ബസ്_കണ്ടക്ടർ, ഭാഗം 2

Valappottukal


രചന: നന്ദു

""അതെ ഇവിടെ ടിക്കറ്റ് എടുത്തതാണോ..""

കിരൺ അത് ചോദിച്ചപ്പോൾ സീറ്റിൽ ഇരുന്ന കുറച്ചു പ്രായം ചെന്നയാൾ അവനെ എന്തോ വല്യ മഹാപാപം പറഞ്ഞത് പോലെ ഒന്ന് നോക്കി.. എന്നിട്ട് കയ്യിലെ ടിക്കറ്റ് കാണിച്ചു കൊടുത്തു.. 

""ഓഹ് നേരത്തെ ടിക്കറ്റ് എടുത്തു എന്ന് പറഞ്ഞ പോരെ അതിനാണോ എന്നെ ദഹിപ്പിക്കുന്ന നോട്ടം..""

കിരൺ ബസിലെ തിരക്കിലേക്ക് കടന്നു.. 

      ************************

രേണുക വീട്ടിലെക്ക് കയറി ഇന്നും അമ്മ വിളക്ക് വെച്ചു കഴിഞ്ഞാണ് വരവ്.. 

""എന്താ രേണു ഇതിപ്പോ എന്നും നേരം വൈകി പതിവ് ആയല്ലോ.""

അത് ആദ്യം വരാറുള്ള ബസിൽ തിരക്ക് കൂടുതൽ ആണ്.. പിന്നെ ചെറിയ വിത്യാസം അല്ലെ ഉള്ളു ഒരുപാട് വൈകുന്നില്ലല്ലോ.. 

""മ്മ്.. നിനക്ക് പിന്നെ ന്യായങ്ങൾ ഒരുപാട് ഉണ്ടാവുമല്ലോ.. നീ ഒരു പെൺകുട്ടി ആണെന്ന് മറക്കണ്ട നേരത്തെ വീട്ടിൽ എത്തിയില്ലെങ്കിൽ എന്റെ മനസ്സിൽ തീ ആണ്..""

'"അറിയാം അമ്മേ എനിക്ക്.. ഇനി എന്നും ഇതാ പതിവ്.. ഇതിൽ കൂടുതൽ വൈകില്ല ഉറപ്പ്..""

""മ്മ്..""

ആദ്യമൊക്കെ വൈകിയാൽ മാത്രം കിരണിന്റെ ബസിൽ പോകാറുള്ളൂ അത് ഇപ്പോൾ പതിവ് ആക്കിയതിൽ അമ്മയ്ക്ക് പരിഭവം ഉണ്ട്.. പക്ഷെ എന്റെ മനസ്സിൽ എന്താണെന്ന് അമ്മയ്ക്ക് അറിയില്ലല്ലോ.. 

""മോളെ.. കുളിച്ചിട്ട് വാ.. ഞാൻ ചായ എടുത്തു വെക്കാം..""

""മ്മ്..""

മുറിയിൽ കയറി ബാഗും കിടക്കയിൽ വെച്ചിട്ട് കുറച്ചു നേരം വെറുതെ ഇരുന്നു.. 

ശെരിക്കും പ്രണയം തന്നെ അല്ലെ.. പക്ഷെ എന്നോട് തിരിച്ചും അങ്ങനൊരിഷ്ടം ഉണ്ടാവുമോ.. 

""രേണു പോയി കുളിക്ക് നീ മുറിയിൽ എന്ത് ചെയ്യാ..""

""ആഹ് ഇതാ പോകുവാ..""

ഡ്രസ്സ്‌ എടുത്തു കുളിമുറിയിൽ കയറി അമ്മ കോരി വെച്ച കിണറ്റിലെ തണുത്ത വെള്ളം ദേഹത്ത് വീഴുമ്പോൾ തണുപ്പല്ല എന്നെ ഇക്കിളി കൂട്ടുന്നത് പോലെ തോന്നി.. 

പിന്നെ മനസ്സിൽ മുഴുവൻ അയാളുടെ മുഖം അല്ലെ.. സ്വഭാവം എങ്ങനെ ആണെന്ന് ഒരു ഊഹവും ഇല്ല.. പുറമെ കുറച്ചു ദേഷ്യം ഒക്കെ ആണ്.. ഡ്രൈവറോട് മാത്രമേ ചിരിച്ചു സംസാരിക്കുന്നത് കണ്ടിട്ടുള്ളു.. എങ്ങനെ ഇഷ്ടം തോന്നി എന്റെ ഭഗവതി എനിക്ക്.. മനസ്സിൽ നിന്ന് പോകുന്നില്ലല്ലോ.. 

കുളി കഴിഞ്ഞു ഇറങ്ങിയ എന്നെ കണ്ടിട്ട് അമ്മ താടിയ്ക്ക് കൈ വെച്ചു നോക്കുന്നുണ്ട്.. 

""എന്താ രേണു ഇത്..""

എന്തെ എന്ന അർത്ഥത്തിൽ അമ്മയെ നോക്കിയപ്പോൾ അമ്മ ദേഷ്യത്തിൽ എന്നെ ഒന്ന് നോക്കി.. 

എന്റെ ദേഹത്തു നിന്ന് നിലത്ത് ഇറ്റു വീഴുന്ന നീർ തുള്ളികൾ പറഞ്ഞു തന്നു ഉത്തരം.. 

കുളി കഴിഞ്ഞു ദേഹം തുടക്കാതെ പാവാട കൊണ്ട് പാതി മറച്ച എന്നെ കണ്ടാൽ ആരായാലും ഒന്ന് ഞെട്ടും.. 

""നീ എന്താടി ഉണ്ണിയാർച്ചയോ...""

തല തുടച്ചു തന്നിട്ട് അമ്മ വഴക്ക് തുടങ്ങി.. മുറിയിൽ ഓടി കയറി വസ്ത്രം മാറി അമ്മയ്ക്ക് അരികിൽ ചെന്നു.. 

""എന്താ അമ്മേ ഇന്ന് ചായ മാത്രെ ഉള്ളു..""

""ഞാനിന്ന് ചായക്ക്  ഒന്നും ഉണ്ടാക്കിയില്ല.. അടുക്കളയിൽ തട്ടിൽ മിച്ചർ ഉണ്ട് അത് പോരെ..""

""മ്മ്.. മതി..""

അമ്മ ഒരു കുഞ്ഞ് പാത്രത്തിൽ മിച്ചർ എടുത്തു മുമ്പിൽ വെച്ചു അതിൽ നിന്ന് കടല മണികൾ പെറുക്കി കയ്യിൽ എടുത്തു തിന്നുകൊണ്ട് ടീവി തുറന്നു.. 

""എന്താ അമ്മേ ഇന്ന് സീരിയൽ ഒന്നും ഇല്ലേ..""

""ഉണ്ട്.. എനിക്ക് എന്തോ ടീവി ഓൺ ആക്കാൻ തോന്നിയില്ല..""

""അതെന്ത് പറ്റി എന്റെ സുമതി കൊച്ചിന്.. അത്ഭുതം ആണല്ലോ.."" 

""ഒന്ന് പോടീ പെണ്ണെ..""

അമ്മ ചിരിച്ചു കൊണ്ട് എന്നെ കളിയാക്കി.. അമ്മയുടെ മുഖത്തു നിന്ന് നല്ല ക്ഷീണം ഉണ്ടെന്ന് മനസ്സിലാവുന്നുണ്ട്.. പക്ഷെ ഒന്നും തുറന്ന് പറയില്ല.. അമ്മയുടെ മുറിയിൽ കയറി മരുന്ന് പെട്ടി തുറന്ന് നോക്കി.. 

""ഓഹ് അപ്പൊ മരുന്ന് തീർന്നു അല്ലെ.. അതിനാണോ ഇങ്ങനെ.. ഒന്നും പറയരുത് അമ്മേ.. അമ്മ ഇങ്ങനെ ആയാലോ..""

""എന്റെ രേണു രണ്ട് ദിവസം കുടിച്ചില്ല എന്ന് വെച്ച് എന്താ..""

""അപ്പൊ രണ്ട് ദിവസം ആയല്ലേ മരുന്ന് തീർന്നിട്ട്..""

""മോളെ അത് സാരമില്ല.. മോൾക്ക് പൈസ കിട്ടിയിട്ട് പറയാന്നു വിചാരിച്ചു..""

""അതിന് ഇപ്പൊ എന്റെ കയ്യിൽ ഉണ്ടല്ലോ പൈസ അമ്മ മരുന്ന് വാങ്ങാനുള്ള പ്രിസ്ക്രിപ്ഷൻ എടുത്തു വെക്ക് നാളെ വാങ്ങാം.."" 

""മ്മ്.. ""

അമ്മ കൂടുതൽ ഒന്നും മിണ്ടാതെ പ്രിസ്ക്രിപ്ഷൻ എടുത്തു തന്നു അത് ബാഗിൽ വെച്ചിട്ട്.. വീണ്ടും ടീവിക്ക് മുമ്പിൽ ഇരുന്ന എന്റെ മുടിയിൽ അമ്മ വിരലുകൾ ഓടിച്ചു.. 

   *************************

""ഗിരി ഏട്ടാ.. നിങ്ങളുടെ പൈസ വേണ്ടേ..""

""എന്താടാ കിരണേ അങ്ങനെ ചോദിക്കുന്നത്.. ""

സ്റ്റാൻഡിൽ നിർത്തി ഇട്ട ബസിൽ നിന്നുള്ള കിരണിന്റെ ചോദ്യം കേട്ട് ഗിരി ചോദിച്ചു.. 

""ഒന്നുല്ല വെറുതെ..""

അവൻ ഗിരിയ്ക്ക് കൊടുക്കാൻ ഉള്ളത് കൊടുത്തിട്ട് അവനെ നോക്കി ചിരിച്ചു.. 

""എന്താടാ കിരണേ മുഖത്തു ഒരു തെളിച്ചം ഇല്ലാത്തത്..""

""അറിയില്ല ഗിരി ഏട്ടാ.. എത്രയൊക്കെ പൈസ കിട്ടിയിട്ടും ഒന്നും തികയുന്നില്ല എന്നാ അവസ്ഥാ.. പെങ്ങന്മാർ രണ്ടും വളർന്നു വരുവല്ലേ അവർക്ക് എന്തെങ്കിലും കരുതി വെക്കണം.. ഒരു പിടിയും ഇല്ല.. ഞാൻ ഒറ്റയ്ക്ക് വേണ്ടേ എല്ലാർക്കും വേണ്ടി..""

""നീ ഇങ്ങനെ വിഷമിക്കല്ലേ... പരമാവധി ചിലവൊക്കെ ചുരുക്കി മുന്നോട്ട് പോ.. നിനക്ക് ചിലവാക്കൽ കുറച്ചു കൂടുതൽ ആണ്..""

""മ്മ്.. അതെ വഴി ഉള്ളു..""

കിരൺ അവന് കിട്ടിയ എണ്ണൂറിൽ നിന്ന് അഞ്ഞൂറ് എടുത്തു പേഴ്സിൽ വെച്ചു.. എന്നിട്ട് അമ്മയെ ഫോണിൽ വിളിച്ചു.. 

""അമ്മേ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ..""

""ഇല്ല മോനെ..""

""മ്മ് എന്ന ശെരി അമ്മേ..""

ഫോൺ കട്ട്‌ ചെയ്തു ബസിൽ നിന്ന് ഇറങ്ങി കളക്ഷൻ ഓണർ മാധവൻ പിള്ളയുടെ കയ്യിൽ നേരിട്ട് ഏൽപ്പിച്ചു.. 

""എന്താടാ കിരണേ മുഖത്തു ഒരു വാട്ടം..""

""ആഹ് ഒന്നുല്ല മാധവേട്ടാ..""

""എന്നാ ശെരി നാളെ കാണാം..""

ഹെൽമെറ്റ്‌ വെച്ചിട്ട് സ്കൂട്ടറിൽ കയറി വീട്ടിലേക്ക് തിരിക്കുമ്പോൾ പ്രണയം ഒന്നും വേണ്ടെന്ന് ആയിരുന്നു.. 

പെങ്ങന്മാരെ നല്ല നിലയ്ക്ക് എത്തിക്കുന്നതിന് മുൻപ് അതൊക്കെ ബാധ്യത മാത്രം ആവുമെന്ന് അവന് തോന്നി.. പക്ഷെ അവളുടെ മുഖം മറക്കും തോറും ആഴത്തിൽ അവന്റെ മനസ്സിൽ പതിഞ്ഞു.. 

വീട്ടിൽ എത്തി കഴിഞ്ഞു പതിവ് പോലെ കാത്തു നിക്കുന്നുണ്ട് എന്നെ.. പക്ഷെ ഇന്ന് ചിന്നു മാത്രമേ പുറത്ത് നിക്കുന്നുള്ളൂ.. 

""എവിടെ ചിന്നു മോളെ,  മാളു..""

""മാളു ചേച്ചിക്ക് സുഖമില്ല പനിയാ..""

അമ്മ അടുക്കളയിൽ നിന്ന് സാരി തലപ്പ് കൊണ്ട് നനഞ്ഞ കൈ തുടച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.. 

""അവൾക്ക് വൈകിട്ട് നോക്കുമ്പോൾ നല്ല പനി.. ഞാൻ തുണി നനച്ചു വെച്ചു ഇപ്പൊ കുറവുണ്ട്..""

അവളെ മുറിയിൽ കയറി നോക്കി.. മൂടി പുതച്ചു കിടക്കുന്നുണ്ട്.. ഞാൻ നെറ്റിയിൽ കൈ വെച്ചു നോക്കി.. 

""എന്റെ അമ്മേ ഇവൾക്ക് നല്ല പനിയുണ്ടല്ലോ.. എന്നെ ഒന്ന് വിളിച്ചു പറഞ്ഞാ ഞാൻ വരില്ലേ..""

""കുറവുണ്ട് മോനെ അതാ അമ്മ പറയാഞ്ഞേ..""

മാളു എന്റെ കയ്യിൽ മെല്ലെ പിടിച്ചു.. നല്ല ചൂടുണ്ട് അവളുടെ കൈക്ക്.. 

""ഇപ്പൊ കുഴപ്പം ഇല്ല ഏട്ടാ..""

""മോള് കഞ്ഞി കുടിച്ചോ..""

""ഇല്ല..""

ഞാൻ അമ്മയെ നോക്കി.. 

""നീ എന്നെ നോക്കണ്ട.. നീ വന്നാലേ എന്തെങ്കിലും കഴിക്കു എന്ന് ഒരേ വാശി ആയിരുന്നു..""

ചിന്നു അവൾക്ക് കൊടുക്കാനുള്ള കഞ്ഞി ഒരു പാത്രത്തിൽ കൊണ്ടു വന്നു.. ഞാൻ സ്പൂൺ എടുത്തു മെല്ലെ കോരി കൊടുത്തു.. പാവത്തിന് നല്ല വിശപ്പ് ഉണ്ടെന്ന്  തോന്നുന്നു മുഴുവൻ കുടിച്ചു..  അമ്മ അത് കണ്ടിട്ട് അവളെ നോക്കി പറഞ്ഞു.. 

""കുറച്ചു മുൻപ് ഞാൻ കൊടുത്തപ്പോൾ കയ്പ്പാണ് എന്ന് പറഞ്ഞവളാ.. ഇപ്പൊ മുഴുവൻ കുടിച്ചല്ലോ..""

""എന്റെ ഏട്ടൻ കോരി തന്നാൽ കയ്പ്പ് തോന്നില്ല.. ഏട്ടന്റെ ചിരിയും നോക്കി കുടിക്കാൻ നല്ല രസാ അമ്മേ..""

മാളു അവശതയോടെ അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു വന്നു.. അവർ അത് കാണാതെ ഇരിക്കാൻ അവിടുന്ന് തൃതിയിൽ എഴുന്നേറ്റു.. 

""ഏട്ടൻ കുളിച്ചിട്ട് വരാം..""

""മ്മ്..""

""ചിന്നു മോള് പോയി പഠിച്ചോ.. ഇല്ലെങ്കിൽ നിനക്കും പനി വരും ട്ടൊ.."" 

ചിന്നു ബുക്ക്‌ എടുത്തു എന്റെ മുറിയിൽ പഠിക്കാൻ പോകുന്നത് നോക്കി ഞാൻ മുണ്ടും എടുത്തു കുളിക്കാൻ കയറി.. എന്റെ പെങ്ങന്മാരെ നന്നായി നോക്കണം മാളു പ്ലസ് ടു ആണ് ചിന്നു ഒമ്പതിലും ഇപ്പോഴും എന്റെ കുഞ്ഞ് അനിയത്തി കുട്ടികൾ തന്നെയാ.. ഇപ്പൊ അഞ്ചു വർഷം ആയി അച്ഛന് തീരെ വയ്യാതെ ആയിട്ട്.. എന്നോട് കാര്യമായി സംസാരിക്കാറില്ല.. 

കുടിച്ചു കുടിച്ചു വയ്യാതെ ആയെന്ന് പറയാം.. ഞാനുമായി നല്ല അടി ആണ്.. അച്ഛന് എന്നെ കുറച്ചു പേടി ഉണ്ടെന്ന് തന്നെ കൂട്ടിക്കോ.. അതുകൊണ്ട് അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കുന്നു.. 

കുളി കഴിഞ്ഞു കഞ്ഞി കുടിക്കാൻ ഞാനും ചിന്നുവും ഇരുന്നു.. മാളുവിന് പനി നല്ല കുറവുണ്ട്.. കഞ്ഞി കുടിച്ചു കഴിഞ്ഞു മുറിയിൽ കയറിയപ്പോൾ ആണ് ചിന്നു മോൾ വന്നത്.. 

""ഏട്ടാ..""

""ഇന്നും ഏട്ടന്റെ കൂടെയാ.. മാളു ചേച്ചിന്റെ പനി മാറിയിട്ട് അവളുടെ കൂടെ കിടക്കാം.. വാ..""

""ഏട്ടാ അതല്ല..""

""എന്താ ചിന്നു..""

""മാളു ചേച്ചി ഏട്ടനോട് പറയരുത് പറഞ്ഞതാ എന്നാലും ഞാൻ പറയാം..""

""എന്താ മോളെ..""

""ചിന്നു മോളെ അടുത്ത് ഇരുത്തി കാര്യം തിരക്കി.""

""ഞാനും ചേച്ചിയും ഇന്ന് രാവിലെ അമ്പലത്തിൽ പോയിട്ടാ സ്കൂളിൽ പോയത്.. അതിക ദിവസവും പോകാറുണ്ട് അത് ഏട്ടന് അറിയില്ലേ..""

""ആഹ്.. ഗണപതി അമ്പലത്തിൽ അല്ലെ സ്കൂളിൽ പോണ വഴിക്കുള്ളത്..""

""മ്മ് അവിടെ തന്നെ.. കുറച്ചു ദിവസം ആയിട്ട് ഒരു പയ്യൻ എന്നും ചേച്ചിയെ നോട്ടം.. ഇന്ന് രാവിലെ ചേച്ചിയെ തടഞ്ഞു വെച്ചിട്ട് പറഞ്ഞു നാളെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലെങ്കിൽ പെട്രോൾ കൊണ്ടു വരും എന്ന്..""

അത് കേട്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിച്ചു വന്നു.. ആ കാരണം കൊണ്ട് പേടിച്ചിട്ട് ആണ് മാളു മോൾക്ക് പനി ആയത് എന്ന് ചിന്നു പറഞ്ഞു.. 

      **************************

പിറ്റേന്ന് പതിവ് നേരത്ത് എഴുന്നേറ്റു ബസിൽ പോയി.. 

""എടാ പ്രസാദേ ഇന്ന് രണ്ട് ട്രിപ്പ്‌ നീ പോ.. എനിക്ക് പെങ്ങളുടെ കൂടെ അവളുടെ സ്കൂളിൽ പോണം.. അത്യാവശ്യം ആണ്..""

""ആഹ് ശെരി ടാ...""

ബസിൽ പോകാൻ ആളെ ആക്കി.. ഞാൻ സ്കൂട്ടർ എടുത്തു പെങ്ങൾ പോകുന്നതിന് മുൻപ് വീട്ടിലേക്ക് തിരിച്ചു.. അവർ പോകുന്ന വഴി സ്കൂട്ടർ നിർത്തി ഇട്ടിട്ട് അവരെ കാത്തു അവൻ അവിടെ നിന്നു 

മാളുവും ചിന്നുവും ഒരുങ്ങി ഇറങ്ങാൻ നിക്കുന്നുണ്ട് അവർ രണ്ടാളും നടന്നു പോകുന്നത് നോക്കി പിന്നിലായി ഞാനും ചെന്നു.. അമ്പലത്തിൽ തോഴാതെ പേടിച്ചു കൊണ്ട് പാവം മാളു പോകുന്നുണ്ട്.. അവൾക്ക് മുമ്പിൽ തടഞ്ഞു കൊണ്ട് അവൻ നിന്നു.. കയ്യിൽ ഒരു കുപ്പിയും ഉണ്ട് പെട്രോൾ ആണെന്ന് തോന്നുന്നു.. 

""അങ്ങനെ പോകല്ലേ.. നിന്റെ തീരുമാനം എന്തായി..""

അവൾ കരയാൻ എന്നോണം നിൽക്കുന്നുണ്ട്.. 

""അത് ഞാൻ പറഞ്ഞ മതിയോ..""

കിരൺ അത് പറഞ്ഞു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു.. എന്നെ മനസിലാവാതെ അവൻ ഒന്ന് നോക്കി.. 

""നീ ആരാടാ..""

""കണ്ടിട്ട് ഇവരുടെ അച്ഛന്റെ പ്രായം തോന്നുന്നില്ലല്ലോ അപ്പൊ ഉറപ്പിച്ചോ ഏട്ടൻ ആണെന്ന്..""

""ഓഹ് വല്യ ഡയലോഗ് ഒന്നും വേണ്ടാ..""

അവന്റെ കയ്യിൽ നിന്ന് കുപ്പി വാങ്ങി കയ്യിൽ പിടിച്ചു.. എന്നിട്ട് കൊടുത്തു രണ്ട് മുഖത്തു.. 

""നാണം ഇല്ലല്ലോടാ നിനക്ക്.""

കവിൾ ഒരു കൈ കൊണ്ട് പൊത്തി പിടിച്ചു കൊണ്ട് അവൻ എന്നെയും എന്റെ കയ്യിലെ കുപ്പിയും നോക്കി.. പേടിച്ചു കൊണ്ട് പറഞ്ഞു 

""എന്റെ പൊന്ന് ചേട്ടാ തല്ലല്ലേ.. അത് പെട്രോൾ ഒന്നും അല്ല ചേട്ടാ.. ഞാൻ പേടിപ്പിക്കാൻ വേണ്ടി വെറുതെ കുപ്പിയിൽ വെള്ളം നിറച്ചതാ.. പച്ച കളർ കുപ്പി ആയത് കൊണ്ട് ആർക്കും മനസിലാവില്ലല്ലോ..""

""ഇനി മേലാൽ നിന്നെ ഈ പരിസരത്ത് കണ്ടാൽ..""

""എന്റെ വീട് ഇവിടെയാ ചേട്ടാ..""

""അയ്യേ.. ഇങ്ങനെ മോങ്ങല്ലെ.. ഇനി എന്റെ പെങ്ങന്മാർ പോകുമ്പോൾ ഈ വഴി കണ്ടാൽ നിന്റെ അവസാനം ആയിരിക്കും കേട്ടോ..'""

""മ്മ്..""

അവൻ മെല്ലെ ഒന്ന് മൂളിയിട്ട് എങ്ങോട്ടാ പോയത് കണ്ടില്ല.. മാളു അവന്റെ പോക്ക് കണ്ടിട്ട് ഉറക്കെ ചിരി ആയിരുന്നു.. 

എന്നിട്ട് എന്നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.. 

""അവന്റെ രൂപവും സംസാരവും കണ്ടിട്ട് ഞാൻ പേടിച്ചു.. ഏട്ടനോട് നേരത്തെ പറഞ്ഞാ മതിയായിരുന്നു സോറി ഏട്ടാ..""

""സാരമില്ല.. മക്കള് പൊയ്ക്കോ ഏട്ടനും പോകാൻ സമയം ആയി.. വൈകിട്ട് കാണാം..""

""മ്മ്..""

എനിക്ക് റ്റാറ്റാ പറഞ്ഞിട്ട് രണ്ടാളും ഒരുമിച്ചു കയ്യും പിടിച്ചു നടക്കുന്നത് കാണാൻ നല്ല രസം അവരുടെ.. നേരെ തിരിഞ്ഞു നടക്കാൻ നോക്കവേ അമ്പലത്തിൽ നിന്ന് തൊഴുതു ഇറങ്ങി എന്നെ നോക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ പെട്ടന്ന് ഞെട്ടി.. 

""രേണുക..""

അവൾ എന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടപ്പോൾ കയ്യും കാലും ഒരുപോലെ വിറയ്ക്കുന്നത് പോലെ.. 

""അത് അനിയത്തി കുട്ടികൾ ആണല്ലേ..""

അവൾ അത് ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു കൊണ്ട് അതെ എന്ന് പറഞ്ഞു... 

""എന്താ ഇവിടെ..""

""ഇന്ന് എന്റെ അച്ഛൻ മരിച്ച ദിവസം ആണ്.. അച്ഛന്റെ കുടുംബക്ഷേത്രം ആണ് അപ്പൊ പിന്നെ..""

""അതെയോ.. ഒറ്റയ്ക്കാണോ വന്നത്""

""അമ്മയ്ക്ക് വയ്യ അപ്പൊ പിന്നെ നിർബന്ധിച്ചില്ല..""

""ബസ് പോകാൻ സമയം ആയല്ലോ..""

""മ്മ് ആയല്ലോ എന്നല്ല ബസ് പോയി..""

രേണുക അവനെ കണ്ണിമ വെട്ടാതെ നോക്കി അത്ഭുതപെട്ടു നേരിൽ ഇങ്ങനെ ഒരു കൂടി കാഴ്ച അവളും  പ്രതീക്ഷിച്ചിരുന്നില്ല കണ്ടാൽ തന്നെയും സംസാരിക്കും എന്ന് മനസ്സിൽ പോലും വിചാരിച്ചിരുന്നില്ല.. 

നടന്നു അകലെ നിർത്തി ഇട്ട സ്കൂട്ടറിന് അരികിൽ എത്തിയപ്പോൾ അവൻ അവളെ നോക്കി.. 

""വിരോധം ഇല്ലെങ്കിൽ ടൗണിൽ വരെ എന്റെ കൂടെ വരാം ട്ടൊ..""

""അത് പിന്നെ..""

അവൾ ചുറ്റും മെല്ലെ കണ്ണോടിച്ചു.. അവനെ നോക്കി സമ്മതം എന്ന അർത്ഥത്തിൽ തലയാട്ടി.. 

അവനോപ്പം ഇരുന്ന് പോകുമ്പോൾ അവൾക്ക് മനസിലാവുന്നില്ല എങ്ങനെ കൂടെ പോകാൻ അവൻ സമ്മതിച്ചു എന്ന്.. 

പക്ഷെ പെങ്ങന്മാരെ പൊന്ന് പോലെ നോക്കുന്ന ഒരു മനസ്സുണ്ട്.. തന്റെ പെണ്ണിനെയും അത് പോലെ നോക്കും എന്ന് അറിയാം.. മനസിലാക്കാൻ അത് മതി.. ആ ധൈര്യത്തിൽ ആണ് ഇയാൾക്ക് ഒപ്പം ഇങ്ങനെ സ്കൂട്ടറിൽ പോകുന്നത്.. 

ടൗണിൽ എത്തും വരെ അവർ ഒന്നും മിണ്ടിയില്ല.. വണ്ടി നിർത്തി അവൻ പുറകിലേക്ക് ചെരിഞ്ഞു നോക്കി.. 

""അതെ ഇവിടെ അല്ലെ ജോലി ചെയ്യുന്നത് ഇറങ്ങുന്നില്ലെ..""

ഒന്ന് ഞെട്ടിയിട്ട് അവനോട് ചോദിച്ചു.. 

""എന്താ..""

""ഇവിടെ അല്ലെ ഇറങ്ങേണ്ടത് എന്ന്.."" 

""ആഹ് അതെ..""

ഷോപ്പിന് മുമ്പിൽ അവൻ നിർത്തിയത് കണ്ടിട്ട് അവൾ അത്ഭുതത്തോടെ അവനെ നോക്കി.. 

""ഈ കളർ സാരി ഉടുത്ത പെൺകുട്ടിയെ കണ്ടാൽ അറിയാം ഈ ഷോപ്പിൽ ആണ് ജോലി എന്ന്.. ഇയാൾ അധികവും ഇതേ കളർ സാരി ഉടുത്തല്ലേ വരാറുള്ളത് അങ്ങനെ മനസിലായതാ ഇവിടെ ആണെന്ന്..  അല്ലാതെ എനിക്ക് അറിയില്ല ട്ടൊ.. അതിന് ഇങ്ങനെ സൂക്ഷിച്ചു  നോക്കാതെ..""

അവൾ അത് കേട്ട് ചിരിച്ചു കൊണ്ട് അവനെ നോക്കി.. 

""എങ്കിൽ ഞാൻ പോട്ടെ..""

""മ്മ്.. വൈകിട്ട് ബസിൽ കാണാം.."" 

""മ്മ്..""

അവനെ തിരിഞ്ഞു നോക്കിയിട്ട് അവൾ മെല്ലെ മുന്നോട്ട് നടന്നു.. ലില്ലി ബസ് ഇറങ്ങി വരുമ്പോൾ കണ്ടത് അവന്റെ വണ്ടിയിൽ നിന്ന് ഇറങ്ങി നടക്കുന്ന രേണുകയെ ആയിരുന്നു.. 

""എടി രേണു ഒന്ന് നിന്നെ..""

പുറകിൽ നിന്ന് വിളി കേട്ട് അവൾ തിരിഞ്ഞു നോക്കി.. 

""എന്താടി..""

""ഓഹ് അപ്പൊ ഇതിനായിരുന്നു അല്ലെ നീ എന്നെ കൂട്ടാതെ നേരത്തെ ഇറങ്ങിയത് അല്ലെ..""

""ഒന്ന് പോടീ...""

രേണുക നടന്ന കാര്യങ്ങൾ എല്ലാം വിശദമായി അവൾക്ക് പറഞ്ഞു കൊടുത്തു.. 

""അമ്പടി കള്ളി അപ്പൊ അങ്ങനെ ആണല്ലേ കാര്യങ്ങൾ..""

""എങ്ങനെ..""

""ഞാൻ പറഞ്ഞത് സത്യാ രേണു അയാൾക്ക് ശെരിക്കും നിന്നെ ഇഷ്ടാ.. ആ നോട്ടം കണ്ടാൽ അറിയില്ലേ..""

""മ്മ്.. ""

രേണുക നാണത്തോടെ മുഖം കുനിച്ചു.. കടയിലെ തിരക്കിലേക്ക് നീങ്ങി... 
     *************************

ബസ് സ്റ്റാൻഡിൽ അവന്റെ ബസ് വരുന്ന സമയം നോക്കി കിരൺ കാത്തു നിന്നു.. 

ബസ് വന്നതും പ്രസാദ് അവനെ നോക്കി.. 

""ആഹ് നീ വന്നോ..""

""എങ്കിൽ നീ പൊയ്ക്കോ.. പൈസ ഞാൻ വൈകിട്ട് തരാം..""

""അതൊന്നും വേണ്ടടാ.. ഞാൻ പോട്ടെ..""

""എങ്കിൽ ശെരി""

ബസിൽ കയറി ആളുകൾ കയറുന്നത് നോക്കി സമയത്ത് സ്റ്റാൻഡിൽ നിന്ന് ബസ് എടുത്തു.. പാട്ട് വെക്കാൻ മുമ്പിലേക്ക് ചെന്നപ്പോൾ ഗിരി ഏട്ടൻ ഒരു നോട്ടം.. 

""എടാ കിരണേ ഞാൻ കണ്ടു ട്ടൊ..""

""എന്ത്.""

കിരൺ ഒരു കള്ള ചിരിയോടെ  അവിടെ നിന്ന് വേഗം മുഖം വെട്ടിച്ചു പിന്നിലേക്ക് നടന്നു.. 

വൈകുന്നേരം ആകുവാൻ കിരണും രേണുകയും ഒരുപോലെ കാത്തു നിന്നു... 

To Top