കല്യാണാലോചനയുമായിട്ടാണ് ഇത് നടന്ന് കിട്ടിയാൽ നിങ്ങക്ക് പിന്നെ....

Valappottukal



രചന: സജി തൈപ്പറമ്പ്‌

കള്ളിമുണ്ടും ഫുൾവോയിലിൻ്റെ തുണികൊണ്ട് തുന്നിയ ബ്ളൗസുമായിരുന്നു ജലജയുടെ വേഷം ,ലോറിയിൽ നിന്നിറങ്ങി വന്ന രാജേന്ദ്രൻ്റെ കണ്ണുകൾ, സുതാര്യമായ അവളുടെ ,,,

എന്താടീ നിർത്തിയത് ബാക്കി വായിക്കെടീ,,

മകളെ കൊണ്ട് ആഴ്ചപ്പതിപ്പിലെ നോവല് വായിപ്പിക്കുകയായിരുന്ന ദീനാമ്മ ഇടയ്ക്ക് വായന നിർത്തിയ സോഫിയോട് തട്ടിക്കയറി

ബാക്കി രണ്ട് വരിയുടെ പ്രിൻ്റ് തെളിഞ്ഞിട്ടില്ലമ്മച്ചീ ,, ഞാൻ അടുത്തത് വായിക്കാം ,,

അശ്ളീലം കലർന്ന ആ രണ്ട് വരികൾ വായിക്കാനുള്ള ലജ്ജ കൊണ്ടാണവൾ അമ്മച്ചിയോട് കളവ് പറഞ്ഞത്

ങ്ഹാ എന്നാൽ അടുത്തത് വായിക്ക്, രാജേന്ദ്രനെ ഒതുക്കാൻ ഇഞ്ചൻതറയിലെ പിള്ളേരെ കൊണ്ടേ പറ്റത്തുള്ളു ,,,

ദീനാമ്മ ആവേശത്തോടെ പറഞ്ഞു

ഇവിടെ ആരുമില്ലേ?
ദീനാമ്മച്ചിയേ ,, ഇത് ഞാനാ ലാസറ്,,,

പുറത്ത് നിന്ന് കേട്ട ശബ്ദം മൂന്നാൻ ലാസറിൻ്റേതാണെന്ന് മനസ്സിലാക്കിയ ദീനാമ്മ പുഴുക്കലരിയിലെ കല്ല് പെറുക്കി കൊണ്ടിരുന്ന മുറം താഴെ വച്ചിട്ട് ഉമ്മറത്തേയ്ക്കിറങ്ങി ചെന്നു.

എന്താ ലാസറേ വിശേഷിച്ച് നിന്നെ ഈ വഴി കാണാനേ ഇല്ലല്ലോ ?

ഓഹ്, ചുമ്മാ ഇവിടെ വന്ന് കട്ടൻ ചായയും ഉണക്ക കപ്പയും കഴിച്ചോണ്ട് പോയാൽ മതിയോ നിങ്ങൾക്ക് കൂടി എന്തേലും പ്രയോജനം വേണ്ടേ ,ഞാനിപ്പോൾ വന്നത് സോഫി മോൾക്ക് ഒരു കല്യാണാലോചനയുമായിട്ടാണ് ഇത് നടന്ന് കിട്ടിയാൽ നിങ്ങക്ക് പിന്നെ വച്ചടി വച്ചടി കയറ്റമായിരിക്കും

ഓഹ് എൻ്റെ ലാസറേ നീയീ കൊമ്പത്തെ ആലോചനയൊക്കെ കൊണ്ട് വന്നാൽ അവര് ചോദിക്കുന്ന സ്ത്രീധനമൊന്നും കൊടുക്കാൻ ഞാനിവിടെ കെട്ടിപ്പൊതിഞ്ഞൊന്നും വച്ചിട്ടില്ല ,അതിയാൻ പോകുന്നതിന് മുമ്പ് ,സമ്പാദിച്ച നാലോ അഞ്ചോ പവൻ്റെ പൊന്ന് മാത്രമാണുള്ളത് ,അത് കൊണ്ട് ഞങ്ങടെ കൊക്കിലൊതുങ്ങുന്നത് വല്ലതുമുണ്ടെങ്കിൽ പറയ്,,

എൻ്റെ ദീനാമ്മച്ചീ ,, നിങ്ങള് ഒരു രൂപ പോലും മുടക്കണ്ട ,വേണോങ്കിൽ അവര് ഇങ്ങോട്ട് പൊന്നിട്ട് പെണ്ണിനെ കൊണ്ട് പൊയ്ക്കൊള്ളും

ങ് ഹേ,, അതെന്താടാ അങ്ങനെ? ചെക്കന് വല്ല ദീനോമുള്ളതാണോ?

ഹേയ് അങ്ങനൊന്നുമില്ല ,പക്ഷേ ചെറിയൊരു പ്രശ്നമുണ്ട് അതത്ര കാര്യമാക്കേണ്ട

അതെന്ത് പ്രശ്നമാണെടാ ,,

അല്ലാ ,നമ്മുടെ ഈ പയ്യൻ കുറച്ച് നാള് ജയിലിലായിരുന്നു ,, ദീനാമ്മച്ചി കേട്ടിട്ടുണ്ടാവും, കൊച്ചൻ  മാളിയേക്കലെയാണ്,,,

ഏത്, ആ തല്ലിപ്പൊളിചെക്കനോ? എന്നും അടിയും ഇടിയുമായി നടക്കുന്നവൻ്റെ കാര്യമാണോ നീ പറയുന്നത് ?അവനല്ലേ ആ എസ് ഐയെ, കൈ തല്ലിയൊടിച്ചതിന് അകത്തായത്

ങ്ഹാ അത് തന്നെ ,,,

ദേ ലാസറേ,, നിന്നെ എനിക്ക് പണ്ട് മുതലേ അറിയാവുന്നത് കൊണ്ടാണ് ഞാൻ നിന്നെ ചീത്ത വിളിക്കാത്തത് ഇനി മേലാൽ ഇത്തരം ആലോചനകളുമായിട്ട് ഇങ്ങോട്ടേക്ക് വന്നേക്കരുത് ഞാൻ പറഞ്ഞേക്കാം

ദീനാമ്മ അരിശത്തോടെ പറഞ്ഞു

അതിന് ചുമ്മാതെ അല്ലല്ലോ റോയിച്ചൻ എസ് ഐ യെ തല്ലിയത്? നടുറോഡിൽ വച്ച് ഒരു പെങ്കൊച്ചിനെ കയറി പിടിച്ചതിനല്ലേ?

എല്ലാം കേട്ട് നിന്ന സോഫിയ റോയിച്ചനെ ന്യായീകരിച്ച് കൊണ്ട് പുറത്തേയ്ക്ക് വന്നു

അതിന് ആ പെങ്കൊച്ച് അവൻ്റെ പെങ്ങളൊന്നുമല്ലല്ലോ?

ദീനാമ്മ മകളോട് കോർത്തു

പെങ്ങളല്ലെങ്കിലും അവളൊരു പെണ്ണല്ലേ? റോയിച്ചൻ ഒരു മാന്യനായത് കൊണ്ടല്ലേ ഒരു അന്യ സ്ത്രീയുടെ മാനം രക്ഷിക്കാൻ മേലും കീഴും നോക്കാതെ എസ്ഐയോട് കയറി കൊരുത്തത്, അതയാൾക്ക് കിട്ടേണ്ടത് തന്നെയായിരുന്നു

ദേ ,പെണ്ണേ,, അവനെന്നും വഴക്കും വക്കാണവുമായി നടക്കുന്ന ചെക്കനാണ്, അവനെയാണ് നീ ന്യായീകരിക്കുന്നതെന്ന് ഓർമ്മ വേണം

ചുമ്മാതൊന്നും റോയിച്ചൻ ആരോടും വഴക്കിന് പോകത്തില്ല ഇത് പോലെന്തേലും അന്യായങ്ങള് കാണുമ്പോഴാണ് അങ്ങേര് പ്രതികരിക്കുന്നത് അത് അയാളൊരു ആണായത് കൊണ്ടാണ് ,എനിക്ക് അങ്ങനുള്ള ആണുങ്ങളെയാണ് ഇഷ്ടം ,അങ്ങേരുടെ ഭാര്യയായാൽ പിന്നെ ഒരുത്തനും നമ്മുടെ മാനത്തിന് വില പറയില്ലല്ലോ ?
പിന്നെ വല്ലപ്പോഴുമൊക്കെ തല്ല് കൂടുന്നത് ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ്, അത് ഞാനങ്ങ് സഹിച്ചു

ങ് ഹേ ,, അപ്പോൾ നീയെല്ലാം 
അങ്ങുറപ്പിച്ചോ?

അപ്പോഴാണ് താനൊരാവേശത്തിൽ പറഞ്ഞത് അബദ്ധമായി പോയെന്ന് സോഫിക്ക് മനസ്സിലായത്

അയ്യോ അമ്മച്ചീ ഞാനൊരു നിമിഷം ആലിപ്പഴത്തിലെ ഡെയ്സി ആയിപ്പോയതാണ് ,അമ്മച്ചിക്ക് ഇഷ്ടമില്ലെങ്കിൽ വേണ്ട ,,,

ഉം ഉം ,,, എൻ്റെ ഇഷ്ടം നോക്കണ്ടാ ജീവിക്കണ്ടത് നീയല്ലേ നിനക്കവനെ ബോധിച്ചെങ്കി പിന്നെ ഞാനെന്ത് പറയാനാണ് ,ഡാ ലാസറേ,, എന്നാൽ പിന്നെ അവര് വന്ന് പെണ്ണ് കാണാൻ പറയ്,,

അത് കേട്ട് നാണത്തോടെ സോഫി അകത്തേയ്ക്കോടി മറഞ്ഞു.

NB :-ഇത് കുറച്ച് പഴക്കമുള്ള കഥയാണ് വായിക്കുന്നവർ ഇതിനെ ആ ലാഘവത്തോടെ മാത്രം വിലയിരുത്തുക





പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top