രണ്ട് മൂന്ന് മാസം നീയില്ലാതെ ഞാനിവിടെ തനിച്ചാവില്ലേ...

Valappottukal


രചന: സജി തൈപ്പറമ്പ്‌

അല്ല നീ പോകാൻ തീരുമാനിച്ചോ ?

അയാൾ ഭാര്യയോട് ചോദിച്ചു

പിന്നല്ലാതെ ,എൻ്റെ കുറെ നാളത്തെ ആഗ്രഹമായിരുന്നു ദുബായി കാണണമെന്നുള്ളത് അത് എൻ്റെ മോനായിട്ട് സാധിച്ച് തന്നപ്പോൾ ആ അവസരം ഞാൻ കളയുമോ ?

അവർ ഉത്സാഹത്തോടെ പറഞ്ഞു

അല്ലേലും മക്കൾക്കെല്ലാം അമ്മയോടാണ് സ്നേഹം കൂടുതൽ, നിന്നെ അങ്ങോട്ട് ക്ഷണിച്ചപ്പോൾ അവന് എന്നെക്കൂടെ വിളിക്കാമായിരുന്നു,

അയാൾ മ്ളാനതയോടെ പറഞ്ഞു.

അത് കേട്ടപ്പോൾ, സാവിത്രിക്കും അയാളോട് അലിവ് തോന്നി.

ദുബായി കാണാൻ നിങ്ങൾക്ക് അത്ര കൊതിയാണോ ?

ഹേയ്, അത് കൊണ്ടല്ല, 
രണ്ട് മൂന്ന് മാസം നീയില്ലാതെ ഞാനിവിടെ തനിച്ചാവില്ലേ?  ഒന്നും മിണ്ടീം പറഞ്ഞുമിരിക്കാനും വല്ലപ്പോഴുമെൻ്റെ അരിശം തീർക്കാനുമൊക്കെ നീയെൻ്റെ അരികിലുണ്ടെങ്കിലേ ഒരു രസമുള്ളു,,

ഓഹ് അതാണോ കാര്യം ? ഡോ കിളവാ ,, ഞാനില്ലാതെയും ഒന്ന് തനിച്ച് ജീവിച്ച് പഠിക്ക് എപ്പോഴും ഞാൻ കൂടെയുണ്ടാവുമെന്ന് ഉറപ്പൊന്നുമില്ലല്ലോ

അത് കേട്ടപ്പോൾ അയാളുടെ മുഖം ഒന്ന് കൂടെ ഇരുണ്ടു ,
വിഷണ്ണനായിരുന്ന ഭർത്താവിൻ്റെ അരികിലേയ്ക്ക് ചേർന്നിരുന്ന് നരച്ച താടിയിൽ ചുരണ്ടി കൊണ്ട് സാവിത്രി അയാളുടെ പരിഭവം തീർക്കാനുള്ള ശ്രമത്തിലായിരുന്നു

നിങ്ങള് വിഷമിക്കണ്ട, ഞാനവനോട് നിങ്ങൾക്ക് കൂടെ ഒരു വിസ ശരിയാക്കാൻ പറയാം ,എന്നിട്ട് നമ്മളൊരുമിച്ച് പോകാം,,

അത് കേട്ട് അയാളുടെ വെള്ളെഴുത്ത് വീണ കണ്ണുകൾ തിളങ്ങി.

അമ്മയെന്താ ഈ പറയുന്നത്? 
ഈ അവസാന നിമിഷം, വിസയ്ക്ക് വേണ്ടി ഞാനെവിടെ പോവാനാണ്?
മാത്രമല്ല, ഇപ്പോൾ ലീനയുടെ ഡെലിവറിയും മറ്റുമായി കുറെ കാശ് കെയ്യിൽ കരുതണം, അതിനിടയിൽ അച്ഛൻ്റെ വിസയ്ക്കും ടിക്കറ്റിനുമുള്ള കാശൊന്നും എൻ്റെ കൈയ്യിൽ എടുക്കാൻ കാണില്ല , അടുത്തയാഴ്ചയാണ് ലീനയെ അഡ്മിറ്റ് ചെയ്യേണ്ടത് ,
ഡെലിവറി കഴിഞ്ഞാൽ, മാക്സിമം ഒരു രണ്ട് മാസം ,അത് കഴിഞ്ഞാൽ തിരിച്ച് അച്ഛൻ്റെ അടുത്തേയ്ക്ക് തന്നെയല്ലേ അമ്മ പോകുന്നത് ?

അമ്മയോടുള്ള മകൻ്റെ മറുപടി, 
കേട്ട് കൊണ്ട് അച്ഛൻ അടുത്ത് നില്പുണ്ടായിരുന്നു.

സാരമില്ല സാവിത്രി ,,
നീയെന്തായാലും പോയിട്ട് വാ ,അവൻ നിന്നെ പ്രതീക്ഷിച്ചാണ് ലീന മോളുടെ ഡെലിവറിയും മറ്റും പ്ളാൻ ചെയ്തിരിക്കുന്നത്, മക്കൾക്കൊരു അത്യാവശ്യം വരുമ്പോൾ, നമ്മൾ മാതാപിതാക്കളല്ലേ അത് മാനേജ് ചെയ്യേണ്ടത് ?

പുറമെ അങ്ങനെ പറഞ്ഞെങ്കിലും ഭർത്താവിൻ്റെ ഉള്ളിൽ നല്ല വിഷമമുണ്ടെന്ന് സാവിത്രിക്ക് മനസ്സിലായി.

പിറ്റേ തിങ്കളാഴ്ചയായിരുന്നു, സാവിത്രിക്ക് ദുബായ്ക്ക് പോകേണ്ടിയിരുന്നത്.

അയാൾ അതിരാവിലെ തന്നെയെഴുന്നേറ്റ്, ഭാര്യയെ ലഗ്ഗേജ് പായ്ക്ക് ചെയ്യാൻ സഹായിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ ,മകൻ ബുക്ക് ചെയ്ത ഊബർടാക്സി മുറ്റത്ത് വന്ന് നിന്നു.

സാവിത്രീ,,, ഒന്നും മറന്നിട്ടില്ലല്ലോ? എല്ലാം എടുത്തിട്ടുണ്ടല്ലോ അല്ലേ ?

ഒക്കെ ഞാനെടുത്തിട്ടുണ്ട്, നിങ്ങള് സമയം കളയാതെ വണ്ടിയിലോട്ട് കയറ്,,

ഭാര്യയുടെ ഉത്സാഹവും പ്രസരിപ്പും കണ്ടപ്പോൾ, അയാൾ ഒന്നും മിണ്ടാതെ കാറിലേക്ക് കയറി.

എയർപോർട്ടിലേക്കുളള യാത്രയ്ക്കിടയിൽ, മകൻ രണ്ട് തവണ വിളിച്ചു.

നമ്മള് സമയത്ത് എയർപോർട്ടിലെത്തുമോ എന്നാണ് അവൻ്റെ ടെൻഷൻ,,

സാവിത്രി പുറത്തേയ്ക്ക് കണ്ണ് നട്ടിരുന്ന ഭർത്താവിനോട് പറഞ്ഞു.

കൃത്യ സമയത്ത് തന്നെ എയർപോർട്ടിന് മുന്നിൽ കാറ് ഇരച്ച് വന്ന് നിന്നു.

വേഗം നടക്ക്,,

ഭാരമുള്ള ലഗ്ഗേജ് തൻ്റെ തോളിൽ തൂക്കി ,അയാൾ ഭാര്യയോട് ധൃതിവച്ചു.

അകത്തേയ്ക്ക് കയറുമ്പോൾ, മുന്നേ നടന്ന് കയറിയവർ പാസ്പോർട്ട് മറ്റും
പ്രധാന വാതിലിൽ നില്ക്കുന്ന സെക്യൂരിറ്റി ഓഫീസറെ കാണിക്കുന്നത് കണ്ടപ്പോഴാണ്, സാവിത്രി തൻ്റെ തോളിൽ തൂക്കിയിരുന്ന ബാഗിൻ്റെ സിബ്ബ് തുറന്ന്, തൻ്റെ പേപ്പറുകൾ എടുക്കാനായി കൈയ്യിട്ടത്.

നീയെന്തുവാ ഈ തപ്പി കളിക്കുന്നത് ?വേഗമതൊക്കെയെടുത്ത് അങ്ങോട്ട് ചെല്ല്, സമയം പോകുന്നു ,,

അയ്യോ ,ഞാനീ ബാഗിലാണല്ലോ പാസ്പോർട്ടൊക്കെ വച്ചിരുന്നത് ഇപ്പോൾ കാണുന്നില്ലല്ലോ?

അവർ വെപ്രാളത്തോടെ പറഞ്ഞു.

എന്താ സാവിത്രീ ഈ പറയുന്നത് ? നീയത് എടുത്ത് വച്ചെന്ന് ഉറപ്പാണോ ?

എനിക്കോർമ്മ കിട്ടുന്നില്ല, നിങ്ങളാ വലിയ ബാഗിലൊന്ന് നോക്കിക്കേ ?

അയാൾ തൻ്റെ തോളിൽ കിടന്ന ബാഗ് തുറന്ന് അടിമുടി പരിശോധിച്ചെങ്കിലും രേഖകളെല്ലാം മിസ്സിങ്ങായിരുന്നു.

അപ്പോഴേക്കും മകൻ്റെ ഫോൺ കോൾ വന്നു.

പരിഭ്രമത്തോടെ സാവിത്രി തനിക്ക് പറ്റിയ അമളി പറഞ്ഞു.

എൻ്റെ അമ്മേ,, എന്ത് പണിയാ നിങ്ങള് കാണിച്ചത് ?ഞാൻ പ്രത്യേകം പറഞ്ഞതല്ലേ ഇതൊന്നും മറക്കരുതെന്ന്? ഇനിയിപ്പോൾ വീട്ടിൽ തിരിച്ച് പോയി പേപ്പേഴ്സ് എടുത്ത് വരാനൊന്നും സമയമില്ല,
എൻ്റെ പണവും പരിശ്രമവുമെല്ലാം വൃഥാവിലായെന്ന് പറഞ്ഞാൽ മതിയല്ലോ ?അല്ലെങ്കിലും ദുബായ് ഒക്കെ കാണണമെങ്കിൽ, കുറച്ച് യോഗം വേണം, അമ്മയ്ക്കതില്ലെന്ന് കരുതിയാൽ മതി ,ശരി അമ്മേ എന്നാൽ സമയം കളയാതെ തിരിച്ച് വീട്ടിൽ പോകാൻ നോക്ക് ,ലീന പ്രസവിക്കുന്നത്, ആണോ പെണ്ണോ എന്ന് ഞാൻ വിളിച്ച് പറഞ്ഞോളാം,,

അരിശത്തോടെ മകൻ ഫോൺ കട്ട് ചെയ്തപ്പോൾ, നിരാശയോടെ അവർ പുറത്തേയ്ക്ക് തിരിഞ്ഞ് നടന്നു.

മറ്റൊരു ടാക്സിയിലാണ് അവർ വീട്ടിൽ തിരിച്ചെത്തിയത്.

എന്നാലും സാവിത്രീ ,,, നിനക്കിത്ര മറവി ആയിപ്പോയല്ലോ ?ഇനി നിനക്കിങ്ങനെ ഒരു അവസരം കിട്ടുമോ? അവൻ പറഞ്ഞത് പോലെ എല്ലാത്തിനും ഒരു യോഗം വേണം,,,

അയാൾ ഭാര്യയെ കുറ്റപ്പെടുത്തി .

എനിക്കാ യോഗം വേണ്ടെങ്കിലോ?

ഭാര്യയുടെ കൂസലില്ലായ്മ കണ്ട് അയാൾ അമ്പരന്ന് നിന്നു.

എൻ്റെ യോഗം, ഭർത്താവുമൊന്നിച്ച് മരണം വരെ സന്തോഷത്തോടെ ജീവിക്കണമെന്നാണ് ,അത് കൊണ്ടല്ലേ, എൻ്റെ ബാഗിൽ തന്നെ ഉണ്ടായിരുന്ന ഈ പാസ്പോർട്ടും , ടിക്കറ്റുമൊക്കെ കാണാനില്ലെന്ന് ഞാൻ കളവ് പറഞ്ഞത് ,നിങ്ങള് കാണാത്ത ദുബായി ഒന്നും എനിയ്ക്ക് കാണണ്ട സുധാകരേട്ടാ ,,,
മക്കൾക്കിഷ്ടം അമ്മയോടായിരിക്കും, 
പക്ഷേ, അമ്മയ്ക്കിഷ്ടം അവരുടെ അച്ഛനോട് തന്നെയാണ്,,,

അയാളുടെ അഗ്രം വളഞ്ഞ ചെമ്പൻ മീശയിൽ പിടിച്ച് വലിച്ചിട്ട്, ഒരു ചിരിയോടെ സാവിത്രി വീടിനുള്ളിലേയ്ക്ക് കയറിപ്പോയി...
ലൈക്ക് കമന്റ് ചെയ്യണേ...




പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top