രചന: ജിംസി
വലിയൊരു സൗണ്ടോടു കൂടി അവരെയും വഹിച്ചു കൊണ്ട് ആ വണ്ടി ഹോസ്പിറ്റലിലേക്ക് യാത്ര തുടങ്ങി....
ഹോസ്പിറ്റലിലേക്കുള്ള വഴി ആദ്യമേ അവനോട് അവൾ പറഞ്ഞിട്ട് വണ്ടിയിലേക്ക് കയറി....
ആദ്യമായി ബുള്ളറ്റിൽ കയറുന്നതിന്റെ ചെറിയ പരുങ്ങലോടെ അവൾ അവന് പിന്നിലായി കുറച്ചകലം ഇരുന്നു.....
അൽപ്പ നിമിഷങ്ങൾ അവർക്കിടയിലൂടെ മൗനം മാത്രമായി ഒതുങ്ങി നിന്നു...
നിനക്ക് ബുള്ളറ്റിൽ യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടമാണല്ലേ?
നിശബ്ദതയെ മുറിച്ചു കൊണ്ട് മാധവ് ചോദിച്ചു..
മ്മ്... അതേ...പക്ഷേ ഞാനാദ്യമായാണ് ഒരാളുടെ ഒപ്പം ഇങ്ങനെ ബുള്ളറ്റിൽ സഞ്ചരിക്കുന്നത്....
എല്ലാ യാത്രയും ഇഷ്ടമാണ്... മുൻപ് പഠിക്കാനൊക്കെ ബസിലായിരുന്നു പോയത്. ബസ് യാത്രയും ഒരുപാട് ഇഷ്ടമാണ്...
ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു പാട്ടും കേട്ട്, പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുമ്പോൾ ചിലപ്പോഴൊക്കെ ചിന്തിക്കും യാത്ര ഒത്തിരി ദൂരം നീണ്ടു പോയെങ്കിൽ എന്ന്......
മിഴി കൂടുതൽ കൂടുതൽ അവനോട് യാത്രയെപ്പറ്റി വാചാലയായി...
ആഹാ.... കൊള്ളാലോ...ഞാനും തന്നെ പോലെയാ.... ഒരുകാലത്ത് ഇവൻ എന്റെ പ്രിയപ്പെട്ടതായിരുന്നു....
എത്രയിടങ്ങളിലാണ് ഇവൻ ഞങ്ങളെ ചുറ്റി കറങ്ങിയിട്ടുള്ളത്?
ഞങ്ങൾ എന്ന് വെച്ചാൽ?
മിഴി സംശയത്തോടെ ചോദിക്കാൻ വന്നതും കൂടെ നിള ചേച്ചിയാകും എന്ന് അവൾ ഊഹിച്ചു.....
ഇവിടുന്ന് കുറച്ച് കൂടി അല്ലേ ഉള്ളൂ....
മാധവ് ആവേശത്തോടെ പറഞ്ഞു...
മ്മ്... അതേ.... ധൃതിയായല്ലേ ചേച്ചിയെ കാണാൻ?
മ്മ്... അങ്ങനെ ചോദിച്ചാൽ ഉണ്ട്... കാണണം...
കണ്ട് അവളോട് ചോദിക്കണം എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ നോക്കിയേനെലോ ഒന്നും വരുത്താതെ പോന്നു പോലെ....ഇതിപ്പോ അവളെ ആരോ ഉപദ്രവിച്ചു എന്ന് കേട്ടപ്പോൾ സഹിക്കുന്നില്ല....
മ്മ്....മിഴി ഒന്ന് മൂളിയതേയുള്ളു...
എന്താണ് ഈശ്വരാ ഒരു മനപ്രയാസം? ജീവിതം പിച്ചി ചീന്തി അവശയാക്കിയ ഒരു പാവം പെണ്ണാണ് അപ്പുറത്ത്....ഒരുപക്ഷെ നിള ചേച്ചിയുടെ വിവാഹം ഒന്നും കഴിഞ്ഞിരിക്കാൻ ഇടയില്ല....
ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തിനു മെസ്സേജ് അയച്ച പോലെ, ചേച്ചി സ്നേഹിക്കുന്ന ഹർഷനെ ഓർക്കാനാകില്ലേ അന്ന് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ചേച്ചി ആലോചിക്കേണ്ടത്....
ഇതിപ്പോൾ മാധവ് എന്ന് വിളിച്ചുള്ള കണ്ണുനീരായിരുന്നു താൻ അന്ന് കണ്ടത്...
ആ കണ്ണുനീരിൽ ഒട്ടും കലർപ്പില്ലാത്ത സ്നേഹം നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു....
നിളയെ ഓരോ ചിന്തകൾ വന്നു മൂടിയിരുന്നു....
മിഴി......
മാധവ് വിളിക്കുന്നത് അവൾ കേൾക്കുന്നുണ്ടായിരുന്നില്ല....
ഓടിമറയുന്ന മരങ്ങളെയും വീടുകളെയും വെറുതെ നോക്കി കാണുകയായിരുന്നു അവൾ......
മിഴി.... തന്നെയാ വിളിച്ചത്.
ഓഹ്.... എന്താ..... ഞാൻ കേട്ടില്ലായിരുന്നു....
അവൾ പെട്ടെന്ന് അവന്റെ സംസാരം ശ്രദ്ധിച്ചു പറഞ്ഞു..
അതേ... ഞാൻ അവളെ കാണുമ്പോൾ ആദ്യം എന്താ ചോദിക്കുക?
അവൾ അന്ന് എന്നെ പറ്റിക്കാനാകും ഹർഷന്റെ പേര് വെച്ച് മെസ്സേജ് അയച്ചേ എന്ന് ഇപ്പൊ തോന്നാ എനിക്ക്...
ഞാൻ അവളെ സംശയിച്ചില്ലേ കുറച്ചു നാളെങ്കിലും.... ഹർഷൻ ആയിട്ട് അവൾ അടുപ്പം ഉണ്ടെന്ന് ഞാൻ തെറ്റിദ്ധരിച്ചതിന്റെ ദേഷ്യമാകാം അവൾ എന്നിൽ നിന്നും ഇങ്ങനെ മാറി നിൽക്കുന്നത്.... അല്ലേ?
മ്മ്.... അവൾ മറുടിയെന്നോണം മൂളി....
അല്ല... മിഴി പറഞ്ഞല്ലോ....എന്റെ പേര് വിളിച്ച് ഹോസ്പിറ്റലിൽ കരഞ്ഞെന്ന്.... അപ്പോൾ ഇപ്പോഴും അവൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ... അല്ലേ?
മ്മ്...
ഹാ... താൻ എന്താടോ എപ്പോഴും മൂളിക്കൊണ്ടിരിക്കുന്നെ... വല്ലതും പറയ്....
അവൾ തുടർച്ചയായി മൂളുന്നത് കണ്ടിട്ടാണ് മാധവ് അങ്ങനെ പറഞ്ഞത്....
ശരിയാ... നിള ചേച്ചിയുടെ ഉള്ളിൽ ഇപ്പോഴും നിങ്ങളുണ്ട്.. അത് കേട്ടതും അവന്റെ മുഖം ഒന്ന് തെളിഞ്ഞു...
തിരക്ക് കുറഞ്ഞ റോഡിൽ നിന്നും പതിയെ അവന്റെ വണ്ടി വീതിയേറിയ പാതയിലേക്ക് കയറി.....
ഏകദേശം പതിനഞ്ചു മിനിറ്റുകൾക്കകം അവർ ഹോസ്പിറ്റലിൽ എത്തി ചേർന്നു...
അന്വേഷണ കൗണ്ടറിൽ പേരും അഡ്മിറ്റ് ചെയ്ത ഡേറ്റ് ഒക്കെ മിഴി പറഞ്ഞപ്പോൾ കൗണ്ടറിൽ ഉള്ള പെൺകുട്ടി രജിസ്റ്റർ നോക്കി വിവരത്തിനായി പരതി....
ഈ കുട്ടി ഡിസ്ചാർജ് ആയിപോയല്ലോ...
മാധവിന്റെയും മിഴിയുടെയും പ്രതീക്ഷകൾ കാറ്റിൽ പറത്തി കൊണ്ടാണ് ആ പെൺകുട്ടി അത് പറഞ്ഞത്....
ഡിസ്ചാർജ് ആയെന്നോ? എപ്പോൾ?
രണ്ട് ദിവസം മുന്പേ ആണല്ലോ...
മിഴി ചോദിച്ചപ്പോൾ വീണ്ടും രജിസ്റ്റർ ഒന്ന് ഓടിച്ചു നോക്കി ആ പെൺകുട്ടി പറഞ്ഞു..
ആർക്കൊപ്പമാണ് പോയത്?
മാധവിന്റെ മുഖത്തെ നിരാശ ശരിക്കും നിഴലിച്ചു നിന്നിരുന്നു....
അത് ഡ്യൂട്ടി നഴ്സിന് ചിലപ്പോൾ അറിയാമായിരിക്കും... ആ കുട്ടിയുടെ മുറിയിൽ സ്ഥിരം ഡ്യൂട്ടിക്ക് വന്നിരുന്ന നഴ്സ് സിമിയുമായി ആ കുട്ടിക്ക് നല്ല അടുപ്പം ഉണ്ടായിരുന്നു...
ഹെല്പ്പിന് ബന്ധുക്കൾ ഒന്നും ഇല്ലാത്തോണ്ട് ഫ്രീ കിട്ടുമ്പോൾ ഇടക്കൊക്കെ ആ നേഴ്സ് ആ കുട്ടിയോട് വർത്തമാനം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്...
ഓക്കേ... സിമി സിസ്റ്ററെ ഒന്ന് കാണാൻ പെറ്റോ?
മിഴി തിടുക്കത്തിൽ തിരക്കി..
ആഹ്... ഇപ്പൊ സിസ്റ്റർ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി കാണും... വേണമെങ്കിൽ കോൾ ചെയ്ത് തരണോ...?
ആ മതി... ഒന്ന് കോൾ ചെയ്യാമോ...
മ്മ്.. വൺ മിനിറ്റ്...
കൗണ്ടറിലെ പെൺകുട്ടി സിമി സിസ്റ്ററിനു കോൾ ചെയ്തു, ഫോൺ മിഴിയ്ക്കു കൊടുത്തു..
നിളയെപെറ്റിയുള്ള വിവരങ്ങൾ ഓരോന്ന് ചോദിച്ചറിഞ്ഞു അവൾ ഫോൺ തിരികെ നൽകി...
മിഴി ഒന്നും പറയാതെ മുന്നിലേക്ക് ഒരടി നടന്നു...
എന്തായി മിഴി.. എന്താ സിസ്റ്റർ പറഞ്ഞത്?
മാധവ് ചോദ്യഭാവത്തിൽ അവളെ നോക്കി..,
അത്.. സിസ്റ്റർ പറഞ്ഞത് ഡിസ്ചാർജ് ദിവസം ചേച്ചിയുടെ ബന്ധു എന്ന് പറഞ്ഞിട്ട് ഒരാൾ വന്നിരുന്നു .. ആളുടെ ഒപ്പം പോയെന്നാ പറഞ്ഞത്...
സ്വന്തം നാട്ടിലേക്ക് പോകുവാണെന്നാ ചേച്ചി പറഞ്ഞതത്രേ....
മിഴിയുടെ വാക്കുകൾ കേട്ട് മാധവ് ഒരു നിമിഷം ആലോചിച്ചപ്പോൾ ഇടുക്കിയിലേക്കാവും അവൾ പോയിട്ടുണ്ടാവുക എന്ന് അവൻ ഊഹിച്ചു....
മിഴി... എനിക്ക് അറിയാം അവൾ ഇപ്പൊ എവിടെ ഉണ്ടാകും എന്ന്... നിനക്ക് യാത്ര ഒരുപാട് ഇഷ്ടമല്ലേ...?
നമുക്ക് ഇപ്പോൾ തന്നെ ഒരിടം വരെ പോകണം...
എങ്ങോട്ട്? അവൾ സംശയത്തോടെ ചോദിച്ചു...
ഇടുക്കിയിലെ ഏലപ്പാറയിലെ അവളുടെ വീട്ടിലേക്ക്...അവിടെയും അവൾ ഇല്ലെങ്കിൽ അവളുടെ അമ്മാവന്റെ വീട്ടിലും പോകാം.. അവിടെ അടുത്തു തന്നെയാ..
അപ്പോൾ അവിടെ നമ്മൾ പോയി വരുമ്പോ രാത്രിയാവില്ലേ വീട് എത്താൻ...
അൽപ്പം പേടിയോടെ അവൾ പറഞ്ഞു.
മ്മ്.. രാത്രിയിൽ എന്താ യാത്ര ചെയ്യാൻ പാടില്ലേ? മിഴിയ്ക്ക് പേടിയുണ്ടോ എന്റെ കൂടെ അത്ര ദൂരം വരാൻ....
പേടി.... അതില്ല... പക്ഷേ.. വീട്ടിൽ അറിഞ്ഞാൽ....
അവൾ പോവാനൽപ്പം മടിയോടെ നിന്നു..
വീട്ടിൽ ഞാൻ പറഞ്ഞോളാം... താൻ ധൈര്യമായി കയറ്.. നമുക്ക് സമയം കളയാൻ ഇല്ല...
നിലത്തു പതിച്ചിരിക്കുന്ന സ്റ്റാൻഡ് ഒന്ന് തട്ടി ഇടതു കാലിലെ ഗിയർ മുകളിലേക്ക് വലിച്ച് ഫസ്റ്റ് ഗിയറിട്ടു, ക്ലച്ചു പതുക്കെ പിടിച്ചു പതുക്കെ അവൻ വണ്ടി മുന്നോട്ട് എടുത്ത് നീങ്ങി...
കുറേ ദൂരം താണ്ടി അവൻ ഇടുക്കിയിലേക്ക് യാത്ര തുടർന്നു...കുറേ ദൂരം അവർ ഹോസ്പിറ്റലിൽ നിന്ന് പിന്നിട്ടിരുന്നു..
അതേ... ഞാൻ ഒരു കാര്യം ചോദിക്കട്ടെ...
മിഴി എന്തോ ഓർത്തിട്ടെന്നോണം പറഞ്ഞു..
എന്താ...?
നിള ചേച്ചിക്ക് ഒപ്പം കൈസർ എന്ന ഒരു ഡോഗും അന്ന് വീട്ടിലേക്ക് വന്നില്ലേ? ഞാൻ വന്നപ്പോൾ തൊട്ട് അങ്ങനെയൊരു നായ കൂട്ടിൽ ഇല്ലല്ലോ... ഒഴിഞ്ഞിട്ട കൂട് ഓർമ വന്നത് കൊണ്ട് ചോദിച്ചതാ.....
അവൻ വണ്ടി റോഡിനോരം ചേർത്ത് ഒതുക്കിയിട്ടു..
എന്താ വണ്ടി നിർത്തിയത്...?
കുറെ നേരമായുള്ള ഡ്രൈവ് അല്ലേ... ദേ ആ കാണുന്ന കടയിൽ നിന്ന് രണ്ട് കരിക്ക് പറയാം.. ഇപ്പൊ ഇത് കഴിച്ചിട്ട് പോണ വഴിയിൽ നല്ലൊരു ഹോട്ടൽ കണ്ടാൽ ഫുഡ് കഴിക്കാൻ കയറാം...
മ്മ്.. ശരി..
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി അവനൊപ്പം കരിക്ക് വിൽക്കുന്നയാളുടെ അടുത്തേക്ക് ചെന്നു..
രണ്ട് കരിക്ക് പറഞ്ഞ് കടയുടെ മുന്നിലെ ചെറിയ ബെഞ്ചിലേക്ക് ഇരുന്നു...
ഇരിക്ക്...
അവൻ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് അവൾ നോക്കി ഒന്നിരുന്നു...
ആഹ്.. മിഴി ചോദിച്ചത് കൈസറിനെ കുറിച്ചല്ലേ? അവൻ ഇപ്പൊ എവിടെയാണെന്ന് എനിക്ക് അറിയില്ല...നിളയെ കാണാതായ ദിവസം തന്നെ അവനെയും കാണാനില്ലായിരുന്നു...
മിഴി എന്തൊക്കെയോ ആലോചനയിൽ കുടുങ്ങി പോയിരുന്നു...
നിള ചേച്ചിയുടെ അച്ഛൻ വീട്ടിൽ നിന്നും കാണാതായ ദിവസം കൈസറിനെയും വീട്ടിൽ കണ്ടില്ല എന്നല്ലേ ഇദ്ദേഹം അന്ന് പറഞ്ഞത്...
നിള ചേച്ചി അന്ന് മിസ്സിംഗ് ആയപ്പോൾ അപ്പോഴും കൈസറും മിസ്സിംഗ്..
ചിലപ്പോൾ അത്രയും കൂടുതൽ സ്നേഹിക്കുന്ന യജമാനനെ തിരഞ്ഞു പോയതാകാം... അവൾ വെറുതെ ഊഹിച്ചു...
ഉച്ചയോടെ അടുത്തപ്പോൾ ഒരു ഹോട്ടലിൽ കയറി അവർ ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തിരിച്ചു... ഏകദേശം രാത്രിയുടെ വേളയിൽ അവർ അവളുടെ വീടിന്റെ ഗേറ്റ് കടന്നെത്തി....
അത്ര സമയം ആദ്യമായി യാത്ര ചെയ്ത അവശത മിഴിയുടെ മുഖത്ത് ശരിക്കും പ്രതിഫലിച്ചു നിന്നിരുന്നു......
ഗേറ്റ് കടന്ന് അവന്റെ വണ്ടി മുറ്റത്തേക്ക് നിർത്തിയതും ഉമ്മറകോലായിൽ തെളിഞ്ഞു നിന്ന ലാമ്പ് കണ്ടപ്പോൾ മാധവിനു അൽപ്പം ആശ്വാസമായിരുന്നു.....
മ്മ്.... ഇവിടെ എന്തായാലും ആളുണ്ട്.... വാ... നമുക്ക് കോളിങ് ബെൽ അടിക്കാം...
മാധവ് മിഴിയെ നോക്കി പറഞ്ഞു...
ചെറിയ വെളിച്ചത്തിൽ അവളാകെ ആ വീടും പരിസരവും ഒന്ന് നോക്കി കണ്ടു... കുറേ നാളായി അടച്ചിട്ട വീടിന്റെ കുറച്ചു പ്രതീതി അവിടെയാകെ കാണുന്നുണ്ടായിരുന്നു....
മുറ്റമാകെ കൂടി നിറഞ്ഞ കരിയിലകൾ... മാറാലകെട്ടുകളും ഉമ്മറത്ത് അങ്ങിങ്ങായി തെളിഞ്ഞു കാണാമായിരുന്നു....
കോളിങ് ബെൽ തുടർച്ചയായി അടിച്ചതിനു ശേഷം ആ വീടിന്റെ വാതിൽ ഒരാൾ വന്നു തുറന്നു....
ഒറ്റ നോട്ടത്തിൽ തന്നെ ഹർഷന്റെ മുഖം മാധവിനു വ്യക്തമായിരുന്നു...
മാധവ് !!!
ഹർഷൻ അൽപ്പം ആശ്ചര്യപൂർവം നോക്കി നെറ്റിമേൽ ഒന്ന് ചൂണ്ടു വിരലോടിച്ചു....
എന്താ.... എന്താ വേണ്ടേ?
എവിടെ അവൾ?
മാധവ് അൽപ്പം പരുക്കൻ ശബ്ദത്തിൽ ചോദിച്ചു...
ആര്? ആരെയാ തിരക്കുന്നെ ?
ഹർഷൻ ചോദ്യഭാവത്തിൽ അവനെ നോക്കി...
അവൾ എന്റെ ഭാര്യ... നിളയെവിടെ എന്നാ ചോദിച്ചത്?
അവന്റെ ശബ്ദം നേരിയതായി കനത്തിരുന്നു....
ഭാര്യയോ...? നിന്റെ ഭാര്യയല്ലേ കൂടെ ഉള്ളത്?
തൊട്ട് അടുത്ത് നിന്ന മിഴിയെ നോക്കിയാണ് ഹർഷൻ അൽപ്പം ഈർഷ്യയോടെ പറഞ്ഞത്...
ഹോ... ഞാൻ അപ്പോൾ ഇവളെ വിവാഹം ചെയ്തത് ഇവൻ അപ്പോൾ അറിഞ്ഞിരിക്കുന്നുണ്ട്....
മാധവ് ഊഹിച്ചു..
എനിക്ക് അവളെ കാണണം....
അത് പറഞ്ഞ് ഹർഷനെ തള്ളി മാറ്റി മാധവ് അകത്തേക്ക് കടന്നു... ചുറ്റും നിള..... എന്ന് വിളിച്ചു കൂവി...
ശേ.... നീ... എന്താ ചെയുന്നത്? നീ എന്തിന് അവളെ തിരക്കണം..? അവളെ നീ ഉപേക്ഷിച്ചതല്ലേ?
ഛെ... എന്താടാ നീ പറഞ്ഞത്? കൂടെ പോന്ന പെണ്ണിനെ ക്രൂരമായി ഉപദ്രവിച്ചു ഒരു പറമ്പിൽ കൊണ്ട് ഇട്ടതും പോരാ... നീ നിന്ന് വാച കമടിക്കുന്നോ? അവളെ വീണ്ടും ഇവിടേക്ക് കൊണ്ട് വന്നത് വീണ്ടും ഉപദ്രവിക്കാനാണോ?
അത് ചോദിച്ച് അലർച്ചയോടെ അവന്റെ ഷർട്ടിന്റെ കോളറിൽ ബലമായി പിടിച്ചു വലിച്ച് അവന്റെ കരണം നോക്കി മാധവ് ഒന്ന് കൊടുത്തു.... മിഴി അവരെ ഇരുവരെയും നോക്കി അൽപ്പം പേടിയോടെ നിന്നു..
മതി.... ഹർഷേട്ടനെ ഒന്നും ചെയ്യരുത്....
ശബ്ദം കേട്ട ഭാഗത്തേക്ക് മാധവ് നോക്കുമ്പോൾ ഒരു മുറിയിൽ നിന്നും പതുക്കെ അവൾ നടന്നു വരുന്നുണ്ടായിരുന്നു...
നിള !!
മാധവ് ഹർഷന്റെ മേലിൽ നിന്നും പിടി അയച്ചു...
നിള... നിന്നെ ആരാ ഉപദ്രവിച്ചത്? എന്താ സംഭവിച്ചത്? പ്ലീസ് പറ....?
മാധവ് വളരെ അക്ഷമയോടെ ചോദിച്ചു...
എന്തിനാ മാധവ്.. ഇപ്പോൾ എന്നെ തിരക്കി വന്നത്? ഇത്രയും നാൾ എവിടെയായിരുന്നു? എന്നെ തിരക്കി വന്നായിരുന്നോ?
നിളയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയത് കണ്ട് മാധവ് ഒരു നിമിഷം മൗനമായി...
ചേച്ചി.... എല്ലാം ഒരു അബദ്ധം പറ്റിപോയതാ... ചേച്ചി ഇപ്പോഴും ചേച്ചിയുടെ മാധവിനെ സ്നേഹിക്കുന്നില്ലേ? ആ സ്നേഹം ഇപ്പോഴും ഇദ്ദേഹത്തിനും ഉണ്ട്....
മിഴി ഇടയിൽ കയറി പറഞ്ഞു..
മിഴി... അല്ല... മിഴി മാധവ്... എല്ലാം ഞാൻ അറിഞ്ഞിരുന്നു... ഈ അടുത്ത്...
താൻ മാധവിന്റെ ഭാര്യ ആണെന്ന് മനസ്സിലാക്കിയത് അറിഞ്ഞു മിഴി, മുഖമുയർത്തതെ ഒന്നു തല കുനിച്ചു...നിളയെ നോക്കാനാവാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ അവളെ വന്നു പൊതിഞ്ഞു....
എന്നെ കുറ്റപ്പെടുത്തും മുന്പേ ഒരു കാര്യം...
അന്ന് കോളേജിൽ പോയ നിന്നെ കാണാതെ ഞാൻ സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കാൻ പോയപ്പോൾ, നിന്റെ ഫോണിൽ നിന്നും വന്ന മെസ്സേജ് ആണിത്... ഇതിൽ നിനക്ക് എന്തെങ്കിലും അറിവുണ്ടോ??
അവൾ ഒരു അന്താളിപ്പോടെ ആ മെസ്സേജ് വായിച്ച് നോക്കി....
ഇത് ഞാൻ അയച്ചതല്ലായിരുന്നു മാധവ്....
എനിക്കറിയാം ഹർഷേട്ടൻ മാധവിന്റെ മുമ്പിൽ തെറ്റുകാരൻ തന്നെയാകും... കുറച്ചു മാസങ്ങൾക്കു മുൻപ് വരെ എനിക്കും ഹർഷേട്ടൻ ശല്യമായിരുന്നു...
അന്നത്തെ ദിവസം നടന്നത് ഞാൻ പറയാം... അന്ന് സർട്ടിഫിക്കറ്റ് വാങ്ങി വരും വഴിയിൽ ഒന്നു രണ്ട് പേര് ചേർന്ന് എന്റെ വായും കൈയും മൂടി കെട്ടി ഒരു വാഗ്നർ കാറിന്റെ ഡോർ തുറന്നു ഉള്ളിലേക്ക് ബലമായി ഉന്തിയിട്ടു...
കുറേ ദൂരം മുന്നിലേക്ക് എന്നെയും വലിച്ച് കൊണ്ട് ആ വണ്ടി നീങ്ങി... ആ വണ്ടിയിൽ ഉണ്ടായിരുന്നവർ എനിക്ക് അപരിചിതരായിരുന്നു... പിന്നീട് ഒരു ഒഴിഞ്ഞ വീടിന്റെ അകത്തളത്തിലേക്ക് എന്നെ തള്ളിയിട്ട് ആ ഗുണ്ടകൾ പോയി...
വാതിൽ തള്ളി തുറന്നു എന്റെ നേർക്ക് വന്ന വ്യക്തിയെ കണ്ട് ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയിരുന്നു...
ഹർഷേട്ടന്റെ വീട്ടുകാരെ പോലെ തന്നെ എന്നെ വിവാഹം കഴിച്ചു, സ്വത്തെല്ലാം തട്ടി എടുക്കണം എന്ന ഉദ്ദേശ്യത്തോടെ നിന്നിരുന്ന ചെറിയമ്മാവന്റെ മകൻ സഞ്ജയ് ആയിരുന്നു അത്....
സഞ്ജയ്‌യുടെ വീട്ടുകാരും ഹർഷേട്ടന്റെ വീട്ടുകാരും തമ്മിൽ ആയിരുന്നല്ലോ അന്ന് അച്ഛൻ മരിച്ച ദിവസങ്ങളിൽ പരസ്പരം വാക്കുതർക്കം ഉണ്ടായിരുന്നത്....
പക്ഷേ... ഒന്നു മാത്രം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.... അന്നത്തെ രാത്രിയിൽ അവൻ എന്നെ ഉപദ്രവിക്കുമെന്ന്...
രാത്രിയുടെ ആ ഭീകരതയിൽ ആ ഒറ്റമുറിയിൽ ഞാൻ കിടന്ന് നിലവിളിക്കുകയായിരുന്നു... അവന്റെ ബലിഷ്ഠമായ കരങ്ങളിൽ പിടഞ്ഞമർന്നു വല്ലാതെ ഞാൻ അവശയായി പോയിരുന്നു.... പാതി മറഞ്ഞ ബോധത്തിൽ അവൻ എന്റെ വിരൽ വെച്ച് എന്റെ ഫോൺ ലോക്ക് തുറന്നു എന്തൊക്കെയോ ചെയുന്നത് അവ്യക്തമായി എന്റെ മിഴിയിൽ മിന്നി മാഞ്ഞു പോയിരുന്നു.....
ഒടുവിൽ കണ്ണ് തുറക്കുമ്പോൾ ഒരു ഹോസ്പിറ്റലിൽ ആയിരുന്നു ഞാൻ ഉണ്ടായത്.... വളരെ അപ്രതീക്ഷിതമായി ഹർഷേട്ടനെ ഹോസ്പിറ്റലിൽ കണ്ടപ്പോൾ, എനിക്ക് സംഭവിച്ചത് എല്ലാം അറിഞ്ഞിട്ട് എന്നെ കൂടെ കൂട്ടി നോക്കിക്കോളാം എന്ന് പറഞ്ഞപ്പോൾ ഞാൻ ഇങ്ങോട്ട് പോരുകയായിരുന്നു....
കോളേജിൽ വന്ന ആദ്യ ദിവസങ്ങളിൽ ഹർഷേട്ടൻ ശല്ല്യം തന്നെയായിരുന്നു... പക്ഷേ പതിയെ ഹർഷേട്ടൻ സ്വഭാവം എല്ലാം മാറി എന്നോട് നല്ല രീതിയിൽ പെരുമാറാൻ തുടങ്ങിയിരുന്നു... പക്ഷേ അപ്പോഴൊക്കെ മാധവ് ഞങ്ങളെ സംശയത്തോടെ കണ്ട് എന്നോട് പലപ്പോഴും വഴക്കിനു വന്നു....
അത്രയും പറയുമ്പോൾ നിളയുടെ കണ്ണുകൾ നിറഞ്ഞിരുന്നു....
ഇവൾ പറഞ്ഞത് എല്ലാം ശരിയാണ് മാധവ്....എന്റെ വീട്ടുകാരുടെ ഒപ്പം നിന്ന് ഇവളെ എങ്ങനെയെങ്കിലും എന്റെ കീഴിൽ കൊണ്ട് വരണം എന്ന ചിന്ത മാത്രമായിരുന്നു എനിക്ക് ഉണ്ടായത്.... പക്ഷേ... ഈ അടുത്താണ് ഞാൻ അറിഞ്ഞത് ചെറുതിലെ തൊട്ട് ഈ നിമിഷം വരെ ഞാൻ പഠിച്ചു നല്ല ജോലിയിലേക്ക് എത്താൻ കാരണം ഇവളുടെ അച്ഛനാണ്.... എനിക്ക് വേണ്ടി എല്ലാ മാസവും ഒരു വിഹിതം അക്കൗണ്ടിൽ ഇട്ട് കൊടുത്ത് ഞാൻ ഉയർച്ചയിലേക്ക് എത്തണം എന്ന് ഒരുപാട് ആഗ്രഹിച്ച ഒരു മനുഷ്യന്റെ മകളോട് ചെയ്തത് എല്ലാം തെറ്റാണ്....
ഇവൾ ഇപ്പൊ ഏതു അവസ്ഥയിൽ ആയാലും ഞാൻ ഉണ്ടാകും ഇവൾക്ക്....
മാധവിനെ മാത്രം വിശ്വസിച്ചു, പുതിയ ജീവിതത്തിനായി പ്രതീക്ഷയോടെ വന്ന ഈ കുട്ടിയെ നീ വിഷമിപ്പിക്കരുത്....
ഹർഷന്റെ വാക്കുകൾ ഒരു തരം നിർവികരതയോടെ മാധവ് കേട്ട് നിൽക്കുകയായിരുന്നു....
അതേ... മാധവ്... ഒരു സംശയത്തിന്റെ കരട് ദാമ്പത്യത്തിൽ വീണാൽ അത് ശരിയാക്കി എടുക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്....മിഴിയെ എനിക്ക് കുറച്ചു ദിവസം കൊണ്ടറിയാം.... ഒരു അനിയത്തിയെ പോലെ എന്നെ നന്നായി പരിചരിച്ച ഒരു പാവം കുട്ടി... അവൾക്ക് ഇനി നീയല്ലേ ഉള്ളൂ മാധവ്.... എനിക്ക് വേണ്ടി നീ അവളെ ഉപേക്ഷിക്കരുത്......
നോ..... ഇല്ല . ....... നീ വന്നേ പറ്റു.... നമുക്ക് പഴയ നിളയും മാധവും ആയി ജീവിക്കണം.... പ്ലീസ്... എനിക്ക് ഒരു തെറ്റ് പറ്റി.... ഹർഷനും നീയും അടുപ്പം ഉണ്ടോന്ന് ഒരു സംശയം വന്നു.... നിന്നോട് ഞാൻ വഴക്കും ഇട്ടിട്ടുണ്ട്... എന്റെ തെറ്റ് ഞാൻ തിരുത്താൻ റെഡി ആണ്.... ബട്ട് ആ മെസ്സേജ് അല്ലേ എന്നെ കൂടുതൽ തെറ്റിദ്ധരിപ്പിച്ചത്....?
മാധവിനു സ്വയം നിയന്ത്രിക്കാൻ ആവാതെ ഉഴറി കൊണ്ട് നിന്നപ്പോൾ മിഴി വല്ലാത്ത വീർപ്പുമുട്ടലോടെ അവർക്കിടയിൽ നിസ്സഹായതയോടെ നിന്നു........
മാധവ്.... പറയുന്നത് കേൾക്ക്.... അത്രയും ആത്മാർഥമായാണ് പറയുന്നത്..... ഞാൻ എന്റെ വീട്ടുകാരുടെ എതിർപ്പ് പോലും വകവെക്കാതെ ഈ വീട്ടിലേക്ക് കൊണ്ട് വന്നത് ഇനിയുള്ള ജീവിതം ഇവൾക്ക് വേണ്ടി ജീവിക്കാനാണ്.... പ്ലീസ്.... താൻ ഇപ്പൊ ചെല്ല്.....
ഹർഷൻ നിളയെ ചേർത്തു പിടിച്ചു പറഞ്ഞപ്പോൾ മാധവ് നിറക്കണ്ണുകളോടെ നിന്നു.....
മ്മ്.... പോവാം.... പക്ഷേ പോകും മുൻപ് ആ സഞ്ജയിനെ ഞാൻ കാണുന്നുണ്ട്....
ഞാൻ എന്റെ വക കുറേ കൊടുത്തിട്ടുണ്ട്... നിളയുടെ അച്ഛനെ അപകടപ്പെടുത്തിയത് സഞ്ജയ് ആയിരുന്നു.....
അന്ന് രാത്രിയിൽ ഒരു അപകടം പറ്റിയെന്നു പറഞ്ഞ് വിളിച്ചു വണ്ടി ഇടിപ്പിയ്ക്കുകയായിരുന്നു.....ഒറ്റക്കായ നിളയെ എളുപ്പത്തിൽ സ്വന്തമാക്കാൻ വിചാരിച്ചു നടത്തിയ പ്ലാൻ ആയിരുന്നു അവന്റേത്.....
ഇപ്പൊ അവൻ കിടപ്പിലാ.....മാധവിനു കൊടുക്കാനുള്ളതും കൂടി കൊടുത്തോ....ഇനി അവൻ എഴുന്നേൽക്കരുത്.....
ഹർഷൻ ഇരച്ചു കയറിയ ദേഷ്യത്തോടെ പറഞ്ഞു....
ഓഹ്.... അങ്ങനെയായിരുന്നോ കാര്യങ്ങൾ.....
മാധവും ഒരു നിമിഷം സഞ്ജയിനോടുള്ള ദേഷ്യം കടിച്ചമർത്തി കൊണ്ട് നിന്നു..
പിന്നീട് മാധവ്,, നിളയെ നോക്കി പോവട്ടെ എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.... നിള ഒരു പുഞ്ചിരിയോടെ മിഴിയേയും അവനെയും നോക്കി തലയാട്ടി.....
മാധവ് ഒരു നിമിഷം.....
പോകാൻ തുനിഞ്ഞ മാധവിനെ നിള വിളിച്ചു നിർത്തി..
അതേ ഒരു കാര്യം.. എന്റെയും അച്ഛന്റെയും ജീവനെ അവിടെ ഇട്ടിട്ടാ ഞാൻ പോന്നത്... എന്റെ കൈസർ... അതിനെ എനിക്ക് തരാമോ?
അവൻ മിസ്സിങ്ങാണെന്നുള്ള കാര്യം ഓർത്തപ്പോൾ മാധവിനു അൽപ്പം വിഷമം തോന്നി... അവനെ കണ്ട് പിടിച്ചു എങ്ങനെയെങ്കിലും ഇവളെ ഏല്പിക്കണം...
തരാം... ഞാൻ കൊണ്ട് വരും...
അവൻ പോയതിന് പുറകെ മിഴിയും നടന്നു...
വണ്ടിയിൽ അവന്റെ പിന്നാലെ ചേർന്നിരിക്കുന്ന മിഴിയെ നോക്കി നിള തന്റെ ഉള്ളിലെ മനപ്രയാസം അടക്കിപ്പിടിച്ചു ഒന്ന് ചിരിച്ചു.....
കണ്ണിൽ നിന്നും മറയും വരെ അവൾ ആ വണ്ടിയിലേക്ക് മിഴികളൊന്ന് പായിച്ചു....
അവർ പോയതോടെ അവൾ അടക്കി പിടിച്ച എല്ലാ സങ്കടവും ഒരു പെരുമഴ പോലെ പെയ്തു തീർത്തപ്പോൾ ഹർഷൻ അവളുടെ തോളിലേക്ക് പതിയെ കൈ വെച്ചു...
കരയല്ലേടോ.... അവന് പകരമാകാൻ എനിക്ക് കഴിയില്ലായിരിക്കും..... പക്ഷേ താൻ ഒറ്റക്കാവാതെ ഞാൻ നോക്കും.... ഇത് വെറും വാക്ക് പറയുന്നതല്ല ഈ ഹർഷൻ.....എനിക്ക് തന്നെ മാത്രം മതി....
നിള കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു....
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഇടുക്കിയിൽ നിന്നും വീട് എത്തുമ്പോൾ നേരം പുലരാറായി തുടങ്ങിയിരുന്നു..
മിഴിയ്ക്കു കണ്ണുകൾ അടഞ്ഞു പോയി കൊണ്ടിരുന്നു....
മിഴി.... വീടെത്തി.....
ആഹ്....
വണ്ടി നിർത്തിയിട്ടും അവൾ ഇറങ്ങാതെ അല്പം മയക്കം പിടിച്ചിരിപ്പായിരുന്നു....
വണ്ടിയിൽ നിന്നും ഇറങ്ങിയതും കണ്ടത് ഒരു കറുത്ത നായ അവളുടെ നേർക്ക് പാഞ്ഞു വരുന്നതാണ്....അവൾ മാധവിന്റെ കൈ അമർത്തി പിടിച്ചു പിന്നിലേക്ക് മറഞ്ഞു...
മാധവിനെ കണ്ടതും ആ നായ വന്നു അവനെ വട്ടം പൊതിഞ്ഞു കുരച്ചു....
കൈസർ... നീ വന്നോ? എവിടേയ്ക്ക് പോയിടാ നീ ഇത്ര നാളും...
മാധവിനെ സ്നേഹത്തോടെ പൊതിഞ്ഞു പിടിച്ചപ്പോൾ മാധവും തിരിച്ചും അതിനെ ഇറുക്കെ പുണർന്നു...
ഇതായിരുന്നല്ലേ കൈസർ.... അവൾ ആത്മഗതം എന്നോണം പറഞ്ഞു...
കൈസറിന്റെ കുര കേട്ട് ആ വീട്ടിലെ ഓരോരുത്തരും വാതിൽ തുറന്നു പുറത്തേക്ക് വന്നിരുന്നു...
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണിരുന്നു... കൈസറിനെ തിരികെ നിളയെ ഏൽപ്പിച്ചിരുന്നു... നിളയെ ഉപദ്രവിച്ച സഞ്ജയ്ക്ക് മാധവ്, അവന് കൊടുക്കാൻ പറ്റുന്നത്രയും പ്രഹരമേൽപ്പിച്ചു....
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
പതിവുപോലെ തന്നെ അവൾ നേരത്തെ ഉറക്കമുണർന്ന് കുളി കഴിഞ്ഞ് അടുക്കളയിൽ ചെന്നപ്പോൾ അമ്മയും ചെറിയമ്മയും പണികൾ തുടങ്ങിയിരുന്നു....
ആ മിഴി മോളെ... എന്താ പുതിയ സെറ്റ് മുണ്ട് ഒക്കെയുടുത്തു ഒരുങ്ങിയിട്ടുണ്ടല്ലോ...?
അമ്മ അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് പറഞ്ഞു..
അമ്മേ.. ഇന്ന് എന്റെ പിറന്നാളായിരുന്നു.. ഒന്ന് അമ്പലത്തിൽ പോണം എന്നുണ്ട്...
മിഴി ഒരു പുഞ്ചിരിയോടെ പറഞ്ഞു..
അയ്യോ... ഇന്നായിരുന്നോ ആ ദിവസം... ഞങ്ങൾക്ക് അറിയില്ലായിരുന്നല്ലോ... മോള് മാധാവിനെയും കൂട്ടി പോയിട്ട് വാ.. ഞങ്ങൾ വേഗം തന്നെ ഒരു സദ്യയും പായസവും ഒരുക്കാം...
അദ്ദേഹം നല്ല ഉറക്കാ അമ്മേ... കിടന്നോട്ടെ... ഞാൻ പോയിട്ട് വരാം...
ഇന്ന് സൺഡേ അവനു ഓഫല്ലേ? അമ്പലത്തിൽ പോയി വന്നിട്ടും അവന് ഉറങ്ങാമല്ലോ...നിങ്ങളുടെ കല്യാണം കഴിഞ്ഞുള്ള ആദ്യ പിറന്നാളല്ലേ മോളുടെ... നമുക്ക് ആഘോഷിക്കണം... ഞാൻ അവനെ വിളിക്കാം...
അയ്യോ വേണ്ടന്നെ.... ഞാൻ പോയി വരാം....
പോകാൻ നിന്ന പവിത്രമ്മയെ അവൾ തടഞ്ഞു നിർത്തി...
അവൾ പതിയെ അമ്പലത്തിലേക്കുള്ള വഴിയേ നടന്നു.... നിള ചേച്ചിയെ അന്ന് കണ്ട് മടങ്ങിയിട്ട് മൂന്ന് മാസങ്ങൾ പിന്നിട്ടിരിക്കുന്നു..... ഒരു സുഹൃത്ത് എന്ന നിലയിൽ മാധവേട്ടന് എന്നോട് വല്ല്യ ഇഷ്ടമാണ്....
എപ്പോഴാണ് ആ ഹൃദയത്തിൽ തനിക്കൊരിടം ഉണ്ടാകുക എന്ന് അറിയില്ല.... താൻ ആഗ്രഹിച്ച പോലെ സുരക്ഷിതമായ ഒരിടവും തനിക്ക് കിട്ടിയിട്ടുണ്ട്..... എങ്കിലും ഈ താലിചരട് തന്നെ കൂടുതൽ പ്രേരിപ്പിക്കുന്നു....
ഒരു ഭാര്യ എന്നുള്ള സ്ഥാനത്തിനായി......
ഓരോന്നും അവളുടെ ചിന്തയുടെ ഇടനാഴിയിലേക്ക് കടന്നു വന്നു കൊണ്ടിരുന്നു....
പതിയെ ഒറ്റയടി വെച്ച് അവൾ അമ്പലത്തിലേക്ക് എത്തി ചേർന്നു.....
അതേ... ഒന്ന് നിൽക്ക്.....
മാധവ് വല്ലാതെ കിതച്ചു കൊണ്ട് അവൾക്ക് പിന്നിലായി നിന്നു.....
എന്താ എന്നെ വിളിക്കാഞ്ഞേ?
അത്...... ഞാൻ.....
മ്മ്..... മോശായി പോയി..... തന്റെ പിറന്നാൾ ആയിട്ട് എന്നെ കൂട്ടാതെ പോന്നല്ലേ? എനിവേ ഹാപ്പി ബെർത്ഡേയ്.....
മാധവ് ഒട്ടും പ്രതീക്ഷിക്കാതെ വിഷ് ചെയ്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.....
അയ്യേ ഇയാൾക്ക് എപ്പോഴും കരയാൻ മാത്രം അറിയുള്ളു.... വാ.. തൊഴാൻ പോകാം.... അയ്യോ വൺ മിനിറ്റ്....
മാധവ് അമ്പല പരിസരത്തേക്ക് ഒന്ന് നോക്കിയപ്പോൾ പൂ വിൽക്കുന്ന ഒരു പൂക്കാരി ചേച്ചിയെ കണ്ടു....
അവരുടെ അടുത്തേക്ക് പോയി കുറച്ചു മുല്ലപൂക്കൾ വാങ്ങി അവളുടെ അടുത്തേക്ക് വന്നു....
മിഴി..... ഒന്ന് തിരിഞ്ഞു നിന്നേ...
അവൾ വളരെ അവിശ്വസനീയതയോടെ നോക്കി ഒന്ന് തിരിഞ്ഞു നിന്നു....
അവൻ തന്റെ കയ്യിലെ പൂക്കൾ അവളുടെ നീളമേറിയ മുടിയിൽ ചൂടി കൊടുത്തു.....
മ്മ്.... കൊള്ളാം..... നൈസ് ആയിട്ടുണ്ട്.....
അവൻ അവളെ നോക്കി പുകഴ്ത്തി പറഞ്ഞപ്പോൾ നാണത്താൽ അവളുടെ മുഖം വിടർന്നിരുന്നു.....
നടയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥനയോടെ അവൾക്കൊപ്പം തൊഴുമ്പോൾ ഒരു കാര്യം അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.....ഇന്ന് മുതൽ തന്റെ ഭാര്യ എന്നുള്ള സ്ഥാനം മിഴിയ്ക്ക് പൂർണമായി കൊടുക്കണമെന്ന്.......
അവളും അത് ആഗ്രഹിക്കുന്നു എന്ന വാസ്തവം അവനും തിരിച്ചറിഞ്ഞിരുന്നു..... ഇടം കണ്ണോടെ അവളെ നോക്കുമ്പോൾ അവൾ തൊഴു കയ്യോടെ പ്രാർത്ഥിച്ചു കണ്ണ് തുറന്നു അവനെ നോക്കി.....
അവൻ തന്റെ ഇടം കണ്ണൊന്നു ചിമ്മിയടച്ച് അവളെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ചു..........
ലൈക്ക് കമന്റ് ചെയ്യണേ...
ശുഭം
✍🏻ജിംസി