നീയും ഞാനും, പാർട്ട്‌ 6 ( അവസാനഭാഗം )

Valappottukal


രചന: ജിംസി

ചേച്ചി..... ഇതാരാണെന്നു മനസ്സിലായോ?
അനു പ്രണവിനെ നോക്കി അത് പറഞ്ഞപ്പോൾ അതുല്യ അവനെ കുറച്ച് നിമിഷം ഒന്ന് നോക്കി.....

അവൻ അവളുടെ ഓരോ വാക്കിനായി കാതോർത്തു....

തീർത്തും അപരിചിതൻ എന്ന മട്ടിലുള്ള അവളുടെ നോട്ടം അവനെ ചെറിയ ആശങ്കയിലാഴ്ത്തി......
എടോ.... താൻ എന്താ ഇങ്ങനെ നോക്കുന്നെ....?

അവളുടെ തന്റെ നേർക്കുള്ള നോട്ടം കണ്ടിട്ടെന്നോണം അവൻ ചോദിച്ചപ്പോൾ അവൾ അനുവിന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി...

ആരാ... അനു ഇത്?
പതുക്കെയാണ്  അവൾ ചോദിച്ചത് എങ്കിലും അവൻ നന്നായി വ്യക്തമായി കേട്ടിരുന്നു....
ചേച്ചിക്ക് മനസിലായില്ലേ? ചേച്ചിയെ പെണ്ണുകാണാൻ വന്ന ചേട്ടനാ ഇത്..

നിങ്ങൾക്ക് അന്ന് പരസ്പരം ഇഷ്ടവും ആയി... ഈ ചേട്ടന്റെ വീട്ടുകാർ വന്നു കാണാൻ ഇരിക്കുകയായിരുന്നല്ലോ...ചേച്ചി ഒന്നോർത്തു നോക്കിക്കേ.....

അനു ഓരോന്ന് ഓര്മിപ്പിക്കാൻ ശ്രമിച്ചപ്പോൾ അതുല്യയുടെ മുഖം പെട്ടെന്ന് മാറി ഒരു ചിരി വിടർന്നു....

ദേ... അനു എന്നെ പറ്റിക്കാതെ..... ഇതാരാ നിന്റെ ഫ്രണ്ട് വെല്ലോം ആണോ... എന്നെ ഇങ്ങനെ പറ്റിക്കുന്നത് കഷ്ടം ഉണ്ട്...
അങ്ങനെ ഒന്നും നിങ്ങളുടെ ആക്ടിൽ ഞാൻ വീഴുലാട്ടോ...
അനുവും പ്രണവും അവളുടെ ഓരോ വാക്കുകൾ കേട്ടു പരസ്പരം മുഖത്തോട് മുഖം നോക്കി.....

താൻ ഞങ്ങളെ പറ്റിക്കുവാണോ?
പ്രണവ് വീണ്ടും ചോദിച്ചു..
സത്യമായിട്ടും അല്ല.. എനിക്ക് ഇങ്ങനെയൊരു മുഖം ഓർമയില്ല... നിങ്ങൾ എന്നെ പെണ്ണുകാണാൻ വന്നെന്നും ഇഷ്ടപ്പെട്ടന്നും ഒക്കെ പറയുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല...

അവൾ ആലോചിച്ചു നോക്കുംതോറും അവൾക്ക് തലക്കകത്തു ഒരു പെരുപ്പ് കയറി കൊണ്ടിരുന്നു... 

വേണ്ട... കൂടുതൽ സ്‌ട്രെയിൻ ചെയ്യണ്ട... ഞങ്ങൾ പറ്റിച്ചത് തന്നെയാ .....പ്രണവ് പറയുന്നത് കേട്ട് അനു അവനെ ദയനീയതയോടെ നോക്കി...

എന്താ... ഇങ്ങനെ പറയുന്നത്...? ചേച്ചി എല്ലാം ഓർമിക്കാൻ നോക്കുമ്പോൾ? അനു പതിയെ അവന്റെയടുത്തേക്ക് ചേർന്ന് നിന്ന്  പതിയെ ചോദിച്ചു...

കൂടുതൽ സ്‌ട്രെയിൻ ചെയ്താൽ അത് പ്രോബ്ലം ആവും. അനന്യ..... തല്ക്കാലം ഞാൻ തന്റെ ഫ്രണ്ട് എന്ന രീതിയിൽ ഇരിക്കട്ടെ... പതിയെ  അവളുടെ ഓർമയിലേക്ക്  എന്റെ മുഖം കൊണ്ട് വരും....

എന്താ രണ്ടാളും കൂടി ഒരു രഹസ്യം?
അവൾ പതിയെ ഒന്ന് നിവർന്നിരുന്നു ചോദിച്ചു...

ഏയ്‌ ഒന്നുല്ല ചേച്ചി... ചേച്ചിക്ക് കഴിക്കാൻ ഫുഡ് വാങ്ങിക്കേണ്ട കാര്യം പറയാരുന്നു...
അല്ലേ?  അതേ എന്നർത്ഥത്തിൽ പ്രണവ് തലയാട്ടി.. 

എന്നാലും എന്റെ അശ്രദ്ധ കൊണ്ടാ ആ വണ്ടി ഇടിച്ചത്... ഈശ്വരാ ഇനി റസ്റ്റ്‌ ഒക്കെ കഴിഞ്ഞ് എപ്പോഴാ എനിക്കൊന്ന് ജോലിക്ക് പോവാൻ ആവാ...?

ഇപ്പൊ ഒന്നും ആലോചിച്ചു വിഷമിക്കല്ലേ ചേച്ചി... നമ്മുടെ സമയം ശരിയല്ല എന്ന് വിചാരിച്ചാൽ മതി....
അവൾ ഓരോന്ന് ആലോചിച്ചു വിഷമിക്കുന്നതിനു ഇടയിൽ അനു ആശ്വസിപ്പിച്ചു...

ഞാൻ കഴിക്കാൻ എന്തേലും വാങ്ങിയിട്ട് വരാം...
അനു തലയാട്ടി കൊണ്ട് മൂളി... 
അവൻ മുറിക്ക് പുറത്തിറങ്ങിയതോടെ അതുല്യ അനു......എന്ന് വിളിച്ചു അവളുടെ അടുത്തിരിക്കാൻ പറഞ്ഞു..

എന്തെ ചേച്ചി.... വേദനിക്കുന്നുണ്ടോ?

ഇല്ല.... ഇപ്പൊ പോയ നിന്റെ ഫ്രണ്ട്നെ ഞാൻ ആദ്യമായിട്ടാണല്ലോ കാണുന്നെ... നിന്റെ ഫ്രണ്ട്സിനെ ഒക്കെ കോളേജിൽ വന്നപ്പോഴൊക്കെ കണ്ടിട്ട് അറിയാം..പക്ഷേ ആ പോയ ആളെ ഞാൻ കണ്ടിട്ടില്ലല്ലോ?

അത്... പിന്നെ... ചേച്ചി...ആള് അതിനു എന്റെ കോളേജിൽ അല്ലല്ലോ...ആളെ കണ്ടാൽ അധികം പ്രായം തോന്നില്ല എന്നേയുള്ളു... ചേച്ചിയെക്കാൾ മൂത്തതാണ്....

അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു..

അപ്പൊ പിന്നെ... എങ്ങനെ നിങ്ങൾ ഫ്രണ്ട്‌സ് ആയി... ഇത്ര കാര്യം ആയിട്ടൊക്കെ ഇവിടെ നമുക്ക് കൂട്ട് നിൽക്കാൻ മാത്രം എങ്ങനെ അടുപ്പം വന്നു?

അനുവിന് എന്ത് പറയണം എന്നറിയാതെ പരുങ്ങി പോയിരുന്നു...

എന്താ നീ ഒന്നും പറയാത്തെ....? 

ചേച്ചി... അത്... ആഹ്.... ആള് ഒരു വർക്ക്‌ ഷോപ്പ് നടത്തുന്നുണ്ട്... എന്റെ വണ്ടി കംപ്ലയിന്റ് വരുമ്പോ അവിടെയാ കാണിക്കാറ്... അങ്ങനെ സംസാരിച്ചു ഫ്രണ്ട്‌സ് ആയി... മാത്രവുമല്ല ചേച്ചിയെ ഹോസ്പിറ്റലിൽ എത്തിച്ചത് ഈ പ്രണവ് ചേട്ടനും കൂട്ടുകാരനും കൂടിയാ... 

പിന്നെ നമ്മുടെ അച്ചുവിന് നാളെ ക്ലാസ്സിൽ പോണൊണ്ട് അച്ഛനെ ഞാൻ വീട്ടിലേക്ക് അയച്ചു... ഞാൻ ഒറ്റക്ക് നിൽക്കണ്ടന്ന് വെച്ചിട്ടാ ഒരു കൂട്ടായിക്കോട്ടെ എന്ന് പറഞ്ഞ് ആള് ഇവിടെ ഇന്ന് നിന്നത്....

മ്മ്... അവൾ മറുപടി എന്നോണം മൂളി..
എന്താ.. വേദന ഒക്കെ കുറഞ്ഞോ?

ഡ്യൂട്ടി നേഴ്സ് റൂമിലേക്ക് വന്നു ചോദിച്ചു...

ഉവ്വ് സിസ്റ്റർ... കുറവുണ്ട്...

ആഹ്... ഓക്കേ... താൻ ഫുഡ് കഴിച്ചോ?

ഇല്ല സിസ്റ്റർ.. വാങ്ങിക്കാൻ പോയിട്ടുണ്ട്...
അനുവാണ് മറുപടി കൊടുത്തത്.. 

മ്മ്.. ഓക്കേ... ഫുഡ് കഴിച്ചു കഴിഞ്ഞാൽ രണ്ട് ടാബ്‌ലെറ്റ് ഉണ്ട് കഴിക്കാൻ... ഇവിടെ വെച്ചേക്കാം കേട്ടോ...

ഓക്കേ സിസ്റ്റർ...
അതുല്യ മറുപടി നൽകി.. അപ്പോഴേക്കും പ്രണവ് ഫുഡ് വാങ്ങി വന്നിരുന്നു...നേഴ്സ് പുറത്തേക്കും പോയി..

ആ വന്നോ...?

അനു കസേരയിൽ നിന്നും എണീറ്റു അവന്റെ കയ്യിലുള്ള ഫുഡിന്റെ കവർ വാങ്ങി...

നന്നായി ഫുഡ് കഴിക്കണം... എങ്കിലേ ഹെൽത്ത്‌ പഴയപോലെ ഓക്കേ ആവു.....
പ്രണവ് അതുല്യയെ നോക്കി പറയുന്നത് അവൾ ഒന്നു മൂളി കേൾക്കുക മാത്രം ചെയ്തു...

ഞാൻ കുറച്ച് കഴിഞ്ഞ് കഴിക്കാം... നിങ്ങൾ കഴിക്ക്....
അനു ഫുഡ് പകർത്തുന്നത് കണ്ടിട്ടാണ് അവൾ പറഞ്ഞത്   .....

ഏയ്‌... ഫുഡ് കഴിച്ചിട്ട് മരുന്ന് കഴിക്കാനുള്ളതല്ലേ? ചേച്ചി കഴിച്ചിട്ട് ഞങ്ങൾ കഴിച്ചോളാം....
അവൾ ആദ്യം ഒന്നു മടിച്ചെങ്കിലും  കഴിക്കാം എന്നേറ്റു...
അതുല്യയുടെ കയ്യിൽ ബാൻടേജ് ഉള്ളോണ്ട് അനുവാണ് അവൾക്ക് ഫുഡെല്ലാം കൊടുത്തത്...

പ്രണവ് അതുല്യയെ തന്നെ നോക്കിയിരിക്കുകയായിരുന്നു....അടുത്ത് ഇരുന്ന് ഫുഡ് കൊടുക്കാനും മരുന്ന് എടുത്തു കൊടുക്കാനും ഒക്കെ തനിക്ക് താൽപ്പര്യം ഉണ്ടെങ്കിൽ കൂടി സാഹചര്യം അതിനു വിപരീതമാണ്...

അനിയത്തിയുടെ സുഹൃത്ത് എന്ന അതിർ വരമ്പിൽ നിൽക്കുന്നത് കൊണ്ട് തന്നെ അവൾക്ക് മുമ്പിൽ താൻ കുറച്ച് അകലത്തിൽ തന്നെയാണ്...

അവളോട് കൂടുതൽ അടുക്കാൻ പറ്റിയ ഈ നിമിഷമത്രയും കൂടുതൽ അകന്ന് നിൽക്കാനാണ് വിധി....
ഇനി ഓർമ്മകൾ അവളിൽ മടങ്ങി വന്നില്ല എങ്കിൽ തനിക്ക് ഒരു കല്ല്യാണം ഈ ജീവിതത്തിൽ വിധിച്ചിട്ടില്ല എന്ന് വേണം കരുതാൻ....

എത്രയേറെ പെണ്ണുകാണലിനു ഒടുവിലാണ് ഇവളെ തനിക്ക് വധുവായി കിട്ടും എന്ന് താൻ കൊതിച്ചത്  ....... ഒരുപക്ഷെ ഇതെല്ലാം തന്റെ പാഴ്ചിന്തകൾ ആണോ? ഇല്ല... ഡോക്ടർ പറഞ്ഞത് എന്തെങ്കിലും മറന്നാൽ തന്നെ കുറച്ചു ആഴ്ചകളും മാസങ്ങളും കഴിയുമ്പോൾ റിക്കവർ ആകും എന്നല്ലേ..?

താൻ കാത്തിരിക്കും.... ഇത്രയേറെ താൻ കാത്തിരിക്കുകയായിരുന്നല്ലോ ഒരു പെണ്ണിന് വേണ്ടി.... ഇനിയും കുറച്ചു കാത്തിരിക്കണം എന്നാകാം ദൈവനിശ്ചയം.....ഇനി ഓർമ വന്നില്ല എങ്കിലും വീണ്ടും ഒരു പെണ്ണുകാണൽ നടത്തണം എന്നേയുള്ളു....

ഞാൻ കഴിച്ചു... ഇനി നിങ്ങൾ കഴിക്ക്.....
അതുല്യ അനുവിനെയും പ്രണവിനെയും നോക്കിയാണ് പറഞ്ഞത്...
പ്രണവ് പെട്ടെന്ന് അവന്റെ ചിന്തയിൽ നിന്നും ഉണർന്നിരുന്നു...

അനു പ്രണവിനും അവൾക്കും ഉള്ളത് പകർത്തി...രണ്ടു പേരും കഴിച്ചു... മരുന്ന് കഴിച്ചു അല്പം പിന്നിട്ടപ്പോൾ അതുല്യക്കു ഉറക്കം വന്ന് കണ്ണുകൾ അടഞ്ഞു പോയിരുന്നു....

ഫുഡ് കഴിച്ചു അനു അതുല്യക്ക് അപ്പുറത്തായി ബെഡിൽ ഒരിടത്തു ഇരുന്നു..

ഉറങ്ങിക്കിടന്ന അതുല്യയുടെ അടുത്തേക്ക് വന്ന് പ്രണവ് അവളെ സ്നേഹത്തോടെ നോക്കി... അവളുടെ നെറ്റിയിലേക്ക് വീണുപോയിരുന്ന നീളൻ മുടിയിഴകൾ ചെവിക്കു പിന്നിലേക്ക് ഒതുക്കി അവൻ മൃദുവായി അവളുടെ തലയിൽ ഒന്ന് തലോടി നിഷ്കളങ്കമായി ഒന്ന് ചിരിച്ചു...

എല്ലാം അനു നോക്കി കാണുകയായിരുന്നു....
സ്വന്തമാക്കും മുന്പേ ഒരാളെ ഇങ്ങനെ പ്രണയിക്കാൻ ആകുമോ? പ്രേമത്തോടെ ഇങ്ങനെ കണ്ണുകളിലേക്ക് നോക്കാൻ ആവുമോ? അവൾ അവളോട് തന്നെ ചോദിച്ചു...

ഉറങ്ങിക്കിടന്ന ചേച്ചിയുടെ അടുത്തു, ബെഡിനോട് ചേർന്നിരുന്നു അവൻ അവളെ തന്നെ നോക്കി അൽപ്പ നേരം നോക്കി ഇരുന്നു...

എന്താ ഇങ്ങനെ ചേച്ചിയെ നോക്കുന്നെ...?

എന്തോ ആലോചനയിൽ മുഴുകി ഇരിക്കുകയാണ് അവൻ എന്ന് അവൾക്ക് തോന്നിയതിനാൽ ആവണം അവൾക്ക് അങ്ങനെ ചോദിക്കാൻ തോന്നിയത്....

ഏയ്‌... ഒന്നുല്ലടോ...
അത്രമാത്രം പറഞ്ഞ് അവൻ മുറിക്ക് പുറത്തു ഉണ്ടാകും എന്ന് പറഞ്ഞ് അവിടെ നിന്നും പോയി....

വരാന്തയിൽ ബെഞ്ചിലേക്ക് ചാരി ഇരുന്ന് അവൻ രാജീവനെ കോൾ ചെയ്തു...
കുറച്ചു റിങ് ചെയ്തതിനു ശേഷമാണു അവൻ എടുത്തത്....

എന്താടാ... വിളിച്ചേ? എന്റെ ഉറക്കം കളയാൻ...

നീ.. ഉറങ്ങിയായിരുന്നോ രാജപ്പാ...
പ്രണവ് സ്നേഹത്തോടെ വിളിച്ചു..

ദേ.. നിന്റെ വീട്ടുകാർ വിളിക്കുന്നതും പോരാഞ്ഞിട്ടാണോ നിന്റെ വക ഈ പേര് കൂടി... നല്ല അന്തസ്സായി വിളിക്കാൻ പറ്റിയ പേരുണ്ട് എനിക്ക്... രാജീവൻ... അങ്ങനെ വിളി....

അവന്റെ അമർഷം നന്നേ ഉയർന്നിരുന്നു...

ടാ.. രാജീവാ... അതാണോ ഇവിടുത്തെ പ്രശ്നം? ഞാൻ വിളിച്ചത്  എന്റെ ഒരു വിഷമം നിന്നോട് പങ്കുവെക്കാനാടാ....

ഓഹ്... പറ.. എന്റെ ചങ്ങാതി... എന്തോ പെറ്റി... വേഗം പറയണം... എനിക്ക് വേഗം ഉറങ്ങണം... 
രാജീവൻ തിടുക്കം കൂട്ടി...

ഓഹ്... നേരത്തെ കിടന്നിട്ട് ഇപ്പൊ എന്തിനാ... പുലർച്ചെ എണിറ്റു പണിക്ക് പോകാനൊന്നും അല്ലലോ.....

നീ പറയുന്നുണ്ടോ...അതോ ഞാൻ ഫോൺ വെക്കണോ?

ഏയ്‌.... വെക്കല്ലേ രാജീവാ.... പ്രശ്നം എന്താന്ന് വെച്ചാൽ അതുല്യക്ക് ബോധം തെളിഞ്ഞു.... അവൾക്ക് ആണേൽ എന്നെ ഒഴിച്ച് എല്ലാരേം ഓർമ ഉണ്ട്....
പ്രണവ് സങ്കടത്തോടെ പറഞ്ഞു...

അത് എന്താ... അപ്പൊ അങ്ങനെ...?
അവൻ കാര്യം മനസ്സിലാകാത്ത മട്ടിൽ ചോദിച്ചു....

എടാ... അവൾക്ക് ഏക്‌സിഡന്റ് പറ്റിയപ്പോൾ ചെറിയൊരു ഹെഡ് ഇൻഞ്ചുറി വന്നല്ലോ... അതിൽ അവളുടെ ഓർമയുടെ ചെറിയ ഭാഗം നഷ്ടപ്പെട്ടു എന്നാണ് പറയുന്നത്...ഏ ക്സിഡന്റ് ഷോക്ക് കൊണ്ടാകാം എന്ന് തോന്നുന്നു... കണ്ണ് തുറന്നപ്പോൾ അവൾക്ക് എന്റെ മുഖം പോലും ഓർമയില്ല....

മറുഭാഗത്ത് രാജീവൻ പൊട്ടി ചിരിക്കുകയായിരുന്നു.....

എന്തിനാടാ കിടന്നു കിണിക്കുന്നേ? പ്രണവ് അൽപ്പം ചൂടിൽ പറഞ്ഞു 

അല്ല....നിന്റെയൊരു അവസ്ഥ ആലോചിച്ചു ചിരിച്ചതാ....കുറെ പെണ്ണുകണ്ടു ചെരുപ്പ് തേഞ്ഞു അവസാനം ഒരെണ്ണം അങ്ങ് സെറ്റ് ആയപ്പോൾ ദേ ഇപ്പൊ ഇങ്ങനെയും ആയി...
 നീ.. പേടിക്കണ്ട.... വീണ്ടും ഒരിക്കൽ കൂടി പെണ്ണുകാണാൻ പോയി കല്ല്യാണം നടത്താമെന്നേ.....

മ്മ്..... അവൻ ഒന്ന് മൂളി... ആ ചാരു ബെഞ്ചിൽ കിടന്നു....

ഹലോ.... ഇവിടെ കിടന്നുറങ്ങാൻ പറ്റില്ല.... റൂമിലേക്ക് പോകു....

സെക്യൂരിറ്റി വന്നു അവനെ തട്ടി വിളിച്ചു....

അല്ല... റൂമിൽ പോവാൻ പറ്റില്ല  ...... അവിടെ...

അവൻ  പരതി കൊണ്ട് നിന്നു...

എങ്കിൽ പിന്നെ താൻ വീട്ടിൽ പോടോ.... ഇവിടെ ഇങ്ങനെ വരാന്തയിൽ കിടക്കാൻ സമ്മതിക്കില്ല.....

സെക്യൂരിറ്റിയുടെ പറച്ചിൽ കേട്ട് അവന് ഒന്ന് ചൊറിഞ്ഞു വന്നെങ്കിലും അവൻ ഒന്ന് തലയാട്ടി കൊണ്ട് റൂമിൽ പോകാം എന്ന് പറഞ്ഞു....

റൂം ഡോർ ലോക്ക് ചെയ്തിരിക്കുകയായിരുന്നു... അവൻ പതിയെ ഡോറിൽ രണ്ടു തട്ട് തട്ടി...

അനു വന്ന് വാതിൽ തുറന്നു..

എന്താ....?

അതേ...ഞാൻ റൂമിൽ ഒരിടത്ത് ഒതുങ്ങി കിടന്നോളാം... ഇവിടെ ബെഞ്ചിൽ കിടക്കാൻ ആ സെക്യൂരിറ്റി സമ്മതിക്കുന്നില്ലന്നെ......

മ്മ്.... ശരി.... അനു ഒന്ന് അമർത്തി മൂളി കൊണ്ട് ഡോർ ഫുള്ളായി തുറന്നു...

അതുല്യ നല്ല ഉറക്കത്തിൽ തന്നെയാണ്.... അവൻ ബെഡിൽ മടക്കി വെച്ച ഒരു ബെഡ്ഷീറ്റു തറയിൽ വിരിച്ച് അതിലോട്ടു കിടന്നു....

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ദിവസങ്ങൾ ഒന്നൊന്നായി അടർന്നു വീണു... ഡിസ്ചാർജ് കഴിഞ്ഞ് വീട്ടിലെത്തി...അവൾ പതിയെ സുഖപ്പെട്ട് ജോലിക്ക് എല്ലാം പോയി തുടങ്ങിയിരുന്നു...

നാളെ താൻ വീട്ടുകാരെയും കൂട്ടി അതുല്യയെ കാണാൻ വരുമെന്ന് അറിയിച്ചിരിക്കുകയാണ് പ്രണവ്... അതുല്യ ഒഴികെ എല്ലാവർക്കും അത് അറിയാമായിരുന്നു...
രാവിലെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുമെന്ന് മാത്രമേ അവൾക്ക് അറിവുള്ളു... അത് പ്രണവ് ആണെന്ന് അവൾക്ക് അറിയില്ലായിരുന്നു...

എല്ലാ ഒരുക്കവും കഴിഞ്ഞ് അതുല്യ കണ്ണാടിയിലേക്ക് നോക്കി അങ്ങനെ നിന്നു..

ചേച്ചിയെ കാണാൻ സൂപ്പർ ആയിട്ടുണ്ട്.....ചെക്കനെ വീഴ്ത്തിയത് തന്നെ......
അനു മൊത്തത്തിൽ ഒന്ന് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു...

ഒന്ന് പോ പെണ്ണെ....ചുമ്മാ കളിയാക്കാതെ....

ഞാൻ കളിയാക്കിയതല്ല... എന്റെ ചേച്ചി സുന്ദരി അല്ലേ....?
അനു അവളുടെ താടിയിൽ പിടിത്തമ്മിട്ട് ചോദിച്ചു....
അപ്പോഴാണ് മുറ്റത്തേക്ക് ഒരു കാർ വന്ന് നിന്ന ശബ്ദം കേട്ടത്... 

കുഞ്ഞേച്ചി അവർ എത്തി.... അച്ചു ഓടി മുറിയിലോട്ടു വന്നു...
ആ ശരി.... ശരി.... നീ അങ്ങോട്ട് ചെല്ല്... ചേച്ചി ഇപ്പൊ വരും.....
അനു ഒന്നുകൂടി നോക്കി സാരി ഞൊറികൾ നേരെയാക്കി കൊണ്ട് അതുല്യയെ മുറിയിൽ ഇരുത്തി കൊണ്ട് ചായ പകർത്താൻ അടുക്കളയിലോട്ട് പോയി...

അച്ഛൻ ഉമ്മറത്ത് തന്നെ അവരെ നോക്കി നിൽപ്പുണ്ടായിരുന്നു....

വായോ എല്ലാവരും... അകത്തേക്ക് വാ....

കാറിൽ നിന്നും പ്രണവും അമ്മയും അച്ഛനും അവന്റെ അനിയനും ഇറങ്ങി....

അമ്മ വീടിന്റെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു...

കാണാൻ നല്ല വൃത്തിയും ഐശ്വര്യവും ഒക്കെയുണ്ട്.... പാർവതിയുടെ പഴയൊരു തറവാട്ടു വീടിന്റെ ചായക്കാച്ചൽ പോലെ അമ്മക്ക് തോന്നി....
എല്ലാവരും അകത്തിരുന്നു പരസ്പരം പരിചയപ്പെടലും വിശേഷം ചോദിക്കലിനും ഇടയിലാണ്  മോളെ വിളിച്ചോളൂ എന്ന് പ്രണവിന്റെ അച്ഛൻ പറഞ്ഞത്....

മോളെ.... ചേച്ചിയെ കൂട്ടികൊണ്ട് വാ....

അച്ചുവിനെ നോക്കി സഹദേവൻ പറഞ്ഞു...
അവൾ മുറിയിൽ ചെന്ന് അവളെ വിളിച്ചു കൊണ്ട് വന്നു... അപ്പോഴേക്കും ചായയും പലഹാരവും ഒരു ട്രെയിലാക്കി അനു അതുല്യയുടെ കയ്യിലേക്ക് കൊടുത്തിരുന്നു...

അവൾ അകത്തെ ടീപോയിലേക്ക് ആ ട്രെ വെച്ച് അതിൽ നിന്ന് ഒരു കപ്പ് ചായ എടുത്ത് പ്രണവിന്റെ അച്ഛന് നേരെ നീട്ടി...

ആദ്യം ചെക്കന് തന്നെ കൊടുക്ക് മോളെ....

അവൾ ഒന്ന് ചിരിച്ചു തലയാട്ടികൊണ്ട് പ്രണവിനെ നോക്കിയതും പ്രണവ് ഒരു പതർച്ചയോടെ നോക്കി...

ചായ... അവൾ യാതൊരു ഭാവമാറ്റം ഇല്ലാതെ പറഞ്ഞു...

ആഹ്.... അവൻ കപ്പ് കയ്യിലെടുത്തു കൊണ്ട് അവളുടെ മുഖത്ത് വിരിയുന്ന ഭാവമാറ്റം ശ്രദ്ധിച്ചു നോക്കി.... ഇല്ല..... യാതൊരു കൂസലും ഇല്ല.... എന്നെ ആദ്യം ആയിട്ട് കാണുന്ന ഭാവമാണോ?
 അതോ അനന്യയുടെ  ഫ്രണ്ട് എന്ന് പറഞ്ഞ ആള് ഇപ്പൊ പെണ്ണുകാണാൻ വന്ന ആശ്ചര്യമാണോ? ഒന്നും മനസ്സിലാകുന്നില്ല......

ചായ കുടിക്കാതെ ഓരോന്നും ആലോചിച്ചു ഇരിക്കുന്നതിനു ഇടയിലാണ് അനിയൻ പ്രവീൺ അവനെ നുള്ളിയത്....
എന്താടാ....?

അല്ല.... ഇവിടെ സ്വപ്നം കണ്ടിരിപ്പാണോ? ചായ കുടിക്കുന്നില്ലേ?

പ്രവീണിന്റെ മുഖത്തേക്ക് ഒന്ന് കടുപ്പിച്ചു നോക്കിയ ശേഷം അവൻ ചായ ഒരു കവിൾ ഇറക്കി...

മോളെ ഞങ്ങൾക്ക് ഒക്കെ ഇഷ്ടപ്പെട്ടു... നമുക്ക് ഇത് നടത്താം..... നല്ലൊരു ദിവസം നോക്കി എൻഗേജ്മെന്റ് നടത്തണം..... പിന്നെ പെട്ടെന്ന് തന്നെ കല്യാണവും.....

പാർവതിയുടെ ആവേശം കണ്ട് പ്രണവ് ഒന്ന് അമ്മയെയും അതുല്യയെയും നോക്കി....

അത് തന്നെയാ എന്റെയും അഭിപ്രായം.... പിന്നെ കല്ല്യാണ ചിലവൊന്നും ഓർത്തു വിഷമിക്കണ്ടാട്ടോ.... എല്ലാം ഞങ്ങൾ നോക്കിക്കോളാം...

പ്രണവിന്റെ അച്ഛൻ സഹദേവന്റെ കയ്യ് പിടിച്ചു പറഞ്ഞു...
കുട്ടികൾക്ക് എന്തേലും സംസാരിക്കണം എന്നുണ്ടേൽ അങ്ങോട്ട്‌ ചെന്നോ കേട്ടോ...

അച്ഛൻ അത് പറഞ്ഞപ്പോൾ പ്രണവിന് സന്തോഷമായി.. 
അവളുടെ  ഓർമയുടെ മുമ്പിൽ താൻ ആദ്യം ആയിട്ട് വരുവാണല്ലോ  പെണ്ണുകാണാൻ....അവൾക്ക് സംശയങ്ങളോ ഇഷ്ടക്കുറവൊ എന്ത് തന്നെയായാലും എല്ലാം സംസാരിച്ചു ക്ലിയർ ആക്കണം...

അവൻ എണിറ്റു അവളുടെ ഒപ്പം മുറ്റത്തേക്ക് നടന്നു....
അതുല്യ... എന്നെ ഓർമ്മയുണ്ടോ?

അവൻ ഒരു സംശയത്തോടെ ചോദിച്ചു...

അതെന്താ അങ്ങനെ പറഞ്ഞത്?
അനുവിന്റെ ഫ്രണ്ട് അല്ലേ...? 
അവൾ പറഞ്ഞത് കേട്ട് അവന്റെ മുഖം മങ്ങി പോയിരുന്നു....

ഞാൻ കരുതിയില്ല.... ചെക്കൻ നിങ്ങളാകും എന്ന്.... അന്ന് ഹോസ്പിറ്റലിൽ കൂട്ടു നിന്നതും സഹായിച്ചതും എല്ലാം ഓർമയുണ്ട്...

അവൾ ഒരു ചിരിയോടെ പറഞ്ഞതും പകുതി ആശ്വാസം ആയിരുന്നു അവന്.... തന്നെ അപ്പൊ വിവാഹം കഴിക്കാൻ എതിർപ്പൊന്നും ഇല്ല.... അവൻ ഒന്നാലോചിച്ചു 

എനിക്ക്.... അനുവിന്റെ ഈ ചേച്ചിയെ അന്ന് കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു...അതാ ഇപ്പൊ വീട്ടുകാരെ കൂട്ടി കൊണ്ട് വന്നത്.......തനിക്ക് എന്നെ ഇഷ്ടപ്പെട്ടോ?

അവൻ അവളുടെ ഉത്തരം അറിയാൻ ചോദിച്ചു....

ഇത് തന്നെയല്ലേ ഞാൻ അന്നും പറഞ്ഞത്....

അവളുടെ പറച്ചിലിൽ അവൻ ഒന്ന് ഞെട്ടിപോയിരുന്നു....

മനസ്സിലായില്ല.... എന്ന് താൻ പറഞ്ഞെന്നാ?
അവൻ മനസ്സിലാകാതെ ചോദിച്ചു...

എനിക്ക് ഇഷ്ടമാണെന്ന്.....ഞാൻ അന്നേ പറഞ്ഞതല്ലേ.... ഇയാള് ആദ്യം എന്നെ പെണ്ണുകാണാൻ വന്നപ്പോ......

അത് കേട്ട് അവൻ ശ്വാസം ഒന്ന്  ദീർഘമയെടുത്തു....

അപ്പൊ...താൻ ഓർക്കുന്നുണ്ടല്ലേ അന്നത്തെ ദിവസം....
അവൾ ചിരിച്ചു കൊണ്ട് ഒന്ന് തലയാട്ടി....

താൻ ഈ വിവാഹത്തിനു സമ്മതിക്കോ എന്നായിരുന്നു എന്റെ ടെൻഷൻ.... അന്നത്തെ അപകടത്തിനു ശേഷം അന്നത്തെ പെണ്ണുകാണൽ ദിവസം താൻ മറന്നു പോയിരുന്നല്ലോ.... വീണ്ടും ഒരിക്കൽ കൂടി വരുമ്പോ താൻ എങ്ങാനും നോ പറയോ എന്നായിരുന്നു എന്റെ ഒരു പേടി....

നിങ്ങളുടെ കാർ മുറ്റത്തു എത്തും വരെ ഞാൻ ആ ദിവസം ഓർത്തിരുന്നില്ല... പക്ഷേ അകത്തേക്ക് വന്നിരുന്നപ്പോൾ പെട്ടെന്നായിരുന്നു ആ ദിവസം ഓർമ വന്നത്....

എന്നാൽ നമുക്ക് പോയാലോ?
അവൾ പറയുന്നതിനിടെ പ്രണവിന്റെ അച്ഛൻ പറഞ്ഞു..

ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു.... നാളുകൾ എണ്ണി കാത്തിരുന്നു അവർ ഇന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്.....

പ്രണവ് നൽകിയ പൊന്നെല്ലാം അണിഞ്ഞു ഒരു നവവധുവിനെപോലെ അവൾ അവന്റെ വീട്ടിലേക്ക് പ്രവേശിച്ചു.....

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

അതുല്യ.......

എന്തോ.... അവൾ അടുക്കളയിൽ നിന്നും അവന്റെ വിളി കേട്ട് അവന്റെയടുത്തേക്ക് എത്തി.. 

എന്റെ ഫോൺ കണ്ടിരുന്നോ?

ഞാൻ ഒന്നും കണ്ടില്ല... ഏട്ടൻ ഇത് എവിടെയാ കൊണ്ട് വെച്ചേ?

അത് അറിയാമെങ്കിൽ നിന്നോട് ഞാൻ ചോദിക്കോ?

ഹ്മ്മ്... എന്ന് പറഞ്ഞവൾ അടുക്കളയിലേക്ക് തന്നെ പോയി.....

അമ്മേ എന്റെ ഫോൺ കണ്ടിരുന്നോ?

ഹാ.... പ്രവീൺ എടുത്തു കൊണ്ട് പോണ കണ്ടല്ലോ.. 
അമ്മ പറഞ്ഞത് കേട്ട് നോക്കി ചെന്നപ്പോൾ അവൻ ഫോണിലെ നെറ്റ് ഊറ്റി കൊണ്ടിരിക്കുകയാണ്.....

ടാ..... നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്... എന്റെ ഫോണിൽ നിന്ന് നെറ്റ് കണക്ട് ചെയ്യരുത് എന്ന്.......രാത്രി മുഴുവൻ ഇരുന്ന് ഫോണിലെ നെറ്റൊക്കെ തീർത്തു എന്റേന്ന് അടിച്ചു മാറ്റാൻ നോക്കാ അവൻ.....

ഹ്മ്മ്മ്..... അവൻ ഒന്ന് മൂളി കൊണ്ട് ഫോൺ തിരിച്ചു കൊടുത്തു...

ഞാൻ ഇറങ്ങുവാണേ.....

അവൻ വർക്ക്‌ ഷോപ്പിലേക്ക് പോകാനായി ഇറങ്ങും നേരം അടുക്കളയിലോട്ട് നോക്കി വിളിച്ചു...

ശരി ടാ.. പോയിട്ട് വാ....

അമ്മ വന്നു പറഞ്ഞു... അവൻ വണ്ടിയിൽ കയറാൻ നേരം വരെ അവൾ വരുന്നത് ഒന്ന് ഒളിച്ചും പാത്തും നോക്കി....

ആരെയാ ഈ നോക്കുന്നെ?
പ്രവീൺ ഉമ്മറത്തേക്ക് വന്നു അവനോട് ചോദിച്ചു...

ഹോ... ഒന്നുമില്ല....ഞാൻ ഇനി എന്തേലും മറന്നോ എന്ന് നോക്കിയതാ.....

അവൻ ഒരു തപ്പലോടെ നിൽക്കുന്നത് കണ്ടിട്ട് പാർവതിയമ്മ വാ പൊത്തി ചിരിച്ചു...

ഏട്ടത്തി.... ഏട്ടത്തി.... ഇങ്ങു വന്നേ.....

നീ എന്തിനാ പ്രവി.... ഇങ്ങനെ ഓളിയിടുന്നെ... അവളെ എന്തിനാ വിളിക്കുന്നെ ഇപ്പൊ....?
അവൾ അപ്പോഴേക്കും വന്നിരുന്നു... ചുറ്റും ഒന്ന് നോക്കി....

ആ ഇനി ഏട്ടൻ പൊക്കോ...
പ്രവീൺ കളിയാക്കി കൊണ്ട് പറഞ്ഞത് അവന് മനസ്സിലായിരുന്നു....

അവൻ ഒരു ചമ്മലോടെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് അവളെ നോക്കി ചിരിച്ചു....അവളും ഒന്ന് പുഞ്ചിരിച്ചു....
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഡിഗ്രി  അവസാന വർഷം തീർന്ന് യാത്രയയപ്പ് വേളയിലാണ് അശോക് അവസാനമായി അനുവിനെ കണ്ട് സംസാരിക്കാം എന്ന് വിചാരിച്ച്‌ കോളേജ് മുറ്റത്തെ ആൽമരചുവട്ടിൽ ഇരുന്നത്....

ഇന്റർവെൽ സമയത്ത് അവനെ അവിടെ കണ്ടതും അവൾ തന്നെ അവൻ വിളിക്കാതെ അങ്ങോട്ട് ചെന്നിരുന്നു...

ഇന്ന് കോളേജ് ലാസ്റ്റ് ഡേ ആണല്ലേ തന്റെ...

അവൾ അവന്റെ അടുത്തേക്ക് വന്നതും അവൻ ഒന്ന് എണിറ്റു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു....

മ്മ്... അതേ... തന്നെ ഇപ്പൊ കെയർ ചെയ്യാനും സ്നേഹിക്കാനും ഇവിടെ കോളേജിൽ കൊണ്ടാക്കാനും ഒക്കെ ആളുണ്ടല്ലോ അതോണ്ട് നമ്മുടെ കാര്യത്തിൽ ഒരു ചാൻസും ഇല്ലന്ന് അറിയാം....

അവൾ അത് കേട്ട് നിർത്താതെ ചിരിച്ചു...

എന്താ അനന്യ ചിരിക്കുന്നത്? പറഞ്ഞത് സത്യം തന്നെയല്ലേ?

താൻ എന്താടോ വിചാരിച്ച്‌ വെച്ചേക്കുന്നേ?സ്വന്തം ഏട്ടന്റെ സ്ഥാനത്തു നിൽക്കുന്ന ആള് കെയർ ചെയുന്നതിനും എന്നെ ഇവിടെ ഡ്രോപ്പ് ചെയ്യുന്നതും ഒക്കെ എന്താ തെറ്റാണോ?

എന്താ താൻ പറഞ്ഞു വരുന്നത്?

അവന് ചെറിയ ആശയകുഴപ്പമായി......

അതേ അശോക്..... എനിക്ക് മനസ്സിലായി താൻ എന്തോ തെറ്റിദ്ധരിച്ചിട്ടുണ്ട്... എന്നെ അന്ന് ഇവിടെ ഡ്രോപ്പ് ചെയ്തതും ഹോസ്പിറ്റലിൽ അന്ന് കൂട്ട് നിന്നതും എന്റെ ചേച്ചിയുടെ ഹസ്ബൻഡാണ്..... സ്ഥാനം കൊണ്ട് എന്റെ ചേട്ടൻ...

ഹോ..... അത് പറഞ്ഞപ്പോൾ അവൻ ഒന്ന് നെടുവീർപ്പെട്ടു....

ചേച്ചിയുടെ മാര്യേജ് കഴിഞ്ഞെന്ന് അറിഞ്ഞിരുന്നു... ബട്ട്‌ ആളാണ് എന്ന് അറിയില്ല.... അപ്പൊ ഇനി എങ്ങനാ... അടുത്തത് തന്റെയല്ലേ?

അവളെ നോക്കി ഒന്ന് കണ്ണുറുക്കി കാണിച്ചു ചോദിച്ചു...

ഞാൻ പറഞ്ഞല്ലോ... മാര്യേജ് ഒന്നും ഇല്ല എന്ന്....
അവൾ അൽപ്പം ഗൗരവം കലർത്തി പറഞ്ഞു...

എങ്കിലേ തന്നെ സ്നേഹിച്ചും തന്റെ വീട്ടുകാരെ എന്റെ സ്വന്തം പോലെ കണ്ടും നിങ്ങൾക്കൊപ്പം ഒരുമിച്ച് നിക്കാണേൽ സമ്മതിക്കാവോ? 

ഏഹ്... എന്തുവാ താൻ പറഞ്ഞെ?
ചുമ്മാ തമാശിക്കല്ലേ അശോക്........

യാം സീരിയസ്ലി....... എന്റെ   മമ്മി അങ്ങ് യു എസിലോട്ട് പോയി... അവിടുത്തെ ബിസിനസ്‌ എല്ലാം ഡാഡ് തന്നെ നോക്കുന്നത്... ഒരു ഹെല്പ് ന് വേണ്ടിയാ മമ്മി പോയത്....ഇനി ഇപ്പൊ ഇടക്കൊക്കെ വരവ് കാണു....

എനിക്ക് ഈ നാട്ടിൽ തന്നെ ജോലിയെടുത്തു കഴിയാനാ ഇഷ്ടം... പ്രത്യേകിച്ച് തന്റെ വീടും ഗ്രാമവും നാട്ടിൻപുറവും വല്ലാത്തൊരു ക്രഷ് തന്നെയാ...... പിന്നെ താനും......

അവളുടെ മുഖം നാണത്താൽ വിടർന്നിരുന്നു...
അവൾ ഒന്നും പറയാതെ ഒന്ന് തിരിഞ്ഞു നടന്നു.....

ഹേയ്.... താൻ ഒന്നും പറഞ്ഞില്ലാലോ?

ആലോചിക്കാം..... സമയം ഉണ്ടല്ലോ ഇപ്പൊ താൻ നല്ലൊരു ജോലിയൊക്കെ വാങ്ങാൻ നോക്ക്.....

അവൾ ഒരു ചിരിയോടെ നടന്നു നീങ്ങുന്നത് അവൻ അവിടെ തന്നെ നിന്ന് നോക്കി കണ്ടു...

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
വൈകീട്ട് ജോലി കഴിഞ്ഞ് സാധനങ്ങൾ വാങ്ങാൻ വീടിനു അടുത്തുള്ള കടയിൽ കയറിയപ്പോഴാണ് ഒരു പരിചയമുള്ള മുഖം കണ്ണിലുടക്കിയത്....

ആ മോനായിരുന്നോ?
കണ്ണ് അൽപ്പം പിടിക്കാത്ത മട്ടിൽ സൂക്ഷിച്ചു നോക്കി കൊണ്ട് പ്രണവിനോട് അവർ പറഞ്ഞു...

ഓ... നാരായണി തള്ളയാണല്ലോ!!
അവൻ ഒന്ന് മനസ്സിൽ പറഞ്ഞു സാധനങ്ങൾ സഞ്ചിയിലേക്ക് ഓരോന്നായി എടുത്തിട്ടു..

മോന്റെ കല്യാണം കഴിഞ്ഞല്ലേ? എന്നായിരുന്നു?

ആ കഴിഞ്ഞ് കഴിഞ്ഞ്.... എനിക്ക് പെണ്ണൊക്കെ കിട്ടി... ഇപ്പോൾ ഒരു മാസായി....
അവൻ കുറച്ച് അഭിമാനത്തോടെ തന്നെ പറഞ്ഞു...

ഹാ എന്നാ വേഗം ആയിക്കോട്ടെ.... ഒരു കുഞ്ഞികാലു കാണാൻ വൈകിക്കണ്ട ഒട്ടും......

ശരിയാ.... എത്ര കുഞ്ഞി കാലു വേണം.... എന്റെ കൂടെ പോരെ..... ഞാൻ കാണിച്ച്‌ തരാം.......

നാരായണി തള്ളയുടെ പറച്ചിൽ കേട്ട് പ്രണവ് ഒന്ന് ആപാതച്ചൂടം ഒന്ന് കടുപ്പിച്ചു നോക്കി കൊണ്ട് അവരുടെ ചെവിയിൽ അങ്ങനെ പറഞ്ഞു....

അവർക്ക് തലക്കടിയേറ്റത് പോലെ വാങ്ങിച്ച സാധനങ്ങൾ കൊണ്ട് ഒറ്റ പോക്ക് പോയി.....

രാത്രി കിടക്കാൻ നേരം അവന്റെ നെഞ്ചോട് ചേർന്ന് കിടക്കുകയാണ് അവൾ...

അതേ ഇന്ന് ഞാൻ ആ തള്ളയെ കണ്ടിരുന്നു....

ആരെ?
അവൾ അറിയാത്ത മട്ടിൽ ചോദിച്ചു 
ആ പരദൂഷണം പറച്ചിലുള്ള നാരായണി.... പഠിപ്പ് കഴിഞ്ഞപ്പോൾ ജോലി ഇല്ലെന്നു പറഞ്ഞു കുറേ കളിയാക്കിയതാ.... പിന്നെ ജോലി ആയപ്പോ കെട്ട് കഴിഞ്ഞില്ലേ..... എന്ന്..... ഇപ്പൊ കെട്ടും കഴിഞ്ഞ് അതിന്റെ മുന്നിൽ വന്നു പെട്ടപ്പോൾ പറയാ... കുഞ്ഞി കാലു വൈകല്ലേ എന്ന്....

അവൾ അത് കേട്ട് ഒരു കുസൃതി ചിരിയോടെ അവനെ ഇടംകണ്ണിട്ട് നോക്കി... അവനും ഒന്ന് കള്ളച്ചിരി ചിരിച്ചു........

Like and comment 
To Top