രചന: Akhila Bhama
എനിക്ക് നേരെ വന്ന കുരിശിനെ ഞാൻ കണ്ടില്ല.
"ചന്ദ്രു ഏട്ടാ എന്താ ഇങ്ങനെ നോക്കണത്? ഞാൻ കണ്ടു എന്നെ അവിടെ നിന്നു നോക്കണത്. അപ്പോൾ എന്നെ ഇഷ്ടമല്ലന്നു പറഞ്ഞത് വെറുതെയാലെ."
"എന്റമ്മോ ഈ കുരിശ് ഇതെപ്പോൾ വന്നു.
ഞാൻ നിന്നെ നോക്കിയതല്ലാ. എൻറെ ഫ്രണ്ടിനെ നോക്കിയതാ."
"എനിക്കറിയാം ചന്ദ്രു ഏട്ടൻ എന്നെ നോക്കിയതാണെന്നു. ചേട്ടൻ ചുമ്മാ പറയല്ലെ. ഞാൻ കണ്ടതാ ചേട്ടൻ എന്ന നോക്കണത്"
"അയ്യോ കീർത്തന ഞാൻ നിന്നെ കണ്ടിട്ടു പോലുമില്ല."
"ചേട്ടന് പണ്ടേ ഒരു കാര്യവും സമ്മതിച്ചു തരുന്ന പതിവില്ലല്ലോ."
എനിക്കാകെ ദേഷ്യം അരിച്ചു കേറുന്നുണ്ട്. ഞാൻ വേഗം റെക്കോർഡ് കൊണ്ട് ലാബിൽ കയറി. ഇതെന്തു ജന്മം ഈശ്വരാ.
'എന്താ ചന്ദ്രു ലാബിൽ കയറി പിറുപിറുക്കണത്?"
ബാബു സർ ചോദിച്ചു.
"ഹേ ഒന്നൂല്ല സർ. ഇതാ റെക്കോർഡ്."
"അവിടെ ആ അട്ടിയിൽ വെച്ചേക്ക്."
" ഒക്കെ സർ." റെക്കോർഡും വെച്ച് ഞാൻ പുറത്തേക്കിറങ്ങി.
കുരിശ് പോയോ എന്ന് നോക്കി. ഹാവൂ പോയി.
ഇന്ന് ഉച്ചയ്ക്ക് ഫുഡ് വേഗം കഴിച്ചു. ഞാൻ ആവണിയുടെ ക്ലാസ്സിലേക്ക് പോയി.
എല്ലാവരും ഫുഡ് കഴിഞ്ഞു അവിടെ ഇരിപ്പുണ്ട്. ഞാൻ നേരെ അവിടെ പോയി ഇരുന്നു. നോക്കുമ്പോൾ ആവണി അവിടെയില്ല.
"ഇന്നൊരാളുടെ കുറവുണ്ടല്ലോ?"
"ഒരാളുടെ അല്ല രണ്ടാളുടെ കുറവുണ്ട്." ആര്യ പറഞ്ഞു
"സോറി എവിടെപ്പോയി രണ്ടാളും. "
"ചന്ദ്രുവേട്ടൻ ഒന്നു വന്നേ." അതും പറഞ്ഞ ആര്യ ക്ലാസ്സിനു പുറത്തേക്കിറങ്ങി.
"എന്താ ആര്യ?"
"ഞാൻ ഒരു കാര്യം ചോദിച്ചാൽ ചന്ദ്രു വേട്ടൻ സത്യം പറയോ."
"നീ ചോദിക്ക് എന്നിട്ടല്ലേ ബാക്കി"
"ചന്ദ്രവേട്ടന് ആവണിയെ ഇഷ്ടമാണോ?"
ഞാൻ ആദ്യമൊന്ന് ഞെട്ടിയെങ്കിലും. പിടിച്ചു നിൽക്കാൻ ഒരു ശ്രമം നടത്തി.
"ചന്ദ്രുവേട്ടൻ ഉരുളണ്ട ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് ചേട്ടന്റെ നോട്ടവും സംസാരവുമെല്ലാം. കുറച്ചായി ഞാൻ ചോദിക്കണം എന്നു വിചാരിച്ചിട്ട് ഇപ്പോഴാ ചാൻസ് കിട്ടിയത്. അവൾക്ക് മനസിലായിട്ടില്ല. എന്നാൽ, എനിക്ക് മനസിലായി."
ഇനി ഇവളുടെ കാലുപിടിക്കയല്ലാതെ ഇത് ആരെയും അറിയിക്കാതിരിക്കാൻ വേറെ മാർഗമില്ല.
"നീ പറഞ്ഞത് ഒക്കെ സത്യമാണ്. എന്നാലും ഈ കാര്യം ഇപ്പോൾ അവളെ അറിയിക്കരുത്. സമയമാകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം. ഇത് വരെ ആർക്കെങ്കിലും അറിയുമൊ?"
"ഇല്ല ഞാൻ ഒന്ന് നമ്പറിട്ടു നോക്കിയതാ. അപ്പോൾ സത്യമായിരുന്നുലെ. ഇത് വരെ ആരോടും ഞാൻ പറഞ്ഞിട്ടില്ല."
"താങ്ക്സ് ആര്യ"
എന്താണെന്ന് അറിയില്ല ഒരു ചെറിയ സന്തോഷം തോന്നി. എന്തായാലും ഇനി അവളോട് പറയണം.
ആര്യ ക്ലാസ്സിലേക്ക് പോകാൻ ഒരുങ്ങിയതും. ഞാൻ ആവണിയെ കുറിച്ച് ചോദിക്കാൻ വിട്ടു പോയത് ഓർമ വന്നു.
"ആര്യ ആവണി എവിടെ?"
"ഇന്ന് നേരത്തെ പോകണം എന്ന് പറഞ്ഞു വീട്ടിലേക്ക് പോയി. ഫുഡ് കഴിക്കുന്നതിനു മുൻപ് തന്നെ പോയി."
"എന്നാ ശരി."
ഞാൻ തിരിച്ചു ക്ലാസ്സിലേക്ക് നടന്നു.
പെട്ടന്നാണ് സന്ദീപ് പുറത്തേക്ക് ഓടുന്നത് കണ്ടത്. പിന്നാലെ അജിത്തും.
ഞാൻ അജിത്തിനെ പിടിച്ചു നിർത്തി.
"എന്താഡാ എന്തു പറ്റി. സന്ദീപ് എന്താ ഓടുന്നെ?"
"സന്ദീപിന്റെ ആവണിയില്ലേ അവൾക്ക് ഒരു ആക്‌സിഡന്റ് പറ്റി സിറ്റി ഹോസ്പിറ്റലിലാ."
ഞാൻ ആകെ തളരുന്ന പോലെ തോന്നി. ഞാൻ സീറ്റിൽ പോയി ഇരുന്നു. സന്ദീപിന്റെ ആവണി എന്ന വാക്ക് മനസിലെവിടെയോ കീറിമുറിച്ച പോലെ തോന്നി. ഞാൻ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉള്ളിലെ വിങ്ങൽ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.
സന്ദീപ് വന്നു ബാഗെടുത്ത് പോകുന്നതെല്ലാം ഞാൻ കണ്ടു. എന്നിട്ടും അവനോട് ഒന്നും ചോദിക്കാൻ നാവു പൊന്തിയില്ല. തല കുമ്പിട്ട് അവിടെ കിടന്നു. എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയി.
ഇനി ചിലപ്പോൾ ആ ആവണി അല്ലെങ്കിലോ ഈ ആവണി. എന്ന ചിന്ത മനസിൽ തെളിഞ്ഞു. എങ്കിൽ അതറിയുക തന്നെ വേണം. ക്ലാസ്സിൽ നിന്നിറങ്ങാൻ തുടങ്ങിയതും സർ ക്ലാസ്സിൽ കയറി. ഇരിക്കാനും പോകാനും വയ്യാത്ത ഒരവസ്ഥ. സമയം ഇഴഞ്ഞു നീങ്ങുന്ന പോലെ തോന്നി.
ക്ലാസ് കഴിഞ്ഞതും ഞാൻ ബാഗ് എടുത്തു പുറത്തേക്ക് ഓടി. ബസ് സ്റ്റോപ്പിൽ കാത്തു നിന്നപ്പോൾ ബസും വരുന്നില്ല. ഞാൻ വേഗം ഓട്ടോയിൽ കയറി.
ഹോസ്പിറ്റലിൽ ഇറങ്ങി.
തൊട്ടു പിന്നാലെ, അജിത്തും ഉണ്ടായിരുന്നു. ചന്ദ്രു അതറിഞ്ഞില്ല.
ഈ ചന്ദ്രു എന്താ ഇവിടെ അജിത് ആലോചിച്ചു.
എന്തായാലും പിന്തുടർന്ന് നോക്കാം. ക്ലാസ്സിലും അവൻ അപ്സെറ്റ് ആയാണ് ഇരുന്നത്.
ചന്ദ്രു വേഗം റിസപ്ഷനിൽ ചെന്നു.
"ആക്‌സിഡന്റ് പറ്റി കൊണ്ട് വന്ന ആവണി എവിടെയാണ്?"
"സർ ഒരു മിനിറ്റു. റീസെപ്ഷനിസ്റ് ചെക്ക് ചെയ്യുന്നുണ്ട്.
സർ ആവണിയെ റൂമിലേക്ക് മാറ്റി. റൂം നമ്പർ 512."
"താങ്ക്സ്."
റൂമിന്റെ അടുത്തെത്തിയതും കാലുകൾ തളരുന്ന പോലെ തോന്നി. ഞാൻ സ്നേഹിക്കുന്ന ആവണി ആകരുതെ എന്ന പ്രാർത്ഥനയോടെ ഞാൻ റൂമിലേക്ക് നോക്കി.
കിടക്കയിൽ ആവണി തന്നെ. അരികിൽ സന്ദീപ് മാത്രമേ ഉള്ളൂ. അവൾ മയക്കത്തിലാണ് സന്ദീപ് അവളുടെ തല തഴുകിക്കൊണ്ടു ഇരിക്കുകയാണ്.
ഞാൻ വേഗം തല പിൻവലിച്ചു. എന്തോ ശരീരവും മനസ്സും ആകെ തളരുന്ന പോലെ. മനസ്സിൽ ചിന്തകൾ തിരമാല പോലെ അലയടിക്കുന്നുണ്ട്.
അപ്പോൾ സന്ദീപും ആവണിയും അടുപ്പത്തിലായിരിക്കും. അതുകൊണ്ടായിരിക്കും തന്റെ സംസാരത്തിൽ നിന്നും അവളെ ഞാൻ സ്നേഹിക്കുന്നുണ്ടെന്നു അവൾക്ക് മനസിലാകാതെ പോയതും. എന്റെ കണ്ണുകൾ എന്നെ അനുസരിക്കാതെ കണ്ണുനീർ പൊഴിച്ചു കൊണ്ടിരുന്നു.
ആരൊക്കെയോ വരുന്നത് കണ്ടപ്പോൾ ഞാൻ വേഗം കണ്ണുകൾ തുടച്ചു പുറത്തേക്ക് നടന്നു.
എന്നാൽ ഈ സമയം. അജിത് ചന്ദ്രുവിനെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
ഇവനെന്തിനാ കരയുന്നത്. എന്താ റൂമിൽ കയറാതെ പോയത്?
ചന്ദ്രുവിന്റെ മനസ്സിൽ ഇത്ര ടെൻഷൻ തോന്നാൻ കാരണം എന്തായിയിരിക്കും?
അതും ആലോചിച്ചു അജിത്ത് റൂമിലേക്ക് നടന്നു.
****** ****** ******
ഈ സമയം റൂമിലേക്ക് സാധനങ്ങലും എടുത്ത് ആവണിയുടെ അച്ഛൻ വേണുവും അമ്മ അരുന്ധതിയും വന്നു.
"കണ്ണാ മോള് ഇതു വരെ എഴുന്നേറ്റില്ലേ?"
"ഇല്ല ചെറിയച്ചാ." സന്ദീപ് മറുപടി പറഞ്ഞു.
"മോനെ അച്ഛൻ ഇങ്ങോട്ടു വരമെന്നാ പറഞ്ഞത്. നിന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞു. ഞാൻ ഒന്ന് പുറത്തു പോയി വരാം." വേണു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ആവണി എഴുന്നേറ്റു.
"മോള് എഴുന്നേറ്റോ? ഇപ്പോൾ എങ്ങനുണ്ട്? "
"എനിക്ക് കുഴപ്പമൊന്നുമില്ല. വേദന ഇപ്പോൾ തോന്നുന്നില്ല."
"എന്നാൽ അച്ഛനിപ്പോൾ വരാം."
"വേണു ഏട്ടാ ഞാനും വരുന്നു. നഴ്സ് അങ്ങോട്ട് ചെല്ലാൻ പറഞ്ഞിരുന്നു."
അവര് രണ്ടു പേരും പേരും പുറത്തേക്ക് പോയി.
അജിത്തിനെ കണ്ടപ്പോൾ സന്ദീപ് ചോദിച്ചു
"എന്താഡാ നീ ഇത്രയും വൈകിയേ?"
"വൈകിയൊന്നുമില്ല. പിന്നെ ബസ്സ് കിട്ടി ഇവിടെ എത്തണ്ടെ. അല്ല എങ്ങനുണ്ട് കാന്താരിക്ക്?"
"ഇരിക്കുന്നത് കണ്ടില്ലേ നീ തന്നെ ചോദിക്ക്"
ആവണി മുഖം വീർപ്പിച്ചു സന്ദീപിനെ ഒന്നു നോക്കി.
"എന്താ പറ്റിയെ ആവണി?" അജിത്ത് ചോദിച്ചു
"ഞാൻ ഒരു പഴത്തൊലി ചവിട്ടി പോയതാ അത്രേ ഉള്ളൂ."
സന്ദീപും അജിത്തും പരസ്പരം ഒന്നു നോക്കി. രണ്ടുപേരും ചിരിച്ചു.
"പഴത്തൊലി ചവിട്ടി വീണ ആരെങ്കിലും കാലിന് പ്ലാസ്റ്ററിടുമോ?"
ഒരു ചിരിയോടെ അജിത് അതു ചോദിച്ചപ്പോൾ മറുപടി പറഞ്ഞത് സന്ദീപായിരുന്നു.
"എടാ അവള് സ്വപ്നം കണ്ടു റോഡ് ക്രോസ്സ് ചെയ്തതാ. കട്ട് റോഡ് ആയതുണകൊണ്ടു ജീവൻ തിരിച്ചുകിട്ടി. അല്ലെങ്കിൽ വല്ല പാണ്ടി ലോറിയും കയറിയേനെ. വളവ് തിരിഞ്ഞു വന്ന ഒരു ബൈക്ക്കാരൻ തട്ടിയിട്ടു. തെറിച്ചു വീണപ്പോൾ പോസ്റ്റിൽ കാലടിച്ചു. അതാ ഉണ്ടായത്."
ആവണി തലകുമ്പിട്ടിരുന്നു. എടാ കണ്ണേട്ടാ നിനക്ക് ഞാൻ വെച്ചിട്ടുണ്ട് അവള് മനസ്സിൽ പറഞ്ഞൂ
ആവണിയുടെ ഭാവങ്ങൾ കണ്ടപ്പോൾ അജിത്തിനു ചിരി വന്നു.
"നീയെന്താടാ ചിരിക്കുന്നെ?"
"ഒന്നൂല്ല ബോസ്സ്."
ആവണി സഹിക്കേട്ട് സന്ദീപിനോട് പറഞ്ഞു.
"എടാ ദുഷ്ട കണ്ണേട്ടാ നീ എന്തിനെനിക്കിട്ടു പണിയുന്നെ. ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല. കണ്ടില്ലേ അജിതേട്ടൻ എന്നെ കളിയാക്കുന്നെ."
"എടി മോളെ നീ അവനെയിട്ടു വട്ടു കളിപ്പിക്കാണെന്നു എനിക്കറിയാം. അവൻ ഒരു പവമായത് കൊണ്ടാ ഒന്നും പറയാത്തെ "
"എന്താ നിങ്ങള് അങ്ങളെയും പെങ്ങളും കൂടി അവൻ, സ്വപ്നം എന്നൊക്കെ പറയണത്? "
അജിത്തിന്റെ ചോദ്യം കേട്ടപ്പോൾ സന്ദീപ് പറഞ്ഞു.
"എടാ ഇവൾക്ക് ഒരു ചെറുക്കനോട് ഒടുക്കത്തെ പ്രേമമാണ് എന്നാൽ ഇവളത് പറയുകയും ഇല്ല അവനെക്കൊണ്ടു പറയിപ്പിക്കുകയും ഇല്ല."
"അപ്പോൾ അതാണല്ലെ കോളേജിൽ നിങ്ങൾ ആങ്ങളെയും പെങ്ങളുമാണെന്നു ആരോടും പറയാത്തത്."
"അത് ഇവൾക് അവിടെ ഫ്രീഡം പോകും എന്ന് പറഞ്ഞതോണ്ടാ. നമ്മടെ കക്ഷി പുറത്താണ്. കോളേജിൽ അല്ല."
പെട്ടന്ന് അജിത് സൈലന്റ് ആയി. അപ്പോൾ ചന്ദ്രു. അവൻ മനസിൽ ഓർത്തു..