നാ, ണിച്ചു തല താഴ്ത്തിയിരിക്കുന്ന അവളെ അ, ടിമുടിയൊന്നു നോക്കിയിട്ട് അവൻ പറഞ്ഞു...

Valappottukal



രചന: ബിന്ധ്യ ബാലൻ


അവനതറിയില്ല.... സത്യമായും അറിയില്ല.. 😥😥

"നീയെത്ര സുന്ദരിയാണ്.... എന്റെ ഭാഗ്യമാണ് നിന്നെപ്പോലൊരു പെൺകുട്ടിയെ കിട്ടിയത് "

പ്രണയാതുരനായി അവനതു പറഞ്ഞപ്പോൾ  അവളുടെ മുഖം ചെമ്പകപ്പൂവ് പോലെ ചുവന്ന് തുടുത്തു ... പെണ്ണുകാണാലെന്ന ചടങ്ങിന് ശേഷം വീട്ടുകാർ കല്യാണം ഉറപ്പിച്ചു കഴിഞ്ഞുള്ള മറ്റൊരു കണ്ടുമുട്ടലിൽ തനിക്ക് മുന്നിൽ നാണിച്ചു തല താഴ്ത്തിയിരിക്കുന്ന അവളെ അടിമുടിയൊന്നു നോക്കിയിട്ട് അവൻ പറഞ്ഞു 

"നല്ല ഭംഗിയുള്ള കാൽപ്പാദങ്ങളാണ് കുട്ടി നിന്റേത്.. അഷ്ടലക്ഷങ്ങളും തികഞ്ഞത്. എനിക്കേറ്റവും ഇഷ്ടമായത്,  നഖങ്ങളിൽ നെയിൽപോളിഷ് ഇട്ടു തുടുപ്പിച്ച നിന്റെയീ തുടുത്ത കാൽപ്പാദങ്ങളാണ് " 

അവൾ അപ്പോഴും നാണത്തോടെ ചിരിച്ചു.... 
വിവാഹത്തിന് മുൻപുള്ള ഫോൺവിളികളിലെല്ലാം അവൻ പിന്നെയും അവളുടെ സൗന്ദര്യത്തെ പുകഴ്ത്തി.... 

വിവാഹം കഴിഞ്ഞ് മൂന്ന് മാസങ്ങൾ കഴിഞ്ഞൊരു പകലിൽ, കുളി കഴിഞ്ഞ് കയറി വരുന്ന അവളെ ആപാദചൂഢം നോക്കിയിട്ട് അവനൊരൊറ്റ ചോദ്യം 

"കാലിൽ ഇങ്ങനെ നഖം നീട്ടി വളർത്തുന്നതെന്തിനാണ്.... എന്തൊരു വൃത്തികേടാണ്.. നിനക്കതൊക്കെ വെട്ടിക്കളഞ്ഞു കാലുകൾ വൃത്തിയായി സൂക്ഷിച്ചുകൂടെ? " 

എന്നത്തേയും പോലെ അവൾ ചിരിച്ചില്ല... മൗനമായിരുന്ന് നഖാഗ്രങ്ങൾ വെട്ടിയൊതുക്കി.. 

"തലയിൽ നിനക്കിത്തിരി എണ്ണ തേച്ചു നടന്നൂടെ. ചകിരിപോലെയാണ് തലമുടി... ദേഹത്തു മുട്ടുമ്പോ ദേഷ്യം വരും എനിക്ക് " എന്നവൻ പറഞ്ഞ രാത്രിയിൽ അവളോർത്തത് മറ്റൊന്നാണ്.. വിവാഹത്തിന്റെ ആദ്യനാലുകളിൽ അവൻ പറയുമായിരുന്നു 
"സ്വർണ്ണനൂലുകളാണ് പെണ്ണേ നിന്റെ മുടിയിഴകൾ... ഷാമ്പൂവിന്റെ ഈ  സുഗന്ധം എനിക്കൊത്തിരി ഇഷ്ടമാണ് "

പിറ്റേന്ന് മുതൽ അവൾ മുടിയിൽ കാച്ചിയ എണ്ണ പുരട്ടി കുളിക്കാൻ തുടങ്ങി... ഇപ്പൊ അവനിഷ്ടം കാച്ചെണ്ണയുടെ ഗന്ധമായതു കൊണ്ടല്ലേ എന്ന് സ്വയം ചോദിച്ച് അവൾ അവനെ ന്യായീകരിച്ചു. 

അവൾക്കിഷ്ടമുള്ള മധുര പലഹാരങ്ങളെയെല്ലാം, പ്രമേഹത്തിന്റെ പേരിൽ അവളിൽ നിന്നകറ്റി, മാസത്തിൽ ഒരു തവണ മാത്രം മതി മധുരമെന്ന് അവൻ തീരുമാനിച്ചപ്പോഴും അവൾ സമാധാനിച്ചു, അവനു അവളോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടല്ലേ എന്ന്‌....  

അമ്മയെയും അച്ഛനെയും കൂടപ്പിറപ്പിനെയും കാണാൻ പൊയ്‌ക്കോട്ടെയെന്നു അവൾ അനുവാദം ചോദിച്ചപ്പോഴെല്ലാം, 
നീ പോയാൽ പിന്നെ ഇവിടെയാരാണ്...അടുത്ത മാസം പോകാം  എന്നൊരു ഒത്തുതീർപ്പിൽ അവൻ അവളുടെ മോഹത്തെ ഒതുക്കിയപ്പോഴും  അവൾ ഒന്നും മറുത്തു മിണ്ടിയില്ല... 
അപ്പോഴും അവൾ കരുതിയത്, അവനു അവളെ പിരിഞ്ഞിരിക്കാൻ കഴിയാത്തത് കൊണ്ടാണെന്ന്.... പാവം പെണ്ണ്.... 

ജീവിതത്തിലെ ആഴ്ചകൾ മാസങ്ങൾക്കും, മാസങ്ങൾ വർഷങ്ങൾക്കും വഴി മാറിക്കൊടുത്തപ്പോഴും, അവൾ പരിഭവങ്ങളില്ലാതെ പരാതികളില്ലാതെ ഒരു ഭാര്യയുടെ എല്ലാ കടമകളും നിറവേറ്റിക്കൊണ്ടിരുന്നു.... 

കുട്ടികൾ ഉണ്ടായതിനു ശേഷം 
അവളിൽ അവനുണ്ടായ മടുപ്പിനെ, വിരക്തിയെ, അവനിൽ പിറന്ന കുഞ്ഞുങ്ങളുടെ പുഞ്ചിരി കണ്ട് കൊണ്ട്  മറക്കാനവൾ  പഠിച്ചു.....  

അവളുടെ സൗന്ദര്യത്തെ വാ തോരാതെ വർണ്ണിച്ചിരുന്ന അവന്റെ കണ്ണുകളിൽ പിന്നെ കാഴ്ചയായതെല്ലാം  കറുത്ത് കരുവാളിച്ച മുഖവും,  വരകളും നിറഞ്ഞ അവളുടെ ഉന്തിയ വയറും ഇടിഞ്ഞു തൂങ്ങിയ മാറിടങ്ങളും മാത്രമായിരുന്നു...... 

അതെല്ലാം അവനു അരോചകങ്ങളായി മാറിതുടങ്ങിയിരിക്കുന്നു എന്നവൻ കളിയായും 
പിന്നെ കാര്യമായും പറഞ്ഞപ്പോഴും ക്ഷീണിച്ച പുഞ്ചിരി മാത്രമായിരുന്നു അവളുടെ മറുപടി..... 
അവനറിയില്ലല്ലോ, 
അവന്റെ സ്വന്തമായതിനു ശേഷമാണ് അവളുടെ മാറിടങ്ങൾ ഇടിഞ്ഞു തൂങ്ങിയതെന്നും, 
അവന്റെ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുത്തതിൽ പിന്നെയാണ് അവളുടെ വയറിൽ വെളുത്ത വരകൾ നിറഞ്ഞതെന്നും......... 

ഒടുവിൽ അവളെ തീർത്തും മടുത്ത്‌ വേർപിരിയലിന്റെ സാധ്യതകളെക്കുറിച്ചു അവൻ ചിന്തിച്ച് തുടങ്ങിയപ്പോൾ, അവളെ കുത്തി നോവിച്ചു കൊണ്ട് പിരിയാം എന്നവൻ പറഞ്ഞപ്പോൾ പുഞ്ചിരിച്ചു കൊണ്ടവൾ മൂന്ന്‌ കാര്യങ്ങൾ അവനോട് തിരികെ ചോദിച്ചു... 

പെണ്ണായ നാൾ മുതൽ, മധുവിധുവിന്റെ അവസാന നാളുകൾ വരെ ഉണ്ടായിരുന്ന മാറിടങ്ങളുടെ മാദക ഭംഗിയെ..... 

ചാടിയുന്തിയ അവളുടെ ആ  അണിവയറിന്റെ  ആലിലപ്പഴമയെ.... 

അവനിഷ്ടമില്ലാത്തതൊന്നും ചെയ്യാൻ പാടില്ല എന്ന തീരുമാനത്തിൽ  എല്ലാ ഇഷ്ടങ്ങളെയും   ആത്മത്യാഗമെന്ന തീയിലെരിച്ച് നല്ലൊരു ഭാര്യയായി, കുടുംബിനിയായി ജീവിച്ച് സ്വയം  അപരിചിതയായിത്തീർന്ന അത് വരെയുള്ള അവളുടെ വർഷങ്ങളെ.......

അവനൊന്നിനും ഉത്തരമുണ്ടായിരുന്നില്ല... 
കുറ്റബോധത്തോടെ തലകുനിച്ചു തനിക്ക് മുന്നിൽ നിൽക്കുന്ന അവനെ അലിവോടെ നോക്കിയിട്ട് അവൾ മെല്ലെയൊന്ന്  പുഞ്ചിരിച്ചു... 
അവനറിയില്ലല്ലോ... 
അവൾക്കെന്തുമാത്രം അവനെയിഷ്ടമാണെന്നു... 
അവനൊന്നു സ്നേഹത്തോടെ തലോടിയാൽ, ഒന്നുമ്മ വച്ചാൽ വീണ്ടും ഉയിർത്തെണീക്കുന്നതാണ് അവളുടെ സൗന്ദര്യമെന്ന് ..........
അതേ.... അവനതറിയില്ല..... സത്യമായും അറിയില്ല........ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ...


പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top