ഭർത്താവ്, ഭാഗം 3

Valappottukal


രചന: ജംഷീർ പറവെട്ടി

അപ്പുവിന്റെ മുഖം തെളിഞ്ഞു..
അവളവന്റെ കൈയ്യിൽ പിടിച്ച് എഴുന്നേൽപ്പിച്ചു...
അവന്റെ വിരലുകളിൽ തന്റെ വിരൽ കോർത്ത് പിടിച്ച് നടന്നു... 
"അയ്യോ... അവൻ വന്ന് വിളിച്ചോ.. മോളേ... "
"ഏയ് ഇല്ലമ്മേ... ഞാൻ എണീറ്റു വന്നതാ.. അപ്പോ റൂമിന്റെ മുന്നിൽ ഇരിക്കുന്നു ആള്... "
"ഓഹ്.. ഒന്നും പറയേണ്ട മോളേ... ഇന്നലെ ഒരു പോള കണ്ണടച്ചിട്ടില്ല അവൻ..  രണ്ടു മൂന്നു വട്ടം നിന്റെ അടുത്തേക്ക് വരാൻ ഒരുങ്ങിയതാ... പിന്നെ നിന്റെ ഉറക്കം  കളയേണ്ടെന്ന് കരുതി..."
"ഏയ് ഞാനും ഒട്ടും ഉറങ്ങിയില്ല... "
"അത് തന്നെ മോളേ.. ഇവനിടക്ക് തട്ടി വിളിക്കും.. അമ്മേ.. രാധൂനെ ആരേലും കൊണ്ടോവോ.. എന്ന് ചോദിക്കും.. ഏയ് ഇല്ല മോനെ എന്ന് പറഞ്ഞ് സമാധാനിപ്പിച്ച് ഉറങ്ങാൻ പറഞ്ഞ് ഞാൻ വീണ്ടും കണ്ണടച്ച് കുറച്ചു കഴിയുമ്പോൾ വീണ്ടും ഇത് തന്നെ... അവനുറങ്ങുന്നില്ല മോളേ.. അതാ..."
"അയ്യോ... ആണോ അപ്പൂ... "
അവന്റെ മുഖത്ത് നവരസങ്ങൾ മിന്നി മറഞ്ഞു...
"അമ്മേ.. എന്നാലിന്ന് മുതൽ അപ്പു എന്റടുത്ത് കിടന്നോട്ടേ...."
"അത് വേണോ മോളേ..."
അമ്മയ്ക്ക്  ഇഷ്ടമാവാത്ത പോലെ...
പക്ഷേ... അപ്പുവിന്റെ മുഖം സൂര്യകാന്തി പൂ പോലെ വിടർന്നു വന്നു..
"രണ്ടു പേരും വന്ന് ചായ കുടിക്ക് ആദ്യം.. എന്നിട്ടാവാം ബാക്കിയെല്ലാം..."
ഡൈനിംഗ് ടേബിളിൽ അടുത്ത് തന്നെ ഇരുന്നു അപ്പു.
അവനിടക്ക് രാധികയെ ഒളികണ്ണിട്ടു നോക്കുന്നുണ്ട്.. അവൾക്കും അറിയാം..
ഈയിടെയായി അപ്പുവിന്റെ നോട്ടവും ഭാവവും ഒരുപാട് മാറിയിരിക്കുന്നു..
"കഴിക്കപ്പൂ..."
"ആഹ്.."
അവനേതോ ലോകത്താണ്..
"അപ്പു സ്വപ്നം കാണാറുണ്ടോ.."
"ആം.. ഇന്നലേയും കണ്ട്.."
"എന്താണ് കണ്ടത്"
അവനവളെ നോക്കി ചിരിച്ചു... എന്നിട്ട് മുഖം താഴ്ത്തി ഇരുന്നു.
"പറയപ്പൂ.. എന്താണ് കണ്ടത്.."
"ഞാൻ.. രാധൂനെയാ കണ്ടേ..."
"ഓഹ്.. എന്നെയാണോ കണ്ടത്.. അതല്ല.. എന്താണ് കണ്ടത്.."
"അതൊക്കെ ണ്ട്.. "
അവന്റെ മുഖത്തെ നാണം കണ്ടാണ് അമ്മ അവിടേക്ക് വന്നത്..
"എന്താടാ.. ഇങ്ങനെ നാണിച്ചിരിക്കുന്നേ.."
ഒന്നുമില്ലെന്ന് അവൻ തലയാട്ടി.
"ആ.. മോളേ.. ഇന്ന് വൈകിട്ട് അപ്പൂനേം കൊണ്ട് നമുക്കാ വൈദ്യനെ ഒന്ന് പോയി കാണണം.."
"ഏത് വൈദ്യനേയാണമ്മേ.."
"അതെനിക്കുമറിയില്ല.. പെരിന്തൽമണ്ണയിൽ എവിടെയോ ആണ്.. അച്ഛനേ ശരിക്കും അറിയൂ.. ആരോ പറഞ്ഞു കൊടുത്തതാ..  അവർക്ക് മാറുമെന്ന് നൂറു ശതമാനം ബോധ്യം വന്നാൽ അവര് പറയുന്ന ഒരു ദിവസം അവിടെ പോയി അഡ്മിറ്റ് ആവണം.. നാൽപ്പത് ദിവസത്തെ ഉഴിച്ചിൽ.. ന്റെ കുട്ടന്റെ അസുഖം മാറികിട്ടാൻ ഗുരുവായൂരപ്പന് നേർന്ന നേർച്ചയുടെ പുണ്യം കൊണ്ടെങ്കിലും എല്ലാം ശരിയാകും...."
"അമ്മേ... നിങ്ങളുടെ പ്രാർത്ഥന ഈശ്വരൻ കേട്ടില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ് ഈശ്വരൻ കേൾക്കാ... അമ്മയുടെ കണ്ണുകളിൽ നിന്നും ഉതിർന്നു വീഴുന്ന ഈ നീർതുള്ളികൾ മതി  മനസ് അലിയാൻ..."
"നമുക്ക് പ്രാർത്ഥിക്കാനല്ലേ കഴിയൂ... എല്ലാം തീരുമാനിക്കുന്നത് ഈശ്വരനല്ലേ... അല്ലെങ്കിൽ നോക്ക് മോളേ.. ഈ ഒന്നുമറിയാത്ത പൈതങ്ങൾ.. അവരെയിങ്ങനെ പരീക്ഷിക്കണോ... കുറേ മക്കൾക്ക് ബുദ്ധി ഇല്ലാതെ... അത് പോലെ കണ്ണ് കാണാത്ത.., സംസാരിക്കാൻ കഴിയാത്ത.., അല്ലെങ്കിൽ കൈയോ കാലോ ഇല്ലാത്ത... അതൊക്കെ ഓർക്കുമ്പോഴാണ് ഈശ്വരനോട് വെറുപ്പ് തോന്നാ... ഈ കുഞ്ഞു മക്കളെ ഇങ്ങനെ പരീക്ഷിക്കുന്നത് എന്തിനാണെന്ന്..."
"അമ്മേ... അപ്പുവിന്റെ അസുഖത്തേക്കാൾ ഹൃദയഭേദകമായ ഒരുപാട് അസുഖങ്ങളുണ്ടമ്മേ.. ഹൃദയസംബന്ധത്.. അതിനേക്കാൾ വലിയ അസുഖമാണ് ക്യാൻസർ.. അതൊക്കെയുള്ള മക്കളെ ഒന്ന് ഓർത്തു നോക്കിയെ... നമ്മുടെ അപ്പുവിന് ഒരു അസുഖവും ഇല്ലമ്മേ"
"അതൊക്കെ ഞാൻ ഓർക്കാറുണ്ട് മോളേ... പക്ഷേ... എന്നാലും എനിക്ക് ആകെയുള്ള ഒരേയൊരു മോനേ ഇങ്ങനെ.... എന്തായാലും ഇത് കൊണ്ടെങ്കിലും ശരിയായാൽ മതിയായിരുന്നു..."
"ശരിയാകും അമ്മേ.... പക്ഷേ.. അപ്പുവിനെ അവിടെ ഒറ്റയ്ക്കാക്കുന്നതാണ് ആകെയൊരു വല്ലായ്മ.."
"അത് ഞാനും ഓർത്തു.. അച്ഛനും അത് തന്നെയാണ് പറയുന്നത്... ഒറ്റയ്ക്ക് കുറച്ചുകാലം നിന്നാലും അസുഖം മാറികിട്ടിയാ മതി..."
"അമ്മേ... അമ്മയിങ്ങനെ കരയല്ലേ... നമ്മുടെ അപ്പുവിന് ഒരസുഖവും ഇല്ല... "
പരസ്പരം ആശ്വസിപ്പിക്കാൻ കൂടെ ഒരാളുണ്ടാവുന്നതും വലിയൊരു പുണ്യമാണ്

"ആ പിന്നെ മോളേ... വാ .. ഒരു കൂട്ടം പറയാനുണ്ട്.."
"എന്താമ്മേ"
"മോളേ.. മോളെ പോലെ തന്നെ ഒരുപാട് സ്വപ്നങ്ങളുമായി തന്നെ ആണ് അച്ചന്റെ ഭാര്യയായി ഞാനും കടന്നു വന്നത്.. പക്ഷേ വന്ന അന്ന് അച്ഛന്റെ അമ്മ കിണറ്റില് വീണ് മരിച്ചു..."
"ഈശ്വരാ... എന്നിട്ട്.."
"തന്റെ ഭാര്യയെ അത്രയേറെ സ്നേഹിച്ച അച്ചച്ഛൻ എരിയുന്ന ചിന്തയുടെ മുന്നിൽ ഹൃദയം പൊട്ടി കുഴഞ്ഞു വീണു... ഒരുപാട് ദിവസം ആശുപത്രിയിൽ കിടന്നു എങ്കിലും ഒടുവിൽ അയാളും മരണത്തിന് കീഴടങ്ങി... വന്നു കയറിയ എന്റെ ദോഷം കൊണ്ടാണെന്ന് കുടുംബം മുഴുവനും പറഞ്ഞപ്പോഴും എന്നെ കൈവിട്ടില്ല. പക്ഷേ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ആ ഹൃദയം നേരെയാകും വരേ വേറഞയൊന്നും ആഗ്രഹിക്കരുതെന്ന് പറഞ്ഞു... എനിക്ക് ഒന്നും വേണ്ട.. നിങ്ങളുടെ ഭാര്യയായി ഇവിടെ കഴിയാൻ മാത്രം അനുവദിച്ചാൽ മതി എന്ന് ഞാനും പറഞ്ഞു... ഏകദേശം ഒരു വർഷം കാത്തിരുന്നു ഞാൻ.. ശരിക്കും അദ്ദേഹത്തിന്റെ ഭാര്യ ആവാൻ... ഞാനിത് പറയുന്നത് എന്തിനാണെന്ന് മോൾക്ക് മനസിലായോ.."
"എല്ലാം അറിയാനല്ലേ"
"വെറും അറിയൽ മാത്രമല്ല മോളേ.. ഇന്ന് അപ്പുവിനെ നിന്റെ ടുത്തു കിടത്താം എന്ന് നീ പറഞ്ഞത് കൊണ്ട് കൂടിയാണ്.. ഞാനിത് പറയുന്നത്.
നമ്മുടെ ഭർത്താവ് പൂർണമായും നമ്മുടേത് ആവണം... അപ്പു പൂർണമായും നിന്റേതു മാത്രമാണ്.. പക്ഷേ... അവന്റെ മനസ്സിനും ബുദ്ധിക്കും ആ ഒരു തോന്നൽ വരാതെ എങ്ങനെയാ... ഞാൻ..."
"ഏയ്.. വേണ്ടമ്മേ.. അപ്പുവിന്റെ അസുഖം മാറികിട്ടിയാ മതി.. വേറൊന്നും വേണ്ട..."
"എന്റെ പൊന്നു മോള് ഇത്രയും കാലം കാത്തിരിന്നത് പോലെ കുറച്ചു ദിവസം കൂടി കാത്തിരിക്കണം... ഈ അമ്മയുടെ അപേക്ഷയാണ്..."
"എന്റെ പൊന്നമ്മേ... എന്നോട് അങ്ങനെയൊന്നും പറയല്ലേ... എനിക്ക് മനസ്സിലാവും. ഞാൻ അപ്പു അങ്ങനെ സങ്കടപ്പെട്ട് ഇരുന്നപ്പോൾ പറഞ്ഞതാണ്...."
"ഈശ്വരാ... എന്റെ മോളെ സങ്കടപ്പെടുത്തല്ലേ..."
"ഈ ജന്മം മുഴുവൻ ഞാൻ കാത്തിരിക്കാൻ തയാറാണമ്മേ...."
അമ്മയുടെ കരവലയങ്ങൾക്കുള്ളിൽ ഒരു കുഞ്ഞു കുട്ടിയെപ്പോലെ രാധിക ഒതുങ്ങി നിന്നു.... ആ ചെറുചൂടുള്ള നെഞ്ചിലെ സ്നേഹം ആസ്വദിച്ച്...

......................

അപ്പുവിനെ പെരിന്തൽമണ്ണയിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ ആക്കിവന്നതന് ശേഷം അമ്മയും അച്ഛനും ഒന്നും കഴിച്ചിട്ടില്ല...

രാധിക പറഞ്ഞു പറഞ്ഞ് മടുത്തു.

ഒടുവിൽ അവളൊരു പാത്രത്തിൽ ചോറും കറികളും എടുത്ത് അവരുടെ അടുത്തേക്ക് വന്നു.
"അമ്മേ... അച്ഛാ.. നമ്മുടെ അപ്പു അസുഖമൊക്കെ മാറി തിരിച്ചു വരുമ്പോൾ നിങ്ങൾക്ക് ആരോഗ്യം വേണോ.... എങ്കിലിത് ഇത് കഴിക്ക്.."
രണ്ടു പേർക്കും മാറി മാറി കൊടുത്തു ഓരോ ഉരുള ചോറുകളും...
ജീവിതത്തിൽ ഒരിക്കൽ പോലും അനുഭവിക്കാത്ത മറ്റൊരു സ്നേഹം കവിളിലൂടെ ഒഴുകി വന്ന ഉപ്പ് രസത്തോടൊപ്പം അവരനുഭവിച്ചു..
നേരിയതിന്റെ തുമ്പ് കൊണ്ട് രാധിക കണ്ണീരൊപ്പും നേരം അവരുടെ കണ്ണുകളിൽ കണ്ട തെളിച്ചം..
സ്നേഹവും ആദരവും നാം തിരികെ നൽകാൻ നേരവും കണ്ണുകൾ നിറയുന്നു... മനസ് നിറഞ്ഞ്...
"മോളേ... ഈശ്വരൻ നല്ലവനാണ് മോളേ...."
"അതെന്താ മ്മേ... പെട്ടെന്നൊരു മാറ്റം..."
"എന്റെയീ പൊന്നു മോളെ ഞങ്ങൾക്ക് തന്ന ഈശ്വരനോട് എങ്ങനെയാണ് നന്ദി പറയാ... മോളേ."
രാധികയുടെ മാറിൽ അവളുടെ തലോടലും തഴുകലും അനുഭവിച്ചപ്പോൾ അച്ഛൻ അസൂയയോടെ നോക്കി ഇരിക്കുന്നുണ്ട്... 

ഓരോ ദിവസവും രാവിലെയും വൈകിട്ടും അങ്ങോട്ട് വിളിക്കാം.. പക്ഷേ അപ്പുവിനോട് സംസാരിക്കാൻ പറ്റില്ല.
അവന്റെ വിവരങ്ങൾ എല്ലാം അവർ പറഞ്ഞു തരും.

ദിവസങ്ങൾ കഴിയുന്തോറും അപ്പുവിന് നല്ല മാറ്റമുണ്ട്.
അവൻ തിരിച്ചു വരുമ്പോൾ പുതിയ ഒരാളായിരിക്കും.. നിങ്ങളുടെ മകന് നല്ല മാറ്റമുണ്ട്..

ഓരോ ദിവസവും ആ മൂന്ന് ഹൃദയങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.
പകലുകൾ ക്ക് ഒരുപാട് ദൈർഘ്യമുള്ള പോലെ.. രാത്രി പുലരാത്ത പോലെ....
ആ മൂന്ന് ഹൃദയങ്ങളിലെ
സ്വപ്നവും ഓർമ്മകളും വിചാരങ്ങളും അപ്പു മാത്രം.

.......................…...

"അടുത്ത ദിവസം എന്റെ പൊന്നു മോൻ വരും..."
"അപ്പോ നിന്റെ മോന് ഞങ്ങളുമായി ഒരു ബന്ധവുമില്ല... ല്ലേ..."
അച്ഛനമ്മയെ കളിയാക്കി...
"എന്റെ മോളുടെ അപ്പു വരും... അത് കഴിഞ്ഞേ ഇനി ഞാനും നീയുമൊക്കെയുള്ളൂ...."
"അല്ലച്ഛാ... നമ്മുടെ എല്ലാവരുടെയും അപ്പു.... നമ്മൾ എല്ലാവരും കൂടി ച്ചേരുമ്പോഴാണ് ജീവിതത്തിന് ചന്തമുണ്ടാവുക"
"അതേ..മോളേ.. നമ്മുടെ അപ്പു... അതിലുപരി ഞങ്ങളുടെ മോള് രാധികയുടെ ഭർത്താവ് അപ്പു..."
അവളുടെ മുഖത്ത് വിരിയുന്ന സൂര്യകാന്തി പൂവിന്റെ ഓരോ ഇതളുകളും അവളുടെ മനസ്സിലവൾ നട്ടുവളർത്തിയ  ഒരായിരം സ്വപ്നങ്ങളാണെന്നവർക്ക് തോന്നി..

ഇന്നത്തെ രാത്രി ഉറങ്ങാൻ തന്നെ കഴിഞ്ഞില്ല രാധികക്ക്...
വെള്ളിയാഴ്ച അപ്പു വരും.
വന്നാൽ എങ്ങനെയായിരിക്കും..
പഴയത് പോലെതന്നെ ആവുമോ...
അതോ ബുദ്ധിയും വിവേകവും പക്വതയും ഒക്കെ വന്ന്... ദൈവമേ എന്റെ അപ്പു എല്ലാം ശരിയായി വന്ന് കണ്ടാൽ മതി...
ഈശ്വരാ.. 
അങ്ങനെ ആയാൽ ഇനി തന്നെ ഇഷ്ടപ്പെടാതിരിക്കുമോ...
തന്നെ വേണ്ടെന്നു പറയുമോ...
അവളുടെ മനസ്സിൽ മറ്റൊരു ഭീതി ഉറഞ്ഞ് കൂടി....

ഇന്നത്തെ രാത്രി ഉറങ്ങാൻ തന്നെ കഴിഞ്ഞില്ല രാധികക്ക്...
വെള്ളിയാഴ്ച അപ്പു വരും.
വന്നാൽ എങ്ങനെയായിരിക്കും..
പഴയത് പോലെതന്നെ ആവുമോ...
അതോ ബുദ്ധിയും വിവേകവും പക്വതയും ഒക്കെ വന്ന്... 
ദൈവമേ എന്റെ അപ്പു എല്ലാം ശരിയായി വന്ന് കണ്ടാൽ മതി...
ഈശ്വരാ.. 
അങ്ങനെ ആയാൽ ഇനി തന്നെ ഇഷ്ടപ്പെടാതിരിക്കുമോ...
തന്നെ വേണ്ടെന്നു പറയുമോ...
അവളുടെ മനസ്സിൽ മറ്റൊരു ഭീതി ഉറഞ്ഞ് കൂടി...
അപ്പു അസുഖമൊക്കെ മാറി തിരിച്ചു വരുന്നത് സ്വപ്നം കണ്ടിരുന്നതാണ് ഇത്രയും കാലം.
ഈ നിമിഷം ആ സ്വപ്നത്തോടൊപ്പം ഒരു ഉൾഭയം കൂടി...
അപ്പുവിന്റെ സൗന്ദര്യത്തിന് ഒത്തതാണോ.. ഞാൻ..
താൻ സുന്ദരിയല്ലേ...
ആ പാതിരാവിൽ കണ്ണാടിയുടെ മുൻപിൽ അവൾ പല പല പോസിൽ നിന്നു... 
ഈശ്വരാ.. എന്നെ ഇഷ്ടമായാൽ മതിയായിരുന്നു...
ഇത്രയും കാലം ഞാൻ നിന്നോട് പ്രാർത്ഥിച്ചത് എന്റെ അപ്പൂന്റെ അസുഖം സുഖപ്പെടുത്താൻ ആയിരുന്നു... പക്ഷേ.. ഇന്ന് ഈ നിമിഷം മുതൽ അതോടൊപ്പം എന്നെ ഇഷ്ടമാക്കണേ എന്ന് കൂടി പ്രാർത്ഥിക്കുന്നു.....
സ്വപ്നങ്ങളും സങ്കൽപ്പങ്ങളും പ്രാർത്ഥനകളുമായി ആ രാത്രിയും പുലർന്നു...

അതിരാവിലെ തന്നെ രാധിക എഴുന്നേറ്റ് കുളിച്ച് ഫ്രഷായി വന്നത് കണ്ടപ്പോൾ അമ്മ പോലും അമ്പരന്നു...
"എന്ത് പറ്റി മോളേ... ഇത്രയും നേരത്തെ നീ എണീക്കാറില്ലല്ലോ..."
"ഏയ്.. ഒന്നുമില്ലമ്മേ.. ഉണർന്നപ്പോൾ എണീറ്റ് വന്നു.."
"ആ കൊച്ചിന്റെ ഭർത്താവ് വരല്ലേ ഇന്ന്...  കിടന്നിട്ട് ഉറക്കം വരുന്നുണ്ടാവില്ല...
"തന്നോടാരെങ്കിലും അഭിപ്രായം ചോദിച്ചോ..."
വേലക്കാരിയുടെ ഇടപെടൽ അമ്മയ്ക്ക് തീരെ ഇഷ്ടമായില്ല..
"ഏതായാലും മോള് നേരത്തെ എണീറ്റത് നന്നായി.. ഞാനും അച്ഛനും ഏഴരയോടെ പെരിന്തൽമണ്ണയ്ക്ക് പോകും.. മോളിവിടെ ഇവരോടൊപ്പം എല്ലാം നോക്കി നിൽക്കണം.. ട്ടോ.."
"അമ്മേ... അപ്പോ ഞാൻ വരണ്ടേ.. അങ്ങോട്ട്.."
"ഏയ്.. മോള് ഇവിടെ നിന്നാൽ മതി.. ഞങ്ങൾക്ക് വേറെ ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോവാനും ഉണ്ട്..."
രാധികയുടെ മുഖം വാടുന്നത് കാണാത്ത പോലെ അവിടെ നിന്നും പോയി അമ്മ.
"മോളേ.... അപ്പൂന്റെ അസുഖം മാറും എന്നറിഞ്ഞപ്പോൾ തന്നെ അവരുടെ സ്വഭാവം മാറി.... ഇനി നീയിങ്ങനെ പാവായി ഇരുന്നാൽ നിന്നെ എടുത്തു പുറത്തേക്കിടും അമ്മ.. പറഞ്ഞേക്കാം..."
"ഞാൻ... ഞാനെന്താ ചെയ്യാ... എല്ലാവരും ഉണ്ടെങ്കിലും എനിക്കാണെങ്കിൽ ആരുമില്ലാത്ത പോലെയാണ്..."
വേലക്കാരിയാണ് എങ്കിലും കല്യാണിയേടത്തിയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു...
അതിന്റെ ഒരു നന്ദി അവർക്ക് എപ്പോഴും തിരിച്ചും ഉണ്ടായിരുന്നു..
അവരോട് ചോദിച്ചാൽ അറിയാമായിരിക്കും പെരിന്തൽമണ്ണയിൽ നിന്ന് അവരെങ്ങോട്ടാ പോവുന്നത് എന്ന്..
"എനിക്കറിയില്ല മോളേ... അവരതൊന്നും എന്നോട് പറയാറില്ല... ഞാനോട്ട് ചോദിക്കാറുമില്ല.. 
വേലക്കാരി എന്നും വേലക്കാരി തന്നെയാണ് മോളേ..."
അവൾക്ക് സങ്കടം തോന്നി.
"എന്റെ അമ്മയും ഇത്പോലെ ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങളെ വളർത്തിയത്..."
"ആ.. എനിക്കും ഒരു മോനുണ്ട്. അവൻ വലുതാകുന്നത് വരെ ഞാനും കഷ്ടപ്പെട്ടാൽ മതി.."
"എല്ലാം ശരിയാകും ഏടത്തീ.."
"നീ ഇങ്ങനെ ഏടത്തീന്ന് വിളിക്കുമ്പോൾ മനസിന് ഒരു സുഖമാണ് മോളേ... ഇവിടത്തെ ബന്ധുക്കളൊക്കെ വരുമ്പോൾ കൊച്ചു കുട്ടികൾ പോലും എടീന്നോ കല്യാണീന്നോ ആണ് വിളിക്കാ..."
രാധിക ചിരിച്ചു..
"എന്റെ കുട്ടിയുടെ ഈ ചിരിക്കുന്ന മുഖം കണ്ടാൽ അപ്പുവല്ല... സാക്ഷാൽ കൃഷ്ണഭഗവാൻ ഇറങ്ങി വന്നാൽ പോലും ഇഷ്ടപ്പെട്ടു പോകും... അത്രയ്ക്ക് സുന്ദരിയാണ്..."
നാണം പൂത്ത അവളുടെ കവിളിൽ പിച്ചി കല്യാണിയേടത്തി...

തൂവെള്ള ഷർട്ടും മുണ്ടും ധരിച്ച് അച്ഛൻ വന്നു അവിടേക്ക്.
"അല്ലാ.... മോള് റെഡിയായില്ലേ ഇനിയും.."
"എന്നോട് വരേണ്ടാന്ന് പറഞ്ഞു അമ്മ.. ഇവിടെ തന്നെ നിൽക്കാൻ പറഞ്ഞു.."
അവളുടെ വാക്കുകളിൽ മനസിന്റെ സങ്കടം മുഴുവൻ ഉണ്ടെന്ന് തോന്നി അയാൾക്ക്.
"ആ.. മോള് വിഷമിക്കേണ്ട.. അവളെന്തെങ്കിലും മനസിൽ കരുതി കാണും.. എന്തായാലും അപ്പുവിനേയും കൊണ്ട് ഞങ്ങളിപ്പോൾ ഇങ്ങോട്ട് എത്തുമല്ലോ"
അവളുടെ തോളിൽ തട്ടിക്കൊണ്ട് അത് പറയുമ്പോൾ അമ്മയുടെ മുന്നിൽ കീഴടങ്ങിയ അച്ഛനായാണ് അവൾക്ക് തോന്നിയത്.

രാധികയുടെ ഹൃദയം വിതുമ്പുന്ന വേദന പെരുമഴയായി തോരാതെ പെയ്തു കൊണ്ടിരുന്നു.
അവർ പെരിന്തൽമണ്ണയിൽ എത്തുമ്പോഴും മഴ നിന്നിരുന്നില്ല.

ആകെയുള്ള കാലൻകുടയിൽ ഒതുങ്ങി രണ്ടുപേരും ഉഴിച്ചിൽ കേന്ദ്രത്തിന്റെ ഓഫീസിലേക്ക്  ചെന്നു.
വൈദ്യൻ അവരെ കാത്തിരിക്കുന്നത് പോലെ.
"അല്ല.. അപ്പുവിന്റെ ഭാര്യ വന്നില്ലേ... "
"ഇല്ല.. അവൾക്ക് നല്ല സുഖമില്ല.."
അത് പറയുമ്പോഴും അവരുടെ വാക്കുകൾ ഇടറിയിരുന്നില്ല.
"അപ്പു എവിടെ.. കാണാൻ കൊതിയായി..."
"ഇപ്പോ വരും.. ഒരു അര മണിക്കൂർ കൂടി... ആ പിന്നെ നിങ്ങളോട് ഒരുപാട് സംസാരിക്കാനുണ്ട്.. അതാണ് നേരത്തെ വരാൻ പറഞ്ഞത്.."
"നിങ്ങള് ആദ്യം അപ്പുവിനെ ഇവിടെ കൊണ്ട് വന്ന് കാണിക്കുമ്പോൾ എന്റെ മനസ്സിൽ തോന്നിയ കാര്യം പരീക്ഷിച്ചു നോക്കാൻ വേണ്ടിയാണ് ഇവിടെ അഡ്മിറ്റ് ആവണം എന്ന് പറഞ്ഞത്..."
"വൈദ്യരേ എന്തെങ്കിലും പ്രശ്നമുണ്ടോ..."
"ഏയ്.. അങ്ങനെ ഒന്നും ഇല്ല.. 
അവന് ഏകദേശം ഒരു വയസ് പ്രായമുള്ള സമയത്ത് അപ്പു വീഴേ മറ്റോ ചെയ്തിരുന്നോ..."
"ആ... അത്.. ഏകദേശം ഒരു ആറ് മാസം ആയപ്പോൾ ഇവള് അവനേയും കൊണ്ട് പടവുകളിൽ തട്ടി വീണു.. മുറിവൊന്നും കണ്ടില്ല..
അന്ന് അപ്പു കുറേ കരഞ്ഞു.. ഒരു രണ്ടു ദിവസത്തോളം അവൻ കരഞ്ഞിരുന്നു..."
"ആ... അതാണ്... ആ വീഴ്ചയിൽ അവന്റെ  ഞരമ്പിന് പറ്റിയ ക്ഷതമാണ് ഇങ്ങനെ ആക്കിയത്..."
"ഈശ്വരാ.... എന്നിട്ട് ഒരു ഡോക്ടറും ഒന്നും പറഞ്ഞില്ല.."
"ഓഹ്.. അത് ആരായാലും അങ്ങനെയേ കരുതൂ.. ജന്മനാ ഉള്ളതാണ് എന്ന്.."
"ഈശ്വരാ.... എന്റെ പൊന്നു മോനെ...... ഇത്രയും കാലം ഇതൊന്നും ഞങ്ങൾ അറിയാതെ പോയല്ലോ..."
"സാരമില്ല.. എന്തായാലും ഇപ്പോഴെങ്കിലും നമ്മുടെ അപ്പുവിന് എല്ലാം ശരിയായല്ലോ.."
"പൂർണ്ണമായും ശരിയായി എന്ന് പറയാൻ കഴിയില്ല..."
"അതെന്താ അങ്ങനെ പറഞ്ഞത്.."
"അവന്റെ മനസ്സിനും ബുദ്ധിക്കും ശരീരത്തിനും ഇപ്പോ വലിയ പ്രശ്നമൊന്നുമില്ല.. പക്ഷേ.. മനസ്സിന് ഏൽക്കുന്ന വലിയ മുറിവ്.. അല്ലെങ്കിൽ പഴയത് പോലെ ശരീരത്തിൽ ഏൽക്കുന്ന ക്ഷതങ്ങൾ എല്ലാം അവനെ ഇനിയും പഴയപോലെ ആക്കാൻ മതിയാകും..."
"ഈശ്വരാ... എന്റെ പൊന്നു മോനെ ഇനിയും പരീക്ഷിക്കല്ലേ...."
"ഇവിടെ ഇരുന്നോളൂ.. കുറച്ചു നേരം കൂടി കഴിഞ്ഞ് അവനിങ്ങോട്ട് വരും..."
വൈദ്യൻ പോയി..

 അമ്മയുടെ മുഖത്ത് അത് വരെയുണ്ടായിരുന്ന തെളിച്ചമൊക്കെ പോയിരുന്നു..
പരസ്പരം ഒന്നും സംസാരിക്കാതെ ചിന്തകളുമായി ഇരുന്നു ആ അമ്മയും അച്ഛനും...

"ഡീ.. നോക്ക്.. അത് നമ്മുടെ മോനാണെന്ന് തോന്നുന്നു..."
ഇടനാഴിയിലൂടെ നടന്നു വരുന്ന യുവാവിനെ സൂക്ഷിച്ചു നോക്കി അവർ
ഇടതൂർന്ന് വളർന്നു വരുന്ന കുറ്റിത്താടി... അതിനൊത്ത, നോട്ടത്തിൽ തന്നെ പൗരുഷം ജ്വലിപ്പിക്കുന്ന കട്ടി മീശ...
ശരിക്കും ഒരു സിനിമ നടനെപ്പോലെ...
"ഈശ്വരാ... എന്റെ മകൻ..."
അവരവന്റെ അടുത്തേക്ക് ഓടിച്ചെന്നു...
"മോനേ... നിന്റമ്മയാടാ ഞാൻ..."
ഗൗരവമുള്ള മുഖത്ത് ചിരി വരുത്തിയ പോലെ ചിരിച്ചു അപ്പു..
അമ്മയേയും അച്ഛനേയും ചേർത്ത് പിടിച്ച് ചുറ്റുപാടും നോക്കി...
"അവളെവിടെ..."
അച്ഛനും അമ്മയും മറുപടി പറഞ്ഞില്ല.
"അമ്മേ... രാധിക എവിടെ... അവള് വന്നില്ലേ.."
"ഇല്ല മോനെ.. അവള് വന്നില്ല... മോൻ സങ്കടാവണ്ടാ.. നമ്മള് അങ്ങോട്ട് പോവല്ലേ..."
"എന്നാലും അവൾക്ക് വരാമായിരുന്നു..."
"സാരമില്ല ഡാ.. നമുക്ക് വൈകുന്നേരം ആവുമ്പോഴേക്കും അങ്ങോട്ട് ചെല്ലാലോ..".
"അതിന് അത്രയും ദൂരമുണ്ടോ വീട്ടിലേക്ക്.."
"അതല്ല മോനേ.. അമ്മയ്ക്ക് ഒരുപാട് നേർച്ചകളുണ്ട്.. ആദ്യം അതൊക്കെ വീട്ടണം.. എന്നിട്ട് നേരെ വീട്ടിലേക്ക്...."
പെരിന്തൽമണ്ണ നഗരത്തിന്റെ നിത്യ ശാപമായ ട്രാഫിക് ബ്ലോക്കിലൂടെ ഇഴഞ്ഞിഴഞ്ഞ് ആദ്യം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലേക്ക് നീങ്ങി വണ്ടി.

..............

അതേസമയം വീട്ടിൽ രാധിക റൂം വൃത്തിയാക്കുകയായിരുന്നു...
"എന്റെ മോളെ നീ എത്രാമത്തെ തവണയാണ് ഇങ്ങനെ വൃത്തിയാക്കുന്നത്..."
"കല്യാണിയേടത്തീ.. എന്റെ അപ്പു വരുമ്പോൾ എവിടെയും ഒരു കുറവും ഉണ്ടാവരുതല്ലോ.. അതാണ്.."
"ഈശ്വരാ.. ഈ കുട്ടിയെ സങ്കടപ്പെടുത്തല്ലേ..."

എത്ര അടുക്കിവെച്ചിട്ടും അവൾക്ക് സ്വയം തൃപ്തി ആയില്ല.
"നേരം ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നത് കൊണ്ട് ഇഷ്ടം പോലെ സമയമുണ്ട് ല്ലേ ഏടത്തീ..."
"നിനക്ക് തോന്നാ മോളേ... സമയം പോവുന്നില്ലെന്ന്... ഞങ്ങൾക്ക് നേരം പറപറക്കാ..."
"അമ്മയും അച്ഛനും പോയിട്ട്  അഞ്ചാറ് മണിക്കൂറായി.. 
അവര് എവിടെയാണാവൊ ല്ലേ.."
"നീ ഇപ്പൊ അതൊന്നും ആലോചിച്ച് സങ്കടാവേണ്ട... അവരിങ്ങോട്ട് തന്നെയാണല്ലോ വരാ.... നീ വാ.. നമുക്ക് ഊണ് കഴിക്കാം.. ഇന്ന് നിന്റെ കൂടെയിരുന്നാ ഞാനും കഴിക്കുന്നത്"
രാധിക ആകെ സങ്കടത്തിലാണ് എന്നറിയുന്നത് കൊണ്ട് കല്യാണിയേടത്തി അവൾക്ക് പരമാവധി കൂട്ട് കൊടുത്തു..

ഭക്ഷണം കഴിച്ചെന്നു വരുത്തി റൂമിൽ വന്നു കിടന്നു.
ഓർമ്മകളിൽ പലതും മിന്നി മറഞ്ഞു.
തന്റെ വീടും കുടുംബവും..
സ്കൂൾ കാലം മുതൽ പ്രണയിച്ച മഹിയും.... 
ഈശ്വരാ.. ഇനിയെന്തൊക്കെ കാണണം...
പൊന്നു പോലെ സ്നേഹിച്ച കൂടപ്പിറപ്പുകളെ വിട്ട്.. ഒരുമിച്ച് ജീവിക്കാൻ ഒരുപാടു കൊതിച്ച മഹിയെ വിട്ട് ഇവിടേക്ക് വരുമ്പോൾ തകർന്നു പോയ ഒരു മനസ്സായിരുന്നു....
പിന്നെ പിന്നെ അപ്പുവിന്റെ ഒപ്പം അമ്മയുടെയും അച്ഛന്റെയും ഒക്കെ സ്നേഹവും സന്തോഷവും അനുഭവിച്ച് പുതിയ ഒരു ജീവിതം...
അതിനിടയിൽ എപ്പോഴോ അപ്പുവിനെ അഗാധമായി പ്രണയിച്ചു തുടങ്ങി..
മനസ്സിൽ അപ്പുവിന്റെ മുഖം മാത്രമായി.
ഒടുവിൽ അസുഖം മാറും എന്നറിഞ്ഞപ്പോൾ മനസിൽ തോന്നിയ സന്തോഷങ്ങള്....
പ്രാർത്ഥനകളും പ്രതീക്ഷകളും....
ഒടുവിൽ എല്ലാം പൂവണിയാൻ പോകുന്ന നിമിഷങ്ങൾ ഇത്ര അടുത്ത്....
ഇനി അഥവാ അപ്പൂന് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞാൽ പിന്നെ എന്താ ചെയ്യാ....
അങ്ങനെ എങ്കിൽ മരിക്കന്നെ.. ആർക്കും വേണ്ടാത്ത ഒരു ജന്മം അങ്ങവസാനിച്ചു എന്ന് കരുതും ആളുകള്...

രാധികയുടെ മനസിന്റെ നൊമ്പരം പോലെ പടിഞ്ഞാറ് സൂര്യനും  ചുവന്ന് തുടുത്തിരുന്നു... 

"മോളേ.. മുച്ചന്തിമോന്തി നേരത്ത് നീ ഇങ്ങനെ പുറത്തിരിക്കല്ലേ.. അവരിങ്ങ് വരും.. വാ.. "

അവളുടെ കാത്തിരിപ്പിന്റെ ദൈർഘ്യം പിന്നേയും കൂടി..

എട്ട് മണിയായി ട്ടും അവര് വന്നിട്ടില്ല..
കല്യാണി നിർബന്ധിച്ച് അവൾക്ക് ഊണ് കൊടുത്തു..

"ഏടത്തീ ഇങ്ങോട്ട് വാ.."
കൂടെ ജോലി ചെയ്യുന്ന കുട്ടിയുടെ നിലവിളി...
"എന്താടീ.. എന്ത് പറ്റി.."
"ആരോ ഇതിലെ ഓടി.."
"ഓഹ്.. പിന്നേ ഈ നേരത്തല്ലേ ഓട്ടമൽസരം... നിനക്ക് തോന്നിയതാവും.."
അവരവിടെ ഒക്കെ നോക്കി.. ഒന്നും കണ്ടില്ല.

"എന്റെ മോളെ.. ഇനിയും കഴിഞ്ഞില്ലേ നിന്റെ.. ഞാനാകെ കുറച്ചാ വിളമ്പിയത്.. "
അവളപ്പോഴും പാത്രത്തിൽ കൊറിച്ച് കൊണ്ടിരിക്കുന്നു..
ഒരു വിധം കഴിച്ചു എന്ന് വരുത്തി... 
രാധിക റൂമിലേക്ക് പോയി..

ചിന്തകൾക്ക് വീണ്ടും തീ പിടിച്ചു..
അവരെന്താണ് ഇനിയും വരാത്തത്.. 
സമയം ഒമ്പത് മണി കഴിഞ്ഞു.
വേറെ എവിടെയൊക്കെ ആയിരിക്കും പോയിട്ടുണ്ടാവുക...

ഈശ്വരാ.. ആകെ പാറിപ്പറന്ന്..
കണ്ണാടിയിൽ നോക്കിയ അവൾ ആകെ വല്ലാതെയായി.. 
ഈ കോലത്തിൽ അപ്പു കണ്ടാൽ ഇഷ്ടപ്പെട്ടത് തന്നെ...
അവൾ വേഗം മുടി ചീകി ഒതുക്കി..
ഒരിത്തിരി പൗഡർ ഇട്ടാലോ.. ആവാം.. 
പക്ഷേ.. കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്താണ് ചെയ്യാ...
വാഷ്ബേസിനിൽ മുഖം കഴുകി പലയാവർത്തി...
അതിനിടയിൽ റൂമിന്റെ വാതിൽ ആരോ അടച്ച പോലെ....
തിരിഞ്ഞ് നോക്കിയ അവൾ നിലവിളിച്ചു...
"ഈശ്വരാ... മഹി.."
വാതിൽ അടച്ച് അതിൽ ചാരി നിന്നു മഹി.
"രാധൂ.. ആ പൊട്ടൻ ഇവിടെയില്ല എന്നറിഞ്ഞ് തന്നെയാണ് ഞാൻ വന്നത്...
ഒരുപാട് നാളായി ഞാൻ കരുതുന്നു.. ഇങ്ങനെ ഒന്ന് കാണാൻ.. പക്ഷേ ഇന്നാണ് സമയം ഒത്ത് വന്നത്... "
"ദയവായി പോകൂ.. എന്റെ ജീവിതം തകർക്കരുത്.. അപേക്ഷയാണ്.... ഞാൻ അപ്പുവിന്റെ ഭാര്യ മാത്രമാണ്.. മറ്റാരും എന്റെ മനസ്സിലില്ല..."
കൈകൂപ്പി യാചിച്ചു അവൾ
"ഞാൻ പോകാൻ തന്നെയാണ് വന്നത്.. പക്ഷേ.. അതിന് മുമ്പ് നിന്നെയൊന്ന് അറിയണം... ഇത്രയും കാലം ആരും തൊടാതെ നീ കാത്തു വെച്ചത് എനിക്ക് വേണ്ടി മാത്രമാണ്... ആ പൊട്ടൻ നിന്റെ മേനി വൃത്തികേടാക്കുന്നതിന് മുമ്പ് നിന്നെ എനിക്ക് വേണം... ഒന്നും ആരുമറിയുന്നില്ല.. നീ ആ പൊട്ടന്റെ ഭാര്യയായി ജീവിച്ചോ... ഇടക്കിടെ എപ്പോഴെങ്കിലും ഞാനും ഒന്ന് വരും.."
ചിരിച്ച് കൊണ്ട് അടുത്തേക്ക് വരുന്നു മഹി..
രാധിക പേടിച്ച് പിറകോട്ടു നീങ്ങി..
ചുമരിൽ തട്ടി അവൾ നിന്നു..
തൊട്ടു മുമ്പിൽ മഹി... 
അവനവളെ തന്റെ നെഞ്ചോട് ചേർത്തു പിടിക്കാൻ ആവത് ശ്രമിച്ചു.. പക്ഷേ രാധിക സർവ്വ ശക്തിയും എടുത്ത് അവനെ തള്ളിയിട്ട് വാതിൽ തുറക്കാൻ ഓടി...
"ഏടത്തീ... ഓടി വാ... എന്നെ രക്ഷിക്കണേ.."
അവളുടെ നിലവിളി കേട്ട് ഓടിയെത്തിയ കല്യാണി അടച്ചിട്ട വാതിലിനു വെളിയിൽ നിന്ന് ആർത്തു കൂവി...

രാധികയുടെ പിറകെ വന്ന മഹി അവൾ വാതിൽ തുറക്കുന്നതിന് മുമ്പ് അവളെ എടുത്ത് കട്ടിലിൽ കൊണ്ടിട്ടു.. ആവുന്ന വിധത്തിൽ രാധിക പ്രതിരോധിച്ചു..
വീണും എണീറ്റും ആ യുദ്ധം തുടർന്നു..
തന്റെ പ്രിയപ്പെട്ടവനെ കാത്ത്.. അവന് കാണാൻ വേണ്ടി... കാണുമ്പോൾ തന്നെ അപ്പുവിന് ഇഷ്ടപ്പെടാൻ വേണ്ടി അണിഞ്ഞ വസ്ത്രങ്ങൾ പലയിടത്തും കീറി...
കെട്ടഴിഞ്ഞ് വീണ നീണ്ട മുടിയും കീറിപ്പറിഞ്ഞ വസ്ത്രങ്ങൾക്കുള്ളിലൂടെ കാണുന്ന അവളുടെ നഗ്ന ശരീരവും മഹിയെ കൂടുതൽ ഉന്മത്തനാക്കി.... 
അവളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽ താനൊരു ആണല്ല എന്ന തോന്നൽ മഹിയെ വീണ്ടും ക്രൂരനാക്കി..
ക്രൂരമായി ചിരിച്ച് തന്റെ നേരെ വരുന്ന ഈ മഹിയേയാണോ ഈശ്വരാ താൻ പണ്ട് പ്രണയച്ചിരുന്നത്..
അവൾക്കവന് കീഴ്പെട്ടു ജീവിക്കുന്നതിനേക്കാൾ മരണമാണ് നല്ലത് എന്ന് തോന്നി..
പക്ഷേ തന്റെ അപ്പു.. വേണ്ട... മരിക്കേണ്ട...
ഒരു നിമിഷമെങ്കിലും അപ്പുവിന്റേതായി ജീവിക്കാൻ കഴിയണം.... കഴിയില്ലേ
ഈശ്വരാ...
എനിക്ക് ജീവിക്കണം...
എനിക്ക് മരിക്കേണ്ട....
മുമ്പിലെ ഭീകര മുഖം അവളെ തളർത്തിയില്ല... പ്രതിരോധിക്കാൻ
അവളൊരായുധത്തിനായി പരതി...
കൈയ്യിൽ തടഞ്ഞത് ചീനമണ്ണിൽ നിർമിച്ച ഫ്ളവർവേസായിരുന്നു..

"നിന്നെ അനുഭവിച്ചേ ഈ മഹി പോകൂ... അനുസരിച്ചാൽ നിനക്ക് നല്ലത്... ഇല്ലെങ്കിൽ പിന്നെ നീ ചത്താലും വേണ്ടില്ല ഞാൻ അനുഭവിക്കും... നിന്നെ"
"എന്നാ നീ അനുഭവിക്കെടാ...."
കയ്യിലുള്ള ഫ്ളവർവേയ്സ്  ആഞ്ഞു വീശി അവൾ.. 
കൊണ്ടത് അവന്റെ മുഖത്ത്.. വീണ്ടും വീണ്ടും വീശി... അത് പൊട്ടി ചിതറുന്നത് വരേയും.....

To Top