നിഷയെ വിവാഹം ചെയ്യുമ്പോൾ, അരവിന്ദനു മുപ്പതു വയസ്സു പിന്നിട്ടിരുന്നു...

Valappottukal


രചന: രഘു കുന്നുമക്കര


അരണ്ട നീലവെളിച്ചം മുറിയാകെ നിറഞ്ഞു നിന്നു.

വേഗത കുറഞ്ഞു കറങ്ങിക്കൊണ്ടിരുന്ന ഫാനിന്റെ കാറ്റിനാൽ, 

ജാലകവിരികളുലഞ്ഞു കൊണ്ടേയിരുന്നു.

നീണ്ട കുളിയുടെ പരിസമാപ്തിക്കു ശേഷം, 

അരവിന്ദൻ ഇറങ്ങിയത് 

ആ നീലവെളിച്ചത്തിലേക്കായിരുന്നു.

അടച്ചിട്ട കിടപ്പുമുറിയുടെ ഇളംപച്ച ചുവരുകളിൽ നീലനിറം സംയോജിച്ച്, ഒരു പുതുവർണ്ണം ഉരുത്തിരിഞ്ഞു വന്നു.

കിടക്കയിലേക്ക് ചായും മുൻപേ, മൊബൈൽ ഫോൺ ഒരാവർത്തികൂടി പരിശോധിച്ചു.

അലാറം കൃത്യമാണ്.

പുലർച്ച അഞ്ചരക്കു തന്നെ ശബ്ദിച്ചോളും.

അലാറം എന്നത് വെറുമൊരു കരുതൽ മാത്രമാണ്.

എത്ര വൈകിയുറങ്ങിയാലും പുലരിയിൽ അഞ്ചുമണിക്കും അഞ്ചരക്കും ഇടയിൽ ഉണരുമെന്നത് നിശ്ചയമാണ്.

എങ്കിലും, ഒരു കരുതൽ.

അതായിരുന്നു ആ അലാറം സെറ്റിംഗ്.

കട്ടിൽത്തലയ്ക്കൽ വയ്ക്കുന്നതിനിടെ ഫോൺ കൈവഴുതി താഴെ വീണു.

വിലകുറഞ്ഞ, കാൾ വിളിക്കാനും സ്വീകരിക്കാനും മാത്രം കഴിയുന്ന ഫോണിൽ നിന്നും ബാറ്ററിയും വലിയ സിംകാർഡും തെറിച്ചു വേറിട്ടു.

ഒട്ടും അലോസരപ്പെടാതെ മൊബൈൽ ഫോണിനെ പുനക്രമീകരിച്ച്, സമയവും തീയതിയും നേരെയാക്കി ശയ്യയിലേക്ക് ചാഞ്ഞു.


രാവിലെ, ഏറ്റവും നേരത്തേ തന്നെ സ്വന്തം ഹോട്ടലിലെത്തണമെന്ന് അരവിന്ദനു നിർബ്ബന്ധബുദ്ധിയുണ്ട്.

ഗ്രാമത്തിലെ താലൂക്ക് ആശുപത്രിയുടെ അഭിമുഖമായി നിലകൊണ്ട ഇടത്തരം ഹോട്ടൽ.

വിലപിടിപ്പിന്റെയും അത്യാഡംബരങ്ങളുടെയും മുഖമുദ്ര പേറിയ യാതൊരു വിഭവങ്ങളുമില്ലെങ്കിലും, ഏറ്റവും നല്ലൊരു ജീവിതം നയിക്കാൻ ആ ഭോജനശാല അയാളെ പ്രാപ്തനാക്കിയിരുന്നു.

നാട്ടിൽ, നല്ലൊരിടത്ത് സമസ്ത സൗകര്യങ്ങളും നിറവഴിഞ്ഞ വീടും തൊടിയുമെല്ലാം ഹോട്ടലിന്റെ വരുമാനത്തിൽ നിന്നും തന്നെയാണ് നേടിയെടുത്തത്.

പഠനത്തിലും, ലോകപരിചയങ്ങളിലും ഏറെ പിറകിലായവന്റെ സർവ്വവും ആ സംരംഭത്തിൽ തന്നെയായിരുന്നു നിക്ഷിപ്തമായത്.


മൂന്നു വർഷം മുൻപ് നിഷയെ വിവാഹം ചെയ്യുമ്പോൾ, അരവിന്ദനു മുപ്പതു വയസ്സു പിന്നിട്ടിരുന്നു.

ബിരുദമുള്ള, സുഭഗയായ, സാധാരണക്കാരന്റെ മകൾ.

ചെറുബാല്യം മുതൽ തന്നെ നോക്കിവളർത്തിയ അമ്മക്ക് ഒരു കൂട്ട്.

അച്ഛൻ ചെറുപ്പത്തിലേ ഇല്ലാതായപ്പോൾ, അമ്മ ജീവിതസാഹചര്യങ്ങളോട് പടവെട്ടി ആർജിച്ചു തന്നതാണ് ഇന്നത്തെ ജീവിതത്തിന്റെ ആരൂഢം.

പൊങ്ങച്ചങ്ങളുടെ മാസ്മരിക വസ്തുക്കളിലേക്ക് എന്നുമില്ലായിരുന്നു ഭ്രമം.

ചെറുകാറിലും, ഇന്റർനെറ്റില്ലാ ഫോണിലുമൊക്കെയായി ജീവിതരീതികൾ പ്രതിഫലിച്ചുകൊണ്ടേയിരുന്നു.

നിഷക്ക് തീരെ പഥ്യമായിരുന്നില്ലെങ്കിലും.


മൊബൈൽ ഫോൺ താഴെ വീണ ശബ്ദം കേട്ട്, നിഷ തല ചരിച്ചൊന്നു നോക്കി.

വീണ്ടും വലിയ ആൻഡ്രോയ്ഡ് ഫോണിന്റെ ചതുരത്തിലേക്ക് മിഴികൾ പായിച്ചു.

ഫോണിന്റെ പാൽ വെളിച്ചത്തിൽ അവളുടെ സുന്ദരവദനം ഒന്നുകൂടി പ്രശോഭിതമായി.

അവൾ, വിരലുകളാൽ എന്തൊക്കെയോ എഴുതുന്നു.

തെല്ലു കാത്തിരിക്കുന്നു.

നിമിഷങ്ങളുടെ നേർത്ത ഇടവേളയ്ക്കപ്പുറം മറുപടി സന്ദേശത്തിന്റെ സൂചകശബ്ദം ഉയരുന്നു.

മറുപടി വായിച്ചാവാം നിഷയുടെ ചുണ്ടുകളിൽ പുഞ്ചിരിയുണരുന്നു.

ഭംഗിയേറിയ അധരങ്ങൾ.

ഒരു ചുംബനം നൽകാനുള്ള അയാളിലെ അഭിവാഞ്ഛയെ, പതിവായുള്ള നിഷയുടെ നിസ്സഹകരണ പ്രതികരണങ്ങൾ കെടുത്തിക്കളഞ്ഞു.

അരവിന്ദൻ പതിയേ ഉറക്കത്തിന്റെ പടവുകളിറങ്ങുകയായി.

അപ്പോഴും കേൾക്കാമായിരുന്നു,

നിഷയുടെ ഫോണിലെ സന്ദേശസ്വനങ്ങൾ.


അരവിന്ദൻ, സ്വന്തം ജീവിതത്തിൽ എന്തിനും പുറകിലായിരുന്നു.

അറിവില്ലായ്മയും, താൻപോരിമക്കുറവും വളർത്തിയ അപകർഷങ്ങൾ ഒരിക്കലും അയാളെ കയ്യൊഴിഞ്ഞില്ല.

ബാങ്കിടപാടുകൾ,

എ ടി എം കൗണ്ടർ,

വില്ലേജ് - പഞ്ചായത്ത് ഓഫീസുകൾ

വിലപേശി വാങ്ങേണ്ടയിടങ്ങൾ,

എവിടേയും അയാൾ നിഷയ്ക്കു പുറകിലായി നിന്നു.

അയാൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ പ്രയാസമായിരുന്നു.

ഉത്തരം മൊഴിയാനും.

ഒരു പക്ഷേ, ബാല്യത്തിലും,കൗമാരത്തിലുമെല്ലാം അമ്മയുടെ ചിറകിൻ കീഴിൽ മാത്രം ഒതുങ്ങിയതുകൊണ്ടാകാം അയാൾ അത്തരമൊരു അവസ്ഥയിലെത്തിച്ചേർന്നത്.

ഇന്നും, അമ്മയുടെ സ്ഥൈര്യമാണ് ഹോട്ടലിന്റെ പുരോഗതിയുടെ ആധാരം.

ഒപ്പം,

ദൈവം അനുഗ്രഹിച്ചു തന്ന നെറിവുള്ള ജോലിക്കാരും.

വിവാഹം കഴിഞ്ഞ് മൂന്നു വർഷമായിരിക്കുന്നു.

കുട്ടികളായില്ല.

ഒരുപക്ഷേ, അരവിന്ദനിൽ നിന്ന് കുട്ടികൾ ജനിക്കാത്തതിൽ നിഷ ഒരിക്കലും വേപഥു പൂണ്ടിട്ടുമില്ല.

മികച്ച വിദ്യാഭ്യാസമുണ്ടായിട്ടും, നല്ലൊരു ജോലി ലഭിക്കാതെ പോയതിൽ, പഠന മികവുള്ളൊരാളെ പങ്കാളിയായി ലഭിക്കാഞ്ഞതിലെല്ലാം അവൾ ഏറെ അസ്വസ്ഥയാണെന്ന് കാലം തെളിയിച്ചു.


ഒരിക്കൽ,

നഗരത്തിലെ പകൽക്കൊലയിലെ പ്രതിഷേധം, 

മിന്നൽ ഹർത്താലിലേക്കു വഴിമാറിയ അതേ ദിനം.

ഉച്ചതിരിഞ്ഞ് ബലമായി കടകൾ അടപ്പിച്ചുകൊണ്ട് മരിച്ചവന്റെ രാഷ്ട്രീയകക്ഷി ആർജ്ജവം തെളിയിച്ചു.

ഹോട്ടലടച്ച്, അമ്മയുമൊന്നിച്ച് ചെറുകാറിലേറി അയാൾ വീട്ടിലേക്ക് തിരിച്ചുപോയി.

അടഞ്ഞ ഗേറ്റ് തുറക്കാനായി പതിയേ കാറിൽ നിന്നിറങ്ങി.

പകൽ മഴ നനച്ച മുറ്റത്തെ ചെമ്മണ്ണിൽ ഏതോ ഇരുചക്രവാഹനത്തിന്റെ ടയർപ്പാടുകൾ സുവ്യക്തമായി കാണാം.

പുതുമയുള്ള ചക്രപ്പാടുകൾ.


കാർ, പോർച്ചിലേക്കിട്ട് അയാൾ കാളിംഗ് ബെല്ലിൽ വിരലമർത്തി.

തെല്ലു നേരത്തേ കാത്തിരിപ്പിനു വിരാമമിട്ട്, നിഷ വാതിൽ തുറന്നു.

അമ്മ, തിടുക്കത്തിൽ അകത്തേക്ക് പോയി.

അയാൾ നിഷയുടെ മുഖത്തേക്ക് നോക്കി.

സ്വതേ അസംതൃപ്തി മാത്രം വിളയുന്ന അവളുടെ മിഴികൾ തിളങ്ങുന്നുണ്ടായിരുന്നു.

ശോണിതച്ഛവി പടർന്ന അധരങ്ങളും കപോലങ്ങളും.

അവൾ കിടപ്പുമുറിയിലേക്ക് നടന്നു.

പുറകേ, അരവിന്ദനും.


ശയനമുറിയിലാകവേ ഏതോ പുതുഗന്ധം നിറഞ്ഞു നിന്നു.

അയാൾ ഉപയോഗിക്കാത്ത, അപരിചിതമായ ഏതോ പെർഫ്യൂം ഗന്ധം.

വലിയ കിടക്കയിൽ ചുളിഞ്ഞ വിരിയുടെ ഓരത്തായി അലക്ഷ്യമായിട്ടിരിക്കുന്ന നിഷയുടെ പ്രിയപ്പെട്ട മൊബൈൽ ഫോൺ.

അതിൽ നിന്നും സന്ദേശധ്വനികളുതിരുന്നുണ്ടായിരുന്നു.

അയാൾ ശയനമുറിയുടെ ചുവരുകളിലേക്ക് പതിയേ കണ്ണോടിച്ചു.

അവയ്ക്ക് തന്നോടു മാത്രമായി എന്തോ പറയാനുണ്ടെന്നവനു തോന്നി.


നിഷ, കുളിമുറിയിലേക്കു കയറി.

ജലം വീണു ചിതറുന്ന ശബ്ദം.

അയാൾ കാതോർത്തു.

കുളിയുടെ ഇടവേളയിൽ, നിഷയുടെ മൂളിപ്പാട്ട് നേർത്തു കേൾക്കാം.

ആ പാട്ടും വരികളും അരവിന്ദന് തീർത്തും അപരിചിതമായിരുന്നു.

അയാൾ വാതിൽ തുറന്ന് ഉമ്മറത്തേക്ക് നടന്നു.

ആ അപരിചിത പെർഫ്യൂം ഗന്ധം തന്നെ പിൻതുടരുന്നതായി അയാൾക്ക് തോന്നി.


ഉമ്മറത്ത് വന്ന് അരവിന്ദൻ മുറ്റത്തേക്ക് മിഴിനട്ടു.

ആ ബൈക്കിന്റെ ടയർപ്പാടുകൾ.

തിരിക്കാനുള്ള ശ്രമത്തിൽ അവ ചോദ്യചിഹ്നം പോലെ രൂപാന്തരപ്പെട്ടിരുന്നു.

അയാളുടെ മുൻപിൽ സമസ്യയായി ആ അടയാളങ്ങൾ നിലകൊണ്ടു.

അന്തരീക്ഷത്തിൽ പടർന്ന പെർഫ്യൂം ഗന്ധം മുറ്റം കടന്ന്, എങ്ങോട്ടെന്നില്ലാതെ മറഞ്ഞു.


ഒരാവർത്തികൂടി അയാൾ ശയനഗൃഹത്തിലേക്ക് നടന്നെത്തി.

നിഷ പകലുറക്കത്തിലേക്ക് പതിയേ വീണുപോയിരുന്നു.

ചുളിവു പടർന്ന കിടക്കവിരിയിൽ, അവളുടെ മൊബൈൽ ഫോൺ അലസമായിക്കിടന്നു.

അതിൽ നിന്നു അപ്പോഴും സന്ദേശസൂചക രവങ്ങൾ ഉയരുന്നുണ്ടായിരുന്നു.

ഇടവേളകളില്ലാതെ.


കിടപ്പറവാതിൽ ചാരി അകത്തളത്തിലേക്കു നടക്കുമ്പോൾ,

അരവിന്ദൻ്റെ ഫോൺ ശബ്ദിച്ചു.

അയാൾ ഡിസ്പ്ലേയിലേക്കു നോക്കി.

നീരജാണ്.

നിഷയുടെ ഇളയ സഹോദരൻ.

അരവിന്ദൻ ഫോണെടുത്തു.

നീരജിൻ്റെ തണുത്ത ശബ്ദം, കാതിലേക്കൊഴുകി വീണു.


"അളിയാ,

ഞാനവിടെ വന്നിരുന്നു ട്ടാ.

ഇവിടത്തെ തറവാട്ടമ്പലത്തിലെ ഉത്സവം ക്ഷണിക്കാൻ വന്നതാണ്.

ഇത്തിരി നേരമെ ഇരുന്നുള്ളു.

കൂടെ, എൻ്റെയൊരു കൂട്ടുകാരിയുമുണ്ടായിരുന്നു.

അവൾക്ക് തിരക്കുള്ള കാരണമാണ്, ഞാൻ ഹോട്ടലിൽ കയറാതെ പോയത്.

ഹർത്താലായ കാരണം, അളിയൻ വീട്ടിലുണ്ടാവൂല്ലേ?

വൈകിട്ട്, ഞാനും അമ്മയും ഇറങ്ങാം.

എങ്കിലും, ക്ഷണിക്കുകയാണ്.

അടുത്ത വ്യാഴാഴ്ച്ച അളിയനും നിഷേച്ചിയും നേരത്തെ വരണം.

ഹോട്ടൽ ഇത്തിരി നേരത്തെ അടച്ചോളു ട്ടാ.

വൈകീട്ട് കാണാം ട്ടാ,

ശരി"


അരവിന്ദൻ ഉമ്മറത്തേക്കു വന്നു.

നേർത്ത മഴയിൽ, ഉമ്മറമുറ്റത്തെ ടയർപ്പാടുകൾ മാഞ്ഞുപോകാൻ തുടങ്ങിയിരുന്നു.

അയാളൊന്നു നിശ്വസിച്ചു.

മുറ്റത്തെ ടയർപ്പാടിൻ്റെയും, അകമുറിയിലെ നവ്യഗന്ധത്തിൻ്റെയും ഹേതു നീരജായിരിക്കുമെന്ന് അയാൾ സ്വയം വിശ്വസിക്കാൻ ശ്രമിച്ചു.

വിഫലമായ ശ്രമത്തിൽ, അരവിന്ദൻ്റെ ചിന്തകൾ പുകഞ്ഞുകൊണ്ടിരുന്നു.


"അരവിന്ദൻ, നിന്നെയെന്തിനു കൊള്ളാം?"


മനസ്സ്, ആ ചോദ്യം ഉരുവിട്ടുകൊണ്ടിരുന്നു.

മഴയ്ക്കു ശക്തി വർദ്ധിച്ചു.

പെരുമഴയിൽ, ചെമ്മണ്ണിൽ പതിഞ്ഞ ടയർപ്പാടുകൾ മാഞ്ഞു.

ഒരു ശിലാരേഖ പോലെ, അരവിന്ദൻ്റെ ഹൃദയത്തിൽ ആ ടയർപ്പാടുകൾ ശേഷിച്ചു.

ഒപ്പം, ആ അപരിചിത ഗന്ധവും.

ഉള്ളിലെ സംശയരോഗം, അയാളോടാർത്തു വിളിച്ചു പറഞ്ഞു.


"അരവിന്ദൻ,

നീ അവളെ വിവാഹം കഴിക്കാൻ പാടില്ലായിരുന്നു.

അവളെയെന്നല്ല, ഒരുവളേയും"


മഴപ്പെയ്ത്തു തുടർന്നു.

അരവിന്ദൻ്റെ ചിന്തകളും.

To Top