മഞ്ഞു പോലെ, തുടർക്കഥ മുഴുവൻ ഭാഗങളും(5) ഒന്നിച്ചു വായിക്കൂ...

Valappottukal



രചന: ജിഫ്ന നിസാർ

"താൻ ഇങ്ങനെ അപ്സെറ്റ് ആവാതെടോ ദിവ്യാ.. ഞാൻ പറഞ്ഞല്ലോ.. തന്റെ എഴുത് വായിച്ചപ്പോൾ എന്തോ ഒരു കൗതുകം തോന്നി.. ഒറ്റ ഇരിപ്പിന് മുഴുവനും വായിച്ചു തീർത്തു ഞാൻ.. റിയാലി ഫന്റാസ്റ്റിക്. വെറുതെ പറയല്ല ഞാൻ. ഒരുപാട് ഇഷ്ടം തോന്നി.. അങ്ങനെ ആണ് പ്രൊഫൈൽ തപ്പി എടുത്തു മെസേജ് ചെയ്തത്.. എല്ലാത്തിനും ഫുൾ സപ്പോർട്ട് അറിയിച്ചത്.. തനിക്കതു മുന്നോട്ടു കുതിക്കാൻ ഒരു ഇൻസ്പിരേഷൻ ആവുമല്ലോ എന്ന് മാത്രം ആണ് കരുതിയത്.. അത് കൊണ്ടാണ് ഓരോന്നും വേറെ വേറെ കമന്റ് ചെയ്തത്.. മറുപടി ഇല്ലാഞ്ഞിട്ടും.. പക്ഷേ അതെന്നെ ഇങ്ങനെ സംശയിക്കാൻ കാരണം ആവുമെന്ന് ദൈവത്തെ ആണേ സത്യം ഞാൻ വിചാരിച്ചില്ല കേട്ടോ.. റിയലി സോറി.. വേദനിപ്പിച്ചു എങ്കിൽ "

ചോറിനുള്ള വെള്ളം അടുപ്പത്തു വെക്കുമ്പോഴും ദിവ്യയുടെ കാതിൽ ആ സ്വരം മുഴങ്ങി..
വെളിച്ചം ശെരിക്കും പതിഞ്ഞിട്ടില്ല ഭൂമിയിൽ.... നേർത്ത ഇരുട്ട് തന്നെ ആണ്..
പുലർച്ചെ ഉള്ള കുളിരുണ്ട്....
ഉള്ളിൽ വീണ്ടും അസ്വസ്ഥത പെരുകി..

ഒരുപാട് ഇഷ്ടത്തോടെ ഫേസ്ബുക് പേജിൽ എഴുതാൻ തുടങ്ങിയതു മുതൽ ഈ ആള് കമന്റ്മായി കൂടെ തന്നെ ഉണ്ട്..

നല്ലത് മാത്രം അല്ല.. പോരാഴ്മ യും ചൂണ്ടി കാണിച്ചു തന്നു..

അതിർ വിട്ട് ഒന്നും പറയില്ല.. പക്ഷേ തന്റെ മനസ്സിൽ പേടി ആയിരുന്നു.. ചതി കുഴികൾ ഒളിച്ചിരിക്കുന്ന ഇടമാണ്.. വീണു പോയാൽ തിരിച്ചു കയറി പൊന്നാലും മാറാതെ നാറ്റം കൂടെ ഉണ്ടാവും.. ഒന്നാമത്തെ എഴുതി പോസ്റ്റ്‌ ചെയ്യുന്നത് പോലും തെറ്റാണ് എന്ന് ചിന്തിച്ചു കൂട്ടുന്നവർക്കിടയിലാണ് ജീവിതം..

ഇഷ്ടം കൊണ്ടാ ഒളിച്ചു എഴുതി തീർക്കുന്നത്..

ഇൻബോക്സിൽ വന്നു കഴിഞ്ഞ ദിവസം ഇയാൾ അഭിപ്രായം പറഞ്ഞു..
അപ്പോൾ ഇനി ഇതാവർത്തിക്കരുത്.. എനിക്ക് ഇഷ്ടം അല്ല എന്ന് കടുപ്പത്തിൽ പറഞ്ഞു..

അതിന് പറഞ്ഞ മറുപടി ആണത്..

സത്യ എന്നൊരു പേരിൽ റോസാ പൂവിന്റെ പിക്ചർ ഉള്ള ഒരു പ്രൊഫൈൽ...

അവൾക്ക് ശ്വാസം മുട്ടും പോലെ തോന്നി..
ദിവ്യാ ജയപ്രകാശ്.. ടൗണിൽ പലചരക്കു കട നടത്തുന്ന ജയപ്രകാശ്.. അവളുടെ ജയേട്ടൻ.. ഒരു മോൻ കൂടി ഉണ്ട്. ആരവ്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു..

ജയപ്രകാശിന്റെ അമ്മ വിലാസിനി..അച്ഛൻ രാമൻ കുട്ടി... അവരുടെ കൂടെ ആയിരുന്നു താമസം.

നാലുമക്കളിൽ മൂത്തവൻ ആയിരുന്നു ജയപ്രകാശ്.
ഒരു അനിയൻ കൂടി ഉണ്ട്.
പ്രേം പ്രകാശ്.
രണ്ടു അനിയത്തി മാരും... 
തറവാട്ടിൽ നിന്നും മാറി ടൗണിൽ ഭാര്യ വീണയും മകൾ ആവണിയും കൂടി തമാസിക്കുന്നു..

ശെരിക്കും അവർ മാറിയതല്ലല്ലോ..

ഓടി പോയതാണ്..
ഭാര്യയെ സ്വന്തം കുടുംബം ഒരു അടിമയെ പോലെ ആണ് കാണുന്നത് എന്ന് പ്രേമൻ പെട്ടന്ന് മനസ്സിലാക്കി.

ഭാര്യയെ ഒരുപാട് സ്നേഹിക്കുന്ന അവനത് ചോദ്യം ചെയ്തു..

സവഭാവികമായും പൊട്ടിത്തെറിച്ചു.. ചുറ്റും ഉള്ളവർ.

പെങ്കോന്തൻ എന്നാ പതിവ് പേരും അവന്റെ നെറ്റിയിൽ ചാർത്തി കൊടുത്തു..

എന്നിട്ടും അവൻ ഭാര്യയെ ചേർത്ത് പിടിച്ചു.. ഒരുമിച്ചു ഇറങ്ങി..

സിവിൽ എൻജിനിയർ ആയിരുന്നു പ്രേമൻ. ഭാര്യ സ്കൂൾ ടീച്ചർ..

ജോലിക്ക് വിടില്ലെന്ന് വാശി പിടിക്കുന്ന അമ്മയെ പറഞ്ഞു തിരുത്താൻ ഒന്നും അവൻ മിനക്കെട്ടില്ല..

"നീ ഇപ്പൊ ഇറങ്ങി പൊക്കോ എന്റെ വീട്ടീന്ന്. എനിക്ക് ആൺമക്കൾ രണ്ടാ. എന്റെ മോൻ ഉണ്ടാവും അമ്മയെ നോക്കാൻ. നീ നിന്റെ അച്ചിയേം വിളിച്ചോണ്ട് എവിടാന്ന് വെച്ച പൊക്കോ. എന്നെ അനുസരിച്ചു ജീവിക്കാൻ പറ്റില്ലല്ലോ നിന്റെ പെണ്ണും പിള്ളക്ക്. അപ്പൊ പോകഞ്ഞ കൊള്ളി പൊറത്ത്.. അത്ര തന്നെ "

ജയേട്ടന്റെ കയ്യിൽ അമർത്തി പിടിച്ചു കൊണ്ട് അമ്മ വിളിച്ചു പറഞ്ഞപ്പോൾ താൻ പാളി നോക്കിയത് ആ മുഖത്തേക്ക് ആയിരുന്നു..

മുഖം സൂര്യനെ പോലെ ജ്വലിക്കുന്നു.. മകന്റെ..

തങ്ങളുടെ കല്യാണത്തിന്റെ കൂടെ തന്നെ ആയിരുന്നു പ്രേമും കെട്ടിയത്..

കോളേജിൽ അവസാന വർഷ പരീക്ഷ യുടെ ഇടയിൽ ആയിരുന്നു ജയേട്ടൻ കല്യാണം ആലോചിച്ചു എത്തിയത്.

ഒരു സാധാരണ കുടുംബം ആയിരുന്നു. അച്ഛൻ രാജീവ്‌ കുമാർ.. ബാങ്ക് മാനേജർ ആയിരുന്നു. അമ്മ പുഷ്പ..

അമ്മക്ക് ജോലി ഇല്ല.. വീട്ട് പണി ആരും ജോലി ആയി കാണില്ലല്ലോ.. ശമ്പളം ഇല്ല.. പ്രമോഷൻ ഇല്ല. ഫ്രീ ടൈം ഇല്ല.. പെൻഷൻ ഇല്ല.. എന്തിന് എക്സ്പയറി ഡേറ്റ് പോലും ഇല്ലാത്തത് എങ്ങനെ ജോലി എന്ന് പറയാൻ കഴിയും..

ഒരേ ഒരു കൂടപ്പിറപ്പ്.. ധനുഷ്.. ദുബായിൽ ആണ് ജോലി.. സോഫ്റ്റ്‌വെയർ എൻജിയർ 
.

സന്തുഷ്ട കുടുംബം..

വലിയ പൊട്ടിത്തെറികൾ ഒന്നും ഇല്ലാതെ ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെ...

അവസാന വർഷം ആണ്.. ഇതൊന്ന് തീർന്നിട്ട് മതി വിവാഹം എന്നായിരുന്നു. വീട്ടിലും അത് അംഗീകരിച്ചു. പക്ഷേ ഇടിത്തി പോലെ ജാതകം ചെവ്വയെയും ശനിയെയുംഎന്ന് വേണ്ട കയ്യിൽ കിട്ടിയ എല്ലാത്തിനെയും കൂട്ട് പിടിച്ചു.

ഇപ്പൊ നടന്നില്ലേ ഇനി ഒരു മുപ്പതു വയസ്സ് കഴിഞ്ഞു നോക്കിയ മതി ട്ടോ രാജീവ്‌ സാറെ.. അത്രയും ദോഷം കാണുന്നുണ്ട് കുട്ടീടെ ജാതകത്തിൽ.. അറിയാലോ പൊതുവാള് പറഞ്ഞത് ഇന്നേ വരെയും പിഴച്ചിട്ടില്ല.. "

അച്ഛനെ നോക്കി ജോത്സ്യൻ അത് പറഞ്ഞപ്പോൾ ഭയത്തെക്കാൾ അതികം സങ്കടം ആയിരുന്നു..
ജോലിക്കാരി ആവുക എന്നത് കുഞ്ഞിലേ മുതൽ കൊണ്ട് നടന്ന സ്വപ്നം ആയിരുന്നു..

ഇഷ്ടം ഉള്ളത് ചോയ്സ് ചെയ്യാൻ ഫുൾ സപ്പോർട്ട് ആയിരുന്നു അച്ഛനും അമ്മയും.. ഏട്ടനും..

ഒരുപാട് ഇഷ്ടത്തോടെ ആണ് LLBതിരഞ്ഞെടുത്തത്.

വക്കീൽ കൊട്ട് സ്വപ്നം കണ്ടു നടന്നിരുന്ന നാളുകൾ.. വക്കീൽ മാർ നിർത്തി പൊരിക്കുന്ന സിനിമകൾ വിടാതെ കാണും.. ഉള്ളിൽ അപ്പൊ ആ സ്ഥാനത്തു താൻ ആയിരിക്കും.

അച്ഛനും അമ്മയും ഏട്ടനും കളിയാക്കി ചിരിക്കാൻ ഒരു കാരണം കാത്തിരിക്കുന്ന പോലെ ആണ്..

അവരുടെ കുഞ്ഞോൾ ആയി വിലസി നടന്നിരുന്ന നല്ല കാലം..

"സാരമില്ല കുഞ്ഞോളെ.. നിന്നെ നിന്റെ ഇഷ്ടത്തിന് കൊണ്ട് നടക്കുന്ന ഒരാൾക്കേ അച്ഛൻ കൈ പിടിച്ചു കൊടുക്കു.. അവൻ നേടി തരും നിന്റെ സ്വപ്നം "

ചേർത്ത് പിടിച്ചു അച്ഛൻ പറഞ്ഞു.. നിറം മങ്ങിയ ചിരി ആയിരുന്നു പകരം കൊടുത്തത്..
"പേടിക്കാതെ ടി.. ഞാൻ ഉണ്ടല്ലോ.. നിനക്ക് ചേരുന്നു എന്ന് തോന്നിയ മാത്രം ഒക്കെ പറഞ്ഞ മതി. ആരും ഫോഴ്സ് ചെയ്യില്ല. നിന്റെ ജീവിതം ആണ്. ഇങ്ങനെയൊക്കെ വരും എന്നത് നമ്മൾ അറിഞ്ഞില്ലല്ലോ. നീ വെറുതെ ടെൻഷൻ ആവാതെ "

കവിളിൽ കൈ ചേർത്ത് ഏട്ടൻ പറഞ്ഞപ്പോൾ ഉള്ളിൽ മഞ്ഞു വീണ പോലെ ആയിരുന്നു..

"പെൺകുട്ടികൾ മൂത്ത പഴം പോലെ ആണ് കുഞ്ഞോളെ. അതികം വച്ചോണ്ടിരിക്കാൻ കഴിയില്ല. ഒക്കെ നല്ലതിനാ. അതൊന്നും ഇപ്പൊ എന്റെ മോൾക്ക് മനസ്സിലാവില്ല. ജീവിതം എന്നത് അങ്ങനെ ഒക്കെ ആണ്. നമ്മൾ വിചാരിക്കുന്ന വഴിയിൽ പോയിട്ട് ആ പരിസരത്ത് കൂടി നടക്കാൻ കഴിയില്ല ചിലപ്പോൾ.. ഒക്കെ നേരിടാൻ ആരും പഠിപ്പിക്കാതെ തന്നെ നമ്മൾ പെണ്ണുങ്ങൾ പഠിക്കും. അത് ഈശ്വരൻ തന്നൊരു കഴിവാണ് "

അടുക്കളയിൽ അടുത്തിരുന്നു അമ്മയും പറഞ്ഞപ്പോൾ പതിയെ... നിരാശയിൽ ആണേലും മനസ്സിൽ കല്യാണത്തിന് ഒരുങ്ങി..

ആദ്യം തന്നെ കാണാൻ വന്നത് ജയേട്ടൻ ആയിരുന്നു..

സുന്ദരൻ... പക്ഷേ ജോലി ആയിരുന്നു പ്രശ്നം.. പലചരക്കു കട എന്നൊക്കെ കേട്ടപ്പോൾ തന്നെ അച്ഛൻ മങ്ങിയ മുഖത്തോടെ തന്നെ നോക്കി.

താനും ഒന്നും മിണ്ടാതെ നിന്ന് പോയി..

"ഞാൻ MBA കഴിഞ്ഞതാണ് അങ്കിൾ. അച്ഛൻ ആയിരുന്നു ഈ കട നടത്തിയിരുന്നത്. പെട്ടന്ന് ഒരു അറ്റാക് വന്നു മൂപ്പര് വീഴുമ്പോൾ ഞാൻ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന ടൈം ആയിരുന്നു. ടൗണിൽ കണ്ണായ സ്ഥലത്തു നല്ല ലാഭത്തിൽ പോയിരുന്ന കടയാണ്. കുറച്ചു കാലം... ഒരാളെ ഏറ്റെടുത്തു നടത്താൻ പാകം പെടും വരെയും നീ നടത്തുമോ എന്ന് അച്ഛൻ ചോദിച്ചു. മൂപ്പർ ക്ക് ഒരു പ്രതേക അറ്റാച് മെന്റ് ആണ് കടയോട്. തട്ടി കളയാൻ തോന്നിയില്ല ആ വാക്കുകൾ.. ഈ രണ്ടു വർഷം കൊണ്ട് ഞാൻ പഠിച്ചു നേടിയ ജോലി എടുത്താൽ പോലും കിട്ടാത്ത അത്ര പണം ഈ കടയിൽ നിന്നും എനിക്ക് കിട്ടി.. പിന്നെയും എന്തിനാ വെറുതെ... ജോലി ന്നൊക്കെ പറഞ്ഞു അലഞ്ഞു തിരിയുന്നെ എന്നോർത്ത്..."

ചിരിയോടെ ജയേട്ടൻ പറയുമ്പോൾ അച്ഛന്റെ ചുണ്ടിൽ മനോഹരമായൊരു ചിരി ബാക്കി ഉണ്ടായിരുന്നു..

"എനിക്ക് ഇഷ്ടം ആയി. പക്ഷേ തന്റെ ഇഷ്ടം.. അത് എന്താണ് എങ്കിലും തുറന്നു പറയണം. കാരണം ഇപ്പഴത്തെ കുട്ടികൾ... അവർക്ക് അവരുടേതായ തീരുമാനം കാണും. അതിന് എതിര് പറയാൻ ആർക്കും അധികാരം ഇല്ലല്ലോ. പറഞ്ഞല്ലോ.. ആഗ്രഹിക്കതെ ഞാൻ എത്തി പെട്ടൊരു ജോലി ആണ്. എന്റെ ജോലി ആയിരിക്കും ചിലപ്പോൾ ഇവിടെ വില്ലൻ. അതൊന്നു ക്ലിയർ ചെയ്യാൻ വേണ്ടി ആണ് ഇയാളുടെ അച്ഛനോട് എല്ലാം വിശദമായി പറഞ്ഞത് "

ഒറ്റയ്ക്ക് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ ചിരിയോടെ ജയേട്ടൻ പറഞ്ഞു..

ഉള്ളിൽ ഉണ്ടായിരുന്ന നേർത്ത പരിഭവം പോലും മഞ്ഞു പോലെ മാഞ്ഞു പോയിരുന്നു..

ഉള്ളിൽ എന്തോ പേരറിയാത്തൊരു വികാരം വന്നു മൂടുന്നത് അറിഞ്ഞു..

"ഇതൊക്കെ ഇപ്പൊ പറയുന്നത് തന്നെ എനിക്ക് അത്ര ഇഷ്ടം ആയി. തനിക്കും സമ്മദം എങ്കിൽ ഇനി എന്നും ഒരു നിഴൽ പോലെ ഞാനും ഉണ്ടാവും കൂടെ. "

മനോഹരമായി ചിരിച്ചു കൊണ്ട് ജയേട്ടൻ പ്രതീക്ഷയോടെ തന്നെ നോക്കി..

ഗൗരവം നിറഞ്ഞ മുഖത് വിരിഞ്ഞ ചിരിയിലേക്ക് നോക്കി നിന്ന് പോയി.
അന്ന് വരെയും തോന്നാത്ത വികാരം ആയിരുന്നു പ്രണയം. കൂട്ടുകാർ എല്ലാവരും കോളേജിൽ  അവർക്ക് പറ്റിയ ജോഡിയെ തിരഞ്ഞെടുത്തു എൻജോയ് ചെയ്യുമ്പോൾ.. അച്ഛൻ തേടി പിടിച്ചു കണ്ടെത്തി തരുന്ന ആൾക്ക് വേണ്ടി ഹൃദയം മുഴുവനും പ്രണയം നിറച്ചു കൊണ്ട് കാത്തിരുന്നു..

ഇതായിരിക്കും ആ ആള്.. തന്റെ പ്രണയം മുഴുവനും കട്ടെടുത്തു കൊണ്ട് പോവാൻ തേടി വന്നവൻ..

ദേഹം മുഴുവനും മഞ്ഞു വീണത് പോലൊരു അവസ്ഥ..

"എന്തേലും ഒന്ന് പറയടോ.. ഞാൻ ഇത്രേം പറഞ്ഞിട്ടും താനൊന്നും മിണ്ടാതെ.. എന്നെ ഇഷ്ടം ആയില്ലേ ഇനി "

മങ്ങിയ ചിരി ആയിരുന്നു ആ മുഖം നിറയെ..

ജാതകത്തിലെ പ്രശ്നം കാരണം ആണ് ഇപ്പൊ കല്യാണത്തിന് സമ്മതിച്ചു കൊടുക്കുന്നത് എന്നും ഇനിയും പഠിക്കാൻ ആഗ്രഹിക്കുന്നു എന്നും ജോലി ക്ക് പോവണം എന്നത് കുഞ്ഞിലേ ഉള്ള ആഗ്രഹം ആണെന്നും.. അതിന് എന്റെ കൂടെ നിന്നാൽ ഞാൻ എന്റെ പ്രാണൻ പോലെ സ്നേഹിച്ചോളാം എന്നും ജയേട്ടനോട് പറയുമ്പോൾ നാണം കൊണ്ട് കൂമ്പി പോയിരുന്നു..

ആൾക്കും ഭയങ്കര സന്തോഷം ആയെന്ന് മുഖം വിളിച്ചു പറഞ്ഞു..

പിന്നെയും ഒരുപാട് കടമ്പകൾ.. ഒരു പെണ്ണിന്റ ജീവിതത്തിലെ ഒഴിച്ച് കൂടാൻ ആവാത്ത നിർണായക നിമിഷങ്ങൾ.. പോസ്റ്റ് മോർട്ടം ടേബിളിൽ പോലും ഇത്രയും അതികം കീറി മുറിച്ചു നോക്കില്ല ന്ന് തോന്നി പോയി ജയപ്രകാശിന്റെ കുടുംബത്തിനു മുന്നിൽ പ്രദർശനത്തിന് നിന്നപ്പോൾ..

അച്ഛനും അമ്മയും... ഒരു അനിയനും രണ്ടു പെങ്ങന്മാരും.. പിന്നെ ഒരു കാര്യം ഇല്ലാഞ്ഞിട്ടും എങ്ങാനും എന്തേലും കുറ്റം കണ്ടു പിടിക്കാൻ പറ്റുമെന്ന് അവർക്ക് തോന്നിയ കുറെ ബന്ധുക്കളും..

എല്ലാർക്കും ബോധിച്ചു എന്ന് അറിയിച്ചു കൊണ്ട് മിടായി കിട്ടി...

പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു..

പൊതുവെ ഇത്തിരി ഗൗരവം നിറഞ്ഞ അയാളുടെ അമ്മയുടെ മുഖം മനസ്സിൽ ഒരു പേടി സ്വപ്നം പോലെ നിറഞ്ഞു നിന്നു..

അതികം ചിരിയോ ബഹളങ്ങളോ ഇല്ലാത്ത ആളാണ്‌ ജയപ്രകാശ് എന്ന് തോന്നി..

അനിയന്റെ കല്യാണം കൂടി ഒരുമിച്ചു നടത്താൻ പ്ലാൻ ഉണ്ടെന്ന് പറഞ്ഞു കേട്ടു..

മനസ്സിൽ കല്യാണമേളം ഉയർന്നിരുന്നു..

കുഞ്ഞോളെ... എന്നും വിളിച്ചോണ്ട് എല്ലാത്തിനും കൂടെ നിന്നിരുന്ന കുടുംബം വിട്ട് പോണല്ലോ എന്നോർക്കുമ്പോൾ ഹൃദയം പൊടിഞ്ഞു പോകും പോലെ.. പക്ഷേ... അത് പറഞ്ഞിട്ട് എന്താ കാര്യം...

അനിവാര്യമാണ് ഈ പറിച്ചു നടൽ.. പരാതിയും പരിഭവവും പാടില്ല..
സന്തോഷം പോലെ സങ്കടവും തോന്നുന്ന വിജിത്രമായ അവസ്ഥ.. നിശ്ചയം കഴിഞ്ഞു ദിവസങ്ങൾ മാത്രം ഒള്ളു...

ഒരായുസ്സ് മുഴുവനും ഒരുകൂട്ടി വെച്ചത് തന്ന് കൊണ്ടാണ് അച്ഛൻ ഇറക്കി വിട്ടത്.. മകളോടുള്ള സ്നേഹം സ്വർനമായി തിളങ്ങി..

ഓടിറ്റോറിയത്തിൽ വെച്ച് നടാകെ വിളിച്ചു കൊണ്ടായിന്നു വിവാഹം..

ജയേട്ടന്റെ അനിയൻ പ്രേം പ്രകാശിന്റെ വിവാഹവും ഒരുമിച്ചു ആയിരുന്നു..

പഴമയെ പൊതിഞ്ഞു പിടിക്കുന്ന ഒരു വലിയ വീട്...

വലതു കാൽ വെച്ച് കയറുമ്പോൾ ജയേട്ടൻ ചേർത്ത് പിടിച്ചു...

മനസ്സിൽ അടിഞ്ഞു കൂടിയ പേടി പതിയെ മടങ്ങി പോവുന്നത് അറിഞ്ഞു..

പക്ഷേ സന്തോഷം കുറച്ചു നാൾ മാത്രം നീണ്ടു നിന്നൊള്ളു..

ചിരിച്ചു കൊണ്ട് കഴുത്തിൽ കത്തി ചേർക്കുന്ന അമ്മ...
മൂക സാക്ഷി പോലെ ഒരച്ഛൻ...
എല്ലാത്തിനും നിയന്ത്രണം..
ശ്വാസം മുട്ടും പോലെ തോന്നി തുടങ്ങി..

കൊതിച്ചു പോയ ജീവിതം ഇനിയും ഒരുപാട് ദൂരം ആണെന്ന് ഉള്ളിൽ നിന്നും നിലവിളി ഉയർത്തി..

ജയേട്ടനോട് സൂചിപ്പിച്ചു... അന്നാണ് ശെരിക്കും തകർന്ന് പോയത്..
വലിയ ഒച്ചയിൽ കുതിച്ചു ചാടി തന്റെ നേരെ..

കെട്ടി കയറി വന്നു അവരെ അമ്മയെയും മോനെയും പിരിച്ചു ഭർത്താവിന്റെ സ്നേഹം ഒറ്റയ്ക്ക് നേടണം എന്നുള്ള ചിന്ത ഇപ്പഴേ മോള് മറന്നേക്ക്. എന്റെ അമ്മയെ എനിക്ക് അറിയാം.. നീ പറയും പോലെ ഒന്നും ചെയ്യാൻ. മാത്രം ക്രൂരത അമ്മക്കില്ല. വെറുതെ ഇല്ലാത്തത് പറഞ്ഞു നീ പ്രശ്നം ഉണ്ടാകരുത്. നിന്റെ ഭർത്താവ് ആവും മുന്നേ ഞാൻ എന്റെ അമ്മയുടെ മോനാ.. എനിക്ക് ദോഷം വരുന്ന ഒന്നും അമ്മ ചെയ്യില്ല.. ഇനി മേലിൽ ആവർത്തിക്കരുത് "
മരവിച്ചു പോയി..

കരയാൻ പോലും പേടി തോന്നി..
അച്ഛനെയും അമ്മയെയും ഏട്ടനെയും ഭയങ്കര മായി മിസ് ചെയ്തു...

കുഞ്ഞോളെ എന്നുള്ള വിളി കാതിൽ മുഴങ്ങി കേട്ടു..

കരഞ്ഞു തീർത്തു.. മറ്റൊന്നിനും ആവാതെ..

പ്രേമിന് പക്ഷേ പെട്ടന്ന് കാര്യം മനസ്സിലായി.. അവന്റെ ഭാര്യയെ പറയുന്നതിന് അവൻ ചോദിച്ചു തുടങ്ങി.. അതോടെ അവൻ പെങ്കോന്തനും ആയി..

എന്നിട്ടും അവൻ അവന്റെ ഭാര്യയെ പൊതിഞ്ഞു പിടിച്ചു സ്നേഹിച്ചു..

ഒരല്പം പോലും തൊറ്റ് കൊടുക്കാതെ..

കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..
അപ്പോഴും ജയേട്ടൻ പ്രെ മിനെ വഴക്ക് പറയുന്ന തിരക്കിലാവും..

അമ്മയെ വേദനിപ്പിച്ചു എന്ന് പറഞ്ഞു കൊണ്ട്..

അമ്മക്കെ വേദനിക്കു... അതേ മകൻ കാണുന്നൊള്ളു..

ഭാര്യ പറയുന്നത് മാത്രം കേൾക്കുന്നഒരു ഭർത്താവിനെ ആഗ്രഹിചിട്ടില്ല ഒരിക്കലും..ഭാര്യ പറയുന്നത് കൂടി കേൾക്കാൻ കഴിയണം എന്നെ മോഹിച്ചോള്ളൂ..

ഓരോ ദിവസവും നരകത്തിൽ എന്ന പോലെ ആയിരുന്നു..

വായിക്കാനും എഴുതാനും ഒത്തിരി ഇഷ്ടം ആയിരുന്നു.. പക്ഷേ അതിന് പോലും വിലക്ക്...

കഴുത്തിൽ ഉള്ളത് താലി അല്ല കുരുക്ക് ആണെന്ന് തോന്നിയ നിമിഷം..

സ്വകാര്യമായി എഴുതാൻ തുടങ്ങി... ഫേസ്ബുക് പേജിൽ കിട്ടുന്ന അഭിനന്ദനങ്ങൾ മാത്രം പ്രതീക്ഷിച്ച സന്തോഷം...

ജീവിതം തന്നെ വെറുതെ ആയത് പോലെ.. വിവാഹം കഴിഞ്ഞു രണ്ടു മാസം കഴിഞ്ഞു നടത്തിയ അവസാന എക്സാം എഴുതാൻ പോവാൻ അവിടെ ഇരക്കേണ്ടി വന്നപ്പോൾ... പൊട്ടി തകർന്ന് പോയിരുന്നു..

വകീൽ കൊട്ട് മറന്നു തുടങ്ങിക്കോ എന്ന് പറയാതെ പറഞ്ഞു...

കൂടെ ഉണ്ടാവും നിഴൽ പോലെ എന്ന് വാക്ക് പറഞ്ഞവൻ മൗനം കൊണ്ട് അമ്മയെ പിന്തുണയ്ച്ചു..

മരവിച്ച പോലെ തോന്നി...
അനേകം വർഷം ഉറക്കം ഒഴിച്ച് പഠിച്ചത്... മാറ്റി നിർത്തിയ ആഘോഷങ്ങൾ... മാനസിക സംഘർഷം... കഠിനധ്വാനം ചെയ്തു നേടി എടുത്ത ഡിഗ്രികൾ..എന്നിട്ടും തനിക്കൊന്നു ജോലിക്ക് പോണം എന്നുണ്ടേൽ ഏതോ ഒരുത്തന്റെ അനുവാദം വേണം പോലും...

വിജിത്രമായ ആചാരം...

തന്റെ സങ്കടം തനിക്കു മാത്രമേ നോവുന്നുള്ളു എന്ന് തിരിച്ചറിയാൻ തുടങ്ങിയത് മുതൽ തന്നിലെ പെണ്ണ് ഉണർന്നു തുടങ്ങി...

വീട്ടിൽ ഒന്നും അറിയിച്ചില്ല..
എത്ര സ്നേഹനിധികൾ ആണെന്ന് പറഞ്ഞാലും കെട്ടിച്ചു വിട്ട പിന്നെ മകൾ തിരികെ ചെല്ലുന്നത്... അത് ഒരു ബാധ്യത പോലാണ്..

ആരും പറഞ്ഞിട്ടൊന്നും അല്ല.. ഓരോ പെണ്മക്കളും മനസ്സിൽ അങ്ങനെ പേടിക്കും.. അത് തിരിച്ചു ചെല്ലാനുള്ള മനസ്സിനെ എരിയിച്ചു കളയും..

തനിക്കു സന്തോഷം തന്നെ ആണെന്ന് അവരും കരുതിക്കോട്ടെ..

വീട്ടിൽ പോയിട്ട് തന്നെ എത്രയോ ആയിരുന്നു..
കെട്ടിച്ചു വിട്ട പിന്നെ ഭർത്താവ് ആണല്ലോ ദൈവം.. അവന്റെ വീട് ആണല്ലോ ക്ഷേത്രം...

പുച്ഛം തോന്നുന്നു... എല്ലാത്തിനോടും.. പക്ഷേ പെങ്ങമാരെ വിരുന്നു ക്ഷണിക്കുമ്പോൾ ജയേട്ടൻ അത് സൗകര്യപൂർവം മറന്നു പോയിരുന്നു..

ആശയും വീണയും വന്നു പോകുബോൾ പിന്നെ അമ്മ ഒന്നൂടെ ഉഷാറായി യുദ്ധം ചെയ്യും...

ഒരു പൊട്ടിയെ പോലെ എല്ലാത്തിനും നിന്ന് കൊടുത്തു.. ആരോടു അല്ലേലും പരാതി പറയേണ്ടത്..

ഒരുപാട് എഴുതി... ഒത്തിരി സുഹൃത്തുക്കളെ കിട്ടി.. അത് മാത്രം ആയിരുന്നു ഒരു ആശ്വാസം..

തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും കുഴി വെട്ടി മണ്ണിട്ട് മൂടി.. ഒരു പാവയെ പോലെ ജീവിതം തീർക്കുമ്പോൾ കിട്ടി... ഒരു സർട്ടിഫിക്കറ്റ്...

അച്ചടക്കമുള്ള പെണ്ണ്... ജയന്റെ കഴിവ്... അവിടെ പെണ്ണിനെന്ത് റോൾ...

വിരസായ ജീവിതം തന്നെ... മാറ്റം ഏതും ഇല്ലാതെ..

കാണുന്നവർക്ക് ദിവ്യ ഭാഗ്യം ചെയ്തവൾ.. സ്നേഹം നിറഞ്ഞ ഭർത്താവ്... ചേർത്ത് നിർത്തുന്ന കുടുംബം.. സമ്പത്ത്... എല്ലാം..

പക്ഷേ എരിയുന്ന ഹൃദയം ആരും കണ്ടില്ല...
ആശക്ക് പഠിക്കാൻ ഉള്ള അഡ്മിഷൻ പ്രേം ശെരിയാക്കി വന്നൊരു ദിവസം.... അന്ന് സങ്കടം കൊണ്ട് ഹൃദയം പിടിച്ച പോലെ..

സമനില കൈവിട്ടു ഒരു നിമിഷം..

ജയേട്ടനോട് അമർഷം പൂണ്ടു.. വായിൽ തോന്നിയത് മൊത്തം വിളിച്ചു പറഞ്ഞു..

ദേഷ്യം.. സങ്കടം... നിസ്സഹായത.. എല്ലാം കൂടി ഒത്തു ചേർന്ന അവസ്ഥാ..

കരണം പൊളിച്ചു മൂപ്പർ അടിച്ചത് വേദനിച്ചില്ല.. കാരണം അത് പോലും പറഞ്ഞു ചെയ്യിച്ചത് അമ്മയാണ്..
മകനെ മാത്രം സ്നേഹിക്കുന്ന അമ്മ..

മകന് ദോഷം വരുന്നതല്ലേ അമ്മ ചെയ്യാത്തത്..

താനിവിടെ ശെരിക്കും ആരാണ്..

ഒന്നും മിണ്ടാതെ കേട്ട് നിന്ന്.. അന്നവർ പറഞ്ഞു തീർത്തത് മുഴുവൻ.. പക്ഷേ മനസ്സിൽ വല്ലാത്തൊരു വാശി ഉടലെടുത്തു.. ആശയും സപ്പോർട്ട് ചെയ്തു..

അവൾക്ക് വല്യ വിഷമം ആയിരുന്നു.. തന്റെ കാര്യം ഓർത്തിട്ട്..

അവളുടെ കാര്യം പ്രേം നോക്കിക്കോളും.. തനിക്കല്ലേ ആള് ഇല്ലാത്തൊള്ളൂ..

"എനിക്ക് ജോലിക്ക് പോണം.. ഇനിയും ഇങ്ങനെ തുടരാൻ പറ്റില്ല "

എന്നത്തേയും പോലെ പകലത്തെ അവഗണന മറന്നു കൊണ്ട് രാത്രിയിൽ തേരാട്ടാ പോലെ ജയേട്ടൻ ശരീര ത്തിൽ പരതുമ്പോൾ ഉറപ്പോടെ പറഞ്ഞു... വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞു..

ആളൊന്നും മറുപടി പറഞ്ഞില്ല..

എന്നിട്ടും മന്ത്രം പോലെ അത് തന്നെ ഉരുവിട്ട് നടന്നു...

അതിനുള്ള മറുപടി കിട്ടിയത് പിറ്റേമാസം ആയിരുന്നു.. തലചുറ്റൽ കൊണ്ട് വീണു പോയി..

ഉള്ളിലൊരു ജീവൻ തുടിക്കുന്ന വിവരം ഡോക്ടർ പറയുമ്പോൾ അമ്മയും മോനും തമ്മിൽ നോക്കി ചിരിക്കുന്നുണ്ട്..
തന്നെ തോൽപ്പിക്കാൻ അമ്മക്ക് വേണ്ടി മക്കളെ ഉണ്ടാക്കുന്ന ഒരു ഭർത്താവ്...

കളിയാക്കി ചിരിക്കും പോലെ തോന്നി ആ മുഖങ്ങൾ...
ഇതിലും ഭേദം... ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരണം ആണെന്ന് തോന്നിയ നിമിഷം...
വിദ്യഭ്യാസം ആണ് വിവേകത്തിന്റ അടിത്തറ എന്നൊക്കെ വെറുതെ പറയുന്നതാണ്..

MBA വരെയും പഠിച്ചു എന്ന് പറയുന്നൊരാൾ നാലാം ക്ലാസ് നിലവാരത്തിൽ ചിന്തിച്ചു പോകുന്നത് പിന്നെ എന്തിനാ..

അമർഷം കൊണ്ട് പുകയും പോലെ തോന്നി അവൾക്ക്...
തൊട്ടടുത്തുള്ള നിമിഷം കൈകൾ വയറിൽ പതിഞ്ഞു..

താനിപ്പോ ഒരമ്മ യാണ്... ഉള്ളിൽ അത് തന്നെ പറഞ്ഞു പഠിച്ചു...

പക്ഷേ ഉള്ളിലെ കനലിനെ അണയാൻ സമ്മതിച്ചു കൊടുത്തില്ല.. തളരരുത് എന്ന് തന്നോട് തന്നെ പറഞ്ഞു..പൊരുതാൻ തന്നെ തീരുമാനം എടുത്തു..

അതിനുള്ള ശക്തി ആർജവം സ്വയം നേടി എടുക്കണം.. ഒറ്റക്കാണ് എന്നത് തന്നെ അല്ലേ ഏറ്റവും വലിയ മോട്റ്റീവ്... കോൺഫിഡൻസ്...

ദിവ്യ......

അകത്തു എവിടെയോ ജയേട്ടൻ ഉറക്കെ വിളിച്ചപ്പോൾ അവളുടെ ഓർമകൾ മുറിഞ്ഞു...

അടുപ്പ് കേട്ട് പോയിരുന്നു... അവളുടെ ചിരി പോലെ....

To Top