പലപ്പോഴായി അവളെ കണ്ടു.. ഒരുപക്ഷെ അവളെ കാണാനായി...

Valappottukal

 


രചന: വിനീത


കൈയ്യിലുള്ള ഗ്ലാസിലെ വിസ്കി പതിയെ മോന്തികുടിച്ചുകൊണ്ട് വീടിന് മുൻവശത്തുള്ള ചെറിയ പൂന്തോട്ടത്തിൽ ഇരിക്കുകയായിരുന്നു അയാൾ.. 


ജോൺസൺ മാഷിന്റെ മനോഹരമായ ഗാനങ്ങൾ മൃദുവായികാതുകളെ തലോടി പോകുന്നു..


ആ ഇരുപ്പിൽ അയാൾ പലതുമോർത്തു.. ആദ്യമായി മായയെ കാണുന്നത്..

അമ്പലത്തിന്റെ പടിയിറങ്ങി വരുന്ന അവൾ.. നീണ്ട വിരലുകൾ കൊണ്ട് മുഖത്ത് പറന്നു കളിക്കുന്നഅളകങ്ങൾമാടിയൊതുക്കുന്നതിനിടയിൽ പടികൾ കയറി വരുന്ന തന്നെ അവളൊന്ന് നോക്കി.. 


എത്ര തീഷ്ണതയുള്ള കണ്ണുകൾ. അതെ വേഗതയിൽ മിഴികൾ താഴ്ത്തിയപ്പോൾ ഹൃദയമിടിപ്പ് കൂടിയത് താനറിഞ്ഞു..


 അമ്പലത്തിൽ മാല കെട്ടികൊടുക്കുന്ന സരസ്വതിയക്കാന്റെ ചേച്ചിയുടെ മകളാണ് ആ പെൺകുട്ടിയെന്ന് പറഞ്ഞത് വാര്യത്തെ ഉണ്ണിയാണ്. 


പിന്നീട് പലപ്പോഴായി അവളെ കണ്ടു.. ഒരുപക്ഷെ അവളെ കാണാനായി അമ്പലപ്പറമ്പിൽ കറങ്ങി നടന്നുഎന്ന് വേണം കരുതാൻ.. അവളറിഞ്ഞിട്ടുണ്ടാവുമെന്ന് 

ഒരിക്കലും തോന്നിയിരുന്നില്ല.. ഒരു കടാക്ഷം പോലുംഅന്നൊന്നും നൽകിയിരുന്നതായി തോന്നിയില്ല.. 


കാലമതായിരുന്നു..

ഒടുവിലെപ്പോഴാണ് മൗനം വീണുടഞ്ഞത്..


പഠനമെല്ലാം കഴിഞ്ഞ് ജോലിയൊന്നുമില്ലാതെ നടക്കുന്നത് കണ്ടിട്ടാവും ആകെയുള്ള ഒരു ചേച്ചിയുടെ ഭർത്താവ് ഡൽഹിയിൽ ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിയാക്കിയത്..


പറയത്തക്ക ശമ്പളം ഒന്നുമില്ലെങ്കിലും തനിക്കും അമ്മയ്ക്കും കഴിഞ്ഞു കൂടാനുള്ളത് കിട്ടും..


ഡൽഹിയിലേയ്ക്ക് പോകാൻ തുടങ്ങുമ്പോഴാണ് അവിചാരിതമായി ഉണ്ണി വന്നു പറയുന്നത്.. മായയുടെ വിവാഹമാണെന്ന്.. അവൾക്കൊന്ന് കാണണമെന്ന്..ഞെട്ടലായിരുന്നു കേട്ടപ്പോൾ..


അന്ന് വൈകുന്നേരം അവൾ പറഞ്ഞത് പോലെ കാവിന്റെ കിഴക്ക് വശത്തു കാത്തു നിന്നു.. അല്പം കഴിഞ്ഞപ്പോൾ പാദസരം കിലുങ്ങുന്ന ശബ്ദം കേൾക്കായി..


 അവൾ അടുത്ത് വരുന്നു.. പഴയ അതെ ഹൃദയമിടിപ്പ് വീണ്ടും അനുഭവപ്പെട്ടതോ ർക്കുന്നു..


 "പോവുകയാണല്ലേ.. "എന്ന് ചോദിച്ചപ്പോൾ ആ ശബ്ദം ചിലമ്പിച്ചിരുന്നു.. 


"ഉണ്ണി പറഞ്ഞു.. പോയാൽ നമ്മളെയൊക്കെ മറക്കുമോ.. "


എന്നവൾ ചോദിച്ചപ്പോൾ ഉത്തരം പറയാനായില്ല...


കുറച്ചു നേരം മൗനമായി നിന്നിട്ട് കൈയിൽ കരുതിയിരുന്ന വിലകൂടിയ ആ പേന അവൾ തനിക്ക് നൽകി.. 'എന്റെ ഓർമ്മയ്ക്ക് ഇരിക്കട്ടെ.."


എന്ന് പറഞ്ഞപ്പോൾ അവൾ വിതുമ്പിയിരുന്നു... 


അത് നൽകിയപ്പോൾ അറിഞ്ഞു കൊണ്ട് തന്നെ അവളുടെ കൈവിരലുകളിൽ സ്പർശിച്ചു.മൃദുവായ 

ആ വിരലുകൾ നന്നേ തണുത്തിരുന്നു..


"ഒന്നു പറയാമായിരുന്നില്ലേ 

ഞാൻ കാത്തിരിക്കുമായിരുന്നു."

എന്നവൾ പറഞ്ഞപ്പോൾ നെഞ്ചിലൊരു തേങ്ങൽ വന്നു പിടഞ്ഞു..തികട്ടി വന്നവിഷമം പുറത്തു കാണിക്കാതെ നിൽക്കുന്ന തന്റെ മുമ്പിൽ കൂടി ഒരു കരച്ചിലോടെ അവൾ നടന്നു നീങ്ങി..


ഹൃദയത്തിൽ ഒരു നോവായി അവളെന്നുമുണ്ടായിരുന്നു.. മറക്കാൻ ശ്രമിക്കാനിഷ്ടപ്പെടാതെ..


വർഷങ്ങൾക്ക് ശേഷം  വീണ്ടുമവളെ കാണാൻ കഴിയുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..


 അവിചാരിതമായി ടൗണിലെ ഷോപ്പിൽ വെച്ച് കണ്ടപ്പോൾ അവളോടി വന്നു.. "വിനയൻ ഇവിടെ.."

എന്ന് ചോദിച്ചുകൊണ്ട്..


 ഒറ്റ നോട്ടത്തിൽ ആളെ മനസ്സിലായില്ല.

അല്പം തടിച്ചിരിക്കുന്നു.. നിറവും കൂടിയിട്ടുണ്ട്..കുറേക്കൂടി സുന്ദരിയായി..


 ഏഴെട്ടു വയസ്സുള്ള ഒരാൺകുട്ടിയുടെ കൈപിടിച്ച് കൊണ്ട് ഒരു യുവാവ് അവരുടെ അടുത്തേയ്ക്ക് വന്നു.. സുമുഖൻ..


"ഇതെന്റെ നാട്ടിലുള്ള വിനയൻ.. "


അവൾ പരിചയപ്പെടുത്തിയത് കെട്ട് അയാൾക്ക് എന്തോ ഒരു വല്ലായ്മ തോന്നി..


"വിനയന്റെ കുടുംബം സുഖമായിരിക്കുന്നോ..

"

അവൾ തിരക്കി..


 അതെ.

എന്ന് പറയുമ്പോൾ അയാളോർത്തു 

ജീവിതത്തിൽ എപ്പോഴെങ്കിലും തന്റെ ഭാര്യ നീനയെ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ..


 കുശലാന്വേഷണങ്ങൾക്കൊടുവിൽ ചായ കുടിച്ചു പിരിയുമ്പോൾ കുടുംബമായി വീട്ടിലേയ്ക്ക് വരൂ..എന്നവൾ ക്ഷണിച്ചപ്പോൾ അയാൾക്ക് തോന്നി..ഇവളുടെ മനസ്സിൽ താൻ കാണുമോ.


ഉണ്ടാവില്ല..

അവളെന്തു സന്തോഷവാതിയാണ്.. താനോ.. സന്തോഷം ഉണ്ടാകേണ്ട സാഹചര്യങ്ങൾ മനഃപൂർവം വേണ്ടന്ന് വെച്ചു.. മായയോടുള്ള സ്നേഹം അതു മുഴുവൻ ഹൃദയത്തിൽ ഒളിപ്പിച്ചു.


അതിന്റെ അവകാശിയാകാൻ നീനയെ ഒരിക്കൽ പോലും അനുവദിച്ചില്ല..


ഒരു കടമ നിർവ്വഹിക്കും പോലെയല്ലേ അവളോട് പെരുമാറിയിരുന്നത്..മനസ്സിലെന്നും ഈ മുഖമായിരുന്നുവല്ലോ..


 പലപ്പോഴും നീണ്ട ആലോചനകളും, ഒറ്റയ്ക്കിരിപ്പും കണ്ട് നീന ചോദിച്ചിട്ടുമുണ്ട്.. ഒരിക്കലും അവൾക്ക് പിടി കൊടുത്തിട്ടില്ല..


തന്റെ മനസ്സിൽ വലിയ സ്ഥാനമൊന്നുമില്ലന്ന് അറിഞ്ഞിട്ടും എപ്പോളെങ്കിലും ചെറിയൊരു പരിഗണന കിട്ടുമെന്നോർത്തു വീണ്ടും വീണ്ടും വലിഞ്ഞു വന്നിരുന്ന അവൾ..


 തന്റെ മനസ്സിലുള്ളതറിയാതെ സ്നേഹം കൊണ്ട് തന്നിൽ ആധി പത്യം ഉറപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടവൾ ഇടയിലെപ്പോഴോ സ്വന്തം ആവശ്യങ്ങൾക്കായി  വല്ലപ്പോഴും നൽകുന്ന സ്നേഹത്തിൽ സ്വയം മറന്നു തെറ്റി ധരിക്കപ്പെട്ട അവൾ അറിയുന്നുണ്ടാവുമോ ഈ കണ്ട നാളത്രയും മറ്റൊരാളെ മനസ്സിൽ കൊണ്ടു നടന്ന താൻ ഭംഗിയായി അവളെ വഞ്ചിക്കുകയായിരു ന്നുവെന്ന്..


അയാൾക്ക്ആത്മനിന്ദ തോന്നി.. ആലോചിച്ചാലോചിച്ചു വീണ്ടുമൊരു സിഗരറ്റ് കത്തിച്ചു..


 ഒരു തീരുമാനമെടുത്ത പോലെ അവളെ വിളിച്ചു.


 എന്തെങ്കിലും ആവശ്യത്തിനല്ലാതെ തന്നെ വിളിക്കുകയില്ലാന്ന് അറിയാമായിരുന്നിട്ടോ എന്തോ നാളത്തേയ്ക്ക് ചെയ്തു കൊടുക്കാനുള്ള ഫയലുകളൊക്കെ ഒതുക്കി അവൾ പെട്ടന്ന് വന്നു..


"ഇവിടെ വന്നിരിക്കു.. "എന്ന് പറഞ്ഞപ്പോൾ അവൾ തേല്ലോന്നത്ഭുതപ്പെട്ടു.

പതിവുള്ളതല്ലല്ലോ..


ഒരിടവേളയ്ക്ക് ശേഷം അയാൾ ഏതോ ഒരുൾപ്രേരണ പോലെ മായയെ പരിചയപ്പെട്ടതും അവളോടുള്ള പ്രണയവും നീനയോട് പറഞ്ഞു...


ഇന്നവളെ കാണാനിടയായതും അവളുടെ മനസ്സിന്റെ ഒരു കോണിൽ പോലും താനില്ലന്ന് മനസ്സിലായതും കൂട്ടിചേർത്തു..


അത് കെട്ട് അവളൊന്ന് ചിരിച്ചു.

വലിയ ഞെട്ടലൊന്നും പ്രതീക്ഷിച്ച പോലെ ആ മുഖത്ത് കാണാഞ്ഞത് അയാളെ അമ്പരപ്പിച്ചു..


 ഒട്ടൊരു മൗനത്തിന് ശേഷം അവർ തമ്മിലുള്ള സംസാരം ഇങ്ങനെയായിരുന്നു..


ഇപ്പോൾ മായയോട് വിനയേട്ടന് പ്രണയമില്ലേ.. "

"ഇല്ല.." അയാൾ മറുപടി കൊടുത്തു .

"

"എന്തുകൊണ്ട്.."


"അവൾ എന്നെ ആ 

രീതിയിൽ കാണുന്നില്ലന്ന് തോന്നുന്നു.."


"എങ്ങനെ മനസ്സിലായി അത്.."


"അവൾ ഇപ്പോൾ കിട്ടിയ ജീവിതത്തിൽ സന്തോഷവാതിയാണ്.. എന്നെ ഓർക്കുന്നുണ്ടാവില്ല.."


" ഓർക്കുന്നുണ്ടാവും.

അതാണല്ലോ ടൗണിൽ വെച്ച് കണ്ടപ്പോൾ പരിചയം പുതുക്കിയത്..എന്നാൽ നിങ്ങൾ കരുതും പോലെ ഓർക്കുന്നുണ്ടാവില്ല.


സുമുഖനും, പ്രതാപിയുമായ ഭർത്താവിനെ നിങ്ങൾക്ക് പരിചയപ്പെടുത്തി തന്നപ്പോൾ നിങ്ങൾക്ക് തോന്നി അയാൾ നിങ്ങളെക്കാൾ എന്ത് കൊണ്ടും യോഗ്യനാണെന്ന്...


അതല്ലേ സത്യം.."


അയാളുടെ മുഖം കുനിഞ്ഞു..


അവൾ തുടർന്നു.. 


"പല സ്ത്രീകളും ഇങ്ങനെയാണ്.. നല്ലൊരു ജീവിതം കിട്ടിയാൽ പഴയതൊന്നും അത്ര ഓർക്കില്ല.


അതല്ലങ്കിൽ കഷ്ടപ്പാടൊ, തന്നെ നിരന്തരം അവഗണിക്കുന്ന ഭർത്താവോ ആയിരിക്കണം..

അപ്പോൾ ചിലരൊക്കെ പഴയ കാമുകന്മാരെ ഓർക്കും.


സ്വാഭാവികമാണത്.. എന്ന് കരുതി സ്വന്തം വീട്ടിൽ അത് കാണിക്കാതിരിക്കാനും അവർക്കറിയാം.. 


അല്ലാതെ നിങ്ങളെപ്പോലെ സിഗരറ്റ് വലിച്ചു പുകച്ചു ശോകഗാനം കേട്ടോണ്ടിക്കാൻ ആകില്ലല്ലോ..


നമ്മളെ ഡിസേർവ് ചെയ്യുന്നില്ലങ്കിൽ വേണ്ട.. പ്രണയം.

ഇഷ്ടം.

അതൊക്കെ എല്ലാവരുടെയും ഉള്ളിലും കാണില്ലേ.


സങ്കൽപ്പത്തിൽ അതിനോട് സല്ലപിച്ചു സന്തോഷമായി അങ്ങ് ജീവിക്കുക.. മുതൽമുടക്കിമില്ല.


ആരെയും ബുദ്ധിമുട്ടിക്കുന്നുമില്ല..

 

ദേ.....


ഈ ഞാൻ ചെയ്യുന്നത് പോലെ.

ഒരേ സമയം രണ്ടുപേരെ പ്രണയിക്കാൻ കഴിയില്ലെന്ന് ആരുപറഞ്ഞു.പുരുഷനെ പോലെ.

സ്ത്രീക്കും അത് കഴിയും.


നിങ്ങളെപ്പോലെ.


ഈ എന്നെപ്പോലെ...


അതും പറഞ്ഞു വന്ന 

വേഗതയിൽ അവൾ തിരികെ നടന്നപ്പോൾ ഇത്തവണ ഞെട്ടിയത് അയാളായിരുന്നു...

To Top