രചന: ജിംസി
അവന്റെ ഓർമ്മകൾ ഒരു മഴയുള്ള രാത്രിയിലേക്ക് കടന്നു പോയി...കാറിന്റെ സ്റ്റീരിയോയിൽ മുഴങ്ങി കേട്ട സംഗീതം ആസ്വദിച്ചു പെരുമഴയത്തു ഒറ്റക്കുള്ള ഡ്രൈവ്...
ഇടുക്കിയിൽ നിന്നും ചുരം കയറി അവൻ ഒറ്റക്കുള്ള യാത്ര തുടർന്ന് കൊണ്ടിരുന്നു....
ശക്തമായ മഴയിൽ കാറിന്റെ വൈപ്പർ ചലിക്കുമ്പോഴും മുന്നിലുള്ള കാഴ്‌ച്ച വളരെ അവ്യക്തമായി തോന്നി....
മഴയൊന്നു ശമിച്ചതിനു ശേഷം വണ്ടി എടുക്കാം എന്ന് വെച്ച് റോഡിനോരം ചേർന്ന് അവൻ വണ്ടി ഒതുക്കിയിട്ടു....
പാട്ടു കേട്ട് കുറച്ച് സമയം സീറ്റിൽ ചാരി കിടന്ന് കുറച്ച് നിമിഷങ്ങൾ പിന്നിട്ടപ്പോഴാണ് ഒരാളുടെ കരച്ചിൽ വന്നു കാതിൽ തട്ടിയത്...
കൂട്ടത്തിൽ ഒരു നായയുടെ ശബ്ദവും മഴയുടെ ശബ്ദവും, അയാളുടെ കരച്ചിലും ഇരുട്ടിന്റെ ഭയാനകതയും എല്ലാം കൂടി വല്ലാത്തൊരു അന്തരീക്ഷമായിരുന്നു..
മാധവ് പറയുന്ന ഓരോ വാക്കുകളും വളരെ അക്ഷമയോടെ മിഴി കേട്ട് നിന്നു....
എന്നിട്ട്?
അവൾ ആകാംഷയോടെ തിരക്കി..
അവൻ തുടർന്നു...
അടുത്തൊന്നും ഒരാളനക്കം പോലും ഇല്ലാത്തത് അൽപ്പം ഭയപ്പെടുത്തിയെങ്കിലും രണ്ടും കല്പ്പിച്ചു കാറിന്റെ ഡോർ തുറന്ന് ആ പെരുമഴയത്തു ഞാൻ പുറത്തിറങ്ങി...
വീണ്ടും അമ്മേ എന്ന് ഒരു നിലവിളി വ്യക്തമായി ഞാൻ കേട്ട് പല കോണിലേക്ക് നോക്കി...
മഴനൂലുകൾ വണ്ണം കുറഞ്ഞു വന്ന് നേരിയ മൂളനക്കത്തിലേക്കു എത്തിയിരുന്നു...
തിരഞ്ഞു പിടിച്ചു നോക്കിയപ്പോൾ ഒരു മനുഷ്യൻ... പ്രായം അമ്പതിൽ കവിഞ്ഞു കാണും.... ഒരു പാറമേൽ തലയിടിച്ചു കരയുന്നുണ്ട്..തലയിൽ നിന്നും രക്‌തം പോയി കൊണ്ടിരിക്കുന്നുണ്ട്....
അയാളെ ചേർത്തു പിടിച്ചു കൊണ്ട് ഒരു കറുത്തു തടിച്ച ഒരു നായയും ഉണ്ടായിരുന്നു...
എന്നെ കണ്ടതും ആ നായ അൽപ്പം കനിവിന് വേണ്ടി തേങ്ങി കരയുന്ന പോലെ കുരച്ചു കൊണ്ടിരുന്നു...
അയാൾക്ക് ബോധം ഉണ്ടായിരുന്നു... പാതി മയക്കത്തിൽ കണ്ണ് ചിമ്മി അടച്ചു എന്നെ തന്നെ നോക്കി എന്തൊക്കെയോ സംസാരിക്കാൻ ശ്രമം നടത്തി...
ഒന്നുകൊണ്ടും പേടിക്കണ്ട.. ഇവിടുന്നു കുറച്ചു നീങ്ങി ഒരു ക്ലിനിക് പരിചയത്തിൽ ഉണ്ട്.. ഞാൻ കൊണ്ട് പോകാം....
ആ മനുഷ്യന്റെ കൈകളിൽ ബലത്തോടെ താങ്ങി ഒരുവിധം വലിച്ചു വണ്ടിയിൽ കയറ്റി... അനുസരണയോടു കൂടി ആ നായയും വാലാട്ടി കാറിലേക്ക് കയറി.....
കാറിന്റെ പിൻസീറ്റിൽ അയാളെ ചെരിച്ചു കിടത്തി വണ്ടി അൽപ്പം സ്പീഡിൽ മുന്നോട്ട് എടുത്തു...
കൈ......കൈസർ..........
എന്താ? എന്താ പറഞ്ഞത്?
സ്റ്റിയറിങ് തിരിക്കുന്നതിനു ഇടയിൽ അയാളുടെ വാക്കുകൾക്കായി ചെവികൊണ്ട് പിന്നിലേക്ക് ഞാൻ നോക്കി...
അയാൾ വീണ്ടും വിളിച്ചു...
കൈസർ.... ഞാൻ ഇപ്പോൾ പോകുമെടാ...... എന്റെ മോള്.... അവള്.....
അയാളുടെ തേങ്ങി കൊണ്ടുള്ള കരച്ചിൽ കേട്ട് ആ നായ നിർത്താതെ കുരച്ചു...
കൈസർ എന്ന നായയും അയാളും തമ്മിൽ ഉള്ള വല്ലാത്തൊരു ആത്മബന്ധം എനിക്കപ്പോൾ കാണാമായിരുന്നു..
ആ നായ തന്റെ മുഖം അയാളുടെ മുഖത്തിനോട് അടുപ്പിച്ചു വെച്ച് നിശബ്‍ദമായി,പിന്നീട് ക്ലിനിക് എത്തും വരെ കൈസർ ഒച്ച വെക്കാതെ കിടന്നു...
ക്ലിനിക്കിൽ കൊണ്ട് പോയി അയാളെ പരിശോധനക്കായി കയറ്റുമ്പോൾ അറിഞ്ഞിരുന്നില്ല അയാൾ വണ്ടിയിൽ കിടന്ന് മരിച്ചുവെന്ന്...
കൈസറിനു തന്റെ യജമാനന്റെ മരണം അറിഞ്ഞത് കൊണ്ടാകണം കുറേ കുരച്ചതിനു ശേഷം പിന്നീട് അങ്ങോട്ട് മൗനമായി അയാളുടെ മുഖത്തോട് ചേർന്നത്...
അപ്പൊ നിള ചേച്ചി? ചേച്ചിയെപ്പെറ്റി പറഞ്ഞില്ലലോ?
മിഴി ഇടയ്ക്കു കയറി ചോദിച്ചു...
മ്മ്. പറയാം... അന്ന് അയാളെ തിരിച്ചറിഞ്ഞ ഒരു ഡ്യൂട്ടി നേഴ്സ് ഉണ്ടായിരുന്നു അവിടെ...
അവരുടെ അമ്മ ജോലിക്ക് നിൽക്കുന്ന വീട്ടിലെ സാറായിരുന്നു ആ മനുഷ്യൻ എന്നും, അവർക്ക് ഒരു മകൾ മാത്രമേ ഉള്ളൂ എന്നും ആ നഴ്സ് പറഞ്ഞാണ് ഞാൻ അറിഞ്ഞത്...
അയാൾക്ക് വീടും എസ്റ്റേറ്റും ഒക്കെയായി കുറെയേറെ സമ്പത്ത് ഉള്ള കൂട്ടത്തിലാണ് എന്നും അതെല്ലാം പിടിച്ചെടുക്കാൻ ബന്ധുക്കൾ കുറെയേറെ വാക്ക് തർക്കവുമൊക്കെയായി അവരുടെ വീട്ടിൽ വരാറുണ്ട് എന്നും ഒക്കെ അവർ പറഞ്ഞു.
അയാൾക്ക് മകളും മകൾക്കു അച്ഛനും അത്രമേൽ പ്രിയപ്പെട്ടതായിരുന്നു.. കൂട്ടത്തിൽ എല്ലായ്പ്പോഴും സ്നേഹത്തോടെയും സംരക്ഷണത്തോടെയും ആ കൈസർ എന്ന നായയും...
ആ നഴ്സ് വിളിച്ചു പറഞ്ഞത് അനുസരിച്ച് അയാളുടെ മകൾ അന്ന് രാത്രിയിൽ ഓടിയെത്തിയിരുന്നു...നിള എന്ന് ഫോണിൽ സംസാരിക്കുന്നതു കേട്ടാണ് പേര് മനസ്സിലായത്...
മഴയത്തു ഒരു സ്കൂട്ടറിൽ നനഞ്ഞു കുതിർന്ന് അവൾ ആ ക്ലിനിക്കിന്റെ പടി വാതിൽ ഓടി കിതച്ചു വരുമ്പോൾ വളരെ നിസ്സംഗതയോടെ ഞാൻ ചാരുബെഞ്ചിൽ കുനിഞ്ഞിരിക്കുകയായിരുന്നു....
അവളെ കണ്ടമാത്രയിൽ എന്റെ തൊട്ട് അടുത്തിരുന്ന കൈസർ ഓടി പോയി അവളെ ഇറുക്കെ പുണർന്നു..
ഒരു മനുഷ്യൻ അവന്റെ എല്ലാ ദുഃഖവും എങ്ങനെയൊക്കെ പ്രകടിപ്പിക്കുമോ അതിനേക്കാൾ അപ്പുറമായി കാണുന്നവരുടെ കരളലിയിപ്പിക്കും പോലെ ഒരു മൃഗം അതിന്റെ എല്ലാ വികാരവും അവളെ ചേർത്തു പിടിച്ചു പ്രകടിപ്പിച്ചു...
അച്ഛാ.. എന്റെ അച്ഛന് എന്നെ ഒറ്റക്കാക്കി പോവാൻ പെറ്റോ... എനിക്കും ഇവനും വേറെ ആരാ ഉള്ളേ?
അവൾ അലറി കൊണ്ട് കരഞ്ഞു.. അവളെ നേഴ്സ് അച്ഛന്റെ ബോഡി കിടത്തിയെടുത്തേക്ക് കൊണ്ട് പോയിരുന്നു.. കൂടെ ഞാനും പിന്നാലെ ചെന്നു..
ഇതുപോലൊരു വേദനാജനകമായ മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നതിൽ ഞാൻ എന്നെ തന്നെ പഴിച്ചു...
ഏതു നേരത്താണ് നൈറ്റ് ഡ്രൈവ് ഇറങ്ങാൻ തോന്നിയത് എന്റെ ഈശ്വരാ എന്ന് നൂറായിരം വട്ടം മനസിനോട് ചോദിച്ചു...
പിന്നീട് പോലീസ് വരുകയും കാര്യങ്ങൾ ചോദിച്ചറിയലും ഒക്കെയായി ഞാൻ അവിടെ തന്നെ അന്ന് രാത്രി തങ്ങി...
ഒരു കാര്യത്തിൽ സംശയം ഉറപ്പായിരുന്നു.. ആരൊക്കെയോ ചേർന്നു മനഃപൂർവം ഒരു അപായപ്പെടുത്തൽ നടന്നതാണ്.. ആ സമയത്തു ആ പെരുമഴയിൽ അയാൾ അങ്ങനെ ഒരു ഒറ്റപെട്ട സ്ഥലത്തു കിടക്കണം എങ്കിൽ എന്തോ കാര്യം ആയിട്ട് സംഭവിച്ചിട്ടുണ്ട്...
പിറ്റേന്ന് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ബോഡി ദഹിപ്പിക്കലും എല്ലാം കഴിയുമ്പോഴും അവൾക്ക് കൂട്ടായി എല്ലാത്തിനും ഞാനും ഒപ്പം ഉണ്ടായിരുന്നു..
എല്ലാ ചടങ്ങും കഴിഞ്ഞ് ആ വലിയൊരു ഇരു നില വീട്ടിൽ അവളും കൈസറും ഒറ്റക്കായപ്പോൾ അവളുടെ ബന്ധുക്കൾ ഓരോന്നും അവൾക്കായി ഉള്ള കടുപിടുത്തത്തിൽ ആയിരുന്നു... അതിനു കാരണം അവളുടെ പേരിലുള്ള സ്വത്തു വകകൾ തന്നെയായിരുന്നു...
ഒരപരിചിതൻ ആണെങ്കിലും ഞാൻ അവർക്കിടയിൽ ചെന്ന് കുറേ പ്രശ്നം ഉണ്ടാക്കി.. ഒരു പാവം പെൺകുട്ടിയെ ഇങ്ങനെ തകർന്നിരിക്കുന്ന അവസ്ഥയിൽ മോശമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു എന്നത് ചോദ്യം ചെയ്തു..
അവളുടെ ബന്ധുക്കളുടെ ഉദ്ദേശ്യം ഓരോരുത്തർ അവരുടെ മരുമകൾ ആക്കി സ്വത്തു വകകൾ അടിച്ചു മാറ്റൽ തന്നെയായിരുന്നു...ബന്ധുക്കൾ തമ്മിൽ പിടിവലിയായി.. ഓരോരുത്തരുടെ അവകാശം പറഞ്ഞു.......
തനിച്ചായ അവളെ ബന്ധുക്കൾ ഏറ്റെടുക്കാം എന്ന അവസ്ഥ വന്നപ്പോൾ രണ്ടും കല്പ്പിച്ചു ഞാൻ കൂടെ കൂട്ടി...
പക്ഷേ അത് പ്രണയത്തിന്റെ പേരിലായിരുന്നില്ല... അന്ന് അവിടെ ഒറ്റക്കിട്ട് പോന്നാൽ ആ പാവത്തിന് വേണ്ടി പിടി വലി നടക്കും... അത്രയ്ക്കും ക്രൂരമായ സ്വഭാവക്കാർ ആയിരുന്നു അവളുടെ ബന്ധുക്കൾ....
പേടിയില്ലാതെ താമസിക്കാൻ ഒരിടം എന്ന ഉദ്ദേശ്യം വച്ചു അവളും എന്റെ മേലുള്ള വിശ്വാസ്യത വെച്ച് കൂടെ പോന്നു.. കൂടെ കൈസറും....
വീട്ടിൽ ആദ്യം ഒക്കെ എതിർപ്പ് വന്നെങ്കിലും പിന്നെ പിന്നെ അവളെ അവർ സ്നേഹിച്ചു തുടങ്ങി...
അപ്പോൾ നിള ചേച്ചിയുടെ അച്ഛൻ മരിച്ച ദുരൂഹതയെ പറ്റി അനേഷിച്ചില്ലേ?
മിഴി ചോദ്യഭാവത്തിൽ അവനെ നോക്കി...
മാധവ് അടുത്തിരിക്കുന്ന ജഗിൽ നിന്ന് വെള്ളം കുറച്ചു കുടിച്ച് വീണ്ടും തുടർന്നു....
അവൻ പഴയൊരു ഓർമയിലേക്ക് പോയി....
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
നിളയെ മാധവിന്റെ വീട്ടിലേക്ക് കൊണ്ട് വന്നു ഒരാഴ്ച ആകുന്നു....
ഉമ്മറകോലായിൽ തൂണും ചാരി എന്തോ ഓർത്തിരിക്കുകയാണ് നിള.. അപ്പോഴാണ് മാധവ് അങ്ങോട്ട് ചെല്ലുന്നത്...
എടോ... താൻ എന്താ ആലോചിക്കുന്നത്?
മാധവ്... എന്റെ അച്ഛൻ അന്ന് രാത്രിയിൽ എന്തിനായിരിക്കും പോയത്? എവിടേക്കും എന്നോട് പറയാതെ പോവാത്ത ആളാ... അന്ന് എന്തിനു രാത്രിയിൽ പോയി എന്നതിന് ഇപ്പോഴും എനിക്ക് ഉത്തരം ഇല്ല....ഞാൻ അന്ന് എക്സാമിന് മുറിയിൽ ഇരുന്ന് പഠിക്കുകയായിരുന്നു...
കുറെ നേരായിട്ട് ഒരു എനക്കവും കേൾക്കാതെ ആയപ്പോൾ വാതിൽ തുറന്നു കിടക്കായിരുന്നു....ഉമ്മറത്ത് കിടന്ന കൈസറും ഇല്ല.... അച്ഛനും ഇല്ല... പിന്നെ മിനി സിസ്റ്റർ വിവരം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി....
അവൾ സങ്കടത്തോടെ മാധവിനെ നോക്കി പറഞ്ഞു....
നിള... താനിപ്പോൾ ഒന്നും ഓർക്കാൻ നിൽക്കണ്ട.... പോലീസിൽ കേസ് കൊടുത്തിട്ടും ഒരു അനേഷണം പോലും നടക്കുന്നില്ല.....ഇതിനു പിന്നിൽ നിന്റെ ബന്ധുക്കൾ തന്നെയാകും എന്നത് തന്നെയാകും വാസ്തവം......
ഓരോ നാൾ കഴിയുമ്പോഴും നിളയും മാധവും പതിയെ പതിയെ അടുത്തിരുന്നു... അവർ പരസ്പരം സ്നേഹിക്കുന്നു എന്നത് അവർ വൈകാതെ തന്നെ തിരിച്ചറിഞ്ഞു....
ഒടുവിൽ എല്ലാവരുടേം സമ്മതപ്രകാരം അവരുടെ വിവാഹം നടന്നു.....
വിവാഹം എന്ന് കേട്ടതും മിഴി സ്തംഭിച്ചു പോയിരുന്നു....കേവലം പ്രണയിതാക്കൾ എന്ന ലാഘവ ഭാവത്തോടെ കഥ കേട്ടിരുന്ന അവൾക്ക് അത് അൽപ്പം ഷോക്ക് ആയിരുന്നു...
ഇത് സെക്കന്റ് മാര്യേജ് ആയിരുന്നല്ലേ അപ്പൊ?
എന്നോട് എന്തിനാണ് ഇതൊക്കെ മറച്ചു വെച്ചത്? ഞാൻ വെറും അനാഥ പെണ്ണ് ആയതു കൊണ്ടാണോ?
ഞാൻ കൂടുതൽ ഒന്നും സ്വപ്നം കണ്ടിട്ടല്ല നിങ്ങളുടെ ജീവിതത്തിലേക്ക് വന്നത്.... നിള ചേച്ചിയെ പോലെ ആരെയും പേടിക്കാതെ സുരക്ഷിതമായി കഴിയാൻ ഒരിടം അത്രേയുള്ളൂ.... അങ്ങനെയുള്ളവൾക്ക് നിങ്ങളെ ഇങ്ങനെ ചോദ്യം ചെയ്യാൻ എന്ത് അധികാരമാണ് ഉള്ളതല്ലേ?
മിഴിയുടെ ചോദ്യത്തിന് അവന് ഉത്തരമില്ലായിരുന്നു... തന്റെ വീട്ടുകാർ ചേർന്നാണല്ലോ ഇവളെയും ഈ കുരുക്കിലേക്ക് വലിച്ചിട്ടത്....
അവന്റെ മനസ്സ് ഒരു നിമിഷം ഭാരത്തിൽ മുങ്ങി താണുപോയ പോലെ തോന്നി.....
മിഴി... സോറി... അങ്ങനെ പറഞ്ഞത് കൊണ്ട് ഞാൻ ചെയ്ത തെറ്റ് മറക്കാൻ ആവില്ലായിരിക്കാം...
എല്ലാം എന്റെ വീട്ടുകാർ വരുത്തി വെച്ചതാണ്....അവർ എനിക്ക് നല്ലൊരു ജീവിതം ആഗ്രഹിച്ചു ചെയ്ത് പോയതാണ്....
ഞാൻ ഒരു തരം ഡിപ്രെഷൻ സ്റ്റേജിലൂടെ കടന്നു പോയി കൊണ്ടിരുന്നതാണ്... ഇന്നലെ വരെയും.. മിഴിയെ വേദനിപ്പിക്കണം എന്ന ചിന്തയൊന്നും എനിക്കില്ലായിരുന്നു....
പക്ഷേ നിള എന്നെ വിട്ടു പോയപ്പോൾ എനിക്ക് എല്ലാത്തിനോടും ഒരു തരം ഭ്രാന്തമായ പെരുമാറ്റം പുറത്തെടുക്കേണ്ടി വന്നു....
മിഴി ഈ കാണുന്ന മാധവ് ആയിരുന്നില്ല ഞാൻ... എല്ലാവരെയും സ്നേഹിക്കുവാനും സഹായിക്കാനും മറ്റുള്ളവർ വിഷമിക്കുമ്പോൾ കൂടെ വിശമിക്കുകയും ചെയുന്ന ഒരു മാധവ് ഉണ്ടായിരുന്നു.....
അവൾ കിടക്കയുടെ ഒരറ്റത്തായി മൗനമായി ഇരുന്നു...
നിങ്ങൾ ചെയ്തതും വീട്ടുകാർ ചെയ്തതും ഒന്നും ഞാൻ ഇനി ചോദ്യം ചെയ്യുന്നില്ല... അതിനു കാരണം ഞാൻ പറഞ്ഞല്ലോ... ഒരു നല്ല വിവാഹ ജീവിതം ഒന്നും എനിക്ക് വിധിച്ചിട്ടില്ല എന്ന് ഇന്നലെ തന്നെ ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചു കഴിഞ്ഞു.....
എനിക്കറിയണം.... ബാക്കി കഥ.... നിള ചേച്ചിയും നിങ്ങളുടേം ജീവിതം..... പഴയ മാധവിന്റെ കഥ..........
അവൻ വീണ്ടും പഴയ അവരുടെ നല്ല നാളുകളിലേക്ക് പോയി......
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
അടുക്കളയിൽ നിള മാധവിനു ഇഷ്ടമുള്ള വിഭവങ്ങൾ ഒരുക്കുന്ന തിരക്കിലാണ്... ഇന്ന് അവന്റെ പിറന്നാളാണ്...
അവൾ ആ വീട്ടിലേക്ക് വന്നു കൃത്യം ഒരു വർഷം പിന്നിടുമ്പോളായിരുന്നു അവരുടെ വിവാഹം....
ഇപ്പോൾ വിവാഹം കഴിഞ്ഞു പിറ്റേന്നുള്ള പ്രഭാതത്തിലാണ് അവൾ അവന്റെ ജന്മദിനത്തിനായുള്ള വിഭവങ്ങൾ ഒരുക്കുന്നത്...
രാവിലെ തന്നെ ഒരുമിച്ച് തൊഴാൻ പോയി വന്ന് മാധവ് അപ്പുറത്ത് അച്ഛമ്മയോടും അച്ചാച്ചനോടും ഓരോ കുശലം പറഞ്ഞിരിപ്പാണ്....
എന്താ നിള കുട്ടി... സഹായം എന്തേലും വേണോ?
തിരിഞ്ഞു നോക്കിയപ്പോൾ മാധവ് ഒരു കള്ളച്ചിരിയോടെ അവളുടെ തൊട്ട് പിന്നിൽ ഉണ്ടായിരുന്നു....
ഹൊ... ഞാനങ്ങു പേടിച്ചു പോയല്ലോ മാധവ്... എനിക്കേ... ഹെല്പ് ഒന്നും വേണ്ടാട്ടോ.... മോനെ അപ്പുറത്ത് പോയി ഇരിക്ക്.... സദ്യയും പായസവും ഒക്കെ റെഡി ആവുമ്പോ ഞാൻ വന്നു വിളിക്കാം....
അവൾ അത് പറഞ്ഞു കറിക്കുള്ളത് വേഗം അരിഞ്ഞു കൊണ്ടിരുന്നു....
ശ്.... ഞാൻ ഹെല്പ് ചെയാടോ....
ഓഹ്... മാധവ്... പോയില്ലേ... ദേ... എനിക്ക് വേഗം തീർക്കാനുള്ളതാ...
അമ്മയോടും ചെറിയമ്മയോടും ഞാൻ എല്ലാം റെഡി ആക്കാം എന്ന് പറഞ്ഞിട്ടാ ഇങ്ങോട്ട് പോന്നത്....
നിള അവനെ പതുക്കെ ഉന്തി അടുക്കളയ്ക്ക് വെളിയിലേക്ക് ആക്കാൻ നോക്കി...അവൻ പോകാൻ നേരം അവളുടെ കവിളിൽ ഒരുമ്മ നൽകി ഒരൊട്ടം ഓടി....
നിള ഒരു ചിരിയോടെ പണികളിലേക്ക് കടന്നു...
പിറന്നാൾ സദ്യയും പായസവും എല്ലാവരും ചേർന്ന് കഴിച്ചു..
പിന്നെ... നിളയുടെ മുടങ്ങി പോയ പഠിത്തം തുടങ്ങുന്നതിനെപറ്റി എന്താ എല്ലാവരുടെയും അഭിപ്രായം?
ഭക്ഷണം കഴിച്ചു ഉമ്മറകോലായിൽ എല്ലാവരും വർത്തമാനം പറഞ്ഞിരിക്കുന്നതിനു ഇടയിലാണ് മാധവ് അത് ചോദിച്ചത്...
അത് നല്ല കാര്യമല്ലേ? അന്ന് എക്സാം നടക്കുമ്പോഴായിരുന്നല്ലോ മോളുടെ അച്ഛന്റെ മരണം...പിന്നീട് മോള് പഠിത്തം പാതി വഴിയിൽ വെച്ച് നിർത്തിയതൊക്കെ മോൻ പറഞ്ഞു...
ഇപ്പോൾ പഠിക്കുന്നതിനു തടസ്സങ്ങൾ ഒന്നും ഇല്ലല്ലോ മോൾക്ക് എത്ര വേണേലും പഠിക്കാം...
അച്ഛൻ പറഞ്ഞത് ചെറിയച്ഛനും ശരി വെച്ചു...
ഇന്നത്തെ കാലത്ത് വിദ്യഭ്യാസവും ജോലിയും ഒരുപോലെ പ്രധാനം ആണ്.. മോള് പൊക്കോ പഠിക്കാൻ....
അമ്മയും കൂടെ സപ്പോർട്ട് തന്നതും മാധവ് ഒരു ചിരിയോടെ അവളെ നോക്കുമ്പോൾ നിളയുടെ കണ്ണ് നിറഞ്ഞിരുന്നു....
ഉറങ്ങാൻ നേരം അവൾ അവന്റെ നെഞ്ചോട് ചേർന്നു കിടന്ന് കരഞ്ഞു കൊണ്ടിരുന്നു...
എന്തിനാ എന്റെ നിള കുട്ടി കരയുന്നത്? എന്താ ഇപ്പൊ ഉണ്ടായത്?
അവൻ അവളുടെ മുഖം ഉയർത്തി ചോദിച്ചു..
താങ്ക്സ് മാധവ്... ഞാൻ പറയാതെ തന്നെ എന്റെ ആഗ്രഹം സാധിച്ചു തന്നതിന്... പഠിച്ചു ജോലി വാങ്ങണം എന്ന് അച്ഛൻ എപ്പോഴും പറയും.... അച്ഛന്റെ മരണം അറിഞ്ഞപ്പോൾ പിന്നീട് എനിക്ക് കോളേജിൽ പോകാനും പഠിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു...
വീണ്ടും അച്ഛൻ തന്നെയാ മാധവിനെ ഓർമിപ്പിച്ചത്... എനിക്ക് പഠിക്കണം....അച്ഛന്റെ ആഗ്രഹം പോലെ ഒരു ജോലി വാങ്ങണം...
നിള സന്തോഷം കൊണ്ട് അവനെ ഇറുകെ പുണർന്നു...
പുതിയ ബാച്ചിലേക്കുള്ള പിജി പ്രവേശനത്തിലേക്ക് നിള ആദ്യ ദിവസം കോളേജിലേക്ക് എത്തുന്നത് പുതിയ സ്വപ്നവും പ്രതീക്ഷകളുമായാണ്......
നേരിയ ചെമ്പൻ നിറമുള്ള മുടിയും അവളെ ഏറ്റവും ആകർഷിക്കുന്ന പൂച്ചക്കണ്ണുകളും വിടർന്ന അവളുടെ കരിമഷി കണ്ണുകളും, അവളുടെ ഭംഗിയെറിയ ചിരിയും ഒരു വശ്യമായ ചിരിയോടെ ഹർഷൻ നോക്കി കാണുന്നുണ്ടായിരുന്നു..........