നീയും ഞാനും ♥️ പാർട്ട്‌ 2

Valappottukal


രചന: ജിംസി

ഇതെങ്കിലും ഒന്ന് ശരിയാവണേ എന്റെ കൃഷ്ണാ എന്ന് മനസ്സിൽ ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് അവൻ ആ ഉമ്മറകോലയിലേക്ക് കാലെടുത്തു വെച്ചു.....
 വരൂ.. അകത്തോട്ടിരിക്കാം...പെണ്ണിന്റെ അച്ഛൻ അവരെ അകത്തോട്ടു വിളിച്ചപ്പോൾ അവർ ഒരു പുഞ്ചിരിയോടെ അയാളെ അനുഗമിച്ചു....ശേഷം അകത്തെ നിരത്തിയിട്ട കുറച്ചു കസേരയിലേക്ക് വിരൽ ചൂണ്ടി കൊണ്ട് അതിലോട്ടു ഇരിക്കാൻ പറഞ്ഞു...

കസേരയിൽ ഇരുന്ന് അവൻ മൊത്തത്തിൽ ഒന്നാകെ,  അവിടമാകെ ഒന്ന് കണ്ണോടിച്ചു....

അത്യാവശ്യം പഴക്കം തോന്നിപ്പിക്കുന്ന ഒരു വീട്... ചുമരിൽ കുറെയേറെ പെയിന്റിംഗ് വരച്ചത് ഫ്രെയിം ചെയ്തു ഒരു ക്രമത്തിൽ വെച്ചിട്ടുണ്ട്....

ചുമരെല്ലാം ചെറിയ ചിന്നൽ വന്നു കുറച്ചു പെയിന്റ് എല്ലാം അങ്ങിങ്ങായി ഇളകി പോയിട്ടുണ്ട്...അകത്തളത്തിൽ കൂടി മുകളിലേക്ക് വീതി കുറഞ്ഞ മരത്തടികൾ കൊണ്ട് നിർമിച്ച പടികൾ പോയിട്ടുണ്ട്....

വീട് കുറച്ചു പഴയതാ... അവിടെ ഇവിടേം ഒക്കെ കുറേ മിനുക്കു പണികൾ ചെയ്യാനൊക്കെ ഉണ്ട്...
അവന്റെ മൊത്തത്തിൽ ഉള്ള നോട്ടം കണ്ടിട്ടാവണം പെണ്ണിന്റെ അച്ഛൻ എന്ന് അവൻ കരുതിയിരുന്ന അയാൾ അങ്ങനെ പറഞ്ഞത്...

വീട് പഴയത് ആണേലും ഒരു ഐശ്വര്യമൊക്കെയുണ്ട് കേട്ടോ... അവൻ അങ്ങനെ പറഞ്ഞതും അദ്ദേഹവും കൂടെ ഇരുന്ന ബ്രോക്കെറും അത് ശരിയാണെന്ന മട്ടിലൊന്നു തല കുലുക്കി ചിരിച്ചു....

എന്റെ പേര് സഹദേവൻ എന്നാ... മരപ്പണിയാണ്...പിന്നെ മോനോട് ബ്രോക്കർ പറഞ്ഞോ എന്ന് അറിയില്ല.... എനിക്ക് മൂന്ന് പെണ്മക്കളാ...
അതുല്യ, അനന്യ, അശ്വതി...... മൂത്തവളെ കാണാനാ മോൻ ഇപ്പൊ വന്നത്... അവൾ ഡിഗ്രി കഴിഞ്ഞു.. ഒരു കമ്പ്യൂട്ടർ കോഴ്സ് ഒക്കെ ചെയ്ത് ഇപ്പൊ ഇവിടെ അടുത്തുള്ള ഒരു ഓഫീസിൽ പോകുന്നുണ്ട്...

രണ്ടാമത്തെ മോള് ഇപ്പൊ ഡിഗ്രി രണ്ടാം വർഷം ആണ്.. മൂന്നാമത്തെ മോള് എട്ടിൽ പഠിക്കുന്നു..... 

അനന്യ മോള് ഇവിടെ പിള്ളേർക്ക് ട്യൂഷൻ എടുക്കുന്നുണ്ട്...പിന്നെ ഞാൻ ഒഴിവുള്ളപ്പോൾ ഒക്കെ കൃഷിയും ചെയുന്നുണ്ട്....എല്ലാം കൂടി അങ്ങനെ ഈ വീട് കഴിഞ്ഞു പോകുന്നു..  ഞാനും ഭാര്യയും സ്നേഹിച്ചു വിവാഹം കഴിച്ചതോണ്ട് തന്നെ ബന്ധുക്കൾ എല്ലാം ശത്രുക്കളാ... ആരും ഇവിടേക്ക് തിരിഞ്ഞു നോക്കില്ല... സഹായിക്കും ഇല്ല്യ...

..എന്റെ ഭാര്യ മൂന്നാമത്തെ മോളുടെ പ്രസവത്തോടെയാണ് മരിച്ചത്...

ഹൊ... മതിയായി കാണും അല്ലേടാ...പാവം രക്ഷപ്പെട്ടു.... രാജീവൻ പതിയെ അവന്റെ ചെവിയിൽ പറഞ്ഞപ്പോൾ പ്രണവ് അവനെ കണ്ണുരുട്ടി കാണിച്ചു...

മോനോട് ആദ്യമേ എല്ലാം പറഞ്ഞത് കാര്യം ആയിട്ട് ഒന്നും തരാൻ നിവൃത്തി ഇല്ല എന്ന് അറിഞ്ഞോട്ടെ എന്ന് വെച്ചിട്ടാട്ടോ..അത് പറയുമ്പോൾ അച്ഛന്റെ കണ്ണ് അൽപ്പം നിറഞ്ഞിരുന്നു...

ഒരച്ഛന്റെ നിസ്സഹായത നിറഞ്ഞ വാക്കുകൾ അവനെ ഒന്ന് ചുട്ടു പൊള്ളിപ്പിച്ചു...
കുട്ടിയെ വിളിക്കാം അല്ലേ.... ബ്രോക്കർ ഇടയിൽ കയറി പറഞ്ഞു....

ആയിക്കോട്ടെന്ന് അവനും...

മോളെ അതുല്യേ... ഇങ്ങോട്ട് വാ... അടുക്കള ഭാഗത്തു നോക്കി അച്ഛൻ വിളിച്ചത് കേട്ടു ഒരു ട്രെയിൽ ചായയുമായി അൽപ്പം നാണത്തോടെയും ചിരിച്ചും അവൾ നടന്നു നീങ്ങി.. 

അവന്റെ നേർക്ക് എത്തി അവൾ കണ്മഷി വാലിട്ട് എഴുതിയ കണ്ണുകൾ ഒന്ന് ഉയർത്തി അവനെ ഒരു ചിരിയോടെ നോക്കി...നെറ്റിയിലെ കുഞ്ഞു പൊട്ടും കണ്മഷി എഴുതിയ കണ്ണുകളും അവളുടെ മുഖത്തിന്റെ മാറ്റു കൂട്ടി...

കരിനീല കളറുള്ള പ്ലെയിൻ സാരീയിലും കൈ നിറച്ചു വാരിയിട്ട കറുത്ത കുപ്പിവളകളും അരയേക്കാൾ കുറച്ചു ഇറങ്ങി കിടക്കുന്ന കോലൻ മുടിയിഴകളും അവന്റെ ഒറ്റ നോട്ടത്തിൽ വല്ലാത്തൊരു ആകർഷണം  ഉള്ളിൽ കൊളുത്തി വലിക്കും പോലെ....

അവൻ ചെറുതായൊന്നു ചിരിച്ച് ഒരു കപ്പ് ചായ എടുത്തു...അവളുടെ തൊട്ട് പിന്നിലായി അനിയത്തിയും ഒരു ട്രെയിൽ കുറച്ചു മധുര പലഹാരവുമായി അവർക്ക് അടുത്ത് ഇട്ടിരിക്കുന്ന ചെറിയൊരു ടീപോയിലേക്ക് വെച്ചു...

ദാ ഇത് അതുല്യ മോള്... മറ്റേതു അശ്വതി മോള്... അനന്യ മോള് രാവിലെ പച്ചക്കറി കൊണ്ട് കൊടുക്കാൻ കടകളിലേക്ക് പോയേക്കാ...

അച്ഛൻ പറയുന്നത് ഒന്നും തന്നെ അപ്പോൾ അവൻ ശ്രദ്ധിക്കുന്ന പോലും ഇല്ലായിരുന്നു...ചായ കപ്പിലെ ഓരോ തുള്ളി കുടിച്ചിറക്കുമ്പോഴും അവന്റെ കണ്ണ് അത്രയും അവളുടെ മേലായിരുന്നു...

ചുമരും ചാരി അവൾ ഇടക്കൊന്നു ചിരിച്ച് അവനെ പാളി നോക്കുന്നുണ്ടായിരുന്നു...

രാജീവൻ മുമ്പിൽ വെച്ച പ്ലേറ്റിലെ സ്വീറ്റ്സ് എല്ലാം കഴിച്ചു തീർക്കണം എന്നാവേശത്തോടെ പോരാടുകയാണ്....

ടാ പതിയെ.. മതിയെടാ കഴിച്ചത്..ഒക്കെ കൂടി കയറ്റി തൊണ്ടയിൽ കുടുങ്ങി ചാവല്ലേ..... 

പ്രണവ് ചായ കുടിക്കുന്നതിന് ഇടയിൽ അവന്റെ ചെവിയിൽ കുശലം എന്നോണം മൊഴിഞ്ഞു... 

നീ ആദ്യം കോഴിക്കൂട്ടിൽ ഉടക്കിനിൽക്കുന്ന നിന്റെ കുറുക്കന്റെ കണ്ണൊന്നു മാറ്റി പിടി... ആ പെണ്ണ് നിന്റെ നോട്ടം കണ്ടു അങ്ങ് ദഹിച്ചുപോകും...

അവനെ നോക്കാതെ പ്ലേറ്റിൽ മാത്രം കണ്ണുടക്കി കൊണ്ടുള്ള രാജീവിന്റെ പറച്ചിൽ കേട്ട് പ്രണവൊന്നു ചമ്മി....

എന്താ.... കൂട്ടുകാരൻ രഹസ്യം പറയുന്നത്....അച്ഛൻ ഇരുവരെയും നോക്കി സംശയത്തോടെ ചോദിച്ചു...

ഏയ് ഒന്നുല്ല അങ്കിൾ...ഇവന് ഒന്ന് ആ കുട്ടിയോട് സംസാരിക്കണംത്രെ.... രാജീവൻ അത് പറഞ്ഞപ്പോൾ അവന് പെട്ടെന്ന് ഒരു ഞെട്ടൽ ഉളവായെങ്കിലും ഇതുവരെയുള്ള തന്റെ ഒരു എക്സ്പീരിയൻസ് വെച്ചു അവളോട് സംസാരിക്കാൻ വെമ്പി നിൽക്കുകയായിരുന്നു.....

അതിനെന്താ മോനെ... മോൻ പോയി സംസാരിച്ചോ.... അച്ഛൻ അത് പറഞ്ഞതും അവൻ അവിടെ നിന്നും എണിറ്റു തനിക്ക് സംസാരിക്കാൻ അവസരം ഒരുക്കി തന്ന രാജീവനെ ഒരൽപ്പം കൃഥാർത്ഥനയി ഒന്ന് നോക്കി ചിരിച്ചു....

മ്മ്.... പൊക്കോ... നന്നായി വാ....രാജീവൻ ഒരു കുസൃതിയോടെ പല്ലിളിച്ചു ചിരിച്ചു.....

 ഞാൻ വരുമ്പോഴേക്കും ഈ പ്ലേറ്റ് ഒന്നും കാലിയാക്കല്ലേട്ടാ.... കുറച്ചു എങ്കിലും പേരിനു വെച്ചോളോ.... പ്ലീസ്.... നാണം കെടുത്തല്ലേ... പ്രണവ് പോകും മുന്പേ ഒരു താക്കിതെന്നോണം അവന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.....

അതൊക്കെ ഞാൻ ഏറ്റു..... രാജീവൻ വീണ്ടും ഒന്ന് ഇളിച്ചു...

എന്ത്?
പ്രണവ് ചോദ്യഭാവത്തിൽ ഒന്ന് നോക്കി....

അല്ല... ഇതൊക്കെ വേസ്റ്റ് ആക്കാതെ തീർക്കണ കാര്യം ഞാൻ ഏറ്റന്ന്.... 

അത് കേട്ടത്തോടെ പ്രണവ് പറയാൻ വന്നത്ര തെറിയൊക്കെ പാതി വെച്ച് വിഴുങ്ങി...

 അല്ലേലും ഈ കിഴങ്ങന്റെ കൂടെ പോയ ഐശ്വര്യകേടു കൊണ്ടാ കഴിഞ്ഞു പോയ പെണ്ണുകാണൽ ഒക്കെ എവിടെയും എത്താതെ പോയത്... ഷുഗർ പിടിച്ച് ചാവാതെ ഇരുന്നാൽ മതിയാരുന്നു.... അവൻ ഓരോന്ന് ഓർത്ത് അവളുടെ പിന്നാലെ ഉമ്മറത്തേക്ക് നടന്നു.....

ഉമ്മറത്ത് എത്തിയതും അവൾ തൂണും ചാരി അവനിൽ നിന്നും വേറെ ഒരു ദൃഷ്ടിയിലേക്ക് കാഴ്ച പതിപ്പിച്ചു നിന്നു....

സാരി തലപ്പു കൈവിരലിൽ ചുറ്റി തിരിച്ചും മുഖത്തെ മുടിയിഴകൾ നെറ്റിയിൽ നിന്ന് പിന്നിലേക്ക് ഒതുക്കി കൊണ്ടും വല്ലാത്തൊരു ടെൻഷനിലായിരുന്നു അവളുടെ നിൽപ്പ്...

ഇത് തന്റെ ആദ്യത്തെ പെണ്ണുകാണൽ ആണോ....?

അതേ... 
അവൾ അവനെ തിരിഞ്ഞു നോക്കി മറുപടി പറഞ്ഞു....

ഹാ കണ്ടപ്പോഴേ പിടിത്തം കിട്ടി... എനിക്ക് പിന്നെ ഇതിൽ നല്ല എക്സ്പീരിയൻസ് ആണ് കേട്ടോ....

അവൾ അൽപ്പം അതിശയത്തോടെ അവനെ നോക്കി...

അതെന്താ... കുറെ അപ്പൊ കണ്ടിട്ടുണ്ടോ?

ഉണ്ടെന്നോ.... ഈ പഞ്ചായത്തിൽ എത്ര വീട്ടിൽ,  എത്ര കല്ല്യാണ പ്രായം ആയ പെൺകുട്ടികൾ ഉണ്ടെന്നു പറഞ്ഞു തരാം...

അത് കേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു... ആ ചിരി നോക്കി അവൻ ഒരു നിമിഷം നിശ്ചലമായി....

എന്താ അപ്പൊ ഒന്നും ശരിയാവാഞ്ഞേ...? ഇയാൾക്ക് ഒന്നും ഇഷ്ടപെടാഞ്ഞിട്ടാണോ?
അവൾ സംശയത്തോടെ ചോദിച്ചു....

അതോ.... എന്റെ ആള് ഇരിക്കുന്നത് ഇവിടെയല്ലേ.... അത് കൊണ്ടാവും എല്ലാം ഒഴിഞ്ഞു പോയത്..... അവന്റെ മനസ്സൊന്നു മന്ത്രിച്ചു...

ഹലോ... അവന്റെ അനങ്ങാതെയുള്ള നിൽപ്പ് കണ്ടിട്ട് അവൾ വീണ്ടും വിളിച്ചു...

ആഹ്ഹ്... ഇഷ്ടപ്പെട്ടിരുന്നു ചിലതൊക്കെ... പക്ഷെ അവർക്ക് എന്റെ പഠിപ്പു പ്രശ്നം... ജോലി പ്രശ്നം.... അങ്ങനെ ഒക്കെ.... ഒഴിഞ്ഞു പോയി.... തന്നോട് ബ്രോക്കർ ഒക്കെ പറഞ്ഞു കാണുമല്ലോ... പ്ലസ് ടു വരെ ഞാൻ പഠിച്ചിട്ടുള്ളു.... 

അച്ഛനും അമ്മയും പഠിപ്പിക്കാഞ്ഞിട്ടല്ല കേട്ടോ.... എനിക്ക് ഭയങ്കര ബുദ്ധി കൂടുതൽ ആയോണ്ട് ടീച്ചർമാരൊക്കെ പറഞ്ഞു അധികം പഠിക്കേണ്ട ആവശ്യം ഇല്ല... നല്ല അറിവുള്ള കുട്ടിയാന്ന്.....

അവൾക്ക് അവന്റെ സംസാര ശൈലി കേട്ട് ചിരിക്കാൻ തോന്നിയെങ്കിലും ചിരി അടക്കിപിടിച്ചു കേട്ടു....

പിന്നെ കണ്ടവന്റെ വീട്ടിലെ കാര്യം ചികയാൻ നമ്മുടെ നാട്ടുകാർക്ക് ഒക്കെ വല്ല്യ താൽപ്പര്യം ആണല്ലോ..... പഠിപ്പിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയതോടെ പിന്നെ ജോലി പേരും പറഞ്ഞു കുറെയെണ്ണം ചെവി തിന്നു തുടങ്ങിയപ്പോഴാ രണ്ടും കൽപ്പിച്ചു എന്റെ അച്ഛന്റെ വർക്ക്‌ ഷോപ്പിൽ പണിക്ക് കയറിയത്.....

പഠിത്തത്തിൽ പിന്നിലാണേലും വർക്ക്‌ ഷോപ്പിലെ പണിയിൽ ഞാൻ അൽപ്പം മുന്നിലായി...

അച്ഛന്റെ മുമ്പിലും അമ്മയുടെ മുമ്പിലും ഒരു വിലയൊക്കെ വന്നത് ജോലിക്ക് പോകാൻ തുടങ്ങിയപ്പോഴാ... എന്നാലും എന്റെ അനിയൻ ഒരൽപ്പം ബുദ്ധി ജീവി ആയോണ്ട് അവന് തന്നെ ഒരൽപ്പം വില കൂടുതൽ.... കേട്ടോ....

അവൾ കയ്യും കെട്ടി നിന്ന് അവൻ പറയുന്നതൊക്കെ കേട്ട് ഒരു നേർത്ത ചിരിയോടെ നോക്കി.....

വളച്ചു കെട്ടൽ ഇല്ലാതെ പറയാലോ... എനിക്ക് തന്നെ ഇഷ്ടപ്പെട്ടു... പഠിപ്പും ജോലിയും ഒന്നും പ്രശ്നം ഇല്ലേൽ എന്റെ ഒപ്പം കൂടാം... ജീവിക്കാൻ ഉള്ള നല്ല വീടും അന്തരീക്ഷവും ഒക്കെ അവിടെ ഉണ്ട്....

പിന്നെ ഇയാൾക്കു പഠിക്കണം എങ്കിൽ അതിനും ഞാൻ സപ്പോർട്ട് ആണ്... എനിക്ക് ഇപ്പൊ ഈ വീടും നിങ്ങളുടെ സാഹചര്യം ഒന്നും തന്നെ പ്രശ്നം ഇല്ല... എന്തുണ്ടെലും താൻ ഓപ്പൺ ആയി പറഞ്ഞോളൂ... 

അവൻ മനസ്സ് തുറന്ന് സംസാരിച്ചതൊക്കെയും അവൾക്കും ഇഷ്ടപ്പെട്ടിരുന്നു... 

ഞാൻ.. എനിക്ക് സമ്മത കുറവൊന്നും ഇല്ല... പിന്നെ ഈ വർക്ക്‌ ഷോപ്പ് പണി മോശം പണിയാണെന്നു ആരാ പറഞ്ഞത്? ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടല്ലോ....

പിന്നെ ഈ വീടിന്റെ അവസ്ഥ അച്ഛൻ പറഞ്ഞിട്ട് അറിഞ്ഞല്ലോ.... അമ്മയില്ലാത്ത ഞങ്ങളെ ഒരു കുറവും അറിയിക്കാതെയാണ് അച്ഛൻ ഇതുവരെയും വളർത്തിയത്....

സ്വർണമോ പണമോ ഒന്നും ഇല്ലാതെ ഒരു വീട്ടിലേക്ക് കയറി വരുമ്പോ അവിടെ ഉള്ളവർ എങ്ങനെ എന്നെ കാണും എന്ന് അറിയില്ല...

ഞങ്ങൾ മൂന്ന് പെൺകുട്ടികൾ... അമ്മയില്ല...കയറികിടക്കാൻ നല്ല വീടില്ല എന്നൊക്കെ പറഞ്ഞ് ഒരാളും ഇങ്ങോട്ട് വരാറില്ല പെണ്ണുകാണാൻ...
അവൾ പറഞ്ഞു നിർത്തി...

സത്യത്തിൽ ബ്രോക്കർ ചേട്ടൻ ഇവിടുത്തെ ഡീറ്റൈൽസ് ഒന്നും തന്നെ പറഞ്ഞിട്ടില്ലായിരുന്നു.... ഒരു കുട്ടിയെ കാണാൻ വായോ എന്ന് പറഞ്ഞു വിളിച്ചു... വന്നു....

വീടും വീട്ടുകാരും സാഹചര്യം ഒന്നും എന്നെ ബാധിക്കുന്ന പ്രശ്നം അല്ല... എന്നെ മനസ്സിലാക്കി കൂടെ ജീവിക്കാൻ ഒരാള്..... എനിക്ക് അത്രേം മതി....

പിന്നെ എന്റെ അച്ഛനും അമ്മയും അവർ ഒന്നിനും എതിരല്ല... എന്റെ കല്യാണം എങ്ങനെയും ഒന്ന് നടന്നു കാണാൻ നോക്കി ഇരിക്കുകയാ രണ്ടും... 

സമ്പത്തും പഠിപ്പും ഒക്കെ കുറേ ഉണ്ടായിട്ടും സ്വസ്ഥമായി ജീവിക്കാൻ പെറ്റാതെ ജീവിക്കുന്നവർ ഇല്ലേ ഈ സമൂഹത്തിൽ.....
എന്തായാലും താൻ അപ്പോ ഓക്കേ അല്ലേ...? 

അവൻ ചോദിച്ചപ്പോൾ അവൾ അൽപ്പം നാണത്തോടെ തല കുലുക്കി സമ്മതിച്ചു....

പിന്നെ അധികം വൈകാതെ ഞാൻ എന്റെ വീട്ടുകാരെ കൊണ്ട് വരാം.... പെണ്ണുകാണൽ രണ്ട് പേർക്കും സെറ്റ് ആണെങ്കിൽ മാത്രമേ വീട്ടുകാരെ കാണിക്കാൻ ഞാൻ കൊണ്ട് പോകാറുള്ളു....

പാവങ്ങൾ.... ഞാൻ നടക്കുന്ന പോലെ എപ്പോഴും അവരെയും നടത്തിക്കണ്ടല്ലോ.... ഓക്കേ ഞാൻ പോട്ടെ....
അവൻ തിരിഞ്ഞു പോകാൻ നേരം ഒന്നും കൂടി നോക്കി....
അവൾ തിരികെ ഒന്ന് പുഞ്ചിരിച്ചു....

അകത്തേക്ക് ചെന്ന് അച്ഛനോടും ബ്രോക്കെറിനോടും പറഞ്ഞ് പോകാനായി ഇറങ്ങി.... വീട്ടുകാരും കൂട്ടി വരാമെന്നു പറഞ്ഞതോടെ അച്ഛന്റെ മുഖമൊന്ന് നല്ലോണം തെളിഞ്ഞു....

തിരികെ വണ്ടിയെടുത്തു ഇറങ്ങാൻ നേരം വെറുതെ ഒന്ന് അകത്തേക്ക് പാളി നോക്കിയപ്പോൾ അവളുടെ അനിയത്തി കുട്ടി ഉമ്മറത്തേക്ക് വന്നു ചിരിച്ച് നിൽക്കുന്നുണ്ടായിരുന്നു...

അച്ഛനും ബ്രോക്കർ രാഗവേട്ടനും അവരെ യാത്രയാക്കി....വണ്ടി സ്റ്റാർട്ട്‌ ചെയ്തിട്ടും പോകാതെ ഇരിക്കുന്നത് കണ്ടിട്ടാണ് രാജീവൻ അവന്റെ  തോളിലൊന്നു അമർത്തിയത്.....

എടാ.... നീ ഒന്ന് മുകളിലേക്ക് നോക്കിയേ.... നിന്റെ കക്ഷി ദേ.. ആ മുകളിലെ ജനലഴിക്കുള്ളിലൂടെ പാളി നോക്കുന്നുണ്ട്......
അവൻ കവിളത്തൊന്നു ചൂണ്ടു വിരൽ കൊണ്ട് ചൊറിഞ്ഞു കൊണ്ട് മുകളിലേക്ക് ഒന്ന് അറിയാത്ത മട്ടിൽ നോക്കി.....

ജനാലകമ്പികളിൽ പിടിത്തമിട്ടിരിക്കുന്ന കരിവളകൾ കണ്ട് അവൻ ചിരിച്ചു....

അവൻ വണ്ടി അൽപ്പം മുന്നോട്ട് എടുത്തതോടെ മറഞ്ഞിരുന്ന അവൾ അവനെ വീണ്ടും കാണാനായി ഒന്നെത്തി നോക്കി.....

കണ്ണിൽ നിന്ന് മറയും വരെ അവൾ ആ കിളിവാതിലിന് ഓരം ചേർന്നങ്ങനെ നിന്നു.....

എടാ.... എന്തായി...ഇത് സെറ്റ് അല്ലേ...? നിങ്ങൾ രണ്ടാളും നല്ല മാച്ച് ആണ്... ഇത് നടക്കും.....
രാജീവൻ ആകാംഷയോടെ ചോദിച്ചു....

മ്മ്. എനിക്ക് ഓക്കേ.... അവൾക്കും ഓക്കേ ആണെന്ന് പറഞ്ഞെ.. ഇനി വീട്ടിൽ കൂടി ഒക്കെ സെറ്റ് ആവണം.... കാരണം ഇവൾക്ക് താഴെ രണ്ട് പെൺകുട്ടികൾ, അമ്മയില്ല.... ശരിക്കും പറഞ്ഞാൽ ആ കുടുംബത്തിലെ മൂത്ത ചേട്ടൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കുറേ ഉത്തരവാദിത്തം വരും.. അല്ല അതൊന്നും എനിക്ക് വിഷയമല്ല....

ആ കുടുംബം നന്നായി നോക്കാനുള്ള കഴിവ് ഒക്കെയുണ്ട്... പക്ഷേ എന്റെ അനിയൻ ഒരുത്തനെയാ പേടിക്കണ്ടത്.... അവൻ നല്ല ഒന്നാന്തരം പാരയാണ്...

 എന്തേലും ഇടംകോലിടാൻ വന്നാൽ ആണ് എന്റെ സ്വഭാവം അവൻ കാണാൻ പോകുന്നത്... അത് പറഞ്ഞ് അവൻ രാജീവനെ ഒന്ന് തിരിഞ്ഞു നോക്കിയതും എടാ.......ബ്രേക്ക്‌.... എന്ന് രാജീവൻ അലറിയതും ഒരുമിച്ചായിരുന്നു......

ബ്രേക്ക്‌ പിടിക്കാൻ സമയം ഒട്ടും കിട്ടാതെ തന്നെ ഒരു സ്കൂട്ടറിൽ തട്ടി ഒരു പെണ്ണ് റോഡിലേക്ക് മറിഞ്ഞിരുന്നു.....

ഹെന്റെമ്മോ..... ഇടിച്ചു...... വിട്ടോ... അല്ലേൽ സീനാവും.....രാജീവൻ വണ്ടിയെടുക്കാൻ നിർബന്ധിച്ചെങ്കിലും പ്രണവിന് മനസ്സ് വന്നില്ല....

അവൻ വണ്ടിയിൽ നിന്ന് ഇറങ്ങി ചെല്ലുമ്പോഴേക്കും രണ്ട് മൂന്ന് ആളുകൾ ആ പെണ്ണിന്റെ അടുത്തു കൂടിയിരുന്നു.....

ദേ..... ഇവന്മാരാ വണ്ടിയിടിച്ചത്.... കൂട്ടത്തിൽ ഒരു പ്രായം ചെന്ന സ്ത്രീ പ്രണവിനെ നോക്കി പറഞ്ഞു.....

സോറി... ഒരബദ്ധം പറ്റിയതാ....അവൻ വിനീതമായി പറഞ്ഞു... അപ്പോഴേക്കും താഴെ കിടക്കുന്ന അവളെ ഒന്ന് രണ്ട് പേര് പിടിച്ച് എണീപ്പിച്ചിരുന്നു....

കയ്യിൽ ചെറുതായി ഉരഞ്ഞു തൊലി അൽപ്പം പോയിട്ടുണ്ട്... വേറെ കുഴപ്പവും ഒന്നും അവൻ നോക്കിയപ്പോൾ കണ്ടില്ല എന്നത് ആശ്വാസമായിരുന്നു......

ഭാഗ്യം... സിസ്റ്റർക്ക് ഒന്നും പറ്റിയില്ല.... അപ്പൊ ശരി നീ വണ്ടിയെടുക്ക്...... രാജീവൻ അവന്റെ കൈ പിടിച്ചു വലിച്ചു.....

ഹലോ...... ഇതെങ്ങോട്ടാ രണ്ടും..... ഒരാളെ ഇടിച്ചിട്ട് അങ്ങോട്ട് പോകാണോ....? 

പ്രതീക്ഷിക്കാതെയുള്ള അവളുടെ ആ പറച്ചിലിൽ അവർ രണ്ടാളും മുഖത്തോട് മുഖം നോക്കി നിന്നു...

ദേ... കണ്ടില്ലേ എന്റെ കയ്യൊക്കെ പൊട്ടിയിരിക്കുന്നത്.... ഹോസ്പിറ്റലിൽ പോണം.... അതിന് ക്യാഷ് വേണം.... സ്വപ്നം കണ്ടോണ്ട് വണ്ടി ഓടിച്ചു പോകുമ്പോ ഇടക്കൊക്കെ റോഡിലേക്ക് ഒന്ന് നോക്കണം മിസ്റ്റർ......

അവൾ കുറച്ചു ഗൗരവത്തോടെ അത് പറഞ്ഞത് ചുറ്റും കൂടി നിന്നവരും ഏറ്റുപിടിച്ചു....

പിന്നെ.. ചെറുതായി ഒന്ന് തൊലി പോയതിനാണോ ഹോസ്പിറ്റലിൽ ഒക്കെ പോകുന്നെ..... ദേ കൊച്ചേ.... ഒന്ന് പോയെ.... ഒരു പാട്ട സ്കൂട്ടറും കൊണ്ട് വന്നേക്കാ മനുഷ്യനെ മെനക്കെടുത്താൻ...... പ്രണവും വിട്ടു കൊടുത്തില്ല....

റോഡിൽ വീണു കിടക്കുന്ന അത്യാവശ്യം പഴക്കം ചെന്ന അവളുടെ സ്കൂട്ടറെ നോക്കി അവൻ അങ്ങനെ പറഞ്ഞപ്പോൾ അവളുടെ ഞാടി ഞരമ്പ് എല്ലാം തരിച്ചു വന്നു......

ദേ... താൻ ചുമ്മാ എന്റെ വണ്ടിയെ കളിയാക്കാതെ.... ക്യാഷ് ഇട്.... ഒരു മൂവായിരം രൂപ...അത് പറഞ്ഞ്  അവൾ കാശിനായി കൈ നീട്ടി....

എടാ.... കൊടുത്തേക്കു ടാ.... ദേ ആള്ക്കാര് കൂടി തുടങ്ങി..... ചുമ്മാ നാണം കെടനായിട്ട്‌.....
രാജീവൻ ധൃതി കൂട്ടി....

ആഹാ കൊള്ളാലോ... ജസ്റ്റ്‌ ഒന്ന് കയ്യിലെ തൊലി പോയതിന് മൂവായിരം രൂപയോ...തരാൻ ഇപ്പൊ സൗകര്യം ഇല്ല.... കഷ്ടപ്പെട്ട് പണിയെടുക്കുന്ന പൈസയാ അത്......

പ്രണവ് കൂടുതൽ പറയുന്നതിന് മുൻപ് കൂടി നിന്നവർ കൂടി ചീത്ത പറഞ്ഞപ്പോൾ അവൻ വേഗം പേഴ്സ് എടുത്ത് ക്യാഷ് അവൾക്ക് നേരെ പുച്ഛത്തോടെ നീട്ടി...

പേഴ്സിൽ നിന്നും ക്യാഷ് എടുത്ത് കൊടുത്തത്തോടെ അതിലിരുന്ന ഒറ്റ തുട്ട് നാണയം അവൻ ഒന്ന് കുലുക്കി അൽപ്പം ദേഷ്യത്തോടെ അവളെ കണ്ണുരുട്ടി കാണിച്ചു...
താൻ വിജയിച്ചു എന്നുള്ള ഭാവത്തിൽ അവൾ അൽപ്പം ഗമയോടെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോയി....

ഹ്മ്.... വായാടി..... അവളുടെ പോക്ക് കണ്ടില്ലേ? അവൻ പിറുപിറുത്തു കൊണ്ട് വീണ്ടും ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് പോയി.....

നേരം കുറെയായിട്ടും അനന്യയെ കാണാതെ ഉമ്മറ കോലായിൽ കണ്ണും നട്ട് അതുല്യ നിൽപ്പുണ്ടായിരുന്നു.....
വണ്ടി ഒതുക്കി വെച്ചു അവളുടെ അടുത്തേക്ക് ചെന്നപ്പോഴാണ് ചിരിച്ച മുഖവുമായി അവൾ ചേച്ചി എന്ന് വിളിച്ചു വണ്ടിയിൽ നിന്നും ഇറങ്ങിയത്......
To Top