പാതിയുറക്കത്തില്‍ നിന്നും വൈശൂനെ നെഞ്ചിലേക്ക് ഒന്നുകൂടി ചേര്‍ത്തു നെറ്റി മുകര്‍ന്നു കൊണ്ട് ദേവ് അതു ചോദിക്കുമ്പോഴും...

Valappottukal


രചന: Deepthy Praveen

അവിചാരിതം 

               ''  ഇനിയും എത്രനാള്‍  നീയിങ്ങനെ  കരയും പെണ്ണേ..''

     പാതിയുറക്കത്തില്‍ നിന്നും  വൈശൂനെ  നെഞ്ചിലേക്ക്  ഒന്നുകൂടി  ചേര്‍ത്തു  നെറ്റി മുകര്‍ന്നു കൊണ്ട് ദേവ്  അതു ചോദിക്കുമ്പോഴും  ഉള്ളിലെ  സങ്കടം തേങ്ങലുകളായി  അവശേഷിച്ചിരുന്നു..   ദേവിന്റെ  നെഞ്ചില്‍ വീണുപടര്‍ന്നിരുന്ന  കണ്ണൂനീര്‍ കവിളിനെ നനച്ചു താഴേയ്ക്ക്  ഒഴുകാന്‍ തുടങ്ങിയിരുന്നത്  അപ്പോഴാണ്  ശ്രദ്ധിച്ചത്‌.. പുതപ്പിന്റെ  ഒരറ്റം കൊണ്ട്  കണ്ണുനീര്‍ തുടച്ചു  ആ നെഞ്ചിലേക്ക്  ഒന്നുകൂടി   ചേര്‍ന്നു കിടന്നുകൊണ്ഠ്  വെറുതെ  കണ്ണുകള്‍ ചേര്‍ത്തടച്ചു  ഉറങ്ങാന്‍ ശ്രമിച്ചു..

          നിഴലുകള്‍ ഓടിയകലുന്ന  രാത്രിയുടെ  കാഠിന്യത്തെ  കീറിമുറിച്ചു കൊണ്ട് ട്രെയിന്‍ പാഞ്ഞുകൊണ്ടിരുന്നു.. പുറത്തു നിന്നും അകത്തേക്ക്  ചീറിയടുക്കുന്ന കാറ്റിനെ എതിര്‍ സീറ്റില്‍  ഉറങ്ങാന്‍ കിടന്ന  യാത്രക്കാരന്‍  അസ്വസ്ഥതയോടെയും   ജനാല  തുറന്നു വെച്ചിരിക്കുന്ന തന്നെ  ഈര്‍ഷ്യയോടെയും  നോക്കുന്നുണ്ട്.. ഇടയ്ക്ക്   ദേഷ്യത്തില്‍ ഹിന്ദിയില്‍  എന്തൊക്കെയോ  പിറുപിറുക്കുന്നു..  ട്രെയിനിലെ  അരണ്ട വെളിച്ചം   ചുറ്റുപാടും എല്ലാവരും  നല്ല ഉറക്കത്തിലാണെന്നു കാണുന്നു.. ശൂന്യത നിറഞ്ഞ  മനസ്സില്‍  ഒന്നും  സ്ഥിരമായി നില്‍ക്കുന്നില്ല..  എതിര്‍സീറ്റിലെ  ഹിന്ദിക്കാരന്‍ കിളവന്റെ  നോട്ടത്തിന്  കാഠിന്യം കൂടിയപ്പോള്‍ ജനാലയുടെ  ഷട്ടര്‍  താഴ്ത്തി    തറയിലേക്ക്  വെറുതെ നോക്കിയിരുന്നു ..

  സമയം എത്രയായിട്ടുണ്ടാകും.  ഇന്നലെകളിലാത്ത  താന്‍  എങ്ങനെ  മുന്നോട്ട്  പോകും..  കൈയ്യിലിരുന്ന  ചെറിയ ബാഗിലേക്ക്  കൈകള്‍  നീണ്ടു..  ചെറിയ  ഒരു  മുത്തുമാലയ്ക്കൊപ്പം  കുറച്ചു  രൂപയും നാണയങ്ങളും  കൈയ്യില്‍ തടഞ്ഞു.. എങ്ങോട്ടു പോകും..

ട്രെയിനിന്റെ സ്പീഡ്  കുറഞ്ഞു  വരുന്നു.. ഏതെങ്കിലും  സ്റ്റേഷന്‍  അടുക്കുന്നതായിരിക്കും.. കൈയ്യിലിരുന്ന  ബാഗ് തിരുകെ പിടിച്ചു കൊണ്ട് പതിയേ  എഴുന്നേറ്റു.. കൃത്യമായ  ലക്ഷ്യമില്ലാതെ  തനിക്ക് എവിടെ ഇറങ്ങിയാലും ഒരുപോലെയാണ്..

  '' വൈശൂ  നീ  കേരളത്തില്‍  ചെന്നിട്ടെ  ട്രെയിന്‍  ഇറങ്ങാവൂ  കേട്ടോ  '  ,ലക്ഷ്മിയക്കയുടെ   ശബ്ദം ചെവിയില്‍ മുഴുകി.. എല്ലാം മറന്നു പോയ  താന്‍  ഭാഷ മറക്കാത്തത് കൊണ്ടാണ്   ലക്ഷ്മിയക്ക  തന്റെ സ്ഥലം  തിരിച്ചറിഞ്ഞതെന്ന്  തോന്നുന്നു..
  
 '  അവള്‍  എവിടെങ്കിലും പോയി ഇറങ്ങട്ടെ..നിനക്ക്  എന്താ .''  തന്നെ രൂക്ഷമായി നോക്കികൊണ്ട്   മണിയണ്ണന്‍  അങ്ങനെ  പറഞ്ഞപ്പോള്‍ ലക്ഷ്മിയക്ക  നിസ്സഹായതയോടെ നിന്നു.  അല്ലെങ്കിലും  ലക്ഷ്മിയക്ക  മണിയണ്ണനെ  എതീര്‍ത്തു സംസാരിക്കുന്നത്  കണ്ടിട്ടെയില്ല.. അനുസരണയുള്ള   ഒരു  അടിമയായിരുന്നു  അവര്‍..

      തീവണ്ടി  കുലുക്കത്തോടെ  നിന്നപ്പോള്‍  ധൃതിയില്‍  പുറത്തേക്ക്  ഇറങ്ങാന്‍ പോയ  തന്നെ  ആരോ  പിടിച്ചു തള്ളിയതും  ബാലന്‍സ് തെറ്റി  കറങ്ങി ട്രെയിന്  പുറത്തേക്ക് തെറിച്ചു വീണതും  ഒരുമിച്ചാണ് .  ആരുടെയോ  ദേഹത്ത്  തട്ടി വീഴുമ്പോള്‍  തലയില്‍  ഇടിവെട്ടിയത് പോലെ  ഒന്നു  ഞെട്ടി.. 

  പിന്നെ ഓര്‍മ്മ  വരുമ്പോള്‍  ഹോസ്പിറ്റലില്‍   ആണ്

'' അള്‍റെഡി  ആ കുട്ടി വീക്കാണ്. എന്റെ  ഊഹം ശരിയാണെങ്കില്‍  അയാള്‍ക്ക് ഒരു  ആക്സിഡന്‍റ്  കഴിഞ്ഞതാണെന്ന് തോന്നുന്നു.. ബോധം വരട്ടെ. ഡീറ്റയില്‍സ്  അറിയാം.. ''

   വാതിലിന്  പുറത്തുനിന്നും  ആണ് സംഭാഷണം..   കണ്ണുകള്‍        ചേര്‍ത്തടയ്ക്കുമ്പോഴാണ്  ആരോ അകത്തേക്ക് നടന്നു വരുന്ന ശബ്ദം കേട്ടത്..

  കണ്ണുകള്‍  പതിയെ തുറന്നു..  തിളങ്ങുന്ന  കണ്ണുകളിലേക്കാണ്  നോട്ടം  പതിച്ചത്...  ആ കണ്ണുകളില്‍  അത്ഭുതം തിളങ്ങി..  

 ആഹാ ..ഉണര്‍ന്നോ.  ഞാന്‍ ഡോക്ടറെ വിളിക്കട്ടെ ..

   വന്ന വേഗത്തില്‍  പുറത്തേക്ക് പാഞ്ഞു..
  
   തിരികെ വരുമ്പോള്‍  കൂടെ  ഡോക്ടറും ഉണ്ടായിരുന്നു . നല്ല ഐശ്വര്യമുള്ള  ഒരു സ്ത്രീ..നിറഞ്ഞ ചിരിയും  ചിരിയില്‍  വിരിഞ്ഞ നുണക്കുഴിയും  നെറുകയിലെ  സിന്ദൂരവും  ,വിടര്‍ന്ന  കണ്ണുകളും  അവരുടെ സൗന്ദര്യം  കൂട്ടി...

  ''ഇപ്പോ  എങ്ങനെയുണ്ട്.'
ബെഡിലേക്ക് ചേര്‍ന്നു നിന്നു  കൈകളില്‍  പിടിച്ചു    പതിയെ ഉയര്‍ത്തി കൊണ്ടാണ്  അവര്‍  അത് ചോദിച്ചത്...    അന്ധാളിപ്പോടെ  ഇരുന്ന എന്നെ  കണ്ട്  അവര്‍  മറ്റേയാളിനെ  പാളി നോക്കി..

 ഇത് ആരാണെന്ന്  എങ്ങനെ  അറിയും.... മലയാളി അല്ലെന്ന്  തോന്നുന്നു.. കണ്ടപ്പോള്‍ മലയാളിയെ പോലെ തോന്നിയതു കൊണ്ടാണ് മലയാളത്തില്‍ സംസാരിച്ചത്.. ഹിന്ദിയില്‍  ചോദിച്ചു നോക്കാം..
  
  അയാളോട് പറഞ്ഞ ശേഷം അവര്‍ വീണ്ടും എനിക്കു നേരേ തിരിഞ്ഞു..
  
 ''  മലയാളം പറഞ്ഞാല്‍ മതി.. എനിക്കു മനസ്സിലാകും..  '
   '' ആഹാ.  എന്താ പേര്.. '

'' വൈശു ''
 
'' വൈശൂ  ഒറ്റയ്ക്കേയുള്ളോ..   , സംഭവിച്ചത്  ദേവ് പറഞ്ഞു . ദേവിന്റെ  ശരീരത്തേക്കാണ് വീണത്..  മുന്‍പ്  ആക്സിഡന്‍റ്  വല്ലതും നടന്നിരുന്നോ.. എവിടെയാ നാട്. ''

  അവരുടെ  ചോദ്യങ്ങള്‍ എല്ലാം ശ്വാസം മുട്ടിക്കുന്നത് പോലെ തോന്നി.. 
 
   അസ്വസ്ഥതയോടെ  ഭിത്തിയില്‍ ചാരി  ഒന്നു നിവര്‍ന്നിരുന്നപ്പോഴൊണ്  തലയില്‍ നിന്നും  പതിയെ  വേദന  അരിച്ചിറങ്ങിയത്‌.
  
  തലയിലേക്ക് കൈകള്‍  ചേര്‍ത്തമര്‍ത്തിയപ്പോള്‍  ദേവ് ഓടി വന്നു  ചേര്‍ത്തു പിടിച്ചു.. 
  
'' കാര്യങ്ങള്‍  പിന്നെ ചോദിക്കാം ഡോക്ടര്‍ .ആ കുട്ടി റെസ്റ്റെടുക്കട്ടെ..'

എവിടെയാ നാട്..   തനിക്ക് പോലും അറിയാത്ത  കാര്യം  താനെങ്ങനെ  പറയും...  അവളുടെ  മുഖത്തെ  ദയനീയഭാവം കണ്ട് ദേവ്  അവളെ  പതിയെ  പിടിച്ചു  ബെഡിലേക്ക്  കിടത്തി...  ചുറ്റുപാടും  പല ഭാഷകള്‍  സംസാരിക്കുന്ന  ആളുകള്‍..  എവിടെയാണ്    എത്തപെട്ടതെന്ന്  ഒരുപിടിയും ഇല്ലല്ലോ...  

   '' താന്‍ പേടിക്കേണ്ട.. ഇത്  ഹൈദരാബാദാണ്...താന്‍  എവിടെ നിന്നും വരുകയാണ്...എവിടേയ്ക്കാണ് പോകേണ്ടത്....''

   മനസ്  അറിഞ്ഞത് പോലെ  അയാള്‍  പറഞ്ഞു...

'' ഞാന്‍....  എനിക്കു  ആരുമില്ല....  എവിടെ പോകണമെന്നും  അറിയില്ല... '' .അവന്റെ  കൈയ്യില്‍  മുറുകെ പിടിച്ചു  ചുറ്റുപാടും നോക്കി കൊണ്ടാണ്  പറഞ്ഞത്...

  അവന്‍  മറ്റേ  കൈ കൊണ്ട്  അവളുടെ കൈകളെ  തലോടി  ആശ്വസിപ്പിച്ചു  കൊണ്ടിരുന്നു .....

    വലിയ  പരിക്കുകള്‍  ഇല്ലാത്തത്  കൊണ്ട്  രണ്ടുമൂന്നു  ദിവസം  കഴിഞ്ഞപ്പോഴേക്ക്  വൈശൂനെ  ഡിസ്ചാര്‍ജ്  ചെയ്തു...  അതിനിടയ്ക്ക്  തന്നെ  ബോംബൈയില്‍  വെച്ച്  ആക്സിഡന്‍റ്  സംഭവിച്ചതും  ഒറ്റപെട്ട്  ലക്ഷ്മിയക്കയ്ക്കും  മണിയണ്ണനും  തന്നെ  കിട്ടിയതും  മണിയണ്ണന്  ഇഷ്ടമല്ലാത്തത്  കൊണ്ട്   അവിടെ നിന്നും  പോരേണ്ടി വന്നതും എല്ലാം  അവള്‍  പറഞ്ഞു..

ഡിസ്ചാര്‍ജ്  ആയി എങ്ങോട്ടു പോകും ..  അത്  വലിയ ഒരു ചോദ്യമായി  അവളില്‍  അവശേഷിച്ചു...

  ദേവ്  ബിസിനസ്   ആവശ്യത്തിനായി  ഹൈദരാബാദില്‍ വന്നതാണ്...  രണ്ടുദിവസം   കഴിഞ്ഞു  മടങ്ങേണ്ടതാണ്‌.. വൈശൂന്  വേണ്ടിയാണ്  അവിടെ തങ്ങുന്നത്...

    ഒടുവില്‍   ദേവിന്റെ   അവിടൂത്തെ വീട്ടിലേക്ക് പോകാമെന്ന്  അവള്‍  ഉറപ്പിച്ചു... ദേവ്  പല തവണ  ആവശ്യപെട്ടപ്പോഴും  അവള്‍  ഒഴിഞ്ഞു  മാറിയതാണ്‌.. പക്ഷേ  പോകാന്‍  മറ്റൊരു  സ്ഥലമില്ലെന്ന  തിരിച്ചറിവിന്  മുന്നില്‍   ആ  ഒരു മാര്‍ഗമെ  കണ്ടുള്ളു....

   വലിയ ഒരു  പറമ്പിലെ  ചെറുതല്ലാത്ത  ഒരു വീട്.. ചുറ്റും  പലതരത്തിലുള്ള കൃഷിയുണ്ട്.... മാസത്തില്‍  ഒന്നോരണ്ടോ  തവണ വരുന്ന  ആളിന്  കൃഷിയോ...

  '' ഇവിടെ  ജോലിക്കാരുണ്ട്..  അവരാണ്  ഇതൊക്കെ  നോക്കി നടത്തുന്നത്....  നാട്ടില്‍ നിന്നും  ആരും  ഇങ്ങോട്ടൊന്നും വരില്ല..

 ചേച്ചിയെ  വിവാഹം കഴിച്ചു അയച്ചു..ഇതൊക്കെ   അച്ഛന്‍  എനിക്കായി  മാറ്റി വെച്ചതാണ്..''

  അവളുടെ  കണ്ണുകളില്‍ നിന്നും സംശയം ഗ്രഹിച്ചു  കൊണ്ടു  അവന്‍  പറഞ്ഞപ്പോള്‍ അവള്‍  ആശ്ചര്യപെട്ടു.....

      അവളെ  പറ്റി  എല്ലാം പറഞ്ഞു എങ്കിലും  ആദ്യമായാണ്  അവനെ പറ്റി  എന്തെങ്കിലും  പറയുന്നത്...   അന്നൊരു  ദിവസം  വൈശൂന്  വേണ്ടി  അവിടെ തങ്ങിയ ശേഷം  അടുത്ത ദിവസം  രാവിലെ  തന്നെ ദേവ് മടങ്ങി..

പതിയെ  ആ  ചുറ്റുപാടുമായി  അവള്‍ പൊരുത്തപെട്ടു...  അല്ലെങ്കിലും  മറ്റൊരു പ്രതീക്ഷയും  ഇല്ലാതെ  ഇരുന്ന  അവള്‍ക്ക് മുന്നില്‍ വേറേന്താണ്  മാര്‍ഗം..  

      മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ്  ദേവ്  വരുന്നത്...  ദിവസവും  വിളിച്ചു  കാര്യങ്ങള്‍ തിരക്കും.. എന്നും  ഒരേ വര്‍ത്തമാനങ്ങള്‍...  വിശേഷങ്ങള്‍ ...എങ്കിലും   ഒരു ദിവസം പോലും അയാള്‍ വിളിക്കാതെ  ഇരുന്നില്ല...

     ദേവിനെ  പറ്റി  കൂടൂതല്‍ അറിയാന്‍  ആഗ്രഹം  ഉണ്ടായിരുന്നെങ്കിലും ചോദിക്കാന്‍  അവള്‍ മടിച്ചു... അവിടേ പുറംപണിക്ക് വരുന്ന    അച്ചിയമ്മയില്‍ നിന്നും   അറ്റവും മുറിയുമായി  തെലുങ്ക് പഠിച്ചു...  അങ്ങനെയൊരു  സംഭാഷണത്തീന്  ഇടയ്ക്കാണ്  ദേവിന്റെ  കല്യാണം  കഴിഞ്ഞതാണെന്ന്  വൈശൂ  അറിയുന്നത്...

      അതറിഞ്ഞപ്പോള്‍  എന്തോ  ഒരു    അസ്വസ്ഥത അവളില്‍  നിറഞ്ഞു....  ദേവിനോട്  തോന്നിയ  വികാരം  എന്തായിരുന്നു എന്ന്  മനസ്സിനെ ചികഞ്ഞു   പരിശോധിച്ചു... ഒരിക്കല്‍  പോലും  ദേവ്  മോശമായി  ഒരു നോട്ടമോ  വാക്കോ  പറഞ്ഞിട്ടില്ലെന്ന് വീണ്ടും  ഉറപ്പിച്ചു... എന്നിട്ടും  സ്വസ്ഥത  കിട്ടിയില്ല..

  വെറുതെ  കരഞ്ഞു... എങ്ങോട്ടെങ്കിലും  ഇറങ്ങീപ്പോയാലോന്നു ഓര്‍ത്തു...  എവിടേയ്ക്ക്  എന്ന ചിന്ത  തളര്‍ത്തി..
  അന്ന്  ദേവ്  വിളിച്ചപ്പോള്‍  തലവേദന  ആണെന്നൂ പറഞ്ഞു  ഫോണ്‍  കട്ട് ചെയ്തു..തുടര്‍ന്നുള്ള  രണ്ടൂ ദിവസം  കൂടി  അത്  ആവര്‍ത്തിച്ചപ്പോള്‍  പിന്നീട്  അയാള്‍ വിളിച്ചില്ല..

തുടര്‍ന്നുള്ള  ദിവസങ്ങളില്‍  വൈശൂന്  ഉറങ്ങാന്‍  കഴിഞ്ഞില്ല....  അങ്ങോട്ടു ഒന്നു രണ്ടു തവണ വിളിച്ചപ്പോള്‍  ഫോണ്‍  അറ്റന്‍റ് ചെയ്തതുമില്ല...  വിശപ്പും  ദാഹവുമില്ലാതെ രണ്ടുദിവസം   കടന്നു പോയി..  മൂന്നാമത്തെ  ദിവസം  ദേവിന്റെ  വണ്ടി വീട്ടിലേക്ക്  വരുന്നതു  കണ്ട  വൈശു  ഓടി  അവന്റെ  അടുത്തേക്ക്  ചെന്നു...  വണ്ടിയില്‍  നിന്നും  ഇറങ്ങി വന്ന  അവനെ  കെട്ടിപിടിച്ചു   കരഞ്ഞു...ആദ്യം  ഒന്നു  അമ്പരന്ന  അയാള്‍  അവളെ  ചേര്‍ത്തു പിടിച്ചു..

കുറേ സമയം  കഴിഞ്ഞപ്പോള്‍  അവനില്‍  നിന്നും  വിട്ടകന്നു  അകത്തേക്ക്  പാഞ്ഞൂ....   ആഹാരം  കഴിക്കുമ്പോഴും  മൗനം പൂണ്ടിരിക്കുന്ന  അവളെ   അയാള്‍  ഇടയ്ക്കിടെ  പാളി നോക്കികൊണ്ടിരുന്നു...

   ആഹാരത്തിന് ,ശേഷം  അകത്തേക്ക്  പോകാന്‍ തുടങ്ങിയ  അവളെ  ദേവ്  അടുത്തേക്ക് വിളിച്ചു..
  
 മുഖത്തേക്ക് നോക്കാന്‍ ഭയന്നു  താഴേക്ക് നോക്കി  അവള്‍ നിന്നു... തന്റെ കണ്ണുകളില്‍ നിന്നും  അവന്‍ കാര്യങ്ങള്‍  മനസിലാക്കുമോ  എന്നവള്‍ക്ക് പേടി  ഉണ്ടായിരുന്നു...

''  നീയെന്താ  മുഖത്ത്  നോക്കാത്തത്.. ''

തലവേദന   മാറിയോ.. ''

''ഉം  '' 

 ''  എന്താ  പ്രശ്നം..''

  അവന്റെ  മുന്നില്‍ ഒന്നും  പറയാന്‍  കഴിയാതെ  അവള്‍  ഉരുകി...  അവന്റെ  കല്യാണം  കഴിഞ്ഞതാണോന്ന്   ചോദിക്കണമെന്നുണ്ട്.. പക്ഷേ   ആണെന്നു  പറയുമ്പോള്‍  തന്റെ കണ്ണുകള്‍ തന്നെ  ചതിക്കും..

  കൂടുതല്‍ നേരം  അവിടെ നില്‍ക്കാതെ  തിരിച്ചു പോരാന്‍ തുടങ്ങിയ  അവളെ   കൈയ്യില്‍  പിടിച്ചു  അടുത്ത   കസേരയില്‍  ഇരുത്തി..

  ''  തനിക്ക്  ഇവിടെ  എന്തെങ്കിലും  ബുദ്ധിമുട്ട് ഉണ്ടോ... അതോ  ശാരീരികമായി  അസ്വസ്ഥത വല്ലതും..''

  ആകാംക്ഷയോടെയാണ്   ചോദിച്ചത്...

'' ഞാന്‍  എങ്ങോട്ടെങ്കിലും  പൊയ്ക്കോട്ടെ..  '' അവള്‍  മറുചോദ്യം  ഉന്നയിച്ചു..

  ''  എങ്ങോട്ടേക്കാ...  എന്തിനാ.. ?

 ഉത്തരമില്ലാതെ  അവള്‍  ഇരിക്കുന്നതും  നോക്കി  അവന്‍  ഇരുന്നു..  പതിവില്ലാതെ   അടുത്ത  ദിവസം രാവിലെ തന്നെ  അയാള്‍  മടങ്ങിയത്  അവള്‍ക്ക് വിഷമം   ഉണ്ടാക്കിയെങ്കിലും തടയാന്‍ ശ്രമിച്ചില്ല...

പിന്നെയും  ദിവസങ്ങള്‍ ... വൈശൂ  മനസ്സിനെ ബോധ്യപെടുത്താന്‍  ശ്രമിച്ചു കൊണ്ടേയിരുന്നു... പക്ഷേ   അകലാന്‍ ശ്രമിക്കുമ്പോള്‍  ആണ്  പ്രണയം  കൂടുതല്‍ വലിച്ചടുപ്പിക്കുന്നതെന്ന  സത്യത്തിന്  മുന്നില്‍ അവള്‍  പകച്ചു പോയി...  രക്ഷിക്കാന്‍  ശ്രമിച്ച  അവന്  ഒരു  ബാധ്യതയാകാനും  മടിച്ചു..തീരുമാനം  എടുക്കാനാവാതെ  ദിവസങ്ങളോളം    വിഷമിച്ചു..ഒടുവില്‍   ദേവിന്റെ  ഫോണ്‍  എടുക്കേണ്ട  എന്നു  ഉറപ്പിച്ചു..

തുടര്‍ന്നുള്ള ദിവസങ്ങളില്‍  ഫോണ്‍  അറ്റന്‍റ്  ചെയ്തില്ല..  അന്ന്  അവന്‍  പല തവണ വിളിച്ചെങ്കിലും ഫോണ്‍  അറ്റന്‍റ്  ചെയ്തില്ല..

   അടുത്ത  ദിവസം  അയാള്‍ വീട്ടിലെത്തിയെങ്കിലും വൈശു  അയാളെ  ശ്രദ്ധിക്കാന്‍ പോയില്ല..

 ''  വൈശൂ.. നിനക്ക്  എന്താ  പറ്റിയത്... എന്തിനാ  ഇങ്ങനെയൊക്കെ  കാണിക്കുന്നത്.. ''

  അയാളുടെ  സ്വരത്തില്‍  സങ്കടം  നിറഞ്ഞിരുന്നു ..

എന്തിനാ  ഇങ്ങനെ  കാണിക്കുന്നത്... ആ ചോദ്യം പലതവണ  സ്വയം ചോദിച്ചതാണെന്ന്  അവള്‍ ഓര്‍ത്തു...

  ''  എനിക്കു  നിങ്ങളോട്  പ്രണയമാണ്‌...  തെറ്റാണെന്ന്  അറിയാം..  എന്നെ  രക്ഷിക്കാന്‍ ശ്രമിച്ച നിങ്ങളോട് കാട്ടുന്ന   ഇങ്ങനെ തോന്നുന്നത്  ശരിയല്ലെന്നും  അറിയാം..

അതൊക്കെ   ഞാന്‍  എന്നെ തന്നെ    പറഞ്ഞു   മനസ്സിലാക്കാന്‍  ശ്രമിച്ചു  പരാജയപെട്ടതാണ്....  നിങ്ങള്‍ക്ക്  ഒരു കുടുംബം  ഉണ്ട്.. അത് തകര്‍ക്കാന്‍  ആഗ്രഹമില്ല.. പക്ഷേ നിങ്ങളെ  മറക്കാനും  കഴിയുന്നില്ല..  ഞാനെന്താ ചെയ്യേണ്ടത്...''

  അത്രത്തോളം  നിസ്സഹായതയോടെ  അവള്‍  പറയുന്നത്  കൗതുകത്തോടെയാണ്  അയാള്‍ നോക്കി  കൊണ്ടിരുന്നത്...

    ''  എനിക്കു  ഭാര്യയുണ്ട്.. കുടുംബം  ഉണ്ട്...  പക്ഷേ  അതുകൊണ്ട്  നിന്നെ  മറക്കാനോ  ഇവിടെ നിന്നും  ഇറക്കി വിടാനോ  ഞാന്‍  ഒരുക്കം  അല്ലെങ്കിലോ..  ''

  മനസ്സിലുള്ളത്  തുറന്നു പറഞ്ഞ  ആശ്വാസത്തോടെ  അവന്റെ  തീരുമാനത്തിനായി  ചെവിയോര്‍ത്തിരുന്ന  അവള്‍ക്ക്  അയാള്‍  പറഞ്ഞത്  ആദ്യം മനസ്സിലായില്ല...    

  '' വൈശൂ.. നിനക്ക്  ഓര്‍മ്മയില്ലാത്ത  അവസരം  മുതലെടുത്തു  എന്ന കുറ്റബോധം  തോന്നാതെ  ഇരിക്കാനാണ്  ഞാന്‍ എന്റെ  ഇഷ്ടം  മറച്ചു വെച്ചത്....  നീ  പറഞ്ഞ  ലക്ഷ്‌മിയക്കയും മണിയണ്ണനും  വഴിയൊക്കെ  നിന്നെ  പറ്റി  അറിയാന്‍ ശ്രമിച്ചു..നിരാശയായിരുന്നു  ഫലം...

     ഒരു  കുടുംബം ഉള്ള  ഞാന്‍  നിന്നെ  സ്നേഹിക്കുന്നത്  ശരിയല്ലല്ലോ..  അതൊക്കെ കൊണ്ടാണ്  ഞാന്‍  ഒഴിഞ്ഞു  മാറി നടന്നത്... അതൊരിക്കലും  നിന്നോടുള്ള  ഇഷ്ടക്കേല്ല.... ''

അവന്‍  പറഞ്ഞു  അവസാനിക്കും മുന്നേ  അവള്‍  അവനോട്  ചേര്‍ന്നു നിന്നു തേങ്ങി  കരഞ്ഞു....

      ''  വൈശൂ.. നീ  ഉറങ്ങുന്നില്ലേ...''
 
 ദേവിന്റെ  ശബ്ദമാണ്  ചിന്തയില്‍ നിന്നും  ഉണര്‍ത്തിയത്...  കഴുത്തിലെ  താലിമാല    ചേര്‍ത്തു പിടിക്കുമ്പോഴും  അവള്‍ വെറുതെ വീതുമ്പി കൊണ്ടിരുന്നു...

     
To Top