വയസ്സ് മുപ്പത്തി എട്ടായില്ലേ ഇവന്, ഒരു പെണ്ണ് കെട്ടാൻ എത്ര നാളായി പറയുന്നു...

Valappottukal


രചന: റഹീം പുത്തൻചിറ

"ഇറങ്ങട്ടെ .."ശിവൻ തിണ്ണയിൽ നിന്നും എഴുന്നേറ്റുകൊണ്ടു ജാനകിയെ നോക്കി..

"ഉം..".ഇറയത്തു തന്നെ തൂണിൽ ചാരി നിന്ന ജാനകി മൂളി..

"എന്നാ ഇനി തിരിച്ചു.".മുറ്റത്തേക്കിറങ്ങിയ ശിവനോട് ജാനകി ചോദിച്ചു..

"അറിയില്ല...അധികം ദൂരമൊന്നും ഇല്ലല്ലോ.. എപ്പോൾ വേണേലും വരാം.."തിരിഞ്ഞു നിന്നുകൊണ്ടു ശിവൻ പറഞ്ഞു..

"എഴുത്തു അയക്കോ "...

ജാനകിയുടെ ചോദ്യം കേട്ട ശിവൻ നിന്നു ചിരിച്ചു..

"ഈ ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉള്ള കാലത്താണോ ജാനകി എഴുത് ....ആളുകൾ കണ്ടാൽ കളിയാക്കും...പ്രത്യേകിച്ചു പോസ്റ്റ് മാൻ."..

"ശരിയാ...അതുകൊണ്ടാണല്ലോ ഫേസ്ബുക്കും വാട്ട്സ് ആപ്പും ഉള്ള ഫോൺ കൊണ്ടു നടക്കുന്നത്"...ശിവന്റെ കീശയിലേക്ക് നോക്കിക്കൊണ്ടു ജാനകി പറഞ്ഞു..

കീശയിലുള്ള പഴയ നോക്കിയയുടെ ഫോൺ കയ്യിലെടുത്തു ശിവൻ പതിയെ ചിരിച്ചു...
"താൻ പറഞ്ഞതു ശരിയാ...ഒരു പുതിയ ഫോൺ വാങ്ങണം...ഞാൻ വാങ്ങിയതുകൊണ്ടു മാത്രമായില്ലല്ലോ...തന്റെ കയ്യിലും ഇതു തന്നെയല്ലേ"...

യുപി സ്കൂളിലെ മാഷും...നഴ്‌സറി ടീച്ചറും തമ്മിൽ ഒരുപാട് വിത്യാസമുണ്ട് മാഷേ ..ആദ്യം ശിവേട്ടൻ നല്ലൊരു ഷർട്ടും മുണ്ടും വാങ്ങണം...എത്ര നാളായി ഇതു തന്നെ ഇട്ടു നടക്കുന്നു...പഴയ സിനിമയിലെ നിരാശ കാമുകനെ പോലെ."...അതും പറഞ്ഞു ജാനകി പതിയെ ചിരിച്ചു..

"ഈ നാട്ടിൻ പുറം വിട്ടു പുറത്തു പോകാത്ത എനിക്ക് എന്തിനാടോ പുതിയ ഷർട്ടും മുണ്ടും...ഇതു തന്നെ ധാരാളം.".. പോട്ടെ...ചെന്നിട്ട് വിളിക്കാം...അതും പറഞ്ഞു ശിവൻ പാടത്തേക്കിറങ്ങി വരമ്പിലൂടെ തന്റെ വീട് ലക്ഷ്യമാക്കി  നടന്നു...

അടുത്തു തന്നെ സ്കൂളിലെ അദ്ധ്യാപകനായിരുന്നു ശിവൻ... നാളെ മുതൽ കുറച്ചകലെയുള്ള സ്കൂളിലേക്കു സ്ഥലം മാറി പോവുകയാണ്... പോകുന്നതിനു മുൻപ് ജാനകിയോട് യാത്ര പറയാൻ വന്നതാണ്...

ശിവൻ കണ്ണിൽ നിന്നും മറയുന്നത് വരെ ജാനകി അവിടെ തന്നെ നിന്നു....കണ്ണിൽ നിന്നും ഒരുണ്ടുവീണ കണ്ണുനീർ തുള്ളികൾ സാരി തലപ്പുകൊണ്ടു തുടച്ചു അവൾ തിണ്ണയിൽ ഇരുന്നു...

താൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അമ്മ മരിക്കുന്നത്....അച്ഛൻ ആരാണെന്നറിയാതെ വളർന്ന തനിക്ക് മിണ്ടാൻ പോലും ആരുമുണ്ടായില്ല...അമ്മയുടെ മരണം വരെ അച്ഛൻ ആരാണെന്നു അമ്മ  പറഞ്ഞിട്ടുമില്ല...പിന്നീട് ശിവേട്ടനായിരുന്നു എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്...അതുകൊണ്ടു തന്നെ  ശിവേട്ടന്  വീട്ടിൽ നിന്നും ഒരുപാട് ചീത്ത കേൾക്കുന്നുമുണ്ട്....ഒരുപാട് പ്രാവിശ്യം ചോദിച്ചിട്ടുണ്ട് എന്തിനാണ് എന്നോട് ഈ സ്നേഹം കാണിക്കുന്നതെന്ന്...ഒരു ചിരി മാത്രമായിരുന്നു ഉത്തരം...

"ഓ വന്നോ പുന്നാര മോൻ...ശിവനെ കണ്ടപാടെ ദേവകിയമ്മ വായിലിരുന്ന മുറുക്കാൻ മുറ്റത്തേക്ക് തുപ്പിക്കൊണ്ടു  പരിഹാസത്തോടെ ചോദിച്ചു...

"ഏതു സമയവും ആ തന്ത ഇല്ലാത്തവളുടെ വീട്ടിൽ തന്നെ ആണല്ലോ...പൊറുതിയും  അവിടെ തന്നെ ആയിക്കൂടെ...നാട്ടുകാരെക്കൊണ്ടു പറയിപ്പിക്കാൻ..".
കേട്ടു തഴമ്പിച്ച വാക്കുകളായതുകൊണ്ടു ശിവൻ മിണ്ടാതെ മുറിയിലേക്ക്  പോയി...

"ചേട്ടാ ചായ"  അഭിരാമി പറഞ്ഞു..ശിവന്റെ  ഒരേ ഒരു പെങ്ങളാണ് അഭിരാമി...ഡിഗ്രി സെക്കൻഡിയർ പഠിക്കുന്നു...
"എത്ര ദിവസം കഴിഞ്ഞാ വരാ"

"ആദ്യം അവിടെ ചെന്ന് നോക്കട്ടെ...കൂട്ടുകാരൻ വഴി ഒരു വീട് ശരിയാക്കിയിട്ടുണ്ട്.. ഒരു ദിവസത്തെ യാത്ര ഉണ്ടന്നാണ് അവൻ പറഞ്ഞത്...അതുകൊണ്ട് എപ്പോഴും വരാൻ പറ്റില്ല...എന്നിരുന്നാലും ആഴ്‌ചയിൽ എങ്കിലും വരാൻ ശ്രമിക്കാം"..

"ഓ..അവളെ കാണാതെ ഉറക്കം വരില്ലല്ലോ...പോകുമ്പോൾ ആ നശിച്ചവളേയും കൊണ്ടു പൊയ്ക്കോ...അപ്പോൾ ഇങ്ങോട്ട് വരേണ്ട ആവിശ്യം ഇല്ലല്ലോ..".അതു കേട്ടു കൊണ്ടു വന്ന ദേവകിയമ്മ  പറഞ്ഞു..

"ഈ അമ്മക്ക് എന്തിന്റെ സൂക്കേടാണ് എപ്പോഴും ചേട്ടന്റെ മെകിട്ടേക്ക് കേറുന്നത്"...അഭിരാമി  അമ്മയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു...

"അതേടി കുറ്റം ഇനിക്കാണല്ലോ.... വയസ്സ് മുപ്പത്തി എട്ടായില്ലേ ഇവന്... ഒരു പെണ്ണ് കെട്ടാൻ എത്ര നാളായി പറയുന്നു...എന്നിട്ട് ഇവൻ കേട്ടോ...ഇല്ലാ...എങ്ങനെ കേൾക്കാനാ...ആ നശിച്ചവൾ കറക്കി എടുത്തേക്കല്ലേ...കിട്ടുന്ന പകുതി പൈസയും ഇവൻ അവിടെയല്ലേ കൊണ്ടു കൊടുക്കുന്നത്...എന്നിട്ട് ഞാൻ പറയുന്നതാ കുറ്റം"....അഭിരാമിയെ ദഹിപ്പിക്കുന്ന നോട്ടം നോക്കി ദേവികിയമ്മ അടുക്കളയിലേക്ക് പോയി..

"ഇതു കേട്ടു ചേട്ടൻ വിഷമിക്കേണ്ട..അമ്മയുടെ  സ്വഭാവം അറിയുന്നതല്ലേ...പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കും...നാളെ കൊണ്ടു പോകുവാനുള്ള സാധനങ്ങൾ എടുത്തു വെയ്ക്കാൻ നോക്ക്.."ശിവൻ കുടിച്ച ചായ ഗ്ലാസുമായി അഭിരാമി മുറിവിട്ടു പോയി...

അച്ഛനുള്ളപ്പോഴും 'അമ്മ ഇങ്ങനെ തന്നെയായിരുന്നു...പണി കഴിഞ്ഞു വന്നാൽ ഉടനെ തന്നെ പൈസ അമ്മയെ ഏൽപ്പിക്കണം .അല്ലങ്കിൽ അച്ഛനു സമാധാനം കൊടുക്കില്ല...കൊടുക്കുന്നതിൽ കുറവ് വന്നാലും അങ്ങനെ തന്നെ...പണി ഇല്ലാത്ത ദിവസങ്ങളിൽ അമ്മയുടെ ശകാരം കേൾക്കാതിരിക്കാൻ വേണ്ടി കാലത്തു മുതൽ വൈകുന്നേരം വരെ ശാപ്പിന്റടുത്തുള്ള  മരത്തണലിൽ ഇരിക്കുന്നത് കാണാം...കള്ളു കുടിക്കാൻ ആഗ്രഹം ഉണ്ടായാലും  കുടിക്കാറില്ലാ..ആരേലും മേടിച്ചു കൊടുത്താൽ പോലും ഒരു തുള്ളി കഴിക്കില്ല...അതും അമ്മയെ  പേടിച്ചു തന്നെ...എത്ര കൊടുത്താലും മതി വരാതെ എപ്പോഴും അച്ഛനെ പഴി പറയുന്ന ഒരു സ്ത്രീ ആയിരുന്നു 'അമ്മ...ഇപ്പോഴും അങ്ങിനെ തന്ന..ഒരു വിത്യാസം അച്ഛന് പകരം ഇപ്പോൾ ഞാൻ...

അസുഖം വന്നു ആശുപത്രി കിടക്കയിൽ വെച്ചാണ് അച്ഛൻ തന്നോട് ഒരുപാട് സംസാരിക്കുന്നത്...മരണത്തെ അച്ഛൻ കണ്ടിട്ടുണ്ടാകണം ..

"മോനെ ശിവാ.."

എന്താച്ചാ..

"അച്ഛനൊരു കാര്യം പറഞ്ഞാൽ മോന് അച്ചനോട് ദേഷ്യം തോന്നോ.".

അച്ഛന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..ആദ്യമായാണ് അച്ഛൻ കരയുന്നത് കണ്ടത്....തന്റെ കയ്യിൽ അമർത്തി പിടിച്ചുകൊണ്ടാണ് അച്ഛനത് പറഞ്ഞത്....

"നിങ്ങളുടെ അമ്മയെ എനിക്ക് പേടിയാ...അതുകൊണ്ടാണ് ഇത്രയും നാളും ആരോടും പറയാതെ ഉള്ളിൽ അടക്കിപ്പിടിച്ചുകൊണ്ടു നടന്നത്" ..

"മോനെ."..അച്ഛൻ യാചന പോലെ വിളിച്ചു...

"ജാനകി ..അവൾ അച്ഛനില്ലാത്തവൾ അല്ല...അവൾ നിന്റെ കൂടെപ്പിറപ്പാ..അവളുടെ അമ്മ ലക്ഷ്മി പാവമായിരുന്നു.അവളെ നീ നോക്കിക്കോണം "ഒരു തീയാണ് അച്ഛൻ എന്റെ നെഞ്ചിലേക്ക് ചൊരിഞ്ഞത്...അതായിരുന്നു അച്ഛൻ അവസാനമായി പറഞ്ഞതും...

അന്നു മുതൽ ജാനകി തന്റെ കൂടെപ്പിറപ്പ് തന്നെയാണ്... ആരോടും ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല....ആ തീ എന്റെ നെഞ്ചിൽ തന്നെ കത്തട്ടെ...
                 **************

പെട്ടിയും ബാഗുമെടുത്തു ശിവൻ പോകുവാനായി ഇറങ്ങി.. അഭിരാമിയെ അടുത്തു വിളിച്ചു നെറുകയിൽ ചുംബിച്ചു... അമ്മ ചാരു കസേരയിൽ ഇരിക്കുണ്ടായിരുന്നു... അടുത്തു ചെന്നു കാൽ തൊട്ടു വന്ദിച്ചു.... അച്ഛന്റെ ഫോട്ടോയിൽ മുന്നിൽ നിന്നും ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു....

"നേരെ അങ്ങോട്ട് തന്നെ അല്ലേ പോകുന്നത് അതോ ഇനി നശിച്ചവളുടെ വീട്ടിലോട്ടും കേറുന്നുണ്ടോ .".. ദേവികിയമ്മയുടെ വാക്കുകൾ ശിവന്റെ കാതിൽ പതിഞ്ഞു...

ഒരുപാട് പ്രാവിശ്യം ആലോചിച്ചു അമ്മയോട് പറയാൻ...മനസ്സ് സമ്മതിച്ചില്ല...ഇനി പറയാതിരുന്നാൽ പറ്റില്ല... അല്ലങ്കിൽ അമ്മയുടെ വായിൽ നശിച്ചവൾ എന്ന വാക്ക് എപ്പോഴും വന്നുകൊണ്ടിരിക്കും...സ്വന്തം കൂടപ്പിറപ്പിനെ  അങ്ങനെ പറയുമ്പോഴുള്ള വേദന..പറഞ്ഞറിയിക്കാൻ കഴിയില്ല...അച്ഛന്റെ ഫോട്ടോയിലേക്ക് കുറച്ചു നേരം നോക്കി നിന്നുകൊണ്ട് ശിവൻ അമ്മയുടെ  മുഖത്തേക്ക് നോക്കി...

"അമ്മേ ആ  നശിച്ചവൾ ഈ ഫോട്ടോയിലിരിക്കുന്ന ഈ  മനുഷ്യന്റെ മകളാണ്..നശിച്ചവൾ എന്നു 'അമ്മ നാഴികക്ക് നാല്പതു വട്ടം പറയുമ്പോൾ വേദനിക്കുന്നത് എനിക്ക് മാത്രമല്ല അച്ഛന്റെ ആത്മാവിനും കൂടിയാണ്...പറയണമെന്ന് ഞാൻ ആഗ്രഹിച്ചതല്ല...പക്ഷെ ഇനി പറയാതിരുന്നാൽ 'അമ്മ വാക്കുകൾകൊണ്ടു അവളെ കൊല്ലും....  ദ്രോഹിക്കരുത് അവളെ ഞാൻ നോക്കിക്കോളം ....അതു ഞാൻ അച്ഛനു കൊടുത്ത വാക്കാണ് "ശിവൻ അമ്മയുടെ  മുൻപിൽ കൈകൂപ്പി ...

ശിവന്റെ വാക്കുകൾ കേട്ടു ദേവകിയമ്മ തരിച്ചു നിന്നു...തിരിച്ചു പറയാൻ വാക്കുകൾ കിട്ടാത്ത പോലെ..
               *****************

കാലത്തു മുറ്റമടിക്കുകയായിരുന്ന ജാനകി അകലെ വരമ്പിലോടെ വരുന്ന ആളെ കണ്ടു പേടിച്ചു..ശിവേട്ടന്റെ അമ്മ.. എവിടെ വെച്ചു കണ്ടാലും ശിവേട്ടന്റെ കാര്യം പറഞ്ഞു തന്നെ ശപിച്ചു കൊണ്ടു ചീത്ത പറയുന്നവർ..അവരുടെ വക്കിൽ പറഞ്ഞാൽ നശിച്ചവൾ എന്നല്ലാതെ തന്നെ വിളിച്ചട്ടില്ല ...അവളുടെ പേടിയെ ആസ്ഥാനത്താക്കി വന്നപാടെ അവർ അവളെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു..അതുകണ്ട് ജാനകി അത്ഭുതപ്പെട്ടു..

മോളമ്മയോടു ക്ഷമിക്കണം...അറിയാതെ ഒരുപാട് ശപിച്ചിട്ടുണ്ട്... ശിവനും അവന്റെ അച്ഛനും പാവങ്ങളാ .. അവരുടെ മനസ്സ് കാണാൻ എനിക്ക് കണ്ണുണ്ടായില്ല...മോൾക്കിനി ഈ അമ്മയുണ്ട്...അവർ അവളുടെ മുഖത്തു ചുണ്ടമർത്തി....

ജാനകിയുടെ കണ്ണുകളും നിറഞ്ഞു.അതു സന്തോഷം കൊണ്ടായിരുന്നു ..അവൾ ഒന്നും മനസ്സിലാകാതെ അവരെ നോക്കി ..എന്നിരുന്നാലും ഒരുപാട് സന്തോഷം തോന്നി ...ഒറ്റക്ക് കഴിയുന്ന തനിക്ക് ആരൊക്കെയോ ഉണ്ടന്നുള്ള ഒരു തോന്നൽ ...അവൾ ദേവകിയമ്മയുടെ തോളിൽ തല ചായ്ച്ചു....
To Top