ടേക്ക് ഓഫ്, ഭാഗം-3

Valappottukal


രചന: സജി തൈപ്പറമ്പ്.


ഗൾഫുകാരൊക്കെ നാട്ടിലെത്തീട്ടുണ്ടെന്ന് ഞങ്ങളറിഞ്ഞായിരുന്നു ,

എപ്പോഴാണാവോ ഈ പാവപ്പെട്ടവരുടെയൊക്കെ വീട്ടിലോട്ടൊന്ന് വരുന്നത്?


കല്യാണദിവസം, സതീശൻ്റെയൊപ്പം മുഹൂർത്ത സമയത്ത് എത്തിയ ജമന്തിയുടെ ചോദ്യം കേട്ട് ശാലിനിക്ക് അവളോട് ഈർഷ്യ തോന്നി.


പണ്ടേ അവളങ്ങനെ തന്നെയാ

ഒരുതരം മുന വച്ചുള്ള സംസാരം ,പക്ഷേ ഇപ്പോൾ അവളുടെ നിലവാരത്തിൽ പ്രതികരിക്കേണ്ട സാഹചര്യമല്ല,

സംയമനം പാലിച്ച് കൊണ്ട് ശാലിനി ,അവളെ നോക്കി ഒന്ന് മന്ദഹസിച്ചു.


ഇന്നലെ വന്നപ്പോൾ ഒരു പാട് രാത്രിയായി ജമന്തീ.. ഇന്ന് കല്യാണത്തിരക്കൊന്ന് കഴിഞ്ഞിട്ട് അങ്ങോട്ടേയ്ക്കിറങ്ങണമെന്ന് കരുതിയിരിക്കുവായിരുന്നു,


ചേട്ടന് വരാനൊത്തില്ല ,അല്ലേ ചേട്ടത്തി...


അടുത്ത് നിന്ന സതീശൻ ചോദിച്ചു.


ഇല്ല വന്നില്ല ,അവിടെ ചില ഇഷ്യൂസ് ഉണ്ട് ,ഒക്കെ ഞാൻ സതീശനോട് പറയാം, ഈ ചടങ്ങൊന്ന് കഴിയട്ടെ


ഓഹ് ചേട്ടൻ വന്നില്ലെങ്കിലെന്താ? കാര്യങ്ങളൊക്കെ മംഗളമായി നടന്നാൽ പോരെ ?അല്ലേ ചേടത്തീ ...?


വീണ്ടും ജമന്തിയുടെ വക കുത്ത് വാക്ക്.


ശാലിനി ചിരിച്ച് കൊണ്ട് തലയാട്ടി.


താലികെട്ട് കഴിഞ്ഞയുടനെ എല്ലാവരും സദ്യ കഴിക്കാനുള്ള തിക്കും തിരക്കുമായിരുന്നു.


സദ്യ കഴിച്ചയുടനെ തന്നെ സതീശനും ജമന്തിയും തിരക്കുണ്ടെന്നും പറഞ്ഞ് തിരിച്ച് പോയിരുന്നു


മൂന്ന് മണിക്ക് ശേഷമാണ് ചെറുക്കനും പെണ്ണും ഇറങ്ങിയത്


അത് വരെ ഉള്ളിലെ പിടച്ചിൽ പുറത്ത് കാണിക്കാതെ എല്ലാവരോടും ചിരിച്ച് കൊണ്ട് വിശേഷങ്ങൾ പങ്ക് വയ്ക്കാൻ ശാലിനി നന്നേ പാട് പെടുന്നുണ്ടായിരുന്നു


ഗീതേ.. കുട്ടികളിവിടെ നില്ക്കട്ടെ, ഞാൻ സതീശൻ്റവിടെവരെയൊന്ന് പോയിട്ട് വരാം


ബന്ധുക്കളും അയൽക്കാരുമൊക്കെ പിരിഞ്ഞ് പോയപ്പോൾ തിരക്ക് കുറഞ്ഞ നേരം നോക്കി ശാലിനി ഗീതയോട് പറഞ്ഞു ഇനിയും കാത്ത് നില്ക്കാൻ ശാലിനിക്ക് കഴിയില്ലായിരുന്നു എത്രയും വേഗം അൻപത് ലക്ഷം രൂപ സംഘടിപ്പിച്ച് ഗൾഫിലേക്ക് തിരിച്ച് പറക്കാനായി അവളുടെ മനസ്സ് വെമ്പുകയായിരുന്നു.


ഒരു ഓട്ടോറിക്ഷയിലാണ് സതീശൻ്റെ വീടിന് മുന്നിൽ ശാലിനി വന്നിറങ്ങിയത്


സുരേഷേട്ടൻ എഴുതി കൊടുത്ത മുപ്പത് സെൻ്റിന് ചുറ്റും സതീശൻ മുള്ള് വേലി കെട്ടി അതിര് തിരിച്ചിട്ടുണ്ട്


അല്ലാ ഇതാരാ വരുന്നത് കുട്ടികളെ കൊണ്ട് വന്നില്ലേ?


ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ജമന്തി അകത്ത് നിന്ന് ഇറങ്ങി വന്നു.


ഇല്ല അവരവിടെ വല്യേട്ടൻ്റെ കുട്ടികളുമായിരിക്കുന്നത് കൊണ്ട് ഞാൻ വിളിച്ചില്ല ,സതീശനോട് സീരിസ്സായിട്ട് ഒരു കാര്യം പറയാനുള്ളത് കൊണ്ടാണ് ഞാനിങ്ങോട്ട് വന്നത്


അത് കേട്ട് ജമന്തിയുടെ നെറ്റി ചുളിഞ്ഞു


സതീശേട്ടാ.. ദേ ചേട്ടത്തി വന്നിരിക്കുന്നു,


ആകാംക്ഷ അടക്കാനാവാതെ ജമന്തി അകത്തേയ്ക്ക് നോക്കി വിളിച്ച് പറഞ്ഞു.


ചേട്ടത്തി അകത്തേയ്ക്ക് കയറി വാ ,എന്തിനാ വരാന്തയിലിരിക്കുന്നത്


ഇല്ല സതീശാ .. എനിക്ക് ഇരുന്നാൽ ഇരിപ്പുറയ്ക്കില്ല, ഞങ്ങളൊരു വലിയ പ്രശ്നത്തിൽ പെട്ടിരിക്കുവാ,


എന്താ ചേട്ടത്തീ എന്താ കാര്യം?


ജിജ്ഞാസയോടെ സതീശൻ ചോദിച്ചു.


നിറകണ്ണുകളോടെ ശാലിനി നടന്നതെല്ലാം വിവരിച്ചു.


സുരേഷേട്ടൻ റിലീസായാൽ എത്രയും വേഗം സതീശൻ്റെ ആധാരം തിരിച്ചെടുത്ത് തരാൻ കഴിയും,


ശാലിനി ദൈന്യതയോടെ പറഞ്ഞു


അതിന് ആധാരം ഇവിടെയിരിപ്പില്ലല്ലോ? അല്ലേ സതീശേട്ടാ ...?


തൻ്റെ ഭർത്താവ്, വായ തുറക്കുന്നതിന് മുമ്പ്, ജമന്തി ചാടിക്കേറി മറുപടി പറഞ്ഞു


അത് ശരിയാ ചേട്ടത്തി ,

എൻ്റെ കടയൊന്ന്  വലുതാക്കുന്നതിനായി ഒരു അഞ്ച് ലക്ഷം രൂപ പെട്ടെന്ന് ആവശ്യം വന്നപ്പോൾ ഞാനത് കൊണ്ട് പോയി പണയം വച്ചിട്ടാ പേഴ്സണൽ ലോൺ എടുത്തത്


പെറുക്കി, പെറുക്കി സതീശൻ ,ഒരു വിധം പറഞ്ഞൊപ്പിച്ചു


ഭാര്യയെ സപ്പോർട്ട് ചെയ്യാനായി സതീശൻ കളവ് പറഞ്ഞതാണെന്ന് അവരുടെ രണ്ട് പേരുടെയും ശരീരഭാഷയിൽ നിന്ന് ജമന്തിക്ക് വ്യക്തമായിരുന്നു.


അല്ലെങ്കിൽ തന്നെ അഞ്ച് ലക്ഷം രൂപയ്ക്ക് വേണ്ടി അൻപത് ലക്ഷം മതിപ്പുള്ള വീടിൻ്റെ ആധാരം പണയം വയ്ക്കേണ്ട കാര്യമില്ലല്ലോ? അതിനുള്ള സ്വർണ്ണാഭരണങ്ങളൊക്കെ ജമന്തിയുടെ ദേഹത്ത് തന്നെയുണ്ട്


സതീശൻ്റെയും ജമന്തിയുടെയും മറുപടി കേട്ടപ്പോൾ ശാലിനിക്ക് തൻ്റെ ആത്മവിശ്വാസമെല്ലാം പോയിരുന്നു


ഈശ്വരാ.. ഇനി ആകെയുള്ള പ്രതീക്ഷ നീതുവിൻ്റെ സ്വർണ്ണമാണ്, 


അത് കിട്ടിയാലും ബാക്കി പത്ത് മുപ്പത് ലക്ഷം രൂപ ,എങ്ങനെ കണ്ടെത്തുമെന്ന ചിന്ത ,സതീശൻ്റെ വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ശാലിനിയെ അലട്ടികൊണ്ടിരുന്നു.


അന്ന് രാത്രി ,സുമാത്ത ഫോൺ ചെയ്തപ്പോൾ ഒരു പൊട്ടിക്കരച്ചിലോടെയാണ് ശാലിനി സതീശൻ്റെ വീട്ടിൽ പോയ കാര്യം പറഞ്ഞത്


സാരമില്ല മാം ,വിഷമിക്കേണ്ട എന്തെങ്കിലും വഴി ദൈവം കാണിച്ച് തരും


രണ്ട് ദിവസം കൂടി കഴിഞ്ഞാണ് നീതുവിൻ്റെ ഭർത്താവിൻ്റെ വീട്ടിലേക്ക് അടുക്കള കാണൽ ചടങ്ങിനായി എല്ലാവരും പോയത്


ആൻ്റീ... സുരേഷങ്കിൾ ഇത് വരെ വന്നില്ലാട്ടോ?


ശാലിനിയെ കണ്ടപ്പോൾ നീതു കൊഞ്ചലോടെ അവളെ ചുറ്റിപ്പിടിച്ചു.


വരും മോളേ... പക്ഷേ അതിന് മോളുടെയൊരു സഹായം ആൻ്റിക്ക് വേണമായിരുന്നു


എന്താ ആൻ്റി ... എന്താ കാര്യം?


ഗീതയോടൊപ്പം ശാലിനിയേയും കൂട്ടി നീതു, തൻ്റെ മുറിയിലേക്ക് പോയി.


മറ്റാരും കേൾക്കാതെ ശാലിനി വിവരങ്ങളെല്ലാം നീതുവിനോട് പറഞ്ഞു ,ഗീതയോടവൾ തലേ ദിവസം തന്നെ, എല്ലാം തുറന്ന് പറഞ്ഞിരുന്നു .


അമ്മ വിളിച്ചപ്പോൾ ചില സൂചനകൾ തന്നിരുന്നു ,പക്ഷേ ആൻ്റീ .. ഏട്ടൻ്റെ അമ്മ കുറച്ച് പ്രശ്നക്കാരിയാണ് ,ഇന്നലെ തന്നെ എൻ്റെ കൈയ്യിലുള്ള സ്വർണ്ണം വാങ്ങി അവരുടെ അലമാരയിൽ ഭദ്രമായി പൂട്ടിവച്ചു, എൻ്റെ കൈയ്യിലിരുന്നാൽ ഏട്ടനതെടുത്ത് ധൂർത്തടിക്കുമെന്ന് പറഞ്ഞാണ് അങ്ങനെ ചെയ്തത്


ഗീത രാവിലെ വിളിച്ച് ,മകളെ പറഞ്ഞ്പഠിപ്പിച്ചതാണോ നീതു പറഞ്ഞ കളവെന്ന്, ശാലിനി വേദനയോടെ ഓർത്തു.


ആകെയുണ്ടായിരുന്ന പിടിവള്ളിയും നഷ്ടപ്പെട്ടപ്പോൾ ശാലിനിയുടെ മനസ്സ് ,നൂല് പൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതെ പാറി നടന്നു.


രാത്രിയിൽ സുമാത്തയെ വിളിച്ച് ശാലിനി പൊട്ടിക്കരഞ്ഞു.


മാം, ഇനിയവിടെ നില്ക്കേണ്ട, കുട്ടികളെയും കൂട്ടി എത്രയും വേഗം തിരിച്ച് വന്നാൽ മതി,


സുമാത്ത പറഞ്ഞതാണ് ശരിയെന്ന് ശാലിനിക്കും തോന്നി ,ഇനിയിവിടെ നിന്നിട്ട് ഒരു ഫലവുമില്ല ,തൻ്റെയും സുരേഷേട്ടൻ്റെയും ബന്ധുക്കൾ തങ്ങളെ സഹായിക്കില്ല


ഗീതയോടും വല്യേട്ടനോടും യാത്ര പറഞ്ഞ് ശാലിനി കുട്ടികളുമായി ഗൾഫിലേക്ക് തിരിച്ചു.


എയർപോർട്ടിൽ സുമാത്ത അവരെ കാത്ത് നില്ക്കുന്നുണ്ടായിരുന്നു.


സുമാത്താ ... നീയെന്താ ഇവിടെ?


ശാലിനിക്ക് ആശ്ചര്യം തോന്നി.


എൻ്റെ ഭായിയെ മോചിപ്പിനുള്ള പണം ., ശരിയായിട്ടുണ്ട് മാം ,

ആ സന്തോഷ വാർത്ത മാമിനെ എത്രയും വേഗം നേരിട്ടറിയിക്കാനാണ്, ഞാൻ ഇവിടെയെത്തിയത് 


ങ് ഹേ എന്താ നീ പറഞ്ഞത് ?


ശാലിനി ആകാംക്ഷയോടെ ചോദിച്ചു


അതേ മാം ,അന്ന് സാറിനെ പോലീസ് കൊണ്ട് പോയത് മുതലുള്ള എല്ലാ കാര്യങ്ങളും ഞാനെൻ്റെ ഹസ്ബൻ്റിനോട് പറയുന്നുണ്ടായിരുന്നു ,

സതീശൻ പൈസ തന്നില്ലന്ന് പറഞ്ഞപ്പോഴെ,എനിക്കറിയാമായിരുന്നു ,നാട്ടിൽ നിന്നും നിങ്ങൾക്ക് ഒന്നും കിട്ടില്ലെന്ന്,

അതും ഞാൻ എൻ്റെ ഹസ്ബൻ്റിനോട് പറഞ്ഞു,

ഞങ്ങൾക്ക് നാട്ടിൽ ,കുറേ കൃഷിയിടങ്ങളുണ്ടായിരുന്നു, അവിടെയൊരു വലിയ കമ്പനി വന്ന് ,അവർക്ക് ഫാക്ടറി നിർമ്മിക്കാൻ എല്ലാവരോടും സ്ഥലം ചോദ്ദിച്ച് കൊണ്ടിരിക്കുകയായിരുന്നു, കൃഷിസ്ഥലമായത് കൊണ്ട് ആരും കൊടുക്കാൻ തയ്യാറായില്ല ,ഞങ്ങളും കൊടുക്കില്ലെന്ന് പറഞ്ഞു,

അപ്പോഴാണ്, ഞാൻ സാറിൻ്റെ കാര്യങ്ങളും, മാം നാട്ടിൽ പോയ വിവരങ്ങളുമൊക്കെ ഹസ്ബൻ്റിനോട് പറഞ്ഞത്,

സത്യത്തിൽ എൻ്റെ മനസ്സിൽ തോന്നിയ കാര്യം ഹസ്ബൻ്റ്,എന്നോട് പറഞ്ഞപ്പോൾ, ഞാൻ ഞെട്ടിപ്പോയി, ഞങ്ങൾക്ക് ആകെയുണ്ടായിരുന്ന പത്തേക്കർ സ്ഥലം, അൻപത് ലക്ഷം രൂപയ്ക്ക് കമ്പനിക്ക് കച്ചവടമായെന്നും ,ആ പണം കിട്ടിയാലുടനെ, എത്രയും വേഗം അയക്കാമെന്നും പറഞ്ഞു ,


അത് കേട്ട് കുറച്ച് നേരത്തേയ്ക്ക്, ശാലിനി നിർവ്വികാരയായി നിന്നു പോയി.


പൊടുന്നനെ അവൾ സുമാത്തയെ വാരിപ്പുണർന്നു.


നീയെനിക്ക് വെറുമൊരു സഹായിയല്ല, എൻ്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ കൂടെപ്പിറപ്പാണ്,


അത് വേണ്ട മാം,  കൂടെപ്പിറപ്പുകൾ സഹായിക്കില്ലെന്ന് മാമിന് മനസ്സിലായില്ലേ?


ശരിയാ സുമാത്താ... 

നീയെൻ്റെ കൂടെപ്പിറപ്പല്ല ,

അയൾക്കാരിയല്ല ,കൂട്ടുകാരിയല്ല ,എന്തിന് ?എൻ്റെ നാട്ടുകാരി പോലുമല്ല, എന്നിട്ടും നീയെന്നെ കഴിവിൻ്റെ പരമാവധി സഹായിച്ചു, ഇതിന് പകരമായി ഞാനെന്ത് തന്നാൽ മതിയാകും?


സന്തോഷം കൊണ്ട് ശാലിനിയുടെ ചുണ്ടുകൾ വിതുമ്പി.


നമ്മളൊരു സ്‌റ്റേറ്റുകാരല്ലെങ്കിലും നമ്മളെല്ലാം മനുഷ്യരല്ലേ ?


ശരിയാ സുമാത്താ... ആ മനുഷ്യത്വം ,എൻ്റെ വീട്ടുകാർക്ക് മാത്രം ഉണ്ടായില്ല


സാരമില്ല മാം, അതെല്ലാം മറന്നേക്കു, നമുക്ക് ഭായിയുടെ അടുത്തേയ്ക്ക് പോകാം, വരു..


ശാലിനിയെയും, കുട്ടികളെയും കൂട്ടി സുമാത്ത, കാറിലേക്ക് കയറി, സുരേഷിൻ്റെ അടുത്തേയ്ക്ക് യാത്രയായി.


ശുഭം... ലൈക്ക് കമന്റ് ചെയ്യണേ...

To Top