രചന: ജിംസി
അവൻ താടിയിൽ കുറച്ച് ഒന്ന് തടവി ആലോചനയിലേക്ക് പോയി..
" ഗാഥ... ഐ തിങ്ക് അവൻ നിന്റെ മുമ്പിൽ അഭിനയിച്ചതാണെന്നു തോന്നുന്നു... അവന്റെ ലൈഫ് സേവ് ചെയ്തതിന് താങ്ക്സ് പറയാമെന്ന് വെച്ചാൽ അവന് ഈ മാര്യേജ് മുടങ്ങണം എന്ന് തന്നെയല്ലേ ആഗ്രഹം? "
നിതിൻ പറഞ്ഞത് ശരിയാണെന്ന് അവൾക്കും തോന്നി..
" ഓഹോ അപ്പോൾ എന്റെ മുൻപിൽ നിന്നും ഒരു നോ കിട്ടുവാൻ വേണ്ടിയിട്ടാണ് അല്ലേ അവൻ ഒരു നെഗറ്റീവ് ക്യാരക്ടറായി എന്റെ മുൻപിൽ നിന്നു തന്നത്... എനിക്കറിയണം നിതിൻ... എന്ത് റീസണിന്റെ പേരിലാണ് അങ്ങനെ പറഞ്ഞത് എന്ന്..."
" ഹേയ് തനിക്ക് എന്താ വട്ടുണ്ടോ? എന്തെങ്കിലും ആവട്ടെ ജസ്റ്റ് ഒന്ന് പെണ്ണ് കണ്ടിട്ട് പോയി എന്നല്ലേ ഉള്ളൂ... വേറെ പ്രൊപ്പോസൽ നോക്കിക്കൂടെ... "
" എടാ എനിക്കിത് ജസ്റ്റ് ഒരു പെണ്ണ് കാണൽ അല്ല... അവന്റെ ഫോട്ടോ കണ്ടിട്ട് തന്നെ എന്തോ ഒന്ന് എനിക്ക് ഫീൽ ചെയ്തതാ... എന്തായാലും അവന് താത്പര്യമില്ലെങ്കിൽ വേണ്ട എനിക്ക് റീസൺ അറിയണം.. "
" ഓക്കേ... നീ എന്താന്ന് വെച്ചാ ചെയ്യ്.. അല്ല ഇനിയിപ്പോ എന്ത് ചെയ്യാനാ പ്ലാൻ..? "
മറുതലയ്ക്കൽ നിന്നുള്ള അവന്റെ ചോദ്യം കേട്ട് അവൾ ഒരു നിമിഷം ആലോചിച്ചു..
" നാളെ....നാളെ ഞാൻ അവനെ നേരിൽ പോയി കാണും... അഡ്രസ്സ് കിട്ടാൻ വലിയ പാടില്ല..മേമയോട് ചോദിച്ചു ഡീറ്റെയിൽസ് ഞാൻ എടുക്കും... എന്നിട്ട് അവനെ പോയി കണ്ടിട്ട് കാര്യം ചോദിക്കും... "
" ഹാ അങ്ങോട്ട് ചെന്ന് കൊട്... നീ ചോദിക്കുമ്പോൾ അപ്പൊത്തന്നെ അവൻ കാര്യം പറയും... ഹഹഹാ... "
" എന്താടാ നീ എന്നെ കളിയാക്കുവാണോ...? "
" ഓ ഇല്ല.. നീ എന്തായാലും നാളെ പോയിട്ട് വിവരം പറയ്..എനിക്ക് വർക്കുണ്ട് ഓക്കേ.. "
അതു പറഞ്ഞ് അവൻ വേഗം തന്നെ ഫോൺ ഓഫ് ചെയ്തു..
" എടാ വെക്കല്ലേ വെക്കല്ലേ.. ഒരു ഹെൽപ്പ്... "
രണ്ടാമതൊന്നു പറയുന്നത് കേൾക്കാൻ നിൽക്കാതെ അവൻ ഫോൺ ഓഫ് ചെയ്തു... അവനെയും കൂട്ടി പോകാമെന്നാണ് വിചാരിച്ചത്... ഇനിയിപ്പോൾ താൻ തന്നെ പോയി അവനെ ഒന്ന് കാണാം... അവൾ ഉറച്ചു തീരുമാനിച്ചു...
അന്നു രാത്രി എത്ര തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് അവൾക്കു ഉറക്കം വന്നതേയില്ല... വീട്ടിൽ അറിയാതെ എങ്ങനെ ഒരു കാരണം പറഞ്ഞ് അവനെ കാണാൻ പോകും എന്ന ചിന്തയിൽ അവളുടെ മനസ്സുഴറി കൊണ്ടിരുന്നു..
അവൾ പെട്ടെന്ന് എന്തോ ഓർത്ത് എന്നപോലെ മേമയുടെ ഫോണിലേക്ക് വിളിച്ച് കാര്യം പറഞ്ഞു...
അജിത്തിന്റെ വീട്ടുകാരെ പറ്റി നന്നായി അറിയാം എങ്കിലും പേഴ്സണലി അജിത്തിന്റെ ക്യാരക്ടറിനെപ്പെറ്റി ഗാഥ പറഞ്ഞപ്പോൾ മേമയും അതു വേണ്ടെന്ന് വെച്ചതായിരുന്നു... ഇതിപ്പോൾ അവൾ ആയിട്ട് അവനോട് നന്നായി സംസാരിച്ചു നല്ലൊരു തീരുമാനം എടുക്കട്ടെ എന്ന് മേമയും വിചാരിച്ചു..
മേമ അവന്റെ അഡ്രസ്സ് അവൾക്ക് കൊടുത്തു... തനിക്ക് അഡ്രസ്സ് തന്നത് മറ്റാരും അറിയരുതെന്നും അവൾ മേമയെ പറഞ്ഞു ഓർമ്മിപ്പിച്ചിരുന്നു...
ഒരുപാട് നേരം കഴിഞ്ഞ് ഉറങ്ങിയത് കൊണ്ടാകണം പിറ്റേന്ന് സൂര്യരശ്മികൾ അവളുടെ മുഖത്തേക്ക് വന്നു പതിച്ചപ്പോഴും അവളുടെ കണ്ണുകൾ തുറക്കാൻ നന്നേ പ്രയാസപ്പെട്ടിരുന്നു...
അമ്മ വന്നു വിളിച്ചപ്പോഴാണ് സമയം എട്ടു മണി ആയത് അവൾ അറിഞ്ഞത്... വേഗം തന്നെ കിടക്കയിൽ നിന്ന് എണീറ്റ് അവൾ വേഗം ഫ്രഷ് ആയി... ഒരു ഫ്രണ്ടിനെ കാണണം എന്നു പറഞ്ഞ് അവൾ ഒരു പത്തുമണിയോടുകൂടി തന്റെ സ്കൂട്ടിയും എടുത്ത് ഇറങ്ങി...
തനിക്ക് അയച്ചുതന്ന അഡ്രസ്സിൽ നോക്കി അവൾ യാത്ര തുടർന്നു... ഉദയനഗറിൽ ചെന്ന് സെക്കൻഡ് ലെഫ്റ്റ് തിരിഞ്ഞ് നാലാമത്തെ വീട് നോക്കി അവൾ വണ്ടി വേഗം മുന്നോട്ട് എടുത്തു...
ഒരു വളവു തിരിഞ്ഞതും അവളുടെ വണ്ടിയിൽ മറ്റൊരു ബൈക്ക് ചെന്ന് ഇടിച്ചതും പെട്ടെന്നായിരുന്നു...
അവൾ പൊടുന്നനെ തന്നെ വണ്ടിയിൽ നിന്നും റോഡിലേക്ക് വീണു... കൈമുട്ടിൽ ചെറുതായി ഉരഞ്ഞ് തൊലി പോയിട്ടുണ്ട്... ഭാഗ്യത്തിന് വേറൊന്നും പെറ്റിയില്ല...
കൈമുട്ടിലെ പൊടിതട്ടി മാറ്റിയിട്ട് ബൈക്കോടിച്ചിരുന്ന ആളെ നോക്കി അവൾ ദേഷ്യത്തിൽ അടുത്തേക്ക് ചെന്നു...
" എവിടെ നോക്കിയാടോ വണ്ടിയോടിക്കുന്നത്...? " അവൾ ദേഷ്യത്തിൽ ചോദിച്ചു...
" ദേ.. പെണ്ണെ.. റോങ്ങ് സൈഡിലൂടെ കയറി വന്നതും പോരാ.. എന്റെ മേലേക്ക് കയറുന്നോ?... ഇയാൾ ഇത് എവിടെ നോക്കിയാ വണ്ടിയോടിക്കുന്നേ...? "
അവൾ ഒന്നോർത്തപ്പോൾ തന്റെ ഭാഗത്താണല്ലോ തെറ്റ് എന്ന് മനസ്സിലാക്കി... എങ്കിലും സോറി പറയാൻ അവളുടെ നാവിൽ വാക്കുകൾ അപ്പോൾ തറഞ്ഞു നിന്നു...
ബൈക്കുകാരൻ തിരികെ വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോൾ അവൾ രണ്ടും കൽപ്പിച്ച് സോറി പറയാമെന്നു വെച്ചു..
" ചേട്ടാ അതെ സോറി ഒരു അബദ്ധം പറ്റിയതാ... "
" മ്മ്മ്... അല്ലേലും നിങ്ങൾക്കൊക്കെ കുറച്ച് അഹങ്കാരം കൂടുതലാ... തെറ്റ് തന്റെ ഭാഗത്താണെന്ന് അറിഞ്ഞിട്ട് കൂടിയും നമ്മുടെ മേലേക്ക് മെക്കിട്ട് കയറാൻ വന്നോളും... "
അവൻ ബൈക്കിൽ കയറുന്നതിനിടെ അങ്ങനെ പറഞ്ഞത് അവൾക്കു തീരെ രസിച്ചില്ല..
" ഹലോ മിസ്റ്റർ... തെറ്റ് എന്റെ ഭാഗത്താണ് ഓക്കേ സമ്മതിച്ചു...എന്ന് കരുതി അഹങ്കാരം എന്നൊന്നും പറഞ്ഞേക്കരുത്...സോറി ഞാൻ പറഞ്ഞല്ലോ... ആക്ച്വലി എന്റെ മൈൻഡ് വേറെ എവിടെയോ ആയിരുന്നു... "
" ആവുമല്ലോ... വണ്ടിയോടിക്കുമ്പോൾ സ്വപ്നം കണ്ടുകൊണ്ടിരുന്നാൽ ഇങ്ങനെയേ വരു.... ഇനിയെങ്കിലും നോക്കിയും കണ്ടും പോണേ... "
കുറച്ചുനേരം സംസാരിച്ചപ്പോഴാണ് തനിക്ക് പരിചയമുള്ള ശബ്ദവും രൂപവും അയാൾക്കുണ്ടെന്ന് അവൾക്ക് തോന്നിയത്... ഹെൽമറ്റ് വെച്ചതുകൊണ്ട് മുഖം തീരെ വ്യക്തമല്ലായിരുന്നു...
" എടോ താൻ താനല്ലേ ഇന്നലെ പെണ്ണുകാണാൻ വന്നത്? " അവൾ കുറച്ചുനേരം അവനെ ശ്രദ്ധിച്ച ശേഷം ചോദിച്ചു...
" ആ അതെ അതിനെന്താ...? "
അവൻ കൂസലില്ലാതെ പറഞ്ഞു
" എന്നിട്ട് താൻ ഒരു പരിചയം പോലും കാണിക്കുന്നില്ല എന്നെ ആദ്യമായിട്ട് കാണുന്നതുപോലെ ആണല്ലോ പെരുമാറ്റം? "
അവൾക്ക് അതിശയം ആയിരുന്നു അവന്റെ ആ രൂപമാറ്റം... അപ്പൊ ആള് താൻ വിചാരിച്ച പോലെ അല്ല എന്ന് അവൾ ഊഹിച്ചു...
" എനിക്ക് അൽപ്പം ധൃതിയുണ്ടേ... ഞാൻ പൊക്കോട്ടെ...? "
അവൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയതും അവൾ മുമ്പിൽ വന്നു നിന്നു...
" താൻ പോകാൻ വരട്ടെ... തന്നെ കാണാനാണ് ഞാൻ ഈ വഴി വന്നത്... എന്തിനായിരുന്നു എന്റെ ഫോട്ടോ കണ്ട് ഇഷ്ടമായി എന്ന് അറിയിച്ചിട്ടും ഒരു കോമാളിയെ പോലെ എന്റെ മുമ്പിൽ ഇന്നലെ പെരുമാറിയത്...? "
അവൾ അതിനുള്ള ഉത്തരത്തിനായി അവനെ ഉറ്റു നോക്കി...
" തന്റെ ഫോട്ടോ ഞാൻ കണ്ടിട്ട് പോലും ഇല്ല... ഫോട്ടോ നോക്കി അഭിപ്രായം ഒക്കെ ഇയാളുടെ വീട്ടിൽ അറിയിച്ചത് എന്റെ അച്ഛന്റേം അമ്മയുടേം പണിയാ... പിന്നെ ആരുടേം ഫോട്ടോ ഞാൻ കണ്ടിട്ടും കാര്യം ഇല്ലന്ന് അവർക്ക് തന്നെ അറിയാം.. നോ പറഞ്ഞ് മടുത്തു.. അവസാനം എന്നെ നിർബന്ധിച്ചു കൊണ്ട് വന്നതാ ഇയാളുടെ വീട്ടിൽ... ഇനി ഇയാൾ തന്നെ നോ പറഞ്ഞ് ഇത് ക്യാൻസൽ ആവട്ടെന്ന് വെച്ചിട്ടാ ഞാൻ ഇന്നലെ അങ്ങനെയൊക്കെ.... "
അവൻ അത്രയും പറഞ്ഞപ്പോൾ നിതിൻ പറഞ്ഞത് ശെരിയാണല്ലോ എന്നവൾ ഓർത്തു... മനഃപൂർവം എന്തിനു സ്വന്തം കല്ല്യാണം മുടക്കണം.
" അപ്പൊ ശരി.. ഇനി എനിക്ക് പോവാലോ.. തനിക്ക് അറിയാൻ ഉള്ളത് അറിഞ്ഞല്ലോ...? " അവൻ വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു..
" ഏയ്... അങ്ങനെ പോവാൻ വരട്ടെ അറിയാൻ ഇനിയും ഉണ്ടല്ലോ... താൻ മാര്യേജ് വേണ്ടെന്നു വെച്ചതിന്റെ റീസൺ പറഞ്ഞിട്ട് പൊക്കോ... എന്നെ ഇഷ്ടപ്പെട്ടില്ല എങ്കിൽ നോ പ്രോബ്ലം.. ബട്ട് റീസൺ കറക്റ്റ് അറിയണം...? "
അവൾ വിടാൻ ഭാവം ഇല്ലാതെ അവനെ തടഞ്ഞു നിർത്തി...
" തനിക്ക് ഇനി എന്തൊക്കെ അറിയണം? ...തന്നെ എന്തായാലും ആർക്കായാലും ഇഷ്ടപ്പെടും... ബട്ട് എനിക്ക് ഇപ്പോൾ മാര്യേജ് ചെയ്യാൻ താൽപ്പര്യം ഇല്ല... എനിക്ക് ലൈഫിൽ കുറച്ചു പ്ലാൻസ് ഉണ്ട് അതൊക്കെ ചെയ്തു തീർക്കണം.... ചിലപ്പോ അതിന് കുറച്ചു ടൈമ് എടുക്കും... അത് എല്ലാം കഴിഞ്ഞ് എനിക്ക് യോഗം ഉണ്ടേൽ ഞാൻ കെട്ടും...വീട്ടുകാരോട് പറഞ്ഞിട്ടു കാര്യം ഇല്ല...എന്തായാലും താൻ ഇന്നലെ കണ്ട പരിചയം വെച്ച് ഇന്ന് ഇവിടെ വരെ വന്നല്ലോ കാരണം തിരക്കാൻ.. കൂടുതൽ ഒന്നും പറയാൻ ഇല്ലടോ...
" അല്ല അതേ... പോകാതെ... " അവൾ
പറയുന്നത് കേൾക്കാൻ നിൽക്കാതെ അപ്പോൾ തന്നെ അവൻ വണ്ടി മുന്നോട്ട് എടുത്തു..
ഇനി താൻ അവിടെ നിന്നിട്ടും കാര്യമില്ല എന്ന തിരിച്ചറിവിൽ അവൾ തിരികെ വീട്ടിലേക്ക് വണ്ടി തിരിച്ചു...
ചൂടിൽ നിന്ന് ഒരു ശമനം എന്ന പോലെ ഒറ്റ മഴതുള്ളി അവളുടെ കൈയിൽ തട്ടി തഴുകി പോയി... വീതി കുറഞ്ഞ ഇടനാഴിയിൽ നിന്നും വലിയ പാതയിലേക്ക് വണ്ടി ചലിച്ചതോടെ മഴനൂലുകൾക്ക് കനംമേറി കൊണ്ടിരുന്നു...
ഇന്നലെ വരെ കനത്ത ചൂടും പേറി വിയർപ്പ് കണങ്ങൾ ഒഴുകുമ്പോൾ മഴക്കായുള്ള കാത്തിരുപ്പിലായിരുന്നു എല്ലാവരും... ഇപ്പൊ ഇതാ... പ്രതീക്ഷിക്കാതെ ഉള്ള മഴയിൽ അവൾ റെയിൻ കോട്ട് എടുക്കാൻ മറന്നിരുന്നു...ദേഹം മുഴുവൻ നനയാൻ തുടങ്ങിയതും അവൾ റോഡരികിൽ കണ്ട ബസ് സ്റ്റോപ്പിലേക്ക്, ആളുകൾ വണ്ടിയിൽ നിന്നും ഇറങ്ങുന്നത് കണ്ടു..
അവൾ വണ്ടി റോഡിനോരം ചേർന്ന് ഒതുക്കിയിട്ട് തലയിൽ കയ്യും വെച്ച് കൊണ്ട് ബസ് സ്റ്റോപ്പിലേക്കു കയറി നിന്നു..
ചുരിദാർ ഷോള് കൊണ്ട് കൈ തുടച്ചും മുഖം ഒപ്പിക്കൊണ്ടും, മുടിയിലെ മഴത്തുള്ളികൾ കുടഞ്ഞും നിന്നപ്പോഴാണ് അടുത്ത് നിൽക്കുന്നവനിൽ നിന്നും ഒരു സ്വരം കേട്ടത്...
" ച്ചെ...ഇത് ന്താ കാണിക്കണേ...? "
അവൻ കർച്ചീഫ് കൊണ്ട് മുഖം തുടച്ചു പറഞ്ഞപ്പോൾ അവൾ തിരിഞ്ഞു നോക്കി...
" ഓഹ്... താനായിരുന്നോ? എന്നേക്കാൾ സ്പീഡിൽ പോയതാര്ന്നല്ലോ... മഴയത്തു പെട്ടല്ലേ? "
" ഹാ.. അടുത്ത് ആള് നിൽക്കണ കണ്ടില്ലേ... വെള്ളം കുടയുമ്പോ നോക്കണ്ടേ? " ഗൗരവത്തിൽ ഉള്ള അവന്റെ ചോദ്യം കേട്ട് അവൾ അവനെ ആകെയൊന്നു നോക്കി...
"മ്മ്.. സോറി " അവൾ അലക്ഷ്യമായി പറഞ്ഞു..
.ഇയാള് മൊത്തത്തിൽ നനഞ്ഞിരിക്കുവാ... എന്നിട്ടാ ഒരു പറച്ചില്... അവൾ പിറുപിറുത്തു...
" ഹോ.. ഈ മഴ കുറയുന്ന ലക്ഷണം ഒന്നും കാണാൻ ഇല്ല... " പുറത്തു തകർത്തു പെയ്യുന്ന മഴയെ നോക്കി അടുത്ത് നിൽക്കുന്ന ഒരു ചേച്ചി പറഞ്ഞു..
മഴയുടെ ഒപ്പം കൂട്ടിനു കാറ്റും വന്നിട്ട് എല്ലാവരെയും തഴുകി പോയികൊണ്ടിരുന്നു.... തണുത്ത കാറ്റിന്റെയും മഴയുടേം ഗന്ധം അവൾ നന്നായി ആസ്വദിച്ചു നിൽക്കുന്നത് കണ്ടിട്ട് തൊട്ട് അടുത്ത് നിൽക്കുന്ന അജിത്ത് ഒരു ചിരിയോടെ അവളെ നോക്കി കൊണ്ട് നിന്നു...
ഗാഥായുടെ മേലാകെ തണുപ്പ് ഇരച്ചു കയറി... അവൾ തോളിൽ ഒരു സൈഡിൽ ഒതുക്കി ഇട്ടിരുന്ന ഷോള് എടുത്ത് രണ്ടു തോളിലേക്കും വീതിയിൽ പുതച്ചു കൊടുത്തു നിന്നു...
ചെറിയ തണുപ്പ് പോലും പെറ്റുന്ന ആളല്ല എന്ന് അവളുടെ മട്ടിലും ഭാവത്തിലും അവന് മനസിലായിരുന്നു... കൊച്ചു കുട്ടികൾ നോക്കി കാണുന്ന പോലെ ഉള്ള അവളുടെ നോക്കി നിൽപ്പ് അവനിൽ ചെറു ചിരി ഉണർത്തികൊണ്ടിരുന്നു....
" അയ്യോ....അമ്മേ..." പെട്ടെന്നുള്ള വിളിയിൽ അവിടെ നിന്നിരുന്നവർ റോഡിലേക്ക് എത്തി നോക്കി.. കുറച്ചപ്പുറം മാറി ഒരു പ്രായം ചെന്ന അമ്മ വീണു കിടക്കുന്നു...
ബസ്സ്റ്റോപ്പിൽ നിന്നിരുന്നവർ അവരുടെ അടുത്തേക്ക് ഓടി അടുത്തു...
റോഡിൽ ഒരു കുഴിയിലേക്ക് തെന്നി വീണു കിടക്കുകയായിരുന്നു...നെറ്റിയിലും കയ്യിലും മുറിവുകൾ ഉണ്ട്... അവരെല്ലാവരും ചേർന്ന് ഒരു വിധത്തിൽ അവരെ പിടിച്ച് ഇരുത്തി. അപ്പോഴേക്കും മഴയുടെ ശക്തി കുറഞ്ഞു കുറഞ്ഞു വന്നു...
" ഇവരെ വേഗം ഹോസ്പിറ്റലിൽ എത്തിക്കാം... ..ആരേലും ഒന്ന് കൂടെ കയറു.." അജിത്ത് അപ്പോഴേക്കും ഒരു ഓട്ടോ പിടിച്ചു നിർത്തിയിരുന്നു..
ആരും കൂടെ കയറുന്നില്ല എന്ന് കണ്ടതും ഗാഥാ ഓട്ടോയിൽ കയറി അവർക്കൊപ്പം ഇരുന്നു..
" താൻ.. എന്തിനാ കയറിയത്.. തനിക്ക് വീട്ടിൽ പോവണ്ടേ..? " ഗാഥാ കയറിയതും അവൻ ചോദിച്ചു
" .. വീട്ടിൽ ഞാൻ വിളിച്ചു പറഞ്ഞോളാം...വണ്ടിയെടുക്ക് ചേട്ടാ.."
മഴത്തുള്ളികളെ വേഗത്തിൽ തെറിപ്പിച്ചു കൊണ്ട് ആ ഓട്ടോ വേഗത്തിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു....