നീയും ഞാനും ♥️ പാർട്ട്‌ 3

Valappottukal


രചന: ജിംസി

വണ്ടി ഒതുക്കി വെച്ചു അവളുടെ അടുത്തേക്ക് ചെന്നപ്പോഴാണ് ചിരിച്ച മുഖവുമായി അവൾ ചേച്ചി എന്ന് വിളിച്ചു വണ്ടിയിൽ നിന്നും ഇറങ്ങിയത്......

ആ... വന്നോ... നിന്നെ കാണാൻ ഇല്ലാലോ എന്ന് പറയാരുന്നു ഞാനും അച്ഛനും.... തൊട്ട് അടുത്ത കടയിൽ പോയി വരാൻ ഇത്രേം നേരം എന്തിനാ എടുത്തേ.....

അതുല്യ അത് പറഞ്ഞതും അനു അവളുടെ കൈ മുട്ട് അവൾക്ക് നേരെ കാണിച്ചു....

 അനന്യയെ അനു എന്നാണ് അവരെല്ലാവരും വിളിക്കാറ്....

ദേ... ഇത് കണ്ടോ ചേച്ചി....
കൈ മുട്ടിലെ തൊലി ഉരഞ്ഞു കുറച്ചു രക്തം പൊടിഞ്ഞിട്ടുണ്ട്.....
അയ്യോ... ഇത് എന്തുപറ്റി? നീ വണ്ടിയിൽ നിന്നും വീണോ?

അവൾ വെപ്രാളത്തോടെ കാര്യം തിരക്കി... അപ്പോഴേക്ക് അച്ഛനും താഴെയുള്ള അശ്വതി എന്ന അച്ചുവും ഉമ്മറകോലയിലേക്ക് എത്തിയിരുന്നു.....

എന്താ കുഞ്ഞേച്ചിക്ക് പറ്റിയത്? അച്ചുവും അവളുടെ കയ്യിൽ പിടിച്ചു നോക്കി കൊണ്ട് ചോദിച്ചു....

ഹൊ.... നിങ്ങൾ രണ്ടും കൂടി ഇനി അച്ഛനെ കൂടി പേടിപ്പിക്കാതെ..... എനിക്ക് ഒന്നും ഇല്ലന്നെ..... ഒരു മരപ്പട്ടി വന്ന് വണ്ടിക്ക് മുമ്പിൽ ചാടിയതാ....
അവൾ ഒരു നിമിഷം പ്രണവിന്റെ മുഖം ഒന്നോർത്ത് പറഞ്ഞു....

ഏഹ്.... മരപ്പട്ടിയോ...? അച്ഛൻ പരിഭ്രമിച്ചു...

എന്നിട്ട് എന്റെ കുട്ടിക്ക് വേറൊന്നും പറ്റിയില്ലല്ലോ?
അച്ഛൻ അവളെ മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു കൊണ്ട് ചോദിച്ചു....

ഇല്ലന്നേ.....ദേ ചെറുതായി ഒന്ന് കയ്യ് ഉരഞ്ഞിട്ടുണ്ട് അത്രേം ഉള്ളു... എനിക്ക് വിശന്നിട്ടു വയ്യ... രാവിലെ ഒന്നും കഴിക്കാണ്ടല്ലേ പോയത്... 

അവൾക്ക് വല്ലാതെയങ്ങു വയറു ആളി കത്താൻ തുടങ്ങി.. 

നീ അകത്തേക്ക് വാ.....ചേച്ചി ചോറെടുത്ത് വെക്കാം... 
അത് പറഞ്ഞ് അതുല്യ അടുക്കളയിലേക്ക് പോയി...അനു ബാഗിൽ നിന്നും പച്ചക്കറി വിറ്റ ക്യാഷ് എടുത്ത് അച്ഛന് കൊടുത്തു...
ശേഷം പിന്നാമ്പുറത്തേക്ക് ചെന്ന് ടാപ് തുറന്ന് മുഖവും കാലെല്ലാം നന്നായി കഴുകി.. കയ്യിൽ തൊലി പോയിടത്തു വെള്ളമായപ്പോൾ ചെറിയൊരു നീറ്റൽ അവളെ വന്നു പൊതിഞ്ഞു.....

ഹമ്മേ.... എന്തൊരു നീറ്റൽ... അവൾ കയ്യ് മുട്ട് ഊതികൊണ്ട് തൊട്ട് അടുത്ത അയയിൽ നിന്നും തോർത്തെടുത്തു,  മുഖവും കയ്യും ഒക്കെ പതിയെ ഒപ്പിക്കൊണ്ട് തോർത്ത്‌ തിരികെ അയയിൽ വിരിച്ചിട്ടു....

അതേ.... ശരിക്കും മരപ്പട്ടിയാണോ അതോ കുഞ്ഞേച്ചി  സ്പീഡിൽ  പോയി എവിടേലും പോയി വീണതാണോ?

അച്ചു ഒരു കള്ള ചിരിയോടെ അനുവിനെ നോക്കി....

ഒന്ന് പോയെടി അവിടന്ന്..... പിന്നെ ഞാൻ സ്പീഡിൽ പോയിട്ടൊന്നും ഇല്ലാ.... ഇത് മരപ്പട്ടി തന്നാ...... ഭാഗ്യത്തിന് വേറൊന്നും പറ്റിയില്ല.... 
അനു ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു 

ഉം.... ദൈവത്തിനറിയാം...!! അച്ചു അത് പറഞ്ഞ് പിന്തിരിഞ്ഞു നടന്നു....

എടി അച്ചുവേ.... ന്തായി നമ്മുടെ ചേച്ചി പെണ്ണിന്റെ പെണ്ണുകാണൽ...? ഞാൻ അത് ചോദിക്കാൻ മറന്നു..... 

ഹാ... കുഞ്ഞേച്ചി.... നല്ല ചേട്ടനാ...നമ്മുടെ ചേച്ചിക്ക് ചേരും....ചേച്ചിക്കും ആ ചേട്ടനും പരസ്പരം ഇഷ്ടമായിട്ടുണ്ട്.....ആ ചേട്ടൻ വീട്ടുകാരെ കൂട്ടി വരാമെന്ന് പറഞ്ഞിട്ടാ പോയത്......

ചേച്ചിയുടെ കല്ല്യാണം എന്ന് കേൾക്കുമ്പോൾ ഒരു സന്തോഷം ഉണ്ട്... അതിനു പുറമെ വിഷമവും....അമ്മയില്ലാത്ത കുറവ് നികത്തി അമ്മയെ പോലെ തന്നെയും അനിയത്തിയെയും ഇതുവരെയും നോക്കിയ ചേച്ചി....

കല്യാണത്തോടെ ഞങ്ങളിൽ നിന്നും ചേച്ചി അകന്നു പോകും എന്ന തിരിച്ചറിവിൽ അനുവിന്റെ മനസൊന്നു കൊളുത്തി വലിക്കും പോലെ തോന്നി....

രുചിയുള്ള ഭക്ഷണവും രാത്രിയിലെ മൂന്നു പേരും ഒരുമിച്ചുള്ള കിടപ്പും ഒരുമിച്ച് ഇരുന്ന് പഠിക്കുന്നതും അടുക്കള ജോലി പങ്കിട്ടു,  പാട്ടു വെച്ചു നൃത്തം ചെയ്യുന്നതും എല്ലാം ഒരു തിരശീല കണക്കെ അവളുടെ കൺകോണിൽ പെട്ടെന്ന് മിന്നി മാഞ്ഞു പോയി.....

അല്ല... നീ വരുന്നില്ലേ കഴിക്കാൻ.... വിശക്കുന്നു എന്ന് പറഞ്ഞിട്ട് ഞാൻ എല്ലാം മേശ പുറത്തു എടുത്തു വെച്ചിട്ടുണ്ട്.... വന്നു കഴിക്ക്.....

ചേച്ചിയുടെ വിളിയാണ് അവളുടെ ആലോചനകൾക്ക് മീതെ കടിഞ്ഞാണിട്ടത്.....

ദാ വരുന്നൂടി ചേച്ചി....

അവൾ മേശപ്പുറത്തിനു അടുത്തു  കിടന്ന കസേര വലിച്ചിട്ട്‌ അതിലോട്ടു ഇരുന്ന് പകർത്തി വെച്ച പ്ലേറ്റിലെ ചോറ് എടുത്ത് ദൃതിയിൽ കഴിച്ചു...

ആഹാ എന്തൊരു ടേസ്റ്റ്... പറമ്പിലുണ്ടായ ചക്ക കൊത്തുമുളക് നന്നായി ഇട്ട് കാച്ചിയതും പരിപ്പ് കറിയും കൂട്ടി അവൾ ആസ്വദിച്ച് ചോറുണ്ടു....

നിങ്ങൾ എല്ലാവരും കഴിച്ചോ അച്ചു.... അവൾ കഴിക്കുന്നത്‌ നോക്കി ഇരിക്കുന്ന അച്ചുവിന്റെ നേർക്കു തിരിഞ്ഞ്  ചോദിച്ചു.....

ഞങ്ങൾ കഴിച്ചതാ.... കുഞ്ഞേച്ചി  കഴിക്ക്.....അച്ചു അത് പറഞ്ഞ് മുറിയിലേക്ക് പോയി...

ആഹ്... പിന്നെ ഇവിടെ ഒരാള് പെണ്ണുകാണൽ കഴിഞ്ഞിട്ട് എന്നോടൊന്നും പറഞ്ഞില്ല വിശേഷങ്ങൾ.....

ഭക്ഷണം ഇറക്കുന്നതിനിടെ അടുക്കളയിലേക്ക് ഒന്ന് നീട്ടി വിളിച്ച് കൊണ്ട് അനു പറഞ്ഞു....

ഒരു ചിരിയോടെ അതുല്യ അടുക്കളയിൽ നിന്നും അവളുടെ അടുത്തേക്ക് എത്തി.... 

എന്താ... എന്നോട് ഒന്നും പറഞ്ഞില്ലലോ.... വന്ന കൂട്ടരുടെ വിശേഷം....?

അവസാന  ഉരുളയും കഴിച്ചു ഏണിക്കുന്നതിനിടെ അൽപ്പം പരിഭവം നടിച്ച് അവൾ പറഞ്ഞു.....

അച്ചു നിന്നോട് പറയണ ഞാൻ കേട്ടല്ലോ.... അവൾ പറഞ്ഞത് തന്നെ.... വീട്ടുകാരുമായി ആള് വരാമെന്ന് പറഞ്ഞു... പക്ഷേ... എനിക്ക് ഇപ്പൊ ഒരു സമാധാനം ഇല്യ....

അവളുടെ മുഖത്തെ ശോഭ പല ആകുലതയിൽ മങ്ങി പോയിരുന്നു.....

എന്താ ചേച്ചി.... കല്യാണചിലവ് ഓർത്തിട്ടാണോ? അതിനൊക്കെ ഞാനും അച്ഛനും ഒരു വഴി കണ്ടിട്ടുണ്ട്.... അനു എന്തൊക്കെയോ തീരുമാനിച്ച മട്ടിലെന്നോണം പറഞ്ഞു...

നീ എന്താ പറയണേ അനു...കല്ല്യാണം എന്ന് പറയുന്നത് അത്ര എളുപ്പമല്ല...നമ്മുടെ കയ്യിൽ ഒന്നുമില്ല... ഒന്നും വേണ്ടെന്നു ചെക്കൻ വീട്ടുകാർ പറഞ്ഞാലും കല്യാണ ചിലവിനും വസ്ത്രം എടുക്കാനും ഒക്കെ എന്തേലും വേണ്ടേ?

ചേച്ചി ഒന്ന് സമാധാനപ്പെട്..... ആ ചേട്ടന്റെ വീട്ടുകാർ വരട്ടെ ആദ്യം..

അനു  കയ്യിലുള്ള പ്ലേറ്റ് കഴുകി തിണ്ണയിൽ കമിഴ്ത്തി വെച്ച് മുറിയിലേക്ക് പോയി....
കൈയിൽ കിട്ടിയ മൂവായിരം രൂപയെ ഒന്ന് നോക്കി അവൾ അലമാര തുറന്ന് അതിനകത്തെ കുഞ്ഞു കള്ളിയിലേക്ക് വെച്ചു...

ട്യൂഷൻ എടുത്ത് കിട്ടുന്നതിൽ നിന്നും കുറച്ചു എല്ലാ മാസവും അവൾ മാറ്റി വെക്കുന്നത് തന്റെ ചേച്ചിക്ക് ഒരു തരി പൊന്നെങ്കിലും വാങ്ങിക്കാനാണ്... ആ പണത്തിനോടൊപ്പം കയ്യിൽ കിട്ടിയ മൂവായിരം ചേർത്ത് വെച്ചപ്പോൾ പെട്ടെന്ന് അവൾക്ക് അവളോട് തന്നെ അറിയാതെ പുച്ഛം തോന്നി പോയി.....

ആദ്യത്തേത് സ്വയം അധ്വാനിച്ചു കിട്ടിയ പണമെങ്കിൽ ഇപ്പൊ താൻ അതിനോട് ചേർത്ത് വെച്ചത് ഒരാളെ പറ്റിച്ച പണം തന്നെയാണ്... 

താൻ ചെയ്തത് ഒട്ടും ശരിയല്ലെന്ന കുറ്റബോധം അവളെ വീർപ്പുമുട്ടിക്കും പോലെ തോന്നി.... 
ഇന്നുവരെയും ആരെയും പറ്റിച്ചും പിടിച്ച് പറിച്ചും ഒന്നും താൻ നേടിയെടുക്കാൻ ശ്രമിച്ചിട്ടില്ല... ആ താനാണ് ഇപ്പൊ പൈസക്ക് ആക്രാന്തം മൂത്ത് ഒരുത്തനെ പൊതു റോഡിൽ വെച്ച് അപമാനിച്ചത്....

ഒരു കണക്കിന് തന്റെ വണ്ടിയുടെ വേഗത തന്നെയായിരുന്നില്ലേ... ഇന്നത്തെ ആ കൂട്ടിയിടിക്കലിന് കാരണം.... തന്റെ ഭാഗത്തെ തെറ്റ് ആരും ശ്രദ്ധിക്കാത്തത് കൊണ്ടോ എന്തോ തന്റെ  വാക്സാമർത്യത്തിൽ അയാൾ  ചോദിച്ച പൈസ തന്നു....

മുറിയിലെ ഫാൻ ഓൺ ചെയ്ത് അവൾ ഡ്രസ്സ്‌ പോലും മാറാതെ കിടക്കയിലേക്ക് വീണു....

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

മുറ്റത്തേക്ക് അടുക്കുന്ന അവന്റെ ബുള്ളറ്റിന്റെ കിടുകിടാ ശബ്ദം കേട്ടു കൊണ്ടാണ് അമ്മ ഉമ്മറത്തേക്ക് വന്ന് എത്തി നോക്കിയത്....

ആ എത്തിയോ... കൂട്ടുകാരൻ എന്തിയെ... വീട്ടിലാക്കിയോ അവനെ?

ഉം..... കനത്തിലൊന്നു മൂളിക്കൊണ്ട് 
അവൻ വണ്ടി ഒതുക്കിയിട്ട് മുഖം അൽപ്പം കനം പിടിച്ച് അകത്തേക്ക് നടന്നു... 

അല്ല... ഇത് ന്താ കടന്നല്ല് കുത്തിയമാതിരി മുഖം വീർപ്പിച്ചു പോയേക്കുന്നെ... എടാ.... പ്രണവ്.... നിക്കടാ....

ഉം... ന്താ അമ്മ.................
അവന് കയ്യിലുള്ള ക്യാഷ് അവൾക്ക് കൊടുത്തതിന്റെ അമർഷത്തിൽ സ്വരം കടുപ്പിച്ചായിരുന്നു ആ പറച്ചിൽ.....

ഹൊ... എന്റെ ചെവി.... എനിക്ക് കേൾക്കാം...എന്തായിടാ പോയ കാര്യം... പെണ്ണിന് നിന്നെ പിടിച്ചില്ലേ അതോ നിനക്ക് കുട്ടിയെ പിടിച്ചില്ലേ.....?

കാര്യം അറിയാൻ  മുഖത്തേക്ക് നോക്കിയിട്ടും ഒരു മിണ്ടാട്ടാവും ഇല്ലാതെ നിൽക്കുന്ന കണ്ടിട്ടാണ് പ്രവീൺ കടല കൊറിച്ചു കൊണ്ട് അവർക്ക് ഇടയിലേക്ക് വന്നത്.....

അപ്പൊ ഇതും സെറ്റ് ആയില്ല എന്ന് വേണം കരുതാൻ..... ഓഹ് ഗോഡ്... ഇങ്ങേരുടെ കെട്ടു കഴിയണ നോക്കി ഇരുന്ന് എനിക്ക് പ്രായം കൂടി പോവോ....

ദേ.... മിണ്ടാണ്ട് നിന്നോണം.... അങ്ങനെ ഇപ്പൊ മോന് പ്രായം ഒന്നും കൂടി വിഷമിക്കണ്ട വരില്ല.... ഇന്ന് കണ്ട കുട്ടി ഓക്കേ ആണ്..ഞങ്ങൾക്ക് പരസ്പ്പരം ഇഷ്ടപ്പെട്ടു... വീട്ടുകാരെ കൂടി കൊണ്ട് വരാം എന്ന് പറഞ്ഞിട്ടാ ഞാൻ അവിടെ നിന്ന് പോന്നത്...

ഹാ... എന്നിട്ടാണോ നിന്റെ മുഖത്ത് ഒരു തെളിച്ചവും ഇല്ലാത്തത്.....ഇത് സന്തോഷം ഉള്ള കാര്യം അല്ലേ.... നിന്റെ കല്ല്യാണം കാണാനാ ഞങ്ങൾ കാത്തിരിക്കുന്നത്... 
പരസ്പ്പരം രണ്ട് പേർക്കും ഇഷ്ടമായി എന്ന് കേട്ടപ്പോൾ തന്നെ അമ്മയുടെ ഉള്ളൊന്ന് തണുത്തു...

വന്ന വഴിയിലെ ഇൻസിഡന്റ് പറയണോ വേണ്ടയോ എന്ന ചിന്തയിൽ അവൻ അവിടെ തട്ടിയും മുട്ടിയും നിന്നപ്പോഴാണ് അമ്മ കാര്യം തിരക്കിയത്....

പിന്നെ അവൻ പറയാമെന്നു വിചാരിച്ചു...

വരുന്ന വഴിയിൽ ചെറിയ സീൻ ഉണ്ടായി... ഒരു പെണ്ണ് വണ്ടിക്കു മുന്നിൽ വട്ടം ചാടി... കയ്യിൽ ചെറിയൊരു പൊട്ടൽ ഉള്ളൂ... എന്നിട്ട് അവൾക്ക് ഹോസ്പിറ്റലിൽ പോണം ക്യാഷ് വേണം എന്നൊക്കെ നാട്ടുകാരുടെ മുമ്പിൽ വെച്ച് ഒരു ഷോ കാണിച്ചു....അവൾ.... ആ വായാടി എന്റെ കൈയിൽ നിന്ന് രൂപ മൂവായിരം പിടിച്ചു വാങ്ങി....... അവളെ ഒറ്റക്ക് കിട്ടിയാൽ ഉണ്ടല്ലോ..നല്ല രണ്ട് ഡയലോഗ് അടിക്കണം.... 
പ്രണവ് മുഷ്ടി ചുരുട്ടി അത് പറയുമ്പോൾ പ്രവീൺ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു....

ചേട്ടൻ അല്ലാതെ ആരേലും ക്യാഷ് എടുത്ത് കൊടുക്കോ... അവളുമാരുടെ ഒക്കെ നമ്പറാണ് ഓരോ ഉടായിപ്പ് പറഞ്ഞ് ക്യാഷ് വാങ്ങിക്കാൻ... ഹാ ന്തായാലും പോയത് പോയി...

മതി... ഇനി ഇപ്പൊ അതോർത്തു വിഷമിക്കണ്ട... എന്തായാലും നമുക്ക് പെണ്ണിന്റെ വീട്ടിൽ ഉടനെ പോകണം... കാര്യങ്ങൾക്ക് ഒക്കെ ഒന്ന് സ്പീഡ് ആക്കണം...
പിന്നെ പെണ്ണിനെ പെറ്റി കൂടുതൽ ഒന്നും ഞാൻ ചോദിച്ചില്ല....വീടും വീട്ടുകാരും ഒക്കെ എങ്ങനെ ഉണ്ടെടാ കണ്ടിട്ട്..?
അമ്മ ഇടയിൽ കയറി ചോദിച്ചു 

അവളുടെ വീട്ടിലെ സ്ഥിതിഗതികൾ കേട്ട് ഇത് ഇനി വേണ്ടെന്ന് വെക്കുമോ എന്ന ചിന്തയിൽ അവൻ ഒരു നിമിഷം ആലോചനയിലേക്ക് തിരിഞ്ഞു....

എന്താടാ ഒന്നും പറയാത്തെ... നിനക്ക് ചേരുന്ന നിന്നെ സ്നേഹിക്കുന്ന ഒരു നല്ല കുട്ട്യാവണം എന്നേയുള്ളു ഞങ്ങൾക്ക്... ഞാൻ നീ വരും മുന്പേ ബ്രോക്കർ രാഗവട്ടനെ വിളിച്ചിരുന്നു...

കാര്യങ്ങൾ എല്ലാം അറിഞ്ഞു തന്നെയാ അമ്മ ചോദിച്ചത്... സമ്പത്ത് ആവശ്യത്തിന് നമുക്ക് ഉണ്ടല്ലോ...ആ കുട്ടി ഇവിടേക്ക് പൊന്നോ പണമോ ഒന്നും കൊണ്ട് വരണ്ട... സ്ത്രീ തന്നെയാ ധനം... അവൾക്ക് കല്യാണത്തിന് ഇടാനുള്ള പൊന്നൊക്കെ ഈ അമ്മ കൊടുത്തോളം... എനിക്കുള്ളത് എന്റെ മക്കൾക്ക് തന്നെയല്ലേ....?
ഒട്ടും പ്രതീക്ഷിക്കാതെയുള്ള അമ്മയുടെ വാക്കുകൾ അവന്റെ ഉള്ളിൽ സന്തോഷത്തിന്റെ വലിയ കണിക തന്നെ നിറച്ചു....

അതേ... കുറച്ചു പൊന്നൊക്കെ എന്റെ ഭാവി വധുവിനും മാറ്റിവെച്ചേരെ..... എല്ലാം ഈ ചേട്ടൻകാർന്നോർക്ക് കൊടുത്തലുണ്ടല്ലോ... എന്റെ വിധം മാറും.....

പ്രവീണിന്റെ പറച്ചില് കേട്ട് അമ്മ അവന്റെ ചെവിക്ക് പിടിച്ചൊരു തിരി കൊടുത്തു....

ശോ.... വിട് പാർവതിയമ്മേ...... എന്റെ ചെവി..... ഞാൻ ഒന്ന് ജോക്ക് അടിച്ചതല്ലേ?

അവൻ വേദന കൊണ്ട് തകധിമി താളം ചവിട്ടി നിന്നു...

ഇനി മേലാക്കാം ഇവിടെ ഇമ്മാതിരി ആസ്ഥാനത്തു കയറി ജോക്ക് അടിക്കരുത്... ഹൊ പിന്നെ നീ ഇപ്പോൾ നാളെ കെട്ടാൻ പോവല്ലേ? മര്യാദക്ക് എം ബി എ എടുത്ത് നല്ലൊരു ജോലിക്ക് കയറിക്കോളണം....

അമ്മ അവന്റെ ചെവിയിലെ പിടുത്തം അയച്ചു.. അവൻ ഒന്നും പറയാതെ ചെവി തിരുമ്മി കൊണ്ട് പ്രണവിനെ ഒന്ന് നോക്കി കൊണ്ട് കോണിപടികൾ ഓരോന്നും കേറി പോയി....

അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോ കാര്യങ്ങൾ എല്ലാം സംസാരിക്കാം..ഇപ്പൊ നീ പോയി ഒന്ന് ഫ്രഷ് ആയി വാ... ഞാൻ കഴിക്കാൻ എടുക്കാം...
പ്രണവിനോട് അത് പറഞ്ഞ് അമ്മ അകത്തേക്ക് പോയി...
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
രാത്രിയിൽ മൂവരും കെട്ടിപിടിച്ചു ചെറിയ കട്ടിലിൽ ചേർന്നുറങ്ങുമ്പോൾ അതുല്യ മാത്രം അവനെ ഓർത്ത് കിടക്കുകയായിരുന്നു....

അവന്റെ ഓരോ സംസാരവും ചിരിയും ഭാവവും എല്ലാം മുഖത്ത് ഒരു പുഞ്ചിരി വിടർത്തി എങ്കിലും വരാൻ പോകുന്ന, അവളെ ആ വീട്ടിൽ നിന്നും ഒരു വധുവിനെ പോലെ പടിയിറങ്ങി പോകുന്ന ചിത്രം വല്ലാത്തൊരു അസ്വസ്ഥത അവളിൽ ഉളവാക്കി.....

ഓരോന്നും ചിന്തിച്ച് എപ്പോഴോ നിദ്രയിലേക്ക് വഴുതി വീനിരുന്നു അവൾ....

പുതിയൊരു പ്രഭാതം ഉണർന്നപ്പോൾ സൂര്യ രശ്മികളുടെ വെളിച്ചം അങ്ങിങ്ങായി പരക്കുമ്പോഴേക്കും അതുല്യ ഉറക്കമുണർന്നിരുന്നു....

രാവിലെ തന്നെ ഫ്രഷ് ആയി അടുക്കളയിൽ കയറി തലേ ദിവസം അടുപ്പിന് മേലെ ഉണങ്ങാൻ ഇട്ട കുറച്ചു വിറകെടുത്തു അടുപ്പിലേക്ക് തിരുകി വെച്ച് തീ കത്തിച്ചു....

ശേഷം ചായക്ക് പാത്രത്തിൽ വെള്ളം വെച്ച് തൊട്ട് അടുത്തുള്ള അടുപ്പിൽ ചോറിനു വെള്ളം നിറച്ച കലവും കയറ്റി വെച്ചു...
അപ്പോഴേക്ക് അനു എണിറ്റു വന്നിരുന്നു...

ചേച്ചി.... ഗുഡ് മോർണിംഗ്.... കയ്യൊക്കെ ഒന്ന് ഉയർത്തി പൊക്കി അവൾ സ്വയം ഒന്ന് ഉഷാറാവൻ നോക്കി....

ഗുഡ് മോർണിംഗ് അനു... വേഗം പല്ലെച്ചു വാ... ചായ ആയി.... നേരം ഇല്ലന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാതെ കോളേജിലോട്ട് ഓടാൻ ഇന്ന് ഒക്കില്ല കേട്ടോ   ........

അരി കഴുകുന്നതിനു ഇടയിൽ അവളെ ഇടക്കിട്ട് നോക്കി അവൾ പറഞ്ഞു...

ഹോ... ഞാൻ കഴിച്ചോളാം.... ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം....ഞാൻ വന്നിട്ട് കറി വെക്കാം... കേട്ടോ....

ഉം... ആയിക്കോട്ടെ...

അനു ഫ്രഷ് ആവാൻ പോയതോടെ അതുല്യ ചോറിനു അരിയും ഇട്ട് ഇളക്കി മുറ്റം അടിക്കാനായി പോയി....

മുറ്റം അടിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ അച്ഛൻ എണിറ്റു വന്നിരുന്നു....

അച്ഛാ... എണീറ്റോ...ഞാൻ ഇപ്പൊ ചായ എടുക്കാം.....
അവൾ മുറ്റം വൃത്തിയാക്കുന്നതിനു ഇടയിൽ ഒന്ന് നിവർന്നു ചോദിച്ചു....

വേണ്ട മോളെ.... ഞാൻ പോയി എടുത്തോളാം.... മോള് ചെയുന്ന പണി ചെയ്തോ..... 
അച്ഛൻ അല്ലേലും അങ്ങനെയാണ്... ചായ ആയാലും ഭക്ഷണം ആയാലും സ്വയം എടുത്ത് കഴിച്ചോളാം എന്ന് പറഞ്ഞ് മക്കൾ ആരെയും അതിനു വേണ്ടി വിളിക്കാറില്ല....

കഴിച്ച പാത്രം തന്നെ സ്വയം കഴുകി വെക്കണം എന്നാണ് അച്ഛന്റെ ഒരു മനോഭാവം.... എനിക്ക് ആരോഗ്യം ഉള്ളിടത്തോളം ചെയ്യാൻ പെറ്റുന്നത് ഒക്കെ ചെയ്യണം എന്ന് അച്ഛൻ പറയാറുള്ളത് അവൾ വെറുതെ ഓർത്തു...

ഓഫീസിലും കോളേജിലും പോകും മുന്പേ അനു തയ്യാറാക്കിയ സാമ്പാറും  തേങ്ങ ചമ്മന്തിയും അതുല്യ ഉണ്ടാക്കിയ ചൂട് ദോശയും എല്ലാം കഴിച്ചു പോകാനായി റെഡി ആയിരുന്നു...

അച്ചുവും വെക്കേഷൻ എല്ലാം കഴിഞ്ഞു യൂണിഫോം ഇട്ട് പോകാൻ ഒരുങ്ങുകയാണ്....
ഓഫീസും കോളേജും രണ്ട് റൂട്ടിലയൊണ്ട് അതുല്യ തൊട്ടു അടുത്ത് ഉള്ള ബസ് സ്റ്റോപ്പിൽ നിന്ന് ബസ് കയറി പോകും...

അനു തന്റെ പഴയ സ്കൂട്ടറിൽ കോളേജിലേക്കും പോകുന്നതാണ് പതിവ്...
സ്കൂൾ തുറക്കുന്ന ടൈമും ജോലിക്കാരുടെ തിരക്കും കൂടി ആയപ്പോൾ വളരെ സമയം എടുത്താണ് അനുവിന്റെ സ്കൂട്ടർ നീങ്ങുന്നത്....

തട്ടിയും മുട്ടിയും നിന്ന് കോളേജ് എത്താൻ അല്പസമയം ബാക്കിയുള്ളപ്പോഴായിരുന്നു അവൾ വണ്ടിയെടുത്ത് ഇറങ്ങിയത്...

അതിനിടയിൽ സിഗ്നലിലും പെട്ട് അവൾ കുഴങ്ങി പോയിരുന്നു.....പിന്നിൽ നിന്നും മുന്നിൽ നിന്നും ഹോണടികളുടെ പല താളങ്ങളും അവിടമാകെ ഉയർന്നു പൊങ്ങിയിരുന്നു...  
ചെ... ഇന്നും താൻ എത്താൻ വൈകും... ഫസ്റ്റ് പീരിയഡ് ആണേൽ ഗോപൻ സാറും... കുഴഞ്ഞല്ലോ ഈശ്വരാ.....

അവൾ മനസ്സിൽ ഒന്ന് പിറുപിറുത്ത് നിന്നപ്പോഴേക്കും സിഗ്നൽ മാറി വണ്ടി വീണ്ടും മുന്നോട്ടു എടുത്തു...
പത്തു മിനിറ്റ് കഴിഞ്ഞതും അവളുടെ വണ്ടി ചെറിയൊരു സൗണ്ടോടെ ഓഫായി പോയിരുന്നു....

ചെ...പണി തന്നല്ലോ നീ.... ഇപ്പൊ തന്നെ വേണായിരുന്നോ നിനക്ക് ഓഫാകാൻ......

അവൾ വണ്ടിയിൽ നിന്നും ഇറങ്ങി പുലമ്പി കൊണ്ട് റോഡിനോരം ചേർന്ന്  വണ്ടി ഒതുക്കിയിട്ടു...

ഇനി ഇപ്പൊ ഓട്ടോ വിളിച്ചു പോകുകയേ നിവർത്തി ഉള്ളല്ലോ.... തിരക്കിട്ട ചീറി പാഞ്ഞു വരുന്ന റോഡിലേക്ക്  ഓട്ടോ നോക്കി അവൾ  നിന്നു....

അവൾ റോഡ് സൈഡ് നിൽക്കുന്നത് കണ്ടിട്ടാണ് ജോലിക്കായി ഇറങ്ങിയ പ്രണവ് അവളുടെ അടുത്തേക്ക് കൊണ്ട് പോയി വണ്ടി നിർത്തുന്നത്....

ഹലോ.....എന്താ പാട്ട സ്കൂട്ടർ പണി തന്നോ?

അവനെ ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോൾ അവൾ ഒരു ചമ്മലോടെ നിന്നു.... Click here for next part
To Top