രചന: ജിംസി
അമ്മയോടും അജുവിനോടും യാത്ര പറഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ പാതി വഴിയിൽ വെച്ച് അവളുടെ വണ്ടിയെ മറ്റൊരു ബുള്ളറ്റ് തടഞ്ഞു നിർത്തി...
ഹെൽമറ്റ് തലയിൽ നിന്നും ഊരി അടുത്തേക്ക് വന്നപ്പോഴാണ് ആളെ പിടികിട്ടിയത്... അനന്തുവേട്ടൻ....
" ഹലോ... ഇതെവിടേക്കാ കറക്കം? ഞാൻ വീട്ടിലോട്ട് പോയിരുന്നു... മേമ പറഞ്ഞു എക്സാം ആയിട്ട് ഇപ്പോ രണ്ടു ദിവസമായി ഫ്രണ്ടിനെ കാണാൻ എന്നും പറഞ്ഞ് ഇറങ്ങി നടക്കുവാണെന്ന്...മോളുടെ പോക്ക് അത്ര ശരിയല്ല എന്ന് കൂടി പറഞ്ഞു "
" അങ്ങനെ പറഞ്ഞോ അമ്മ? അങ്ങനെ പറയാൻ വഴിയില്ലല്ലോ? "
" ഹാ പറഞ്ഞു... പറയാതെ പിന്നെ... എന്താ നിന്റെ ഉദ്ദേശം?എക്സാം അല്ലേ വരുന്നത്.. പഠിപ്പൊന്നും ഇല്ലേ? "
അജിത്തിനെപറ്റി പറയണോ വേണ്ടയോ എന്നുള്ള സംശയത്തിൽ അവൾ ഒരു നിമിഷം നിന്നു..എന്തായാലും അറിയേണ്ടതല്ലേ എന്ന ചിന്തയിൽ അവൾ പറയാമെന്നു വെച്ചു...
" ഹലോ... എന്താ മോളെ.. ഒരു ആലോചന? "
" ഒന്നുല്ല അനന്തുവേട്ടാ... ഞാൻ നന്നായി പഠിക്കുന്നൊക്കെ ഉണ്ട്.. പിന്നെ നമ്മുടെ സുജ മേമ എനിക്ക് ഒരു കല്ല്യാണലോചന കൊണ്ട് വന്നിരുന്നു... അത് അന്ന് ഞാൻ ആയിട്ട് വേണ്ടെന്നും വെച്ചിരുന്നു... "
" ആഹ് എന്നോട് പവിത്ര പറഞ്ഞിരുന്നു അന്ന് വിളിച്ചപ്പോൾ... അല്ല... അത് എന്താ വേണ്ടെന്ന് വെച്ചത്... നല്ലൊരു ചെക്കനെ നീ വേണ്ടെന്നു വെച്ചന്നൊക്കെ അന്ന് പവി പറഞ്ഞത്.... ഈ വരവിന് എനിക്ക് നിന്റെ കല്ല്യാണം കൂടാൻ കഴിയും എന്നാ വിചാരിച്ചേ... ഇനി ഞാൻ തിരിച്ചു പോയാൽ പെട്ടെന്നൊന്നും വരവ് നടക്കില്ല... ആ.. ടൈമ് ആവുമ്പോ നടക്കും... നിനക്ക് വല്യ പ്രായം ഒന്നും ആയിട്ടില്ലലോ.... നിന്റെ കല്ല്യാണം കഴിഞ്ഞേ എനിക്ക് കല്യാണം ഉള്ളൂ എന്നാ അമ്മ പറഞ്ഞത്... ആ... എന്നാണാവോ?. "
അവൾക്ക് സംസാരിക്കാൻ സൂചി പഴുതു കൊടുക്കാതെ അവൻ സംസാരിച്ചു കൊണ്ടിരുന്നു...
" ഓഹ്.. അപ്പൊ അതാണ് മോന്റെ വിഷമം...എന്നാ ഒരു ഹാപ്പി ന്യൂസ് ഉണ്ട്.... എന്റെ മാര്യേജ് ഉടനെ കാണും..."
" ഏഹ്.. എപ്പോ... എന്നിട്ട് വീട്ടിൽ ചെന്നപ്പോ നിന്റെ അമ്മ ഒരക്ഷരം പറഞ്ഞില്ലാലോ... "
അനന്തുവിന്റെ മുഖഭാവം കണ്ട് അവൾക്കു ചിരി വന്നു..
" ന്റെ അനന്തുവേട്ടാ.. അവർക്ക് അറിയില്ലല്ലോ അതിന്...ഇന്ന് സെറ്റ് ആയുള്ളൂ... ഞാൻ വേണ്ടെന്നു വെച്ച പ്രൊപോസൽ തന്നെയാ.. "
അവൾ പെണ്ണുകാണൽ തൊട്ടുള്ള കാര്യങ്ങൾ ഓരോന്നും അനന്തുവുമായി സംസാരിച്ചു..
" മ്മ്... കേട്ടിട്ട് ആള് കുഴപ്പൊന്നും ഇല്ല....പിന്നെ ഹെല്പ്പിംഗ് മെന്റാലിറ്റി ഒക്കെ നല്ലതാ..ബട്ട് പ്രോബ്ലംത്തിൽ പെടാതെ നോക്കണം... നീ കൂടി ശ്രദ്ധിച്ചോ... "
" ഓക്കേ.. ഞാൻ എന്നാ വീട്ടിലോട്ട് ചെല്ലട്ടെ... പിന്നെ ജർമനിയിൽ നിന്ന് വന്നിട്ട് എന്തേലും കൊണ്ട് വന്നിട്ടുണ്ടോ എനിക്ക്? "
അവൾ വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിന് ഇടയിൽ ചോദിച്ചു...
" പിന്നെ.... എനിക്ക് അതല്ലേ പണി?
" അല്ലേലും എനിക്ക് അറിയാം.. നമുക്കൊന്നും കൊണ്ട് വരില്ലെന്ന്...കൊടുക്കാൻ ഒക്കെ വേറെ ആളുണ്ടല്ലോ... ഞാൻ പറയുന്നുണ്ട് വല്യമ്മയോട്... "
അനന്തുവിനും ഗാഥക്കും മാത്രം അറിയാവുന്ന ഒരു പെൺകുട്ടിയായിരുന്നു അന്ന ... ഗാഥായുടെ കൂട്ടുകാരി... അനന്തുവേട്ടന് അവളോടുള്ള സ്നേഹം പറഞ്ഞ് അവരെ സെറ്റ് ആക്കിയതിൽ ഗാഥക്കുള്ള പങ്ക് പറഞ്ഞ് ഇടയ്ക്കിടെ അനന്തുവിനെ ചൊടിപ്പിക്കുന്നത് ഗാഥക്ക് ഒരു രസമാണ്...വ്യത്യസ്ഥ ജാതി ആയതുകൊണ്ട് തന്നെ വീട്ടിൽ ഈ കാര്യം അവതരിപ്പിക്കാതെ കൊണ്ട് നടക്കുകയാണ് ഇരുവരും.. സമയമാവുമ്പോൾ എന്തേലും വഴി കിട്ടും എന്നാണ് അവന്റെ പ്രതീക്ഷ....
" ഗാഥമോളെ.. ഞാൻ നിനക്കുള്ളത് വാങ്ങി വീട്ടിൽ കൊടുത്തിട്ടുണ്ട്... അന്നയുടെ കാര്യം ആരും അറിഞ്ഞേക്കല്ലേ... പ്ലീസ്... "
അവൻ അൽപ്പം ദയനീയ ഭാഷയിൽ പറഞ്ഞു...
" മ്മ്... ഓക്കേ....ബൈ... "
അവൾ വീട്ടിലെത്തി രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞ് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോയി അജിത്തിന്റെ കാര്യങ്ങളെല്ലാം സംസാരിച്ചു...
എന്തുകൊണ്ട് താൻ ഈ വിവാഹത്തിൽ നിന്നും പിന്മാറി എന്ന് തൊട്ട് അവനു വന്ന പ്രോബ്ലവും അവരിൽ നിന്നും മറച്ചുവയ്ക്കാൻ അവൾക്കു തോന്നിയില്ല...
അവൾ അവനെ മനസ്സിലാക്കിയത് പോലെ അച്ഛനും അമ്മയും അവനെ മനസ്സിലാക്കും എന്ന ബോധ്യം അവൾക്കുണ്ടായിരുന്നു....
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖം ഒന്ന് പ്രസാദിച്ചു..
അജിത്തുമായുള്ള ബന്ധത്തിന് ഇരുവരും പച്ചക്കൊടി വീശി... ഗോപുവിനും കാര്യം കേട്ടപ്പോൾ വലിയ സന്തോഷമായിരുന്നു...
ഇതിനിടയിൽ എക്സാംസ് തിരക്കും അത് കഴിഞ്ഞു എൻഗേജ്മെന്റും നടന്നു...അജിത്ത് രണ്ട് മാസം കഴിഞ്ഞു തിരികെ ഗൾഫിൽ പോകുന്നതിനാൽ കല്ല്യാണം രണ്ട് മാസത്തിനുള്ളിൽ തന്നെ നടത്താം എന്നായിരുന്നു ഇരുവീട്ടുകാരുടേം താൽപ്പര്യം...കുറച്ചു ക്യാഷ് ഗാഥാ അച്ഛന്റെ അറിവോടെ അജുവിന് കൊടുക്കാൻ നോക്കിയപ്പോഴും അവൻ വാങ്ങാൻ കൂട്ടാക്കിയില്ല... മാര്യേജിനുള്ള ക്യാഷ് അവൻ അച്ഛനോട് ചോദിക്കില്ല എന്ന് അവൾക്ക് അറിയാമായിരുന്നു... അവൻ എന്താകും ചെയുക എന്നുള്ള ചിന്ത അവളെ അലട്ടിയിരുന്നു...
പിന്നത്തേക്ക് കല്ല്യാണം മാറ്റി വെക്കാൻ അജു പറഞ്ഞെങ്കിലും വീട്ടുകാർ തിരിച്ചു ചോദിക്കുന്നതിനു മറുപടി അവനില്ലായിരുന്നു... അത്യാവശ്യം തരക്കേടില്ലാത്ത സേവിങ്സ് അവന്റെ കൈയിൽ ഉണ്ടായിട്ടും അവൻ പറയുന്ന ഒഴിവു കഴിവുകൾ വീട്ടുകാർ സമ്മതിച്ചു കൊടുത്തില്ല....എല്ലാവരും ചേർന്ന് തീരുമാനം എടുത്ത് മാര്യേജ് ഡേറ്റ് ഫിക്സ് ചെയ്തു...
ഒരു ദിവസം അജു അത്യാവശ്യമായി കാണണം എന്ന് പറഞ്ഞു വിളിച്ചിരുന്നു...
. ഓരോന്നും ആലോചിച്ചു ഇരിക്കുന്നതിനു ഇടയിൽ മണൽ തരികളെ തട്ടി തെറിപ്പിച്ച് അജു അവളുടെ അടുത്തേക്ക് നടന്നു നീങ്ങി...
അവനെ കണ്ടതും അവൾ ഇരുന്നിടത്തു നിന്നും എണീറ്റ് ഒന്ന് പുഞ്ചിരിച്ചു...
" എന്താ അജു... കാണണം എന്ന് പറഞ്ഞെ? അല്ല എനിക്ക് അങ്ങനെ വിളിക്കലോ അല്ലേ? "
" പിന്നെ എന്താടോ... വിളിച്ചോ... "
" എന്താ മുഖത്ത് ഒരു സന്തോഷം... പതിവിലേക്കാൾ കൂടുതലായി അജുവിന് എന്തോ ഒരു മാറ്റം... "
അവന്റെ കണ്ണിൽ അന്നുവരെ കാണാത്തൊരു തിളക്കം മിന്നി മറഞ്ഞു....
" എടോ...എന്റെ പ്രോബ്ലം ഒക്കെ സോൾവ് ആയി....എന്നെ പറ്റിച്ചു മുങ്ങിയവൻ ഇന്നലെ എന്റെ മുന്നിൽ പ്രതീക്ഷിക്കാതെ വന്നു... അവൻ ആ അറബിയിൽ നിന്നും വാങ്ങിയ ക്യാഷ് എല്ലാം തിരിച്ചു കൊടുത്തു... അവന്റെ അമ്മക്ക് കിട്ടേണ്ട കുറച്ച് സ്വത്തു വകകൾ കേസിൽ ഉണ്ടായിരുന്നത്രെ... കേസ് അവർക്ക് അനുകൂലമായി എല്ലാം തിരിച്ചു കിട്ടി എന്ന് അവൻ പറഞ്ഞു... എന്നോട് ചെയ്തതിനു വന്നു സോറിയും പറഞ്ഞു.... ശെരിക്കും പറഞ്ഞാൽ തന്നെ കണ്ട് മുട്ടിയത് തൊട്ട് എനിക്ക് ലക്ക് ആണ്.... "
അവൻ അവളുടെ കൈ ചേർത്തു പിടിച്ചു ചിരിച്ചു... അന്നേവരെ അവൻ അനുഭവിച്ച മാനസിക സംഘർഷം ചെറു നനവായി കൺകോണിൽ പടർന്നു...
" അജു..... തനിക്കു നല്ല ദൈവാനുഗ്രഹം ഉണ്ടന്ന് കൂട്ടിക്കോ... അല്ലാതെ എന്റെ ലക്ക് ഒന്നുമല്ല.... തന്റെ സേവിങ്സ് ഒക്കെ ഒരു നിമിഷം സീറോ ആവേണ്ടയിടത്തും നിന്ന് ദൈവം രക്ഷിച്ചു...ഇനി കല്ല്യണം...താൻ ഹാപ്പി ആണോ ഇപ്പൊ...?
" യെസ്... ഇപ്പൊ ഞാൻ തന്നെ എന്റെ കൂടെ കൂട്ടാൻ വെയിറ്റ് ചെയാ... ഒരു സങ്കടം ഉള്ളത് മാര്യേജ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാൽ എനിക്ക് തിരിച്ചു പോണം.... അടുത്ത വരവിന് തന്നെയും കൊണ്ട് പോകാൻ പെറ്റു... "
അവൾ മറുപടി മൗനത്തിൽ ഒതുക്കിയിരുന്നു.. ആ മൗനത്തിൽ തന്നെ അവൻ വായിച്ചറിഞ്ഞിരുന്നു... അവളുടെ ഉള്ളിൽ എന്താണെന്ന്...കല്യാണത്തെ കുറിച്ചായിരുന്നില്ല അവന്റെ ചിന്ത.... അത് കഴിഞ്ഞുള്ള അകന്നു നിൽക്കൽ ഓർത്തിട്ടായിരുന്നു... അവനെ പോലെ അവളും ഒരു നിമിഷം ചിന്തിച്ചു പോയിരുന്നു....
----------------------------
കല്യാണതലേന്ന് ഗാഥായുടെ വീട്ടിൽ ബന്ധുക്കളുടെ തിക്കും തിരക്കാണ്... അച്ഛന്റെയും അമ്മയുടേം ചേട്ടന്റേം ചേച്ചീടേം മക്കളും കുട്ടികളും എല്ലാവരും കൂടി വീട് നിറച്ചും ആളുകളാണ്....
രാത്രി നേരത്തെ കിടക്കാൻ അമ്മയും പവിയും കൂടി ഗാഥായെ ഉന്തി തള്ളി മുറിയിലേക്ക് വിട്ടിരുന്നു... അവൾ കിടക്കും മുൻപ് അജുവിനെ വെറുതെ വിളിച്ച് നോക്കി...ഒന്ന് രണ്ട് തവണ വിളിച്ചിട്ടും അവൻ ഫോൺ എടുക്കാതെയായപ്പോൾ അവൾക്ക് അൽപ്പം ആധി കയറിയിരുന്നു...
അവൻ അവിടെ തിരക്കിലാവും എന്ന് മനസ്സിൽ തോന്നിയെങ്കിലും ഫോൺ എടുക്കാതെയായപ്പോൾ അവൾക്ക് ടെൻഷൻ പോലെ തോന്നി...
സമയം പതിനൊന്നു മണി ആയപ്പോ അവൻ അവളെ തിരിച്ചു വിളിച്ചു...
" " ഹലോ... എന്താ അജു.. വിളിച്ചിട്ട് എടുക്കാഞ്ഞേ? "
" എന്താടോ പേടിച്ചു പോയോ? "
" ഇല്ല എന്നാലും ഫോൺ വിളിച്ചിട്ട് എടുത്തില്ലേൽ ഒരു ആധി... എനിക്ക് നാളെത്തെ ദിവസം ഓർത്തിട്ട് ഉറക്കം വരുന്നില്ല അജു... "
" എങ്കിൽ ഒരു കാര്യം ചെയ്.. താൻ ഒന്ന് പുറത്തു വാ.. എനിക്കും കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു... അപ്പൊ ദേ തന്നെ കാണാമെന്നു വെച്ചു ഇറങ്ങി... നമുക്ക് ഒന്ന് പുറത്തു കറങ്ങിയിട്ട് വരാം "
അവൻ പറഞ്ഞത് വിശ്വാസം വരാത്ത മട്ടിൽ അവൾ പതിയെ ഡോർ തുറന്നു പുറത്തേക്ക് ചെന്ന് നോക്കി..
കള്ളന്മാർ പതുങ്ങി നിൽക്കും പോലെ ഗേറ്റിനാട് ചേർന്ന് നിൽപ്പുണ്ടായിരുന്നു അവൻ...
" ശൂ... ശൂ... ഇറങ്ങി വാടോ... "
അവൻ ശബ്ദം താഴ്ത്തി പറഞ്ഞു..
" എങ്ങോട്ടാ ഈ നട്ട പാതിരാത്രി? ഇപ്പൊ പുറത്തിറങ്ങിയാൽ ആരേലും കണ്ടാൽ...."
അവൾ ചുറ്റും തെല്ലും പരിഭ്രമത്തോടെ നോക്കി...
" ആരും കാണില്ലാ... താൻ വന്നേ... "
അവളെയും കൂട്ടി കുറച്ച് മാറി കിടന്നിരുന്ന അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത് അവളോട് കയറാൻ പറഞ്ഞു...
അവൾ കയറിയതോടെ അവൻ കുറച്ച് ദൂരം യാത്ര തുടർന്നു...
അവൾ അവനോട് ചേർന്നിരുന്ന് വട്ടം ചുറ്റിപ്പിടിച്ചു.. വീശിയടിക്കുന്ന കാറ്റിൽ അവളുടെ മുടികൾ പാറി പറന്നു...അവനെ വലിഞ്ഞു പിടിച്ച അവളുടെ ഒരു കയ്യിൽ അവനും പിടിത്തമിട്ടിരുന്നു.... അവർക്കു ചുറ്റുമുള്ള ലോകത്തിൽ അവളും അവനും മാത്രമാണെന്ന അനുഭൂതി അവളെ വന്നു പൊതിഞ്ഞിരുന്നു....
അത്യാവശ്യം തിരക്കേറിയ ഒരു തട്ടുകട അവന്റെ കണ്ണിൽ പെട്ടിരുന്നു... അവൻ വണ്ടി റോഡിനോരം ചേർന്ന് ഒതുക്കിയിട്ട് നിർത്തി....
" എടോ ഇറങ്ങ്.... ഇവിടുത്തെ സ്പെഷ്യൽ ഒരു ഐറ്റം ഉണ്ട്.. വാ കഴിക്കാം... "
" അജു... നമുക്ക് വേഗം പോകണം കേട്ടല്ലോ... വീട്ടിൽ അറിഞ്ഞാൽ സീൻ ആവും... " അവൾ ചുറ്റും ഒന്ന് വീക്ഷിച്ചിട്ട് പറഞ്ഞു..
" താൻ പേടിക്കാതെ... നമുക്ക് വേഗം പോകാം... ഓക്കേ... "
ഒഴിഞ്ഞു കിടന്നിരുന്ന ബെഞ്ചിൽ അവർ രണ്ട് പേരും സ്ഥാനം പിടിച്ചു... ഓർഡർ കൊടുത്ത് ഫുഡ് വരാൻ വെയിറ്റ് ചെയ്തിരുന്നു..
അവൾക്ക് അഭിമുഖമായി കുറച്ചപ്പുറമായി മാറി ഇരുന്ന രണ്ട് കണ്ണുകൾ അവളെ നോക്കി വശ്യമായ ഒരു ചിരി ചിരിച്ചു... അയാളുടെ ചുണ്ട് കൊണ്ട് അവളെ നോക്കി കൊനിഷ്ട്ട് കാണിക്കുന്നത് കണ്ട അവൾ അയാളിൽ നിന്ന് മുഖം വെട്ടിച്ചു... അജുവിന്റെ കണ്ണുകളും അയാളെ തന്നെ ആ നിമിഷം ചൂഴ്ന്ന് നോക്കുകയായിരുന്നു....
ബാക്കി ഉള്ള ഭാഗങ്ങൾ നാളെ പോസ്റ്റ് ചെയ്യാം, വായിച്ച എല്ലാ കൂട്ടുകാരും ലൈക്ക് കമന്റ് ചെയ്യുക... പേജിൽ ബാക്ക് പോയി കമന്റ് ഇടുന്ന എല്ലാവർക്കും നോട്ടിഫിക്കേഷൻ നൽകുന്നത് ആണ്...
തുടരും...