പെണ്ണ് കണ്ട് നടന്നു ഇപ്പൊ സെൻസസ് എടുക്കാൻ വേറെ ഒരു വീടും ബാക്കിയില്ല...

Valappottukal



രചന: ജിംസി

ഞാൻ ഇങ്ങനെ പെണ്ണ് കെട്ടാതെ മുരടിച്ചു പോകുവോ ന്റെ കൃഷ്ണാ.... ആഹ്... നിനക്ക് ഇങ്ങനെ ഓടക്കുഴൽ ഊതി കൊണ്ട് ചിരിച്ചു നിന്നാൽ മതിയല്ലോ....

ഞാൻ ഇവിടെ ആരുടെ ഒക്കെ പരിഹാസവും ചോദ്യങ്ങളും ഒക്കെ കേൾക്കണം....പഠിത്തം കഴിഞ്ഞപ്പോ തൊട്ട് തുടങ്ങിയതാ തെക്കേലെ വറീതേട്ടനും വടക്കേലെ നാരായണി തള്ളയും വഴിയിൽ വെച്ച് കണ്ടാൽ ജോലി ആയില്ലേ മോനെ... കൂലി ആയില്ലേ മോനേ....

ആദ്യം ഒന്ന് രണ്ട് പേരുടെ ശല്ല്യം മാത്രം ഉണ്ടായുള്ളൂ...പിന്നെ അങ്ങോട്ട് പറയണോ... കൂട്ടത്തോടെ മനുഷ്യനെ ചോദ്യം ചോദിപ്പിച്ചു ബുദ്ധിമുട്ടിക്കുന്ന കണ്ടിട്ടാ കഷ്ടപ്പെട്ട്  പി എസ് സി ഒക്കെ പഠിച്ചു ഗവണ്മെന്റ് ജോബ് തന്നെ ആയിക്കോട്ടെ ന്ന് വെച്ചു അതിന്റെ പിന്നാലെ പോയി രണ്ട് ചെരുപ്പ് തേഞ്ഞത്....

നിക്ക് പിന്നെ ഭയങ്കര ബുദ്ധി ആയോണ്ട് വേഗം ജോലി കിട്ടുമെന്ന് വിചാരിച്ചു... ഇതിപ്പോ ന്റെ ഭാഗത്തും തെറ്റുണ്ട്... ഈ കഷ്ടപ്പെട്ട് പഠിക്കാൻ ഒന്നും നമ്മളെ കൊണ്ട് പെറ്റും ഇല്ല്യ... 

തലേലും കേറൂലന്നു ന്റെ അമ്മ മഹാറാണി പലയാവർത്തി പറഞ്ഞപ്പോഴാ അതുവരെ ഉണ്ടായിരുന്ന ആ കോൺഫറൻസ് ഇല്ലേ... അല്ല കോൺസിഡർ ചെ..... എന്തുവാ അത്.... അത് തന്നെ കോൺഫിഡൻസ്.... അത് മുഴുവൻ ദേ.... കാറ്റില്ലാത്ത ബലൂൺ പോലെയായി...എന്നാലും ഒരു കൈ നോക്കാംന്നു വെച്ചു പി എസ് സി ക്ലാസ്സിൽ പോയിരുന്നെങ്കിലും കുറേ വായിനോട്ടം മാത്രം നടന്നു....

അവസാനം ഞാൻ അച്ഛന്റെ പാത പിന്തുടരുന്നതാണ് നല്ലതെന്ന് അമ്മ ഉപദേശിച്ചപ്പോഴാ രണ്ടും കല്പിച്ചു അച്ഛന്റെ ഒപ്പം വർക്ക്‌ഷോപ്പ് പണിക്ക് ഇറങ്ങിയത്....

വയസ്സ് മുപ്പതു തികയാറായി... ഹൊ... പെണ്ണ് കണ്ട് നടന്നു ഇപ്പൊ സെൻസസ് എടുക്കാൻ വേറെ ഒരു വീടും ബാക്കിയില്ല എന്ന അവസ്ഥയിലായി....

ചിലർക്ക് പ്ലസ് ടു പഠിത്തം പോരാ ഡിഗ്രി കൂടി വേണമത്രേ... ചിലയിടത്തു വർക്ക്‌ ഷോപ്പ് എന്ന് കേട്ടാൽ ശോ... വേണ്ടേ വേണ്ട..വർക്ക്‌ ഷോപ്പ് ആണെന്ന് പറഞ്ഞിട്ട് പോയാലോ പെണ്ണിനോട്‌ സംസാരിക്കാൻ പോയാൽ... ചേട്ടാ... വീട്ടുകാർ നിർബന്ധിച്ചിട്ടാ.... ചേട്ടൻ എന്നെ ഇഷ്ടം ആയില്ല എന്ന് പറയണം....

ചിലയിടത്ത് ചാരം..... ചിലയിടത്ത് പുക.... ഇങ്ങനെ പോയാൽ എന്റെ പുക കാണേണ്ടി വരും..... ഇത്രക്കും ഗ്ലാമർ ഉണ്ടായിട്ടും എനിക്ക് ഒരു പെണ്ണ് കിട്ടാനില്ലേ ഈ ഭൂമില്..... ജോലി മാത്രം വർക്ക്‌ ഷോപ്പ് ന്ന് അല്ലേ ഉള്ളൂ...

 സ്വന്തമായി വർക്ക്‌ ഷോപ്പും പെണ്ണുങ്ങളുടെ വീക്നെസ് ആണെന്ന് പറഞ്ഞ് കൂട്ടുകാരൻ രാജീവൻ പറഞ്ഞ് എടുപ്പിച്ച ഒരു ബുള്ളറ്റും പഴയത് ആണേലും തരക്കേടില്ലാത്ത ഒരു മാരുതി കാറും ഏഴ് സെന്റിൽ അച്ഛൻ കെട്ടിപ്പൊക്കിയ ഇരുനില വീടും.... ഇത്..... ഇതൊക്കെ ഉണ്ടായിട്ടും എന്റെ കല്ല്യാണം നടക്കുന്നില്ലലോ.. ന്റെ കള്ള കണ്ണാ...

കുളി കഴിഞ്ഞു ഒരു പെണ്ണുകാണലിനു പോകാൻ കണ്ണാടിയിൽ നോക്കി ഒരുങ്ങി കൊണ്ടിരിക്കുകയാണ്  പ്രണവ്..

 അവന്റെ പ്രിയപ്പെട്ട കണ്ണനോടും കണ്ണാടിയിലും നോക്കി മനസ്സിൽ ഉള്ളതെല്ലാം പറഞ്ഞ് പിറു പിറുക്കുന്നതിനു ഇടയിലാണ് അവന്റെ പിന്നിൽ വന്ന് അമ്മ പാർവതി നിന്നത്...

ന്താ... മോനെ.. കഴിഞ്ഞില്ലേ.. നിന്റെ ഒരുക്കം... ദേ..താഴെ...നിന്റെ കൂട്ടുകാരൻ രാജപ്പൻ വന്നിട്ടുണ്ട്....

അയ്യേ.. രാജപ്പനോ... ഈ അമ്മ... രാജപ്പൻ എന്ന് അവനെ വിളിക്കല്ലേ ന്ന് ഞാൻ നൂറുവട്ടം പറഞ്ഞിട്ടില്ലേ...

 രാജീവൻ  എന്നാ പേര് അവന്റെ...അമ്മ ഈ രാജപ്പൻ എന്നൊക്കെ പറയണ കേട്ടാൽ ഈ സ്റ്റാറ്റസ് ഒക്കെ ഇല്ലാത്തവരായിട്ടാ ഞാൻ കമ്പനി എന്ന് കാണുന്നൊരു വിജരിക്കില്ലേ?

കണ്ണാടിയിൽ നിന്ന് മുഖം വെട്ടിച്ചു അമ്മയെ നോക്കി അത്രയും പറഞ്ഞ് അമ്മയെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു...

അൽപ്പം നരച്ച നൈറ്റി എടുപ്പിൽ ഇടുത്തു കുത്തി കൈയിൽ ഒരു തവിയുമായി മുപ്പത്തി രണ്ട് പല്ലും ഇളിച്ചു കാണിച്ചു നിൽപ്പുണ്ട്....

ശോ... ന്റെ അമ്മേ... ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്... ഈ നരച്ചത് ഒക്കെ ഉപേക്ഷിക്കാൻ.. കഴിഞ്ഞ പിറന്നാളിന് അച്ഛനും ഞാനും വാങ്ങി തന്ന ഉടുപ്പ് ഒക്കെ എന്തിയെ...?

അവൻ പരിഭവത്തോടെ അമ്മയെ ഒന്ന് നോക്കി....

അതോ അതൊക്കെ അവിടെ അലമാരയിൽ ഇരിപ്പുണ്ടെടാ... വെറുതെ എല്ലാം ഇട്ടു ചീത്തയാക്കണ്ടല്ലോ....
പതിവ് മറുപടി തന്നെ... അവൻ പ്രതീക്ഷിച്ച പോലെ...

 ഈ അമ്മ അല്ലേലും ഇങ്ങനെയാ... നല്ലത് എത്ര കിട്ടിയാലും അതൊക്കെ ഒരിടത്തു പൂഴ്ത്തി വെച്ചു നരച്ചതും കീറിയത് ഒക്കെ ഇട്ടു നടക്കും.... ഹ്മ് എത്ര പറഞ്ഞാലും ഇത് പഠിക്കില്ല.....

അവൻ ആത്മഗതം എന്നോണം പറഞ്ഞു...

ഒന്നും കൂടി കണ്ണാടിയിൽ നോക്കി ഒരു ക്ലോസപ്പ് ചിരി ചിരിച്ചു സ്വയം ആത്മനിർവൃതി അടക്കി കൊണ്ട് സ്റ്റെപ് ഇറങ്ങി താഴെ വരുമ്പോൾ അകത്തെ സോഫയിൽ ഇരുന്ന് അമ്മ ടീപോയിൽ നിരത്തി വെച്ച ചക്ക വറുത്തതും അമ്മയുടെ സ്പെഷ്യൽ ഉണ്ണിയപ്പവും ഒക്കെ എടുത്തു തിന്നുകയാണ് രാജീവൻ....

ടാ.... മതിയെടാ കയറ്റിയത്.... ഇനി പെണ്ണിന്റെ വീട്ടിൽ നിന്നും കഴിക്കാൻ കുറച്ചു ഗ്യാപ് കൊടുക്കെടാ വയറിന്....

വായ നിറച്ചും ചക്ക വറുത്തതും ഉണ്ണിയപ്പവും കുത്തി കയറ്റി കൊണ്ട് അവൻ കൊഴ കൊഴാ ന്തോ പറയാൻ ശ്രമിച്ചപ്പോ ശിരസ്സിൽ എന്തോ കയറി ചുമച്ചു....

ഈ തീറ്റ പണ്ടാരം..... എല്ലാം വലിച്ചു കേറ്റി നീ ഇപ്പൊ തട്ടി പോവോ..... അവൻ ടീപോയിൽ വെച്ച ചായ കപ്പ് എടുത്ത് അവന് പെട്ടെന്ന് കുടിക്കാൻ കൊടുത്ത് തലയിൽ പതുക്കെ തട്ടി കൊടുത്തു....

അങ്ങനെയൊന്നും ഞാൻ തട്ടി പോകുലാ മോനെ.... നിന്റെ കെട്ടു നടക്കണ കണ്ടിട്ട് വേണം എനിക്ക് കണ്ണടക്കാൻ..... രാജീവൻ അത് പറഞ്ഞതും അമ്മ പാർവതി പൊട്ടി ചിരിച്ചു....

എന്തോന്നാ ഇത്ര ഇളിക്കാൻ.... എന്റെ കല്ല്യാണം ഒക്കെ സമയം ആവുമ്പോ നടക്കും.... നീ അത് വെച്ചു ട്രോളല്ലേ മോനെ.....

പ്രണവിന് വല്ലാത്തൊരു അരിശം മേലാകെ ഇരച്ചു കയറി.. 

ഹാ.... ഗണപതി കല്ല്യാണം പോലെ ആവാതിരുന്നാൽ മതിയാരുന്നു.... നാളെ നാളെ...... ഹഹഹ..... 

അതാരാ അടുത്ത കമന്റ്‌ എന്ന് നോക്കിയപ്പോൾ ഉണ്ട് അനിയൻ പ്രവീൺ..പുറത്തു നിന്ന് കയറി വരുന്നു...എല്ലാം കേട്ട് കൊണ്ടുള്ള വരവാണ്...

ഹാ മോനെ നീ വന്നോ...അമ്മ അവനെ കണ്ടതും അടുത്തേക്ക് ചെന്ന് അവന്റെ കയ്യിലെ ബാഗും തോളിലിട്ട് കൊച്ച് കുട്ടിയുടെ കൈ പിടിച്ചു കൊണ്ട് വരുന്ന പോലെ അവനെ പിടിച്ചു സോഫയിൽ ഇരുത്തി.....

ബൈ ദി വേ... ഇനി എന്നും ഞാൻ ഇവിടെ കാണും... എന്റെ  ഡിഗ്രി സ്റ്റഡീസ് ഒക്കെ കഴിഞ്ഞു... ഇനി എംബിഎ നമ്മുടെ നാട്ടിൽ തന്നെ ചെയ്യമെന്നു വെച്ചു....

അവനെക്കാൾ വലിയ സൺഗ്ലാസ് വെച്ച് ഇടയ്ക്കിടെ അത് അൽപ്പം ഗമയിൽ ഉയർത്തി വെച്ച് കൊണ്ടായിരുന്നു അവന്റെയാ പറച്ചിൽ....

ഹ്മ്..... ഒരു പഠിപ്പിസ്റ്റ്.... പ്രണവ് അവനെ ഒരു മുന്ജന്മ ശത്രു കണക്കെ നോക്കി....

അപ്പോഴേക്ക് അമ്മ അടുക്കളയിൽ നിന്നും ഓടി പാഞ്ഞു അവന് കുടിക്കാൻ ജ്യൂസ്‌ എടുത്തു കൊണ്ട് വന്നു....

അവൻ വേഗം കുടിച്ച് ഒരിറക്ക് ഇറക്കി പ്രണവിനെ നോക്കി...

അല്ല... ചേട്ടൻ ഇത് എങ്ങോട്ടാ... ഇത്ര ജന്റിൽ മാൻ ലുക്കിൽ.... കൂടെ രാജപ്പൻ ചേട്ടനും ഉണ്ടല്ലോ... വർക്ക്‌ ഷോപ്പിലേക്ക് അല്ല എന്തായാലും.....
വീണ്ടും കഴിക്കുന്നതിൽ മാത്രം ശ്രദ്ധ പതിപ്പിച്ച രാജീവനെ നോക്കി അവൻ പറഞ്ഞു...

അവർ രണ്ട് പേരും നമ്മുടെ ബ്രോക്കർ പറഞ്ഞ ഒരു കുട്ടിയെ കാണാൻ പോവാടാ...
അമ്മ ഇടയിൽ കയറി പറഞ്ഞു...

ആഹാ.... ഇത്തവണ എങ്കിലും ഒന്ന് സെറ്റ് ആയാൽ മതിയാരുന്നു.... അല്ലേ അമ്മേ....അച്ഛൻ വർക്ക്‌ ഷോപ്പിൽ പോയോ അമ്മേ...?

ആഹ്.. പോയി മോനെ.....

 അമ്മയുടെ മുഖത്തു അവനെ കണ്ടതിലുള്ള തെളിച്ചം ഉദിച്ചുയർന്നിട്ടുണ്ട്.... ഇനി അടുക്കളയിൽ അവന്റെ മാത്രം ഇഷ്ട വിഭവങ്ങൾ ആകും.... 
ഇനി പഠിപ്പിന്റേം ജോലിയുടേം വീരകഥകൾ ഒക്കെ തുടങ്ങി വെക്കും....പ്രണവിന്റെ മനസിൽ വെറുതെ കണക്കു കൂട്ടി....

ഞങ്ങൾ എന്നാൽ ഇറങ്ങട്ടെ.... ബ്രോക്കർ അവിടെ വെയിറ്റ് ചെയുന്നുണ്ടാവും...വന്നെടാ....

രാജീവനെ പിടിച്ചു വലിച്ചു കൊണ്ട് പ്രണവ് വേഗം നടന്നു....

അവൻ കഴുകി മിനുക്കിയ അവന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു... രാജീവനും പിന്നിൽ കയറി...

ഇത് കയ്യിൽ കിട്ടിയതിൽ പിന്നെ രാജീവൻ അല്ലാതെ ഇതിന്റെ പിന്നിൽ ഇരുന്നിട്ടില്ല... പലപ്പോഴും അമ്മയെ പിടിച്ച് ഇരുത്തി ഡ്രൈവ് കൊണ്ട് പോകാം എന്ന് വെച്ചാൽ പേടിയാണെന്നു പറഞ്ഞ് ഈ ഭാഗത്തേക്ക് വരില്ല.....

വീതി കുറഞ്ഞ നാട്ടിൻ വഴികളിലൂടെ വലിയ പാതയിലേക്ക് അവന്റെ ബുള്ളറ്റ് വേഗതയിൽ ചലിച്ചു കൊണ്ടിരുന്നു...

റോഡിനു ഇരുവശത്ത് പൂത്തു പടർന്നു നിൽക്കുന്ന ചുവന്ന വാക മരങ്ങളിൽ നിന്നും കുറേ പൂക്കൾ റോഡിൽ അവിടെയെവിടെ ചിതറി കിടക്കുന്നുണ്ട്....

ആ പൂക്കളെ ഞെരിക്കാൻ പ്രയാസപ്പെട്ടു കൊണ്ട് അവന്റെ വണ്ടിയുടെ ടയറുകൾ ചലിച്ചു കൊണ്ടിരുന്നു.....

ഇടയ്ക്കു എപ്പോഴോ ബ്രോക്കറുടെ  കോൾ വന്നതും അവൻ ഫോൺ ഓൺ ആക്കി തനിക്ക് പിന്നിലിരിക്കുന്ന രാജീവന് കൊടുത്തു....

ആ പറയ്‌ ചേട്ടാ.... ന്തോ....അവിടെ എത്തിയോ? ഞങ്ങൾ എത്താറായി.... ദേ ഒരു പത്തു മിനിറ്റ്....

രാജീവൻ ഫോൺ ഓഫ് ചെയ്തു അവന് കൊടുത്തു...

എടാ ബ്രോക്കർ അവിടെ എത്തിയിട്ടുണ്ട്.... നീ പറഞ്ഞ    അഡ്രെസ്സിലെ സ്ഥലം ആ വളവു തിരിഞ്ഞിട്ടാ..... കുറച്ചു കൂടി മുന്നോട്ട് പോകട്ടെ.....രാജീവന് പരിചയമുള്ള സ്ഥലം ആയതു കൊണ്ട് അവൻ പറഞ്ഞ വഴിയേ അവൻ വണ്ടി വിട്ടു.....

അവരെക്കാൾ വേഗതയിൽ ചുറ്റും ഉള്ള മരങ്ങളും വീടുകളും എങ്ങോട്ടോ ഓടി മറഞ്ഞു.... ഒടുവിൽ ആ അഡ്രസ് പ്രകാരം ഉള്ള ഒരു ഓടിട്ട ഇരു നില ചെറിയ വീടിനു മുമ്പിൽ അവന്റെ ബുള്ളറ്റ് ഒരു കിടു കിടാ ശബ്ദത്തോടെ വന്നു നിന്നു......

ബ്രോക്കർ രാഗവേട്ടനും പെണ്ണിന്റെ അച്ഛൻ എന്ന് തോന്നിപ്പിക്കുന്ന ഒരു പ്രായം ചെന്ന ആളും ഉമ്മറത്ത് തന്നെ അവരെ സ്വീകരിക്കാൻ നിൽക്കുന്നുണ്ടായിരുന്നു.....

ഇതെങ്കിലും ഒന്ന് ശരിയാവണേ എന്റെ കൃഷ്ണാ എന്ന് മനസ്സിൽ ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് അവൻ ആ ഉമ്മറകോലയിലേക്ക് കാലെടുത്തു വെച്ചു.....
To Top