ഗായത്രി കഥയുടെ ലാസ്റ്റ് പാർട്ട്...

Valappottukal


രചന: എ കെ

"ഗായത്രി!!! നീ എന്തൊക്കെയാണീ 
വിളിച്ചുകൂവുന്നത്, പറയുന്നതിനെ പറ്റി വല്ല
ബോധമുണ്ടോ നിനക്ക്??"

മീരയുടെ വാക്കുകളാണ് ഗായത്രിയിൽ സ്വബോധമുണർത്തിയത്. 
എന്തോ ഓർത്ത് പെട്ടന്നവളുടെ കണ്ണുകൾ
നിറഞ്ഞു. താൻ എന്തൊക്കെയാണീ വിളിച്ചുകൂവിയത്.... ഈശ്വരാ!, അവൾ
രണ്ട് കയ്യും കൊണ്ട് നെറ്റി തിരുമ്മി.

"മീര, ഞാൻ... അത്പിന്നെ"

"ദേ, നോക്ക് ഗായു..നീ ആകെ 
ഡിസ്റ്റർബ്ഡാണ്, തൽക്കാലം മനസ്സൊന്നു ശാന്തമാക്ക് നീ, ഒന്നിനെ കുറിച്ചും ഇപ്പൊ ചിന്തിക്കേണ്ട, വാ നമുക്ക് ക്ലാസിലേക്ക്
പോകാം..."

ഇതും പറഞ്ഞ് മീര അവളെയും കൂട്ടി 
ക്ലാസിലേക്ക് നടന്നു. എന്നാൽ ഗായത്രിയുടെ
മനസ് അടപടലം ഇളകിയിരുന്നു.
പഠിപ്പിക്കുന്നതിൽ ശ്രദ്ധപുലർത്താൻ പോലും അവൾ നന്നേ പാട്പെട്ടു. 

വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് എല്ലാവരും പുറത്തിറങ്ങിയപ്പോൾ ഗായത്രി മീരയുടെ 
അടുത്തേക്ക് ചെന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"മീരാ...."

"എന്താ ഗായു...."

"മീരാ...നിനക്ക് തോന്നുന്നുണ്ടോ ഞാനെൻ്റെ
കുഞ്ഞിനെ നശിപ്പിക്കുമെന്ന്? അത്രയ്ക്കും
ക്രൂരമാവാൻ പറ്റുമോഡോ എനിക്?
പിന്നെ അപ്പോഴത്തെ ദേഷ്യത്തിൽ....
ഞാൻ....അതുപിന്നെ....
അറിയാതെ......."

വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ
മീരയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ
തുടങ്ങി. മീര ഗായത്രിയുടെ പുറകിൽ
തടവിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു.

"എനിക്കറിയാടോ, എല്ലാം....തന്നെ
എനിക്കറിയില്ലേ "

"അയ്യേ...നീ എന്തിനാ ഇങ്ങനെ കരയുന്നത്?
നീ കരച്ചിൽ നിറുത്ത് എൻ്റെ മോളെ....
വയറ്റിൽ കിടന്ന് നിൻ്റെ കുഞ്ഞ് ഇതെല്ലാം
കാണുന്നുണ്ട് എന്നു കൂടെ
ഓർമ വേണം...." 

ഒരു കള്ളച്ചിരിയോടെ മീര പറഞ്ഞു.

"പോടി അവിടെന്ന്..." 

ഗായത്രിയും അല്പം കുസൃതിയോടെ 
അവളെ നോക്കി.

"അല്ല, അതൊക്കെ പോട്ടെ? 
എന്താ എൻ്റെ മോളുടെ അടുത്ത പ്ലാൻ...?"

"അത് പിന്നെ....താമസിക്കാൻ തൽക്കാലം
ഒരു സ്ഥലം കണ്ട് പിടിക്കണം...
അല്ല മീര, ഞാനിപ്പോ എവിടെ പോയാ....."

"അതൊക്കെ വാശി കാണിച്ച് വീട്ടീന്ന്
ഇറങ്ങി വരുമ്പോൾ
ആലോചിക്കണമായിരുന്നു....."

ഗായത്രി ഒന്നും മിണ്ടിയില്ല.

"തൽക്കാലം, നീ എൻ്റെ വീട്ടിലേക്ക് വാ, 
നമുക്ക് അവിടെ കൂടാടോ...."

"അല്ല മീര...അത് പിന്നെ, വേണ്ട മീരാ..."

"ഹലോ....എന്ന് മുതൽ തുടങ്ങി ഈ
ഫോർമാലിറ്റിയൊക്കെ.... ങ്ഹ്??
നീ ആദ്യമായിട്ടോന്നുമല്ലല്ലോ എൻ്റെ വീട്ടിൽ
വരുന്നത്....അത് നിൻ്റെം കൂടെ വീട് തന്നെയാണ്, വാ പോവാം,,"

മീര അവളെയും കൂട്ടി അവളുടെ സ്കൂട്ട്ടറിൻ്റെ അരികിൽ എത്തി. 

"ഉം, കേറ്.."

വണ്ടി സ്റ്റാർട്ട് ചെയ്ത് കൊണ്ട് മീര പറഞ്ഞു. 
ഗായത്രി അനുസരണയോടെ പിറകിൽ കയറിയിരുന്നു. മീരയ്ക്കെങ്കിലും തന്നെ മനസ്സിലാവുന്നുണ്ടല്ലോ, അവളുടെ 
സ്നേഹം....വിശ്വാസം, 
ഒരു പക്ഷെ മീര തൻ്റെ ജീവിതത്തിൽ
ഇല്ലായിരുന്നുവെങ്കിൽ....?

ഒരു നെടുവീർപ്പിട്ടു കൊണ്ട് അവൾ
മീരയോട് ചേർന്നിരുന്നു.

........................................................

മീരയോടൊപ്പം ഗായത്രിയെ കൂടെ 
കണ്ടപ്പോൾ, മീരയുടെ അമ്മ 
സന്തോഷത്തോടെ പുറത്തേക്കിറങ്ങി
വന്നു.

"അല്ല ഇതാര് ഗായത്രി മോളോ...
എത്ര നാളായി ഇങ്ങോട്ടോക്കെ വന്നിട്ട്,
ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ നീയ്...."

ഗായത്രി അവരുടെ അടുത്തേക്ക് ചെന്നു.
ശെരിയാണ്, കല്യാണം കഴിഞ്ഞതിനു 
ശേഷം പിന്നെ ഈ വഴി വന്നിട്ടില്ല.
വരാനുള്ള അവസരം കിട്ടിയിട്ടില്ല എന്നതാണ്
വാസ്തവം.

"മീര എന്നോട് എല്ലാം പറഞ്ഞു മോളെ...നിന്നേ പറ്റി പറയുമ്പോ നൂറു നാവാ ഇവൾക്ക്,.."

ഗായത്രി മീരയെ നോക്കി പുഞ്ചിരിച്ചു.

"അയ്യട, അവളുടെ ചിരി കണ്ടില്ലേ, 
പെണ്ണിന് സുഖിച്ചെന്ന് തോന്നുന്നു...."

"ആ അമ്മേ പിന്നെ ഒരു പ്രധാന കാര്യം പറയാനുണ്ട്, ഇന്ന് ഒരു സംഭവമുണ്ടായി,
അതാ ഞാൻ ഇവളെം കൂട്ടി ഇങ്ങോട്ട്
വന്നത്..."

മീര നടന്നതൊക്കെ അമ്മയോട് വിശദീകരിച്ചു.
ഗായത്രി ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ
അവർ ഗായത്രിയുടെ അടുത്തേക്ക്
ചെന്നു. നിറകണ്ണുകളോട് കൂടി നിക്കുന്ന അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവർ
പറഞ്ഞു.

"നന്നായി മോളെ, നീ ചെയ്തത് തന്നെയാണ്
ശെരി, മോള് ഇപ്പൊ ഒന്നിനെക്കുറിച്ചും ചിന്തിച്ച് ടെൻഷൻ അടിക്കേണ്ട, ഭാര്യ എന്ന പേരിലുള്ളഅവകാശവും പരിഗണനയും നിനക്ക്കിട്ടുന്നില്ലായെന്ന് തോന്നിയ നിമിഷത്തിൽ നീ അവിടെ നിന്ന് ഇറങ്ങിയെങ്കിലും അതിനു ഒരിക്കലും നിന്നേ കുറ്റപ്പെടുത്താൻകഴിയില്ല, നീ പഠിച്ചോ മോളെ...നീയും എൻ്റെ മോള് തന്നെയാ, നിനക്ക് ഇവിടെ കഴിയാം ഇനിമുതൽ..."

ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവരെ കെട്ടിപ്പിടിച്ചു.

"മതി മതി,,, എനിക്കിതൊന്നും സഹിക്കണില്ലട്ടോ...." 

മീര അവരെ നോക്കി തമാശ രൂപേണ പറഞ്ഞു.

"പെണ്ണിൻ്റെ കുശുമ്പ് കണ്ടില്ലേ.... നീ ഇവെളെയും വിളിച്ച് അകത്തേക്ക് ചെല്ല് മീരാ..."

മീര ഗായത്രിയെയും കൊണ്ട് അകത്തേക്ക് പോയി.മീരയുടെ അമ്മ എന്തൊക്കെയോ മനസ്സിൽ കണക്ക് കൂട്ടുന്നുണ്ടായിരുന്നു.

കുളിച്ച് ഫ്രഷ് ആയി വന്നപ്പോളാണ്
ഗായത്രിയുടെ ഫോൺ ബെല്ലടിച്ചത്.
അവൾ ഫോൺ എടുത്തു. അത് ഗായത്രിയുടെ അമ്മയായിരുന്നു.

"ഹലോ..."

"ഡീ...നീ എന്ത് പണിയാ ഈ കാണിച്ചത്,,
രാജീവ് കൊറച്ച് മുൻപ് വിളിച്ച് എല്ലാ 
കാര്യങ്ങളും പറഞ്ഞു,,,, നിനക്ക് എന്തിൻ്റെ
സൂക്കേട കൊച്ചെ......"

ഗായത്രി ഒന്നും മിണ്ടിയില്ല.

"ഒന്നുമല്ലെങ്കിലും നീ ഇപ്പൊ പ്രഗ്നനൻ്റ് അല്ലേ,
ഈ അവസ്ഥയിൽ അവരു പറയുന്നതിലും
കാര്യമില്ലേ,,,അത് കൊണ്ട് മോള് 
എത്രയും പെട്ടന്ന് വീട്ടിലേക്ക് തിരിച്ച് ചെല്ല്...
നിനക്ക് താഴെ ഒരുത്തിയും കൂടെ ഉള്ള
കാര്യം നീ മറക്കല്ലു,,,അവളുടെ ഭാവി നീയായിട്ട് നശിപ്പിക്കല്ല്....
അല്ല നീ ഇപ്പൊ എവിടെയാണ്.........???
ഹലോ,, ഗായ......."

അവൾ ഫോൺ കട്ട് ആക്കി. ഇല്ല, ആരെന്തോക്കെ പറഞ്ഞാലും തൻ്റെ
തീരുമാനത്തിൽ നിന്ന് മാറ്റമില്ല. ഒരു നിമിഷം തൻ്റെ അനിയത്തിയെ പറ്റി ഓർത്തപ്പോൾ അവൾക്ക് സങ്കടം തോന്നി. തൻ്റെ അവസ്ഥ തന്നെ ആയിരിക്കുമല്ലോ അവൾക്കും...അവളുടെ ഭാവിയും തകർക്കപ്പെടാൻ പോകുവാണോ...?
അവൾ വിഷമത്തോടെ കട്ടിലിൽ ഇരുന്നു.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഗായത്രിയും മീരയും സന്തോഷത്തോടെ
കോളേജിൽ പോയി വന്നു. എന്നാൽ ദിവസങ്ങൾ പോകുന്തോറും തൻ്റെ വയർ
പെരുകിവരുന്നത് ഗായത്രി ഒരു ഞെട്ടലോടെ
തിരിച്ചറിഞ്ഞു. കൂടെ പഠിക്കുന്ന സഹപാഠികളായ ചില പെൺകുട്ടികൾ
അവളെ നോക്കി അടക്കം പറയുന്നതും ഗായത്രി ശ്രദ്ധിച്ചു. താനൊരു പരിഹാസകഥാപാത്രമാവുന്നത് അവൾക്ക്
ഓർക്കാൻ കൂടി കഴിഞ്ഞില്ല. എന്ത് വന്നാലും ശെരി, തളരാൻ പാടില്ല...തനിക്ക് ജയിക്കണം.
ഗായത്രി മനസ്സിനെ പാകപ്പെടുത്താൻ ശ്രമിച്ചു.

അങ്ങനെ പതുക്കെ പതുക്കെ എല്ലാരും കാര്യം അറിയാൻ തുടങ്ങി. ആദ്യമാദ്യമൊക്കെ 
പല കളിയാക്കലുകളും ഉണ്ടായെങ്കിലും തൻ്റെ അവസ്ഥയോക്കെ അറിഞ്ഞപ്പോൾ അതിൻ്റെ തോത് കുറയാൻ തുടങ്ങി. പലരുടെ ഭാഗത്ത് നിന്നും സപ്പോർട്ടും സ്നേഹവും കിട്ടാൻ തുടങ്ങിയപ്പോൾ ഗായത്രി തൻ്റെ അവസ്ഥയുമായി വളരെയധികം പൊരുത്തപ്പെട്ടു. ചിലർ അഭിമാനത്തോടെ അവളെ നോക്കി. മറ്റുചിലർ കൗതുകത്തോടെയും. വിദ്യാർഥികളുടെ ഇടയിൽ എന്നപോലെ അധ്യാപകരുടെയും ഇടയിലും ഗായത്രി ഒരു ചർച്ചാ വിഷയമായി.

ഒരുദിവസം ക്ലാസ്സ് കഴിഞ്ഞു ഗായത്രിയും മീരയും വീട്ടിലെത്തിയപ്പോൾ, അവിടെ തൻ്റെ അച്ഛനും അമ്മയും ഇരിക്കുന്നത് ഗായത്രി കണ്ട്. അടുത്ത് മീരയുടെ അമ്മയുമുണ്ട്. ഗായത്രിയെ കണ്ടതും അവളുടെ അമ്മ ഓടി അവളുടെ അടുത്തേക്ക് ചെന്ന് കെട്ടിപ്പിടിച്ചു. അവൾക്ക് ഒന്നും മനസിലായില്ല. മീരയുടെ അമ്മ അവിടേക്ക് വന്ന് അവളോടായി പറഞ്ഞു.

"മോളെ നീ ഇവിടെ വന്ന നിമിഷം മുതലുള്ള
എല്ലാ കാര്യങ്ങളും ഇവരെ വിളിച്ച് ഞാൻ പറയാറുണ്ടായിരുന്നു. ആദ്യമാദ്യമൊക്കെ ഞാൻ പറയുന്നതുമായി ഇവർക്ക് യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട് ഇവർക്ക് ഇവരുടെ തെറ്റ് മനസ്സിലായി. നിന്നെ കൂട്ടികൊണ്ട് പോവാനാണ് ഇവർ വന്നത്...."

പെട്ടന്ന് ഗായത്രിയുടെ അച്ഛൻ അവളുടെ അടുത്തേക്ക് വന്നു.

"ഞങ്ങളോട് ക്ഷമിക്ക് മോളെ, നിന്നേ മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിച്ചില്ല, ഞങ്ങടെ തെറ്റ്! നീ ഞങ്ങളോടൊപ്പം വരണം മോളെ, ഒരവസരം കൂടി ഞങ്ങൾക്ക് തരണം നീ,, നിനക്ക് ഇഷ്ടമുള്ളത് പോലെ നിനക്ക് പഠിക്കാം, ഞങ്ങൾ ഒരെതിരും പറയില്ല.
ഞങ്ങളോടൊപ്പം വരില്ലേ നീ..."

ഗായത്രിയുടെ കണ്ണുകള് നിറഞ്ഞു, അവൾ 
അയാളെ കെട്ടിപ്പിടിച്ചു.അയാളുടെ മാറിൽ തല ചാഴ്ച് കൊണ്ട് അവൾ പറഞ്ഞു.

"ഇത് മുമ്പേ ചെയ്തിരുന്നെങ്കിൽ എൻ്റെ ജീവിതം ഇങ്ങനെ ആവില്ലായിരുന്നല്ലോ അച്ഛാ....ഞാൻ...ഞാൻ ഒരുപാട് അനുഭവിച്ച് അച്ഛാ...പക്ഷേ ആരുമെന്നെ മനസ്സിലാക്കിയില്ല...."
അവൾ പൊട്ടിക്കരഞ്ഞു.

അതിനയാൾക്ക് മറുപടി ഉണ്ടായിരുന്നില്ല.
വേദനയോടെ, അയാൾ അവളെ ചേർത്ത് പിടിച്ചു. ഇതുകണ്ട് മീരയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

പോകാൻ നേരം ഗായത്രി തിരിഞ്ഞു നോക്കി.
മീരയും അമ്മയും തന്നെ നോക്കി യാത്ര പറയുന്നു. മീരയുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.ഗായത്രി ഓടി ചെന്ന് അവളെ കെട്ടിപ്പിടിച്ചു. രണ്ടാളും പൊട്ടിക്കരഞ്ഞു. അടക്കി വച്ച സ്നേഹം മുഴുവൻ ആ നിമിഷം അവർ കരഞ്ഞു തീർത്തു. കണ്ട് നിന്ന എല്ലാവരുടെയും കണ്ണുകളിൽ ഈറനണിയിക്കുന്നതായിരുന്നു ആ കാഴ്ച.

അങ്ങനെ ഗായത്രി തൻ്റെ വീട്ടിലെത്തി. പലരുടെയും ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉയർന്നെങ്കിലും അതൊന്നും വകവയ്ക്കാതെ തന്നെ മുന്നോട്ടു പോയി. അവളുടെ അച്ഛനും അമ്മയും അവൾക്ക് നൽകുന്ന സപ്പോർട്ട് അവൾക്ക് കൂടുതൽ കരുത്തേകി. ഇതിനിടെയിൽ ബന്ധം പിരിയുന്നതിന് വേണ്ടി ഭർത്താവ് വക്കീൽ നോട്ടീസ് അയച്ചു. ഒരു വിഷമവും അവൾക്ക് തോന്നിയിരുന്നില്ല. എന്നാൽ തൻ്റെ മകളുടെ ജീവിതം നശിപ്പിച്ചതിനുള്ള കുറ്റബോധം ആയിരുന്നു അവളുടെ അഛനും അമ്മയ്ക്കും.

..............................................................

രണ്ട് വർഷങ്ങൾക്കിപ്പുറം, 
ഗായത്രി ഇന്നൊരു സർക്കാർ ഉദ്യോഗസ്ഥയാണ്. അതിനോടൊപ്പം തന്നെ ഒരു കുഞ്ഞിൻ്റെ അമ്മയും. ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കാൻ ഗായത്രിക്ക് ഇന്ന് കഴിയുന്നുണ്ട്. അവളുടെ സ്വപ്നങ്ങൾക്ക് ചിറക് വച്ചിരുന്നു. അഭിമാനത്തോടെ തലയുയർത്തി തന്നെ അവൾ ജീവിക്കുന്നു. ഒരു രണ്ടാം വിവാഹത്തിൻ്റെ കാര്യം വീട്ടുകാർ സൂചിപ്പിച്ചിരുന്നെങ്കിലും ഗയത്രിക്ക് അതിനോട് താൽപര്യമില്ലായിരുന്നു. എല്ലാം മനസിലാക്കി കൊണ്ട് ഒരാൾ തൻ്റെ ജീവിതത്തിലേക്ക് വരട്ടെ,, അത് വരെ കാത്തിരിക്കാം.

ഉമ്മറത്തിതിരുന്ന് പത്രം വായിക്കുകയായിരുന്നു ഗായത്രിയുടെ അച്ഛൻ. ഗായത്രി ജോലിക്ക് പോകാൻ ഇറങ്ങുകയായിരുന്നു.അപ്പോഴാണ് അവിടേക്ക് കൈമൾ മാഷ് വന്നത്,, പുള്ളി ഒരു ബ്രോക്കർ ആണ്,,, ഇളയ മോൾക്ക് ഒരു ആലോചനയുമായി വന്നതാണ്.

"നല്ല കൂട്ടരാ, ചെറുക്കന് അമേരിക്കയിൽ എന്തോ ബിസ്നസ് ആണ്,,,അപ്പോ നമുക്ക് ഇത് ഒറപ്പിക്കേയല്ലെ?..."

ഗായത്രിയുടെ അച്ഛൻ ഒരു നിമിഷം അവളെ നോക്കി. എന്നിട്ട് കൈമൾ മാഷിനോടായി പറഞ്ഞു.

"ഇല്ല,,മാഷേ, അവൾ കുഞ്ഞ് അല്ലേ, മാത്രവുമല്ല അവളിപ്പൊ പഠിച്ചൊണ്ട് ഇരിക്കുവല്ലെ,,, പഠിപ്പൊക്കെ കഴിഞ്ഞ് സ്വന്തം കാലിൽ നിക്കാറാവുമ്പോ മതി കല്യാണമൊക്കെ...തൽക്കാലം മാഷ് ചെന്നാട്ടേ..."

"അല്ല ഒന്നും കൂടെ ആലോചിച്ചിട്ട്...."

"ഇല്ല ഇതിലിപ്പോ ആലോചിക്കാൻ ഒന്നുമില്ല..."

അയാൾ ഗായത്രിയുടെ മുഖത്തേക്ക് നോക്കി.അവൾ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഇറങ്ങി. നടന്നു നീങ്ങുന്ന ഗായത്രിയെ നോക്കി നിൽക്കുമ്പോളും ആ മനസ്സ് മുഴവൻ കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു.

(അവസാനിച്ചു)
To Top