ഗൗരിയുടെ സ്വന്തം ലാസ്റ്റ് പാർട്ട്

Valappottukal


രചന: സിന്ധു അപ്പുക്കുട്ടൻ


പ്രഭ....ആ മുഖത്തേക്ക് നോക്കി നിൽക്കേ

ഗൗരിയുടെ ചുണ്ടുകൾ വിറയാർന്നു.


ഗൗരിക്ക് അത്ഭുതമടക്കാനായില്ല.കട്ടി മീശയും, ഇട തൂർന്ന മുടിയും ജീൻസും ടീഷർട്ടുമിട്ട് പ്രഭ മുന്നിൽ വന്നു നിൽക്കുന്നു.


പ്രഭയുടെ ഓർമ്മകളിൽ മുഴുകിയിരുന്നു തന്റെ സമനില തെറ്റിയോ എന്നവർ വേവലാതിപ്പെട്ടു.


"എന്താമ്മേ... എന്താ ഇങ്ങനെ തുറിച്ചു നോക്കുന്നെ..


ഹരിവന്ന് അവരുടെ തോളിൽ പിടിച്ചു.


"ഹേയ്.. ഒന്നുമില്ല മോനേ.


"ഹും.... നോക്ക് ഇത് സന്ദീപ്. സന്ദീപ് പ്രഭാകർ ഇവിടെ ലോർഡ്സ് ഹോസ്പിറ്റലിൽ ഡോക്ടറാണ്.ഇവന്റെ അച്ഛൻ പ്രഭാകർ സാറും അവിടെ തന്നെ ഫിസിഷ്യനാണ് 


പ്രഭാകർ എന്ന പേര് വീണ്ടും ഗൗരിയിൽ ഒരു പിടച്ചിലുണ്ടാക്കി 


ഇത് രമ്യ. സന്ദീപിന്റെ വൈഫ്. നീതുവിന്റെ ഓഫീസിൽ തന്നെ ഈയിടെ വന്നു ചാർജെടുത്തിരിക്കുന്നു രണ്ടു പേരും ക്ലാസ്സ്‌മേറ്റ്സാ.ഇവര്തമ്മിലാ നേരത്തെ പരിചയം. അതു വഴി ഞാനും സന്ദീപും ഫ്രണ്ട്സായി.കുറേയായി രണ്ടുപേരെയും ഞാനിങ്ങോട്ട് വിളിക്കുന്നു. ഇപ്പോഴത്തെ ഈ വരവിന്റെ ഉദ്ദേശം അമ്മയെ കാണുക എന്നതാ.പിന്നെ അമ്മയോട് എന്തോ ചോദിക്കാനുമുണ്ട്.


എന്താ മോനേ... ഗൗരി പകപ്പോടെ രണ്ടുപേരെയും മാറിമാറി നോക്കി.


അതൊക്കെയുണ്ട്. ആദ്യം അമ്മ വാതിൽക്കൽ നിന്ന് മാറ്. ഞങ്ങളൊന്നു അകത്തേക്ക് കയറിക്കോട്ടെ.


കയറി വാ.


ഗൗരി  ജാള്യതയോടെ പിന്നിലേക്ക് മാറി.


"നിങ്ങൾ ഇരിക്ക് ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം. "


നീതു രമ്യയെയും കൂട്ടി അടുക്കളയിലേക്ക് നടന്നു.


"സന്ദീപ്, ഇതാണ് നിങ്ങൾ കാണാനാഗ്രഹിച്ച വി ഐ പി.. മിസ്സിസ് ഗൗരി മാധവമേനോൻ.


തിരിഞ്ഞു നടക്കാനൊരുങ്ങിയ ഗൗരിയെ ഇരുതോളിലും പിടിച്ച് ചേർത്തു നിർത്തി ഹരി പറഞ്ഞു.


വയസ്സ് വെറും അമ്പതായിട്ടേയുള്ളൂ പക്ഷേ എടുപ്പും നടപ്പുമൊക്കെ തൈകിളവിയുടേതാ. എനിക്ക് വയസ്സും പ്രായവുമൊക്കെ ആയില്യേ ന്ന് ഒരു ഭാവം.


അമ്മക്ക് നാടും വീടുമൊക്കെവിട്ട് ഇവിടെ വന്നു നിൽക്കുന്നതിന്റെ സങ്കടമാകും അല്ലേ അമ്മേ 


സന്ദീപ് സോഫയിലേക്കിരുന്നുകൊണ്ട് പറഞ്ഞു.


അതിന് നാട്ടിലെ വീട് ഞങ്ങളുടെതായിരുന്നില്ല സന്ദീപ്. അച്ഛന്റെ തറവാടായിരുന്നു. അച്ഛന്റെ മരണത്തിനു പിന്നാലെ മുത്തശ്ശനും മുത്തശ്ശിയും മരിച്ചു. അന്ന് പാർട്ടിഷനൊന്നും നടത്തിയിട്ടില്ലായിരുന്നു. ഇളയച്ചൻമാരും, അപ്പച്ചിമാരുമൊക്കെ ഞങ്ങളോടുള്ള സഹതാപം കൊണ്ട് അവരുടെ ഷെയർ ചോദിച്ചു വന്നുമില്ല. പിന്നെ കൃഷ്ണച്ചിയുടെ വിവാഹം കഴിഞ്ഞു. എനിക്കും ജോലിയായപ്പോ തറവാട് ഭാഗം വെക്കണം എന്നായി. വേണമെങ്കിൽ നല്ലൊരു തുക എല്ലാർക്കുമായി കൊടുത്തിട്ട് വീട് ഞങ്ങളോടെത്തുകൊള്ളാൻ പറഞ്ഞു. പക്ഷേ അന്ന് അതിനുള്ള സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഷെയർ മാത്രം തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. എനിക്ക് ജോലി ഇവിടെയായത് കൊണ്ട് അവിടെ വീടുണ്ടായിട്ടും കാര്യമില്ലല്ലോ അങ്ങനെയാണ് ഈ ഫ്ലാറ്റിൽ വാടകക്ക് താമസം തുടങ്ങിയത്. കുറച്ചേ ആയിട്ടുള്ളു ഞാനിതു സ്വന്തമാക്കിയിട്ട്. നീതുവിനും ജോലിക്ക് പോകാൻ ഇവിടെയൊരു വീടുള്ളതാ സൗകര്യം.


ഇതൊക്കെ ഈയമ്മയോട് പറഞ്ഞാൽ മനസ്സിലാവൂല... അയ്യോ എന്റെ നാടേ, എന്റെ വീടേ എന്നും പറഞ്ഞു നടക്കുവാ.


എന്നാലും നാട്ടിൽ ഒരിത്തിരി സ്ഥലം വാങ്ങിയിട്ടിട്ടുണ്ട്. ഭാവിയിൽ ഗൗരിക്കുട്ടിയുടെ ഇഷ്ടത്തിനൊത്ത ചെറിയൊരു വീടും വെക്കണം.


സന്ദീപ് ചിരിയോടെ എല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്. അവന്റെയാ ചിരിയും, നോട്ടവും നോക്കി നിൽക്കേ ഗൗരിക്കവനോട് പറഞ്ഞറിയിക്കാനാകത്തൊരു വാത്സല്യം തോന്നി. 


അമ്മേ... സന്ദീപ് വന്നത് അമ്മയെക്കാണാനാണെന്ന് ഞാൻ പറഞ്ഞില്ലേ. സന്ദീപിന് അമ്മയോട് ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്.


ഭക്ഷണം കഴിച്ചുകഴിഞ്ഞ് പാത്രങ്ങൾ വൃത്തിയാക്കുകയായിരുന്നു ഗൗരി.


"എന്താടാ... കയറിവന്നപ്പോ തൊട്ട് മനുഷ്യനെ തീ തീറ്റിക്കുവാണല്ലോ.?


ഗൗരിക്ക് എന്തെന്നറിയാതെ ദേഷ്യം വന്നു.


അമ്മയിതൊക്കെ ഇവിടെ വെച്ചിട്ട് വന്നേ.. പറയാം.  നീതു ചെയ്തോളും ഈ പണികളൊക്കെ.


ഹരി അവരെ ഉന്തിത്തള്ളി പുറത്തേക്കു നടന്നു.


സന്ദീപ് അവരെ കാത്ത് ബാൽക്കണിയിലെ ഊഞ്ഞാൽ സെറ്റിയിലിരിപ്പുണ്ടായിരുന്നു.


എന്നെ പ്രസവിച്ചയുടനെ എന്നെയും അച്ഛനെയും തനിച്ചാക്കിപ്പോയതാ എന്റമ്മ.


അവനരികിൽ വന്നിരുന്ന ഗൗരിയുടെ കൈത്തലം തന്റെ കൈകൾക്കുള്ളിലാക്കി, അവർക്കരികിലേക്ക് ഒന്നുകൂടിചേർന്നിരുന്നു സന്ദീപ് പറഞ്ഞു തുടങ്ങി.


പിന്നെയങ്ങോട്ട് എനിക്കെല്ലാം എന്റെ അച്ഛനായിരുന്നു. അച്ഛന്റെ കൂട്ടുകാർ മറ്റൊരു വിവാഹത്തിന് ഒരുപാട് നിർബന്ധിച്ചതാ അച്ഛനെ. പക്ഷേ അച്ഛന്നതിനു തയ്യാറായില്ല.


അച്ഛനും സ്വന്തം അച്ഛനമ്മമാരെ കണ്ട ഓർമ്മ പോലുമില്ലായിരുന്നു. വയസ്സായ അപ്പാപ്പനും അച്ഛമ്മയുമാണ് അച്ഛനെ വളർത്തിയതും പഠിപ്പിച്ചതും. പക്ഷേ അച്ഛൻ പഠിച്ചു വലിയ ആളായത് കാണാൻ അവർക്കും ഭാഗ്യമുണ്ടായില്ല.


ബാല്യത്തിൽ അച്ഛനാഗ്രഹിച്ച സ്നേഹവും പരിഗണനയുമെല്ലാം തന്നാ അച്ഛനെന്നെ വളർത്തിയത്.


എന്റെ ലോകം അച്ഛനും അച്ഛന്റെ ലോകം ഞാനും മാത്രമായൊരു വീട്. 


രമ്യ  വന്നപ്പോൾ അച്ഛന് ഒരു മോളെയും കൂടി കിട്ടി. എന്നാലും ഞങ്ങളുടെ ചില തിരക്കുകൾക്കിടയിൽ വീട്ടിൽ അച്ഛൻ തീർത്തും ഒറ്റപ്പെട്ടു പോകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോ അച്ഛനെക്കൊണ്ട് ഇനിയൊരു കല്യാണം കഴിപ്പിച്ചാലോ എന്നൊരു ചിന്ത ഉള്ളിൽ മുളപൊട്ടിത്തുടങ്ങി. അങ്ങനെ അച്ഛനുവേണ്ടി ഒരാളെ അന്വേഷിക്കാൻ തുടങ്ങി ഞാൻ.. പക്ഷേ അച്ഛനതിനു സമ്മതിച്ചു തരുന്നേയില്ല. അങ്ങനെയിരിക്കെയാണ് കുട്ടിക്കാലത്തു അച്ഛനൊരു പ്രണയമുണ്ടായിരുന്നെന്നും, ഒരിക്കലും ഒന്നിക്കാൻ കഴിയാത്തവിധം ജാതിയും, കുടുംബമഹിമയും തീർത്ത വേലിക്കെട്ടിനുള്ളിൽ ഒരുപാട് അകലങ്ങളിലായിരുന്നു രണ്ടുപേരും എന്നൊക്കെ ഞാനറിഞ്ഞത്.


ഗൗരിയുടെ ഉടലൊന്നു വിറച്ചു.


അമ്മേ... അമ്മയെന്നെ കണ്ടപ്പോൾ ഓർമ്മകളിൽ എന്തോ ഒന്ന് പരതിയില്ലേ??


സന്ദീപിന്റെ കുസൃതി നിറഞ്ഞ ചോദ്യം കേട്ട് ഗൗരി ഒരു ഞെട്ടലോടെ അവന്റെ കണ്ണുകളിലേക്കുറ്റു നോക്കി.പിന്നെ ശബ്ദം നഷ്ടപ്പെട്ടവളെപ്പോലെ മെല്ലെ തല താഴ്ത്തി. തുളുമ്പിയൊഴുകുന്ന കണ്ണുനീർ സന്ദീപിന്റെ കൈതത്തലങ്ങളേറ്റു വാങ്ങി 


ഹരിയും രമ്യയും നീതുവും കൂടി അവർക്കരികിലേക്ക് വന്നിരുന്നു.


"നീതു ഇടയ്ക്കിടെ രമ്യക്കൊപ്പം വീട്ടിൽ വരാറുണ്ടായിരുന്നു. 


സന്ദീപ് വീണ്ടും പറഞ്ഞു തുടങ്ങി.


അച്ഛന് നീതുവിനെയും വല്യ കാര്യമായിരിന്നു. ഒരിക്കൽ നീതുവിന്റെ ഫോണിൽ നിങ്ങളുടെ കുറച്ചു ഫാമിലി ഫോട്ടോസ് അച്ഛൻ കാണാനിടയായി. അമ്മയെ കണ്ടതും, ഇത് ഗൗരിയല്ലേ എന്നൊരു ചോദ്യം.


അമ്മയെ എങ്ങനെയറിയാം എന്ന നീതുവിന്റെ ചോദ്യത്തിന് ആദ്യമൊന്നും അച്ഛൻ മറുപടി പറയാൻ കൂട്ടാക്കിയില്ല.


പിന്നെയെന്റെ നിരന്തരമായ ചോദ്യങ്ങൾക്കൊടുവിൽ, ഗൗരിക്കുട്ടിയുടെ പ്രഭയെ എനിക്ക് കാട്ടിത്തന്നു അച്ഛൻ.


അതറിഞ്ഞപ്പോ മുതല് എനിക്കൊരാഗ്രഹം ഞാനത് ഹരിയോട് പറഞ്ഞു. ഹരി കൃഷ്ണച്ചിയോടും. എല്ലാരും എന്റെയാ ആഗ്രഹത്തിനൊപ്പം നിന്നു. ഇനി വേണ്ടത് അമ്മയുടെ സമ്മതമാ.. അത് കിട്ടിയാൽ എനിക്കൊരു അമ്മയെ കിട്ടും. ഹരിക്കൊരു അച്ഛനെയും. 


അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ ഗൗരി തനിക്കു ചുറ്റിലുമുള്ള മുഖങ്ങളിലേക്ക് മാറി മാറി നോക്കി. നിറഞ്ഞ ചിരിയായിരുന്നു എല്ലാമുഖങ്ങളിലും.


വയസ്സ്കാലത്ത് ഒറ്റക്കായി പോകുന്ന മാതാപിതാക്കൾക്ക് മക്കൾ പഴയ കാമുകിയെയോ, കാമുകനെയോ ഒക്കെ കണ്ടു പിടിച്ചു കല്യാണം നടത്തികൊടുക്കുന്നതാമ്മേ ഇപ്പോഴത്തെ ട്രെൻഡ്.


ഹരി അവരുടെ മുന്നിൽ മുട്ടുകുത്തിയിരുന്നുകൊണ്ട് പറഞ്ഞു.


ഗൗരി അപ്പോഴും  കേട്ടതൊന്നും വിശ്വസിക്കാനാകാതെ നിശ്ചലയായി ഇരിക്കുകയായിരുന്നു.


🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹


കവിളിലുരുമ്മി കാൽച്ചുവട്ടിലേക്കു വീണ മാമ്പഴം കുനിഞ്ഞെടുത്തു ഗൗരി മൂക്കിന് താഴെ അമർത്തി പിടിച്ച് അതിന്റെ ഗന്ധം ആവോളം നുകർന്നിട്ട് പ്രഭയുടെ കൈകളിൽ വെച്ചു കൊടുത്തു.


നോക്കു.. പഴയ അതേ മണം.


പ്രഭയും ആ മണമാസ്വദിച്ച് ഒരു നിമിഷം കണ്ണുകളടച്ചു.


നിറയെ മരങ്ങളും, പച്ചപ്പുമണിഞ്ഞ് കാടിന്റെ വന്യത ഉൾക്കൊണ്ടു നിന്നിരുന്ന "മാതേക്കൽ പറമ്പിനു "വർഷങ്ങൾക്കിപ്പുറവും യാതൊരു മാറ്റവുമില്ലല്ലോ എന്നവർ അത്ഭുതം കൊണ്ടു.


പേരയും, ചാമ്പയും, മൾബറിയും, ആഞ്ഞിലിയുമെല്ലാം  നിറയെ ഫലങ്ങളുമായി ഇപ്പോഴും അവരെ കൊതിപ്പിച്ചുകൊണ്ടു നിൽക്കുന്നു.


അന്നൊക്കെ പ്രഭയുടെ കൂടെ ചുറ്റാനിറങ്ങിയാൽ വായ്ക്ക് യാതൊരു വിശ്രമവുമില്ലായിരുന്നു. 


പേരയുടെ മുകളിലേക്കു വലിഞ്ഞു കയറി പറിച്ചു തരുന്ന പേരക്ക തിന്നു തീരുന്നതിന്മുന്നേ, ഇലകുമ്പിളിൽ നിറയെ മൾബറി പഴങ്ങളുമായി പ്രഭ മുന്നിലുണ്ടാകും 


വർഷങ്ങൾക്കു ശേഷം തമ്മിൽ കണ്ടപ്പോൾ ഗൗരി പ്രഭയോട് ആദ്യം ആവശ്യപ്പെട്ടത് നമുക്കൊന്ന് "ആരക്കുഴക്ക് "പോയാലോ എന്നായിരുന്നു.


എന്തിനാപ്പൊ അങ്ങോട്ട് പോയിട്ട്. നിന്റെ അമ്മാവൻമാരൊക്കെ നിന്നോട് പിണങ്ങിയില്ലേ ഈ വിവാഹത്തിന്റെ പേരിൽ. അവർക്കൊക്കെ ഞാനിപ്പോഴും "മാക്കോതപ്പറയന്റെ ചെക്കൻ പ്രഭാകരനാ... ഇനിയെത്ര കാലം കഴിഞ്ഞാലും അവരുടെയാ ചിന്താഗതി മാറാൻ പോകുന്നില്ല.ഞാൻ നേടിയെടുത്ത ഡോക്ർ പ്രഭാകർ എന്ന പദവിയെ അംഗീകരിക്കനും പോകുന്നില്ല. പിന്നെന്തിനാ വെറുതെ.


നമുക്ക് വീട്ടിലൊന്നും കേറണ്ടന്നേ. ചുമ്മാ അതിലെയൊക്കെ ഒന്ന് കറങ്ങിപ്പോരാം.മാതേക്കല് ഇപ്പോഴും ആരും താമസിച്ചു തുടങ്ങിയിട്ടില്ല. എനിക്കു ഒന്നൂടെ അവിടെയൊക്കെ ഒന്ന് കാണണം.

ആര് അംഗീകരിച്ചില്ലെങ്കിലും നമ്മുടെ മക്കൾ നമ്മുടെകൂടെയില്ലേ. പിന്നെന്താ 


ഗൗരിയുടെ നിർബന്ധം കൂടി വന്നപ്പോൾ പ്രഭ എല്ലാറ്റിനും തലകുലുക്കി 


എന്നാലും എന്റെ പ്രഭേ, എനിക്കിതൊന്നും വിശ്വസിക്കാനേ പറ്റുന്നില്ല ട്ടോ.


നിറയെ കായ്കളുമായി ചാഞ്ഞു കിടക്കുന്ന പേരയുടെ ചോട്ടിൽ ഇരിക്കുകയായിരുന്നു അവർ 


എനിക്കും... പ്രഭ പ്രണയപൂർവ്വം അവളുടെ കവിളിൽ നുള്ളി.


"പഠിച്ചു വല്യ ആളായിട്ട് കല്യാണം കഴിക്കാൻ വരാം എന്ന് പറഞ്ഞു പറ്റിച്ചതല്ലേ എന്നെ."


ഗൗരി ഒരു കൊഞ്ചലോടെ മുഖം വീർപ്പിച്ചു.


ഞാൻ വന്നല്ലോ. പക്ഷേ അപ്പോഴേക്കും നീ മിസ്റ്റർ മാധവമേനോന്റെ ഭാര്യയും, കൃഷ്ണമോളുടെ അമ്മയുമായി കഴിഞ്ഞിരുന്നു. എത്രയോ തവണ  നീയറിയാതെ, ദൂരെ നിന്ന് നിന്നെ ഞാൻ കണ്ടിട്ട് പോയിട്ടുണ്ട്.


ങേ.... ഗൗരി ഞെട്ടലോടെ കണ്ണ് മിഴിച്ചു.


അമ്മുമ്മയും കൂടി മരിച്ചപ്പോ ഞാൻ തീർത്തും അനാഥനായി പിന്നെ ആരുടെയൊക്കെയോ കരുണ കൊണ്ട് പഠിച്ചു. ഇങ്ങനെയൊക്കെയായി. ഞാനെന്റെ സ്വന്തം കാലിൽ ചുവടുറപ്പിച്ചു നിന്നപ്പോഴേക്കും ഏറെ വൈകിപ്പോയി ഗൗരി.


കല്യാണമേ വേണ്ട എന്ന് വിചാരിച്ചിരുന്നതാ. ഇടുക്കിയിൽ തന്നെ ഏതെങ്കിലും ഹോസ്പിറ്റലിൽ പാവങ്ങളെ ചികിൽസിച്ചു കഴിയാനായിരുന്നു എനിക്കിഷ്ടം. പക്ഷേ കൊച്ചിയിലേക്ക് വരാനും, ഗീതയെ കണ്ടുമുട്ടാനും, സന്ദീപിന്റെ അച്ഛനാകാനുമൊക്കെയായിരുന്നു നിയോഗം.


പാവമായിരുന്നുട്ടോ ഗീത. എന്റെയൊരു ഫ്രണ്ടിന്റെ സഹോദരി. അവനൊരു ആക്സിഡൻറ്റിൽ മരണപ്പെട്ടപ്പോൾ ഗീതയെ എനിക്ക് സ്വീകരിക്കേണ്ടി വന്നു.കുറച്ചു നാളുകളേ എന്റൊപ്പം ഉണ്ടായുള്ളൂ എങ്കിലും കടലോളം സ്നേഹം പകർന്നു തന്നവൾ. ആയുസ്സ് മാത്രം കൊടുത്തില്ല ദൈവം.


മാധവട്ടനും നല്ല ആളായിരുന്നു പ്രഭേ.


പ്രഭയുടെ ഓർമ്മ വരുമ്പോൾ ഞാനദ്ദേഹത്തോടെ കാരണമില്ലാതെ ദേഷ്യപ്പെട്ടു, പിണങ്ങി നടന്നു.. പക്ഷേ ഒരിക്കലും എന്നോടദ്ദേഹം തിരിച്ചു ദേഷ്യപ്പെട്ടിട്ടില്ല. ഒരു പുഞ്ചിരി എപ്പോഴുമുണ്ടായിരുന്നു ആ ചുണ്ടുകളിൽ.


കൃഷ്ണക്ക് അഞ്ചും, ഹരിക്കു മൂന്നും വയസുള്ളപ്പോഴാ അദ്ദേഹം പോയത്.അപ്പോഴേക്കും പ്രഭ മറവിയുടെ ആഴങ്ങളിലേക്ക് മറഞ്ഞു പോയിരുന്നു. വീണ്ടും ഓർമ്മകളെ താലോലിച്ച് തുടങ്ങിയത് ഹരിയുടെ ഫ്ലാറ്റിലേക്ക് താമസം മാറിയതിനു ശേഷമാ. അവര് രണ്ടും ജോലിക്ക് പോയപ്പിന്നെ തനിച്ച് വല്ലാത്തൊരു ശൂന്യതയിൽ.  അപ്പോഴൊക്കെ കൂട്ടായി പഴയ ഓർമ്മകൾ കയറി വന്നു തുടങ്ങി.


അന്ന് സന്ദീപ് കയറി വന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. പ്രഭയുടെ അതേ കണ്ണും, മൂക്കും ചിരിയും എല്ലാം അതേപോലെ.


ഗൗരി ആർദ്രമായൊരു നോട്ടം അവനിലേക്കിട്ട്കൊണ്ടു ആ നെഞ്ചിലേക്ക് ചേർന്നിരുന്നു.


അവനാകട്ടെ ഒരു പൂച്ചകുഞ്ഞിനെയെന്നോണം അവളെ തന്നിലേക്ക് ചെത്തു പിടിച്ചു.


പ്രഭേ,ഈ പറമ്പും, ബംഗ്ലാവും നമുക്കങ്ങു വാങ്ങിയാലോ..


വർഷങ്ങളുടെ പഴക്കവുംപേറി തലയുയർത്തി നിൽക്കുന്ന മാതേക്കൽ ബംഗ്ലാവിനെ നോക്കി കുസൃതിയോടെ ഗൗരി പറഞ്ഞു.


എന്നിട്ട്.??


എന്നിട്ടെന്താ, ഈ മാങ്ങയും പേരക്കയുമൊക്കെ പറിച്ചു തിന്നും , തോട്ടിൽ പോയി കുറെ മീനിനേം പിടിച്ചും , ആ വെള്ളത്തിൽ കിടന്നു അർമ്മാദിച്ചു കുളിച്ചും റിട്ടയർമെന്റ് ലൈഫ് അങ്ങോട്ട് അടിപൊളിയാക്കണം 


പൂതി കൊള്ളാം. പക്ഷേ ഇത് സ്വന്തമാക്കാൻ 

ഓണം ബമ്പർ രണ്ടെണ്ണമെങ്കിലും അടിക്കണം എന്റെ പെണ്ണുമ്പിള്ളേ.. 


ഹഹഹ... അവന്റെ അപ്പോഴത്തെ ഭാവം കണ്ട് ഗൗരിക്ക് ചിരിയടക്കാനായില്ല.


അവളുടെ ചിരി കണ്ട് പ്രഭയും പൊട്ടിച്ചിരിച്ചു.


ആ ചിരിയിൽ പങ്കു ചേർന്നിട്ടെന്നവണ്ണം, അപ്രതീക്ഷിതമായി ആകാശത്തു ഉരുണ്ടു കൂടിയ കാർമേഘങ്ങൾ ഏതാനും തുള്ളികളെ അവരുടെ നിറുകയിലേക്കിറ്റിച്ചു. 


ഒരു നിമിഷം,പ്രഭയുടെ കണ്ണുകൾ അറിയാതെ കയ്യാലക്കരുകിൽ കാടുപിടിച്ചു നിന്ന ചേമ്പിലക്കൂട്ടങ്ങളിലേക്കൂളിയിട്ടു.


ആ നോട്ടത്തിന്റെ അർഥം തിരിച്ചറിഞ്ഞ ഗൗരി പിന്നെയും പിന്നെയും പൊട്ടിച്ചിരിച്ചു.


തലക്കുമുകളിൽ വലിയ ചേമ്പിലയും പിടിച്ചു നിന്ന് ഗൗരിക്കുട്ടീ... വേഗം വായോ എന്ന് അലറി വിളിക്കുന്ന പ്രഭയുടെ രൂപം വീണ്ടുമൊരിക്കൽ കൂടി അവളുടെ മനോമുകുരങ്ങളെ തട്ടിയുണർത്തി കടന്ന് പോയി 


അവസാനിച്ചു 🥰🥰 ലൈക്ക് കമന്റ് ചെയ്യണേ...

To Top