രചന: Chethana Rajeesh
പെട്ടെന്ന് അവളെഴുന്നേറ്റു.. സങ്കടവും സന്തോഷവുമൊക്കെ ചേർന്നു വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു അവൾ..
രണ്ടാളും പരസ്പരം മിണ്ടാതെ ഒരു നിമിഷം നിന്നുപോയി..
"സാർ.. ഇതാണ് വൈഫ്.. "
അങ്ങോട്ടേക്ക് വന്ന യദു അത് പറഞ്ഞപ്പോഴേക്കും പാറൂട്ടാ എന്നും വിളിച്ചു അയാൾ അവളെ കെട്ടിപിടിച്ചു..
യദു അമ്പരന്നു നോക്കി.. പാറു ആണെങ്കിൽ നിറഞ്ഞ കണ്ണുകളോടെ അവനെ ചേർത്ത് പിടിച്ചു..
നഷ്ടപ്പെട്ടുപോയതെന്തോ തിരികെ കിട്ടിയ സന്തോഷം രണ്ടു പേരിലുമുണ്ടായി..
"നീ ഏത് ഗുഹയിൽ ആയിരുന്നെടി..? എത്ര അന്വേഷിച്ചൂന്ന് അറിയ്യോ..? "
അവളെ അടർത്തി മാറ്റിക്കൊണ്ട് ദേഷ്യത്തിൽ അവൻ പറഞ്ഞു..
"ബിച്ചു... "
കരച്ചിലിൽ വാക്കുകൾ പിടഞ്ഞു വീണുകൊണ്ടിരുന്നു..
പെട്ടന്ന് ബോധ്യം വന്നപോലെ ബിച്ചു യദുവിനെ നോക്കി..
"യദുവിന്റെ വൈഫ് ആണല്ലേ പാറൂട്ടൻ.. അവളെന്റെ ആരാന്നു അറിയ്യോ..? എന്നെങ്കിലും ബിച്ചു എന്ന പേര് ഇവൾ പറഞ്ഞിട്ടുണ്ടോ..? "
കൊച്ചു കുഞ്ഞു പരിഭവം പറയുംപോലെ അവൻ ചോദിച്ചപ്പോൾ യദു ഇല്ലെന്ന് തലയാട്ടി..
ആദ്യമായാണ് വിശ്വജിത് എന്ന തങ്ങളുടെ ബോസിന്റെ ഇങ്ങനൊരു ഭാവം കാണുന്നത്..
"എന്റെ ബെസ്റ്റ് ബെസ്റ്റ് ഫ്രണ്ട് ആണിവൾ.. പെട്ടെന്നൊരു ദിവസം കാണാതായി.. അന്വേഷിച്ചപ്പോൾ അറിഞ്ഞു കല്യാണം കഴിഞ്ഞു പോയെന്ന്..
വേറൊന്നും അറിഞ്ഞില്ല.. പിന്നെ കാണുന്നത് ദേ ഇപ്പഴാ.. ഇരുപത് കൊല്ലത്തിനു ശേഷം.. "
അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
അത് കണ്ടു മക്കളും അവർക്കരികിൽ വന്നു..
"എന്റെ മക്കളാ.. "
പാറു പറഞ്ഞു.. ബിച്ചു രണ്ടാളുടെയും തലയിൽ തഴുകി.. പിന്നെ യദുവിനെ നോക്കി..
"ഇവളെ കണ്ട എക്സിറ്റെമെന്റിൽ പെട്ടന്ന് കെട്ടിപിടിച്ചതാ സോറി.. "
'സാരമില്ല സാർ.. "
മറ്റൊന്നും യദുവിന്റെ നാവിനു വഴങ്ങിയില്ല..
"നിങ്ങളിവിടെ തന്നെ നിൽക്കു ഞാനിപ്പോ വരാം..
പാറൂട്ടാ.. നീ ഇവിടെ ഇരിക്ക് അങ്ങോട്ട് നോക്കി.. ഞാൻ വിളിക്കുമ്പോൾ മാത്രെ എണീറ്റുവരാവൂ.. "
പാറുവിനെ പിടിച്ചിരുത്തി.. എന്നാൽ അവളുടെ കണ്ണുകൾ ചുറ്റിലും മറ്റാരെയോ തേടുന്നുണ്ടായിരുന്നു..
യദുവും മക്കളും അവിടെ ഇരുന്നു..
" ബിച്ചുവിന്റെ കമ്പനി ആണോ vts..?? "
യദുവിനോടായ് ചോദിച്ചു.. അതെയെന്ന് തലയാട്ടി.. നിറഞ്ഞു വന്ന കണ്ണുകൾ അവൾ തുടച്ചു.. അവളുടെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞിരുന്നു..
അത് മൂന്നാളും കണ്ടു..
അപ്പോഴേക്കും ബിച്ചു ഭാര്യ തെന്നലിനെ വിളിച്ചു കൊണ്ട് വന്നു..
അവരെ കണ്ടതും യദു ചിരിയോടെ എഴുന്നേറ്റു..
"ആ യദു.. സുഖമല്ലേ..? "
പരിചിത ഭാവത്തിൽ തെന്നൽ ചോദിച്ചു.. അതെയെന്ന് മറുപടി നൽകി.. പിന്നെ മക്കളേ പരിചയപ്പെടുത്തി..
പിറകിൽ ഇരിക്കുന്ന കാരണം പാറുവിനെ കാണാൻ തെന്നലിന് കഴിഞ്ഞില്ല..
"തനു.. നിനക്കൊരു ഗിഫ്റ്റ് തരാൻ എനിക്ക് ആഗ്രഹമുണ്ട്.. ഇവിടെ എല്ലാരുടെയും മുന്നിൽ വച്ച്.. "
തെന്നലിന്റെ ഇരു ഷോൾഡറിലും പിടിച്ചു ബിച്ചു പറഞ്ഞു..
"ആണോ.. അതെന്ത് സമ്മാനം..? "
"നീ ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഏത് സമ്മാനം കിട്ടിയലാണ്..? "
തെന്നൽ ഒന്ന് കണ്ണടച്ച് തുറന്നു.. എന്നിട്ട് പറഞ്ഞു
"നമ്മുടെ പാറൂട്ടനെ ഒരുനോക്ക് കാണണം.. ആ നിമിഷമായിരിക്കും ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുക.. "
തെന്നലിന്റെ കണ്ണുകൾ നിറഞ്ഞു വന്നു..
അവളുടെ വാക്ക് കേട്ടപ്പോൾ യദുവും മക്കളും ഒരുവേള അവരെ രണ്ടാളെയും നോക്കി.. പിറകിൽ ഇരുന്ന പാറു ആകെ വീർപ്പുമുട്ടിയിരിക്കയായിരുന്നു..
ബിച്ചു തെന്നലിന്റെ കൈ പിടിച്ചു പാറുവിന്റെ മുന്നിൽ കൊണ്ട് നിർത്തി..
പാറു ചാടി എഴുന്നേറ്റു തെന്നലിനെ കെട്ടിപിടിച്ചു.. മൂവരും കരയുകയായിരുന്നു..
എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായ്..
പെട്ടന്ന് തെന്നൽ അവളെ തട്ടി മാറ്റി മാറിനിന്നു..
"ബിച്ചു.. ഇവളോട് പോകാൻ പറ.. ഇത്ര കാലം എവിടെ ആയിരുന്നോ അങ്ങോട്ട് തന്നെ പോകാൻ പറ.. എന്തിനാ വന്നേ.. "
ബിച്ചുവിനെ കെട്ടിപിടിച്ചു പറഞ്ഞു.. പാറു കണ്ണുകൾ തുടച്ചു കൊണ്ട് അവർക്കരികിലേക്ക് വന്നു..
എന്നിട്ട് ബലമായി തെന്നലിനെ ബിച്ചുവിൽ നിന്ന് മാറ്റി..
എന്നിട്ട് ബിച്ചുവിന്റെ കൈയിൽ കൈകൾ കൊണ്ട് വട്ടം പിടിച്ചു അവന്റെ തോളിൽ തലചായ്ച്ചു നിന്നു..
തെന്നലിന്റെ മുഖത്ത് ഗൗരവം തന്നെ ആയിരുന്നു..
"ബിച്ചൂ.. ഈ പെണ്ണിനൊരു മാറ്റവുമില്ലല്ലോ അമ്മച്ചിയായി.. "
ചിരിയോടെ പാറു അത് പറഞ്ഞു തെന്നലിനെ നോക്കി കണ്ണുകൾ രണ്ടും ചിമ്മി കാണിച്ചു..
ദേഷ്യം വന്ന തെന്നൽ പാറുവിന്റെ കവിളിൽ കടിച്ചു..
"അതെ അതെ ഇപ്പൊ ആ പഴയ കോളേജ് കുട്ട്യോളല്ല രണ്ടും.. എല്ലാരും ശ്രദ്ധിക്കുന്നുണ്ട്.. "
ബിച്ചു പറഞ്ഞത് കേട്ടപ്പോഴാണ് രണ്ടാൾക്കും ബോധം വന്നത്.. പാറു പെട്ടന്ന് ബിച്ചുവിൽ നിന്ന് മാറി യദുവിനെ നോക്കി..
അവിടെ അമ്പരപ്പ് മാറിയിട്ടില്ല..
ബിച്ചു യദുവിനരികിലേക്ക് വന്നു..
"ഞങ്ങടെ ബെസ്റ്റ് ഫ്രണ്ട് ആണവൾ.. എട്ടാം ക്ലാസ്സ് തൊട്ടുള്ള ബന്ധം.. ബാക്കി ഒക്കെ പിന്നെ സംസാരിക്കാം.. "
യദുവിന്റെ തോളിൽ തട്ടി ബിച്ചു ഹാളിന്റെ ഒത്ത നടുവിൽ വന്നു.. ഗ്ലാസിൽ സ്പൂൺ വച്ച് തട്ടി എല്ലാവരുടെയും ശ്രദ്ധ തിരിച്ചു..
"ലേഡീസ് ആൻഡ് ജന്റിൽമാൻ.. ഇന്നത്തെ ദിവസം അടിച്ചു പൊളിക്കാൻ ഉള്ളതാണ്..
നമ്മുടെ കമ്പനിയുടെ 15ആം വാർഷികം.. അതിനുമപ്പുറം ഞാനും എന്റെ പ്രിയതമയും ഈ നിമിഷം ഒരുപാട് സന്തോഷിക്കുന്നു..
ഒരിക്കൽ കൈയിൽ നിന്ന് നഷ്ടമായ നിധി തിരികെ കിട്ടിയിരിക്കുന്നു..
നിങ്ങളെല്ലാവരും കണ്ടതാണല്ലോ സ്നേഹ പ്രകടനം.. "
ബിച്ചു തനുവിനെയും പാറുവിനെയും അടുത്ത് വിളിച്ചു..
" ഞങ്ങൾ മൂന്നു പേര് പത്തുപതിമൂന്ന് വയസ് തൊട്ട് ഒരുമിച്ചു ആയിരുന്നു.. ഒരു മനസോടെ ജീവിച്ചവർ..
എന്തിനും ഏതിനും എപ്പോഴും കൂടെ ഉണ്ടായിരുന്നവർ..
അതിൽ തനു എന്റെ പ്രണയവും പാറു ഞങ്ങടെ ചങ്ക്, സഹോദരി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും..
അതിനും അപ്പുറം ഞങ്ങടെ ആത്മവിലാണ് അവൾക്ക് സ്ഥാനം.. ഇടയ്ക്ക് ഇവളങ്ങു അപ്രത്യക്ഷമായി.. പിന്നെ പൊങ്ങുന്നത് ഇന്നാണ്..
യദുനന്ദന്റെ ഭാര്യയാണ് പാറു.. സോറി പാർവണേന്ദു.. "
എല്ലാവരും അവരെ മൂന്നുപേരെയും നോക്കി..
"അപ്പൊ ശരി.. ബാക്കി ആഘോഷങ്ങൾ തുടങ്ങിക്കോളൂ.. "
വീണ്ടും എല്ലാവരും പഴയ പടി ആഘോഷത്തിലേക്ക് നീങ്ങി..
ബിച്ചുവും തനുവും പാറുവിനോപ്പം അവളുടെ കുടുംബത്തിന്റെ കൂടെ കൂടി..
"യദു.. എട്ടാം ക്ലാസ്സ് തൊട്ടുള്ള കൂട്ടാണ് ഞങ്ങൾ മൂന്നുപേരും തമ്മിൽ..
പിജി വരെ ഒരുമിച്ചു ഒരേ കോളജിൽ പഠിച്ചതാ.. അതിന്റെ ഇടയിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായി..
പാറു ആണ് ഫുൾ സപ്പോർട്ട്..
പിജി കഴിഞ്ഞ സമയത്തു വീട്ടിൽ ഞങ്ങടെ കാര്യം അറിഞ്ഞു.. ജാതി മതത്തിന്റെ പേരിൽ രണ്ടു വീട്ടിലും എതിർപ്പായിരുന്നു..
അങ്ങനെ ഞങ്ങളൊരു കടും കൈ ചെയ്തു.. അങ്ങ് ഒളിച്ചോടി..
ചെന്ന് ഇവളെ വിളിച്ചു എല്ലാം പറഞ്ഞു സെറ്റ് ആക്കി.. ലാൻഡ് ലൈനിലേക്കാണ് വിളിച്ചത്..
പിന്നെ ഇടയ്ക്ക് ഇവൾക്ക് കത്തയച്ചിരുന്നു..
പെട്ടന്ന് ലാൻഡ് ലൈനിൽ ഇവളെ കിട്ടാതായി കത്തിനും മറുപടി ഇല്ല.. പക്ഷെ നാട്ടിലേക്ക് വരാനുള്ള സാഹചര്യവുമല്ല..
അങ്ങനെ ഒരു കൊല്ലത്തിനു ശേഷമാണ് നാട്ടിൽ വന്നത്.. അപ്പോഴേക്കും വീട്ടുകാരൊക്കെ സെറ്റ് ആയി..
അങ്ങനെ ഇവളെ അന്വേഷിച്ചു വീട്ടിൽ ചെന്നപ്പോൾ അവിടെ വേറെ താമസക്കാർ.. വീട് അവർക്ക് വിറ്റതാണെന്ന് പറഞ്ഞു..
അവസാനം ഇവളുടെ അമ്മ വീട് അന്വേഷിച്ചു കണ്ടെത്തി.. അമ്മാവനെ കണ്ടു.. അയാൾ പറഞ്ഞു വിവാഹം കഴിഞ്ഞു എന്ന്..
അഡ്രസ്സ് ഒക്കെ ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞു പിന്നെ ഞങ്ങളോട് ദേഷ്യപ്പെട്ടു.. അവളുടെ അമ്മയും അവിടെ ഇല്ലായിരുന്നു..
പിന്നെയും അറിയാവുന്ന ഇടതൊക്കെ അന്വേഷിച്ചു പക്ഷെ കണ്ടെത്തിയില്ല..
അവസാനം അവളായിട്ട് ഇങ്ങോട്ട് വരട്ടെ എന്ന് തീരുമാനിച്ചു..
ഇത്രയും നാളായിട്ട് ഞങ്ങളെ രണ്ടാളെയും പറ്റി ഇവളൊന്നും പറഞ്ഞിരുന്നില്ലേ..? "
അവന്റെ ചോദ്യത്തിന് മുന്നിൽ യദു പതറിപ്പോയി..
ഒരിക്കലും അവൾക്കൊരു സുഹൃത് ആയിരുന്നില്ല താൻ.. അവളുടെ ഒരു കാര്യവും തനിക്കറിയില്ല.. അവൻ കുറ്റബോധത്തിൽ മുഖം താഴ്ത്തി..
മക്കളും യദുവും അവൾ പിജി വരെ പഠിച്ചതാണെന്ന ഷോക്കിൽ തന്നെ ആയിരുന്നു..
"ബിച്ചു.. കഥകളൊക്കെ പിന്നെ പറയാം.. ഇനി നിങ്ങളെ രണ്ടാളെയും വിട്ടു ഞാൻ പോവൂല്ല അത് പോരെ.. "
പാറു ചിരിയോടെ പറഞ്ഞു..
"ഇനി നിന്നെ വിട്ടിട്ട് വേണ്ടേ..? "
ബിച്ചു ചിരിച്ചു..
"അല്ല എം എസ് സി ഫിസിക്സിൽ യൂണിവേഴ്സിറ്റി ഫസ്റ്റ് റാങ്ക് ഹോൽഡർ ഇപ്പൊ ഏത് പൊസിഷനിൽ ആണുള്ളത്..
നിന്റെ ആഗ്രഹം പോലെ ടീച്ചിങ് ആണോ അതോ അച്ഛന്റെ ആഗ്രഹം പോലെയോ..? "
അതും കൂടി കേട്ടപ്പോൾ മൂന്നാളുടെയും കണ്ണുതള്ളി..
അവരുടെ മുഖഭാവം തനുവും ബിച്ചുവും ശ്രദ്ധിച്ചിരുന്നെങ്കിലും കാണാത്തതായി ഭാവിച്ചു..
"അത് രണ്ടുമല്ല ബിച്ചു.. ഇന്ന് ഞാനൊരു വീട്ടമ്മ മാത്രമാണ്.. "
"വാട്ട്..? "
രണ്ടാളും ഒരേപോലെ ചോദിച്ചു..
"അതെ.. "
എന്തൊക്കെയോ ചോദിക്കാനുണ്ടെന്ന് പാറുവിന് മനസിലായി..
"എല്ലാം ഞാൻ പറയാം പിന്നൊരിക്കൽ.. ഇന്നിവിടെ ആഘോഷിക്കാൻ വന്നതല്ലേ.. "
അവളുടെ മറുപടി അവരെ തൃപ്തരാക്കിയില്ലെങ്കിലും ചുറ്റിലും ആളുകൾ ഉള്ളത് കൊണ്ട് അവളെ അനുസരിക്കുന്നതാണ് നല്ലതെന്ന് തോന്നി..
അന്ന് പരിപാടി കഴിഞ്ഞു വീട്ടിലേക്ക് ഇറങ്ങും വരെ തനുവിന്റെ കൈകൾ പാറുവിന്റെ കൈയിൽ നിന്ന് പിന്നെ അടർന്നു മാറിയിരുന്നില്ല..
ഇനിയും കാണാമെന്നു യാത്ര പറഞ്ഞു പാറു കാറിൽ കയറി..
മക്കൾക്കും യദുവിനും അവളോട് സംസാരിക്കാനുണ്ടായിരുന്നു പക്ഷെ എന്തോ ഒന്ന് അവരെ അതിൽനിന്നും പിൻവലിച്ചു കൊണ്ടിരുന്നു..
"അമ്മ പിജി ആയിരുന്നോ എന്നിട്ടെന്തേ പറയാഞ്ഞു..? "
ഇളയവളാണ്..
"ഇത് വരെ ആരും ചോദിച്ചിട്ടില്ല.. അതാ.. "
അലസമായി പാറു പറഞ്ഞൊഴിഞ്ഞു..
" എന്നാലും ഡാഡിയോട് പോലും പറഞ്ഞില്ലല്ലോ..? "
"നിങ്ങടെ ഡാഡിക്ക് എന്നെപ്പറ്റി എന്തെങ്കിലും അറിയുമോ എന്ന് ചോദിച്ചു നോക്ക്..
മനസ് തുറന്നെനോട് ഒരുവട്ടമെങ്കിലും സംസാരിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക്..
പിന്നെ ഞാൻ എന്ത് പറയാനാ.. ഇന്ന് അച്ഛനുമമ്മയുമില്ലാത്ത അനാഥയാണ് ഞാൻ..
പക്ഷെ അവരുള്ളപ്പോൾ നിങ്ങൾക്ക് കിട്ടിയതിനേക്കാൾ നല്ലൊരു ബാല്യം എനിക്ക് കിട്ടിയിരുന്നു..
അച്ഛനുമമ്മയും ഞാനും അടങ്ങുന്ന കൊച്ചു കുടുംബം.. പഠിക്കാനും മറ്റ് ആക്ടിവിടിസിനും ഒക്കെ എന്നും മുൻപന്തിയിൽ നിൽക്കുന്നൊരു പാർവണേന്ദു ഉണ്ടായിരുന്നു..
അവൾ തന്റെ ഭൂതകാലത്തിലേക്ക് വീണ്ടും നടന്നു..
🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
എന്റെ പിജി ഫസ്റ്റ് ഇയർ ആണ് അച്ഛൻ മരിക്കുന്നത്.. ഒരു അപകടമരണം..
അത് എന്റെ കൊച്ചു കുടുംബത്തെ വല്ലാതെ ഉലച്ചു..
ഞാനും അമ്മയും ഞങ്ങളുടെ ലോകത്തിലേക്ക് ചുരുങ്ങി..
അച്ഛനില്ലായ്‌മ അത് അനുഭവിച്ചു തന്നെ അറിയണം.. എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് അച്ഛൻ.. അമ്മ പിന്നേം ഇടയ്ക്ക് വഴക്ക് പറയും..
എന്നാലും രണ്ടാളും എന്റെ രണ്ടു കണ്ണുകളായിരുന്നു..
പഠനം പോലും പാതിവഴിയാക്കി വീട്ടിൽ ചടഞ്ഞു കൂടി ഇരുന്നു.. അവിടുന്ന് എന്നെ മാറ്റിയത് ഇന്ന് കണ്ട ആ രണ്ടുപേരാണ്..
എന്റെ ഇടവും വലവും എന്തിനുമേതിനും അവരുണ്ടായിരുന്നു..
അച്ഛന്റെ ആഗ്രഹം പോലെ പഠിക്കണമെന്ന് പറഞ്ഞു എന്നെ കൺവെൻസ് ചെയ്തു..
വീണ്ടും കോളജിലേക്ക് പോയി തുടങ്ങി..
പഴയ പോലെ ആയില്ലെങ്കിലും അമ്മയ്ക്ക് വേണ്ടി ജീവിക്കണം എന്ന് തോന്നിത്തുടങ്ങി..
വാശിയോടെ പഠിച്ചു.. റാങ്ക് വാങ്ങിച്ചു..
എക്സാം ഒക്കെ കഴിഞ്ഞ സമയത്താണ് ബിച്ചുവിന്റെയും തനുവിന്റെയും പ്രണയം വീട്ടുകാർ അറിയുന്നത്..
തനു ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ബിച്ചു ഹിന്ദുവും.. രണ്ടാളുടെയും അച്ചന്മാർ തമ്മിൽ വാക്കെറ്റം വരെ ഉണ്ടായി..
അവസാനം രണ്ടാളും കൂടെ ഒളിച്ചോടാൻ തീരുമാനിച്ചു..
അവരെ ട്രെയിൻ കയറ്റി വിടുമ്പോൾ ഞാനറിഞ്ഞിരുന്നില്ല ഒരുപാട് അകലത്തിലേക്കാണ് അവരുടെ യാത്ര എന്ന്..
അവർ ഇടയ്ക്ക് വിളിക്കാറുണ്ട്.. അങ്ങനെ ഇരിക്കെ റിസൾട്ട് ഒക്കെ വന്നു.. റാങ്ക് കിട്ടി.. കോളജിൽ അനുമോദനത്തിനൊക്കെ ചെന്നു..
അച്ഛന്റെ ആഗ്രഹം സാധിച്ചു എന്നൊരു അഭിമാനം ഉള്ളിലുണ്ടായി..
ടീച്ചിങ്ങിനോട് താല്പര്യമുണ്ട് അതിന് പോകാമെന്നു തീരുമാനിച്ചു.. പക്ഷെ വിധി എന്നൊന്നുണ്ടല്ലോ..
അങ്ങനെ ഒരുദിവസം അമ്മാവൻ വീട്ടിൽ വന്നു.. അച്ഛൻ മരിച്ചിട്ട് ജസ്റ്റ് ഒന്ന് വന്നു പോയ ആളാണ്..
അമ്മ വിളിച്ചുവരുത്തിയതാണെന്നും കുറച്ചു നാൾ തറവാട്ടിൽ പോയി നിൽക്കാമെന്നും അമ്മ പറഞ്ഞു..
അമ്മയ്ക്ക് ഒരു മാറ്റം വേണമെന്ന് എനിക്കും തോന്നി.. ഒരു പറിച്ചുനടൽ..
അമ്മ ഇപ്പൊ പഴയ പോലെയല്ല..
പഴയ അമ്മയുടെ നിഴൽ മാത്രമാണ് ഇപ്പൊ.. അങ്ങനെ അങ്ങോട്ട് പോയി..
ഒരു ദിവസം അമ്മയും അമ്മാവനും അമ്മായിയും എല്ലാവരും കൂടി എന്നെ വിളിച്ചു വരുത്തി എന്റെ കല്യാണം ഉറപ്പിച്ചു എന്ന് പറഞ്ഞു..
ഞാനതിനെ എതിർത്തു.. ആരാ എന്താ എന്ന് പോലും അറിയില്ല എനിക്ക്.. ദേഷ്യവും സങ്കടവും തോന്നി..
അമ്മയുടെ മാറ്റം ഉൾക്കൊള്ളാനായില്ല.. തിരിച്ചു വീട്ടിൽ പോകാമെന്നു വാശി പിടിച്ചപ്പോൾ അമ്മ പറഞ്ഞത് കേട്ട് തളർന്നു പോയി ഞാൻ..
"ആ വീട് വിറ്റു മോളെ.. "
"എന്തിന്..? "
"അച്ഛൻ സമ്പാദിച്ചത് ആ വീട് മാത്രമാണ്.. ഇനി നിന്റെ കാര്യത്തിനൊക്കെ പൈസ വേണ്ടേ..? പിന്നെ.. "
പാതിയിൽ അമ്മ നിർത്തി പക്ഷെ ആ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാതെ പറഞ്ഞിരുന്നു..
അമ്മ ആകെ ക്ഷീണിച്ചു പോയിട്ടുണ്ട്.. പഴയ പ്രസാദമൊന്നുമില്ലാത്ത അമ്മ.. അച്ഛൻ മരിച്ചെപ്പിന്നെ ഇങ്ങനെ ആണ്..
അമ്മ പെട്ടന്ന് എഴുന്നേറ്റു അകത്തു പോയി ബാക്കി പറഞ്ഞത് അമ്മാവനാണ്..
"അവൾക്ക് ക്യാൻസർ ആണ് ഫൈനൽ സ്റ്റേജ്..
അറിഞ്ഞിട്ടിപ്പോ കുറച്ചു ആയതേയുള്ളു.. ടെസ്റ്റ് ഒക്കെ ചെയ്തു..
പക്ഷെ റേഡിയേഷനോ കീമോയോ ഒന്നും ഇനി ഏൽക്കില്ല.. വെറുതെ ചെയ്തു ഇപ്പൊ ഉള്ള ആരോഗ്യം കൂടി കളയമെന്നേയുള്ളു..
ടെസ്റ്റിനും മറ്റുമായി പണം കുറെ ചിലവായി എന്റെ കൈയിൽ നിന്ന്.. അപ്പൊ അവളാണ് വീടും പറമ്പും വിൽക്കാൻ പറഞ്ഞത്..
നിന്റെ കല്യാണവശ്യത്തിനുള്ളത് മാറ്റിവച്ചിട്ട് ബാക്കി ഞാനെടുക്കും.. മരിക്കും വരെ എന്റെ പെങ്ങളെ ഞാൻ നോക്കിക്കോളാം..
അത് കൊണ്ട് അവളുടെ മരണത്തിന് മുൻപ് നിന്റെ കല്യാണം നടക്കണം..
അതവളുടെ കൂടെ സ്വപ്നമാണ്.. "
കേട്ടപ്പോൾ തകർന്നുപോയി.. അമ്മയും തന്നെ വിട്ടു പോവ്വാൻ നിൽക്കുന്നു.. അമ്മ കുറെ സമാധാനിപ്പിച്ചു..
അമ്മയുടെ അവസാനത്തെ ആഗ്രഹം എന്റെ വിവാഹമാണ്.. അങ്ങനെ അത് സാധിച്ചു കൊടുത്തു..
എല്ലാം പെട്ടെന്നായിരുന്നു.. രണ്ടാഴ്ച അതിനുള്ളിൽ എല്ലാം നടന്നു.. ഒരു മിന്നായം പോലെയാണ് തന്റെ ചെറുക്കനെ കണ്ടത്..
പിന്നെ കാണുന്നത് മണ്ഡപത്തിൽ വച്ചാണ്..
അതിനിടയിൽ ബിച്ചുവിനെയും തനുവിനെയും വിളിക്കാൻ ശ്രമിച്ചു കിട്ടിയില്ല..
അവരില്ലാതെ അങ്ങനെ ആ കല്യാണവും നടന്നു..