രചന : ജിഷസുരേഷ്
ഗോൾഡൻ കസവുള്ള ബ്ലാക്ക് സാരിയിൽ
എനിക്കു വല്ലാത്ത ലാളിത്യം വന്നുവെന്നെനിക്കു തോന്നി. ഇന്നിതു തന്നെമതി. ഡ്രൈയറുപയോഗിച്ച് മുടിയുണക്കിയിരുന്നു. അതു പിന്നിയിടുകകൂടി ചെയ്തപ്പോൾ തനി നാട്ടിൻപുറത്തിന്റെ തനിമ വന്നു.
ഞാൻ ക്ലോക്കിലേക്ക് നോക്കി. ഈശ്വരാ മണിയെട്ട്. ബസ് പാലം കടന്നുകാണും. ബാഗും, കുടയുമെടുത്ത് വേഗം നടന്നു. സ്ഥിരമായി പോകുന്ന കാരണം അവരൊരു നിമിഷം വെയ്റ്റ് ചെയ്യാറുണ്ട്. തെല്ലു നടന്നപ്പോഴാണോർത്തത്.
ചോറെടുത്തില്ലല്ലോന്ന്. പോട്ടേ ഇന്ന് കാന്റീനിൽ നിന്നാകാം. കൂട്ടിന് അഞ്ജു മിസ് ഉണ്ടാകാതിരിക്കില്ല.
ഹരിയേട്ടൻ ഏഴാകുമ്പഴേ പോകും. അദ്ദേഹത്തിനുപിന്നെ ഭക്ഷണക്കാര്യത്തിൽ സുഖമാണ്. എല്ലാം കമ്പനിവക. യാത്ര സ്വന്തം കാറിലും. തനിക്കല്ലേലും ബസ്സിൽ പോകുന്നതാണിഷ്ടം.
റോഡിലെത്തിയതേ ബസ് വന്നു. ഒരു മുക്കാൽ മണിക്കൂർ നേരത്തെ യാത്രയേ മാർത്തോമാ കോളേജിലേക്കുള്ളൂ... അത്..
ദാന്ന്... പറയുമ്പഴേ തീരും.വണ്ടിയിൽ നിന്നിറങ്ങി കോളേജിലേക്കു നടക്കുമ്പോൾ പിന്നിൽ നിന്നും
ബികോം സെക്കന്റിയറിലെ തൃഷ പറഞ്ഞു..
ഈ സാരിയിൽ ഗ്രീഷ്മമിസ് കലക്കിയെന്ന്. ഒരല്പം മുല്ലപ്പൂ കൂടൊന്ന് വെക്കാർന്നു. ഒന്ന് പുഞ്ചിരിച്ച്
താൻ മുന്നോട്ടു നടന്നു. ഉള്ളിലൊരു വല്ലാത്ത വേദന തോന്നി.
ഇപ്പറഞ്ഞത് ഹരിയേട്ടനായിരുന്നേൽ എന്തു സന്തോഷമാകുമായിരുന്നു തനിക്ക്. അതെങ്ങനെ. മൂപ്പർക്ക് വെറും ജോലിയല്ലേ എല്ലാം. താനൊരുങ്ങുമ്പോൾ പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ന്നിട്ടെന്താ.. ഒന്നു നോക്കുക കൂടി ചെയ്തില്ല. എന്നാലീ അരസികൻ ഭർത്താക്കന്മാർ മറ്റു സ്ത്രീകളുടെ, സാരിയും, അംഗവടിവും ഭാര്യമാർ കാണാതെ എത്ര നന്നായി ആസ്വദിക്കും. ഇതിപ്പോ മുറ്റത്തെ മുല്ലക്കു മണമില്യാലോ. മുന്നോട്ടു നടന്നപ്പോൾ ആകെ ലജ്ജതോന്നി. ഒരു കോളേജ്ലക്ചറായ താനാണോ ഇത്ര തരം താഴ്ന്ന ചിന്തകളുമായി നടക്കുന്നത്.
ഗുഡ്മോണിംഗ് മാം.. അരുണാണ്. തന്റെ ക്ലാസിലെ ഏറ്റവും ബ്രില്ല്യന്റ്. തിരിച്ചു വിഷ് ചെയ്ത് മുന്നോട്ടു നടക്കുമ്പോൾ അവൻ പിന്നിൽ നിന്നും വീണ്ടും വിളിച്ചു.
മാം...... ഇന്ന് അക്കൗണ്ടൻസിക്ക്
പുതിയൊരു സാർ വരുന്നുണ്ട്. ഫൈസി.
അദ്ദേഹം ഫാറൂക്ക് കോളേജിലായിരുന്നു.
ഫൈസി.... ആ പേരു കേട്ടതും അറിയാതെ ഉള്ളൊന്നു പിടഞ്ഞു. പുഞ്ചിരി വരുത്തി മുന്നോട്ടു നടക്കുമ്പോൾ മനസ്സാകെ അസ്വസ്ഥമായിരുന്നു.
സ്റ്റാഫ് റൂമിൽ അന്നു പഠിപ്പിക്കേണ്ടവ നോക്കിക്കൊണ്ടിരിക്കുമ്പോൾ അമല മിസ് വന്നു വിളിച്ചു.
വാടോ... ഇവിടെ പുതിയൊരു ഗസ്റ്റ് വന്നിട്ടുണ്ട്. കാണണ്ടേ...? അവളോടൊപ്പം മുന്നോട്ടു നടന്നപ്പോൾ കണ്ടു ലാപ്പ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ആ രൂപത്തെ. ഇനിയൊരിക്കലും കാണരുതേയെന്നാഗ്രഹിച്ച
ആളെ. ഫൈസിയെ. ആളും വല്ലാതെ സ്തബ്ധനായിരുന്നെന്നു മനസ്സിലായി.
പിൻതിരിഞ്ഞൊരോട്ടമായിരുന്നു. ഭയമാണോ.... വേദനയാണോന്നുപോലും നിർവചിക്കാനാവാത്ത
ഒരു തരം വികാരം മനസ്സിൽ തളംകെട്ടി നിന്നു.
അമലടീച്ചറിന്റെ പകച്ച നോട്ടത്തെ നേരിടാനാവാതെ തലയും താഴ്ത്തിയിരുന്നു താൻ.
ഫൈസി സീറ്റിൽ നിന്നുമെഴുനേൽക്കുന്നത് കണ്ടു. തന്റരികിലെത്തിയപ്പോൾ ഒരു നിമിഷം നിന്നു. എന്തോ പറയാനുണ്ടെന്നു മുഖം കണ്ടാലറിയാമായിരുന്നു. പക്ഷേ ഒന്നും മിണ്ടാതെ
ഫൈസി പുറത്തേക്കു നടന്നു. താനവിടെ നിന്നുരുകിയൊലിച്ചു.
മൂന്നു ദിവസം താൻ ലീവായിരുന്നു. വീട്ടിൽ ചുരുണ്ടുകൂടി കിടന്നു. എന്തേ പോവുന്നില്ലേയെന്നൊരു വാക്കെങ്കിലും ഹരിയേട്ടൻ ചോദിക്കുമെന്നു നിനച്ചു. ഒന്നും ഉണ്ടായില്ല. ശൂന്യതയും, മരവിപ്പും സമ്മാനിച്ചൊരുന്മാദാവസ്ഥമാത്രം.
നാളെ ബീകോം ഫോർത്ത് സെമസ്റ്റർ എക്സാമായതിനാൽ പോയേ തീരൂ.. ഹരിയേട്ടനാണെങ്കിൽ ഒരു മാസത്തെ ഓഫീസ് ടൂറെന്നും പറഞ്ഞ് മലേഷ്യയിലേക്കും പോയി. കൂട്ടിനമ്മയെ വിളിക്കാനൊരു കടമപോലെ പറയുന്ന കേട്ടു.
കോളേജിൽ പരീക്ഷയുടെ തിരക്കായിരുന്നു.
ഉച്ചയ്ക്ക് കോളേജ് കാന്റീനിലെ തിരക്കൊഴിഞ്ഞ മൂലയിലേകയായിരിക്കുമ്പോൾ കണ്ടു ഫൈസി കടന്നു വരുന്നത്. ചുറ്റും പരതിയ മിഴികൾ തന്നെ കണ്ടു കഴിഞ്ഞു. വേഗം തന്നെ തന്റെയരികിൽ വന്നിരുന്നു. താൻ വേഗം പിടഞ്ഞെഴുനേറ്റപ്പോൾ
ഫൈസി എന്റെ കൈയിൽ കയറിപ്പിടിച്ചിരുത്തി.
അവിടെയിരി... എന്നെക്കണ്ട് ഓടാൻമാത്രം ഞാൻ നിന്നെയൊന്നും ചെയ്തിട്ടില്ല. എനിക്കു സംസാരിക്കണം... ഞാൻ ലോകത്തിലേറ്റവും നിസ്സഹായത തോന്നിപ്പിക്കന്ന മിഴികളാലെ ഫൈസിയെ നോക്കി. അവനെന്റെ കണ്ണുകളിലേക്കും നോക്കിയിരിപ്പാണ്. അവനെന്റെ കണ്ണുകൾ ഏറെയിഷ്ടമായിരുന്നെന്ന് ഞാനോർത്തു.
ഓർമ്മകൾ പുറകോട്ടു പായുകയായിരുന്നു.
ഒന്നാം ക്ലാസുമുതൽ ഒരേബഞ്ചിൽ ഒന്നിച്ചിരുന്നു പഠിച്ചവർ. തൊട്ടയൽപക്കം, ഇരു വീടുകളും തമ്മിലുള്ള സൗഹൃദം, വളർന്നപ്പോൾ മൊട്ടിട്ട തീവ്രാനുരാഗം, കോളേജിലെ തണൽമരങ്ങൾപോലും പാടിതളിർത്ത പ്രണയം,
ഡിഗ്രി കഴിഞ്ഞയുടൻ പ്ലെയ്സ്മെന്റ്., അവൻ ദൂരേക്ക് പറിച്ചു നടപ്പെട്ടത്., ഇതിനിടെ തങ്ങളുടെ ബന്ധം വീട്ടിലറിഞ്ഞത്. പ്രശ്നങ്ങൾ, തിരക്കുപിടിച്ച കല്യാണാലോചനകൾ. കരച്ചിൽ, പട്ടിണി, സമരമുറകൾ. ഇതിനിടയിൽക്കിടന്ന് ഒറ്റമകൾക്കുവേണ്ടി നട്ടം തിരിയുന്ന പാവം അച്ഛനുമമ്മയും. ഒടുവിൽ അവർ നിശ്ചയിച്ച കല്യാണം.
തന്റെ കല്യാണതലേന്ന്
എന്നിട്ടുമവനുവേണ്ടി എല്ലാം ത്യജിച്ച് ഒരൊളിച്ചോട്ടത്തിന് മുതിർന്നത്....
ഞാൻ പറയാൻ തുടങ്ങി. ഫൈസീ.... അന്നു നിന്നോടു കാത്തു നിൽക്കാൻ പറഞ്ഞ് ഞാനെന്റെ ബാഗും, സർട്ടിഫിക്കറ്റും കുറച്ചു പണവും എല്ലാം റെഡിയാക്കി വച്ചു. കല്യാണതലേന്നല്ലേ..... ആളുകളുടെ കണ്ണുവെട്ടിക്കാൻ ഞാൻ കുറച്ചൊന്നുമല്ല പാടുപെട്ടത്. പക്ഷേ ബാഗെടുത്ത് പുറത്തേക്കു വരാൻ എനിക്ക് കഴിഞ്ഞതേയില്ല.
സമയം പറഞ്ഞതിലും അതിക്രമിക്കുന്നത് ഞാനറിയുന്നുണ്ട്. പക്ഷേ പുറത്തിറങ്ങാൻ പറ്റണ്ടേ.. അതിനിടയിലാണ് അമ്മയുടെ നിലവിളികേട്ടത്. അച്ഛൻ കുഴഞ്ഞു വീണു കിടക്കുന്നുണ്ടായിരുന്നു.... എനിക്കൊന്നിനും, കഴിഞ്ഞില്ല ഫൈസീ... ആശുപത്രീ... ഐസിയു... ഇതിനിടയിൽ എന്നെകാത്തു നിൽക്കുന്ന നിന്റെ മുഖം. ശരിക്കും പറഞ്ഞാൽ... ഒരു ഭ്രാന്തിയെപ്പോലെയായി ഞാൻ. ഒടുവിൽ ഒരാഴ്ചത്തെ ആയുസ്സു പറഞ്ഞ് അച്ഛനെ
മടക്കി അവർ.
അങ്ങനെ അച്ഛന്റെ അവസാന ആഗ്രഹപൂർത്തീകരണമായിരുന്നു ഹരിയേട്ടനുമായുള്ള വിവാഹം...
നിന്നെ അറിയിക്കാനെനിക്ക് തോന്നിയില്ല
മിക്കവാറും സംഭവിക്കാറുള്ള പ്രണയകഥപോലെ...ഇതും അവസാനിച്ചു.
ഇന്നിങ്ങനെ ജീവിക്കുന്നു ഞാൻ... ഒന്നുണ്ടായി എന്നെ തുടർന്നു പഠിപ്പിച്ചു. ഒരു കോളേജ് ലക്ചറാവാൻ പറ്റി.
എല്ലാം കേട്ട് എന്റെ കണ്ണുകളിലേക്ക് നോക്കിയിരിക്കുന്ന ഫൈസിയെ ഞാൻ നോക്കി.
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ നിനക്കിണയായിടാമെന്നു പറയാതെ പറഞ്ഞുകൊണ്ട് ഞാൻ പരീക്ഷാഹാളിലേക്കു നടന്നു. എല്ലാ സങ്കടവുമുള്ളിലൊതുക്കിക്കൊണ്ട്...