ഇനി ഇത് തുടർന്നാൽ ശരിയാവില്ല ... നമുക്കെല്ലാം നിർത്താം...

Valappottukal




രചന: Rincy Dennis

" ഇനി ഇത് തുടർന്നാൽ ശരിയാവില്ല ... നമുക്കെല്ലാം നിർത്താം .. ഇവിടെ വച്ച് " .

നീനയുടെ ആ വാക്കുകൾ വിനയൻ്റെ നെഞ്ചം തകർക്കുന്നതായിരുന്നു .

" അപ്പോൾ നീ ഇത്രയും നാൾ പറഞ്ഞത് ... നീ കാട്ടിയതൊക്കെയും ... എന്നെ ചതിക്കുകയായിരുന്നല്ലേ ... "

വിനയൻ്റെ വാക്കുകളിലെ പതർച്ച അവൾക്ക്  തിരിച്ചറിയാമായിരുന്നു . 

 കോളേജിൽ ഒരേ ക്ലാസ്സിൽ ...പഠനത്തിൽ മുൻപന്തിയിൽ .. നല്ല പെരുമാറ്റം .. കാണാനും സുമുഖൻ .. ആ സുന്ദരനെ മറ്റുള്ള ആരും കൊത്തിക്കൊണ്ട് പോകാൻ കൊടുക്കാതെ നീന തന്നെ തൻ്റെ ഇഷ്ടം അവനോട് തുറന്നു പറഞ്ഞു . പൊതുവേ നാണക്കാരനായ വിനയൻ മറുപടി ഒന്നും പറഞ്ഞില്ല ... എങ്കിലും കണ്ണുകൾ കൊണ്ട് തൻ്റെ ഇഷ്ടം അവൻ അവളെ അറിയിച്ചിരുന്നു .പതിയെ പതിയെ ആ സ്നേഹം വളർന്നു വലുതാവുകയായിരുന്നു .

തൻ്റെ ജീവനേക്കാളും .. താൻ ജീവനായി കരുതിയ അവളാണ് തന്നോട് ഈ വാക്കുകൾ  പറഞ്ഞത് . വിനയന് ശരീരം കുഴയുന്നതു പോലെ തോന്നി ..

" ഭൂമി പിളർന്ന് താൻ താഴേക്ക് പോവുകയാണോ " . 

അവന് ഒരു നിമിഷം അങ്ങനെ തോന്നി പോയി .

" പഠനത്തിൽ മാത്രം ശ്രദ്ധിച്ചിരുന്ന എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞ നീ .. മറ്റാർക്കും എന്നെ വിട്ടു കൊടുക്കില്ലെന്നും ... മരിക്കുന്നവരെ ഒരുമിച്ചായിരിക്കും എന്നു പറഞ്ഞ നീ തന്നെയാണോ ഈ പറയുന്നത് ...."

വാക്കുകളുടെ ഇടർച്ചയുടെ കൂടെ കണ്ണിൽ ഉരുണ്ടു കൂടിയ ജല കണികകൾ അവൻ പുറം കൈയ്യാൽ തുടച്ചു നീക്കി .

" അല്ലെങ്കിലും പെണ്ണുങ്ങളെ വിശ്വസിക്കാൻ കൊള്ളില്ല ... കാര്യം കാണാൻ മാത്രമാണ് തേൻ പുരട്ടിയ സ്നേഹവുമായി വരുന്നത് . "

വിനയൻ്റെ കണ്ണുകളിൽ പതിയെ കോപം നിറയുന്നത് അവൾ കണ്ടു .

നിന്നെ ജീവനേക്കാളേറേ സ്നേഹിച്ച എന്നോട് നിനക്ക് ഇങ്ങനെ പറയാൻ എങ്ങനെ  തോന്നി ? 

അവൻ്റെ ഭാവ വ്യത്യാസങ്ങളിലും നീനയിൽ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ലെന്ന് ആ മുഖഭാവത്തിൽ നിന്നും വായിച്ചെടുക്കാമായിരുന്നു .

" വിനയനെ ഞാൻ സ്നേഹിച്ചിരുന്നു .. വിനയൻ എന്നെ സ്നേഹിച്ചതിലും പത്തിരട്ടി , പക്ഷെ.... "

വിനയൻ അവളുടെ വാക്കുകൾ തടസ്സപ്പെടുത്തി .

" സ്നേഹിച്ചിരുന്നു ... അപ്പോൾ ഇപ്പോഴ് എന്നോട് സ്നേഹമില്ലെല്ലേ ... അതിൻ്റെ കാര്യമാണ് എനിക്ക് അറിയേണ്ടത് . "

കോപം കൊണ്ട് അവൻ്റെ ശരീരം വിറക്കുന്നുണ്ടായിരുന്നു .

" അതേ സ്നേഹിച്ചിരുന്നു .. ഇപ്പോഴില്ല ... വിനയനായിട്ടു തന്നെ അത് ഇല്ലാതാക്കി " .

" ഞാനോ ? ഞാൻ നിന്നെ സ്നേഹിച്ചിടത്തോളം ആരും ഒരു പെണ്ണിനെ സ്നേഹിച്ചിട്ടുണ്ടാവില്ല ... ആ ഞാൻ സ്നേഹം ഇല്ലാണ്ടാക്കിയെന്നോ ? "

വിനയൻ്റെ മുഖത്ത് ആശ്ചര്യ ഭാവം  ഉടലെടുത്തു .

" അതേ നിൻ്റെ സ്നേഹം അതു തന്നെയാണ് പ്രശ്നം ... ഭ്രാന്തമായ ആ സ്നേഹം തന്നെയാണ് പ്രശ്നം ..... "

നീനയുടെ വാക്കുകൾ അവനെ ഞട്ടിക്കുക തന്നെ ചെയ്തു . 
അവൾ തുടർന്നു...

" ഞാനും നിന്നിൽ കണ്ടത് എന്നെ മനസ്സിലാക്കുന്ന എൻ്റെ നല്ലൊരു ജീവിത പങ്കാളിയെ ആയിരുന്നു ... നല്ല ഒരു സുഹൃത്തിനെ ആയിരുന്നു ..  ജീവിത കാലം മുഴുവൻ നിൻ്റെതു മാത്രം ആവണം എന്നായിരുന്നു ഞാൻ ആശിച്ചത് ...പക്ഷെ നീ തന്നെ എല്ലാം നശിപ്പിച്ചു .

വിനയൻ്റെ കണ്ണുകളിൽ വീണ്ടും ആശ്ചര്യ ഭാവം നിറഞ്ഞു .

" ഞാൻ നിനക്കു നൽകിയ സ്നേഹമായിരുന്നോ അപ്പോൾ നിൻ്റെ പ്രശ്നം ? "

" അതേ ... അതിരു വിട്ട സ്നേഹം തന്നെയാണ് പ്രശ്നം "

അവളുടെ ഉറച്ച വാക്കുകൾക്ക് ഇടിമിന്നലിൻ്റെ കരുത്തുള്ള പോലെ വിനയന് തോന്നി .

" ആദ്യമൊക്കെ നിനക്ക് എന്നോടുള്ള സ്നേഹം മാത്രമായിരുന്നു  .. പതിയെ നിൻ്റെ സ്നേഹം ഭ്രാന്തമായി മാറുകയായിരുന്നു ...
അവരോട് മിണ്ടാൻ പാടില്ല ... ഇവരോട് മിണ്ടാൻ പാടില്ല ... അങ്ങനെത്തെ ഡ്രസ്സേ ധരിക്കാവൂ ... ഇങ്ങനയേ നടക്കാവൂ .. നിന്നെ മാത്രമേ ശ്രദ്ധിക്കാവൂ ...

ആദ്യമൊക്കെ ഞാൻ കരുതിയത് അത് നിനക്ക് എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാവുമെന്ന് ... 

എന്നാൽ പതിയെ ഞാൻ മനസ്സിലാക്കി ആ സ്നേഹം എൻ്റെ കാലുകളിൽ അണിയിച്ച ചങ്ങലയായിരുന്നു എന്ന്  ..... തങ്കം കൊണ്ടു പണിത ചങ്ങലയാണെങ്കിലും അത് എപ്പോഴും അടിമച്ചങ്ങല മാത്രമായിരിക്കും ... 

നീ ഒരിക്കൽ ആ ചങ്ങല അഴിച്ചു മാറ്റുമായിരിക്കും എന്ന് കരുതി ഇനിയും ആ അടിമത്വം തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല ... അതു കൊണ്ട് നമുക്ക് ഇവിടെ കൊണ്ട് എല്ലാം നിർത്താം ... 
Good bye " .

നിശ്ചയദാർഢ്യത്തോടെ തിരിഞ്ഞു നടന്ന നീനയെ തടഞ്ഞു നിർത്താൻ ആവില്ലെന്ന് മനസ്സിലാക്കിയ വിനയൻ നിശ്ചലനായി നിന്നു...
To Top