രചന: നന്ദു
""കിരണേട്ടാ..""
ഒരു വിതുമ്പലോടെ രേണുക എന്നെ വിളിച്ചു.. കണ്ണുകൾ എത്ര ശക്തമായി തുറക്കാൻ ശ്രെമിച്ചിട്ടും ഞാൻ പരാജയപെട്ടു.. ശരീരം ആകെ തളർന്നിരുന്നു..
പിന്നെ എന്ത് നടന്നു എന്നൊന്നും ഓർമ ഇല്ല.. എപ്പോഴോ കണ്ണുകൾ തുറന്നപ്പോൾ തലയ്ക്കു മേലേ ചുറ്റുന്ന ഫാൻ ആണ് കണ്ടത്.. കഴുത്തു ചെരിച്ചു മെല്ലെ ചുറ്റിലും നോക്കി.. ഹോസ്പിറ്റലിൽ ആണ് രേണുകയുടെ അമ്മ എന്റെ തലയ്ക്കൽ നിൽക്കുന്നുണ്ട്.. കയ്യിൽ ട്രിപ്പ് കയറ്റുന്നുണ്ട്.. കുപ്പിയും അടുത്ത് വവ്വാൽ കണക്കെ തൂങ്ങി കിടക്കുന്നു
""ബോധം വന്നോ.. എന്റെ മോനെ നീ ഞങ്ങളെ പേടിപ്പിച്ചു ട്ടൊ..""
രേണുവിന്റെ അമ്മ നെഞ്ചിൽ കൈ വെച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു ഒന്ന് മനസിലാവാതെ ഞാൻ അവരെ നോക്കി..
""രേണു മോളെ..""
അമ്മ ദൂരെ നിന്ന് ആരോടോ സംസാരിക്കുന്ന രേണുവിനെ വിളിച്ചു..
""അതെ ശബ്‌ദം ഉണ്ടാക്കല്ലേ..""
അമ്മയുടെ ശബ്‌ദം കേട്ട് അടുത്ത് നിക്കുന്ന നേഴ്‌സ് വഴക്ക് പറഞ്ഞു.. അമ്മ രേണുവിന്റെ അടുത്ത് ചെന്ന് എന്നെ ചൂണ്ടി എന്തൊക്കെയോ പറഞ്ഞു.. അമ്മയോട് എന്തോ പറഞ്ഞിട്ട് അവൾ പുറത്തേക്ക് പോയി.. അമ്മ വീണ്ടും എന്റെ അടുത്ത് വന്നു..
""അമ്മേ എന്താ ഇവിടെ..""
""അതിപ്പോ നല്ല കഥ.. ഞങ്ങളെ ഒക്കെ നീ പേടിപ്പിച്ചില്ലേ കുട്ടി.. നിനക്ക് പനി കൂടി.. ബോധം ഒക്കെ പോയി.. പിന്നെ ഞങ്ങൾ രണ്ട് പെണ്ണുങ്ങൾ മാത്രല്ലേ വീട്ടിൽ. എന്ത് ചെയ്യും എന്ന് കൂടി അറിയില്ല. രേണു ആകെ പേടിച്ചു പോയി.. അപ്പുറത്തെ വീട്ടിലെ നാരായണേട്ടനെ വിളിച്ചു ഒരു ഓട്ടോയും ഏർപ്പാട് ആക്കി ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നു..""
""രേണു...""
""ആഹ് മോളോ അവൾ ഡോക്ടർ പറഞ്ഞ മരുന്ന് വാങ്ങാൻ പോയതാ..""
അമ്മ നിർത്താതെ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്.. പക്ഷെ എന്റെ മനസ്സ് രേണുകയുടെ പിന്നാലെ ആയിരുന്നു..
കുറച്ച് നേരം മേലേ കറങ്ങുന്ന ഫാനിൽ കണ്ണും നട്ടിരുന്നു.. മെല്ലെ കണ്ണടച്ചു.. രേണുകയുടെ ശബ്‌ദം കേട്ടാണ് കണ്ണ് തുറന്ന്.. എന്നെ കണ്ടു ശ്വാസം വിട്ടു കൊണ്ട് അവൾ നെഞ്ചിൽ കൈ വെച്ചു..
""എന്റെ കിരണേട്ടാ എന്നെ പേടിപ്പിച്ചു കൊന്നില്ലന്നെ ഉള്ളു..""
ഞാൻ അവളോട് ചെറുതായി ഒന്ന് ചിരിച്ചു.. അവൾ മെല്ലെ നെറ്റിയിൽ കൈ വെച്ചു..
""മ്മ് ഇപ്പൊ നല്ല കുറവുണ്ട്.. രാവിലെ ഒന്നും കഴിച്ചില്ലല്ലോ ഇപ്പൊ സമയം പന്ത്രണ്ടു കഴിഞ്ഞു ഞാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം..""
""അയ്യോ രേണു അതൊന്നും വേണ്ടാ.. രേണുവും അമ്മയും പൊയ്ക്കോളൂ.. എന്റെ ഫ്രണ്ട് ഉണ്ട് ഗിരി മൂപ്പരെ വിളിച്ചാൽ മതി..""
""അതൊന്നും പറഞ്ഞാൽ പറ്റില്ല..""
""ഒരു രണ്ട് മിനിറ്റ് നിക്കേ ഞാൻ ഇപ്പൊ വരാം.. എന്തായാലും ഹോസ്പിറ്റലിൽ വന്നതല്ലേ അമ്മയ്ക്ക് ബിപിയും ഷുഗറും ഒക്കെ ടെസ്റ്റ് ചെയ്യണം.. അമ്മയെ ഞാൻ ടെസ്റ്റ് ചെയ്യാൻ വേണ്ടി കൊണ്ടു പോയിട്ട് വരാം..""
അവൾ പോയതും മനസ്സിൽ ഞാൻ ഓർത്തു..
""അമ്പടി കള്ളി അമ്മയെ നൈസ് ആയിട്ട് ഇവിടുന്ന് മാറ്റി നിർത്താൻ വേണ്ടി ഓരോരോ കാരണങ്ങൾ..""
അമ്മയെ ബിപി ചെക്ക് ചെയ്യാൻ കൊണ്ടു പോയിട്ട് റിസൾട്ട് വാങ്ങാൻ ഏല്പിച്ചു നിർത്തി ഒരു പൊതിയും ആയി അവൾ അവന്റെ അടുത്തേക്ക് വന്നു..
""അമ്മയെ ഒഴിവാക്കി നിർത്തി അല്ലെ..""
""അയ്യോ അങ്ങനെ അല്ല കിരണേട്ടാ.. ഡോക്ടർ പറഞ്ഞു കിരണേട്ടന് ഇപ്പൊ കുഴപ്പം ഇല്ല ട്രിപ്പ് തീർന്നാൽ പോകാം എന്ന്.. അപ്പോഴാ അമ്മയുടെ കാര്യം ഓർമ വന്നത് ഇങ്ങനെ ഒക്കെ ഹോസ്പിറ്റലിൽ വന്നാലേ ഉള്ളു ബിപി ഒന്നും നോക്കില്ല പക്ഷെ മരുന്ന് കുടിക്കും എത്ര പറഞ്ഞാലും കേൾക്കില്ല.. മരുന്ന് ഇല്ലാതെ അമ്മയ്ക്ക് പറ്റില്ല..""
""അതെയോ..""
""എന്താ നിന്റെ കയ്യിൽ..""
""നല്ല ചൂട് ഇഡ്ഡലി ആണ്.. പിന്നെ ചമ്മന്തിയും സാമ്പാറും ഉണ്ട്..""
അവൾ പൊതി അഴിച്ചു അതിൽ കറി ഒഴിച്ചു.. എനിക്ക് നേരെ നീട്ടി..
""അതെ കിരണേട്ടാ.. ഹോസ്പിറ്റൽ ആണ് ചുറ്റും നോക്കി കഴിക്കാൻ നിക്കണ്ട ട്ടൊ.. കഴിക്കാൻ പറ്റില്ല..""
""മ്മ്.. ""
ഞാൻ ഒന്ന് മൂളിയിട്ട് അവളെ നോക്കി മൃദുവായി ചിരിച്ചു.. അപ്പോഴാണ് വീട്ടിൽ നിന്ന് അമ്മ വിളിച്ചത് ഫോൺ എടുത്തു ചെവിയിൽ വെച്ചു..
""ഹലോ അമ്മേ.. ""
മറു തലയ്ക്കൽ നിന്ന് അമ്മ നല്ല ദേഷ്യത്തിൽ പറഞ്ഞു
""എവിടെയാട പോയത്.. സമയം എത്രയായി.. ഇന്ന് ലീവ് അല്ലെ നീ.. ഒന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ..""
""കഴിക്കുവാ..""
""മ്മ്.. വേഗം വന്നേക്കണം കേട്ടോ..""
""ആഹ് ശെരി അമ്മ..""
അമ്മ ഫോൺ വെച്ചപ്പോൾ ഞാൻ പൊതിയിലെ ഇഡ്ഡലിയിൽ നോക്കി ഇലയിൽ നല്ല ചൂടുള്ള ഇഡ്ഡലി അങ്ങനെ ഞെളിഞ്ഞു കിടക്കുന്നുണ്ട്..
""കഴിക്കുന്നില്ലേ.. ഞാൻ വായിൽ വെച്ചു താരാം.. ആ കാണിച്ചേ..""
അവൾ അത് പറഞ്ഞപ്പോൾ യാന്ത്രികമായി പറയുന്നതിന് അനുസരിച്ചു..
അവളോട് ഓരോ കാര്യങ്ങൾ സംസാരിച്ചു അത് മുഴുവൻ കഴിച്ചു.. ഒരു ബോട്ടിൽ വെള്ളം എനിക്ക് നേരെ നീട്ടിയിട്ട് അവൾ പറഞ്ഞു..
""ഇനി വാ കഴുകാൻ പോകണ്ട.. നന്നായി വെള്ളം കുടിച്ചോ.. പിന്നെ ഈ ഗുളികയും..""
""ഞാൻ കൈ കഴുകി വരാം ട്ടൊ കിരണേട്ടാ..""
""ആഹ്..'""
അവൾ കൈ കഴുകാൻ പോകുന്നത് ഒരു കൗതുകത്തോടെ ഞാൻ നോക്കി.. എന്റെ കയ്യിൽ ഒന്ന് മെല്ലെ നുള്ളി നോക്കി.. സ്വപ്നം അല്ല അവൾ എന്റെ ജീവിതത്തിന്റെ ഭാഗമായി അതൊരു സത്യമാണ്..
അവളുടെ അമ്മ അപ്പോഴേക്കും അങ്ങോട്ട് വന്നു..
""മോനെ കഴിച്ചോ..""
""ഉവ്വ് അമ്മേ.. അമ്മ""
എന്റെ വയറു നിറഞ്ഞപ്പോൾ ആണ് അവളെ കുറിച്ച് ഓർത്തത് അവൾ കഴിച്ചോ എന്ന് ഞാൻ ചോദിച്ചില്ല.. അവളുടെ കൈ കൊണ്ട് വായിൽ വെച്ച് തന്ന ഭക്ഷണത്തിന്റെ രുചി കൊണ്ടാവാം..
""മോനെ ട്രിപ്പ് കഴിഞ്ഞു.. ഞാൻ സിസ്റ്ററെ വിളിക്കാം..""
അമ്മ സിസ്റ്ററിനെ വിളിച്ചു കൊണ്ടു വന്നു.. രേണുക അങ്ങോട്ട് വരുമ്പോൾ ഇപ്പോൾ ക്ഷീണം അവളുടെ മുഖത്ത് ആണെന്ന് തോന്നി..
""അമ്മേ റിസൾട്ട് വാങ്ങിയോ.. നമ്മുക്ക് ഡോക്ടറെ കൂടി കണ്ടിട്ടു പോകാം അല്ലെ..""
എന്നെ മെല്ലെ പിടിച്ചു കട്ടിലിൽ നിന്ന് എഴുന്നേൽപ്പിക്കാൻ ശ്രെമിക്കുന്ന അവളുടെ കയ്യിൽ ഞാൻ പിടിച്ചു..
""എനിക്ക് ഇപ്പൊ ഒരു കുഴപ്പവും ഇല്ല രേണു.. നിനക്കാ ക്ഷീണം..""
അവൾ ഒന്ന് ചിരിച്ചിട്ട് അമ്മയുടെ പിന്നിലായി ഡോക്ടറുടെ മുറി ലക്ഷ്യം ആക്കി നടന്നു..
അവളെ നോക്കി അവളുടെ വിടർന്ന മുഖം കണ്ട് നടക്കാൻ നല്ല രസമാണ്.. സത്യം പറഞ്ഞാൽ ഒപ്പം നടക്കുന്നതിനേക്കാൾ എനിക്ക് ഇഷ്ടം തോന്നിയത് അവളുടെ പിന്നാലെ നടന്നു ആ കുറുമ്പ് നിറഞ്ഞ മുഖം അവൾ അറിയാതെ നോക്കി കാണാൻ ആണ്..
ഡോക്ടറെ കണ്ടിട്ട് അവർ രണ്ടാളും പുറത്ത് ഇരിക്കുന്ന എന്റെ അരികിലേക്ക് വന്നു..
""അമ്മയ്ക്ക് എങ്ങനെ ഉണ്ട് ബിപിയും ഷുഗറും..""
"" ഈ പറഞ്ഞ എല്ലാർക്കും അമ്മയെ വല്ലാതെ ഇഷ്ടായി തോന്നണു ഒക്കെ ആദ്യത്തെക്കാൾ ഇരട്ടി ആയിട്ടുണ്ട്.. ഡോക്ടർ നല്ല വഴക്ക് പറഞ്ഞു..""
അവൾ അമ്മയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു ആ ദേഷ്യത്തിൽ അമ്മയോടുള്ള സ്നേഹം മുഴുവൻ ഉണ്ടായിരുന്നു..
ഓട്ടോ വിളിക്കാൻ ഒരുങ്ങിയ അവളെ ഞാൻ തടഞ്ഞു.. അവരെ കൂട്ടി നേരെ അടുത്തുള്ള നല്ലൊരു ഹോട്ടലിൽ കയറി.. കുറച്ചു ബലം പ്രയോഗിച്ചു നിർബന്ധിച്ചു ഞാൻ രണ്ടാളെയും ഹോട്ടലിൽ കയറ്റിയത്..
""ഇവിടെ നല്ല സൂപ്പർ മസാല ദോശ കിട്ടും.. ""
""അയ്യോ വേണ്ടാ കിരണേട്ടാ.. ""
മസാലദോശയ്ക്ക് ഓർഡർ ചെയ്തു.. അത് കൊണ്ട് വന്നു അവര് രണ്ടാളും കഴിക്കുന്നത് നോക്കി ഞാനൊരു ചായ കുടിച്ചു..
വേണ്ടാ എന്ന് പറഞ്ഞ ആൾ അത് മുഴുവൻ കഴിച്ചിട്ട് എന്നെ നോക്കി..
""നല്ല വിശപ്പ് ഉണ്ടായിരുന്നു അല്ലെ... രേണു.. എങ്ങനെ ഉണ്ട് മസാലദോശ..""
""അടിപൊളി..""
ഞാൻ ബില്ല് എടുത്തു പൈസ കൊടുക്കുമ്പോൾ അവർ കൈ കഴുകി വന്നു.. അവരെ ഓട്ടോയിൽ വീട്ടിൽ കൊണ്ട് വിട്ടിട്ട് തിരികെ വീട്ടിലേക്ക് പോകുമ്പോൾ വയറും മനസും ഒരുപോലെ നിറഞ്ഞിരുന്നു..
അമ്മ വീണ്ടും ഫോണിൽ വിളിക്കുന്നുണ്ട്.. ഫോൺ കട്ട് ചെയ്തു.. വീട് എത്തി ഓട്ടോക്കാരന് പൈസ കൊടുത്തു വീട്ടിലേക്ക് കയറി..
പെങ്ങന്മാർ രണ്ടും മുഖത്തു കള്ള ചിരി ഒളിപ്പിച്ചു എന്നെ നോക്കി ചിരിക്കുന്നുണ്ട്..
""എന്താ ചിന്നു.. എന്താടി മാളു.. ഒരു ഇളി..""
""ഞങ്ങൾക്ക് ഒക്കെ മനസിലായി മോനെ ഏട്ടാ.. ""
""എന്ത്..""
അവരെ സൂക്ഷിച്ചു നോക്കി ഞാൻ അകത്തു കയറി.. മുറിയിൽ കയറി കിടക്കയിൽ കിടക്കുമ്പോൾ അമ്മ വന്നു നെറ്റിയിൽ തൊട്ടു നോക്കി..
""നിന്റെ പനി മാറിയല്ലോ..""
""ആഹ് അമ്മേ..""
""മ്മ് എന്നാ കിടന്നോ..""
അമ്മ മുറിയിൽ നിന്ന് ഇറങ്ങിയത് നോക്കി ചിന്നു വന്നു..
""ഏട്ടാ അന്ന് കണ്ട ചേച്ചീനെ കാണാൻ അല്ലെ ഏട്ടൻ അമ്പലത്തിൽ പോയത് ഞങ്ങൾ കണ്ടു..""
'"എന്ത്..""
കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് അവരെ നോക്കി..
""അന്ന് ഏട്ടൻ അമ്പലത്തിൽ ഞങ്ങടെ കൂടെ വന്നു തിരിച്ചു പോകുമ്പോൾ സംസാരിച്ചു നിക്കുന്നത് കണ്ടല്ലോ ഞങ്ങൾക്ക് അപ്പോഴേ തോന്നി.. ലവർ ആണല്ലേ..""
""ലവർ അല്ലടി കുറുമ്പി..""
""എന്റെ ചെവിയിൽ നിന്ന് വിട് ഏട്ടാ..""
അവളുടെ ചെവിയിൽ നോവിക്കാതെ പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
""അത് നിങ്ങളുടെ ഏട്ടത്തി ആണ്.. ലവർ അല്ല കേട്ടോ..""
""എടാ ഏട്ടാ..""
അവൾ കണ്ണ് മിഴിച്ചു എന്നെ നോക്കി.. മാളു ഒക്കെ കേട്ടിട്ട് അത്ഭുതം ഒന്നും ഇല്ലാതെ എന്നെ നോക്കി ചിരിക്കുന്നുണ്ട്...
അന്ന് ഞങ്ങൾ അടിയും പിടിയും ആയി കഴിഞ്ഞു..
**********************
രേണുകയും അമ്മയും അകത്തു കയറി കുറച്ചു നേരം ഇരുന്നു..
""നല്ല മോൻ അല്ലെ രേണു.. ""
""ആര്..""
""ആ മോൻ തന്നെ കിരൺ..""
അമ്മ അത് പറഞ്ഞത് കേട്ടപ്പോൾ അവൾക്ക് നാണം വന്നു.. അവൾ ഒന്ന് മൂളിയിട്ട് മുറിയിൽ കയറി അമ്മയോട് വിളിച്ചു പറഞ്ഞു..
""അമ്മേ ഞാൻ ഡ്രസ്സ് മാറി വരുന്നു അമ്മ ഒന്ന് അടുപ്പിൽ ചോറിനുള്ള വെള്ളം വെച്ചേ..""
""ആഹ്..""
ഡ്രസ്സ് മാറിയിട്ട് അടുക്കളയിൽ കയറി അമ്മ വെച്ച പാൽ കഞ്ഞി അങ്ങനെ ഉണ്ട്..
""കഞ്ഞി അങ്ങനെ ഉണ്ടല്ലോ അമ്മേ..""
""ആഹ് രാവിലെ ആ മോനെയും കൊണ്ട് ഹോസ്പിറ്റലിൽ ഒക്കെ പോയില്ലെ.. കുടിച്ചില്ലല്ലോ..""
""എന്തായാലും കളയണ്ട ഉച്ചയ്ക്ക് ഇത് കഴിക്കാം.. ചോറ് വൈകിട്ട് ആക്കാം അത്താഴതിന് എന്താ അമ്മേ അത് പോരെ..""
""മതി മതി..""
അമ്മയോടൊപ്പം ഇരുന്നപ്പോൾ ആണ് കിരൺ ഏട്ടന്റെ ഫോൺ നമ്പർ വാങ്ങാൻ മറന്നത് ഓർത്തത്.. അലക്കാൻ ഉള്ളത് എടുത്തു അലക്കി ഇട്ടിട്ട് ഒരു കുളിയും പാസ്സാക്കി പാൽ കഞ്ഞിയും കണ്ണിമാങ്ങാ അച്ചാറും കഴിച്ചു അമ്മയുടെ മടിയിൽ തല ചായ്ച്ചു ഞാൻ കിടന്നു..
അമ്മ കിരണേട്ടനെ കുറിച്ച് വാതോരാതെ പറയുന്നത് കേട്ടപ്പോൾ മനസിലായി അമ്മയ്ക്ക് ഇഷ്ടമായെന്ന്..