രചന: ജിഫ്ന നിസാർ
"അമ്മ എന്തിനാ അമ്മ ജോലിക്ക് പോണേ.. അച്ചക്ക് ഒത്തിരി കാശ് ഉണ്ടല്ലോ.. അമ്മേടെ എല്ലാ ആവിശ്യങ്ങളും അച്ഛാ നടത്തി തരുന്നും ഉണ്ട്.. പിന്നെ എന്തിനാ അമ്മാ.. അച്ചക്ക് അത് നാണക്കേട് ആവില്ലേ "
ആകാംഷ യോടെ ആരവ് ചോദിച്ചപ്പോൾ ദിവ്യാ പെട്ടന്ന് സ്‌കൂട്ടിയുടെ ബ്രൈക് അമർത്തി..
ഇരമ്പലോടെ വണ്ടി നിന്നു..
ഒരു അഞ്ചു വയസ്സ് കാരന്റെ ചോദ്യം അല്ലായിരുന്നോ അത്..
(അഞ്ചാം ക്ലാസ് എന്നായിരുന്നു ഇൻട്രുടക്ഷൻ കൊടുത്തത്.. അഞ്ചു വയസ്സ് ആണ് ദിവ്യയുടെ മോന്.. മാറി പോയതാണ്.. സോറി )
"കണ്ണന് ആരാ ഇങ്ങനെയൊക്കെ പറഞ്ഞു തന്നത് "
നേർത്ത ചിരിയോടെ ദിവ്യാ ചോദിച്ചു..
റോഡ് സൈഡിലെ തണൽ മരത്തിന്റെ ചുവട്ടിൽ ആയിരുന്നു..
സ്കൂളിൽ നിന്നും വരുന്ന വഴിയാണ് അമ്മയും മോനും..
Ukg യിലാണ് ആരവ്.. ദിവ്യാ ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ചെയ്യുന്നു..
"പറ കണ്ണാ.. ആരാ ഇങ്ങനെയൊക്കെ പറയാൻ പഠിപ്പിച്ചേ. എന്റെ കണ്ണൻ കുഞ്ഞു കുട്ടി ആണല്ലോ.. അമ്മക്ക് അറിയാലോ ഇങ്ങനൊന്നും പറയാൻ അറിയില്ലെന്ന് "
അവന്റെ താടിയിൽ പിടിച്ചു കൊണ്ട് അവൾ വീണ്ടും ചോദിച്ചു..
"അച്ഛമ്മ അച്ഛയെ വഴക്ക് പറയുന്നുണ്ട് അമ്മാ.. രാവിലെ അമ്മ കുളിക്കാൻ കയറിയപ്പോൾ.. അച്ഛാ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു ട്ടോ.. എന്തിനാ അമ്മ അച്ഛയെ വഴക്ക് കേൾപ്പിക്കുന്നെ.."
നിഷ്കളങ്കം ആയിരുന്നു ചോദ്യം..
അച്ചായോടുള്ള അവന്റെ ഇഷ്ടം...
ദിവ്യാ യുടെ ഹൃദയം മുറിഞ്ഞു..
ഇതിനേക്കാൾ ഉച്ചത്തിൽ അമ്മ കരഞ്ഞിട്ടുണ്ട് കണ്ണാ.. ഇപ്പഴും രാത്രി മഴ പോലെ പെയ്തു തോരുന്നും ഉണ്ട്..
ആരും അറിയാറില്ല ന്ന് മാത്രം..
തണൽ നൽകേണ്ട ചില്ലയിൽ നിന്നും തന്നെ അല്ലേ ചൂട്ൽക്കുന്നത്..
അച്ഛൻ അമ്മക്ക് എല്ലാം തരുന്നുണ്ട് കണ്ണാ.. അമ്മ ആഗ്രഹിക്കുന്ന സ്നേഹം ഒഴിച്ച്..
എന്ത് തന്നാലും അതിന്റെ കണക്ക് ഇടയ്ക്കിടെ അമ്മ ബോധിപ്പിച്ചു കൊടുക്കണം..
അവകാശം ഉള്ളത് ഔദാര്യം പോലെ കൈ പറ്റുന്ന വേദന അമ്മയുടെ കണ്ണൻ അറിയാതിരിക്കട്ടെ...
ഇഷ്ടം തോന്നിയ ഒരു സാധനം വാങ്ങിക്കാൻ.. അല്ലങ്കിൽ ഇഷ്ടപെട്ടൊരു സ്ഥലത് പോവാൻ കൈ നീട്ടി ഇരക്കേണ്ട ഗതികേട്.. അത് ഭീകരം ആണ്..
അതിന് മനസ്സ് അനുവദിക്കില്ല.. അങ്ങനെ വിട്ട് കളഞ്ഞ എത്രയോ ഇഷ്ടം അമ്മയുടെ നഷ്ടകണക്കിൽ ഉണ്ടെന്ന് അറിയോ..
വക്കീൽ കൊട്ട് സ്വപ്നം കണ്ടിട്ട് ഒരു ബാങ്ക് ജോലിക്ക് അമ്മ തൃപ്തി യോടെ പോവുന്നു എങ്കിൽ.. ആ വീട്ടിൽ അമ്മയുടെ അസ്വസ്ഥത എത്രയെത്ര എന്ന് ഊഹിക്കാൻ പോലും അമ്മേടെ കണ്ണന് കഴിയില്ല..
മാറി നിൽക്കുന്ന കുറച്ചു സമയം അമ്മ ആശ്വാസം പോലെ ശ്വാസം പോലും വിടുന്നത് നിനക്കറിയില്ല മോനെ...
ഈ ജോലി ഒന്ന് നേടി എടുക്കാൻ അമ്മ നടന്ന കനൽ വഴികൾ... കുടിച്ചു തീർത്ത കണ്ണുനീർ... അനുഭവങ്ങൾ... വേദനകൾ.. അവഗണന... കുറ്റപ്പെടുത്തൽ... എല്ലാം... എല്ലാം... ചാരം ഇട്ട് മൂടിയാലും ഉള്ളിലെ കനലാണ് കണ്ണ..
അമ്മയെ വിജയിപ്പിക്കുന്ന കനൽ..
ഒരുകാലം വരെയും എല്ലാ സ്ത്രീ കളും വർണ്ണ പട്ടങ്ങൾ തന്നെ ആണല്ലോ..പിന്നീട് അങ്ങോട്ട് ആരുടെ കയ്യിലാണോ അതിനറ്റതെ ചരട് ഇരിക്കുന്നത്... അത് അനുസരിച്ചാണ് വർണവും വർണ പകിട്ടും...
"എന്താ അമ്മാ ഒന്നും മിണ്ടാതെ... വിഷമായോ അമ്മക്ക് കണ്ണൻ പറഞ്ഞത് "
കുഞ്ഞു കൈകൾ കൊണ്ട് തട്ടി വിളിച്ചു കണ്ണൻ ചോദിച്ചു..
ദിവ്യാ ഒരു ചിരിയോടെ അവന്റെ തലയിൽ തലോടി..
"അമ്മക്ക് ഒരു വിഷമവും ഇല്ലന്റെ കണ്ണാ.. പിന്നെ ജോലിക്ക് പോവാൻ അമ്മക്ക് ഒത്തിരി ഇഷ്ടം ആണല്ലോ.. അല്ലാതെ അച്ഛൻ ഒന്നും തരാഞ്ഞിട്ടോ അച്ഛയെ നാണം കെടുത്താണോ ഒന്നും അല്ല.. അതൊക്കെ അച്ഛമ്മ ചുമ്മാ പറയുന്നതാ.. അത് കൊണ്ട് അല്ലേ അച്ഛാ ഒന്നും മിണ്ടാതെ നിന്നത്.. മോൻ വിഷമിക്കണ്ട ട്ടോ.. അമ്മ ഒരുപാട് കഷ്ടപെട്ട് പഠിച്ചു പോയില്ലേ.. അതൊക്കെ ജോലി കിട്ടാനായിരുന്നു.. ജോലി ക്ക് പോയില്ലേ ഒക്കെ വേസ്റ്റ് ആവില്ലേ.. അപ്പൊ അമ്മയ്ക്കും സങ്കടം ആവില്ലേ.."
ചിരിച്ചു കൊണ്ടാണ് ദിവ്യാ ചോദിച്ചത്..
ഒന്ന് തലയാട്ടി എന്നല്ലാതെ കണ്ണൻ ഒന്നും മിണ്ടാതെ പോയി വണ്ടിയിൽ കയറി..
ദിവ്യായും അവന്റെ പിറകിൽ ചെന്ന് വണ്ടി എടുത്തു...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
അവൾ ഉറക്കെ ചിരിച്ചു... എല്ലാർക്കും അവൾ പിന്നെ അഹങ്കാരി...
അവൾ ഉറക്കെ സംസാരിച്ചു.. എല്ലാർക്കും പിന്നെ അവൾ തന്റെടി..
അവൾ വാനോളം പറക്കാൻ മോഹിച്ചു.. പിന്നെ എല്ലാർക്കും അവൾ തന്നിഷ്ടകാരി..
അവൾ പിന്നെ ഒന്നും മിണ്ടാതെ... പറയാതെ... അറിയാതെ ഇരുന്നു.. അപ്പൊൽ പിന്നെ അവൾ ജാടകാരി..
ഒടുവിൽ...
ഒടുവിൽ അവൾ ആത്മഹത്യ ചെയ്തു..
അപ്പോൾ മാത്രം അവൾ ആഗ്രഹിച്ചത്... എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു..
"നല്ല കുട്ടി ആയിരുന്നു..."
എഴുതി തീർന്നത് പോസ്റ്റ് ചെയ്തു കൊണ്ട് ദിവ്യാ ഫോൺ ഓഫ് ചെയ്തു വെച്ചു..
സമയം ഒൻപതു മണി കഴിഞ്ഞു.. ജയേട്ടൻ ഏഴ് മണിക്കേ വരും.. ഇത്തിരി നേരം പുറത്തൊക്കെ കറങ്ങി പിന്നെ അമ്മയും മോനും കൂടി വരാന്തയിൽ സംസാരിക്കാൻ ഇരിക്കും.. അച്ഛനും കാണും കൂടെ..
കല്യാണം കഴിഞ്ഞ
ഉടനെ താനും ആഗ്രഹത്തോടെ പോയി ആ കൂടെ ഇരിക്കും..
"കൊഞ്ചാലോ ക്കെ റൂമിൽ വെച്ചായിക്കോ ദിവ്യാ.. ഇങ്ങനെ ഒട്ടി പിടിച്ചു ഇരിക്കാൻ ഇവിടെ ഇപ്പൊ നിങ്ങൾ മാത്രം അല്ലല്ലോ.. അതങ്ങനെ... അമ്മയേം അച്ഛനെയും ബഹുമാനിക്കാൻ പഠിച്ചിട്ടില്ല.. പിന്നെ പറഞ്ഞിട്ട് ന്താ കാര്യം.."
മുഖം കറുപ്പിച്ചു കൊണ്ട് അമ്മ കടുപ്പത്തിൽ പറഞ്ഞു...
ഷോക്ക് അടിച്ചത് പോലെ ചാടി എഴുന്നേറ്റു..
അടുത്തൊന്നു പോയി ഇരുന്നു.. അതാണ് ചെയ്തു പോയ അപരാതം..
സ്വന്തം ഭർത്താവ് തന്നെ അല്ലെ.. നാട്ടുകാർ ഒന്നും അല്ലല്ലോ..
നോക്ക് കുത്തി പോലെ ഇരിക്കുന്നു ജയേട്ടൻ...
കരച്ചിൽ തൊണ്ട കുഴിയിൽ തങ്ങി..
കണ്ണുകൾ നിറഞ്ഞു.. അറിയാതെ തന്നെ..
"അതിനു കണ്ണീർ ഒലിപ്പീരു നടത്താൻ ഇവിടെ ഇപ്പൊ ന്താ ദിവ്യ ഉണ്ടായേ.. കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ ഇങ്ങനെ പരസ്യം മായി കെട്ടിയോനെ കെട്ടിപിടിച്ചു ഇരിക്കത്തില്ല.. അതൊന്നു പറഞ്ഞു തന്നതാണോ ഇപ്പൊ കുറ്റം.."
ഒരക്ഷരം പോലും മിണ്ടാതെ തിരിച്ചു നടന്നു..
കല്യാണം കഴിഞ്ഞു അന്നേക്ക് രണ്ടാഴ്ച തികയുന്നുള്ളൂ.. പറഞ്ഞത് അല്ല വേദന തോന്നിയത്.. പറഞ്ഞ രീതിയിൽ അല്ലേ മുള്ളുകൾ..
ഇനി ഇതാണ് നിന്റെ വീട് ന്ന് കെട്ടി കയറി വന്ന അന്ന് ജയേട്ടൻ പറഞ്ഞത് ചെവിയിൽ മുഴങ്ങി..
കല്യാണത്തിന് മുന്നേ വീട്ടിൽ നിന്നും അത് തന്നെ അല്ലേ പറഞ്ഞത്..
ഇനി അതാണ് നിന്റെ വീടെന്ന്.. അവരെ സ്വന്തം പോലെ കാണണം എന്ന്..
സ്വന്തം വീട്ടിൽ അങ്ങനെ ആണല്ലോ..
ഒരുപാട് സംസാരിക്കാൻ ഉണ്ടാവും... ഒരുമിച്ചു ഇരുന്നു കൊണ്ട്..
അച്ഛന്റെ തോളോട് ചേർത്ത് അമ്മയും ഉണ്ടാവും..
അത് ഒരു തെറ്റായ ഏർപാട് ആണെന്ന് അന്ന് തോന്നിയില്ലല്ലോ..
വീട് സ്വന്തം ആവുമ്പോൾ വീട്ടുകാരും സ്വന്തം അല്ലേ.. ഒറ്റക്കിരുന്നു മടുത്തു പോയിട്ടല്ലേ ആ കൂടെ ചേരാൻ പോയത്..
അതിലെവിടെയാണ് തെറ്റ്..
രാത്രിയിൽ ഒരു സ്നേഹകടൽ പകരുന്ന ജയേട്ടൻ പകൽ വെളിച്ചത്തിൽ അന്യയെ പോലെ കാണുന്നതെന്തേ...
എത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലായില്ല..
അങ്ങനെ... അങ്ങനെ എത്ര മാറ്റി നിർത്തലുകൾ..
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാതെ സ്വന്തം താലിയുടെ അവകാശി..
പ്രേമും ആശയും എൻജോയ് ചെയ്യുന്നത് കണ്മുന്നിൽ കാണുമ്പോൾ... വിവാഹം കഴിഞ്ഞു പോവാൻ മാറ്റി വെച്ച യാത്രകൾ.... ഇഷ്ടങ്ങൾ... സ്വപ്നങ്ങൾ.. എല്ലാം കുത്തി നോവിക്കും..
ആരോട് പറയാൻ..
അമ്മയും അച്ഛനും ഏട്ടനും എന്നും വിളിക്കും... അവർക്ക് മുന്നിൽ മാത്രം ഇപ്പൊ സന്തോഷം തോന്നുന്നൊള്ളു..
നിർവികാരമായ അവസ്ഥ..
എന്തിനു വേണ്ടി ഈ ജീവിതം എന്നൊക്ക തോന്നിയ നാളുകൾ..
കടയെന്ന് മാത്രം ചിന്ത ഉള്ള ഭർത്താവ്..
പുറത്ത് ഒന്നു പോവാൻ മനസ്സിൽ മലയോളം ആഗ്രഹിക്കുന്നു..
പക്ഷേ അത് ചോദിക്കുമ്പോൾ തന്നെ മുടക്ക് പറയും..
പിന്നെയും നിറബന്ധിച്ച വായിൽ തോന്നിയത് മുഴുവൻ വിളിച്ചു പറഞ്ഞു പോകും..
പിറകിൽ അമ്മയുടെ വക വേറെയും..
ഇങ്ങനെയൊക്കെ തന്നെ ആണത്രേ ജീവിതം.. അവസാനം പറയുന്ന ഡയലോഗ് അതാവും..
ചിരി വരും ചിലപ്പോൾ...
അതേ അമ്മ തന്നെ അമ്മക്ക് പോണ്ടിടത്തെല്ലാം ജയേട്ടനെയും വിളിച്ചു പോവുന്നത് കാണുമ്പോൾ...
അറിയില്ല.. പറഞ്ഞു തരാൻ അപ്പോൾ തോന്നുന്ന വികാരം എന്താണ് എന്നത്..
ഓരോന്നു കല്പ്പിക്കുന്നുണ്ട്... ദിവ്യാ..... ദിവ്യാ ന്ന് വിളിച്ചു കൊണ്ട്..
അപ്പോൾ ഒക്കെയും അമ്മ വിളിക്കും പോലെ കുഞ്ഞോളെ എന്നൊന്ന് കേൾക്കാൻ എന്തേരും കൊതിയാണെന്നോ..
പക്ഷേ അങ്ങനെ സ്നേഹത്തോടെ വിളിക്കാൻ ഞാൻ ഇവിടെ ആരാണ്..
ജയേട്ടൻ പോലും... സ്വന്തം പോലെ കാണുന്നില്ല..
എന്നും കാണുന്നുണ്ട് എന്നത് കൊണ്ടോ ഒരുമിച്ച് താമസിക്കുന്നുണ്ട് എന്നത് കൊണ്ടോ.. ഇത്തിരി സംസാരിച്ചു എന്നത് കൊണ്ട് ഒരാൾക്ക് സ്നേഹം ഉണ്ടെന്ന് കരുതാൻ ആവില്ലല്ലോ..
പ്രകടിപ്പിക്കുന്ന സ്നേഹം മറ്റേ ആൾക്ക് അനുഭവങ്ങൾ നൽക്കേണ്ടേ.. ചേർത്ത് പിടിക്കൽ കൊണ്ട്.. പരിഗണന കൊണ്ട്... ലാളന കൊണ്ട്..
എത്ര മുതിർന്നവർ ആയാലും ഓരോ പെണ്ണിന്റ ഉള്ളിലും ഒരു പെൺകുട്ടി ഒളിച്ചിരിപ്പുണ്ട്..
കൊഞ്ചിക്കാനും സ്നേഹിക്കാനും വാശി യുള്ള ഒരു കുഞ്ഞു പെൺകുട്ടി..
അതൊന്നു മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നം മാത്രം ഒള്ളു..
പക്ഷേ...
നമ്മളെ സ്നേഹിക്കാൻ ഒരാൾ വേണം.. പ്രണയിക്കാൻ അല്ല... കാമുകനും ആവണം എന്നില്ല.. വേദന തോന്നുമ്പോൾ പറയാതെ അറിയാൻ.. നെഞ്ച് ഉലയുമ്പോൾ തോളൊന്ന് കാണിച്ചു ചേർത്ത് പിടിക്കാൻ.. വല്ലപ്പോഴും കൈ കോർത്തു വെറുതെ ഒന്ന് നടക്കാൻ..
മൗനത്തിലെ വാക്ക് കണ്ടു പിടിക്കാൻ.. ദേഷ്യത്തിലെ സ്നേഹം കണ്ടു പിടിക്കാൻ.. ചിരിയിലെ നോവ് കണ്ടു പിടിക്കാൻ..
അതല്ലേ പങ്കാളി..
നെറ്റിയിൽ കൈ ചേർത്ത് ദിവ്യാ കണ്ണനെ നോക്കി..
മുഖം തെളിഞ്ഞിട്ടില്ല അവന്റെ..
അത്ര ഇഷ്ടം ആണ് അവന് ജയേട്ടനെ.. തിരിച്ചും..
താന്നോടെ സ്നേഹം ഇല്ലാത്തൊള്ളൂ..
എന്താണാവോ അതിന്റെ കാരണം.. ഇനി ഇങ്ങനെയൊക്കെ ആവുമോ ആൾടെ സ്നേഹം..
ഒരിക്കലും അല്ല.. ഇത് സ്നേഹം അല്ലല്ലോ.. കടമ തീർക്കും പോലെ അല്ലേ ഓരോന്നും ചെയ്തു തരുന്നത്..
ജോലിക്ക് പോവുന്നത് ഇവിടെ കൊലക്കൂറ്റം പോലെ ആണ്..
വാശി പോലെ താൻ നേടി എടുത്തതാണ്... വിട്ട് കളയില്ല..
അവസാന എക്സാം എഴുതാൻ വിടാതെ പിടിച്ചു വച്ച ദേഷ്യം വാശി ആയാണ് പുറത്ത് ചാടിയത്..
വീട്ടിൽ നിന്നു പോലും വിളിച്ചു ചോദിച്ചില്ല എന്തേ പോകാഞ്ഞേ എന്നത്..
അവരും ഇനി മറന്നു പോയോ..
"മോളെ ഒരുത്തന്റെ കയ്യിൽ ഏല്പിച്ചു.. ഇനി എനിക്ക് സ്വസ്ത്ഥ മായി "എന്ന് അച്ഛൻ രവി അങ്കിലിനോട് പറയുന്നത് കേട്ടിരുന്നു..
അങ്ങനെ സ്വസ്തമാവാൻ വേണ്ടി കൊടുത്തു ഒഴിവാക്കാൻ ഞാൻ അത്രയും വില ഇല്ലാത്ത ഒരു വസ്തു ആയിരുന്നോ അച്ഛനും...
വയറ്റിലൊരു കുഞ്ഞിനെ തന്ന് അടിച്ചമാര്ത്തിയിട്ടുന്ദ് എന്ന് ഭർത്താവ് വിചാരിച്ചു
അമ്മയും... തളച്ചു കഴിഞ്ഞു എന്ന് വിചാരിച്ചു..
പക്ഷേ തോൽക്കാൻ മനസ്സിലായിരുന്നു..
അമ്മയുടെയും മകന്റെയും കളിയാക്കിയുള്ള ചിരി ഉറക്കം കെടുത്തി..
ഫോണിൽ കൂടി തന്നെ ആണ് ബാങ്ക് കേച്ചിങ് എങ്ങനെ എപ്പോ... എന്നൊക്കെ അന്വേഷിച്ചു അറിഞ്ഞത്..
വാശിയോട് കാത്തിരുന്നു..
തോൽപ്പിക്കാൻ അമ്മയും മോനും പുതിയ യുദ്ധമുറകൾ തേടുമ്പോൾ.. തോൽക്കാതിരിക്കാൻ താനും ശ്രമിച്ചു..
ഒരാശ്വാസം പോലെ ആയിരുന്നു.. മുടങ്ങി പോയിരുന്ന എഴുത്ത് പൊടി തട്ടി എടുത്തത്..
അതും പക്ഷേ മഹാ അപരാതം ആയി പോയിരുന്നു..
ഇരുപത്തി നാല് മണിക്കൂറും ഫോണിൽ ആണ് പോലും..
ജയേട്ടൻ ആണ് ചോദ്യം ചെയ്തത്.. അപ്പോൾ മാത്രം ആണ് അറിഞ്ഞത് റൂമിൽ ഇരുന്നു ചെയ്യുന്നത് പോലും റെക്കോർഡ് ബുക്കിൽ ചേർക്കുന്നുണ്ട് എന്നത്..
എന്നിട്ടും നിർത്തിയില്ല.. ഒഴിവ് വേളകളിൽ എഴുതി... പറയുന്നവർ പറഞ്ഞോട്ടെ..
അതിൽ ആനന്ദം കണ്ടെത്തി..
അങ്ങനെ കിട്ടിയ ഒരുപാട് സൗഹൃദം ഉണ്ട്... അവിടെ മാത്രം ഒതുങ്ങി കൂടുന്നത്.. വെക്തി ജീവിതത്തിൽ ദിവ്യാ എന്നത് ഒറ്റപെട്ടു കിടക്കുന്ന ഒരു തുരുത്താണ്..
ആരും എത്തിപ്പെടും എന്ന് ഉറപ്പില്ലാത്ത തുരുത്തിൽ...
ഇതിനിടയിൽ പ്രേമും ആശയും ഡൗണിൽ പുതിയ വീട് എടുത്തു മാറിയിരിക്കുന്നു..
അല്ലങ്കിൽ തന്നെ പ്രേം ജോലിക്ക് പോവുമ്പോൾ ആശയെ അവളുടെ വീട്ടിൽ ആക്കി ആയിരുന്നു പോവുന്നത്..
അവൻ ഉള്ളപ്പോൾ മാത്രം ഇവിടെ നിൽക്കും.. ഒന്നോ രണ്ടോ ദിവസം.. അന്ന് തന്നെ വീട്ടിൽ വഴക്ക് ആയിരിക്കും..
അമ്മ കാത്തിരിക്കും.. അവരുടെ വരവിനായി.. സ്നേഹം കൊണ്ടല്ല.. ആശയുടെ കുറ്റങ്ങൾ എണ്ണി പറഞ്ഞു കൊണ്ട് പ്രേമിനെ സ്വന്തം വരുത്തിയിൽ നിർത്താൻ.. പക്ഷേ അവന്റെ അമ്മയുടെ സ്വഭാവം അവൻ അറിഞ്ഞിരുന്നു...
ദിവ്യാ..... ആഹാരം എടുത്തു വെക്ക്...
ആക്ഞ്ഞ സ്വരം... ജയേട്ടൻ ആണ്..
മുടി വാരി കെട്ടി കൊണ്ട് അവൾ എഴുന്നേറ്റു.. കണ്ണന്റെ നെറുകയിൽ ഒന്ന് തലോടി പുതച്ചു കൊടുത്തു കൊണ്ട് പുറത്തിറങ്ങി..
"കറിയും മീൻ വറുത്തതും മാത്രം ഒള്ളൂ.. വേറൊന്നും വെച്ചില്ലേ "
കസേരയിൽ ഇരുന്നു കൊണ്ട് വിലാസിനി അമ്മ മുറുമുറുത്തു..
അഞ്ചു മണി കഴിയും ബാങ്കിൽ നിന്നും തിരിച്ചു എത്താൻ.. അന്ന് മുഴുവനും കഴിച്ച പാത്രങ്ങൾ തന്നെ കാൾ ഉയരത്തിൽ കൂട്ടി ഇട്ടിട്ടുണ്ട്.. അതെല്ലാം വൃത്തി യാക്കണം.. പിന്നെ യും ഒത്തിരി ജോലികൾ...
വൈകുന്നേരം ചൂടുള്ള ചോറ് തന്നെ വേണം അമ്മയ്ക്ക്.. അതും വിറകടുപ്പിൽ..
തണുത്തത് കഴിച്ച വയറു വേദനിക്കും പോലും..
ആരോഗ്യത്തിനു ഒരു കെടും ഇല്ല.. പക്ഷേ എല്ലാം കൈ അകലത്തിൽ എത്തിച്ചു കൊടുക്കണം.. അച്ഛന് പക്ഷേ അങ്ങനെ നിർബന്ധം ഒന്നും ഇല്ല ഒന്നിനും..
"അഞ്ചു മണിക്ക് തിരിച്ചു വന്നിട്ടും നിനക്ക് സമയം തികയുന്നില്ലേ ഫുഡ് ഉണ്ടാക്കാൻ.."ജയേട്ടൻ കലിയോടെ ചോദിക്കുന്നത് കേട്ടു..
"എനിക്ക് പറ്റുന്നത് പോലെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. വെറും ഇതല്ല ഇവിടെ ഉള്ള ജോലി.."അത് മാത്രം പറഞ്ഞു തിരിഞ്ഞു നടന്നപ്പോഴും പിറകിൽ നിന്നും വിലാസിനി അമ്മ ഉറക്കെ പറയുന്നുണ്ട്..
ജോലി നിർത്താൻ തന്നെ ആവും.. അതാണല്ലോ എല്ലാത്തിനും അവസാനം കണ്ടു പിടിക്കുന്ന മറുവടി...
"നീയും വന്നു കഴിക്ക് "എന്നവിടെ ആരും പറഞ്ഞില്ല..അവളോട്.... ആരും..
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
"മറ്റന്നാൾ ഒന്നും എനിക്ക് പറ്റില്ല.. അന്ന് കട ലീവ് തന്നെ.. പക്ഷേ എനിക്ക് വേറെ ചില തിരക്കുകൾ ഉണ്ട്.. നീ തനിച്ചു പോയ മതി "..
ഒപ്പം പഠിച്ചു കളിച്ചു വളർന്ന പ്രിയപ്പെട്ട കൂട്ടുകാരി ദക്ഷയുടെ വീടിന്റെ പാലുകാച്ചാൽ ആണ്..
ഒരുപാട് കൊതിച്ചതാണ് പോവാൻ.. ഞ്യായർ ആയത് കൊണ്ട് നിന്റെ ജയേട്ടനെയും കൂട്ടി വായോ ന്ന് പ്രതേകിച്ചു പറഞ്ഞു..
അവളുടെ ഭർത്താവ് രാഹുൽ ജയേട്ടനെ വിളിച്ചതും ആണ്..
അന്ന് നോക്കാം എന്ന് പറഞ്ഞ ആളാണ്..
"ഒരുമിച്ചു ചെല്ലാം ന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു "
മടക്കിയ തുണികൾ അലമാരയിൽ വെച്ചു കൊണ്ട് അവൾ പതിയെ പറഞ്ഞു..
"നിനക്ക് എന്താ ദിവ്യാ പറഞ്ഞ മനസ്സിലാവില്ല എന്നുണ്ടോ.. നിന്റെ പുറകിൽ ഒരുങ്ങി കെട്ടി നടക്കൽ മാത്രം ആണോ എനിക്ക് ജോലി.. മനുഷ്യൻ ഇവിടെ നിന്ന് തിരിയാൻ സമയം ഇല്ലാണ്ടിരിക്കുവാ.. അപ്പാഴാ അവളുടെ ഒരു..."
കയ്യിലുള്ള തോർത്ത് ബെഡിലേക്ക് എറിഞ്ഞു കൊണ്ട് അയാൾ പറയുമ്പോൾ...
ഒരുമിച്ചു അവസാനം പുറത്ത് പോയത്...
അതെന്നാ എന്ന് ഓർക്കുക ആയിരുന്നു ദിവ്യ..
കഴിഞ്ഞ ഓണത്തിന്... തന്നെ വീട്ടിൽ ആക്കിയിട്ടു അപ്പൊ തന്നെ തിരിച്ചു പൊന്നു.. പെങ്ങൾ വരും എന്ന് പറഞ്ഞു കൊണ്ട്..
അടുത്ത മാസം ഓണം ആണ്..
ഒരു വർഷം കഴിഞ്ഞു.. കൂടെ ഒന്ന് പോന്നിട്ട്... എന്നിട്ടാണോ ഈ പ്രഹസനം..
അവൾക്ക് എന്താ പറയേണ്ടത് എന്ന് മനസ്സിലായില്ല..
മോനെ... ജയാ.. കിടന്നോ നീയ് "വാതിലിൽ നിന്നും അമ്മയുടെ ശബ്ദം..
അയാൾ എഴുന്നേറ്റു ചെല്ലുന്നത് കണ്ടു..
ദിവ്യ തിരിഞ്ഞു നോക്കി..
"മറ്റന്നാൾ കുഞ്ഞമ്മേടെ മോളുടെ കുഞ്ഞിന്റെ നൂല് കെട്ടാണ്.. രാവിലെ തന്നെ പോണം കേട്ടോ.. മറക്കണ്ട "
അമ്മ പറയുന്നത് കേട്ടു..
"ഇല്ലമ്മേ.. രാവിലെ നേരത്തെ തന്നെ ഒരുങ്ങി കോളു.. നമ്മുക്ക് പോവാം "
ജയേട്ടൻ വാക്ക് കൊടുക്കുമ്പോൾ...
ചുണ്ടിൽ ഒരു വരണ്ട ചിരിയോടെ ദിവ്യ ബെഡിലേക്ക് കിടന്നിരുന്നു....