മുറിയിൽ തിരിച്ചെത്തിയ സിന്ധു ഭർത്താവിനോട് വീണ്ടും ചോദിച്ചു

Valappottukal


രചന: സജി തൈപ്പറമ്പ്‌

ബിബിയേട്ടാ,,, എത്ര നാളായി എൻ്റെ വീട്ടിലൊന്ന് പോയിട്ട് ,നാളെ അവധിയല്ലേ? നമുക്കൊന്ന് പോയാലോ?

സിന്ധു ഭർത്താവിനോട് ചോദിച്ചു

നീ അമ്മയോടൊന്ന് ചോദിക്ക്,,

അതെന്തിനാ അമ്മയോട് ചോദിക്കുന്നത്? നിങ്ങളല്ലേ എൻ്റെ ഭർത്താവ് ?

എടീ,, അമ്മ എന്ത് കാര്യം ചെയ്യുമ്പോഴും നിന്നോട് പറയാറില്ലേ? ഇതും അത് പോലെ കരുതിയാൽ മതി,,

ഹോ! ഇങ്ങനൊരു അമ്മ കോന്തൻ,,

ഭർത്താവിനെ പരിഹസിച്ചിട്ട്, 
അവൾ അപ്പുറത്തെ മുറിയിലേക്ക് ചെന്ന് അമ്മായി അമ്മയോട് അനുവാദം ചോദിച്ചു

അതിനെന്താ മോളേ ,, നീ പോയിട്ട് വാ, അവിടുത്തെ അമ്മയോടും അച്ഛനോടും എൻ്റെ അന്വേഷണം പറയണം കെട്ടോ?

ങ്ഹാ പറയാം അമ്മേ,,

ദേ അമ്മ സമ്മതിച്ചു ,ഇനി പോകാല്ലോ?

മുറിയിൽ തിരിച്ചെത്തിയ സിന്ധു ഭർത്താവിനോട് വീണ്ടും ചോദിച്ചു

അമ്മ സമ്മതിക്കുമെന്ന് എനിക്കറിയാമായിരുന്നെടീ,,
രാവിലെ ബബിത വിളിച്ചിട്ട്, കുട്ടികളുമായി നാളെ ഇങ്ങോട്ട് വരുന്നുണ്ടെന്ന് ,അമ്മ എന്നോട് പറഞ്ഞിരുന്നു, നിനക്കറിയാമല്ലോ? പെൺമക്കള് ഭർത്താവിൻ്റെ വീട്ടിൽ നിന്ന് സ്വന്തം വീട്ടിലേക്ക് വന്നാൽ അമ്മയ്ക്കും മകൾക്കും ഒരുപാട് വിശേഷങ്ങളും രഹസ്യങ്ങളുമൊക്കെ പറയാനുണ്ടാവും ,മകളുടെ ഭർത്താവിൻ്റെ വീട്ടിലെ രഹസ്യങ്ങൾ മരുമകൾ അറിയുന്നത് അമ്മായിഅമ്മമാർക്ക് അത്ര താല്പര്യമുള്ള കാര്യമല്ല ,അത് കൊണ്ട്, മകള് വരുന്ന സമയത്ത്, മരുമകള് അവളുടെ വീട്ടിൽ പോകണമെന്നതാണ് ഭൂരിപക്ഷം അമ്മായി അമ്മമാരുടെയും ആഗ്രഹം,,,

ആഹാ നിങ്ങള് ആള് കൊള്ളാമല്ലോ?

ഭർത്താവിനെ അഭിനന്ദിച്ച് കൊണ്ട്, അവൾ അയാളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് കുടഞ്ഞു.

സിന്ധു, ബിബിനുമായി വീട്ടിലേയ്ക്ക് ചെല്ലുമ്പോൾ യശോധ, അവരെയും കാത്ത് ഇളം തിണ്ണയിൽ തന്നെ നില്പുണ്ടായിരുന്നു.

ഹായ് അമ്മേ,,

അവളോടിച്ചെന്ന് അമ്മയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു.

ഇവിടെയാരുമില്ലേ? ഒരനക്കവുമില്ലല്ലോ അമ്മേ ,,
ഏട്ടനും എട്ടത്തിയുമൊക്കെ എന്തേ?

നിങ്ങള് വരുന്നെന്നറിഞ്ഞപ്പോൾ സീമയോട് ഞാൻ പറഞ്ഞു, വേണേൽ രണ്ട് ദിവസം വീട്ടിൽ പോയി നിന്നോളാൻ, 
കേൾക്കേണ്ട താമസം അവള് കുഞ്ഞിനെയുമെടുത്ത്, നിൻ്റെ ആങ്ങളെയെയും വിളിച്ച് ഇന്നലെ തന്നെ പോയി,,,

അത് കേട്ട് ,അത്ഭുതത്തോടെയും ആദരവോടെയും അവൾ ബിബിൻ്റെ മുഖത്തേയ്ക്കൊന്ന് നോക്കി.
To Top