മനസ്സു തുറന്നതിനാൽ ആദ്യരാത്രിയിൽ വിശേഷങ്ങൾ പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു....

Valappottukal


രചന: ശ്രാവണ

""""""നമുക്കൊരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ പിരിയുന്നതല്ലേ രേവൂ നല്ലത്"'""""

"ശരിയാണ് നന്ദേട്ടാ ഇങ്ങനെ ജീവിക്കുന്നതിൽ ഭേദം പിരിയുന്നതു തന്നെയാണ് നല്ലത്"

നെഞ്ചുപൊടിയുന്ന വേദനയിലും രേവൂ സമ്മതിച്ചു. നന്ദൻ മിഴികളുയർത്തി രേവൂനെയൊന്നു നോക്കി.അവളുടെ മിഴികളിൽ ഒരുസാഗരം അലയടിക്കുന്നതായി നന്ദനു തോന്നി.നാലുമിഴികൾ തമ്മിലിടഞ്ഞപ്പോൾ ഇരുവരും നോട്ടം പിൻ വലിച്ചു.

രാത്രി വളരെയേറെ ആയിരിക്കുന്നു.കുറച്ചു ദിവസമായി രണ്ടുപേരും കൂടി ഇതിനെ കുറിച്ചുള്ള ചർച്ച തുടങ്ങിയിട്ട്.എല്ലാ ദിവസവും ഒരു തീരുമാനത്തിൽ എത്താൻ കഴിയാതെ വന്നപ്പോൾ ഇന്നാ തീരുമാനം അവരങ്ങു ഉറപ്പിക്കുകയായിരുന്നു.

നന്ദനും രേവയും തമ്മിൽ അറേഞ്ച്ഡ് മാര്യേജായിരുന്നു.ഒരുവിധത്തിൽ പറഞ്ഞാൽ പെണ്ണുകണ്ടശേഷം ഇരുവരും തമ്മിൽ പ്രണയിക്കുകയായിരുന്നും.ദിവസം മൂന്നുനേരവും മുടങ്ങാതെ ഫോൺ വിളികൾ.അതും പോരാഞ്ഞിട്ട് മെസഞ്ചറും വാട്ട്സാപ്പിലും ചാറ്റിങ്ങ്.പരസ്പരം മനസിലാക്കി വിവാഹ ജീവിതം തുടങ്ങാനായിരുന്നു ഇരുവർക്കും താല്പര്യം.

വിവാഹത്തിനു മുമ്പുതന്നെ പരസ്പരം മനസ്സു തുറന്നതിനാൽ ആദ്യരാത്രിയിൽ വിശേഷങ്ങൾ പറയാൻ ഒന്നും തന്നെ ഇല്ലായിരുന്നു.പിന്നീട് സന്തോഷം നിറഞ്ഞ നാളുകളായിരുന്നു ഇരുവരുടെയും ജീവിതത്തിൽ.നല്ലൊരു സുഹൃത്തുക്കളായി തന്നെയവർ ജീവിച്ചു.ഇരട്ടകൾ പിറന്ന് ഒരുവർഷം കഴിഞ്ഞതോടെ ഇരുവരുടെയും ജീവിതത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടി.പതിയെ നന്ദനു രേവൂനോടുളള ആസക്തി കുറഞ്ഞു വന്നു.അതെല്ലാം ഒരുവഴക്കിലേക്കുളള യാത്രയായിരുന്നു.

ഇരട്ടകളെ പ്രസവിച്ചതോടെ ഭാര്യയുടെ സൗന്ദര്യം കുറഞ്ഞുവെന്ന് നന്ദനു തോന്നി തുടങ്ങി. മക്കൾ പാലുകുടിക്കുന്നതിനാൽ അവളുടെ മാറിടങ്ങൾ ഇടിഞ്ഞുതൂങ്ങിയെന്നു ബന്ധപ്പെടുമ്പോൾ പഴയ സംതൃപ്തി ലഭിക്കുന്നില്ലെന്നുമായിരുന്നു നന്ദന്റെ മറ്റൊരു പരാതി.

തന്നിലുളള മാറ്റങ്ങൾക്ക് കാരണം നന്ദൻ തന്നെയാണെന്നും മറ്റൊരാളല്ലെന്നും രേവുവും തിരിച്ചടിച്ചതോടെ ഉരുണ്ടു കൂടിയ കാർമേഘം അവർക്കിടയിൽ പെയ്തു തുടങ്ങി.

രേവൂനോടുളള വാശിയിൽ നന്ദൻ ഫെയ്സ്ബുക്ക് ചാറ്റിലൂടെ ചില സ്ത്രീകളുമായി അതിരുകവിഞ്ഞ സൗഹൃദം സ്ഥാപിച്ചു. നന്ദന്റെ ചാറ്റ്ബോക്സ് കാണാനിടയായ രേവുവും മെസഞ്ചറിൽ പുരുഷ സുഹൃത്തുക്കളുമായി സൗഹൃദത്തിലായി.ഭാര്യയിൽ നിന്നും ലഭിക്കാത്ത പരിഗണന മറ്റ് സ്ത്രീകൾ നൽകിയപ്പോൾ നന്ദൻ രേവുവിൽ നിന്നും ഒരുപാട് അകന്നു.അപ്പോഴേക്കും രേവുവും ഒരുപാട് മാറി കഴിഞ്ഞിരുന്നു.

ഇൻബോക്സിലെ കാമുകൻ അവന്റെ കൂടെ ഇറങ്ങി ചെന്നാൽ സ്വീകരിക്കാമെന്നുളള വാഗ്ദാനം നൽകി.കുട്ടികളെ കൂടെ കൂട്ടാൻ പറ്റില്ലെന്നൊരു ഡിമാന്റ് കാമുകൻ വെച്ചു. മക്കളെ പിരിഞ്ഞൊരു ജീവിതം രേവുവിനു ചിന്തിക്കാൻ കഴിഞ്ഞിരുന്നില്ല.

പരസ്ത്രീഗമനം തന്റെ ധനനഷ്ടത്തിനും മാനഹാനിക്കും കാരണമായെന്ന് നന്ദൻ തിരിച്ചറിയുമ്പഴേക്കും ഉളളതെല്ലാം നഷ്ടപ്പെട്ടിരുന്നു.ഇരുവരും കാര്യങ്ങൾ തുറന്നു പറഞ്ഞു വിവാഹമോചനം നേടാൻ ധാരണയായി.

പിറ്റേദിവസം ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുമ്പോൾ ഇരുവരുടെയും കൈകൾ വിറച്ചുവെങ്കിലും തീരുമാനത്തിൽ ഉറച്ചു നിന്നു.കൗൺസിലിംഗിലും കോടതിയിലും ഒരേ അഭിപ്രായം ആയതിനാൽ വിവാഹമോചനം അനുവദിച്ചു കിട്ടി.

അന്നത്തെ ദിവസം ഇരുവർക്കും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.അകന്നു താമസിച്ചപ്പോഴാണ് തങ്ങളിരുവരും ഒരുപാട് സ്നേഹഹിച്ചിരുന്നൂന്ന് നന്ദനും രേവൂനും പതിയെ മനസിലായി തുടങ്ങി. ഒരാഴ്ച പിന്നിട്ടപ്പോഴേക്കും നന്ദൻ രേവൂനെ തേടി അവളുടെ വീട്ടിലെത്തുമ്പോൾ അവൾ ഒരുങ്ങി നിൽക്കുകയായിരുന്നു.നന്ദനെ കണ്ടതേ പൊട്ടിക്കരഞ്ഞു കൊണ്ടവൾ അവനിലേക്ക് അമർന്നു.

"കഴിയില്ല നന്ദേട്ടാ മറക്കാനൊരിക്കലും എനിക്കു കഴിയില്ല. വെറുക്കുവാൻ ശ്രമിക്കുമ്പോഴും നന്ദേട്ടന്റെ രൂപം മനസിൽ കൂടുതൽ തെളിയുന്നു"

"എന്റെയും അവസ്ഥയും ഇങ്ങനെ തന്നാ രേവൂട്ടി.നമ്മുടെ മക്കൾക്കായി..നമുക്കായി ഇനിയെങ്കിലും ഒരുമിച്ച് ജീവിച്ചു കൂടെ"

നന്ദൻ താനൊരു പുരുഷനാണെന്ന് മറന്ന് പൊട്ടിക്കരഞ്ഞു

"കരയല്ലേ നന്ദേട്ടാ..നന്ദേട്ടൻ കരഞ്ഞാൽ രേവൂട്ടിയുടെ ഹൃദയം തകർന്നു പോകും"

രേവൂട്ടിയും മുളചീന്തും പോലെ നിലവിളിക്കാൻ തുടങ്ങി.

"എന്നോട് ക്ഷമിക്കൂ രേവൂ.ഞാൻ തെറ്റ് ചെയ്തവനാണു"

"ഞാനും തെറ്റുകാരിയാണു നന്ദേട്ടാ.ഭർത്താവ് ഭര്യയെ മറന്നാലും ഭാര്യ മറക്കാൻ പാടില്ലായിരുന്നു അവളുടെ കുടുംബത്തെ"

പിന്നെയും പരാതിയും പരിഭവും മറന്ന് അവർ കരഞ്ഞു കൊണ്ടിരുന്നു.

"മതി കരഞ്ഞത് നിർത്ത്"

രേവൂന്റെ അമ്മയുടെ ശബ്ദം അവരെ ഉണർത്തി.

"മക്കളെ തെറ്റുകൾ പറ്റാത്തവർ ആരുമില്ല.അത് തിരുത്താൻ കഴിയുമ്പോഴാണു മനുഷ്യരാകുന്നത്.നിന്നെ കാണാനായി വരാൻ ഇവൾ ഒരുങ്ങി ഇറങ്ങുമ്പഴാ മോൻ വന്നത്"

ശരിയോണോന്ന ഭാവത്തിൽ നന്ദൻ രേവുവിനെ നോക്കിയപ്പോൾ അതേയെന്ന അർത്ഥത്തിൽ അവൾ തലകുലുക്കി

"നമ്മുടെ മക്കളെവിടെ രേവൂട്ടി"

"അകത്തുണ്ട് നന്ദേട്ടൻ വാ"

നന്ദന്റെ കയ്യും പിടിച്ചു രേവൂട്ടി അകത്തേക്കു കയറുമ്പോൾ രേവുവിന്റെയമ്മ നിറഞ്ഞൊഴുകിയ മിഴികൾ തുടക്കുകയായിരുന്നു.

സന്തോഷത്താൽ

"കൈവിട്ട് പോയെന്നു കരുതിയ മകളുടെ ജീവിതം തിരിച്ചു കിട്ടിയതിൽ"

    (അവസാനിച്ചു)


പ്രിയ കൂട്ടുകാരേ, ചെറുകഥകൾ എഴുതുന്ന ആളാണോ നിങ്ങൾ, അല്ലെങ്കിൽ എഴുതാൻ താൽപ്പര്യം ഉണ്ടോ, നിങ്ങളുടെ കഥകൾ ഈ പേജിലൂടെ ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാം, കൂടാതെ മികച്ച റീച്ച് കിട്ടുന്ന കഥകൾക്ക് പണവും സമ്പാദിക്കാം... കൂടുതൽ വിവരങ്ങൾക്ക് പേജിലേക്ക് മെസേജ് അയക്കുക...
To Top