ഇന്നലെ നമ്മുടെ ആദ്യ രാത്രി ആയിരുന്നു, അത് നീ വീട്ടുകാരുടെ കാര്യം പറഞ്ഞു...

Valappottukal



രചന: ശിവ

ഇരട്ടകുട്ടികളുടെ അച്ഛനാവുന്നതും ആ  സന്തോഷത്തിൽ അവരെ മതി മറന്നു താലോലിക്കുന്നതുമായി  സ്വപ്നം കണ്ടു കൊണ്ടിരിക്കുമ്പോളാണ്  മുഖത്തേക്ക് വെള്ളത്തുള്ളികൾ വീണു ഞാൻ ഞെട്ടി ഉണർന്നു നോക്കിയപ്പോൾ കണ്ടത് പതിവ് പോലെ രാവിലത്തെ കുളി കഴിഞ്ഞു ഈറനോടെ വന്നു മുടിയിഴകളിൽ നിന്ന് ഉതിർന്നു വീഴുന്ന വെള്ളത്തുള്ളികൾ കൊണ്ട് എന്നെ ഉണർത്താൻ എത്തിയ ഭാര്യയെയാണ്....

"നേരം വെളുത്തു ഇച്ചായോ..  പോത്തു പോലെ കിടന്നുറങ്ങാതെ എഴുന്നേൽക്കാൻ നോക്കെന്നും പറഞ്ഞു അവളെന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു....

ആ ഇളി കണ്ടപ്പോൾ കാലുമടക്കി ഒരെണ്ണം കൊടുക്കാൻ ആണ് തോന്നിയത്..  നല്ലൊരു സ്വപ്നം അല്ലെ അവൾ കുളം തോണ്ടിയത്.... 
ഇരട്ടകുട്ടികളുടെ അച്ഛൻ ആവുന്നത് എന്താ  അത്ര വലിയ സ്വപ്നം ആണോ എന്നായിരിക്കും നിങ്ങൾ ചിന്തിക്കുക....... 
 പക്ഷേ കല്യാണം കഴിഞ്ഞു മാസം നാലായിട്ടും  ബെഡിൽ തലയിണ നടുക്ക് വെച്ച് അപ്പുറവും ഇപ്പിറവുമായി കിടക്കാൻ വിധിക്കപ്പെട്ടവനെ അതിന്റെ വിഷമം മനസ്സിലാവുകയുള്ളു..  
അതും വയസ്സ് മുപ്പത്തി രണ്ടു കഴിഞ്ഞി ട്ടുള്ളവന്....

സംഭവം വേറെ ഒന്നുമല്ല ഞങ്ങളുടേത് പ്രണയ വിവാഹം ആയിരുന്നു.... 
പ്രണയ വിവാഹം എന്ന് പറഞ്ഞാൽ ഒരു ഒന്ന് ഒന്നര ഒളിച്ചോട്ട കല്യാണം..... 
ഫേസ്ബുക്കിൽ കഥകൾ എഴുതിയിട്ട് മാന്യമായി പഞ്ചാരയടിച്ചു നടന്നിരുന്ന എന്റെ ലൈഫിലേക്ക് കൊറോണ പോലെ അവളങ്ങു വന്നു പടർന്നു കേറുകയായിരുന്നു.....
ഒരു എഴുത്തുകാരനോട് തോന്നിയ അട്രാക്ഷൻ ആയിരിക്കും കുറച്ചു ദിവസം കഴിയുമ്പോൾ മാറിക്കോളും എന്ന് കരുതിയ അവളുടെ പ്രണയം പതിയെ പതിയെ എന്റെ അസ്ഥിക്കും  കേറി അങ്ങ് പിടിച്ചു.. 

ഇത് നമ്മളെയും കൊണ്ടേ പോവുള്ളൂ എന്ന് തോന്നിയപ്പോൾ പിന്നെ മറ്റൊന്നും ആലോചിച്ചില്ല കട്ടക്ക് ഞാനും അങ്ങ് കേറി പ്രേമിച്ചു.... 
അങ്ങനെ നീണ്ട രണ്ടു വർഷം അടിയും ഇടിയും പിണക്കവും ഇണക്കവും ഒക്കെയായി രസകരമായി ഞങ്ങളുടെ പ്രണയം വില്ലമാർ ഇല്ലാതെ ഇങ്ങനെ പോവുന്നത് കണ്ടിട്ട് ആവണം വിധി കേറി ഫൗൾ കളിച്ചു..  
അവളുടെ വീട്ടിൽ ഞങ്ങളുടെ പ്രണയം കൈയോടെ പൊക്കി....  ഞാൻ നസ്രാണി ചെക്കൻ അവൾ ഹിന്ദു പെണ്ണ്.. പോരെ പൂരം..  മാല പടക്കം കണക്കിനുള്ള അടിയോടെ  അവളുടെ വീട്ടിൽ പൂരം കൊടിയേറി...... അവളുടെ ഫോണും സ്വിച്ച് ഓഫ്‌ ആയി..... 
അതോടെ പിന്നെ അവളെ ഒന്ന് വിളിക്കാൻ കഴിയാതെ അവിടെ എന്ത് നടക്കുന്നു എന്നറിയാതെ എനിക്ക് ആകെ ഭ്രാന്ത് പിടിച്ചു.... 
അടുത്തെങ്ങാനും ആയിരുന്നു എങ്കിൽ പോയി നോക്കാമായിരുന്നു ഇതിപ്പോൾ ആറു മണിക്കൂർ യാത്ര വേണം അവളുടെ നാട്ടിലെത്താൻ.. എത്തിയാൽ തന്നെ അതൊരു നാട്ടിൻപുറം ആയത് കൊണ്ട് തന്നെ  എന്നെ പോലെ ഒരു അപരിചിതൻ അവിടെ കിടന്നു കറങ്ങിയാൽ നൂറായിരം ചോദ്യങ്ങളുമായി ആളുകൾ എത്തും പിന്നെ  അടി കിട്ടുന്ന വഴി ഏതാണെന്നു അറിയില്ല...... 

അങ്ങനെ ആകെപ്പാടെ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി നിന്ന് ദിവസങ്ങൾ തള്ളി നീക്കിയപ്പോൾ  ആണ്  അപ്രതീക്ഷിതമായി അവളുടെ കോൾ വന്നത്.... 
"ഇച്ചായ എനിക്കിനിയും ഇവിടെ പിടിച്ചു നിൽക്കാൻ ആവുമെന്ന് തോന്നുന്നില്ല.... 
നാളെ രാവിലത്തെ വണ്ടിക്ക്  ഞാൻ ഇവിടുന്നു അങ്ങോട്ട്‌ വരും.... 
 എന്റെ ഫോൺ ആണെങ്കിൽ  അമ്മ എടുത്തു അലമാരയിൽ വെച്ചേക്കുവാണ് അത് എങ്ങനെ എങ്കിലും എനിക്ക് എടുക്കണം.... 
പിന്നെ ഞാൻ അവിടെ വന്നിട്ട്  വിളിക്കാമെ  അപ്പോഴേക്കും അവിടെ എത്തിയേക്കണേ..... 
  അതേ ഇച്ചായ.. പിന്നെ   ഈ  നമ്പറിലേക്കു വിളിക്കല്ലേ ഇത്  അമ്മയുടെ നമ്പർ ആണ്.. 
അമ്മ കാണാതെയാണ്   ഞാൻ 
വിളിച്ചത് എന്നും പറഞ്ഞു  ഞാൻ മറുപടി പറയും മുൻപ് അവൾ  കോൾ  കട്ട്‌ ചെയ്തു..... 
എനിക്ക് എന്തോ സന്തോഷം അടക്കാൻ ആയില്ല .... 

കൈവിട്ടു പോയി എന്ന് കരുതിയ ജീവിതം തിരികെ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു......
========================
പിറ്റേന്ന് വൈകുന്നേരത്തോടെ ബസ് സ്റ്റോപ്പിൽ പോയി അവളെയും കാത്തു ഞാൻ നിന്നു.... 
അവളുടെ വരവിനു ഒളിച്ചോട്ടം എന്നതിനേക്കാൾ ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു ഞങ്ങൾ നേരിട്ട് ആദ്യമായി കാണാൻ പോവുകയാണ്....  
ഫോട്ടോയിലൂടെ  മാത്രമേ രണ്ടു വർഷത്തിലെ പ്രണയത്തിനിടയിൽ പരസ്പരം കണ്ടിട്ടുള്ളു..
അങ്ങനെ ആദ്യമായി കാണാൻ പോവുന്നതിന്റെ  ആകാംഷയും പിന്നെ   ഒരൽപ്പം നെഞ്ചിടിപ്പും  കൂടി കലർന്ന അവസ്ഥയിൽ   കാത്തിരുന്ന  എന്റെ മുന്നിലേക്ക് അവൾ എത്തി.... 
 ബസിൽ നിന്നും റോസ് കളർ ചുരിദാർ അണിഞ്ഞു ഒരു ചെറു പുഞ്ചിരിയോടെ അവൾ എന്റെ അരികിലേക്ക് നടന്നെത്തി....... 
പാവത്തിന് നല്ല അടി കിട്ടിയിരുന്നു എന്ന് തോന്നുന്നു  മുഖത്തൊക്കെ അതിന്റെതായ മാറ്റങ്ങൾ ഉണ്ടായിരുന്നു..... 
കണ്ണിമ വെട്ടാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു.. 

"അതേ ഇച്ചായ നിങ്ങൾ ഇതെന്തു വായി നോക്കി നിൽക്കുവാണ് വാ നമുക്ക് വീട്ടിലേക്ക് പോവാം.. 
"അല്ലെടി ആദ്യമായി അല്ലെ നമ്മൾ നേരിട്ട് കാണുന്നത് അതിന്റെ ഒരിതിൽ  അങ്ങ്  ഞാൻ നോക്കി നിന്നു പോയതാണ്.... 
"അയ്യടാ അതിന് പറ്റിയ ബെസ്റ്റ് ടൈം..  മനുഷ്യൻ ഇവിടെ എത്ര ടെൻഷൻ അടിച്ചു.. 
ഏതൊക്ക ദൈവത്തെ വിളിച്ചു പ്രാത്ഥിച്ചാണ്  ഇവിടെ വരെ എത്തിയത് എന്നറിയാമോ.. 
ഇപ്പോൾ ആണ് ഒരാശ്വാസം ആയത്.. 
നിന്നു സമയം കളയാതെ വാ എനിക്കൊന്നു ഫ്രഷ് ആവണം എന്നും പറഞ്ഞവൾ നടക്കാൻ തുടങ്ങി.. 
പിന്നെ ഒന്നും നോക്കിയില്ല നടന്നു പോവും വഴി കിട്ടിയ ഓട്ടോയും വിളിച്ചു നേരെ വീട്ടിലെത്തി....
കാര്യങ്ങളൊക്കെ അമ്മയോട് പറഞ്ഞിരുന്ന കൊണ്ടു ഇരു കൈയും നീട്ടി അവളെ സ്വീകരിച്ചു കൊണ്ട് അമ്മ അകത്തേക്ക് പോയി.. അമ്മയുടെ മുഖത്തു സന്തോഷം അലയടിക്കുന്നത് ഞാൻ കണ്ടു.. 
അത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല എന്നെ ഒന്ന് ഒതുക്കാൻ ഒരാളെ കൂട്ടു കിട്ടിയ സന്തോഷം കൊണ്ടായിരുന്നു എന്നെനിക്ക് തോന്നി.... 
അങ്ങനെ അവൾ വന്നു കേറി കഴിഞ്ഞപ്പോൾ മുതൽ അവളുടെ ഫോണിൽ ബന്ധുക്കളുടെ ഒക്കെ വിളികൾ എത്തി ശാപവാക്കുകൾ മുതൽ ഭീഷണി വരെ കേൾക്കേണ്ടി വന്നു..... 
എല്ലാത്തിനും  സമാധാനത്തോടെ മറുപടി നൽകി കൊണ്ട് ഞാൻ അവളെ ആശ്വസിപ്പിക്കുകയും ചെയ്തു.. 

ഇതൊക്കെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ് ജാതിയുടെയും മതത്തിന്റെയും വേലികെട്ടിൽ മനുഷ്യനെ മനസ്സിലാക്കാതെ പ്രണയം മഹാപരാധം  ആയി കാണുന്ന ഒരു കൂട്ടം ആളുകൾ കാരണം ആണല്ലോ ഈ ഒളിച്ചോട്ടം വേണ്ടി വന്നത്.... 
എന്തായാലും അവൾ വന്ന അന്ന് രാത്രി ശെരിക്കും കണ്ണീരും സന്തോഷവും ഒക്കെ കൂടി കലർന്നൊരു രാത്രി ആയിരുന്നു.. 
പിറ്റേന്ന് രാവിലെ തന്നെ രജിസ്റ്റർ ഓഫീസിൽ പോയി രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയും കൊടുത്തു വീട്ടിലേക്ക് മടങ്ങി.. 
വീട്ടിലും നാട്ടിലും ഉള്ളവരോടൊക്കെ സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ അവളും ഹാപ്പി ആയി തുടങ്ങി.. 
ആദ്യരാത്രി സമാധാനിപ്പി ക്കലും കരച്ചിലും ഒക്കെയായി കടന്നു പോയത് കൊണ്ട് ഇന്ന് അതങ്ങു ആഘോഷിക്കാം എന്ന കണക്ക് കൂട്ടലുമായി രാത്രി റൂമിൽ കേറി കുത്തിപ്പിടിച്ചു ഇരുപ്പായി.... 
അൽപ്പം കഴിഞ്ഞതും അവളും റൂമിലെത്തി.. 
"ഡി പെണ്ണെ ഇന്നലെ നമ്മുടെ ആദ്യരാത്രി ആയിരുന്നു .... അത് നീ വീട്ടുകാരുടെ കാര്യം പറഞ്ഞു  കരഞ്ഞു കുളമാക്കി..  അതുകൊണ്ട് ഇന്നാണ് ശെരിക്കുള്ള ആദ്യരാത്രി ആഘോഷം.....

"അതിനു ആദ്യരാത്രി എന്താ ഇത്ര ആഘോഷിക്കാൻ മാത്രം ഉള്ളത്.. 
"അതുപിന്നെ ഒന്നും അറിയാത്ത ഒരു കൊച്ചു കുഞ്ഞു വന്നേക്കുന്നു..
ഇങ്ങ് വാടി പെണ്ണേ എന്ന് പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നതും അവളെന്നെ തള്ളി മാറ്റി.. 
"അതേ ഇച്ചായാ.. ഞാൻ പറയുന്നത് കൊണ്ട് എന്നോട് ദേഷ്യം ഒന്നും തോന്നരുത്.. നമുക്ക് ഇപ്പോൾ ഇതൊന്നും വേണ്ട.. 
"വേണ്ടെന്നോ അതെന്താടി നീ അങ്ങനെ പറയുന്നത്..  രജിസ്റ്റർ കഴിയാത്ത കൊണ്ടാണോ..  ഞാൻ ഇട്ടിട്ട് പോവുമെന്ന് പേടിയുണ്ടോ.... 
"ഹേ ആ പേടിയൊന്നും എനിക്കില്ല.. അങ്ങനെ പോയാൽ നിങ്ങളെ ഞാൻ കൊല്ലുമല്ലോ.....
"പിന്നെന്തു കോപ്പാടി....
"അതുപിന്നെ എനിക്കെല്ലാം എന്റെ അമ്മയാണ് ആ അമ്മയുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും   മതി നമുക്ക് ഒരു കുടുംബജീവിതം ആരംഭിക്കാൻ.....
"ഡി അതിനു നിന്റെ അമ്മ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ..... 
അങ്ങനെ സമ്മതിക്കുമായിരുന്നു എങ്കിൽ നിനക്ക് ഇങ്ങനെ ഇറങ്ങി പോരേണ്ടി വരുമായിരുന്നോ ..... 
"സമ്മതിക്കും എനിക്ക് ഉറപ്പുണ്ട്.. അമ്മക്കെന്നെ മനസ്സിലാക്കാൻ കഴിയും 
മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ആണ് അമ്മ എതിർത്തത്.. 

ഞാൻ ഏതെങ്കിലും അപകടത്തിലേക്ക് ആണോ ചാടുന്നത് എന്നൊരു പേടി കൊണ്ട് കൂടി ആണത്..  അങ്ങനെ അല്ലെന്നു തിരിച്ചറിയുമ്പോൾ അമ്മയുടെ ദേഷ്യം ഒക്കെ മാറുമെന്നേ.. അത് കഴിഞ്ഞിട്ട് മതി എല്ലാം..  ഇച്ചായൻ അതിന്  സമ്മതിക്കണം എന്നവൾ പറഞ്ഞപ്പോൾ അത് ശെരിയാണെന്ന് എനിക്കും തോന്നി.... 
അങ്ങനെ അവളുടെ അമ്മയുടെ വിളി പ്രതീക്ഷിച്ചു ഇരുന്നു ദിവസങ്ങൾ മാസങ്ങൾ ആയി കടന്നു പോയതല്ലാതെ വിളി വന്നില്ല..  അങ്ങോട്ട്‌ വിളിച്ചിട്ട് എടുത്തതും ഇല്ല..... 
ഇതിനോട് ഇടക്ക് എനിക്ക് ക്ഷെമ നശിച്ചു പോയപ്പോൾ ആണ് അവൾ കട്ടിലിൽ ഞങ്ങൾക്ക്  നടുക്കായി തലയിണ വെച്ചത്.. അത്  ചൈന വന്മതിൽ ആണെന്നാണ് അവളുടെ വിചാരം..  ആ അതിർത്തി ഒന്ന് മുറിച്ചു കടക്കാൻ നോക്കിയപ്പോൾ കിട്ടിയ പിച്ചും മാന്തും അൺ സഹിക്കബിൾ ആയിരുന്നു അതോടെ   അതിർത്തി മുറിച്ചു കടക്കുന്ന പരുപാടി ഞാൻ നിർത്തി.... 
എന്റെ അവസ്ഥ മനസ്സിലാക്കി തന്നെ ആവണം ഒരുമാതിരി ആക്കി ചിരി അവളുടെ മുഖത്തു എപ്പോളും കാണാമായിരുന്നു.... 
കാലുമടക്കി ഒരെണ്ണം കൊടുത്താലോ എന്ന് ഞാൻ പലപ്പോഴും വിചാരിച്ചത് ആണ്..  പിന്നെ വേണ്ടാന്ന് വെച്ചു.. ബുദ്ധിയും ബോധവും ഇല്ലാത്തവളാണ്  വെറുതെ എന്തിനാ ചെറിയ വട കൊടുത്തു വലിയ വട വാങ്ങുന്നത്.... എന്നാലും എന്റെ അമ്മായിയമ്മേ എന്നോട് ഈ ചതി വേണ്ടായിരുന്നു.... 
അടുത്തെങ്ങാനും ആയിരുന്നു എങ്കിൽ പോയി  കാലുപിടിച്ചു സോപ്പിടമായിരുന്നു.... ഇതിപ്പോൾ ഇത്രയും ദൂരെ പോയി കാലുപിടിക്കുക അത്ര എളുപ്പമല്ല ചിലപ്പോൾ കാല് പിടിക്കാൻ പോവുന്ന എന്റെ കാല് കണ്ടില്ലെന്നു വരും.. 
അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മ രണ്ടു ദിവസം നിൽക്കണം എന്നും പറഞ്ഞു ചേട്ടന്റെ വീട്ടിലേക്ക് പോയത്.... 

അമ്മയെ കൊണ്ട്  വിട്ടിട്ട് വരും വഴി പച്ചക്കറിയൊക്കെ വാങ്ങി വീട്ടിലെത്തിയ എന്നെ വന്നപാടെ അവൾ കെട്ടിപിടിച്ചു കരഞ്ഞു.... 
"എന്താടി എന്തുപറ്റി..... 
"ഇച്ചായാ  അമ്മ വിളിച്ചു.. 
"അമ്മയോ എന്തിന്.... 
"എന്തിന് എന്നോ എന്റെ അമ്മക്ക് എന്നെ വിളിച്ചു കൂടെ ..... 
"ങേ.. എന്താ പറഞ്ഞത് നിന്റെ അമ്മ വിളിച്ചെന്നോ..... 
എനിക്ക് അത്ഭുതം അടക്കാനായില്ല..... 
അപ്പോൾ അവളുടെ മുഖത്തു വിടർന്ന സന്തോഷത്തിന് പകരം വെക്കാൻ മറ്റൊന്നിനും ആവില്ലെന്ന് എനിക്ക് തോന്നി.. 
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ടു  നിറയുന്നുണ്ടായിരുന്നു.....
എന്റെ ഉള്ളിലും സന്തോഷം അലയടിച്ചു തുടങ്ങിയിരുന്നു.....   
"ഡി അമ്മ ശെരിക്കും വിളിച്ചോ..  
"മ്മ്മ്മം.. വിളിച്ചു..  
"എന്നിട്ട് എന്താ അമ്മ പറഞ്ഞത് "അതുപിന്നെ അമ്മ ആദ്യം ഒന്നും മിണ്ടിയില്ല.. പിന്നെ ചോദിച്ചു എനിക്ക് സുഖമാണോ എന്ന്.. പിന്നെ ഞാൻ ഓരോന്ന്  പറഞ്ഞു തുടങ്ങി.. ഇവിടത്തെ വിശേഷങ്ങളും എല്ലാം പറഞ്ഞു..... 
 എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മ പറയുവാ  അടുത്താഴ്ച്ച  ഇങ്ങോട്ടു വരുന്നുണ്ടെന്ന്...... 
"ങേ.. അടുത്താഴ്ച്ചയോ.... 
"മ്മ്മ്മം അടുത്താഴ്‌ച്ച ....  ഓ  സന്തോഷം കൊണ്ട് എനിക്ക് നിൽക്കാൻ പറ്റണില്ല ഇച്ചായ.... 

ഞാൻ പറഞ്ഞില്ലേ അമ്മയുടെ മനസ്സ് മാറുമെന്ന് ഇപ്പോൾ കണ്ടില്ലേ ഇതാണ് എന്റെ അമ്മ..... 
"ഉവ്വ ഉവ്വേ അത് അല്ലെങ്കിലും അങ്ങനെ ആണ്  പ്രണയത്തെ ഏത് മാതാപിതാക്കളും ആദ്യം എതിർക്കും പിന്നെ സമ്മതിക്കും.... 
അതൊക്കെ പോട്ടെ അമ്മയുടെ അനുഗ്രഹം ഒക്കെ കിട്ടിയില്ലേ അപ്പോൾ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ..... 
"എന്ത് എന്നും ചോദിച്ചവളെന്നെ നോക്കി  ഒരു ആക്കിയ  ചിരി പാസ്സാക്കി.. അത് കണ്ടപ്പോൾ എനിക്ക് അങ്ങ് ദേഷ്യം കേറി വന്നു .. 
"എന്തെന്നോ നിന്റെ അമ്മുമ്മേടെ പതിനാറ് അടിയന്തിരം നടത്തുന്നത് എന്നും പറഞ്ഞു ഞാൻ അവളെ കൈകളിൽ കോരി എടുത്തു റൂമിലേക്ക് കേറിയ പ്പോഴേക്കും പ്രണയത്തിന്റെ കുളിരുമായി മഴ വിരുന്നെത്തിയിരുന്നു.......
 തിമർത്തു പെയ്യുന്ന മഴയിൽ 
മണ്ണിനെ പ്രണയിച്ച മഴത്തുള്ളികൾ തണുപ്പിന്റെ നനുത്ത സ്പർശവുമായി  മുറ്റത്ത്‌   പെയ്തിറങ്ങിയപ്പോൾ അതിന്റെ  കുളിരിൽ സ്വയം മറന്നവളെന്റെ  മാറിലെ ചൂടിലേക്ക് അലിഞ്ഞു ചേർന്നു കൊണ്ടിരുന്നു.....
അല്ലെങ്കിലും ഈ എതിർപ്പുകൾക്ക് ഒടുവിൽ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ തുടങ്ങുന്ന പ്രണയ ജീവിതത്തിന് ഒരു പ്രത്യേക സുഖം തന്നെ ആണെന്നേ......
(സ്നേഹപൂർവ്വം...💕 ശിവ 💕)
To Top