ഗവണ്മെന്റ് ജോലി കിട്ടിയിട്ട് ആറു മാസം പോലും തികഞ്ഞില്ലല്ലോ അപ്പോഴേക്കും നീ വിവാഹത്തിന്...

Valappottukal



രചന: ഗിരീഷ് കാവാലം

"മോളെ നീ എന്താ ഈ പറയുന്നത് നിനക്ക് ഗവണ്മെന്റ് ജോലി  കിട്ടിയിട്ട് ആറു മാസം പോലും തികഞ്ഞില്ലല്ലോ അപ്പോഴേക്കും നീ വിവാഹത്തിന് ഒരുങ്ങുകയാണോ. നിന്റെ താഴെ രണ്ട് അനിയത്തിമാർ അല്ലെ.."

"പഴയതുപോലെ അച്ഛന് ഇപ്പൊ പണിക്ക് പോകാൻ കഴിയുന്നുണ്ടോ. ഇതെല്ലാം അറിയാവുന്ന നീ...."

അമ്മ സുമതി ആദ്യമായിട്ടായിരുന്നു അന്ന് ഗോപികയോട് അനിഷ്ടത്തോടെ സംസാരിച്ചത് 

കുറച്ച് കാലത്തേക്കെങ്കിലും കൈവന്ന സാമ്പത്തിക ഭദ്രത പെട്ടന്ന് തട്ടി തെറിച്ചു പോകുവാണെന്നുള്ള ഞെട്ടലിൽ ആയിരുന്നു ഗോപിക ഒഴിച്ചുള്ള മറ്റെല്ലാവരും 

"ചേച്ചിക്ക് ഇപ്പൊ ഇരുപത്തേഴ്‌ വയസ്സല്ലേ ആയുള്ളൂ.. നമ്മുടെ സുഭദ്ര അക്കയുടെ മൂത്ത മകൾക്ക് ജോലി കിട്ടിയത് മുപ്പതാമത്തെ വയസ്സിലാ പിന്നെയും എത്ര നാൾ കഴിഞ്ഞാ കല്യാണം കഴിഞ്ഞത്.."

" അത്രയൊക്കെ വേണ്ടെങ്കിലും കുറച്ച് നാൾ സ്വന്തം വീട്ടുകാർക്ക് ഒരു സഹായം എന്ന രീതിയിൽ.....വീട്ടുകാരെ രക്ഷിക്കണം എന്ന ചിന്ത ഉള്ളവർ എല്ലാം അങ്ങിനെയാ ചേച്ചി ചെയ്യുന്നത് "

"ഓ.. ഇത്രയും ഉത്തരവാദിത്ത ബോധം ഉള്ള നിനക്ക്  എന്റെ കൈയ്യിലുള്ളതല്ലാതെ എത്ര ബുക്കുകൾ കൂടി വാങ്ങി തന്നു..നീ അതൊന്നു മറിച്ചു നോക്കുക കൂടി ചെയ്തില്ലല്ലോ"

"തന്നെയുമല്ല എന്റെ കൂട്ടല്ലല്ലോ നീ.. തട്ടീം മുട്ടിയും ബികോം പാസ്സായ ശേഷം അധ്വാനിച്ചു പഠിച്ചതുകൊണ്ട് മാത്രം അല്ലെ എനിക്ക് ജോലി കിട്ടിയത് "

"നീയോ... Bsc മാത്‍സ് ഒരുമാതിരി നല്ല മാർക്കൊടെ പാസ്സ് ആയ നിനക്ക് ഒന്ന് മനസ്സ് ഇരുത്തി പഠിച്ചാൽ പാസാകാവുന്നതല്ലേയുള്ളൂ.."

"പേരിനു ഒരു ടെസ്റ്റ്‌ എഴുതിയ ശേഷം കൈ പൊക്കി...ഒരു പ്രൈവറ്റ് ഫിനാൻസ് സ്ഥാപനത്തിൽ ജോലി കിട്ടിയെന്നുവച്ച് ജീവിതം ആയെന്ന് ധരിക്കരുത് "

"എന്താ ചെയ്യേണ്ടതെന്ന് മനസ്സിലാക്കാൻ ഉള്ള ബോധവും വിവരവും എനിക്കുണ്ട്.. ചേച്ചി... ചേച്ചി അതിനെപ്പറ്റിയൊന്നും ചിന്തിക്കേണ്ട "

ഗോപികയുടെ ചോദ്യത്തിനുള്ള മറുപടിയിലെല്ലാം അവളോടുള്ള അനിഷ്ടം ശ്രുതിയിൽ പ്രകടമായിരുന്നു 

ഇരുപത്തിയേഴ് വയസ്സ് മാത്രം ഉള്ള ഗോപികയുടെ ആ തീരുമാനം ബന്ധുക്കൾക്കും നാട്ടുകാർക്കും ആർക്കും അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല, അവർ എല്ലാവരും അവളെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഗോപിക വഴങ്ങിയില്ല 

"കാള പെറ്റൂന്ന് കേൾക്കുമ്പോ കയറെടുക്കുന്ന പോലെയാ അമ്മേ നിങ്ങൾ എല്ലാവരും സംസാരിക്കുന്നെ "

"മറ്റുള്ളവർ പറഞ്ഞത് കേട്ടിട്ടാണോ എനിക്ക് ജോലി കിട്ടിയത് "

"അമ്മേ ഇവിടെ നിന്ന് പോയാലും വീട്ട് ചിലവൊക്കെ  ഞാൻ തന്നെ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ "

"എന്നാലും അതിനെല്ലാം ഒരു പരിമിതി ഇല്ലേ മോളെ "

"അമ്മയെന്തിനാ ചേച്ചിയോട് ഇങ്ങനെ പറയുന്നേ..."

"ചേച്ചിയുടെ ഇഷ്ടം പോലെ നടക്കട്ടെ "

 ശ്രുതിയാണ് പറഞ്ഞത് 

മൂന്നാമത്തവൾ ഡിഗ്രിക്ക് പഠിക്കുന്ന സ്മിതക്ക് പ്രത്യേകിച്ച് ഒരു അഭിപ്രായവും പറയാൻ ഉണ്ടായിരുന്നില്ല 

"മക്കളെ അച്ഛൻ ഇതുവരെയും ഒരു അഭിപ്രായവും പറഞ്ഞില്ലല്ലോ... എന്നാ ഞാൻ പറയുവാ "

"അവളുടെ വിവാഹം ചെറുക്കൻ കൂട്ടരുടെ അഭിപ്രായം പോലെ ഈ ചിങ്ങത്തിൽ തന്നെ നടക്കട്ടെ"

"പിന്നെ സ്വർണം ഇങ്ങോട്ട് ഇട്ട് കെട്ടിക്കൊളാം അവർക്ക് പെണ്ണ് മാത്രം മതിയെന്നല്ലേ പറഞ്ഞിരിക്കുന്നത് അതവിടെ നിക്കട്ടെ കഴിയാവുന്ന സ്വർണം ഇട്ട് അവളെ നമ്മൾ കെട്ടിക്കും "

"പിന്നെ അവൾ വീട് നോക്കിക്കോളാമെന്നും പറഞ്ഞല്ലോ "

വിവാഹം അടുത്ത് വന്നതും ശ്രുതി ഉൾപ്പെടെ എല്ലാവരുടെയും പിണക്കങ്ങൾ ഒക്കെ മാറി 

വിവാഹം അധികം ആർഭാടങ്ങൾ ഇല്ലാതെ മിതമായ രീതിയിൽ നടന്നു 

വിവാഹം കഴിഞ്ഞതും ശ്രുതിയുടെ മനസ്സിൽ  വാശി വളരുകയായിരുന്നു 

ഊണും ഉറക്കവും കളഞ്ഞായാലും ഒരു ഗവണ്മെന്റ് ജോലി നേടുക 

ചേച്ചി വാങ്ങി തന്ന ബുക്കുകൾ ഒക്കെ അവൾ വായിച്ചു പഠിക്കാൻ തുടങ്ങി ഒപ്പം PSC കോച്ചിങ്നും ചേർന്നു 

ഫിനാൻസ് സ്ഥാപനത്തിലെ തല പുണ്ണാക്കുന്ന ജോലിക്ക് ശേഷം ആറര ഏഴുമണിയോടെ വീട്ടിൽ എത്തുന്ന ശ്രുതി  വിശ്രമം എടുക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു 

ഇനി ഒരു ടെസ്റ്റ്‌ എഴുതിയാൽ അത്ര തരക്കേടില്ലാത്ത മാർക്ക് സ്കോർ ചെയ്യാൻ പറ്റും എന്ന ആത്മവിശ്വാസം കിട്ടുന്ന നിലയിലേക്ക് അവളുടെ പഠനം എത്തിച്ചേർന്നു നിൽക്കവേ ആണ് അവൾ ഒരു ദിവസം ഓഫീസിൽ ബോധം കെട്ടു വീണത് 

പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചു വിശദപരിശോധനകൾ നടത്തിയ ശേഷം ഡോക്ടർ പറഞ്ഞു 

"ഒന്നും ഇല്ല... ശരീരത്തിനേക്കാൾ കൂടുതൽ മൈൻഡ് ന് അദ്ധ്വാനം കൂടിയതുകൊണ്ട് സംഭവിച്ചതാ.. മൈൻഡ് ന് റസ്റ്റ്‌ കൊടുക്കണം ട്ടോ...."

"ശ്രുതി നിനക്ക് ജോലി കിട്ടണമെങ്കിൽ നീ ഇപ്പൊ പോകുന്ന ജോലി നിർത്തി പഠിത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം അതല്ലെങ്കിൽ പഠിത്തം നിർത്തി ജോലിക്ക് പോകണം രണ്ടും കൂടി ഇനി ചെയ്തു ആരോഗ്യ പ്രശ്നങ്ങൾ വിളിച്ചു വരുത്തരുതേ "

"അയൽവക്കത്തുള്ള റിട്ടയർ ചെയ്ത വസന്ത ടീച്ചർ ആണ് പറഞ്ഞത് "

"ഞാൻ ജോലിക്ക് പോകുന്നില്ല ആന്റി ..."

ഉള്ളിന്റെ ഉള്ളിൽ നിന്ന് വന്ന ഉറച്ച വാക്കുകൾ ആയിരുന്നു അത് 

"അപ്പൊ മോളെ......

ആശങ്കയോടെ അമ്മ പറഞ്ഞു 

"വീട്ട് ചിലവിനുള്ളതൊക്കെ ഗോപിക തരുന്നുണ്ട്... ചിട്ടിക്ക് അടക്കുന്നതും, പിന്നെ അല്ലാതെയുള്ള ചിലവൊക്കെ എങ്ങനെ നടക്കും, നിന്റെ പഠിത്തത്തിനൊക്കെയും കാശ് വേണ്ടേ.."

"അവൾ പഠിക്കട്ടെ ചേച്ചി... കഷ്ടത അറിഞ്ഞു പഠിക്കുന്നവർ രക്ഷപെടാതിരുന്നിട്ടില്ല.. പൈസ ഒക്കെ ഞാൻ തരാം.. ലോൺ ആണെന്ന് കരുതിയാ മതി.. എല്ലാത്തിനും കണക്ക് കാണും, തിരിച്ചു തരാൻ പറ്റുന്ന സമയത്ത് തന്നാലും മതി "

"ശരി ആന്റി...

ദൃഡ്ഢതയുള്ള വാക്കുകൾ ആയിരുന്നു ശ്രുതിയുടെ 

പ്രതീക്ഷിച്ചതുപോലെ തന്നെ ആദ്യ ടെസ്റ്റിൽ LDC യുടെ ടോപ് റാങ്ക് ലിസ്റ്റിൽ തന്നെ ശ്രുതിയും കടന്നുകൂടി 

വളരെ നാളുകൾക്ക് ശേഷം സന്തോഷം തിരിച്ചെത്തിയ ദിവസം ആയിരുന്നു ആ വീട്ടിൽ 

"ഇനി ചേച്ചി ഞങ്ങളെ സഹായിച്ചു ബുദ്ധിമുട്ടണം എന്നില്ല "

ശ്രുതിയുടെ അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടിയ ശേഷം ഒരുപാട് നാളുകൾക്ക് ശേഷം ഗോപികയെ മൊബൈലിൽ അങ്ങോട്ട് വിളിച്ച ശ്രുതി പറഞ്ഞു 

"മാത്രവും അല്ല എന്റെ കുടുംബവും താഴെയുള്ള കൂടെപ്പിറപ്പും ഒരു നിലയിലാകാതെ ഞാൻ വിവാഹവും കഴിക്കില്ല "

വീട്ടുകാർ എല്ലാവരുടെയും മുന്നിൽ വെച്ചാണ് ശ്രുതി അങ്ങനെ പറഞ്ഞത് 

അത് കേട്ടതും മറുതലക്കൽ ഗോപിക ഒന്നും പറയാനാകാതെ സ്തംഭിച്ചു നിന്നുപോയി 

ഇത്രയും അവൾ പ്രതീക്ഷിച്ചിരുന്നില്ല..

ഫോൺ കട്ട്‌ ആയി 

"ശ്രുതി... നീ അങ്ങനെ പറയരുതായിരുന്നു... ദൈവമായി കൈയ്യിലേക്ക് വച്ചു തന്ന സൗഭാഗ്യത്തിൽ അഹങ്കരിക്കല്ല് "

അല്പം മാറ്റി നിർത്തിയാണ് വസന്ത ടീച്ചർ ബാക്കി പറഞ്ഞത് 

".ഗോപിക...അവളാണ് ശരി..."

"ഞാൻ നിനക്ക് തന്ന പൈസ അവളുടെയാ... അവൾ ആണ് എന്നെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്... നിന്റെ പഠിക്കാൻ ഉള്ള കഴിവ് ഒരു പ്രൈവറ്റ് ധനകാര്യ സ്ഥാപനത്തിൽ തളച്ചിടപ്പെടാതിരിക്കാൻ ബുദ്ധിപൂർവം ആണ് അവൾ ചിന്തിച്ചത് "

"പിന്നെ വേറെ ഒരു കാര്യം.. അവൾക്കും ഉടനെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നു.."

"അന്നൊരു ദിവസം  ഒരു ആലോചനയുമായി ആദ്യമായി ബ്രോക്കർ വന്നില്ലായിരുന്നോ. വെളിയിൽ നിന്നു അവിചാരിതമായി വീട്ടിലേക്കു വന്ന ഗോപിക അവിടെ നടന്ന സംസാരം കേൾക്കുവാൻ ഇടയായി.. അതാണ്‌ കാരണം "

"ബ്രോക്കറേ അവൾക്ക് ഇരുപത്തിയേഴ്‌ വയസ്സല്ലേ ആയുള്ളൂ... പിന്നെ പെൺകുട്ടികൾക്ക് ഗവണ്മെന്റ് ജോലി കിട്ടിയാൽ ആരാ പെട്ടന്ന് കല്യാണം കഴിപ്പിച്ചു വിടുന്നെ.. "

"കുറഞ്ഞത് ഒരു മൂന്ന് നാല് വർഷം കഴിഞ്ഞേ ഞങ്ങൾ വിവാഹത്തെ പറ്റി ചിന്തിക്കുന്നുള്ളൂ "

എല്ലാവരുടെയും മുന്നിൽ വച്ച് രാധമാമൻ ബ്രോക്കറോട് പറഞ്ഞ വാക്കുകൾ ശ്രുതിയുടെ മനസ്സിൽ തെളിഞ്ഞു വന്നു 

"ശരിയാണ്...ഗോപികേച്ചി അങ്ങനെ ചിന്തിച്ചില്ലായിരുന്നെങ്കിൽ, ഗോപികേച്ചിയുടെ കല്യാണവും നടക്കില്ല എനിക്ക് ജോലി നേടാനുള്ള വാശിയും ഉണ്ടാകില്ലായിരുന്നു "

ശ്രുതിയുടെ മുഖം പെട്ടന്ന് മാറി.. ഗോപികയോടുള്ള അവളിലെ ഇഷ്ടക്കേട് അലിഞ്ഞില്ലാതായി 

"ചേച്ചി... ചേച്ചിപറഞ്ഞതാ ന്യായം ഗോപികേച്ചി അത്ര ആള് കളിക്കേണ്ട...ഞാൻ ചേച്ചിക്ക് സപ്പോർട്ട് ഉണ്ട് "

ഇതൊന്നും അറിയാതെ അപ്പോൾ അങ്ങോട്ട്‌ വന്ന ഏറ്റവും ഇളയവൾ സ്മിത, ശ്രുതിയുടെ തോളത്തു പിടിച്ചുകൊണ്ട് പറഞ്ഞു 

എന്തോ ആലോചിച്ച ശേഷം സ്മിതയെ സൂക്ഷിച്ചു നോക്കിയ ശ്രുതി അവളോട് പറഞ്ഞു 

"നീ അങ്ങോട്ട് മാറി നിന്നെ.. ഒരു പേർസണൽ കോളാ..."

മാറി നിന്ന സ്മിതയെ സൂക്ഷിച്ചു നോക്കിയ ശ്രുതിയുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.. അപ്പോഴേക്കും  അവളുടെ മൊബൈലിൽ നിന്നും ഒരു കാൾ പോകുന്നുണ്ടായിരുന്നു 

ഗോപികക്കായിരുന്നു ആ കാൾ പോയത്....
To Top