കൺമഷി കലർന്ന കണ്ണുകളിലേക്കാണവന്റെ നോട്ടം ആദ്യമെത്തിയത്...

Valappottukal

 


രചന: Dhanya Shamjith

മണിമുകിൽ


ടാ....... എണീക്കെടാ..... ന്തൊരു ഉറക്കാടായിത്.. ദേ... നമ്മളെത്താറായി........ തൊട്ടടുത്ത് നല്ല ഉറക്കത്തിലായിരുന്ന മനുവിനെ തട്ടി വിളിച്ചു റിഷി.....


എനിക്ക് സോഡാ ചേർക്കണ്ടളിയാ........ ഉറക്കച്ചടവോടെ മനു പിറുപിറുത്തു....


ന്തോന്നെടേയ്..... ഇന്നലത്തെ കെട്ട് വിട്ടില്ലല്ലേ........ കുപ്പീടെ കാര്യമല്ല പറഞ്ഞത് നമ്മള് എത്താറായീന്നാ....


ഓ...... ഞാൻ  ഇന്നലത്തെ കാര്യമോർത്ത്...... അല്ലളിയാ ഇത്ര പെട്ടന്ന് നേരം വെളുത്താ.......


രാത്രി മൊത്തം വെള്ളമടിച്ച് ബാക്കിയുള്ളവനെ പാടുപെടുത്തി നീ സുഖായി ഉറങ്ങി,,ന്നിട്ട് നേരം വെളുത്തോന്ന്..... ഒന്നങ്ങ് തന്നാലുണ്ടല്ലോ..... നീയും കൂടെയുണ്ടെന്നറിഞ്ഞപ്പഴേ എല്ലാരും പറഞ്ഞതാ പണിയാവുംന്ന്...... കുഞ്ഞിലേ തൊട്ടുള്ള ചങ്കല്ലേ,, അയൽവാസിയല്ലേന്നൊക്കെയുള്ള നിന്റെ ഒടുക്കത്തെ തള്ളലിൽ പറ്റിപ്പോയി....... വേണ്ടായിരുന്നു.....


ഹാ...... സോറി അളിയാ,, ഇന്നലെ ലേശം കൂടിപ്പോയി,, വല്ലപ്പഴുമല്ലേടാ ഇങ്ങനെയൊക്കെ നീയൊന്ന്ക്ഷമി.... ഇനിയുണ്ടാവൂല പോരെ...... മനു തലയൊന്നു കുടഞ്ഞു......


ഉവ്വ് ഉവ്വ്....... റിഷി ചിരിച്ചു...


താൻ മരിച്ചാൽ താലി,, മൂകാംബികയുടെ നടയിൽ സമർപ്പിക്കണമെന്ന റിഷിയുടെ അമ്മ പറഞ്ഞ  ആഗ്രഹം നിറവേറ്റാനാണ് അവൻ ഉറ്റ ചങ്ങാതിയായ മനുവിനോടൊപ്പം യാത്ര തിരിച്ചത്.......


മൂകാംബിക............. തലയുയർത്തി നിൽക്കുന്ന കുടജാദ്രി നിരകളെ തഴുകിയൊഴുകുന്ന കാറ്റിനു പോലുംകളഭത്തിന്റെയും ജാതിപ്പൂക്കളുടേയും സുഗന്ധം.......... അമ്പലമണികളുടേയും,, ദേവീ കീർത്തനങ്ങളുടേയും ശബ്ദഘോഷത്തേക്കാൾ ഉയർന്ന് പൊങ്ങുന്ന ആരവങ്ങൾ,, പൂക്കളും,, ദേവീ വിഗ്രഹങ്ങളും  കൊണ്ട് നിറഞ്ഞ ഇടുങ്ങിയ വില്പനതെരുവുകൾ..... ഊഴം കാത്തു കിടക്കുന്ന ജീപ്പുകളിൽ ആളുകളെ നിറയ്ക്കാൻ തത്രപ്പെടുന്ന പയ്യൻമാർ....... കാഴ്ചകൾ അനേകമാണ്....... റിഷി ചുറ്റുമൊന്ന് കണ്ണോടിച്ചു....


സർ,, വാങ്കേ..... നല്ല റൂം ഇര്ക്ക്,, തണ്ണി, ഫുഡ് എല്ലാമേ ധാരാളമാ കെടയ്ക്കും റെന്റ് കമ്മിപണ്ണിക്കലാം...... ടൂറിസ്റ്റ് ഗൈഡൈന്ന് തോന്നിപ്പിക്കുന്ന ഒരാൾ അവർക്കരികിലെത്തി...


വേണ്ടണ്ണാ..... റൂമൊക്കെ കെടച്ചാച്ച്,, നീങ്ക പോങ്കോ....... മനു പാതി തമിഴിൽ അയാളോട് പറഞ്ഞു...... എന്തോ പിറുപിറുത്തു കൊണ്ട് അയാൾ പിൻതിരിഞ്ഞു


ഇവൻമാരൊക്കെ ഇപ്പം ഇങ്ങനെ പറയും, റൂമെടുത്ത് കഴിയുമ്പോ അറിയാം തനി സ്വഭാവം... ഒരു മണ്ണാങ്കട്ടയും ഉണ്ടാവില്ല... നമുക്കേതെങ്കിലും ഹോട്ടൽ നോക്കാം.... റിഷിയേയും പിടിച്ചു വലിച്ച് മനു നടന്നു...


ഞാനൊന്ന് ഫ്രഷായി വരാം നീയെന്തെങ്കിലും കഴിക്കാൻ ഓർഡർ ചെയ്.... റൂമിലെത്തിയ പാടെ മനു തോർത്തെടുത്ത് തലയിൽ ചുറ്റി..... 


പറയുമ്പഴേക്കും ഫുഡ് എത്തിക്കാനേ ഇത് നമ്മടെ നാട്ടിലെ ഹോട്ടലല്ല...... നീ വേഗം കുളി,, ക്ഷേത്രത്തിൽ പോകും വഴി കഴിക്കാം.....


നിമിഷങ്ങൾക്കുള്ളിൽ രണ്ടാളും ഫ്രഷായി ക്ഷേത്രത്തിലേക്ക് നടന്നു....


ടാ..... ഈ അമ്പലത്തിൽ പോവുമ്പോ വൈകുന്നേരമാ നല്ല സമയം അല്ലേ,, ഒരു പ്രത്യേക ഫീലാ...... റിഷിയുടെ സ്വരത്തിൽ ഉൻമേഷം നിറഞ്ഞിരുന്നു.


പിന്നേ...... കറക്റ്റാ,, വൈകുന്നേരമാവുമ്പം ദേ ദിത് പോലത്തെ നല്ല പെമ്പിള്ളാരും കാണും... മനുവിന്റെ കണ്ണുകൾ അരികിലൂടെ പോയ പെൺകുട്ടികളിലായിരുന്നു.


എന്താ ഒരു ഭംഗി..... ഈ നാടൻ സൗന്ദര്യം ന്ന് പറയണത് ഇതാ... കണ്ടില്ലേ പട്ടുപാവാടേം മുല്ലപ്പൂവും മൂക്കുത്തിയും.... ഓ..... എന്റളിയാ.... 


നീ സിനിമയൊക്കെ കാണാറുണ്ടല്ലോല്ലേ...ഇവിടത്ത്കാര്ടെ കൈയ്ക്ക് നല്ല ബലാ.... ഒന്ന് കൈ വച്ചാ മതി  പിന്നെ പെറുക്കി കൂട്ടേണ്ടി വരും നിന്നെ.... വാനോട്ടം മതിയാക്കി നടക്കാൻ നോക്കടാ...... പറഞ്ഞു കൊണ്ട് റിഷി തിരിഞ്ഞതും ഒരു പെൺകുട്ടി അവന്റെ ദേഹത്ത് തട്ടി വീണതും ഒരുമിച്ചായിരുന്നു.....


കൺമഷി കലർന്ന കണ്ണുകളിലേക്കാണവന്റെ നോട്ടം ആദ്യമെത്തിയത്,, ഇരുവശവും മെടഞ്ഞിട്ട മുടിയിലൂടെകനകാംബര പൂക്കൾ തോളിലേക്ക് ചാഞ്ഞു കിടന്നിരുന്നു..... ചുവന്ന വട്ടപ്പൊട്ടിന്റെ നിറത്തേക്കാൾ അവളുടെ മുക്കുത്തിക്കല്ലിലാണ് തിളക്കം...... ഒരു നിമിഷം റിഷിയൊന്ന് പകച്ചു നിന്നെങ്കിലും പെട്ടന്നവൻ  കൈകൾ നീട്ടി....


ഏയ്..... ന്നാ....... തട്ടിവിട്ടതും ഇല്ലാമെ.... കൈ വരെ നീട്ട്രിയാ....... കിലുങ്ങുന്ന കുപ്പിവളകൾക്കിടയിലൂടെ അവളുടെ സ്വരം ഉയർന്നു..... കൈയ്യിൽ പറ്റിയ മൺ തരികൾ പാവാടത്തുമ്പു കൊണ്ട് തുടച്ച് റിഷിക്ക് നേരെ കൂർപ്പിച്ച നോട്ടമെറിഞ്ഞു അവൾ...


സോറി..... കണ്ടില്ല.....


സോറിയാവത്,, സാരിയാവത്........ അത് കൈയിലേ വച്ച്ക്കേ..... കാസ് കൊട്...... അവൾ കൈ നീട്ടി....


കാശാ.... ന്തിന്...... റിഷി അമ്പരന്നു...


ന്നാ വാ...... പാര്,, കൈയെല്ലാം കായം.... മര്ന്ത് വാങ്ങണം..... അത്ക്ക് താ....


പിന്നേ..... ഒരിത്തിരി തൊലി പോയതിന് കാശോ.. ഇങ്ങോട്ട് വന്നിടിച്ചതും പോരാഞ്ഞ്..... മനു അവൾക്ക് മുന്നിലേക്ക് ചെന്നു.....


മര്യാദയാ കാശ് കൊട് ഇല്ലെന്നാ ശത്തം പോട്ട് ആളെ കൂട്ടുവേ... നീങ്കയെന് കൈയിലെ പിടിച്ചിടേന്ന് സൊല്ലുവേ... അപ്പുറം ഉങ്കള്ക്ക് അടി താ....... കൈ രണ്ടും പുറകിൽ കെട്ടി കൂസലില്ലാതെ അവൾ പറഞ്ഞു..


മനൂ വേണ്ട,, പ്രശ്നാവും കൊടുത്തേക്കാം....... റിഷി പോക്കറ്റിൽ കൈയിട്ടു......


ടാ.... എന്റെ പേഴ്സ് കാണുന്നില്ല....... പരിഭ്രമത്തോടെ റിഷി താഴെ കിടന്നിരുന്ന ബാഗ് കൈയിലെടുത്തു..... അതും ശൂന്യമായിരുന്നു......


നീ ശരിക്ക് നോക്ക്.... മനു അവന്റെ കൈയിൽ നിന്ന് ബാഗ് വാങ്ങി......


ഇല്ലടാ....... അതിലില്ല...... റിഷിയുടെ നോട്ടംഅവളുടെ മുഖത്തു നിന്നും പുറകിൽ കെട്ടിയ കൈയിലേക്കായി.....


ഒരു പതർച്ച അവളുടെ മുഖത്ത് തെളിഞ്ഞതറിഞ്ഞ് റിഷി അവൾക്കരികിലേക്ക് ചുവടുവച്ചു...... അതേ നിമിഷത്തിൽ തന്നെ കൈയിലിരുന്ന പഴ്സ് ആർക്കോ എറിഞ്ഞിട്ടു കൊടുത്ത് അവൾ വെട്ടിത്തിരിഞ്ഞു ആൾക്കൂട്ടത്തിലേക്കോടി.....

മനൂ......... പിടിയെടാ..... അവളാ പഴ്സ് എടുത്തത്..... ഉറക്കെ വിളിച്ചു കൊണ്ടവനും അവൾക്കു പിന്നാലെ കുതിച്ചു.......... പക്ഷേ തിരക്കിനിടയിൽ അവളെ കണ്ടെത്താൻ അവനായില്ല.....


കിതച്ചു കൊണ്ടവൻ റോഡിലേക്കിരുന്നു.......


റിഷി.......... മനു അവനെ എഴുന്നേൽപ്പിച്ചു..


മനൂ..... എന്റെ അമ്മ....... റിഷി വിതുമ്പി....


അത്യാവശ്യത്തിനുള്ള പൈസ എന്റടുത്തുണ്ട്,, നീ വിഷമിക്കണ്ട.....


അതിനേക്കാൾ വലുതല്ലേടാ എന്റെ അമ്മയുടെ ആഗ്രഹം...... അത്.... ആ പഴ്സിലാ ഉള്ളത്...... 


അമ്മയുടെതാലി....... ഈശ്വരാ ഇനീപ്പോ എന്താ ചെയ്ക.... പോലീസിൽ പറഞ്ഞാലോ....


എന്തു പറ്റി,, പണം പോയോ??? അവർക്കരികിലേക്ക് ഒരാൾ വന്നു...


മനു നടന്ന സംഭവം വിവരിച്ചു.....


ഇതിവിടെ പതിവാ...... മുന്നറിയിപ്പ് ബോർ ഡൊക്കെ വച്ചിട്ടുണ്ട് ന്നിട്ടും കാര്യമില്ല ഏതൊക്കെ വേഷത്തിലാ ഓരോര്ത്തൻമാര് ഇറങ്ങിയേക്കുന്നേന്ന് പറയാൻ പറ്റില്ല....... ഇതിപ്പോ നിങ്ങള് പറയണകേട്ടിട്ട് അതവളാ......... "മുകിൽ ".....


മുകിലോ........ 


ആ........ അതാ അവൾടെ പേര്..... ഇവട്ന്ന് അപ്പുറം ചെന്നാ ഒരു തെരുവുണ്ട്,, അവിടാ അവൾടെ വീട്....... പൂക്കാരിയാ ഒപ്പം അല്ലറ ചില്ലറ മോഷണവും ഒണ്ട്.....


അത് ശരി ആളെ അറിഞ്ഞിട്ടും വെറുതെ വിട്ടേക്കാണോ.... മനുവിന് ദേഷ്യം പിടിച്ചു.


അവളങ്ങനൊരു പെണ്ണല്ല,, വല്ല അരീം സാധനങ്ങളുമോ,, ഒക്കെ കക്കാറുണ്ടെന്നേയുള്ളൂ... ഇത് വരെ പൈസയൊന്നും കട്ടിട്ടില്ല....


ഞങ്ങടെ നാട്ടിൽ അതിനും മോഷണം ന്ന് തന്നാ പേര്....... മനു പുച്ഛിച്ചു.


അവൾടെ വീട് എവിടെയാന്നാ ചേട്ടൻ പറഞ്ഞത്.... അതു വരെ എല്ലാം കേട്ടുകൊണ്ട് നിന്ന റിഷി ചോദിച്ചു..


അപ്പുറത്തെ തെരുവിൽ ചെന്നിട്ട് ഏതേലും ഒരു ചെക്കനോട് ചോയ്ച്ചാ മതി പറഞ്ഞ് തരും....


വാടാ........ റിഷി മുന്നോട്ട് നടന്നു....... 


മുകിൽ ന്റെ വീട് എങ്കയാ?? 

അയാൾ പറഞ്ഞ തെരുവിലെത്തിയപ്പോൾ റിഷി അടുത്ത് കണ്ട ഒരു വൃദ്ധനോട് ചോദിച്ചു.....


 അത് വന്ത് തെരുക്കുള്ളെ ഒര് വിനായകർ കോയിലിര്ക്ക് അത്ക്ക് പിന്നാടി നാലാമത് വീട്...... ന്നാ വിഷയമാ വന്ത്ര്ക്കേ....... ആ ചോദ്യം കേൾക്കാത്ത ഭാവത്തിൽ അവർ അവിടേക്ക് നടന്നു..


അഴുക്ക് ചാലുകൾ നിറഞ്ഞ പൊട്ടിയ കോൺക്രീറ്റ് വഴിയിലൂടെ നടക്കുമ്പോൾ മനു മൂക്ക്പൊത്തി പിറുപിറുക്കുന്നുണ്ടായിരുന്നു....


നാശം പിടിച്ചവള്..... കൈയി കിട്ടിയാ തീർന്നു......


വിനായകർ കോവിൽ എത്തിയതും റിഷിയൊന്ന് നിന്നു....... അടുക്കി വച്ച തീപ്പെട്ടിക്കൂട് പോലെ ഒരേ വലിപ്പത്തിലുള്ള വീടുകൾ......... എണ്ണം നോക്കിയല്ലാതെ ആർക്കും തിരിച്ചറിയാൻ പറ്റാത്ത വീടുകൾ..... അയാൾ പറഞ്ഞ നാലാമത്തെ വീടെത്തിയതും അവന്റെ കൈകൾ തരിച്ചു.......


മുറ്റത്ത് ഉണക്കാനിട്ടിരുന്ന മുളകിനരികിൽ അവൾ ഇരിപ്പുണ്ടായിരുന്നു...... "മുകിൽ ".....


പ്രതീക്ഷിക്കാതെ അവരെ കണ്ടതും അവൾ  വിളറി വെളുത്തു...... എന്തോ പറയാനാഞ്ഞ അവളുടെ മുഖം നോക്കി റിഷിയുടെ കൈകൾ പാഞ്ഞു......


നീയെന്താടീ കരുതീത്,, നിന്നെ കണ്ടു പിടിക്കില്ലെന്നോ.... ഇവടത്ത്കാരെപ്പോലെ മന്ദബുദ്ധികളല്ല ഞങ്ങൾ...... നാണമില്ലേടീ...... വേറെന്തൊക്കെയാ നിന്റെ ജോലി,, മോഷണം മാത്രമേ ഉള്ളോ അതോ വേറെം ബിസിനസ് ഉണ്ടോ...... റിഷിയ്ക്ക് ദേഷ്യമടക്കാനായില്ല..


മനു സ്തബ്ധനായി നിൽക്കുകയായിരുന്നു.. അത്രയും ദേഷ്യത്തിൽ റിഷിയെ ആദ്യമായി കാണുകയായിരുന്നവൻ..


ഞാനൊന്ന് ശൊല്ലട്ടാ...... പൊത്തിയ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണീരിനിടയിൽ അവളുടെ ശബ്ദം നേർത്തതായി...


നീയൊന്നും പറയണ്ട,,   രാത്രിയാകുമ്പോ റോഡിലിറങ്ങി നിക്ക് മോഷണത്തേക്കാൾ റിസ്കില്ലാത്ത പണി അതാ..... കാണാൻ ഭംഗിയുള്ളത് കൊണ്ട് നല്ല കാശ് കിട്ടും...... കത്തിപ്പടരുകയായിരുന്നു റിഷി...


മര്യാദയ പേസ്....  തിരുടി താ..... ആനാ മാനത്തെ വിട്ട് എന്ന വേണാലും പണ്ണമാട്ടെ..... അവളുടെ സ്വരമുയർന്നു.


ചിലക്കാതെ പഴ്സ് താ.... ഇല്ലെങ്കിൽ ഇനി ഞങ്ങൾ വരുന്നത് പോലീസിനേം കൊണ്ടാവും... മനു പറഞ്ഞു....


പേഴ്സ് തിരുടനത് തപ്പ് താ...... എൻ നില അപ്പടി അതിനാലെ താൻ ഉന്നോടെ പഴ്സേ തിരുടിട്ടേ..... മന്നിച്ചിട്ങ്കേ.....


കാശ് എടുക്കലാന്ന് നിനച്ചേ...ആനാ..... അതിലെ താലി യെ പാത്തതും,, സെഞ്ചത്തപ്പ് ന്ന് തോന്നിച്ച്..... അതിനാലെ അപ്പവേ എൻ തമ്പിക്കിട്ടെ പഴ്സ് ഉങ്കൾക്കിട്ടെ കൊടുക്ക ചൊല്ലി വിട്ടിട്ടേ..


ഇവള്,, പുതിയ നമ്പറിടുകയാ..... അതിവിടെ നടക്കൂല മോളേ....... മനു അവൾക്കരികിലേക്ക് നീങ്ങി....


അക്കാ......... അവരെ എങ്കയുമേ പാത്തതില്ലക്കാ........ ഓടിക്കിതച്ചു കൊണ്ട് ഒരു കുട്ടി അവർക്കരികിലെത്തി..


ഇവർ താൻ അവര്, പേഴ്സെ കൊട്...... അവൾ അവന്റെ കൈയിൽ നിന്നും പഴ്സ് വാങ്ങി റിഷിയുടെ നേർക്ക് നീട്ടി....


മുതൽ തടവയാ പണത്തെ തിരുടപ്പോണെ.... നടക്കലേ..... അവൾ ചിരിച്ചു.


എന്തെങ്കിലും ജോലി ചെയ്ത് കഴിഞ്ഞൂടെ.... റിഷിയുടെ രോഷം തണുത്തിരുന്നു..... അതിനവൾ പുഞ്ചിരിച്ചു കൊണ്ട് അവനെ അകത്തേക്ക് ക്ഷണിച്ചു..... അവിടെ കണ്ട കാഴ്ച റിഷിയുടെ ഉള്ളുലച്ചു.....


മുറിയ്ക്കുള്ളിൽ കട്ടിലിന്റെ കാൽക്കൽ ബന്ധിച്ചചങ്ങലയിൽ എല്ലുന്തിയ ഒരു സ്ത്രീരൂപം..... അവളെ കണ്ടതും അവർ അവ്യക്തമായി ഒച്ചയെടുക്കാൻ തുടങ്ങി.....


മുകിൽ.... പറയുകയായിരുന്നു അവളുടെ കഥ....... സുന്ദരിയായ അമ്മയെ എന്നും സംശയത്തോടെ കാണുന്ന അച്ഛൻ,, അതിന്റെ പേരിലുള്ള ഉപദ്രവങ്ങൾ.... അവസാനം വിഷക്കുപ്പിയിൽ സ്വയം അവസാനിപ്പിച്ച് തനിച്ചാക്കിപ്പോയപ്പോൾ അത് മുതലാക്കാൻ ഇരുട്ടിനെ മറപിടിച്ചെത്തിയവർ..... ആട്ടിയകറ്റിയെങ്കിലും പട്ടിണിയുടെ ആധിക്യം അമ്മയെ വില്പന ച്ചരക്കാക്കി...... നാളുകൾ പോകുംതോറും നീളുന്ന കണ്ണുകൾ മകളിലേക്കാണെന്ന് അറിഞപ്പോൾ ഒരു വെട്ടുകത്തിയിൽ അരിഞ്ഞെറിഞ്ഞു ആ നോട്ടങ്ങളെ...... മനസ്സ് മറ്റേതോ ലോകത്തിലേക്ക് പിൻവാങ്ങി ഓർമ്മകൾ നശിച്ച് സ്വയമൊരു മൂലയിൽ ചുരുണ്ടുകൂടിയപ്പോൾ.... വിശന്നു കരഞ്ഞ അനിയനെ കൂട്ടി പിച്ചയ്ക്കിറങ്ങി...... കിട്ടുന്നത് തികയാതെ വന്നപ്പോൾ ഭക്ഷണം മോഷ്ടിച്ചു....... പല ജോലിയും ചെയ്തു, എല്ലാവരുടേയും കണ്ണ് തന്റെ ശരീരത്തിലാണെന്നറിഞ്ഞപ്പോൾ തുടരാൻ തോന്നിയില്ല...... പൂവില്പനയും,, മോഷണവും തൊഴിലാക്കി....... അന്ന് എവിടെ നിന്നും എടുക്കാൻ കഴിയാതെ വന്നപ്പോഴാണ് ആദ്യമായി പോക്കറ്റടിക്കാമെന്ന് തോന്നിയത്....


അമ്മാ പശി താങ്കമാട്ട,, അതിനാലെ താ.....ഇത് വരേക്കും പണം തിരുടലേ......... മന്നിച്ചിട്ങ്കേ ക്ഷമാപണത്തോടെ അവൾ പറഞ്ഞതു കേട്ട് ഒന്നും മിണ്ടാതെ റിഷി പുറത്തേക്കിറങ്ങി....


അമ്മ എന്നാൽ എനിക്കും ജീവനാ....ഞാനും അമ്മയ്ക്ക് വേണ്ടിയാ ഇവിടേക്ക് വന്നത്..... ഒരു പിടി നോട്ടുകൾ അവളുടെ നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു..... പെട്ടന്ന് ആ നോട്ടുകൾ അവൻ തിരികെ പേഴ്സിലേക്ക് തന്നെ വച്ചു കൊണ്ട് അതവളുടെ കൈകളിൽ ബലമായി പിടിച്ചേൽപ്പിച്ചു...


ഇത് നിനക്കിരിക്കട്ടെ..... ഒരു പക്ഷേ അമ്മയുടെ ആഗ്രഹത്തിന് പകരം ദേവി കണ്ടിട്ടുണ്ടാവുക ഇതാവും....... അതിൽ വിലമതിക്കാനാവാത്ത ഒന്നുണ്ട്...... എന്റെ അമ്മയുടെ മാറിൽ കിടന്നിരുന്ന താലി........ സഹതാപം കൊണ്ടല്ല.... നിന്നെ ആദ്യമായ് കണ്ടപ്പോ തന്നെ ഈ മുക്കൂത്തി തിളക്കം എന്റെ നെഞ്ചിൽ പതിഞ്ഞു പോയി...... സമ്മതമാണെങ്കിൽ കൂടെ വരാം...... ഞാനുണ്ടാകും ഈ കുടജാദ്രിയിൽ........ നമുക്കൊരുമിച്ച് ഈ താലി ദേവിയ്ക്ക് സമർപ്പിക്കാം.... 


ഒരു നിമിഷം അവളെയൊന്ന് നോക്കിയിട്ട് റിഷി മുന്നോട്ട് നടന്നു......


ടാ..... അളിയാ......... അവളപ്പം പേഴ്സ് മാത്രല്ല,, ഹൃദയവും പോക്കറ്റടിച്ചല്ലേ....... മനു അവനെ കെട്ടിപ്പിടിച്ചു..... പുഞ്ചിരിയോടെ റിഷി അവന്റെ തോളത്ത് തട്ടികൊണ്ട് തിരിഞ്ഞു നോക്കി.......


കരിനീല മിഴികളിലൂടൊഴുകിയ കണ്ണീരിനിടയിലും തന്നെ നോക്കി

 നിൽക്കുന്ന മൂക്കുത്തി തിളക്കം അവളുടെ ചുണ്ടുകളിലുമുണ്ടെന്ന് അവന് തോന്നി....... അവ പറയാതെ പറയുന്നുണ്ടായിരുന്നു.... സമ്മതം......... എന്ന്...

To Top