ഉണ്ണി മായ - ഭാഗം 2 വായിക്കൂ...

Valappottukal



രചന: Arya

"ഇപ്പോളത്തെ സ്കാനിങ്ങിൽ രമ്യയുടെ ഗർഭപാത്രത്തിനു വികാസം കൂടുതലാണ് അത് കാരണം പ്രസവം പെട്ടെന്ന് ഉണ്ടാകും. കുഞ്ഞിന് വളർച്ച എത്താത്തത് കാരണം ഇനി അങ്ങോട്ട് നല്ലതു പോലെ റസ്റ്റ്‌ എടുക്കണം ചുരുക്കി പറഞ്ഞാൽ ബാത്‌റൂമിൽ പോകാൻ അല്ലാതെ എഴുന്നേൽക്കരുത്. 
അല്ലെങ്കിൽ പ്രസവം വരെ ഇവിടെ അഡ്മിറ്റ്‌ ചെയ്യാം. എന്തു പറയുന്നു? " ഡോക്ടറുടെ വാക്കുകൾ രമ്യയെയും ശാരദാമ്മയേയും തളർത്തി. 
"വേണ്ട  ഡോക്ടറെ മോളെ ഞാൻ നോക്കിക്കോളാം ഇനി അവളെ അനങ്ങാൻ പോലും സമ്മതിക്കില്ല. "

"ശെരി, എന്നാൽ പൊയ്ക്കോളൂ മരുന്നുകൾ സമയത്ത് കഴിക്കണം, ടെൻഷൻ പാടില്ല, നല്ലപോലെ ഭക്ഷണം കഴിക്കണം, പേടിക്കണ്ട, ഒക്കെ ശെരി ആകും,."

ഡോക്ടറെ കണ്ടു വീട്ടിൽ എത്തിയപ്പോയേക്കും സന്ധ്യ ആയിരുന്നു. 

മായ വിളക്ക് വെച്ചു അവരെ കാത്തിരിക്കുകയായിരുന്നു. 

ഉണ്ണിയുടെ കാറിന്റെ ശബ്ദം കേട്ടതും അവൾ ഉമ്മറത്തെത്തി. 

വയറു താങ്ങി പിടിച്ചു പതുക്കെ ആണ് രമ്യ ഇറങ്ങിയത്. ശാരദാമ്മ അവളെ കൈ പിടിച്ചു അകത്തു കൊണ്ട് പോയി കിടത്തി. 

മായ വേഗം എല്ലാർക്കും ചായയുമായി എത്തി "എന്താ അമ്മേ ഡോക്ടർ പറഞ്ഞത് കുഴപ്പമൊന്നും ഇല്ലല്ലോ അല്ലെ. "

" അത് മോളെ ഇവളോട് ഇനി പ്രസവം വരെ അനങ്ങരുത് എന്ന് പറഞ്ഞു. മാസം തികയുന്നതിനു മുന്നേ പ്രസവം നടക്കുമെന്ന്. "

മായയ്ക്ക് അത് കേട്ടു വിഷമം ആയി. "ഉവ്വോ. എന്നാ ഇനി മുതൽ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ സമ്മതിക്കണ്ട. നല്ലതു പോലെ റസ്റ്റ്‌ എടുക്കട്ടെ. ഞാൻ പോയി ചേച്ചിക്ക് ജ്യൂസ് വല്ലതും എടുത്തു വരാം. "

"കണ്ടോ നീ  അവൾക്കെത്ര വിഷമം ആയി, ആ കുട്ടിയെ നീ എന്തൊക്കെ പറഞ്ഞു അതൊന്നും നോക്കാതെ അവൾ നിന്നെ നോക്കുന്നത്. നാളെ ഞാൻ ഇല്ലാതായാൽ എന്റെ സ്ഥാനത്തു നിന്നെ നോക്കാൻ ഉണ്ടാകുക അവളാണ്. ഇനി ഒരിക്കൽ പോലും അവളെ നീ വേദനിപ്പിക്കരുത്. 
നീ കിടന്നോ അമ്മ പോയി വേഷം മാറി വരാം. "

"അവള് കണ്ണ് വെച്ചതാ ന്റെ കുട്ടിയെ അതോണ്ടാ ഇപ്പൊ ഇങ്ങനെ വന്നത് എന്നിട്ടും അമ്മ അവളെ പുകഴ്ത്തി സംസാരിക്കുന്നോ?."

രമ്യ ദേഷ്യത്തോടെ പറഞ്ഞു. 

"നീയൊന്നും ഒരിക്കലും പഠിക്കില്ല അസൂയ തലയ്ക്കു പിടിച്ചാൽ എന്താ ചെയ്യാ. എനിക്കു വയ്യ ഞാൻ പോവാ. " 

ശാരദാമ്മ ദേഷ്യത്തോടെ എഴുന്നേറ്റു പോയി. 

അപ്പോളാണ് മായ ജ്യൂസുമായി വന്നത് 

"ഇതാ ചേച്ചി ഇത് കുടിയ്ക്ക് ക്ഷീണം മാറട്ടെ. "

"നിന്നോടാരാ പറഞ്ഞത് എനിക്കു ക്ഷീണം ആണെന്ന്, നീ കണ്ണ് വെച്ചിട്ടാ എനിക്കിപ്പോ ഇങ്ങനെ ആയത് എന്റെ കുഞ്ഞിനെതെങ്കിലും സംഭവിച്ചാൽ വെച്ചേക്കില്ല നിന്നെ ഞാൻ.

 അവളുടെ ഒരു ജ്യൂസ് ഇനി ഇതിൽ വല്ലതും കലക്കിയോ എന്നാർക്കറിയാം. "

എന്നും പറഞ്ഞു മായയുടെ കയ്യിലെ ജ്യൂസ് തട്ടി കളഞ്ഞു. അതും കണ്ടാണ് ഉണ്ണി അങ്ങോട്ട് കേറി വന്നത് അവനവന്റെ ദേഷ്യം നിയന്ത്രിക്കാൻ ആയില്ല. ഒന്നും മിണ്ടാത്തെ പാവ കണക്കിന് നിന്ന മായയോടവൻ ചോദിച്ചു. 

"മതിയായില്ലേ നിനക്ക് ഇനിയും എന്ത് കേൾക്കാൻ നിക്കുവാ.കേറി പോടീ... 

 വയറ്റിൽ കുഞ്ഞുണ്ടായി പോയി ഇല്ലെങ്കിൽ മൂത്തതാണെന്നൊന്നും നോക്കില്ല ഞാൻ കരണം പൊളിച്ചു ഒന്ന് തരും. നീയൊക്കെ ഇനി എന്നാ നന്നാകുന്നത്. " 

"വേണ്ട ഉണ്ണിയേട്ടാ.... ചേച്ചി വിഷമം കൊണ്ട് പറഞ്ഞതാകും ഏട്ടൻ വാ, ചേച്ചിയെ ഞാൻ നാത്തൂനായല്ല സ്വന്തം ചേച്ചി ആയിട്ടാണ് കണ്ടത് പക്ഷെ മനസിലെ ഈഗോ കളയാതെ ചേച്ചിക്കതു മനസിലാകില്ല എന്നെങ്കിലും മനസിലാകും. "

മായ ഉണ്ണിയേയും കൂട്ടി പോയി. 

രമ്യയ്ക്ക് എന്നിട്ടും ഒരു കുലുക്കവും ഇല്ല. 

രാത്രിയിലാണ് ഉണ്ണി പിന്നെ മായയെ കണ്ടത്. "എന്തിനാ നീ ഇങ്ങനെ സഹിക്കുന്നത് മോളെ. നമുക്ക് നാളെ തന്നെ ഒന്നുകൂടി പോയി ഡോക്ടറെ കാണാം എല്ലാ അസുഖങ്ങൾക്കും ഇന്നു മരുന്നുണ്ടല്ലോ പിന്നെന്താ. 
നമ്മുക്കും ഉണ്ടാകും നിന്നെ പോലെ ഒരു സുന്ദരി മോൾ " ഇതും പറഞ്ഞവൻ അവളെ തന്നോട് ചേർത്ത് പിടിച്ചു. 

"ഏട്ടന്റെയും അമ്മയുടെയും സ്നേഹം മതി എനിക്കി ജന്മം, എന്നും ഏട്ടന്റെ നെഞ്ചിൽ ഇങ്ങനെ തലവെച്ചു കിടക്കണം എനിക്ക്... മരണം വരെ ഏട്ടന്റെ പെണ്ണായി..... " 

നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ അവൻ അവന്റെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.. 

"എന്നും നീ ഉണ്ടാകും എന്നോട് ചേർന്ന് ".....

     രാവിലെ കുളിച്ചു വന്നിട്ടും ഉണ്ണി എഴുന്നേൽക്കാഞ്ഞിട്ടാണ് മായ നേരിട്ട് പോയി അവനെ വിളിച്ചത്. 

"ഇന്നു ഓഫീസിൽ പോകുന്നില്ലേ ഉണ്ണിയേട്ടാ ഒരുപാട് വൈകി ട്ടോ ഒന്നെഴുന്നേറ്റേ.... "

" ഇന്നു പോകുന്നില്ല വല്ലാത്ത ക്ഷീണം. നിനക്ക് ക്ഷീണമില്ലേ.. " 

നാണത്താൽ ചുവന്ന മായയുടെ മുഖം അവൻ കോരിയെടുത്തു. 

"എടി പെണ്ണെ നീ മറന്നോ ഇന്നലെ ഞാൻ പറഞ്ഞത് നിന്നെയും കൊണ്ട് ഡോക്ടറെ കാണാൻ പോകാം എന്ന് അതോണ്ട് ഇന്ന് നിന്റെ ഏട്ടൻ ലീവ് എടുത്ത് നമുക്ക് പുറത്തൊക്കെ പോകുകയും ചെയ്യാം. നിന്റെ മനസൊന്നു നിറയട്ടെ.... "

അവളുടെ നെറുകയിൽ മുത്തികൊണ്ടവൻ പറഞ്ഞു. 

"മം മതി മതി. ഞാൻ പോയി ചായ എടുത്തു വെക്കാം ഇങ്ങനെ കിന്നരിച്ചിരുന്നാൽ ശെരിയാകില്ല. "

മായ പോകുന്നത് നോക്കി കൊണ്ട് അവൻ ഓർത്തു. 

രണ്ടു വർഷം മുൻപ് ഉത്സവപ്പറമ്പിൽ വെച്ചു കണ്ടതും പുറകെ നടന്നതും.പ്രണയിച്ചു നടന്നതും, അന്നും ഇന്നും അവൾക്ക് ഒരു ആഗ്രഹമേ ഉള്ളൂ ഞാൻ എന്നും കൂടെ വേണം, ഒന്ന് വെറുതെ നോക്കിയാൽ മതി അപ്പോളേക്കും കണ്ണിൽ ഡാം തുറന്ന പോലെ വെള്ളം നിറച്ചോളും പൊട്ടി പെണ്ണ്. 

"ഉണ്ണിയേട്ടാ...... "

മായയുടെ വിളിയിൽ നിന്നാണ് അവൻ ചിന്തയിൽ നിന്നും മാറിയത്. 

"ആ ഇതാ ഇപ്പൊ വരാം..... "

"അമ്മേ ചേച്ചിക്ക് ചായ കൊടുത്തോ. ഞാൻ ചെല്ലുന്നില്ല അമ്മ തന്നെ കൊണ്ടുപോയി കൊടുത്തോ. "

"നീ അല്ലേലും പോകണ്ട, അവള് നിന്നെ എന്തേലും പറയും നീ ഉണ്ണിക്ക് ചായ കൊടുക്ക് അവനു പോകാനുള്ളതല്ലേ. "

"ഇന്നു ഉണ്ണിയേട്ടൻ പോകുന്നില്ല അമ്മേ. ഏട്ടൻ പറഞ്ഞു, ഒന്നുകൂടി ഡോക്ടറുടെ അടുത്ത് പോകാം എന്ന്. ചേച്ചി ഇന്നലെ പറഞ്ഞത് ഏട്ടന് നല്ല പോലെ വിഷമം ആയിട്ടുണ്ട്. "

"ശെരി മോളെ നിങ്ങള് പോയി വാ. ഇന്നലെ അവൻ പുറത്തൊക്കെ കൊണ്ട് പോകാം എന്ന് പറഞ്ഞതല്ലേ. ഇന്നു പൊയ്ക്കോ രണ്ടാളും ഞാൻ ഉണ്ടല്ലോ ഇവിടെ. "

ചായ കുടിച്ചു വേഗം തന്നെ അവർ പോകാൻ റെഡി ആയി.

കുറച്ചു വെയ്റ്റിംഗ് ഉണ്ടായിരുന്നു ഡോക്ടറെ കാണാൻ മായയ്ക്കും ഉണ്ണിയ്ക്കും നല്ലതു പോലെ ടെൻഷൻ ഉണ്ടായിരുന്നു. 

മായ ഉണ്ണികൃഷ്ണൻ 

സിസ്റ്റർ ഉറക്കെ വിളിച്ചു. സകല ദൈവങ്ങളെയും വിളിച്ചിട്ടാണ് മായ ഡോക്ടറുടെ ക്യാബിനിലേക്ക് പോയത്. വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടർ രണ്ടുപേരോടുമായി പറഞ്ഞു. 

"നോക്കൂ മായ താൻ ഇത്ര പേടിക്കാൻ മാത്രം ഒന്നും ഇല്ല. സ്കാനിങ്ങിൽ വല്യ കുഴപ്പം ഒന്നും കാണുന്നില്ല. പിന്നെ പീരിയഡ് കൃത്യമായി വന്നാൽ പെട്ടെന്ന് തന്നെ ഇയാൾക്ക് വിശേഷം ഉണ്ടാകും അതിനുള്ള medicine തരാം. ഇത് കൃത്യമായി കഴിക്കണം നല്ലതു പോലെ രക്തം വെക്കുന്ന പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളമായി കഴിക്കണം. ഒരു രണ്ടു മാസം കഴിഞ്ഞിട്ട് ഒന്നുകൂടി ചെക്കപ്പിന് വരണം. എന്നാൽ ശരി, ഓൾ ദി ബെസ്റ്റ്. "

ഡോക്ടർ പറഞ്ഞത് കേട്ടു മായയ്ക്ക് ഒരുപാട് സന്തോഷമായി. ഡോക്ടറെ കണ്ടതിനു ശേഷം അവരൊരുമിച്ചു ഭക്ഷണം കഴിച്ചു നേരെ ബീച്ചിൽ പോയി. 

"ഉണ്ണിയേട്ടനറിയോ ഇപ്പൊ ഞാൻ എത്ര ഹാപ്പി ആണെന്ന്. ഇന്നു ഡോക്ടറുടെ വാക്കുകൾ നേരെ തിരിച്ചു മാതൃത്വം എനിക്ക് വിധിച്ചിട്ടില്ല എന്നെങ്ങാനും ആയിരുന്നെങ്കിൽ ഞാൻ ഈ ജീവിതം തന്നെ വേണ്ട എന്നുവെക്കുമായിരുന്നു. "

അത് പറഞ്ഞു തീരും മുന്നേ ഉണ്ണി അവളുടെ വായ പൊത്തി. "ഇല്ല മായേ അങ്ങനെ ഒന്നും പറയല്ലേ, നീ ഇല്ലാത്തൊരു ജീവിതം ഈ ഏട്ടന് കഴിയില്ല.
കുഞ്ഞില്ലാതെ ലോകത്ത് എത്രപേരുണ്ട്  അവരൊക്കെ ജീവിക്കുന്നില്ലേ അതെ പോലെ നമ്മളും ജീവിക്കും എനിക്ക് നീയും നിനക്ക് ഞാനും അങ്ങനെ മതി. 
ഇപ്പൊ പിന്നെ ഡോക്ടർ എല്ലാം ശെരി ആകും എന്ന് പറഞ്ഞില്ലേ ഇനിയിപ്പോ എന്ത് പേടിക്കാനാ. ഇനി ഓരോന്ന് ചിന്തിച്ചു ടെൻഷൻ ആക്കാതെ സന്തോഷമായി ഇരിക്കാൻ നോക്ക്‌. "

പെട്ടന്നാണ് ഉണ്ണിയുടെ ഫോൺ വന്നത് "ഹലോ എന്തു പറ്റി ഞാനിതാ വരുന്നു. 
വാ മായേ വീട്ടിലേക്ക് പോകാം "

"എന്തു പറ്റി ഉണ്ണിയേട്ടാ ആരാ വിളിച്ചത് എന്താ പറ്റിയെ പറയ് "

"നീ വേഗം വാ അമ്മ വീണെന്ന് അപ്പുറത്തെ വീട്ടിലെ രാധേച്ചിയാ  വിളിച്ചത്. "

"അയ്യോ.. അമ്മെയ്ക്കെന്തെങ്കിലും പറ്റിയോ വാ ഉണ്ണിയേട്ടാ വേഗം പോകാം "

വീട്ടിൽ എത്തിയപ്പോൾ അവിടെ അടുത്ത വീട്ടിലെ രാധേച്ചി ഉണ്ടായിരുന്നു. ചേച്ചി വിളിച്ചിട്ട് വന്നതാണ്. 

"ആ മക്കളെ നിങ്ങള് എത്തിയോ, ദേ ഇത് നോക്ക്‌ ശാരദാമ്മയുടെ കാലിലെ നീര് ഞാൻ പറഞ്ഞതാ ആശൂത്രിയിൽ പോകാന്നു കേക്കണ്ടേ. 
പിന്നെ ഈ കൊച്ചിന് വയ്യാത്തതല്ലേ ഒറ്റയ്ക്കാക്കി പോകണ്ടാന്നു പറഞ്ഞു. "

"അയ്യോ എന്താ അമ്മേ പറ്റിയത്, നല്ല പോലെ നീരുണ്ടല്ലോ. "മായ ഓടിച്ചെന്നു ശാരദാമ്മയുടെ അടുത്തെത്തി. 

"വേഗം വാ ഇനി ഒന്നും പറയണ്ട ഹോസ്പിറ്റലിൽ പോകാം, അമ്മ എഴുന്നേറ്റേ... "ഉണ്ണി അമ്മയെ പിടിച്ചു എഴുന്നേൽപ്പിച്ചു. 

"നിക്ക് മോനെ അമ്മയിപ്പോൾ കുഴമ്പു പുരട്ടിയിട്ടുണ്ട്. കാലൊന്നു ഉളുക്കി പോയതാ പെട്ടെന്ന് പിടിക്കാൻ പറ്റിയില്ല അങ്ങനെ വീണതാ. ഇതിപ്പോൾ പോകും. "

"വേണ്ട, വേണ്ട സ്വയം ചികിത്സ ഒന്നും ചെയ്യണ്ട, ഇപ്പൊ എന്റെ കൂടെ വന്നാൽ മതി വല്ല ഫ്രാക്ചറും ഉണ്ടെങ്കിലോ, ഇപ്പൊ തന്നെ കാണിച്ചാൽ വേഗം മാറും, അമ്മ വാ, 
ഇവിടെ ഇപ്പൊ രാധേച്ചി ഉണ്ടല്ലോ നമുക്ക് പോയിട്ട് വരാം. "

അങ്ങനെ മായയുടെയും ഉണ്ണിയുടെയും നിർബന്ധം സഹിക്കാനാവാതെ ശാരദാമ്മ ഹോസ്പിറ്റലിൽ പോയി. 
എക്സ് റേ എടുത്തതിൽ കാലിനു ചെറിയൊരു പൊട്ടൽ ഉണ്ട് ഒരുമാസത്തേക്ക് പ്ലാസ്റ്റർ ഇടേണ്ടി വന്നു. 

വീട്ടിൽ എത്തിയപ്പോളേക്കും സന്ധ്യമയങ്ങിയിരുന്നു. മായ അമ്മയെ പിടിച്ചു അകത്തു കൊണ്ടുപോയി കിടത്തി. അപ്പോൾ രമ്യയും രാധേച്ചിയും അങ്ങോട്ട് വന്നു. 

"അയ്യോ അമ്മേ കാലിനു പൊട്ടൽ ഉണ്ടോ. പ്ലാസ്റ്റർ ഇട്ടിട്ടുണ്ടല്ലോ. "

"എന്തിനാ മോളെ നീ എഴുന്നേറ്റു നടക്കുന്നത് ഡോക്ടർ പറഞ്ഞത് മറന്നോ. കാലിന് ചെറിയൊരു പൊട്ടൽ അത്രെ ഉള്ളൂ, പ്രായം ആയില്ലേ, നീ വിഷമിക്കാതെ പോയി കിടക്ക് ചെല്ല്. "

ഈ സമയം കൊണ്ട് മായ എല്ലാർക്കും ചായയും കൊണ്ട് വന്നു. 
"രാധേച്ചി ഉള്ളത് നന്നായി അല്ലെങ്കിൽ ചേച്ചി ഒറ്റയ്ക്ക് എന്താക്കുമായിരുന്നു. ഒരുപാട് നന്ദി ചേച്ചി, മക്കൾ അവിടെ ഇല്ലേ ആരേം കണ്ടില്ല ഇവിടെ. '"

"അവിടെ ഉണ്ട് മോനെ ഒരുപാട് പഠിക്കാനുണ്ട്. അതോണ്ടാ കാണാത്തത്. ഞാൻ എന്നാൽ പോട്ടെ ബാലേട്ടനും വരാൻ ആയി. ഞാൻ നാളെ പകല് വരാം. "

"ചേച്ചി, ചായ കുടിച്ചിട്ട് പോയാൽ മതി. കുറേ നേരമായില്ലേ വന്നിട്ട്. "

അങ്ങനെ ചായകുടി കഴിഞ്ഞു അവര് പോയി. ഉണ്ണി പുറത്ത് ആരെയോ കാണാൻ പോയി. 

മായ അത്താഴം ഉണ്ടാക്കി ശാരദാമ്മയുടെ അടുത്തേക്ക് വന്നു. 

"അമ്മേ, ചേച്ചി ഞാൻ ഫുഡ്‌ കൊടുത്താൽ കഴിക്കുമോ. എന്നെ എന്തു പറഞ്ഞാലും സാരല്യ കുഞ്ഞിന്റെ ആരോഗ്യം നോക്കണ്ടേ. "

"മോളിപ്പോ കൊടുത്തു നോക്ക്‌ ഇനീപ്പോ എന്തായാലും കുറച്ചീസം അമ്മയെ കൊണ്ട് പറ്റില്ലല്ലോ. അവള് കഴിച്ചോളും. "

എന്തും വരട്ടെ എന്നും കരുതി മായ രമ്യയുടെ ഭക്ഷണവുമായി പോയി. 

"എനിക്കറിയാമായിരുന്നു ഇനി നീ തന്നെ ആകും ഫുഡും കൊണ്ട് വരുക എന്ന്, എന്നോടുള്ള ദേഷ്യത്തിന് ഫുഡിൽ വല്ലതും ചേർത്തിട്ടുണ്ടോ "

"എനിക്കതിനു ചേച്ചിയോടൊരു ദേഷ്യവും ഇല്ലല്ലോ, ചേച്ചിയ്ക്കല്ലേ എന്നോട് ദേഷ്യം. ഞാൻ ഉണ്ണിയേട്ടനെ സ്നേഹിക്കാൻ തുടങ്ങിയ അന്ന് മുതൽ നിങ്ങളെ ഞാൻ സ്വന്തം ചേച്ചിയായി മാത്രമേ കണ്ടിട്ടുള്ളു. 

എന്നാൽ ചേച്ചി എന്നോട് പെരുമാറുന്നത് ഒരു ശത്രു ആയിട്ടാണ്. എന്താണ് ഞാൻ ചെയ്ത തെറ്റെന്നു ഇതുവരെ എനിക്ക് മനസിലായിട്ടില്ല. 

ആഹ്, അതൊക്കെ പോട്ടെ ഇപ്പൊ ചേച്ചി ഈ ആഹാരം കഴിക്കാൻ നോക്ക്‌ ഇതിൽ ഞാനൊന്നും ചേർത്തിട്ടില്ല. എനിക്കതിനു കഴിയില്ല ഒരുപക്ഷെ നിങ്ങൾക്കത് പറ്റുമായിരിക്കും. "

"നീ എന്താ പറഞ്ഞത്, നീർക്കോലിയും പത്തി വിടർത്തി തുടങ്ങിയോ, കൊള്ളാമല്ലോ, എവിടുന്നു കിട്ടി നിനക്ക് ഈ ധൈര്യം. 
എന്തൊക്കെ പറഞ്ഞാലും ലോകത്ത് അമ്മയാകാൻ കഴിയാത്തവർ ഒന്നിനും കൊള്ളാത്തവരാണ് അറിയോ നിനക്ക്, 
അപ്പൊ പിന്നെ കിട്ടിയ ജീവിതത്തിൽ അടങ്ങിയൊതുങ്ങി അനുസരണയോടെ ജീവിച്ചാൽ നിനക്ക് കൊള്ളാം. 

എനിക്ക് ഹരിയേട്ടന്റെ വീട്ടിൽ ഇപ്പൊ ഉള്ള വിലയറിയോ നിനക്ക് അവരൊക്കെ എന്നെ സ്നേഹിക്കുന്നത് കണ്ടോ, അത് എന്ത് കൊണ്ടാണ് ഞാൻ അവരുടെ വംശം നിലനിർത്താൻ പോവാ തറവാടിന് അനന്തരാവകാശിയെ കൊടുക്കാൻ പോവാ. 

നീയോ നിനക്കതിനു കഴിയുമോ, അവള് വന്നിരിക്കുന്നു. എനിക്ക് കഴിക്കാൻ കൊണ്ട് വന്നതാണെങ്കിൽ അതവിടെ വെച്ചിട്ട് പോ, അല്ലാതെ എന്നെ പേടിപ്പിക്കേണ്ട. "

"എനിക്ക് കഴിയും ഈ തറവാടിന്റെ അനന്തരാവകാശിയെ ഞാൻ തന്നെ പ്രസവിക്കും നോക്കിക്കോ ഇതുവരെ ഞാൻ എല്ലാം കേട്ടിരുന്നു ഇനി അതിന്റെ ആവശ്യം ഇല്ല ".

To Top