ഭർത്താവ്, പാർട്ട് 6

Valappottukal



രചന: ജംഷീർ പറവെട്ടി

"ഏയ് വേണ്ടച്ഛാ.. നമുക്ക് ഒരുമിച്ച് പോകാം.. അത് മതി.."
"അതല്ല.. മോളേ.. അപ്പുവിന് ഇവിടെ നിൽക്കുന്നതൊന്നും അത്ര നല്ലതല്ല..
അത് കൊണ്ടാണ്.. അവനെ ഒറ്റയ്ക്ക് അവിടെ നിർത്തുന്നതും ശരിയല്ലല്ലോ.. ഞാനൊരു ടാക്സി ഏർപ്പാടാക്കി തരാം..."
"അമ്മേ... എന്താണ് ചെയ്യേണ്ടത്... അമ്മയെ ഒറ്റയ്ക്കാക്കി പോവണോ.. അമ്മ തന്നെ പറയൂ..."
രാധിക അങ്ങനെ ചോദിക്കും എന്നവർ കരുതിയിരുന്നില്ല..
അവരച്ഛനെ നോക്കി..
എന്ത് വേണമെങ്കിലും പറഞ്ഞോളൂ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു.
"ആ... നിങ്ങള് പോയി വന്നോളൂ.. നാളെ ഉച്ച കഴിഞ്ഞു വന്നാലും മതീല്ലോ ല്ലേ.."
"ഓഹ് മതി"
അച്ഛനോടൊപ്പം അപ്പുവിന്റെയും രാധികയുടെയും മുഖം തെളിഞ്ഞു വന്നു..
അമ്മയുടെ അനുവാദത്തോടെ അവർ രണ്ടുപേരും വീട്ടിലേക്ക്...
വരാൻ പോകുന്ന ദുരന്തങ്ങൾ ഒന്നുമറിയാതെ,
തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ വരാൻ പോകുന്നത് മനസിൽ കണ്ട് ആ അംബാസഡർ കാറിന്റെ പിൻസീറ്റിൽ തൊട്ടുരുമ്മി ഇണക്കുരുവികളായി ഇരുന്നു..

********************

ഡോക്ടറുടെ വാക്കുകൾ കേട്ട് മേനോന്റെ മനസ്സ് ആകെ പതറിയിരുന്നു...
ഭാര്യയെ അത്രയേറെ സ്നേഹിക്കുന്നുണ്ട് ആ മനസ്.
ഭാര്യ ആയാലും ഭർത്താവ് ആണെങ്കിലും തന്റെ പാതിക്ക് എന്താപത്ത് വന്നാലും വേദനിക്കുന്നത് നമ്മുടെ മനസ്സാവും...
ശരീരത്തില് വേദന അനുഭവിക്കുന്നതിനേക്കാൾ ഭയാനകമാണ് ഹൃദയത്തിന്റെ വേദന...
ഹൃദയം പൊട്ടി പോവും...

ഒരു വിധം അയാൾ പിടിച്ച് നിന്നു...
ഡോക്ടറുടെ അടുത്ത് നിന്നും വന്നപ്പോൾ തന്റെ ഭാര്യയെ ഒറ്റയ്ക്കൊന്ന് ലഭിക്കണമെന്ന് തോന്നി..
അതിനയാൾ മക്കളെ ഭക്ഷണം കാന്റീനിൽ പോയി കഴിക്കാൻ പറഞ്ഞു വിട്ടു..
മക്കൾ പോയതോടെ വാതിലടച്ചു വന്നു..
ഭാര്യയുടെ അടുത്തിരുന്നു...
തന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കി ഇരിക്കുന്ന ഭർത്താവിനെ കണ്ട് അമ്മയ്ക്ക് ദേഷ്യം വന്നു..
"നിങ്ങളെന്താ മനുഷ്യാ.. എന്നെ ആദ്യമായി കാണാണോ..."
അദ്ദേഹം ഒന്നും മറുപടി പറഞ്ഞില്ല.
പകരം അവരെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
സ്നേഹം നിറഞ്ഞൊഴുകി അവരുടെ മേൽ..
ഈ അടുത്ത കാലത്തൊന്നും തന്റെ ഭർത്താവ് തനിക്ക് ഇത്രയേറെ സ്നേഹം പകർന്നു തന്നിട്ടില്ല.. 
നെഞ്ചില് ചേർത്ത് പിടിച്ച് നെറുകയിൽ അദ്ദേഹത്തിന്റെ ചുണ്ടുകൾ പതിഞ്ഞപ്പോൾ കൂടെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ നീർതുള്ളികൾ.., അവരുടെ മനസ്സിൽ സന്തോഷത്തേക്കാൾ ഭീതിയാണ് ഉടലെടുത്തത്..
പെട്ടെന്ന് ഇങ്ങനെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്നത് എന്തിനാണ്..
അവരുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു...
തന്റെ ഭർത്താവിന്റെ ഹൃദയം വിങ്ങുന്നത് അവർ ശരിക്കും അറിഞ്ഞു.
"എന്താണ് ഡോക്ടർ പറഞ്ഞത്... എന്തെങ്കിലും പറഞ്ഞ് പേടിപ്പിച്ചോ... എനിക്കൊന്നുമില്ല... ഞാൻ വെറുതെ വേദനയുണ്ടെന്ന് പറഞ്ഞതാണ്.... നിങ്ങളെയൊക്കെ വെറുതെ പേടിപ്പിച്ചതാണ്, എനിക്കൊന്നുമില്ല..."
കൊച്ചുകുട്ടികളെ പോലെ അദ്ദേഹം ഭാര്യയെ കെട്ടിപ്പിടിച്ച് കരഞ്ഞു..
ഇത്രയും നേരം തന്റെ മനസ്സിൽ ഇരുന്ന് വിങ്ങിയ സങ്കടം അണപൊട്ടിയൊഴുകി.
തന്റെ പ്രിയതമൻ ഇങ്ങനെ കരയുന്നത് അവർ ഇത്രയും കാലമായി കണ്ടിട്ടില്ല..
അവർക്ക് കൂടുതൽ ആധിയായി..
"നിങ്ങൾ എന്തായാലും പറയൂ..."
"ഒന്നുമില്ല... ഒന്നുമില്ല.."
"ഒന്നും ഇല്ലാതെ വെറുതെ നിങ്ങളിങ്ങനെ കരയില്ല.. എന്തായാലും പറയൂ... ഞാനറിയാതെ ഒരു രഹസ്യവും ഇന്ന് വരേയും നിങ്ങൾക്കുണ്ടായിട്ടില്ല... ഇനിയിപ്പോഴായിട്ട് അങ്ങനെ വേണ്ടാ...."
"എന്റെ മരണം വരേയും നീ കൂടെയുണ്ടാവണം... അത് മാത്രം മതി എനിക്ക്... ഉണ്ടാവില്ലേ.. നീ എന്റെ കൂടെ..... ഞാൻ മരിക്കുമ്പോൾ നിന്റെ മടിയിൽ തലവെച്ച് കിടക്കണമെന്നായിരുന്നു എന്റെ സ്വപ്നം അംബൂ......"
അവരദ്ധേഹത്തിന്റെ മുഖം കൈകളിൽ ഒതുക്കി പിടിച്ച് ആ കണ്ണുകളിലേക്ക് നോക്കി....
"ഈ.. മനസ് എനിക്കറിയാം... എന്റെ കാര്യത്തിലാണ് ഇങ്ങനെ നീറുന്നത് എന്നും അറിയാം... ആ കാരണം ഒന്നറിഞ്ഞാൽ മാത്രം മതി.."
"അംബൂ...."
സ്നേഹം നിറഞ്ഞു തുളുമ്പി നിൽക്കുന്ന നേരത്ത് അദ്ദേഹം വിളിക്കുന്നതാണ് അംബു എന്നിവർക്കറിയാം.. അത് കൊണ്ട് തന്നെ അവർക്ക് എന്തോ പന്തികേട് തോന്നി.
അവരദ്ധേഹത്തെ നിർബന്ധിച്ചു കൊണ്ടിരുന്നു..
ഒടുവിൽ ഡോക്ടർ പറഞ്ഞത് അയാളവരോട് പറഞ്ഞു...
ഒരു നിമിഷം അവരുടെ ഹൃദയം നിശ്ചലമായ പോലെ...
അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവർ...
"എനിക്ക്.... എനിക്ക്.... മരണം വരേയും ഇങ്ങനെ.. ഈ സ്നേഹം അനുഭവിക്കാൻ കഴിഞ്ഞാൽ മാത്രം മതി... എനിക്ക് പേടിയില്ല... മരണത്തെ എനിക്ക് പേടിയില്ല... നിങ്ങള് കരയല്ലേ... എനിക്ക് സങ്കടാവുന്നു..."
ആ രണ്ടു ഹൃദയങ്ങൾ പരസ്പരം ആശ്വസിപ്പിക്കാൻ പാട് പെട്ടു....
ഒത്തിരി നേരം അങ്ങനെ ഒന്നായ് ഇരുന്നു...
വാതിലിൽ മുട്ടുന്നത് കേട്ടാണ് അവരകന്നത്..
അകത്തേക്ക് വന്ന അപ്പുവും രാധുവും കാണുന്നത് അമ്മ കരയുന്നത്.. അങ്ങനെ അമ്മ കരയുന്നത് അവർ കണ്ടിട്ടേയില്ല.. അച്ഛൻ ആകെ വല്ലാതെയായി ഇരിക്കുന്നു.
അച്ഛൻ അമ്മയെ വഴക്ക് പറഞ്ഞു എന്ന് കരുതി അവർ.

മേനോനും ഭാര്യക്കും  സംസാരിക്കാനും പരസ്പരം ആശ്വസിപ്പിക്കാനും അപ്പുവും രാധികയും തടസ്സമായി തോന്നി..
അതിനാണവരെ വേഗം വീട്ടിലേക്ക് പറഞ്ഞയച്ചത്...

*********************

അംബാസഡർ കാർ നന്ദനം എന്നെഴുതിയ ഗെയ്റ്റ് കടന്ന് മുറ്റത്തേക്ക് ചെന്നു നിന്നപ്പോഴേക്കും
കല്യാണി ഏടത്തിയും മറ്റും ഓടി വന്നു.
"അച്ഛനും അമ്മയും എന്തേ മക്കളേ..."
അവരോട് വിവരങ്ങൾ പറഞ്ഞു.
"മക്കള് വേഗം പോയി ഡ്രസ്സ് മാറി വരൂ.. അപ്പോഴേക്കും ഞാൻ ചായ എടുത്തു വെക്കാം.."
"ആ.. ഏടത്തീ.."

"രാധൂ.. ഞാനൊന്ന് കുളിച്ച് വരാം ട്ടോ.."
"ആ..."
അപ്പു അമ്മയുടെ റൂമിലേക്ക് പോയി...

രാധിക തന്റെ റൂമിലേക്ക് നടന്നു..
എല്ലാം ഒന്ന് കൂടി അടുക്കി വെച്ചു..
പുതിയ ബെഡ്ഷീറ്റ് എടുത്തു വിരിച്ചു...
ചന്ദനത്തിന്റെ സുഗന്ധമുള്ള അഗർബിത്തി കത്തിച്ചു വെച്ചു...
അവളും ഫ്രഷായി.. ഡ്രസ് മാറി..

പുറത്തിറങ്ങിയ അവൾക്ക് ഇങ്ങോട്ട് വരുന്ന അപ്പുവിനെ കണ്ടപ്പോൾ തന്നെ ഹൃദയം തുടിച്ചു...
"അപ്പൂ... രാധൂ... വന്നു വന്ന് ചായ കുടിച്ചു പൊയ്ക്കോളൂ..."
അപ്പുവിന്റെ മുഖത്ത് നൈരാശ്യം..
"വാ... അപ്പൂ... ചായ കുടിച്ചാൽ പിന്നെ നമ്മള് ഫ്രീ ആണല്ലോ... വാ.. അവരവിടെ കാത്തു നിൽക്കുന്നു..."

കല്യാണിയുടെ സ്പെഷ്യൽ കൊഴുക്കട്ടയും ചായയും... 

ആ ചൂടുള്ള ചായ എങ്ങനെയൊക്കെയോ വലിച്ച് കുടിച്ചു അപ്പു.
അവൻ തിടുക്കപ്പെട്ട് രാധികയുടെ റൂമിലേക്ക് പോയി..

രാധിക കുറച്ചു നേരം കൂടി അവരോട് സംസാരിച്ചിരുന്നു.
അവൾ റൂമിലേക്ക് ചെല്ലുമ്പോൾ അപ്പു അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു..... 
റൂമിന്റെ വാതിൽ അടച്ച് അവന്റെ അരികിലേക്ക് ചെന്നു...
മുന്നിൽ വന്ന് നിൽക്കുന്ന സൗന്ദര്യ ദേവതയെ അപ്പു ഒരു നിമിഷം നോക്കിനിന്നു...
അവളുടെ മനം മയക്കുന്ന സൗരഭ്യം നാസിക തുളച്ചു കയറുന്നു...
".. രാധൂ..."
"ഊം..."
ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു തന്റെ പ്രാണേശ്വരിയെ...
"രാധൂ... നിന്റെ കഴുത്തിൽ താലി കെട്ടിയതിന് ശേഷം ഇത്രയും കാലം നമുക്ക് ഇങ്ങനെ സ്വസ്ഥമായി ഇരിക്കാൻ പോലും അവസരം ലഭിച്ചിട്ടില്ല ല്ലേ..."
"ഊം..."
കഴിഞ്ഞു ദിവസങ്ങളിൽ അവരനുഭവിച്ച മനോഹരമായ നിമിഷങ്ങൾ വീണ്ടും പുനർജനിച്ചു..
അതോടൊപ്പം
സ്നേഹവും പ്രണയവും  സമം ചേർന്ന് പെയ്തു കൊണ്ടേയിരുന്നു.... കാമമെന്ന അരുവിയായി... ഇഴഞ്ഞും പുളഞ്ഞും ഒഴുകി കൊണ്ടിരുന്നു....
ആ തേനരുവിയുടെ ഓളങ്ങൾ കരയിലടിച്ച് പുളഞ്ഞു...
ഒടുവിൽ കുതിച്ചും കിതച്ചും ഒഴുകി ഒഴുകി സാഫല്യമെന്ന മഹാസാഗരത്തിലവർ ഒന്ന് ചേർന്നു....
........
"രാധൂ....."
"ഊം...."
അവന്റെ ആത്മസംതൃപ്തി അധരങ്ങളിൽ ചാലിച്ച് അവളുടെ സ്വപ്നങ്ങൾ സഫലമായി പൂത്തു നിൽക്കുന്ന കവിളിൽ കവിത വിരിയിച്ചു...

വിയർപ്പ് കണങ്ങൾ മഴപോലെ പെയ്തു നനഞ്ഞ മേനി
രണ്ട് പേരും വീണ്ടും കുളിച്ചു വൃത്തിയാക്കി...

രാത്രി ഭക്ഷണം കഴിക്കാൻ നേരം നാണം പൂത്ത മുഖങ്ങളുമായി പരസ്പരം സംസാരിക്കാൻ പോലും കഴിയാതെ അങ്ങോട്ടുമിങ്ങോട്ടും ഒളികണ്ണിട്ടു നോക്കുന്നുണ്ട് അവർ....
അവരുടെ അവസ്ഥ കണ്ടപ്പോൾ തന്നെ കല്യാണിയുടെ മനസ് നിറഞ്ഞു...
രാധുവും അപ്പുവും ഇടക്കിടെ പരസ്പരം നോക്കുന്ന നിമിഷങ്ങളിൽ രണ്ടു പേരുടെയും മുഖം ചുവന്നു തുടുത്തിരുന്നു...
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സംതൃപ്തി ആ മുഖങ്ങൾ പറയുന്നുണ്ടായിരുന്നു...
കല്യാണി ഏടത്തിയുടെ ഭക്ഷണത്തിന് നല്ല രുചി തോന്നി അവർക്ക്...

കല്യാണി നിർബന്ധിച്ച് അവൾക്ക് നൽകിയ പാൽ ഗ്ളാസുമായി രാധിക റൂമിലേക്ക് വരുമ്പോൾ അപ്പു തുടിക്കുന്ന ഹൃദയവുമായി അവളെ നോക്കി നിന്നു...
എത്ര കണ്ടാലും മതി വരാത്ത അത്രയും സുന്ദരമായ രാധുവിന്റെ മുഖം അപ്പുവിന്റെ നോട്ടം തട്ടി തന്റെ പ്രണയമായ സൂര്യനെ കാണുമ്പോൾ വിടരുന്ന സൂര്യകാന്തി പൂവിനെ പോലെ വിടർന്നു വന്നു....
അവളുടെ കൈയിൽ നിന്ന് പാൽഗ്ളാസ്സ് വാങ്ങി അപ്പു തന്നെ അവളെ കുടിപ്പിച്ചു...
"മതി.. അപ്പൂ... എനിക്ക് മതി..." 
അവന്റെ കൈയ്യിൽ ഗ്ളാസ് വാങ്ങി ബാക്കിയുള്ള പാല് അവനും നൽകി...

അവരുടെ മനോഹരമായ സ്നേഹവും സന്തോഷവും
വീണ്ടും കഴിഞ്ഞ നിമിഷങ്ങൾ പോലെ ആവർത്തിച്ചു....
അപ്പുവിന് അറിയാത്ത ലോകം... രാധു ഇത് വരേയും കാണാത്ത ലോകം അവർ പരസ്പരം എത്തിപ്പിടിച്ചു...
ആ സുന്ദര ലോകത്തിലേക്കുള്ള ഓരോ പടവുകളും അവരൊരായിരം കവിത രചിച്ചു...
ഓരോ പടവുകളിലും പരസ്പരം പടവെട്ടി...
തോറ്റു കൊടുക്കാൻ തയ്യാറാവാതെ ആ യുദ്ധം തുടർന്നു കൊണ്ടേയിരന്നു....
മനസ് നിറഞ്ഞ്, സ്നേഹം കൊണ്ട് വിരിയുമ്പോഴാണ് കാമത്തിന്റെ രുചി അമൃത് പോലെ ആവുന്നത്.. എന്നവർക്ക് ബോധ്യമായി..
രാത്രിയുടെ യാമങ്ങൾ മാറി മാറി വന്നു...
അതിനിടയിൽ വീണ്ടും അവരുടെ സ്നേഹവും പ്രണയവും ഒരുമിച്ച് ഒരു മെയ്യായ് ഒഴുകി....
കുഞ്ഞോളങ്ങൾ തീർത്ത് പലപ്പോഴും ആ പ്രണയാരുവി നിറഞ്ഞു കവിഞ്ഞൊഴുകി....
ഒടുവിൽ പുലരിയുടെ മടിത്തട്ടിലേക്ക് സൂര്യൻ വിരുന്ന് വന്നപ്പോഴാണവരുടെ കണ്ണടയുന്നത്...

എപ്പോഴോ രാധു കണ്ണ് തുറന്നു നോക്കുമ്പോൾ അപ്പുവിന്റെ രോമാവൃതമായ നെഞ്ചില് തലവെച്ച് കിടക്കുകയായിരുന്നു...
അപ്പു അപ്പോഴും നല്ലയുറക്കം...
അവളവന്റെ മുഖത്തേക്ക് നോക്കി... 
കഴിഞ്ഞു പോയ നിമിഷങ്ങൾ മനസിലേക്കോടി വന്നു...
അവളുടെ മുഖം ചുവന്നു തുടുത്തു... 
കള്ളൻ രാത്രി മുഴുവൻ ഉറങ്ങാതെ ഇപ്പോ കിടന്നുറങ്ങാ...
ഉണർത്തണോ... ഏയ് വേണ്ട.. ഉറങ്ങിക്കോട്ടേ...
അപ്പുവിന്റെ കവിളിൽ മെല്ലെ അവളുടെ അധരങ്ങൾ പതിഞ്ഞപ്പോൾ അവനൊന്ന് തിരിഞ്ഞ് കിടന്നു..
അവൾ വേഗം എണീറ്റു..
അപ്പു ഉണർന്നാൽ തന്നെ വിടില്ലെന്ന് അറിയാം..
ക്ളോക്കിൽ സമയം പത്തു മണി കഴിഞ്ഞിരുന്നു..
ഈശ്വരാ...കല്യാണിയേടത്തി എന്ത് കരുതും ആവോ...
അവളെണീറ്റ് വേഗം ഫ്രഷായി അടുക്കളയിലേക്ക് പോയി...

"രണ്ട് ദിവസമായി തീരെ ഉറങ്ങാത്തതല്ലേ... ഉറങ്ങിക്കോട്ടേ.. എന്ന് കരുതി... അതാ വിളിക്കാതിരുന്നത്..."
നാണം പൂത്ത അവളുടെ കവിളിൽ നുള്ളി കല്യാണിയേടത്തി.
"പോ ഏടത്തീ..."
"മോളുടെ ഈ സന്തോഷം കാണുമ്പോൾ മനസ് നിറയാ... എത്ര കാലമായി ഞാൻ പ്രാർത്ഥിക്കുന്നു.."
കല്യാണിയുടെ കവിളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞപ്പോൾ അന്തം വിട്ട് നിന്നു... കല്യാണി
"ഏടത്തീ... ഞാൻ.. അപ്പൂനെ വിളിച്ച് വരാവേ...."
തുള്ളിച്ചാടി ഓടിപ്പോകുന്ന രാധുവിന്റെ സന്തോഷങ്ങളില് അവരെല്ലാം സന്തോഷിച്ചു...

അപ്പുവിനെ ഉണർത്തിയതോടെ ആ കരവലയങ്ങൾക്കുള്ളിൽ കുടുങ്ങി അവൾ..
"വേണ്ടപ്പൂ.. വിട്... അവര് കാത്ത് നിൽക്കുന്നു..."
"സാരമില്ല രാധൂ... അവര് കുഴങ്ങുമ്പോൾ ഇരുന്നോളും..."
അവന്റെ തമാശ കേട്ട് പൊട്ടി ചിരിക്കുന്ന അവളുടെ ചിരി അവന്റെ അധരങ്ങൾ ബന്ധിച്ചു...
ഒരു വിധം അപ്പുവിന്റെ കൈകളിൽ നിന്നും ഉതിർന്നു മാറി...
"വാ.. അപ്പൂ... ചായ കുടിച്ചാൽ പിന്നെ നമ്മള് ഫ്രീയാകും... എന്റെ പൊന്നല്ലേ... വാ..."
പിണക്കം അഭിനയിച്ച അവനെ ഒരു വിധത്തിൽ അവൾ ചായ കുടിക്കാൻ കൊണ്ട് പോയി...

ഇത്രയും കാലം കാത്തു വെച്ച പ്രണയം വീണ്ടും പെരുമഴയായി പെയ്തു....

അച്ഛനും അമ്മയും ഇല്ലാതിരുന്നത് കൊണ്ട്
അവർക്ക് അവരുടെ ഇഷ്ടം പോലെയാണ് എല്ലാം....

അപ്പുവിന്റെ മീശയിലും താടിയിലും അവിടവിടെ പൊന്തി നിൽക്കുന്ന രോമങ്ങൾ വെട്ടി ഒതുക്കി രാധു...
ആ നിമിഷം പോലും അവനാസ്വദിച്ചു...

ഉച്ചയ്ക്ക് ഒന്ന് കൂടി പ്രണയിച്ചു അവർ...
എന്നിട്ടും
തന്നെ വിടാൻ ഭാവമില്ല അപ്പുവിന്.
"എന്റപ്പൂ.. നമുക്ക് ആശുപത്രിയിൽ പോവേണ്ടേ... വാ.. നല്ല കുട്ടിയായി കുളിച്ച് വാ... അവര് നമ്മേയും കാത്തിരിക്കുന്നുണ്ടാവും..."

*********************

മേനോന്റെ മാറിൽ തല ചാഴ്ച്ച് കിടന്നു അമ്മ.
"അപ്പുവും രാധുവും ഒരുപാട് സന്തോഷിക്കുന്നുണ്ടാവും ല്ലേ..."
"ഉവ്വ്... ഒത്തിരി കാലമായി അവർ കൊതിക്കുന്നതല്ലേ... പാവങ്ങൾ..."
"ഞാൻ.. വെറുതെ എന്റെ മക്കളെ ഒരുപാട് കഷ്ടപ്പെടുത്തി..."
"ഏയ്... അങ്ങനെ ഒന്നും ഇല്ലല്ലോ.. അതൊന്നും ഓർക്കേണ്ട... ഇപ്പോ എല്ലാം ശരിയായല്ലോ.. അത് മതി..."

ആ ദിവസം അവർക്ക് ഉറങ്ങാൻ തന്നെ കഴിഞ്ഞില്ല.
മനസ്സിലൊരു ടൺ ഭാരം കയറ്റി വെച്ച പോലെ...
മേനോൻ ആയിരുന്നു കൂടുതൽ തളർന്നത്.
അമ്മയ്ക്ക് എന്തും നേരിടാനുള്ള കരുത്തുള്ള പോലെ..
മേനോൻ അമ്മയെ ആശ്വസിപ്പിക്കുന്നതിന് പകരം തന്നിലേക്ക് ഒട്ടിച്ചേർന്ന് വിങ്ങുന്ന അച്ചനെ സമാധാനിപ്പിച്ചു അമ്മ.

പുലരും വരേയും രണ്ട് തകർന്ന ഹൃദയങ്ങൾ പരസ്പരം തമ്മിൽ മൗനമായും വാചാലമായും സംസാരിച്ചു കൊണ്ടേയിരുന്നു...

ഇന്നലെ വീണ്ടും എടുത്തു കൊണ്ട് പോയ ബ്ളഡ് റിസൾട്ട് ഉച്ചയ്ക്ക് ശേഷമേ ലഭിക്കൂ...
അത് വരേയും പൊട്ടിച്ചിതറാൻ കാത്തു നിൽക്കുന്ന രണ്ട് അഗ്നി പർവ്വതങ്ങൾ ആ റൂമിൽ ഇരുന്ന് വിങ്ങി...

ഡോക്ടർ വിളിക്കുന്നു എന്ന് സിസ്റ്റർ വന്ന് പറഞ്ഞപ്പോൾ അവരുടെ ഹൃദയമിടിപ്പ് അത്യുച്ചത്തിൽ ആയിരുന്നു...

ഡോക്ടറുടെ മുന്നിൽ ചെന്നിരിക്കുമ്പോഴും അയാളുടെ ഹൃദയം പെരുമ്പറ കൊട്ടി.
ഈ ഒരൊറ്റ ദിവസം കൊണ്ട് തന്റെ മുന്നിൽ ഇരിക്കുന്ന മനുഷ്യൻ ഒരുപാട് തളർന്നു പോയി എന്ന് കണ്ടപ്പോൾ ഡോക്ടറുടെ മനസ്സും നൊന്തു.
"മേനോൻ സാർ... നിങ്ങളിങ്ങനെ തകർന്നു പോവരുത്... കൂടെ നിന്ന് ഭാര്യയ്ക്ക് കരുത്ത് പകരണം... നമ്മൾ ആരംഭത്തിൽ തന്നെ കണ്ടത് വലിയൊരു ഭാഗ്യമാണ്.. അവർക്കന്ന് അങ്ങനെ വേദന തോന്നി എന്നത് കൊണ്ടാണല്ലോ ഇപ്പോ തന്നെ അറിയാൻ കഴിഞ്ഞത്... എല്ലാം ദൈവം നിശ്ചയിച്ച പോലെയേ നടക്കൂ... നമുക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു കൊണ്ട്., പരമാവധി അവർക്ക് ധൈര്യം പകർന്നു നൽകണം...."
ഡോക്ടർ പറഞ്ഞു കൊണ്ടേയിരുന്നു.
"പുതിയ റിസൾട്ട് വന്നോ ഡോക്ടർ..."
"എസ്... അന്ന് പറഞ്ഞത് പോലെ തന്നെ.. പ്രാരംഭത്തിൽ ആണ്... ഈ സമയത്ത് തന്നെ കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്.. എല്ലാവരും കൂടി സ്നേഹവും പരിചരണവും നൽകി കൂടെ നിൽക്കണം... പിന്നെ ദൈവത്തോട് പ്രാർത്ഥിക്കാം നമുക്ക്..."
റൂമിലെത്തിയ പാടെ ഭാര്യയെ  കെട്ടിപ്പിടിച്ച് കരഞ്ഞു മേനോൻ...
"ഞാൻ വിട്ടു കൊടുക്കില്ല... ഒരു മരണത്തിനും ഞാനെന്റെ അംബുവിനെ വിട്ടു കൊടുക്കില്ല... എന്നെങ്കിലും നീ പോവുമ്പോൾ ഞാനും കൂടെയുണ്ടാവും... അംബൂ..........."
"എനിക്കിത്... മതി..
മരിക്കുന്നത് വരെ ഈ സ്നേഹം... ഇത് മാത്രം മതി....."

അച്ഛൻ കരഞ്ഞപ്പോൾ തന്നെ അമ്മയ്ക്ക് കാര്യം ബോധ്യമായിരുന്നു...
തന്റെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങി...
ഏത് നിമിഷവും കാലന്റെ കാലൊച്ച കേൾക്കാം ഇനി...
ബ്ളഡ് കാർസർ...
മനുഷ്യനെ കാർന്നു തിന്നുന്നു എന്ന് കേട്ടിട്ടുണ്ട്... അതിപ്പോൾ തന്നെയും പിടികൂടി...
ഈശ്വരാ... ഞാൻ ചെയ്ത തെറ്റുകൾക്ക് പകരം തന്ന ശിക്ഷയാണോ.... ഇത്
ഒരുപാട് തെറ്റുകൾ... പാവം രാധു... അവളെ എത്രയൊക്കെ വേദനിപ്പിച്ചു താൻ... എന്നിട്ടും തനിക്ക് സ്നേഹവും ബഹുമാനവും ആദരവും മാത്രം നൽകുന്നു... അവൾ.... ആ പാവത്തിന്റെ ശാപമാണോ തനിക്ക് കിട്ടിയത്....
മരിക്കുന്നതിന് മുമ്പ് എനിക്കവളോട് പ്രായശ്ചിത്തം ചെയ്യണം... ഇനിയെനിക്ക് നീ തരുന്ന ആയുസ്സ് മുഴുവൻ  എന്റെ മക്കളെ സ്നേഹിക്കണം.... മതി വരുവോളം സ്നേഹിക്കണം...
ഈശ്വരാ.... കുറച്ചു കൂടി ആയുസ്സ് കൂട്ടി തരുമോ നീ എനിക്ക്.......

To Top