രചന: ജിഫ്ന നിസാർ
"അമ്മയ്ക്ക് എന്താ ഞങ്ങളുടെ കൂടെ പോരുന്നത് ഇഷ്ടം അല്ലാതെ.. ഇന്ന് എന്ത് രസം ആയിരുന്നു എന്നറിയോ.. അച്ഛനും ഞാനും അച്ഛമ്മേം ഒക്കെ ചിരിച്ചു മടുത്തു.. ഒത്തിരി സാധനങ്ങൾ വാങ്ങിച്ചു.. അച്ഛമ്മ ബീച്ചിൽ പോണം ന്ന് പറഞ്ഞു.. അച്ഛൻ പറഞ്ഞു അമ്മായിമാർ അടുത്ത ആഴ്ച വരും അവരൂടെ വന്നിട്ട് പോവാ ന്ന്.."
കണ്ണൻ ചേർന്ന് കിടന്നു പറയുമ്പോൾ ദിവ്യാ നനുത്തൊരു ചിരിയിൽ മൂളി കേട്ട് കിടന്നു..
മഴയുടെ തണുപ്പുണ്ട്.. പക്ഷേ ഉള്ള് വേവുന്നത് തണുപ്പിക്കാൻ ആത്മാവിൽ കുളിരുള്ള ഒരു മഴയായി പൊഴിയാൻ... ആരും ഇല്ലാത്തവൾ ആണല്ലോ താൻ
"അമ്മ വിളിച്ചിട്ടും പൊന്നിലെന്ന് അച്ഛമ്മ വീണ അമ്മായിയോട് പറഞ്ഞല്ലോ.. അതെന്താ അമ്മാ.. പോരാഞ്ഞേ "
കണ്ണൻ വീണ്ടും ചോദിച്ചു..
ദിവ്യക്ക് ചിരി വന്നിരുന്നു..
പോരുന്നോ എന്നൊന്ന് കേൾക്കാൻ ഒത്തിരി കൊതിയോടെ നോക്കി ഇരുന്നിട്ടും... ഒന്ന് വിളിക്ക പോലും ചെയ്യാതെ ഇറങ്ങി പോവുന്നവർ... വിളിചിട്ട് പോന്നില്ല പോലും..
ഇപ്പൊ അങ്ങനെ ഉള്ള ആഗ്രഹങ്ങൾ ഒന്നും തന്നെ ബാക്കി ഇല്ല.. മരുഭൂമി പോലെ വരണ്ട് കിടപ്പുണ്ട് നെഞ്ച് മുഴുവനും...
അടുക്കളയിലെ നാല് ചുവരിൽ ജീവിതം തീർക്കുന്നവർക്കൊന്നും ആഗ്രഹങ്ങളും സ്വപ്നങ്ങളും ഇല്ലാഞ്ഞിട്ടല്ലല്ലോ..കുറ്റപ്പെടുത്താൻ ചുറ്റും ആളുകൾ ഉള്ളപ്പോൾ പത്തി മടക്കി സ്വയം അടങ്ങി പോയതല്ലേ...
കനവുകൾ കാണാഞ്ഞിട്ടോ.. കണ്ട കനവുകൾ കളഞ്ഞു പോയിട്ടോ അല്ല.. കുഴിച്ചു മൂടിയതാവും... ചില കടമകളുടെ പേരിൽ..
ലോകം കാണാത്ത വിധം മതിലുകൾ കെട്ടി അവളെ താലി എന്നൊരു കയറും കെട്ടി അതിനുള്ളിൽ ഇട്ട് പൂട്ടി... അവൾക്ക് ലോകവിവരം കുറവാണ് എന്ന് പുച്ഛത്തോടെ നോക്കുന്നവർക്കിടയിലാണ് ജീവിതം...
ഒരിത്തിരി സന്തോഷം വന്നാലും സങ്കടം വന്നാലും ഓടി ചെന്ന് പറയാൻ ഒരിടം.. അവിടം ശൂന്യം ആവുന്നതാണ് ലോകം കണ്ടതിൽ വെച്ചു ഏറ്റവും ദാരിദ്ര്യാം..
കണ്ണൻ ഉറങ്ങി കഴിഞ്ഞു.. ആ കുഞ്ഞു മനസ്സിലും തോന്നിയേക്കാം അമ്മയാണ് തെറ്റ് കാരി എന്നത്..
അത് ഊട്ടി ഉറപ്പിക്കാൻ മാത്രം ആണല്ലോ അവനെയും കൂടി കൊണ്ട് പോവുന്നത്..
അമ്മ നിഷേധി ആണെന്ന് അവന്റെ മനസ്സിൽ വരുത്തി തീർക്കാൻ..
ദിവ്യ അവന്റെ തലയിൽ തലോടി..
ജീവിക്കാൻ ഉള്ള ഒരേ ഒരു കാരണം.. അതാണ് കണ്ണൻ..
അവന്റെ അച്ഛന്റെ സ്നേഹം കൈവിട്ടു പോവാതിരിക്കാൻ തന്റെ സന്തോഷം ഇവിടെ കൊന്നു കളഞ്ഞതാണ്..
ഇറങ്ങി പോവാൻ ഒരായിരം വട്ടം തോന്നിയിട്ടുണ്ട്..
പോവാൻ ഒട്ടും പേടിയുമില്ല.. ഒരു വലിയ ആൾക്കൂട്ടത്തിന് നടുവിലും തനിയെ ജീവിക്കാൻ പഠിച്ചവൾക്ക് എന്തിനീ പേടി.
പക്ഷേ അപ്പോൾ ഒക്കെയും അച്ഛനെ ഒരുപാട് ഇഷ്ടം ഉള്ളൊരു കുഞ്ഞു മനസ്സിനെ ഓർക്കും..
തനിക്കു ഇപ്പോഴും എന്തൊരു ഇഷ്ടമാണ് അച്ഛനെ.. അത് പോലെ തന്നെ അല്ലേ കണ്ണന് ജയേട്ടൻ..
മൂപ്പര്ക്കും അവനെ ഒരുപാട് ഇഷ്ടം തന്നെ..
ഇറങ്ങി പോവാനൊക്ക എളുപ്പമാണ്.. ജീവിക്കാൻ നല്ലൊരു ജോലിയും ഉണ്ട്..
അതിനെകാളില്ലാം വലുതാണ് അച്ഛന്റെ സ്നേഹം..
താൻ കാരണം തന്റെ മകനത്
നഷ്ടം വന്നൂടാ..
മുതിർന്നു കഴിയുമ്പോൾ അവൻ തിരിച്ചു ചോതിച്ചാൽ എന്ത് ഉത്തരം കൊടുക്കാൻ കഴിയും..
ചിറകുകൾ ബലപ്പെട്ടു കഴിഞ്ഞു അവൻ പറന്നു പോയേക്കാം സ്വന്തം ജീവിതം തേടി.. അപ്പോഴും തനിക്കു നഷ്ടം വന്നതൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ലല്ലോ..
അവഗണനയുടെ കനൽ വഴിയിൽ കൂടി നടന്നിട്ടും ഇവിടെ കടിച്ചു തൂങ്ങി കിടക്കാൻ ഉള്ള ഒരേ ഒരു കാരണം.. അത് കണ്ണൻ മാത്രം ആണ്..
തന്നെ പോലെ അനേകം അമ്മമാർ ഇന്നും മുഖത്തു നിറഞ്ഞ ചിരിയുടെ മുഖം മൂടി അണിഞ്ഞു കൊണ്ട് സ്വയം വിഡ്ഢിയായി ജീവിക്കുന്നു എങ്കിൽ.. അതിനു കാരണം മക്കളാണ്..
ആ ചിരികളാണ്.. ആ കണ്ണുകൾ നിറയാതിരിക്കാൻ എരിയുന്ന മെഴുകുതിരി ആണ് ഓരോ അമ്മയും..
അടച്ചു പൂട്ടിയ കുറെ ജാലകങ്ങൾ ഉണ്ട് ഹൃദയം നിറയെ..
പതിയെ ഒന്ന് തള്ളിയാൽ പോലും ഭൂത കാലത്തിന്റെ ചിറകടികൾ കേൾക്കാൻ കഴിയുന്നവ..
നോവുകൾ തന്നെ ഏറെക്കുറെ..
ഗർഭിണി ആണെന്ന സന്തോഷം... അത് തന്നെ തോൽപ്പിക്കാൻ പാതി ആയവൻ ചെയ്ത ചതി എന്ന സങ്കടം..
വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു..
മനസ്സിൻറെ ക്ഷീണം ശരീരം ഏറ്റെടുത്തു..
നിവർന്നു നിൽക്കാൻ കഴിയാത്ത അവസ്ഥ..
വീട്ടിലേക്ക് കൊണ്ട് പോവാൻ അച്ഛനും അമ്മയും വന്നിരുന്നു..
"അത് പറ്റില്ല.. ഞങ്ങൾ ആണ് നോക്കേണ്ടത്.. മരുമകൾ അല്ലല്ലോ.. എന്റെ മോള് തന്നെ അല്ലേ.. അങ്ങനെ ഞാൻ കണ്ടിട്ടുള്ളു.. ജയനും പിന്നെ അവൾ ഇല്ലങ്കിൽ ഭയങ്കര സങ്കടം ആണ്.."
വിലാസിനി അമ്മ പറയുന്നത് കേട്ടപ്പോൾ സ്വപ്നം അതാണ്.. പക്ഷേ എന്റെ ജീവിതം അതിന്റെ നേരെ എതിരാണ് എന്നുറക്കെ വിളിച്ചു പറയാൻ തോന്നി...
കൊണ്ട് പോവാൻ വന്ന അച്ഛനും അമ്മയും മകളുടെ ഭാഗ്യം ഓർത്തു അന്ന് ഉറങ്ങി... സമാധാനം പോലെ...
പക്ഷേ ഈ മോളുടെ ദുരന്തം അവിടെ തുടങ്ങി..
പണ്ടത്തെ ഗർഭിണികൾ നെല്ല് കുത്തുന്ന ഇടയിൽ ആണത്രേ പോയി പെറ്റ ത്.. വെറുതെ ഇരുന്നു തിന്നാ കീറി മുറിക്കും.. പകൽ ഉറങ്ങിയാൽ കുഞ്ഞു ചീർത്ത് പോകും...
അങ്ങനെ അങ്ങനെ എന്തെല്ലാം കഥ...
മരിച്ചു പോയാൽ മതിയെന്ന് തോന്നിയ നിമിഷം..
ഗർഭിണി ആയൊരു പെണ്ണിന് അത്യാവശ്യം വേണ്ടത് മനസമാധാനം ആണെന്ന് അവിടെ ഒരാളുക്കും അറിയില്ല..
ബാക്കി എല്ലാ പൊട്ടത്തരങ്ങളും അറിയാം..
ഇടയ്ക്കിടെ നാത്തൂൻമാരും വന്നു പോയി.. ഉപദേശിച്ചു...
റസ്റ്റ് എടുക്കണം എന്നല്ല.. സന്തോഷം ആയിരിക്കണം എന്നല്ല..
വെറുതെ ഇരിക്കരുത് എന്ന്...
ജയേട്ടൻ പിന്നെ ഒരു യുദ്ധം ജയിച്ചു എന്നത് പോലെ ആണ് നടപ്പ്..
വിലകുറച്ചു കാണാതിരിക്കുക എന്നതാ ഒരാൾക്കുള്ള വിലപ്പെട്ട സമ്മാനം എന്ന് അയാൾ അറിഞ്ഞില്ല..
മരവിച്ച പോലുള്ള... നരകത്തിൽ എന്നത് പോലുള്ള കുറച്ചു ദിവസങ്ങൾ..
വാക്കുകൾ കൊണ്ട് പറയാൻ ആവില്ല.. അതിനേക്കാൾ ഭീകരം..
പ്രസവം കഴിഞ്ഞു.. പിന്നെ ആണ് അതിലും വലിയ പരീക്ഷണം..
എല്ലാത്തിനും... എല്ലാവരെയും വെറുപ്പ്..
ദേഷ്യം...
മെന്റൽ ഡിപ്രഷൻ...
പക്ഷേ മറ്റുള്ളവരുടെ കണ്ണിൽ അത് അഹങ്കാരം..
വീട്ടിൽ ആയിരുന്നു.. അത് കൊണ്ടായിരിക്കും മനസ്സ് കൈവിട്ടു പോവാഞ്ഞത്..
കുഞ്ഞോളെ... എന്നുറക്കെ വിളിച്ചു കൊണ്ട് അച്ഛനും അമ്മയും ഏട്ടനും കൂടെ ഉണ്ടായിരുന്നു.. ഭർത്താവിന്റെ സൈഡ് മാത്രം എപ്പോഴും ശൂന്യത..
നികത്താൻ കഴിയാത്ത വിടവ്.. പക്ഷേ അതിജീവിച്ചു..
കണ്ണന് വേണ്ടി..
തിരികെ വന്നിട്ടും വലിയ മാറ്റം ഒന്നും തന്നെ ഉണ്ടായില്ല ജീവിതം..
നിലത്ത് കിടന്നു കരഞ്ഞാൽ പോലും കുഞ്ഞുങ്ങൾ കിടന്നു കളിച്ചാലെ പെട്ടന്ന് വളരു എന്നൊരു വിജിത്ര കണ്ടു പിടുത്തം നടത്തി ഒന്നെടുത്തു പോലും നോക്കാത്ത അമ്മ...
പക്ഷേ ജോലികൾ ഒന്നും ബാക്കി ആവാൻ പാടില്ല.. ആക്ഞ്ഞകൾ മുറക്ക് തന്നെ നടന്നു..
കണ്ണന് അസുഖം ഒന്നും തരല്ലേ എന്നായിരുന്നു ഓരോ ദിവസവും എഴുന്നേറ്റു പോരുമ്പോൾ ഉള്ള പ്രാർത്ഥന..
പക്ഷേ അതൊന്നും ദൈവം കേട്ടില്ല.. ഇടയ്ക്കിടെ പനി... ജലദോഷം..
അതും പക്ഷേ തന്റെ ശ്രദ്ധ കുറവാണ് കാരണം എന്നായിരുന്നു അമ്മയുടെയും അത് കേട്ട് മോന്റെയും കണ്ടു പിടുത്തം..
ആദ്യം ജയേട്ടൻ കൂടെ പോന്നിരുന്നു.. പിന്നെ പിന്നെ തിരക്കുകൾ പറഞ്ഞു പതിയെ ഒഴിഞ്ഞു മാറി തുടങ്ങി...
തനിക്കു ഒറ്റയ്ക്ക് ചെയ്‍തവുന്നത് അല്ലേ.. എന്താ ഇത്ര പേടിക്കാൻ.. ഞാൻ ഈ ജോലിക്ക് ഇടയിൽ... നിനക്ക് ഇവിടെ എന്താ ജോലി... "
ഇങ്ങനെയൊക്കെ ചോദിച്ച ആളെ പിന്നെ കൂട്ട് വിളിക്കാൻ തോന്നിയില്ല..
പക്ഷേ അമ്മക്ക് ഒന്ന് പുറത്ത് പോണമെന്നു തോന്നിയ.. ആൾക്ക് തിരക്കില്ല... ജോലി ഇല്ല...
അവന് രണ്ടു വയസ്സ് കഴിഞ്ഞതിൽ പിന്നെ ആണ് ബാങ്ക് കോച്ചിങ് തുടങ്ങിയത്..
കുറ്റപ്പെടുത്താൻ മാത്രം ചുറ്റും ആളുകൾ..
കൈ നീട്ടി സഹായിക്കാൻ ഒരാൾ പോലും ഇല്ലായിരുന്നു.. രാത്രിയിൽ കുഞ്ഞിനെ ഉറക്കി ഇത്തിരി പഠിക്കാം എന്ന് കരുതിയ അന്ന് ജയേട്ടന് വല്ലാത്ത സ്നേഹം ആയിരിക്കും.. രാത്രിയിൽ മാത്രം ഉള്ള സ്നേഹം..
ഭാര്യയെ ഒരു ചെളി കുണ്ടിലേക്ക് ചവിട്ടി താഴ്ത്തി... പിന്നെ ഒന്നും അറിയാത്ത പോലെ അഭിനയിക്കാൻ മൂപ്പര് പണ്ടേ ഉഷാറാണ്..
അന്നൊക്കെ സഹിച്ച ബുദ്ധിമുട്ട്.. ഇന്നും അറിയില്ല എങ്ങനെ തരണം ചെയ്തു എന്നത്..
കൂടെ ഉണ്ടെന്ന് തോന്നിപ്പിക്കാൻ പോലും ആരും ഇല്ല..
വീട്ടിൽ വിളിച്ചു ഒന്നും അറിയിക്കാത്തത് കൊണ്ട് അവർക്ക് അറിയില്ല ഇവിടുത്തെ ജീവിതം..
അങ്ങനെ ഉള്ളവരാണ് ഇന്ന് കണ്ണനെ നിഴൽ പോലെ കൊണ്ട് നടക്കുന്നത്..
അലറി വിളിച്ചു അവൻ കിടന്നു കരഞ്ഞിരുന്നു... ഒന്നെടുക്കാൻ..
അന്നൊന്നും കണ്ട ഭാവം കൂടി നടിച്ചിട്ടില്ല...
അവൾക്ക് വല്ലാത്ത നോവ് തോന്നി..
എന്തിനെന്നു പോലും അറിയാതെ... എന്നെങ്കിലും ശെരിയാകും എന്ന് പോലും അറിയാതെ ഇനിയും എത്ര നാൾ....
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഒരു മാറ്റവുമില്ല... ദിവസങ്ങൾ മാറി മറിയുന്നു എന്നല്ലാതെ..
സ്നേഹം ഉള്ളടത്തെ പരാതിയും ഒള്ളു എന്നത് നേരാ
സ്നേഹതേക്കാൾ പെട്ടന്ന് നമ്മുക്ക് സ്നേഹകുറവ് മനസ്സിലാവും..
കണ്ണാനിൽ മാത്രം സ്നേഹം നിറച്ചു... അവന്റെ സ്നേഹം മാത്രം കൊതിച്ചു..
അപ്പോൾ മുതൽ ദിവ്യായുടെ നല്ല കുട്ടി സർട്ടിഫിക്കേറ്റ് തിരിച്ചു കൊടുക്കേണ്ടി വന്നിരുന്നു..
പ്രതികരിക്കാൻ പഠിച്ചല്ലോ.. പിന്നെ നിഷേധി ആവും... അഹങ്കാരി ആവും.. തല തെറിച്ചവൾ ആവും.. അങ്ങനെ അങ്ങനെ.... എന്തെല്ലാം..
ജയേട്ടൻ അമ്മയുടെ ഭാഗം ക്ലിയർ ചെയ്യാൻ വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറയും..
അതിലേക്കൊന്നും നോക്കാൻ കൂടി നിന്നില്ല..
അതിനിടയിൽ ഒരു ദിവസം പാതിരാത്രി കയറി വന്ന ജയേട്ടന് വാതിൽ തുറന്നു കൊടുത്തു..
ഈയിടെ ആയി വൈകി വരുന്നതിന്റെ എണ്ണം കൂടുന്നുണ്ട്..
കണ്ണൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നും..
ജയേട്ടൻ തന്നെ ആണ് ആ ശീലം തുടങ്ങി കൊടുത്തത്..
"എവിടെ ആയിരുന്നു ഇത്രയും നേരം.. സമയം 12കഴിഞ്ഞു.. കണ്ണൻ ഒരുപാട് കാത്തിരുന്നു "
ഹാളിലെ വാതിൽ അടച്ചു പൂട്ടുന്നതിന്റെ ഇടയിൽ ചോദിച്ചു..
"ആഹാ.. നീ എന്താ ഭാര്യ കളിക്കുവാ.. അവള്ടെ ഒരു ചോദ്യം.. ഞാൻ എന്റെ വീട്ടിലേക്കാ വന്നതാ.. അല്ലാതെ നിന്റെ വീട്ടിൽ അല്ലല്ലോ.."
വലിയ ഒച്ചയിൽ തിരിച്ചു ചോദിച്ചു.. സങ്കടം അല്ലായിരുന്നോ വന്നത്...
അടിമുടി പെരുത്ത് കയറി...
"എന്തുവാ ടാ ഇവിടെ.. മനുഷ്യനെ ഉറങ്ങാനും സമ്മതിച്ചു തരില്ലേ "
തൊട്ടടുത്തുള്ള നിമിഷം ചോദ്യം എറിഞ്ഞു കൊണ്ട് അമ്മയെത്തി..
"ഞാൻ ഇച്ചിരി വൈകി.. അതിനവൾ എന്നെ ചോദ്യം ചെയ്യുന്നു "പുച്ഛത്തോടെ മകന്റെ മറുപടി..
"ആ.. വീട്ടിൽ ഉള്ള പെണ്ണ് ശെരിയല്ലേ ആണുങ്ങൾ പാതിരാത്രി വരെയും വീട് പിടിക്കത്തില്ല.. മൂടി കെട്ടി നടക്കുമ്പോൾ അത് ഓർമ വേണം.."
ജയേട്ടൻ വൈകുവോളം ഉല്ലസിച്ചു വന്നതിനും പഴി തനിക്കു തന്നെ..
സമനില തെറ്റുന്നത് പോലെ..
ഇന്നോളം കാത്തു വെച്ച ക്ഷമ ഒന്നടങ്കം വെല്ലുവിളി നടത്തുന്നത് പോലെ..
"നീ വല്ലാതെ ഭരിക്കാൻ വരല്ലേ.. ഇവിടെ ഞാനാ ചിലവ് തരുന്നത്.. നിന്റെ തന്ത അല്ല... അപ്പൊ അത് മനസ്സിൽ വെച്ചു സംസാരിക്കാൻ പഠിക്കണം... കേട്ടോ ടി "
മുഖം നിറയെ പുച്ഛം വിതറി പറയുന്ന ജയേട്ടനെ കാണെ ശരീരം വിറച്ചു തുടങ്ങി..
കൈ വീശി കവിളിൽ തന്റെ ദേഷ്യം മുഴുവനും തീർക്കുമ്പോൾ മകനേക്കാൾ അതികം അമ്മ ഞെട്ടി തരിച്ചു പോയിരുന്നു..
"നീ... നീ എന്റെ മോനെ തല്ലിയോ എടി പിശാച്ചേ... കെല്ലടാ അവളെ "
പകപ്പ് മാറി അമ്മ അലരുമ്പോൾ പേടി ലേശം പോലും തോന്നിയില്ല..
"എന്റെ നേരെ കൈ ഒന്ന് പൊക്കിയ അമ്മയും മോനും അഴി എണ്ണും... എണ്ണിക്കും ഞാൻ.. സഹിക്കുന്നതിനും ഒരു പരിധി ഒക്കെ ഇല്ലേ.."
കൈ വിരൽ ചൂണ്ടി പറയുന്നാ ആ പെണ്ണിനെ അവർ പകച്ചു നോക്കി..
"എന്റെ അച്ഛന് പറയുന്നോ... ധൈര്യം ഉണ്ടെങ്കിൽ ഒന്നൂടെ പറഞ്ഞു നോക്ക്.. കൊല്ലും ഞാൻ.. എന്നെ... എന്നെ പറയാനുള്ള അധികാരം മാത്രമേ നിങ്ങക്കൊക്കെ ഒള്ളു.. എന്ന് കരുതി എന്റെ വീട്ടുകാരെ പറഞ്ഞ ഈ ഞാൻ അത് കേട്ട്നിൽക്കുമെന്ന് അമ്മയും മോനും കരുതണ്ട.. ഇത് വരെയും കണ്ട ദിവ്യാ അല്ല.. ക്ഷമ യുടെ അവസാനം എനിക്ക് എന്നെ തന്നെ പിടിച്ചൽ കിട്ടുന്നില്ല.."
ദിവ്യാ കിതപ്പോടെ പറയുന്നത് ഇരുവരും ഞെട്ടലോടെ കേട്ട് നിന്ന് പോയി..
അത്രയും ഉറപ് ഉണ്ടായിരുന്നു ആ വാക്കുകൾ...
അവൾ അത് ചെയ്യും എന്ന ഉറപ്പ്..
ജയപ്രകാശ് കവിളിൽ കൈ ചേർത്ത് അവളെ നോക്കി നിന്ന് പോയി..
"ഇത്രയും നാളും ഇവിടെ നടന്നതൊക്കെ സഹിച്ചു നിന്നത് ജീവിക്കാൻ ഉള്ള കൊതി കൊണ്ടൊന്നും അല്ലായിരുന്നു..തേ.. അങ്ങോട്ട് നോക്ക് "
അവൾ വിരൽ ചൂണ്ടി കാണിച്ചിടത്തേക്ക് ഇരുവരും പാളി നോക്കി..
കണ്ണൻ.. പകച്ചു നിൽക്കുന്നു.. കണ്ണിൽ നിറയെ പേടി..
"എന്റെ മോനെ ഓർത്തിട്ടാ.. ഞാൻ കാരണം അവന്റെ അച്ഛൻ നഷ്ടം വരരുത് എന്ന് കരുതി യിട്ട.. എന്ന് കരുതി ഞാൻ വെറും വിഡ്ഢി ആണെന്ന് കരുതരുത്.. എനിക്ക് ജീവിക്കാൻ എന്റെ കയ്യിൽ അഭിമാനം ഉള്ളൊരു ജോലി ഉണ്ട്..."
ദിവ്യാ വീറോടെ പറഞ്ഞു..
"അത് കണ്ടിട്ട് ആണോടി ഈ പ്രഹസനം.. ആണിനെ കൈ നീട്ടി അടിക്കാൻ നിന്നെ ആരാണ് പഠിപ്പിച്ചു തന്നത്.. ഇറക്കി വിടാൻ നോക്ക് ജയാ.. ഇനി ഇവൾ ഇവിടെ പാടില്ല.. കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ..."
"കുടുംബത്തിൽ പിറന്ന ആരും മറ്റൊരാളുടെ ജീവിതം നശിപ്പിച്ചു രസിക്കില്ല.. നിങ്ങളെ പോലെ.."
വിലാസിനി അമ്മ പറഞ്ഞു വന്നത് ദിവ്യാ പൂരിപ്പിച്ചു..
"ഇറങ്ങി പോവില്ല എന്ന് വാശി പിടിക്കാൻ ഇവിടെ എന്നെ പിടിച്ചു നിർത്താൻ പാകത്തിന് എന്താണ് ഉള്ളത്.. നിങ്ങളുടെ കുറ്റപ്പെടുത്താൻ അല്ലാതെ നല്ലൊരു വാക്ക് ഞാൻ ഇവിടെ കേട്ടിട്ടുണ്ടോ.. പറഞ്ഞല്ലോ ഞാൻ.. എന്റെ കുഞ്ഞിനെ ഓർത്തു മാത്രം ആണ് ഞാൻ ഇവിടെ കടിച്ചു തൂങ്ങി നിന്നിരുന്നത്.."
ദിവ്യാ പറഞ്ഞു..
ജയപ്രകാശ് അവളെ തന്നെ നോക്കുന്നുണ്ട്..
മുറിവേറ്റ അവളുടെ നോവ് അവൻ ആദ്യം ആയാണ് കാണുന്നത്..
കുറച്ചു മാറി കരയാൻ കൂടി പേടിച്ചു നിൽക്കുന്നു കണ്ണൻ..
അമ്മയെ ഇങ്ങനെ കണ്ടിട്ടില്ല അവനും..
"എത്ര കൊതിയോടെ വന്നതാ ജയേട്ടാ ഞാൻ നിങ്ങളുടെ ജീവിതത്തിൽ.. ഇങ്ങനെ മാറ്റി നിർത്താൻ മാത്രം എന്താണ് ഞാൻ ചെയ്തു പോയ തെറ്റ്.. പഠിപ്പിച്ചോളാൻ എനിക്ക് വാക്ക് തന്നിട്ടല്ലേ ഞാൻ എന്റെ ഇഷ്ടം പറഞ്ഞത്.. സ്വപ്നം മുഴുവനും ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ.. കൂടെ ഉണ്ടാവും എന്നെനിക്ക് വാക്ക് തന്നതും നിങ്ങളല്ലേ.. പിന്നെ എങ്ങനാ നമ്മൾ ഇങ്ങനെ അകന്ന് പോയത്.."
ജയപ്രകാശിന് മുന്നിൽ ദിവ്യാ ചോദിച്ചു..
അവനിൽ ഉത്തരം ഇല്ലായിരുന്നു..
നീതികേട് കാണിച്ചു.. പിന്നെ എങ്ങനെ അവൻ ഉത്തരം കണ്ടെത്തി പറയും..
"ജീവിച്ചു തുടങ്ങി എവിടെയാ നമ്മൾ തടഞ്ഞു വീണത്.. ഉപേക്ഷിച്ചു മടങ്ങി പോവാൻ പോലും കഴിയാത്ത വിധത്തിൽ ഒരു കുഞ്ഞിനെ തന്നിട്ട് എന്നെ തടഞ്ഞു വെച്ചില്ലേ.. നല്ലൊരു വാക്ക് പറയാൻ കൂടി മടിയാണ് നിങ്ങൾക്ക്.. എന്നോട് ഇങ്ങനെ അകലം കാണിച്ചു മാറ്റി നിർത്താൻ... എന്റെ തെറ്റ് എന്താ.. അറിയണം എനിക്കത് "
വല്ലാത്ത ഗൗരവം ഉണ്ടായിരുന്നു ആ വാക്കുകൾ..
"ഇനി ഇങ്ങനെ കഴിയാൻ എനിക്ക് വയ്യ.. കണ്ണൻ വലുതായി അവൻ തീരുമാനം എടുത്തോട്ടെ ആരെ വേണം എന്നത്.. പക്ഷേ ഒന്നറിയാൻ ആഗ്രഹിക്കുന്നു ഞാനും.. പഠിക്കാൻ മോഹിച്ചു എന്നത് ഇത്രയും വലിയൊരു തെറ്റാണോ.. ജോലിക്ക് പോവുന്നത് എന്റെ സന്തോഷം ആണ്.. നിങ്ങളുടെ സന്തോഷം മാത്രം നോക്കിയാൽ മതിയോ.. "
ജയപ്രകാശ് വാക്കുകൾ കിട്ടാത്ത പോലെ നിന്ന് പോയി..
ഇത് വരെയും ഒരു പുല്കൊടിയുടെ വില പോലും താൻ കൊടുത്തിട്ടില്ല അവളുടെ ആഗ്രഹങ്ങൾക്ക്..
പെണ്ണിന് എന്തിനാ ഇത്രേം സ്വപ്നം.. വീട്ടിൽ അടങ്ങി ഒതുങ്ങി കഴിയണ്ടവൾ.. അവളോട് എന്തും പറയാം... എന്തും ചെയ്യാം.. സഹിക്കാൻ ബാധ്യത ഉള്ളവൾ..
ആരും ചോദിക്കില്ലല്ലോ.. ഭർത്താവ് എന്ന വലിയൊരു പദവി അലങ്കാരം പോലെ കൊണ്ട് നടപ്പല്ലേ..
ദേഷ്യം വരുമ്പോൾ വായിൽ തോന്നിയത് വിളിക്കാനുള്ള അവളുടെ വീട്ടുകാർ.. തെറി വിളിച്ചാലും കേട്ട് നിൽക്കണം.. ഭാര്യ ആണല്ലോ.. സഹിക്കണമല്ലോ..
പക്ഷേ അത് അങ്ങനെ അല്ലെന്ന് ഒറ്റ അടിയിലൂടെ മനസ്സിലായി..
അവൾക്കും നോവും.. ദേവിയാണ് ഭൂമിയാണ്.. എന്നൊക്കെ പെണ്ണിനെ വാഴ്ത്തുക്കൾ ചെയ്താലും വെറും മനുഷ്യൻ കൂടി ആണവൾ..
നോവുന്നില്ല എന്നർത്ഥമില്ല..ഏത് നോവും സഹിക്കും.. ക്ഷമിക്കും... പക്ഷേ പരിധി വിടുമ്പോൾ പ്രതികരിക്കും... ഭയങ്കരമായി തന്നെ..
ആറ് വർഷം കഴിഞ്ഞു ആ കൈകൾ പിടിച്ചിട്ട്.. ഒരുപാട് ഇഷ്ടം തോന്നി കൂടെ കൂട്ടിയതാണ്.. സ്വപ്നങ്ങൾ നേടി എടുക്കാൻ ആ കൂടെ ഉണ്ടാവും എന്ന് വാക്ക് കൊടുത്തത് ഹൃദയം കൊണ്ട് തന്നെ ആയിരുന്നു...
"പെണ്ണിനെ എടുത്തു തലയിൽ വെക്കേണ്ട ജയാ.. പിന്നെ തിരിച്ചു ഇറങ്ങി പോരില്ല.. നോക്കീം കണ്ടും ജീവിച്ചോ.."
തുടക്കത്തിലേ ഉപദേശം... സ്വന്തം അമ്മയല്ലേ.. ഒരു പെണ്ണല്ലേ അമ്മയും.. അറിയുന്നത് കൊണ്ടായിരിക്കും പറയുന്നത് എന്ന് കരുതി..
എല്ലായിടത്തും കണ്ണടച്ച് ഇരുട്ടാക്കി.. അവളെ വെറുതെ കുറ്റപ്പെടുത്താൻ കൂട്ട് നിന്ന് കൊടുത്തു.. എന്തിനായിരുന്നു..
പെണ്ണിനെ നന്നാക്കാൻ..
ജയപ്രകാശ് വിയർത്തു പോയിരുന്നു..
"എത്ര ഒക്കെ നോവിച്ചിട്ടും പിടിച്ചു നിന്നത് എന്റെ കണ്ണന് വേണ്ടിയാ.. അവൻ പോലും നിങ്ങളുടെ സ്വാർത്ഥതയുടെ ബാക്കി അല്ലേ.. ഒന്ന് ചേർത്ത് പിടിച്ചു ഞാൻ ഇല്ലേ നിനക്ക് എന്നൊന്ന് കേൾക്കാൻ... കൊതി തോന്നിയിട്ടുണ്ട്.. ഈ ജന്മം നടക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ.. ലോകം മുഴുവനും തലയിൽ വേണമെന്നൊന്നും ഒരു ഭാര്യയും ആഗ്രഹിക്കുന്നില്ല ജയേട്ടാ.. ഒന്ന് ചേർത്ത് പിടിച്ച തീരുന്ന സങ്കടങ്ങൾ ഉണ്ടാവും.. കൂടെ ഉണ്ടെന്ന് തോന്നിപ്പിച്ചാൽ കിട്ടുന്ന സന്തോഷം... അത്രയേക്കെയെ വേണ്ടു..."
കണ്ണൊന്നു കലങ്ങാതെ നോവോടെ പറയുന്ന പെണ്ണിന് മുന്നിൽ അവന്റെ തല താണി രുന്നു..
"പെണ്ണിന്റ ശത്രു.. അത് പെണ്ണ് തന്നെയാ... ഇല്ലാത്തത് പറഞ്ഞു എന്നെ ദ്രോഹിക്കാൻ ഇവിടെ നിങ്ങൾ ആയിരുന്നു മുന്നിൽ.. രണ്ടു പെണ്മക്കൾ ഉള്ള നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല.. എന്റെ അമ്മയെ പോലെ തന്നെ അല്ലേ ഞാൻ കണ്ടിട്ടുള്ളു... സ്വന്തം മോളായി കാണണ്ട.. ഒരു മനുഷ്യൻ എന്ന പരിഗണന എങ്കിലും തന്നൂടെ.. പറയുന്നത് എല്ലാം കേട്ട് നിന്നത് പേടി കൊണ്ടൊന്നും അല്ലായിരുന്നു അത്.ബഹുമാനം... പക്ഷേ അതിനു നിങ്ങൾ അർഹത അല്ലെന്ന് തോന്നിയപ്പോൾ അത് നിർത്തി.. ഇനിയും എന്നെയോ എന്റെ വീട്ടുകാരെയോ വല്ലതും പറഞ്ഞ വയസ്സിനു മൂത്തതാണ് എന്നുള്ളത് ഞാൻ അങ്ങ് മറക്കും.. കോടതിയിൽ കയറി ഇറങ്ങി ജീവിതം തീർക്കേണ്ട ഗതികേട് വരുത്തും ഞാൻ... അമ്മയ്ക്കും മോനും..."
കത്തുന്ന കണ്ണോടെ ദിവ്യാ പറയുമ്പോൾ വിലാസിനി വിറച്ചു നിന്നിരുന്നു..
"കെട്ടിച്ചു വിട്ടാതായിരിക്കാം.. കെട്ടി കൊണ്ട് വന്നതായിരിക്കാം.. എന്തോ ആവട്ടെ.. മനസ്സിൽ ഒറ്റപെട്ടു എന്നോർക്കുമ്പോൾ ഹൃദയം പിടയുന്നുണ്ട് ഓരോ പെണ്ണിനും.. ആൾക്കൂട്ടത്തില് നടുവിൽ വെച്ചെന്നും വേണ്ടന്നെ... തനിക്കരികിൽ തനിച്ചവുന്ന ഏതെങ്കിലും ഒരു നിമിഷം... ഒന്ന് ചേർത്ത് പിടിക്കുക.. ഞാൻ ഉള്ളപ്പോൾ നീ എങ്ങനെ തനിച്ചാവും... നീ എന്റെ സ്വന്തം ആണല്ലോ.. ഞാൻ ഉണ്ടല്ലോ കൂടെ... ഇങ്ങനെയൊക്കെ ഓരോ പെണ്ണും കൊതിക്കുന്നുണ്ട്... ഭർത്താവ് പറയുന്നത് കേൾക്കാൻ.. പെണ്ണിന് എന്നും മതിയാവാത്തത് സ്നേഹം മാത്രം ആണ്.. എല്ലാരും അങ്ങനെ ആണെന്നല്ല.. പക്ഷേ ഏറെയും അങ്ങനെ ആണ് "
ദിവ്യാ പതിയെ പറഞ്ഞു...
"ഇത്രയൊക്കെ ഞാനും മോഹിച്ചു.. പകരം നിങ്ങൾ അമ്മയെ കൂട്ട് പിടിച്ചു എന്നെ തോൽപ്പിക്കാൻ നോക്കി.. പിന്നെ ഞാൻ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ പെരുമാറും ജയേട്ടാ.. വാശി ആയിരുന്നു.. തോൽക്കില്ല എന്നുള്ള വാശി.. എന്നെ പറഞ്ഞു പറ്റിച്ചു എന്നുള്ളത്.. എല്ലാം എന്നെ ഞാൻ അല്ലാതാക്കി.. ഇതിൽ എവിടെ എന്റെ തെറ്റ്... നിങ്ങളുടെ അവഗണന എന്നെ വാശികാരി ആക്കി.. നഷ്ടം എന്നും എനിക്ക് മാത്രം... ശെരിക്കും നിങ്ങൾ എന്നെ സ്നേഹിച്ചിട്ടുണ്ടോ..."
കണ്ണിൽ നോക്കി ദിവ്യാ ചോദിച്ചപ്പോൾ ജയപ്രകാശ് മൗനം കൂട്ട് പിടിച്ചു..
എന്ത് ഉത്തരം പറയും..
തന്റെ തെറ്റാണ്..
എല്ലാം പിറകിൽ വിട്ടു കളഞ്ഞു തന്നെ വിശ്വസിച്ചു കൂടെ വന്നവളെ നിഷ്കരുണം കൊല്ലാതെ കൊന്നു കൊണ്ടിരുന്ന ആറ് വർഷങ്ങൾ..
ഭാര്യ ഭരിക്കപ്പെടേണ്ട ഒന്നാണ് എന്ന് തോന്നി... വിഡ്ഢിതം..
അവൾ സ്നേഹിക്കപ്പെടേണ്ടവളാണ്..
ഒരിത്തിരി സ്നേഹം കൊടുത്താൽ പട്ടിയെ പോലെ കാൽചുവട്ടിൽ അമർന്നു കിടക്കുന്നവൾ..
പക്ഷേ തോൽപ്പിക്കാൻ ശ്രമിച്ചാൽ തീ പോലെ ആളി പടർന്നു പൊള്ളി കുന്നവൾ... സ്വയം പൊള്ളി പിടയുന്നവൾ...
"മകളെ കൈപിടിച്ചു ഏല്പിക്കുമ്പോൾ ഏതൊരു അച്ഛന്റെ മനസ്സിലും കാണും... എന്നെ പോലെ എന്റെ മകളെ സ്നേഹിക്കാൻ ഇവനാവും എന്നത്.. അമ്മ മനസ്സിൽ പ്രാർത്ഥന ആയിരിക്കും.. ഞാൻ സ്നേഹിക്കും പോലെ എന്റെ മോളെ സ്നേഹിക്കാൻ അവിടുത്തെ അമ്മക്ക് ആവണേ എന്ന്. അമ്മയല്ലേ.. ഒരു മനസ്സല്ലേ കാണിക്കേണ്ടത്... എല്ലാം ഓരോരുത്തരുടെ മക്കളല്ലേ.. പിന്നെയും എന്താ അത് മറന്നു പോവുന്നത്.. നിങ്ങൾ വിചാരിച്ചത് പോലെ അല്ല എന്റെ ജീവിതം എന്ന് പറഞ്ഞു തിരികെ കയറി ചെല്ലുമ്പോൾ ആ മനസ്സുകൾ പിടക്കുന്നത് കാണാൻ വയ്യ ഒരു മകൾക്കും... അത് കാരണം ഇല്ലാത്ത സന്തോഷം എടുത്തണിഞ്ഞു വെറുതെ... ജീവിച്ചു തീർക്കും "
കരച്ചിൽ പോലും ഇല്ല ദിവ്യയിൽ.. കരയാതിരിക്കാൻ അവൾ പഠിച്ചു കഴിഞ്ഞു... നിരന്തരം ഉള്ള നോവുകൾ പഠിപ്പിച്ചു...
"എന്നിട്ടും വെറുക്കാൻ കഴിയാതെ... ശപിക്കാൻ കഴിയാത്ത ഓരോ പെണ്ണും നിങ്ങളുടെ ശത്രു ആയത് എങ്ങനെ.. അത് ഒന്ന് പറഞ്ഞു താ എനിക്ക്... കഷ്ടപെട്ട് ഞാൻ നേടി എടുത്ത ജോലി.. അതങ്ങനെ നിങ്ങളുടെ അപമാനം ആവും.. ജോലി ഉള്ള പെണ്ണിനെ അടിമ പോലെ ആക്കാൻ പറ്റില്ലല്ലോ അല്ലെ... അതാണ് ശെരിക്കും ഉള്ള പേടി... അവളെ വരച്ച വരയിൽ നിർത്തി ആണത്തം കാണിക്കാൻ പറ്റില്ലെന്ന് പഠിപ്പിക്കുന്നത് ആരാ.."
ഇപ്രാവശ്യം ദിവ്യായിലെ പുച്ഛം ജയനും അമ്മയും തിരിച്ചറിഞ്ഞു..
കണ്ണൻ മുന്നിൽ നടക്കുന്നത് ഒന്നും മനസ്സിലാവാതെ.. പക്ഷേ പേടി നിറഞ്ഞ കണ്ണോടെ നിൽക്കുന്നു..
"സ്നേഹിക്കാൻ വയ്യങ്കിൽ ഇനി ഇങ്ങനെ തുടരാൻ എനിക്ക് വയ്യ ജയേട്ടാ.. അതെന്റെ അഹങ്കാരം ആണെന്ന് തന്നെ കൂട്ടിക്കോ.. ഇറങ്ങി പോവാൻ ഒരിക്കൽ പറയും.. അതിന് മുന്നേ ഞാൻ തന്നെ പോയേക്കാം.. ഇങ്ങനെ ഉരുകി തീരാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തില്ല.. നിങ്ങളുടെ ശെരികളെ മാത്രം കാണുന്ന നിങ്ങളോട് അതൊന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. സത്യം എന്നെങ്കിലും കണ്ണൻ അറിയട്ടെ.. ആണാണ് എന്ന ദാർഷ്ട്യത്തോടെ ഞാൻ ഇവനെ വളർത്തില്ല.. മനുഷ്യൻ ആയി വളരട്ടെ... സഹജീവികളെ സ്നേഹിച്ചു പഠിക്കട്ടെ എന്റെ മോൻ.. അവന്റെ കൈ പിടിച്ചു വരുന്നവൾ... അവളെ ബഹുമാനം കൊടുക്കാൻ പഠിക്കട്ടെ... എനിക്ക് കിട്ടാതെ പോയത് എന്റെ മോനെ കൊണ്ട് ഞാൻ കൊടുപ്പിക്കും..."
ഇപ്രാവശ്യം അവൾ ഇടറി പോയിരുന്നു...
മനസ്സിൽ വേദന സഹിക്കാൻ കഴിയാത്ത പോൽ തളർന്നു വീഴുന്ന ദിവ്യയെ നിലത്ത് വീഴും മുന്നേ അവളുടെ ജയേട്ടൻ താങ്ങി പിടിച്ചു നെഞ്ചിൽ ചേർത്ത് അമർത്തി പിടിച്ചു...
ഇനി വിട്ടു കളയില്ല എന്നപോലെ..
അബോധഅവസ്ഥയിൽ പോലും അതറിഞ്ഞ പോൽ അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു..
ജയനപ്പോൾ അവൾ ആഗ്രഹിക്കുന്ന പോലുള്ള ഭർത്താവ് മാത്രം ആയിരുന്നു..
അവളെ അറിയുന്ന അവളുടെ മാത്രം ജയേട്ടൻ...