രചന: ലിബി മാത്യു
താലി കെട്ടുകഴിഞ്ഞു മുന്നിൽ നിൽക്കുന്ന ആളെ കണ്ടു ഞാൻ തരിച്ചുപോയി.. നിറപുഞ്ചിരിയുമായി എന്റെ നെറ്റിയിൽ സിന്ദൂരം തൊടുവിക്കുന്ന അഭിയെട്ടന്റെ മുഖം. 'അവിശ്വസിനീയമായ കാഴ്ച'..... എന്താണെന്ന അർഥത്തിൽ അഭിയെട്ടന്റെ നോട്ടം... 'പ്രണയർദ്രമായ ആദ്യ നോട്ടം' ....ആ കണ്ണുകളെ നേരിടാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല..... ഞാൻ നോട്ടം പിൻവലിച്ചു അച്ഛന്റെ നേരെ നോക്കി.. നിറഞ്ഞകണ്ണുകളും ഉള്ളുനിറഞ്ഞ സന്തോഷവും ആ മുഖത്തു ഞാൻ കണ്ടു... ഒരു മായലോകത്തെത്തിയ പോലെ എന്റെ മനസ്സ് പാറി നടന്നു... അച്ഛന്റെയും അമ്മയുടെയും കാലിൽതൊട്ടനുഗ്രഹം വാങ്ങുമ്പോൾ മനസ്സ് നീറുകയായിരുന്നു... "അനു വരൂ".... അഭിയേട്ടൻ എന്റെ കയ്യും പിടിച്ചു ബൈക്കിൽ യാത്രയായി... ആ വണ്ടി എന്റെ അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ എത്തി നിൽക്കുമ്പോൾ വീണ്ടും അച്ഛനെപോലെ മനസ്സുവായിക്കുന്ന മകനെ ഞാൻ വീണ്ടും കാണുകയായിരുന്നു... അച്ഛന്റെയും അമ്മയുടേയും അസ്ഥിതറക്കു മുന്നിൽ നിന്നു പ്രാർത്ഥിച്ചു... രണ്ടുപേരുടെയും അനുഗ്രഹം എന്നവണ്ണം ഒരിളംതെന്നൽ ഞങ്ങളെ തഴുകി കടന്നുപോയി....
ആരുമില്ലാതെ പൂട്ടിയിട്ടിരുന്ന വീടുതുറക്കാൻ വരുമ്പോൾ നിലവിളക്കുമായി എതിരേൽക്കാൻ വരുന്ന അഭിയെട്ടന്റെ കൂട്ടുകാരനെയാണ് ഞാൻ കണ്ടത്... വലതുകാൽ വച്ചു കയറി വരൂ എന്നു പറയുമ്പോൾ ഞാൻ എന്റെ അച്ഛന്റെ സാമിഭ്യം അറിയുകയായിരുന്നു... കുറെ സമയം അച്ഛന്റെ മുറിക്കുള്ളിൽ ഇരുന്നു.... എന്റെ തോളിൽ ഒരു നനുത്ത സ്പർശം... 'അഭിയേട്ടൻ.'.. "നമുക്ക് പോണ്ടേ...?". പോണം എന്നു തലയാട്ടി സമ്മതം അറിയിച്ചു...
വീട്ടിലേക്കുള്ള യാത്രയിൽ മൗനമായിരുന്നു... ഞാൻ ഇന്ന് അഭിയെട്ടന്റെ ജീവിത സഖിയായതുവരെയുള്ള എന്റെ ജീവിതയാത്ര മനസ്സിലൂടെ കടന്നു പോയി... നിലവിളക്ക് കൈയിൽ തരുമ്പോൾ അമ്മയുടെ മുഖം ആ നിലവിളക്ക് പോലെ പ്രകാശിക്കുന്നത് ഞാൻ കണ്ടു.. പൂജാമുറിയിൽ വിളക്കുവച്ചു മുറിയിലേക്ക് പോകാൻ തുടങ്ങിയ എന്നെ അച്ഛൻ വിളിച്ചു... "ഇനി അതല്ല ഇതാണ് നിന്റെ മുറി"... അഭിയെട്ടന്റെ മുറി ചൂണ്ടിയായിരുന്നു അച്ഛൻ അത് പറഞ്ഞത്.
ആ മുറിയിൽ കയറി കട്ടിലിൽ ഓരംചേർന്നിരുന്നു.... അഭിയേട്ടൻ മുറിയിലേക്ക് കയറി വാതിലടച്ചു. എന്റെ അരികിലേക്ക് വന്നു... ചാടിയെഴുന്നേറ്റു ഞാൻ... അഭിയേട്ടൻ എന്റെ അരികിലേക്ക് വന്നു... എന്റെ തോളിലൂടെ കൈ ചേർത്തു എന്നെ ചേർത്തു നിർത്തി... എന്റെ താടി തുമ്പിൽ പിടിച്ചുയർത്തി... എന്റെ കണ്ണുകളിലേക്ക് നോക്കി... പ്രണയം ആ കണ്ണുകളിൽ അലയടിക്കുന്നതു ഞാൻ കണ്ടു... അഭിയേട്ടൻ സംസാരിച്ചു തുടങ്ങും മുന്നേ അമ്മയുടെ വിളി പുറത്തു നിന്നും. ഭക്ഷണം കഴിക്കാനാണ്.... അഭിയെട്ടന്റെ കണ്ണുകളിൽ ഒരു കുഞ്ഞു നിരാശ പടരുന്നത് ഞാൻ അറിഞ്ഞു.... ഒരു കുസൃതിച്ചിരിയോടെ ഞാൻ അമ്മക്ക് അരികിലേക്ക് പോയി...****************
അഭിയുടെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല എന്നു പറഞ്ഞ ഞാൻ അനുവിനെ എന്റെ ജീവിതസഖിയാക്കിയിരിക്കുന്നു....! ആത്മാർഥമായി സ്നേഹിച്ചപെണ്ണു വിവാഹദിവസം മറ്റൊരാളുടെ കൂടെ പോയപ്പോൾ ഈ ജീവിതം തന്നെ വെറുത്തുപോയവനായിരുന്നു ഞാൻ . അനുവിനെ ആദ്യം കാണുമ്പോൾ സഹതപമായിരുന്നു... പക്ഷെ വിവാഹം അപ്പോഴും എനിക്ക് അഗ്നിപടർത്തുന്ന ഒന്നായി തന്നെ ഇരുന്നു. പക്ഷെ അവളോടുള്ള സൗഹൃദ സംഭാഷണങ്ങൾ പ്രണയത്തിനു വഴിമാറിയത്തെപ്പോഴാണെന്നു എനിക്ക് തന്നെ അറിയില്ല... അവളുടെ കുസൃതിയും കുറുമ്പും എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു. "അഭി".... അച്ഛൻ എന്റെ അരികിൽ വന്നിരുന്നു... ഞാൻ അച്ഛനെ കെട്ടിപിടിച്ചു. എന്നോട് പറയാൻ വന്നത് ആ കണ്ണുകളിൽ തെളിഞ്ഞു കാണാമായിരുന്നു... "ഞാൻ അനുവിനെ വിഷമിപ്പിക്കില്ല അച്ഛാ"... എന്റെ ആ വാക്കുകളിൽ അച്ഛൻ പൂര്ണതൃപ്തനാകുംപോലെ എനിക്ക് തോന്നി.*************
അമ്മ ഉച്ചക്ക് സദ്യ തന്നെ ഉണ്ടാക്കി. എല്ലാവരും കഴിക്കുന്നതിനിടയിലും അഭിയേട്ടൻ എന്നെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു.... പിന്നെ ഒരു വറ്റിറങ്ങിയില്ല... ഞാൻ എഴുന്നേറ്റു. "മോള് മതിയാക്കിയോ??". "എനിക്ക് മതിയമ്മേ".... ഞാൻ അതും പറഞ്ഞു അടുക്കളയിലേക്ക് നടന്നു. അഭിയെട്ടനും പുറകെ എഴുന്നേറ്റു വന്നു. പുറകിലൂടെ എന്നെ കെട്ടിപിടിച്ചെന്നെ തിരിച്ചുനിർത്തി നെറ്റിയിൽ ചുംബിച്ചു. ഭർത്താവിന്റെ സ്നേഹർദ്രമായ ആദ്യ ചുംബനം...അഭിയേട്ടൻ വേഗം തന്നെ അവിടെ നിന്നും പോയി. അമ്മയെ ചുറ്റിപ്പറ്റി അവിടെ തന്നെ നിന്നു. എന്തോ മുറിയിലേക്ക് പോകാൻ 'ഒരു മടി'. 'ഒരു ചമ്മൽ'.... എന്താ പറയുക.... അവസാനം 'അമ്മ തന്നെ മുറിയിലേക്ക് പോകാൻ പറഞ്ഞു.. പേടിച്ചു പേടിച്ചു ഞാൻ മുറിയിൽ ചെല്ലുമ്പോൾ അഭിയേട്ടൻ കിടക്കുകയായിരുന്നു. എന്റെ പദാസരത്തിന്റെ ശബ്ദം കേട്ടു എന്നു തോന്നുന്നു ആളെണിറ്റു. എന്റെ കയ്യിൽ പിടിച്ചെന്നെ ചേർത്തിരുത്തി.. നമുക്ക് ഒരു യാത്ര പോകാം...?? ഉത്തരം കാണാത്തതുകൊണ്ട് വീണ്ടും ചോദിച്ചു. "പോകാം.".. "ന്നാൽ വേഗം റെഡിയായി വരൂ"... അഭിയെട്ടന്റെ ബൈക്കിന്റെ പിന്നിലിരുന്നൊരു യാത്ര. ചേർന്നിരിക്കാൻ മടിച്ച എന്നെ ചേർത്തിരുത്തി ഒരു യാത്ര.. ഒരു പുഴയുടെ തീരത്തു വണ്ടി വച്ചു കുറച്ചു സമയം അവിടെ നിന്നു.... അഭിയേട്ടൻ തന്റെ ഭൂതകാലം എനിക്ക് മുന്നിൽ തുറന്നുവച്ചു. അതിൽ തന്റെ ആത്മാർഥ പ്രണയവും.. നഷ്ടങ്ങളും വേദനകളും എല്ലാം ഉണ്ടായിരുന്നു. പറഞ്ഞു കഴിയുമ്പോൾ ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു. ഓടിച്ചെന്നു മാറോടു ചേർക്കാനാണ് തോന്നിയത്... ആൾ ഒരു ദീഘനിശ്വാസത്തിനു ശേഷം വീണ്ടും തുടർന്നു...
എന്റെ തോളിലൂടെ കൈ ചേർത്തു.. "അനു... ഇവിടെ നമ്മൾ ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുകയാണ്". "കൈപ്പേറിയ അനുഭവങ്ങളുടെ ബാക്കിപത്രങ്ങളാണ് നമ്മൾ രണ്ടുപേരും.പക്ഷെ അതെല്ലാം മറന്നുള്ള പുതിയ ജീവിതം"...." നിന്നെ ഞാൻ സ്നേഹിക്കാൻ തുടങ്ങിയത് എന്നാണെന്ന് എനിക്കറിയില്ല".. "ഇനി ഒരു പെണ്ണില്ല എന്നു പറഞ്ഞ എനിക്ക് നീ എപ്പോഴാണ് എന്റെ പെണ്ണായതെന്നും എനിക്കറിയില്ല"... പക്ഷെ ഇനി എന്റെ ജീവിതത്തിൽ നീ മാത്രമേ ഉള്ളു. എന്റെ പ്രണയം ഞാൻ മനസിലാക്കിയതിനു ശേഷം ഞാൻ നിന്നിൽ നിന്നും ഒഴിഞ്ഞു മാറിയത് മറ്റൊന്നും കൊണ്ടല്ല. എന്റെ ഭാര്യയെ പ്രണയിക്കുന്നതാണ് എനിക്ക് കൂടുതൽ ഇഷ്ടം അതുകൊണ്ടാണ്.".. എന്നിട്ട് ഒരു ചിരിയും....ആ ചിരിയിൽ ഉണ്ടായിരുന്നു എല്ലാം...
വീട്ടിൽ ചെല്ലുമ്പോൾ മുറ്റത്തു ഒരു കാർ ആണ് കണ്ടത്... മനസ്സു നിറഞ്ഞസന്തോഷവുമായി ഉമ്മറത്തേക്ക് കയറുമ്പോൾ പ്രദീക്ഷിക്കാത്ത അതിഥിയാണ് ഞങ്ങളെ വരവേറ്റത്. അഭിയെട്ടനെ നോക്കുമ്പോൾ ആ മുഖത്തെ ചിരി മാഞ്ഞത് ഞാൻ അറിഞ്ഞു. മുഖം വലിഞ്ഞു മുറുകി... അവർ എനിക്കരികിലേക്ക് വന്നു. "ഞാൻ ദക്ഷ.. അഭിയുടെ പ്രണയം.." ആ വാക്കുകൾ എന്റെ ഹൃദയത്തെ ആഴത്തിൽ മുറിവേല്പിക്കുന്നവയായിരുന്നു... മൗനം അവിടെ തളം കെട്ടി നിന്നു.
ആ മൗനത്തെ ഭേദിച്ചത് അഭിയെട്ടന്റെ വാക്കുകളായിരുന്നു. "നീ എന്തിനിവിടെ വന്നു.. ??"." നീ കാരണം ഒരായുസ്സിൽ അനുഭവിക്കേണ്ട വേദന അനുഭവിച്ചവനാണ് ഞാൻ . ഇനിയും എന്തിനാ വന്നത്. ". ആ ശബ്ദം ഇടറിയിരുന്നു. എനിക്ക് മനസ്സിലാക്കാൻ കഴിയുമായിരുന്നു ആ മനസ്സ്.
"അഭി..". ദക്ഷയാണ്... ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി.. "ഞാൻ ഒരിക്കലും അഭിയുടെ ജീവിതത്തിൽ ഒരു തടസമാകാൻ വന്നതല്ല... . ഞാൻ അഭിയെ എന്നിൽ നിന്നും രക്ഷിക്കുക മാത്രമാണ് ചെയ്തത്... ഞാൻ ആരുടെയും ആയിട്ടില്ല. ഇപ്പോഴും ഞാൻ അഭിയുടെ ദക്ഷ തന്നെയാണ്."..
ആ വാക്കുകൾ .... നിന്ന നിൽപ്പിൽ ഞാൻ മരിച്ചു വീണിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി......