നീയെന്തു തന്നാലും ഞാൻ സ്വീകരിക്കും അത്രയ്ക്ക്...

Valappottukal

 


രചന: ഞാൻ ചെകു ത്താൻ

ഹവ്വ...........


   "വെൽഡൺ മൈ ഡിയർ ഗേൾ... നീ പൊളിച്ചു.... ഇത്രക്കൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല നീ വേറെ ലെവലിൽ ആക്കി കളഞ്ഞു പടം... " എന്ന് പറഞ്ഞു കൊണ്ട് ശരണ്യ ഹവ്വയെ കെട്ടിപിടിച്ചു... 


   ഒരു ചെറു പുഞ്ചിരിയാലെ ഹവ്വ ശരണ്യയെയും കെട്ടിപിടിച്ചു.. 


   "ഇന്നത്തെ ഫുൾ ചിലവ് എന്റെ വക..." എന്ന് പറഞ്ഞു കൊണ്ട് ശരണ്യ മുന്നിലുള്ള സോഫയിലേക്ക് ഇരുന്നു... 


   അതിനും ഒരു പുഞ്ചിരി മാത്രമായിരുന്നു ഹവ്വയുടെ മറുപടി.. 


   "നിന്ന് കിണിക്കാതെ എന്ത് വേണം എന്ന് പറ ന്റെ പെണ്ണെ..... !"


   "നീയെന്തു തന്നാലും ഞാൻ സ്വീകരിക്കും... അത്രയ്ക്ക് കടപ്പാട് ഉണ്ട് നിന്നോട്..... "


   "ഹേയ്... കമ്മോൺ.... അവിചാരിതമായിട്ടാണ് നിന്നെ കണ്ടുമുട്ടിയത് എങ്കിലും... നിന്റെ ആഗ്രഹം കേട്ടപ്പോൾ ഞാനൊന്ന് ഹെല്പ് ചെയ്തു അത്ര അല്ലെ ഉള്ളൂ....? ഇതിപ്പോ എനിക്ക് കൂടി ലാഭമല്ലേ...? " എന്ന് പറഞ്ഞു കൊണ്ട് ശരണ്യ ഒന്ന് പൊട്ടിച്ചിരിച്ചു... 


   "ലാഭം....? " മനസ്സിലാകാത്ത ഭാവം  പോലെ ഹവ്വ ചോദിച്ചു ... 


   "യെസ്.... നീ കാരണം..ദി ഗ്രേറ്റ്‌ പ്രൊഡ്യൂസർ അരവിന്ദൻ എന്ന എന്റെ അച്ഛന്റ്റെ തലയിൽ ഒരു സൂപ്പർഹിറ്റ് പടം കൂടെ കയറിയല്ലോ....? അപ്പൊ അതു അങ്ങേരുടെ ഒറ്റമോളായ ഈ ശരണ്യക്കും ഒരു ലാഭം തന്നെയല്ലേ മോളൂസേ.... "


   "ഓഹ്... അങ്ങനെ..... !"


   "ആഹ്... അങ്ങനെ തന്നെ..... !" എന്ന് പറഞ്ഞു ശരണ്യ ഹവ്വക്ക് നേരെ കണ്ണിറുക്കി കാണിച്ചു.. അപ്പോഴാണ് ശരണ്യയുടെ ഫോൺ റിങ് ചെയ്‍തത്... 


   "ഹൈ ഡാഡ്..... !"


   "നീ എവിടെ....? "


   "ഞാനിതാ നമ്മുടെ പ്രിയപ്പെട്ട യുവ തിരക്കഥാകൃത്തു ഹവ്വാ ബീഗത്തിന്റെ കൂടെ... "


   "ഹവ്വാ ബീഗമോ...? "


   "അതൊന്നും അച്ഛന് പറഞ്ഞാൽ മനസ്സിലാകില്ല.... അച്ഛൻ വിളിച്ച കാര്യം പറ.... "


   "അത് ഒന്നൂല്ലാ.... ഫിലിം റിലീസ് ആയി കഴിഞ്ഞാൽ നമുക്കൊക്കെ ഒരു ബിഗ് സർപ്രൈസ് തരാം എന്ന് പറഞ്ഞിരുന്നു ഹവ്വ... അതിനെ പറ്റി നിന്നോട് വല്ലതും പറഞ്ഞോ എന്നറിയാൻ വേണ്ടി വിളിച്ചതാണ്.... "


  "ഓഹോ ഇതിനിടയിൽ അങ്ങനെയും ഒരു കാര്യം ഉണ്ടോ...? ആരും എന്നോട് പറഞ്ഞില്ല.... സാരല്ല അച്ഛൻ വെച്ചോ സർപ്രൈസ് ഞാൻ അറിഞ്ഞിട്ട് അച്ഛനെ വിളിക്കാം ആദ്യം.... " എന്ന് പറഞ്ഞു കൊണ്ട് ശരണ്യ ഫോൺ കട്ട്‌ ചെയ്തു.. എന്നിട്ട് നേരെ ഹവ്വയുടെ അടുക്കലേക്ക് ഓടി ചെന്ന് അവളുടെ കഴുത്തിൽ പിടിച്ചു കൊണ്ട് ചോദിച്ചു 


   "എന്താണ് മോളെ ആ സർപ്രൈസ്..? മര്യാദക്ക് സത്യം പറഞ്ഞോ.... "


   "അത് സർപ്രൈസ് അല്ലെ.. അങ്ങനെ അങ്ങട്ട് ചാടി കയറി പറയാൻ പറ്റോ...? "


   "മര്യാദക്ക് പറഞ്ഞോ.... " എന്ന് പറഞ്ഞു കൊണ്ട് ശരണ്യ തന്റെ കൈകൾക്ക് ഒന്നൂടെ ബലം കൊടുത്തു.. 


    " ആഹ് വിട്... ഞാൻ പറയാം.... " 


   "എന്നാ പറ.... " എന്ന് പറഞ്ഞു കൊണ്ട് ശരണ്യ എണീറ്റ് സോഫയിൽ ഹവ്വയെ അഭിമുഖീകരിച്ചു ഇരുന്നു... 


   "പറയാനുള്ളതൊക്കെ ഞാൻ എഴുതി വെച്ചിട്ടുണ്ട്... അത് വായിക്കാൻ തരണമെങ്കിൽ ഒരു കണ്ടിഷൻ ഉണ്ട്... "


   "കണ്ടീഷനോ...? എന്ത് കണ്ടീഷൻ..? " ആശ്ചര്യത്തോടെ ശരണ്യ ചോദിച്ചു... 


   "ആദ്യം മുതൽ വായിക്കണം... മുഴുവനും വായിക്കണം... ഒറ്റ ഇരിപ്പിന് വായിക്കണം... ഇതിനൊക്കെ സമ്മതമാണേൽ ഞാൻ തരാം... "


   "ഓഹ്... ഇത്രേ ഉള്ളൂ.... ഒന്നല്ല ഒരു നൂറു വട്ടം സമ്മതം... നീ എടുത്തോണ്ട് വാ ന്റെ ഹവ്വ പെണ്ണെ.... "


   ശരണ്യക്ക് നേരെ ഒരു പുഞ്ചിരി പാസാക്കി കൊണ്ട് ഹവ്വ തന്റെ റൂമിലേക്ക് നടന്നു... അലമാര തുറന്നു തന്റെ ഡ്രെസ്സുകളുടെ ഇടയിൽ വച്ചിരുന്ന ഒരു ഡയറി പുറത്തേക്കെടുത്തു.... "ഇക്കാ.... " എന്ന് പതുക്കെ മന്ത്രിച്ചു കൊണ്ട് ആ ഡയറിയിൽ ഒരു മുത്തം നൽകി... തന്റെ നെഞ്ചോട് ഒന്ന് ചേർത്ത് പിടിച്ചു... ഹവ്വയുടെ കണ്ണുകൾ താനേ നിറഞ്ഞു... 


   "ഇന്നെങ്ങാനും വരുവോ...? " ശരണ്യയുടെ ശബ്ദം ഹവ്വയുടെ കാതിൽ പതിച്ചു... 


   ആ കണ്ണുകൾ തുടച്ചു.... മുഖത്തൊരു പുഞ്ചിരി വിരിയിച്ചു കൊണ്ട് ഹവ്വ ശരണ്യക്കരികിലേക്ക് നടന്നു... 


   "ദാ... വായിക്ക്.... നീ വായിച്ചിട്ടു തീരുമ്പോഴേക്കും ഞാനൊരു ജ്യൂസ്‌ അടിച്ചു വരാം.... " എന്നും പറഞ്ഞു ആ ഡയറി ശരണ്യക്ക് നേരെ നീട്ടി ഹവ്വ.. 


   "ആഹ്... ഓക്കേ.. ഓക്കേ... 

" എന്നും പറഞ്ഞു ശരണ്യ ആ ഡയറി വായിക്കാൻ തുടങ്ങി 


   പ്രിയപ്പെട്ട ഇക്കാനെ മനസ്സിൽ ഓർത്തു കൊണ്ട് ഹവ്വ എഴുതുന്നു.. 


   ഒരു ഇടത്തരം കുടുംബത്തിലെ റസലിന്റെയും മുബീനയുടെയും മകളായിട്ടായിരുന്നു ഹവ്വ എന്ന എന്റെ ജനനം... ജന്മനാ വികലാംഗ... കൈകൾ ഇല്ലാത്തതിന് സമമായ കൈകൾ എനിക്ക് അതായിരുന്നു എന്റെ കുറവ്......


    കുത്തു വാക്കുകളും കളിയാക്കലുകളും നിറഞ്ഞു നിന്ന കുട്ടിക്കാലം... നെഞ്ചോട് ചേർത്ത് പിടിക്കാൻ ആകെ ഉണ്ടായിരുന്നത് ഉപ്പച്ചി മാത്രം... 


   ഞാൻ വളർന്നു പ്ലസ് ടുവിന് പഠിക്കുമ്പോഴായിരുന്നു ഞാൻ ആദ്യമായി അവനെ കാണുന്നത്... ആദം.. എന്റെ ഇക്കൂസ്‌... 


   നല്ല വണ്ണവും അതിനൊത്ത നീളവും ഉള്ള ഒരു വ്യെക്തി...എല്ലാ ദിവസവും ബസ്റ്റോപ്പിൽ വെച്ച് അവനെ കാണാറുണ്ട്... ഇടക്കൊക്കെ അവന്റെ നോട്ടം എന്നിലേക്ക് തന്നെയാണെന്ന് തോന്നി പോകുമായിരുന്നു എനിക്ക്... 


   ഒരു ദിവസം അവൻ എന്റെ നേരെ വന്നു മുഖത്തോട് മുഖം നോക്കി ചോദിച്ചു.. "ഞാൻ ഇയാളെ കെട്ടിക്കോട്ടെ...? " എന്ന് 


   തരിച്ചു നിന്നു പോയി ഞാൻ.. കാരണം അത്തരം ഒരു അനുഭവം.. അത് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്ന ഒന്നല്ല... എങ്കിലും ഞാൻ അവനോട് പറഞ്ഞു "എനിക്ക് സമ്മതമല്ല.. "


   പിന്നീടുള്ള എല്ലാ ദിവസവും എന്നെ കാത്തു അവൻ ആ ബസ്റ്റോപ്പിൽ ഉണ്ടാകുമായിരുന്നു... ഒരിക്കൽ പോലും എന്നെ ശല്ല്യം ചെയ്യാനായി വന്നിരുന്നില്ല.. 


   പതിയെ പതിയെ ഞാനും അവനെ ഇഷ്ടപ്പെട്ടു തുടങ്ങി.... 


   പെട്ടെന്നൊരു ദിവസം ഞാൻ ബസ്റ്റോപ്പിൽ എത്തിയപ്പോൾ അവനില്ല... എന്റെ കണ്ണുകൾ ഒരുപാട് തിരഞ്ഞു അവനെ... പക്ഷെ കണ്ടില്ല 


   പിറ്റേ ദിവസം ബസ്റ്റോപ്പിൽ അവൻ വീണ്ടും ഉണ്ടായിരുന്നു.. കയ്യിലും തലയിലും ഒരു കെട്ടുമായി... കണ്ടപാടെ എന്റെ ഉള്ളൊന്ന് പിടഞ്ഞു... എവിടെ നിന്നോ കിട്ടിയ ധൈര്യം വെച്ചു ഞാൻ അവന്റെ അരികിലേക്ക് ചെന്നു.. 


   "ഇന്നലെയെന്താ എന്നെ കാണാൻ വരാഞ്ഞേ...? " 


   " ഇന്നലെ എണീറ്റപ്പോൾ ഒന്ന് വൈകി... കാണാൻ വേണ്ടി ബൈക്ക് ഒന്ന് സ്പീഡ് കൂട്ടി.. അതിന്റെ ഫലമാണ് ഈ തലയിലും കയ്യിലുമൊക്കെ... !"


   പിന്നീടങ്ങോട്ട് ഞങ്ങളുടെ ദിനങ്ങൾ ആയിരുന്നു... എടാ.. പോടാ.. പോടീ.. എന്നുള്ള വിളികൾ.. പതിയെ ഇക്കൂസ്‌, വാവൂസ് എന്ന പേരിലേക്ക് ചേക്കേറി... 


   സിനിമ എന്നൊരു സ്വപ്നം കൊണ്ട് നടക്കുന്ന എന്റെ ഇക്കൂസ്‌ വളരെ പാവമായിരുന്നു... 


   ഓൺ സ്‌ക്രീനിൽ തന്റെ പേര് കാണണം എന്ന് എന്റെ ഇക്കോസിന്റെ ഡ്രീം ആയിരുന്നു... 


   ഇക്കൂസ്‌ സ്വന്തമായി ഒരു തിരക്കഥ പൂർത്തിയാക്കി... പിന്നേ പ്രൊഡ്യൂസർസിന്റെയും ഡിറക്റ്റേഴ്സിന്റെയും പിന്നാലെയുള്ള ഓട്ടമായിരുന്നു... 


   കുറെ പേര് മടക്കിയയച്ചു.. വേറെ കുറെ പേർക്ക് ആ തിരക്കഥ അവരുടെ പേരിൽ വരണം... 


   എല്ലാം കൂടെയായപ്പോൾ എന്റെ ഇക്കൂസ്‌ ആകെ തളർന്നു പോയി....ഒരു മുഴം കയറു കൊണ്ട് എന്റെ ഇക്കൂസ്‌ എന്നെ വിട്ടു പോയി... 


   അന്ന് മുതൽ എനിക്ക് വാശിയായിരുന്നു... എന്റെ ഇക്കൂസിന്റെ നടക്കാതെ പോയ ആ ഡ്രീം നടത്തണം എന്ന്... 


   പോരാടി ഞാൻ...തളർന്നു പോയേക്കാവുന്ന ഒരു അവസ്ഥയിലേക്ക് ഞാനും എത്തി.... പക്ഷെ ദൈവത്തിന്റെ വിധി പോലെ എവിടെ നിന്നോ നീയെന്റെ മുന്നിൽ എത്തപ്പെട്ടു... 


   നിന്നെ പരിചയപ്പെട്ടതിന് ശേഷമാണ് ഞാൻ അറിഞ്ഞത്.. നീ ശരണ്യ ഫിലിമ്സിന്റെ ഓണർ അരവിന്ദന്റെ മകളാണെന്ന്... 


   എന്റെ ഇക്കൂസിന്റെ ആഗ്രഹം എന്റെ ആഗ്രഹം പോലെ ഞാൻ നിനക്ക് മുന്നിൽ അവതരിപ്പിച്ചു... നീയത് വിശ്വസിച്ചു എന്നെ ഹെല്പ് ചെയ്യാം എന്ന് പറഞ്ഞു... എനിക്ക് നീ നിന്റെ അച്ഛനെ  പരിചയപ്പെടുത്തി തന്നു... 


   "കഥ ആവറേജ് ആണ്.. പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന് പറയാൻ പറ്റില്ല... സാദാരണ ഈ ടൈപ്പ് സബ്ജെക്ട്സ് ഒക്കെ ഞൻ റിജെക്ട് ചെയ്യരാണ് പതിവ്.. പിന്നേ നീയൊരു പെണ്ണായതു കൊണ്ട് വേണേൽ നമുക്കൊരു ഡീലിൽ എത്താം.... " നിന്റെ അച്ഛന്റ്റെ ഈ ഒരു ഡയലോഗ് അതിനൊരു പെണ്ണിന്റെ മാനത്തിന്റെ വില ഉണ്ടായിരുന്നു.. പക്ഷെ എനിക്കേറ്റവും വലുത് എന്റെ ഇക്കൂസിന്റെ സ്വപ്നമായിരുന്നു... 


   ഒടുവിൽ...... പടം റിലീസ് ആയി കഴിഞ്ഞാൽ നിന്റെ അച്ഛന്റെ ഡീൽ സമ്മതിക്കാം എന്ന ഉറപ്പിൽ.... എന്റെ ഇക്കൂസിന്റെ സ്വപ്നം ഞാൻ നേടിയെടുത്തു... 


   ഇത് നീ മാത്രമേ വായിക്കാൻ പാടുള്ളൂ എന്ന് എനിക്ക് നിർബന്ധമായിരുന്നു ശരണ്യ.... ഇത്‌ നീ വായിച്ചു തീരുമ്പോഴേക്കും ഞാൻ എന്റെ ഇക്കൂസ്‌ ഉള്ള ലോകത്തേക്ക് പോയിട്ടുണ്ടാകും... നിനക്ക് കഴിയുമെങ്കിൽ എന്റെ ഇക്കൂസിന്റെ ഖബറിന്റെ അടുത്ത് എന്നെ മറവ് ചെയ്യാൻ അപേക്ഷിക്കണം നീ... കാരണം ആ നെഞ്ചിൽ തല വെച്ച് ഉറങ്ങാൻ ഒരുപാട് കൊതിച്ചവൾ ആണ് ഞാൻ... ഇനി എനിക്കതിന് കഴിയില്ല.. ഇതാകുമ്പോൾ ഇക്കൂസിന്റെ അടുത്തെങ്കിലും കിടക്കാല്ലോ.... 


   പെട്ടന്ന് ഇടി വെട്ടിയ പോലെ ഞെട്ടിത്തരിച്ചു കൊണ്ട് ശരണ്യ എഴുന്നേറ്റു.... അടുക്കളയിലേക്ക് ഒരു ഓട്ടം ആയിരുന്നു... 


   ഫാനിൽ തൂങ്ങി ആടുന്ന ഹവ്വയുടെ നിശ്ചലമായ ശരീരത്തിലെ ആ ചിരി... അതിനൊരുപാട് ഭംഗി ഉള്ളത് പോലെ തോന്നി ശരണ്യക്ക്..  


    ശുഭം

To Top