിച്ച തന്നെ ഒരു ഓർഫനെജ് മുറ്റത്തു തള്ളി വിട്ടതായിരുന്നു ബന്ധുക്കൾ....അവിടെ എല്ലാവർക്കും ഇടയിൽ അച്ഛന്റെയും അമ്മയുടെയും സ്നേഹം ഇല്ലാതെ ഒരു അനാഥയെ പോലെ താൻ ഇത്രയും നാളും ഒരു ശില കണക്കെ ജീവിച്ചു പോരുകയായിരുന്നു....
ചെറുപ്പം തൊട്ടേ മറ്റുള്ളവർ അനാഥ കുട്ടികൾക്ക് നീട്ടുന്ന ഉടുപ്പും മിട്ടായിയും പുസ്തകങ്ങളും കളിപ്പാട്ടങ്ങളും തന്റെ മനസ്സിൽ ഉണ്ടായിരുന്ന നോവ് നികത്താൻ ഒരു പരിധി വരെ സാധിച്ചിരുന്നു...
അന്നത്തെ അഞ്ചു വയസ്സുകാരിക്ക് അതെല്ലാം മതിയായിരുന്നു ഒരു സന്തോഷം കണ്ടെത്താൻ....
കാലത്തിന്റെ ഏടുകൾ മറിഞ്ഞു നീങ്ങുമ്പോൾ അവൾക്ക് ഇന്ന് വയസ്സ് 22 തികഞ്ഞിരുന്നു...
ഒരിക്കൽ ആ അനാഥാലയത്തിന്റെ ഗേറ്റ് കടന്നെത്തിയ രണ്ടു വ്യക്തികൾ... അശോകനും പവിത്രയും....
തന്റെ മകന് ഒരു വധുവിനെ നോക്കുവാനായിരുന്നു അവർ ആദ്യമായി അവിടെ എത്തിയത്...
ഓർഫനേജുക്കാർ പറയുന്ന അത്രയും ഡോണേഷൻ നൽകാമെന്ന് പറഞ്ഞിട്ടായിരുന്നു ഒരു പെൺകുട്ടിയെ അവരുടെ മകനുവേണ്ടി അവർ തിരഞ്ഞ് അവിടെ വന്നതും....
എന്തുകൊണ്ടാണ് സ്വത്ത് വകകൾ കുറെയധികം ഉണ്ടായിട്ടും ഓർഫനേജിൽ നിന്ന് തന്നെ തന്റെ മകന് പെണ്ണുവേണം എന്നു പറയുന്നതിന്റെ കാരണം എന്ന ചോദ്യത്തിന് അവർ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു...
ഞങ്ങളെ സ്നേഹിക്കാൻ ഒരു മോളെയാണ് ഞങ്ങൾക്ക് വേണ്ടത്... ഞങ്ങളുടെ സ്വത്തുവകകൾ കണ്ടിട്ട് ഒരുപാട് ആലോചനകൾ വന്നിട്ടുണ്ടായിരുന്നു എങ്കിലും ഞങ്ങളുടെ ആഗ്രഹമാണ് അച്ഛനെയും അമ്മയുടെയും സ്നേഹവും വാത്സല്യവും അനുഭവിച്ചറിയാത്ത ഒരു പെൺകുട്ടിയെ ഞങ്ങളുടെ മരുമകളാക്കണം എന്നത്.... അല്ല മരുമകൾ അല്ല മകൾ തന്നെ....
അവിടെയുള്ളവരുടെ കൂട്ടത്തിൽ മിഴിയെ മാത്രമായിരുന്നു അവർക്കു വേണം എന്ന് വാശി പിടിച്ചത്....കൂട്ടത്തിൽ അവളെ കാണാനായിരുന്നു കൂടുതൽ ഭംഗി അവർക്ക് തോന്നിച്ചത്... ഏറ്റവും കൂടുതൽ അവരെ ആകർഷിച്ചത് അവളുടെ മുട്ടറ്റം കട്ടിയോടെ കിടക്കുന്ന നീളൻ മുടിയും അവളുടെ നിഷ്കളങ്കമായ പുഞ്ചിരിയുമാണ്....
കല്യാണം കഴിക്കാൻ പോകുന്ന മകനെ പോലും ശരിക്കും ഒരു നോക്ക് കാണാതെയും സംസാരിക്കാതെയും അവൾ ആ വിവാഹത്തിന് സമ്മതിച്ചതിന് ഒരു കാരണവും ഉണ്ടായിരുന്നു..
നാളുകളായി അവളെ പിന്തുടർന്ന് ശല്യം ചെയ്ത ആ അനാഥാലയത്തിലെ, രാത്രിയിലെ അവളുടെ ഉറക്കം നഷ്ടപ്പെടുത്താൻ വരുന്ന രണ്ടുകാമ കണ്ണുകൾ അനാഥാലയത്തിന്റെ ഉള്ളറകളിൽ ഇരുന്ന് ചിരിക്കുമ്പോൾ, എങ്ങനെയും ഇവിടെനിന്ന് രക്ഷപ്പെടണം എന്ന ചിന്തയായിരുന്നു അവൾക്ക്...
ഒടുവിൽ താൻ സമ്മതിക്കുമ്പോൾ കല്യാണം കഴിക്കാൻ പോകുന്നവനെ മണ്ഡപത്തിൽ വെച്ചായിരുന്നു അവൾ ശ്രദ്ധിച്ചത്..
എന്തുകൊണ്ടാണ് തന്നെയും അവൻ കാണാൻ ശ്രമിക്കാതിരുന്നത്? ഒരിക്കൽപോലും ഇങ്ങനെയൊരുവളെ നേരിട്ട് കാണണമെന്നോ സംസാരിക്കണം എന്നോ അവന്റെ ചിന്തയിൽ പോലും ഇല്ലായിരുന്നുവോ?
ഈ ജീവിതം ഒരു പ്രതീക്ഷയാണ്... പലതിൽ നിന്നുമുള്ള ഒരു രക്ഷപ്പെടൽ ആയിട്ട് താൻ ഇപ്പോൾ ഈ വിവാഹത്തിനെ..നോക്കിക്കാണുന്നുള്ളൂ...
അച്ഛനും അമ്മയും ഓർഫനേജിൽ വന്ന് കണ്ടു പോയതിൽ പിന്നെ പെട്ടെന്ന് തന്നെയായിരുന്നു വിവാഹം...
അമ്മ മുറി വന്നു കാണിച്ചു തന്നിട്ട് തിരികെ പോയി.. അത്യധികം വലിപ്പവും ഭംഗിയും ഉള്ള ആ മുറിയിൽ അലമാരയോട് ചേർന്നുള്ള വലിയൊരു കണ്ണാടിയിലേക്ക് അവൾ സ്വന്തം പ്രതിഭിംബം നോക്കി നിന്നു...
കഴുത്തിൽ അവൾ അണിഞ്ഞ താലിയെയും നെറ്റിയിലെ സിന്ദൂരവും അവൾ ഒരു നിർവികാരതയോടെ നോക്കി കണ്ടു....
കുറച്ചുനിമിഷം നിശബ്ദമായ നിമിഷങ്ങൾക്കിടയിലൂടെ കടന്നുപോയി... അവൾ വേഗം കുളിച്ചു വന്ന് വേറെ സാരി മാറ്റിയുടുത്തു....
ശരീരത്തിൽ അണിയാനുള്ള ആഭരണങ്ങളും കുറെയധികം വസ്ത്രങ്ങളും അവൾക്ക് വേണ്ട എല്ലാം ആ മുറിയിൽ മാധവിന്റെ അമ്മ ഒരുക്കി വെച്ചിട്ടുണ്ടായിരുന്നു....
കുളി കഴിഞ്ഞ് അമ്മ അലമാരയിൽ അവൾക്കായി വാങ്ങി വെച്ച ചുവപ്പ് കരയുള്ള സെറ്റ് മുണ്ട് എടുത്തു അവൾ കയ്യിൽ പിടിച്ചു...
ഈശ്വരാ.... ഇത് എങ്ങനെയാ ഇപ്പോ ഉടുക്കുന്നെ...? ഓർഫണെജിൽ ആണെങ്കിൽ പാവാടയും ബ്ലൗസും ദാവണിയും ഒക്കെയാണ് താൻ അണിഞ്ഞിരുന്നത്.... ഇതിപ്പോ എനിക്ക് അറിയില്ലല്ലോ?
അവൾ എന്ത് ചെയണം എന്ന് അറിയാതെ ആ ബെഡിലേക്ക് ഇരുന്നു.. മുടിത്തുമ്പിലെ വെള്ളം ഓരോന്ന് താഴേക്കു ഇറ്റ് വീണു കൊണ്ടിരുന്നു....
അവൾ പെട്ടന്ന് അവനെക്കുറിച്ച് ഒന്നോർത്തു.... മണ്ഡപത്തിൽ അവന്റെ അടുത്ത് ഇരിക്കുമ്പോഴും അവൻ തന്റെ കഴുത്തിലേക്ക് താലി അണിയിക്കുമ്പോഴും വല്ലാത്തൊരു ഭാവമായിരുന്നു അവന്റെ മുഖത്തു നിറഞ്ഞത്....
ആ ഭാവത്തിൽ വിരിഞ്ഞ മാറ്റം ഒരുതരം നിർവികാരത തന്നെയായിരുന്നു... ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അമ്മ മുറിയിലേക്ക് വീണ്ടും കടന്നുവന്നത്....
ആ... കുളി കഴിഞ്ഞോ മോളെ....മോള് എന്താ ഒരുങ്ങിയില്ലേ? അവൾ കുളി കഴിഞ്ഞ് കയ്യിൽ സെറ്റ് മുണ്ട് കൈയിൽ പിടിച്ചു ഇരിക്കുന്നത് കണ്ടിട്ടാണ് പവിത്ര ചോദിച്ചത്.....
അമ്മേ... അത്.... എനിക്ക് ഇത് എങ്ങനെയാ ഉടുക്കണ്ടേന്ന് ഒരു നിശ്ചയം ഇല്ല്യ....
തിരിച്ച് എന്ത് പറയും എന്ന പതർച്ചയോടെ അവൾ അൽപ്പം വിക്കി വിക്കിയാണ് അത് പറഞ്ഞത്....
ഹൊ... അത്രേയുള്ളൂ... അമ്മ കാണിച്ചു തരാം.... മോൾക്ക് എന്നെ വിളിച്ചൂടായിരുന്നോ.... പവിത്ര സെറ്റ് മുണ്ട് അവളിൽ നിന്നും വാങ്ങി....
അൽപ്പ നേരം കൊണ്ട് തന്നെ നല്ല ഭംഗിയായി അവളെ ഉടുപ്പിച്ചു..
ദേ... മുടിയിൽ നിന്നും വെള്ളം വീഴുന്നു... ശരിക്കും തോർത്തിയില്ലാച്ചാൽ നീരിറങ്ങും.... പോരാത്തേന് വെള്ളം മാറിയുള്ള കുളിയാ....
അവൾ കസേരയിൽ നേരത്തെ വിരിച്ചിട്ട തോർത്തെടുത്തു അവളുടെ നെറുകിൽ നന്നായി തോർത്തി കൊടുത്തു...
അവൾ ആ അമ്മയെ മുഖമുഖം നോക്കി അങ്ങനെ നിന്നു.... ഒരിറ്റു കണ്ണുനീർ അവൾ പോലും അറിയാതെ അവളുടെ കവിൾ തടത്തിലൂടെ ഒഴുകി...
അയ്യേ... എന്തിനാ ഇപ്പോ കരയണേ...?
അത് ഒന്നുല്ല്യ.... ഞാൻ..... ഞാൻ ന്റെ അമ്മയെ ഓർത്തപ്പോ.....
കൂടുതൽ ഒന്നും പറയാനാവാതെ അവൾക്ക് തൊണ്ടകുഴിക്കകത്തു വല്ലാത്ത തടസ്സം തോന്നി....
മനസ്സിലായി മോളെ.... മോൾക്ക് അമ്മയുടേം അച്ഛന്റെയും സ്നേഹം ഒക്കെ തരാൻ ഞങ്ങൾ ഇല്ലേ? മോൻ ജനിച്ചതിൽ പിന്നെ ഒരു മോളെ കൂടി കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.... പക്ഷേ ദൈവം ഒരാളെ തന്നുള്ളൂ.... ഒരു കുഞ്ഞിനെയെങ്കിലും തന്നല്ലോ എന്ന് ഓർത്തു ഒത്തിരി സന്തോഷം ഒക്കെയുണ്ട്.... എന്നാലും ഒരു മോളെ കൊഞ്ചിക്കാൻ കൊതി തോന്നുമ്പോൾ അശോകേട്ടൻ പറയും വേണേൽ ഒരു പെൺകുഞ്ഞിനെ ദത്ത് എടുക്കാം എന്ന്....
പിന്നെ ഞാൻ പറഞ്ഞു നമ്മുടെ മോൻ കെട്ടി വരുന്ന പെണ്ണ് മതി നമുക്ക് സ്വന്തം മോളായിട്ട് എന്ന്....
പിന്നെ എന്റെ സാരി ഒക്കെ ശരിയാക്കി ഫ്ലീറ്റ് ഒക്കെ നേരയാക്കി തരുന്നവനാ മാധവ് മോൻ.... അവൻ ഹെല്പ് ചെയ്യും ഇനി എന്തേലും ആവശ്യം വന്നാൽ...കേട്ടോ?
അവൾ വെറുതെ ഒന്ന് പുഞ്ചിരിച്ചു..
ഇനി വേഗം നന്നായി ഒരുങ്ങി താഴേക്ക് വാ... അവിടെ കുറച്ചു അയല്പക്കത്തെ അമ്മമാർ ഒക്കെയുണ്ട്.... മോളെ കാണാൻ വന്നതാ...... ഇവിടുത്തെ അശോകേട്ടന്റെ അമ്മയുടെ അടുത്ത കൂട്ടുകാരികളാ...കല്യാണം അവന്റെ അഭിപ്രായത്തിൽ ചുരുക്കി അല്ലേ കഴിച്ചുള്ളൂ... അവന് അങ്ങനെ വലിയ ആർഭാടം ഒന്നും ഇഷ്ടം ഇല്ല... ലളിതമായിട്ടാണ് ഇഷ്ടം.... അത് അവനെ അറിയുന്ന എല്ലാവർക്കും അറിയാം... അതോണ്ട് ആർക്കും പരാതിയും പരിഭവം ഒന്നുമില്ല... അത് പറയുമ്പോൾ അമ്മയുടെ മുഖം ഒന്ന് മങ്ങിയിരുന്നു....
ഞാൻ താഴോട്ട് ചെല്ലട്ടെ മോളെ.....
അമ്മ അത് പറഞ്ഞു പോകാൻ നേരമാണ് മാധവ് പ്രതീക്ഷിക്കാതെ ആ റൂം തുറന്നു വന്നത്....
മോനെ... നീ.. വേഗം കുളിച്ചു താഴേക്ക് പെട്ടെന്ന് വായോ....
അവൻ ഒന്ന് മൂളി കൊണ്ട് അവളെ നോക്കാതെ കബോർഡിൽ നിന്നും ടർക്കിയെടുത്തു ബാത്റൂമിലേക്ക് പൊടുന്നനെ പോയി...
തന്നെ ഒന്ന് ശ്രദ്ധിക്കാതെ അവൻ അൽപ്പം ഗൗരവത്തിൽ പോയത് എന്തു കൊണ്ടായിരിക്കും എന്ന് ഒരു നിമിഷം അവൾ ആലോചിച്ചു...
വേഗം റെഡി ആവണമല്ലോ എന്നോർത്തപ്പോൾ അവൾ വേഗം മുടിയിൽ ഒരു കുളി പിന്നൽ ഇട്ട് മുഖത്തു കുറച്ചു പൗഡർ വേഗം പൊത്തിയിട്ടു... ധൃതിയിൽ കയ്യിൽ എടുത്ത പൗഡർ പകുതിയും താഴേക്ക് പാറി പോയിരുന്നു....
മുന്നിലുള്ള കണ്ണാടിക്ക് ഓരം ചേർന്ന് ഒത്തിരി മേക്കപ്പ് സാധനങ്ങൾ ഒതുക്കി വെച്ചിട്ടുണ്ടെങ്കിലും അത് ഒന്നും അവൾ ഉപയോഗിച്ച് വശമില്ലാത്തതിനാൽ ഒന്ന് നോക്കി അവിടെ തന്നെ വെച്ചു...
കണ്മഷിയും ചെറിയൊരു കറുത്ത പൊട്ടും ഒരു ലിപ് ബാമും... അത്രയും ആയപ്പോൾ തന്നെ അവൾക്ക് നന്നായി ഒരുങ്ങി എന്ന് തോന്നി...
പോകാൻ നേരം എന്തോ മറന്നല്ലോ എന്ന് ഓർത്തപ്പോഴാണ് സിന്ദൂര ചെപ്പിൽ കണ്ണുടക്കിയത്... വേഗന്ന് ഒരു നുള്ള് സിന്ദൂരം ചാർത്തി അവൾ വേഗം താഴേക്ക് ചെന്നു...
അവളെ കണ്ടതും അകത്തു സംസാരിച്ചു കൂടിയിരുന്ന രണ്ട് മൂന്ന് പ്രായം ചെന്ന അമ്മമാർ ചിരിച്ചു കൊണ്ട് അവളുടെ സമീപം ചേർന്നു...
മോളെ കാണാനും സംസാരിക്കാനും വന്നതാ ഞങ്ങൾ... കേട്ടോ മോളെ..കല്യാണം ഒന്ന് വിളിച്ചില്ലേലും ഞങ്ങൾ സുമംഗലയോടുള്ള അടുപ്പം കൊണ്ട് വന്നതാ...
അവളുടെ കൈ പിടിച്ചു ഒരു അമ്മ അൽപ്പം പരിഭവത്തോടെയാണ് പറഞ്ഞത്..
മാധവട്ടന്റെ അച്ഛമ്മയുടെ കൂട്ടുകാരികൾ ആയിട്ടും എന്തായിരിക്കും ഇവരെ ഒന്ന് വിളിക്കാഞ്ഞത്?
വളരെ ചുരുക്കം പേരെ കല്യാണത്തിന് കണ്ടുള്ളു... ഇനി എന്നെ ഇഷ്ടപ്പെടാഞ്ഞിട്ടാണോ ആർക്കും....ഈശ്വരാ... എന്നെ താലി കെട്ടിയ മനുഷ്യനെ നേരാവണ്ണം ഒന്ന് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.....എന്തായിരിക്കും ഇനി എന്റെ ജീവിതം....
ഓരോന്ന് വീണ്ടും ആലോചനക്ക് ഇടം കൊടുത്തപ്പോൾ ഒരു അമ്മ അവളുടെ പേര് ചോദിച്ചു...
മോളെ... മോളുടെ പേര് എന്തായിരുന്നു...?
മിഴി.... മിഴി മോഹൻ.....
അവൾ ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു....
ആഹ്..... ഇനി മിഴി മാധവ് എന്നാകും.....
തൊട്ട് പിന്നാലെ അവളുടെ അടുത്തേക്ക് വന്ന അച്ഛമ്മ പറഞ്ഞു...
പിന്നെ ഇവരൊക്കെ എന്റെ കൂട്ടുകാരികളാട്ടോ മോളെ.... ഇത് ലക്ഷ്മി കുട്ടി, അത് പാർവതി.... മറ്റേത് കല്ല്യാണി.... ഓരോരുത്തർ മോണ കാണിച്ചു അവളെ ചിരിച്ചു കാണിച്ചു...
എല്ലാവരും ഓരോന്ന് കുശലം പറഞ്ഞു നിൽക്കുമ്പോഴാണ് കോണിപടികൾ ഓരോന്നും ഇറങ്ങി ഷർട്ടിന്റെ കൈ മടക്കി കയറ്റി കൊണ്ട് മാധവ് താഴേക്ക് വന്നത്....
അവൾ എന്തോ പറഞ്ഞു ചിരിക്കുന്നതിന് ഇടയിൽ അവനെ നോക്കിയതും അവൻ പെട്ടെന്ന് അവളെ ശ്രദ്ധിച്ചു....
ഒരു ഭാവമാറ്റം ഇല്ലാതെ അവൻ അവളെ ശ്രദ്ധിച്ചു മുന്നിലൂടെ പോകുമ്പോഴാണ് അച്ഛമ്മ മാധു എന്ന് വിളിച്ചത്.....
അവൻ പിന്തിരിഞ്ഞു നോക്കാതെ അവിടെ തന്നെ നിന്നു...
ഇവരൊക്കെ നിൽക്കുന്നത് കണ്ടില്ലേ നീ..... ഒന്ന് വർത്തമാനം പറഞ്ഞു പോടാ.....
ഞാൻ..... എനിക്ക് ഒന്ന് പുറത്ത് പോകേണ്ട ആവശ്യം ഉണ്ടായിരുന്നു...
നിന്ന നിൽപ്പിൽ അങ്ങനെ ഒരു മറുപടി കൊടുത്തു അവരിൽ നിന്നും ഒഴിഞ്ഞ് പോകാനെന്ന വണ്ണം അവൻ പോയി.....
വേണ്ട... സുമംഗല.... മോനെ എന്തിനാ നീ പിടിച്ചു നിർത്തിയത്...ഞങ്ങളെ ഒത്തിരി സ്നേഹിക്കുകയും വർത്തമാനം പറയുകയും ചെയുന്നവനായിരുന്നില്ലേ അവൻ.... ഞങ്ങളെ അവൻ മറന്നിട്ടില്ല എന്ന് അറിയാം...അവനെ ഇങ്ങനെയാക്കിയത് ആരാണെന്നും അറിയാം....
അച്ഛമ്മയെ നോക്കി ലക്ഷ്മികുട്ടിയമ്മ അത് പറഞ്ഞതും അച്ഛമ്മ കണ്ണ് കൊണ്ട് എന്തോ ആംഗ്യം കാണിച്ച ഉടനെ അവർ നിർത്തിയിരുന്നു....
എന്തൊക്കെയോ സംശയത്തിന്റെ നൂലിഴകൾ അവളുടെ ഉള്ളിൽ കടന്ന് വന്നിരുന്നു....
പ്രായം ആയവരെ ഒന്ന് ബഹുമാനിക്കാത്ത, മുഖം നോക്കി ഒന്ന് ചിരിക്കുക പോലും ചെയ്യാത്ത ഒരു കല്ലാണോ ആ പോയ മനുഷ്യൻ.....താൻ എരിതീയിൽ നിന്നും വറ ച്ചട്ടിയിലേക്ക് എടുത്തു ചാടിയ പോലെ അവൾക്ക് തോന്നി....
സമയം രാത്രിയുടെ യാമത്തിൽ ഭക്ഷണം കഴിഞ്ഞ് ഒരു ഗ്ലാസ് പാല് അവളുടെ കൈയിൽ അമ്മ കൊടുത്തു വിടുമ്പോൾ നെഞ്ചിൽ ആരോ ഇരുന്ന് പെരുമ്പറ കൊട്ടുന്നത് പോലെ തോന്നിയിരുന്നു.....
രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവനെ ഒന്ന് തിരഞ്ഞെങ്കിലും അമ്മ പറഞ്ഞിരുന്നു പുറത്തു നിന്ന് കഴിച്ചു എന്ന് പറഞ്ഞു മുറിയിലേക്ക് അവൻ പോയിട്ടുണ്ടെന്ന്..... തന്നിൽ നിന്ന് ഒഴിഞ്ഞ് നടക്കുന്ന പോലെ....
അവൾ പാൽ ഗ്ലാസ് കയ്യിലെടുത്തു മുറിയിലേക്ക് നടക്കുമ്പോൾ ചിന്തയിൽ മുഴുവൻ പുതിയ ജീവിതം മാത്രമായിരുന്നു...
വാതിൽ തുറന്നു അവൾ അകത്തേക്ക് കടന്നപ്പോൾ കണ്ടിരുന്നു അവൻ എന്തോ ഗഹനമായ ചിന്തയിൽ കിടക്കയിൽ ഒരു തലയിണ ഇട്ട് ചാരി,കണ്ണടച്ച് കിടക്കുന്നത്..
അവൾ മുറിയിൽ കയറി വാതിലടച്ച് പാൽ ഗ്ലാസ്സുമായി അവന്റെ അടുത്തേക്ക് മന്ദം നടന്നു..
ശരീരത്തിന്റെ വിറയൽ മറയ്ക്കാൻ അവൾ ഇട്ടിരുന്ന സെറ്റ് മുണ്ടിന്റെ ഒരരിക് പിടിച്ചു ഞെരിച്ചു...
താൻ ഇപ്പോൾ എന്ത് ചെയണം?
ഇയാളെ വിളിക്കണോ? ഈ പാൽ ഇപ്പോ എന്ത് ചെയ്യും?
അവൾ പാൽ ഗ്ലാസ് പിടിച്ചു ആലോചിച്ചപ്പോഴാണ് അവൻ പെട്ടെന്ന് കണ്ണ് തുറന്നത്...
മ്മ്... നീ... വന്നോ....?
ആദ്യമായി ആ സ്വരം... അവളുടെ നേർക്ക് വന്നു.. ഒരൽപ്പം ഗർവോട് കൂടിയുള്ള ആ ശബ്ദം കേട്ട് അവളൊന്നു വിറച്ചു..
അവൾ പേടിച്ചു ഒന്ന് മറുപടി എന്നോണം മൂളി... ശേഷം ആ പാൽ ഗ്ലാസ് അവന് നേരെ നീട്ടി..
എന്താ ഇത്? അവൻ ഇരുന്നിടത്തു നിന്നും എണിറ്റു അവൾക്ക് അഭിമുഖമായി നിന്നു
പാല്.....അമ്മ.... തന്നു വിട്ടതാ....
അവൾ ഒരുവിധേന പറഞ്ഞൊപ്പിച്ചു...
ഓഹോ... എന്നാൽ ഇത് അങ്ങോട്ട് തല്ക്കാലം വെച്ചേക്ക്...
അവൻ ചൂണ്ടി കാണിച്ച മേശമേൽ അവൾ പതിയെ ആ ഗ്ലാസ് വെച്ചു..
അവൻ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി ഒരു സൂചിയകലത്തിൽ അവൾക്ക് മുമ്പിൽ വന്നു നിന്നു..
അവളുടെ വയറ്റിൽ കൂടി തീ ആളുന്നത് പോലെയും നെഞ്ചിൽ വല്ലാത്തൊരു പടപ്പും തോന്നി...
എന്താ....എന്താ... ഇങ്ങനെ നോക്കുന്നെ?
അവളുടെ ശ്വാസം അവന്റെ തൊട്ടാരികിൽ തന്നെയെത്തിയിരുന്നു....
പെട്ടന്ന് അവൻ അവളുടെ കൈ പിടിച്ചതും അവൾ നന്നായി കിതച്ചു കൊണ്ടിരുന്നു...
അവൾക്ക് അവന്റെ നേർക്ക് നോക്കാനുള്ള ശക്തി ഇല്ലാതെ അവൾ പേടിച്ചു താഴോട്ട് നോക്കി നിന്നു...
അവൻ കൈയിൽ പിടിത്തമിട്ടത് മുറുകെ പിടിച്ചമർത്തി...
ആ... അമ്മേ........
പ്രതീക്ഷിക്കാതെയുള്ള അവന്റെ പ്രവർത്തിയിൽ അവൾ വേദനിച്ചു കരഞ്ഞു...
അവൾ കരഞ്ഞ ശബ്ദം പെട്ടെന്ന് പുറത്തേക്ക് വന്നപ്പോൾ ആരും കേൾക്കാതെ ഇരിക്കാൻ അവൻ പൊടുന്നനെ അവന്റെ ചൂണ്ടു വിരൽ അവളുടെ ചൂണ്ടിൽ വെച്ചു..
ശ്........ മിണ്ടി പോകരുത്......ഒരു ഒച്ചയും കേൾക്കരുത് ഇവിടെ.....
അവൾ ശബ്ദം അടക്കിപിടിച്ചു നിന്ന് അവന്റെ മുഖത്തേക്ക് ഉറ്റു നോക്കി കരഞ്ഞു...