മഞ്ഞു പോലെ... പാർട്ട് _3

Valappottukal



രചന: ജിഫ്ന നിസാർ

രാവിലെ എഴുന്നേറ്റു വന്നപ്പോൾ മുതൽ ഒരു മുറുമുറുപ്പ് ഉണ്ടായിരുന്നു വിലാസിനി അമ്മയ്ക്ക്..
താൻ ദക്ഷയുടെ അടുത്ത് പോവുന്നതിന്റെ ചേര്ക്കാണ്.
ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ.
പുറത്ത് പോവാൻ ഇറങ്ങി വരുമ്പോൾ തന്നെ വീർപ്പിച്ചു പിടിച്ച മുഖം കാണിച്ചു പോവാനുള്ള സകല മൂടും കളയും.
ആദ്യം ഒക്കെ വളരെ വിഷമം ഉണ്ടായിരുന്നു.. പിന്നെ പിന്നെ അങ്ങോട്ട്‌ ഗൗനിക്കാതെ ആയി. അതിൽ പിന്നെ മുഖം കയറ്റി പിടിക്കാൻ മാത്രം അല്ല.. വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറയും..

ഈ വീട്ടിലെ സകല ജോലിയും തീർന്നിട്ടെ എങ്ങോട്ടാനേലും പോവാൻ ഇറങ്ങാറുള്ളു.

അത് തന്റെ മാത്രം അവകാശം പോലെ ആണ്. സ്വന്തം ഭർത്താവിലും നൊന്തു പ്രസവിച്ച മോനിലും പോലും ഇല്ലാത്ത അവകാശം.

പോവാൻ കരുതുന്ന സമയത്തു ഇന്നേ വരെയും പോവാൻ ഒ തിട്ടില്ല. ജോലി തീരണ്ടേ..
എന്തെങ്കിലും ബാക്കി വന്നു പോയ പിന്നെ അത് മതിയാവും മകനോട് ഓതി കൊടുക്കാൻ..

"ഇനിയും ചായേം കടിം ആയില്ലേ ദിവ്യാ. എപ്പോ തുടങ്ങിയതാ ഇവിടെ കിടന്നു മല മറിക്കൽ. സമയം വൈകി. ഞങ്ങൾക്ക് പോണം ന്നുള്ള വിജരം ഉണ്ടോ. ഇച്ചിരി കൂടി നേരത്തെ എഴുന്നേറ്റു ചെയ്തു വെച്ചൂടെ. അതങ്ങനെ.. സൂര്യൻ അങ്ങ് ഉച്ചിയിൽ എത്തണം.. കിടക്കയിൽ നിന്നും പൊന്താൻ "

അടുക്കളയിൽ വന്നു പ്രസംഗം നടത്തുന്നുണ്ട്..
അങ്ങോട്ട്‌ ഒന്നും പറയാനേ പോയില്ല. പോത്തിന്റെ ചെവിയിൽ വേദം പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് വളരെ മുന്നേ തന്നെ തിരിച്ചറിയാൻ കഴിഞ്ഞു.. ഇപ്പൊ അതിന് നിക്കാറില്ല..

എന്തേലും പറഞ്ഞു പോയ അധിക പ്രസംഗി.. ഇനി മിണ്ടാതെ നിന്നാലോ മൂങ്ങ പോലെ നിന്നോളും വല്ലതും ചോദിച്ച എന്നുള്ള പരാതി..
മനസ്സിലാക്കി ചേർത്ത് പിടിക്കാൻ ആളില്ലേൽ എന്താ.. മനസ്സിൽ നീറുവോള്ളാം കുറ്റപ്പെടുത്താൻ നിറയെ ആളുണ്ടല്ലോ..

ദിവ്യാ ചെയ്യുന്ന ജോലി തുടർന്നു..

തനിക്കും പോണം എന്നത് അറിയാം.. പക്ഷേ അവർക്കേ പോവാനൊള്ളു..

താൻ വെറുതെ.... വീട്ടിൽ അടങ്ങി ഇരിക്കാൻ മടി പിടിച്ചത് കൊണ്ട് നാട് നീളെ തെണ്ടി നടപ്പാണല്ലോ..

അങ്ങനെ ആണ് പറച്ചിൽ..

അകത്തിരുന്നാൽ പിന്നെ വണ്ടിനെ പോലെ വെറുതെ മൂളി കൊണ്ട് മനസ്സിൽ അസ്വസ്ഥത പടർത്തി രസിക്കും..
പുറത്ത് പോയ പിന്നെ പേര് തെണ്ടി...

ചെന്ന് കയറുന്ന വീടിനെ സ്വർഗം ആക്കുന്നത് കയറി ചെല്ലുന്ന പെൺകുട്ടികൾ ആണെന്ന് ഏതു വിവര ദോഷി ആണാവോ പറഞ്ഞത്.. വീട്ടിൽ ഉള്ളവരുടെ സ്വഭാവം കൂടി നല്ലതാവണം.. എങ്കിൽ സ്വർഗം തന്നെ. അല്ലാതെ പെൺകുട്ടികൾ മാത്രം എത്ര തല കുത്തി മറിഞ്ഞിട്ടും കാര്യം ഇല്ല...
ദിവ്യാ പിറുപിറുത്തു. 

അകത്തു നിന്നും അപ്പോഴും വിലാസിനി അമ്മയുടെ പരാതികൾ ഉയർന്നു കേൾക്കുന്നുണ്ട്..
ജയനോട് പറയുകയാവും..

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

കുളിച്ചു വന്നു ഒരു ജീൻസും ഇറക്കം കുറഞ്ഞ ടോപ്പും എടുത്തണിഞ്ഞു..ഇടയിൽ എപ്പോഴോ ഈ വീടിന്റെ നിയമത്തിനു എതിരാണ് എന്ന് പറഞ്ഞു കൊണ്ട് ഉപേക്ഷിച്ച ഡ്രസ്സ്‌..

അപ്പോഴും അതായിരുന്നു തനിക്കു ഏറ്റവും ഇഷ്ടം ഉള്ള ഡ്രസ്സ്‌ എന്നാരോടും പറഞ്ഞില്ല..

ഇവരുടെ ഇഷ്ടം മാത്രം നോക്കി വലിച്ചെറിഞ്ഞു കളയാൻ നിന്നാൽ തനിക്ക് പിന്നെ ജീവൻ തന്നെ ഉണ്ടാവില്ല എന്ന് തിരിച്ചറിയാൻ തുടങ്ങി..

ഉപേക്ഷിച്ചതൊക്കെ പതിയെ തിരഞ്ഞു പിടിച്ചു..
എന്നിട്ടും നഷ്ടങ്ങളെ നോക്കുമ്പോൾ.. ഏറെയും ഇഷ്ടങ്ങൾ തന്നെ ആയിരുന്നു..

തിരിച്ചു കിട്ടാത്ത... ഏറെ കൊതിക്കുന്ന ഇഷ്ടങ്ങൾ..

ഓരോന്നും തിരിച്ചു പിടിക്കുമ്പോൾ അന്നിവിടെ ഒരു യുദ്ധം തന്നെ ഉണ്ടായിരുന്നു.. പക്ഷേ അങ്ങോട്ട്‌ നോക്കാൻ തന്നെ പോയില്ല..

മുറുകെ പിടിച്ചു.. തനിക്കു താൻ മാത്രം തുണയൊള്ളു എന്ന ബോധത്തോടെ...

സമയം പതിനൊന്നു കഴിഞ്ഞു...

അവരെല്ലാം ചായ കുടിച്ചു കഴിഞ്ഞു ഒൻപത് മണിക്ക് മുന്നേ പുറപ്പെട്ടു..
കണ്ണനെയും കൂടെ കൂട്ടാൻ മറന്നിട്ടില്ല..

ഇപ്പൊ അവൻ ഒറ്റയ്ക്ക് നടക്കാൻ ഒക്കെ ആയതല്ലേ. എങ്ങോട്ട് പോവുമ്പോഴും കൂടെ കൊണ്ട് പോകും..
വിലാസിനി അമ്മക്കാണ് താല്പര്യം..
മറ്റൊന്നും കൊണ്ടല്ല അത്.. അവനെയും തന്നിൽ നിന്നും അകറ്റാൻ ഉള്ള നിഗൂഢ ലക്ഷ്യം മാത്രം ആണ്..

കണ്ണന്റെ അവകാശം ജയേട്ടന് മാത്രം ഉള്ളത് പോലെ ആണ് പറച്ചിൽ..

അങ്ങനെ എങ്കിൽ ജയേട്ടന്റെ പൂർണ അവകാശം അമ്മ എഴുതി വാങ്ങി ക ക്ഷത്തിൽ വെച്ചേക്കുന്നത് എന്തിനാ..അത് അച്ഛനുള്ളതല്ലേ.

കുഞ്ഞിലേ ഒന്നെടുത്തു പോലും നോക്കാത്ത കണ്ണനെ ഇപ്പൊ സ്നേഹിക്കാൻ തിരക്ക് കൂട്ടുന്നത് തന്നോടുള്ള ദേഷ്യം മാത്രം ആണ്..

ഇതിന് മാത്രം ശത്രുത വരാൻ എന്തായിരിക്കും കാരണം..

പറ യുന്നതിന് എതിരെ പറയാൻ തുടങ്ങിയത് പോലും ഈ അടുത്താണ്.. തീരെ നിവർത്തി ഇല്ലാഞ്ഞിട്ട്..

അൽപ്പം പോലും സ്നേഹം തോന്നാതെ ഇങ്ങനെ കുറ്റം പറയാൻ മാത്രം എന്ത് തെറ്റായിരിക്കും ഞാൻ ചെയതി ട്ടുണ്ടാവുക..

മകന്റെ ഭാര്യ ആയി വന്നു കയറി എന്നായിരുന്നു ആകെ ചെയ്തു പോയ കുറ്റം..

ജയന്റെ അമ്മയെ സ്വന്തം അമ്മയെ പോലെ കാണണം കുഞ്ഞോളെ എന്ന് ഒരു നൂറു പ്രാവശ്യം അമ്മ പറഞ്ഞത് മറന്നിട്ടില്ല ഇന്നും..

പക്ഷേ കൊണ്ട് വരുന്ന പെണ്ണിനെ സ്വന്തം മോളെ പോലെ കാണണം എന്ന് ആരും എന്താ പറഞ്ഞു കൊടുക്കാഞ്ഞത്..

വന്നു ഒന്നോ രണ്ടോ ദിവസം.. വലിയ സ്നേഹം ഇല്ലങ്കിൽ കൂടി ദേഷ്യം ഇല്ലായിരുന്നു..

അവിടുന്നു അങ്ങോട്ട്‌ പിന്നെ കാരണം അമ്മ തന്നെ അന്വേഷിച്ചു കണ്ടു പിടിച്ചു കൊള്ളും..

നേരിപോട് എന്ന പോലെ മനസ്സിൽ എപ്പോഴും ഒരു കനൽ ഉണ്ടാവും..

നെടുവീർപ്പോടെ ദിവ്യാ തനിച്ചു ഇറങ്ങി... എന്നത്തേയും പോലെ...

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

"തീരെ പറ്റാഞ്ഞിട്ടാ ദക്ഷ.. ജയേട്ടൻ തന്നോട് സോറി പറയാൻ എന്നെ ഏല്പിച്ചു.. ഒരുമിച്ച് പോവാന്ന് ഇന്നലെ കൂടി പറഞ്ഞാതാ.."

ദക്ഷയുടെ കൈ പിടിച്ചു ദിവ്യാ ചിരിയോടെ പറയുമ്പോൾ ഹൃദയം കുറ്റബോധം കൊണ്ട് നിറഞ്ഞു..
പറയുന്നത് നുണയാണ്.. പക്ഷേ ഇവിടെ ഇങ്ങനെ പറയാനേ കഴിയു..

തന്റെ വെക്തി ജീവിതം ഇവിടെ പരസ്യമാക്കിയിട്ട്... ഇവരുടെ സഹതാപം ഏറ്റു വാങ്ങാം എന്നല്ലാതെ പിന്നെ എന്താണ് നേട്ടം..

ഇവരുടെ മനസ്സിൽ ദിവ്യാ ഭാഗ്യവതി ആണ്..

ഒരുമിച്ച് ഇങ്ങോട്ട് വരാൻ ഒരുപാട് കൊതിച്ച ഭർത്താവ്.. പെട്ടന്ന് ഇന്നലെ രാത്രിയിൽ ഒരു പനി.. ഭയങ്കര നിരാശയിൽ അവളെ തനിച്ചു പറഞ്ഞു വിട്ടു..

പോരും വഴി താൻ മെനഞ്ഞുണ്ടാക്കിയ കഥ ഇവിടെ അവതരിപ്പിച്ചു..

"സാരമില്ല ദിവ്യാ.. അസുഖം വരുന്നത് ആരുടേയും തെറ്റല്ലല്ലോ.. എന്നോട് വരും എന്ന് ഉറപ്പ് പറഞ്ഞ ആളാണ്‌. ഒരുവിധം കഴിയും എങ്കിൽ വന്നിരുന്നേനെ.. ഇനിയും സമയം ഉണ്ടല്ലോ.. മറ്റൊരു ദിവസം തീർച്ചയായും രണ്ടാളും ഒരുമിച്ച് വരണം കേട്ടോ "

രാഹുൽ ചിരിയോടെ പറഞ്ഞപ്പോൾ സ്വയം പുച്ഛം തോന്നി..

തീ കൊളുത്തി വിട്ടിട്ടും... അത് ജയേട്ടനിൽ പടരാതിരിക്കാൻ ഇങ്ങനെ ഒഴിഞ്ഞു മാറി നടക്കുന്നതിൽ..

സ്വയം പൊള്ളി പിടഞ്ഞിട്ടും മറ്റാരെയും അത് അറിയിക്കാതെ പുകയുന്നത്തിൽ...

ആരോടു പറഞ്ഞാലും മനസ്സിലാവില്ല..

ഇതൊക്കെ ആണോ നിന്റെ പ്രശ്നം.. ഇത്ര നിസാരമായ കാര്യം ആണോ നിന്റെ വേദന...

എന്നേ ചോദിക്കു..

സ്വയം അനുഭവം വരുവോളം ആർക്കും ആരുടേയും പ്രശ്നം അതിന്റെ പൂർണരൂപത്തിൽ മനസ്സിലാവില്ല..
എങ്ങനെ ഒക്കെ വിശദമായി പറഞ്ഞു കൊടുത്താലും..

"നീ വായോ.. വന്നു ഭക്ഷണം കഴിക്ക്.. സമയം ഒരുപാട് ആയി.. കണ്ണനെ കൂടി കൂടെ കൂട്ടായിരുന്നു ട്ടോ നിനക്ക്.."
ദക്ഷ വീണ്ടും പരിഭവം പറഞ്ഞു..

അത് ശ്രദ്ധിക്കാതെ അവളെയും കൂട്ടി നേരെ  ഭക്ഷണം കഴിക്കാൻ നടന്നു..

ഹൃദയം അപ്പോഴും വേദനിച്ചു... പറയാൻ കഴിയാത്ത സങ്കടം ഉള്ളിലൊതുക്കി നടന്നതിന്റെ പരിഭവം എന്നോണം....

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

"ഒരൂസം എങ്കിലും ഒന്ന് നിന്നിട്ട് പൊയ്ക്കൂടേ കുഞ്ഞോളെ നിനക്ക്.. വന്നു മുഖം കാണിച്ചു അങ്ങ് ഓടി പോകും.. എത്ര നാളായി മോള് ഇവിടെ ഒരു രാത്രി നിന്നിട്ട്.."
കണ്ട ഉടനെ അമ്മ സങ്കടം പറഞ്ഞു..

ശെരിയാണ്.. വന്നു പോണം എങ്കിൽ തന്നെ നടന്നു അനുവാദം വാങ്ങിക്കണം..

നിൽക്കുന്നു എന്നത് പിന്നെ പറയാനേ നോക്കണ്ട..
വീട്ടിൽ പോവും എന്നൊരു ചെറിയ ന്യൂസ്‌ കിട്ടിയാൽ തന്നെ പിന്നെ അമ്മക്ക് ഇല്ലാത്ത അസുഖം ഉണ്ടാവില്ല..

മോനോട് അത് എണ്ണി പറയാനും മറക്കില്ല..
താൻ ചെന്ന് ചോദിക്കും..

"നിനക്കെന്താ ദിവ്യാ തീരെ ബോധം ഇല്ലേ.. വയ്യാത്ത അമ്മയെ ഇവിടെ തനിച്ചാക്കി ആണോ നീ വിരുന്നിനു പോണേ.. ഇങ്ങനെ ഓടി പോവാൻ മാത്രം എന്താ ഇപ്പൊ അവിടെ ഉള്ളത്.. വേണേൽ ഒന്ന് പോയി കണ്ടെച്ച് പോര്.. നിൽക്കാൻ ഒന്നും ഇപ്പൊ നടക്കില്ല "

അറുത്തു മുറിച്ചു പറയും ജയേട്ടൻ.. പിന്നെ ചോദിക്കാൻ തോന്നില്ല..

പക്ഷേ അമ്മയുടെ മുഖം നിറച്ചു ചിരി ഉണ്ടാവും പിന്നെ രണ്ടു ദിവസവും..

ഇനി അമ്മയുടെ കൂടെ പെണ്മക്കൾ ഉണ്ടങ്കിൽ പോട്ടെ എന്ന് ചോദിച്ച അപ്പൊ പറയും..
"അവർ മൂന്നോ നാലോ ദിവസം നിൽക്കാൻ വന്നതാ. അപ്പൊ നീ നിന്റെ വീട്ടിൽ ഓടുകയാണോ വേണ്ടത്. അവിടെ ജോലി ചെയ്തു ക്ഷീണിച്ചു വന്നേക്കുവാ അവര്.. നീ വേണ്ടേ അവർക്ക് വേണ്ടുന്നത് ഒരുക്കി കൊടുക്കാൻ.. പിന്നെ ഒരിക്കൽ പോവാ "

ആഹാ.. എന്തൊരു ന്യായം..
അവരുടെ ക്ഷീണം കാണാൻ ആൾക്ക് പറ്റുന്നുണ്ട്.. അപ്പൊ പൊട്ടനല്ല.. ഒന്നും അറിയാതെ അല്ല.. അറിയില്ല എന്ന് നടിക്കുന്നതാ..

"നീ പോയാൽ എനിക്കിവിടെ വല്ലാത്ത ശൂന്യത ആണ് ദിവ്യ.. അത് കൊണ്ടാണ് ഞാൻ പോവണ്ട ന്ന് പറയുന്നത്.. നീ ഇല്ലാതെ എനിക്ക് പറ്റില്ലെടി.. അത്രയും ഇഷ്ടം ആണ് നിന്നെ.. വേണേൽ നമ്മുക്കൊരുമിച്ച് പോയി അവരെ കണ്ടിട്ട് പോരാം.."

ഇങ്ങനെ ഒന്ന് പറഞ്ഞാൽ.. ഒന്ന് ചേർത്ത് പിടിച്ചാൽ.. ഒരു പട്ടിയെ പോലെ ആ കാൽചുവട്ടിൽ നിന്നേനെ.. എത്ര കാലം വേണേലും.. ഒരു പരാതിയും ഇല്ലാതെ തന്നെ..

പക്ഷേ അങ്ങനെ ചെയ്യുന്നതെങ്ങനെ

ഭർത്താവ് ആണല്ലോ.. ഭരിക്കേണ്ടവൻ ആണല്ലോ..

"നീ എന്താ കുഞ്ഞോളെ ഒന്നും മിണ്ടാതെ.. കണ്ണനും വന്നില്ലേ.. നീ ഒറ്റക്കേ ഒള്ളോ "

അമ്മ കുലുക്കി വിളിച്ചു..

ദക്ഷയുടെ വീട്ടിൽ നിന്നും പോരും വഴി വീട്ടിൽ ഒന്ന് കയറി..

അമ്മയെ കാണാൻ തോന്നി.. കുഞ്ഞോളെ എന്ന വിളി കേട്ടിട്ട് ഒത്തിരി ആയത് പോലെ..

"ഞാൻ വേറൊരു വഴിക്ക് ഇറങ്ങിയതാ അമ്മേ.. കണ്ണൻ ജയേട്ടന്റെ കൂടെ ഉണ്ട്.."
ചുണ്ടിൽ ഒരു ചിരി പതിപ്പിച്ചു കൊണ്ട് പറഞ്ഞു..
അകത്തേക്ക് കയറി..
"അച്ഛൻ ഇല്ലേ അമ്മേ "
ബാഗ് സോഫയിൽ ഇട്ട് കൊണ്ട് ചോദിച്ചു..

"അപ്പുറത് ഉണ്ട്.. മുടി ഡേ ചെയ്യുവാ.. ഇപ്പൊ പറഞ്ഞേ ഒള്ളു നിന്റെ കാര്യം.. അച്ചുനോട് "

ധനുസിന്റെ ഭാര്യ ആണ് അശ്വതി എന്ന അച്ചു..

ദിവ്യാ അടുക്കള പുറത്തേക്ക് നടന്നു..

സ്ടൂളിൽ ഇരുന്നു കൊണ്ട് അച്ചുനോട് എന്തോ പറഞ്ഞു ചിരിക്കുന്ന അച്ഛൻ..
അവൾക്ക് മനസ്സിൽ എന്തോ ഒരു നഷ്ടബോധം തോന്നി..
താനായിരുന്നു അച്ഛന് മുടി കറുപ്പിച്ചു കൊടുത്തിരുന്നത്..

"കുഞ്ഞോളെ.. നീ എപ്പോ വന്നു.. ശോ ഞാൻ ഇപ്പൊ കൂടി പറഞ്ഞതെ ഒള്ളു നിന്റെ കാര്യം "അച്ഛൻ സന്തോഷത്തോടെ ചിരിക്കുന്നുണ്ട്.. അച്ചുവും..

അവരിൽ ഒരാളായി കൂടി.. മറ്റെല്ലാം മറന്നു കുറച്ചു നേരം..

ഇത്തിരി കഴിഞ്ഞു തന്റെ മുറിയിലെ കിടക്കയിൽ വെറുതെ കിടന്നു..

അപ്പൂപ്പൻ താടി പോലെ തോന്നി.. മനസ്സിൽ.. ഒരു വേവലാതിയും ഇല്ലാത്ത വെറും കുഞ്ഞോൾ മാത്രം ആയിരുന്നു അപ്പോൾ അവൾ..

ദിവ്യാ... ദിവ്യ... എന്ന് ഇടയ്ക്കിടെ അവിടെ ആരും അവളെ വിളിച്ചു നടന്നില്ല...

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

വെയിൽ ആറി....

തിരിച്ചു പോരാൻ ഒരുങ്ങി.. പക്ഷേ മനസ്സ് അപ്പോഴും കുഞ്ഞി കുട്ടിയെ പോലെ അവിടെ തന്നെ നിന്നിരുന്നു..
കണ്ണന് കൊടുക്കണം എന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചു കൊണ്ട് അച്ചു ഒരുപാട് സാധനം തന്ന് വിട്ടു..

കല്യാണം കഴിഞ്ഞു നാല് വർഷം ആയി.. പക്ഷേ അവർക്ക് മക്കൾ ആയിട്ടില്ല..

കണ്ണൻ അവരുടെ ജീവനാണ്.. അത് അറിയുന്നത് കൊണ്ടാണ് വിലാസിനി അമ്മ ഇങ്ങോട്ട് തന്നെ വിടുന്നത് തടയുന്നത്.. അങ്ങനെ ഇപ്പൊ ഇവിടെ സന്തോശിക്കണ്ട എന്നൊരു വാശി..
കുഞ്ഞുങ്ങൾ ഇല്ലാത്തവർ ചെറിയ കുഞ്ഞുങ്ങളെ കണ്ണ് വെക്കും എന്ന് ആരോടാന്നി ല്ലാതെ ഇടയ്ക്കിടെ പറഞ്ഞു കൊണ്ട് നടക്കുന്നത് കാണാം..
അതേ അമ്മയുടെ വലിയ മോൾക്ക് കഴിഞ്ഞ കൊല്ലം ആണ് ദൈവം ഒരു കുഞ്ഞിനെ കൊടുത്തത്..

പത്തു വർഷത്തെ കാത്തിരിപ്പ്..

അത് വരെയും ജയേട്ടനെ കൊണ്ട് കണ്ണനെ കൂടി ഇടയ്ക്കിടെ അവിടെ പോയി വരുമായിരുന്നു..
 അടുത്ത് തന്നെ ആണ് അവരുടെ വീട്..

കണ്ണനെ കാണുമ്പോൾ അവളുടെ വിഷമം മറക്കാൻ ആണ് പോലും..

അപ്പൊ ദോഷം ഇല്ല.. കണേറ് ഇല്ല.. ഒരു മണ്ണാങ്കട്ടയും ഇല്ല..

മങ്ങിയ വെയിൽ വെളിച്ചം പടർത്തിയ വഴിയിൽ കൂടി ദിവ്യാ പതിയെ സ്കൂട്ടി ഓടിച്ചു..

രാവിലെ പോന്നതാ..

സമയം അഞ്ചു കഴിഞ്ഞു..
ഇത്രയും ആയിട്ട് പോലും ജയേട്ടൻ ഒന്ന് വിളിച്ചില്ലല്ലോ..

"എത്തിയിട്ട് ഒന്ന് വിളിക്കണേ... പോവുമ്പോൾ സൂക്ഷിച്ചു പോണേ.. വൈകും മുൻപ് പോരാൻ നോക്കണേ.. ഒത്തിരി വൈകിയ എന്നെ വിളിച്ചോ.. ഞാൻ വന്നോളാം..."

ഇതൊക്കെ പറയുന്നതും സ്നേഹം തന്നെ അല്ലേ...

അങ്ങനെ പറയാൻ ഉള്ളിൽ സ്നേഹം ഉള്ളവർക്കല്ലേ കഴിയു..

മങ്ങിയ ചിരി ആയിരുന്നു അവളിൽ... ആറി തുടങ്ങിയ വെയിൽ പോലെ...
To Top