ടേക്ക് ഓഫ്, ഭാഗം 2

Valappottukal


രചന: സജി തൈപ്പറമ്പ്


വല്യേട്ടൻ്റെ മകൻ മനു, എയർപോർട്ടിൽ ടാക്സിയുമായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു


ആൻ്റീ..സുരേഷ് അങ്കിളെന്താ വരാതിരുന്നേ?


മനുവിൻ്റെ ചോദ്യത്തിനുള്ള മറുപടി അവൾ കരുതി വച്ചിട്ടുണ്ടായിരുന്നു


രണ്ടാമത്തെ പാർലറിൻ്റെ ഇനാഗുറേഷന് ഇനി കുറച്ച് ദിവസമല്ലേയുള്ളു ,സുരേഷേട്ടൻ ഈ സമയത്ത് അവിടെ നിന്ന് മാറി നിന്നാൽ വർക്കുകളൊക്കെ പെൻറിങ്ങാകും,അത് കൊണ്ട് തിരക്കെല്ലാമൊഴിഞ്ഞിട്ട് പിന്നീട് ഒരു ദിവസം വരാമെന്ന് പറഞ്ഞു


എന്നാലും നാളത്തെ ചടങ്ങിലെ പ്രധാന അതിഥി,

സുരേഷങ്കിളായിരുന്നു, കൊച്ചച്ഛൻ്റെ സ്ഥാനത്ത് നിന്ന് നീതുവിനെ മണ്ഡപത്തിലേക്ക് കൈപിടിച്ച് കയറ്റേണ്ടത് സുരേഷങ്കിളാണെന്ന് ഗീത കുഞ്ഞമ്മ ഇന്നലെയും കൂടി പറഞ്ഞതേയുള്ളു, നീതുവിൻ്റെയും ആഗ്രഹം സുരേഷങ്കിള് അടുത്തുണ്ടാവണമെന്നായിരുന്നു


കാറിൻ്റെ പിൻസീറ്റിലിരുന്നത് കേൾക്കുമ്പോൾ ശാലിനിക്ക് മനസ്സ് നിറഞ്ഞു ,എല്ലാവർക്കും സുരേഷേട്ടനെ മിസ്സ് ചെയ്യുന്നുണ്ടെന്ന അറിവ് അവൾക്ക് പ്രതീക്ഷ നല്കി


നന്ദിയും സ്നേഹവുമുള്ളവരാണ് തൻ്റെ വീട്ടുകാർ ,സുരേഷേട്ടനൊരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണെന്നറിയുമ്പോൾ അവരെല്ലാം തൻ്റെ കൂടെ നില്ക്കുമെന്നുറപ്പുണ്ട്, പക്ഷേ സതീശൻ്റെ കാര്യത്തിൽ തനിക്കാ ഉറപ്പില്ല ,അവൻ്റെ ഭാര്യ ജമന്തി അറുത്ത കൈക്ക്, ഉപ്പ് തേക്കാത്തവളാണ് ,സതീശൻ സഹായിക്കാൻ തയ്യാറായാലും ജമന്തി സമ്മതിക്കുമെന്ന് തോന്നുന്നില്ല.


എന്നാലും ചോദിക്കേണ്ടത് തൻ്റെ ആവശ്യമാണല്ലോ? എന്തായാലും നാളത്തെ ചടങ്ങ് കഴിയട്ടെ, ആദ്യം സതീശൻ്റെ വീട്ടിൽ ചെന്നിട്ട് വിവരങ്ങൾ പറയാം ,ഗീതയോട് രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് കാര്യങ്ങൾ പറയുന്നതാണ് ഉചിതം ,നീതുവിൻ്റെ ഭർതൃവീട്ടുകാരോട് കല്യാണ പിറ്റേന്ന് തന്നെ സ്വർണ്ണം കടമായി ചോദിക്കുന്നതെങ്ങനാ


ആൻ്റീ .. എന്തേലും കഴിക്കണ്ടെ പോകുന്ന വഴിയിൽ ഫാസ്റ്റ്ഫുഡ് കടകളുണ്ടാവും ,കുട്ടികൾക്ക് വിശക്കുന്നുണ്ടാവില്ലേ?


മനു ,പുറകിലേക്ക് തിരിഞ്ഞ് ചോദിച്ചു


കുട്ടികൾക്ക് നല്ല വിശപ്പുണ്ടാവും തൻ്റെ വിശപ്പും ദാഹവുമൊക്കെ എങ്ങോ പോയിരുന്നു ,എങ്ങനെയെങ്കിലും സുരേഷേട്ടനെ ഈ കുരുക്കിൽ നിന്ന് മോചിപ്പിക്കുന്നത് വരെ തനിക്ക് ഊണും ഉറക്കവുമൊന്നുമുണ്ടാവില്ല


എനിക്ക്. വിശപ്പില്ല മനു, കുട്ടികൾക്ക് എന്തേലും വാങ്ങി കൊടുക്കാം, നീ നല്ല കടയുണ്ടെങ്കിൽ നിർത്തിക്കോ


ഞങ്ങർക്കും വിശപ്പില്ല മമ്മീ ... നമുക്ക് ഗീതാൻ്റിയുടെ വീട്ടിലേക്ക് പോകാം


മക്കളുടെ മനസ്സിലും അച്ഛനുണ്ടായ അനുഭവങ്ങൾ വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്ന് ശാലിനിക്ക് മനസ്സിലായി.


എങ്കിൽ പോട്ടെ മനു ,കഴിക്കലൊക്കെ

ഇനി വീട്ടിൽ ചെന്നിട്ടാവാം


ബൈപ്പാസ് റോഡിലേക്ക് കയറിയപ്പോൾ, ഡ്രൈവർ കാറ് പറത്തി വിട്ടു.


രാത്രി ഒൻപത് മണിയോട് കൂടി എല്ലാവരും കല്യാണ വീട്ടിലെത്തി


തറവാട്ട് മുറ്റത്ത് ഓലയും മുളയും കൊണ്ട് തീർത്ത വലിയ പന്തലിനുള്ളിലേക്ക് കടക്കുമ്പോൾ അകത്ത് നിന്ന ഗീത ഓടി വന്നു


എന്നാലും നാത്തൂനെ വലിയ ചതിയായി പോയിത് എല്ലാത്തിനും കാർന്നോരെ പോലെ മുന്നിൽ നില്ക്കേണ്ട സുരേഷേട്ടൻ വരില്ലെന്നറിഞ്ഞപ്പോൾ ഇതൊരു മരണവീട് പോലെയായി ,നീതുവിന് ഇത് പോലൊരു സങ്കടമില്ല ,

സുരേഷങ്കിളില്ലാതെ നാളെയവൾ മണ്ഡപത്തിൽ കയറില്ലെന്നാ പറയുന്നത്,


ഗീത പരിഭവത്തിൻ്റെ കെട്ടഴിച്ചു.


ആഹാ അത് കൊള്ളാമല്ലോ? അപ്പോൾ ഞാനും കുട്ടികളുമൊന്നും അവൾക്ക് വലുതല്ലേ ? ഞാനവളെയൊന്ന് കാണട്ടെ,


ശാലിനി അകത്തെ മുറിയിലേക്ക് കയറി ചെന്നു.


അവളെ കണ്ടതും നീതു,

മുഖം കുനിച്ചിരുന്നു


ഓഹ് കല്യാണപ്പെണ്ണിൻ്റെയൊരു ഗമ കണ്ടില്ലേ?,എടീ നീതു.. നിൻ്റെ കല്യാണം കൂടാനല്ലേ നോക്കെത്താ ദൂരത്ത് നിന്ന് ഞങ്ങള് ഓടിപ്പാഞ്ഞ് വന്നത്?


എന്നാലും ആൻ്റീ... നിങ്ങള് വന്നില്ലേലും എനിക്കിത്രയും സങ്കടമില്ലായിരുന്നു ,എൻ്റെ സുരേഷങ്കിളില്ലായിരുന്നെങ്കിൽ എനിക്കിത്രയും നല്ലൊരു വിവാഹ ജീവിതം ഒരിക്കലും കിട്ടില്ലായിരുന്നു, എൻ്റെ അമ്മയും വല്യച്ഛനും എത്ര ശ്രമിച്ചാലും ഒരു കൂലിപ്പണിക്കാരൻ്റെയപ്പുറത്തേക്ക് അവർക്ക് ചിന്തിക്കാനാവില്ല അച്ഛനില്ലാത്ത എന്നോട് ഒരു അച്ഛൻ്റെ സ്നേഹവും കരുതലുമുള്ളത് കൊണ്ടല്ലേ നല്ലൊരു തറവാട്ടിലെ ജോലിയുള്ള ചെക്കനെ കൊണ്ട് തന്നെ എന്നെ കല്യാണം കഴിപ്പിക്കണമെന്ന് അദ്ദേഹം നിർബന്ധം പിടിച്ചത്, അതിന് വേണ്ടി കണക്ക് നോക്കാതെ ഇഷ്ടം പോലെ പണം ചിലവഴിച്ചു ,സുരേഷങ്കിളിനെ പോലെ മനസ്സിൽ നന്മയുള്ളവർക്കേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയു,


അത് കേട്ട ശാലിനിയുടെ ഉള്ള് തേങ്ങി


ഇത്രയും നന്മയുള്ള ആ പാവം മനുഷ്യനെയാണ് കളളക്കേസിൽ കുടുക്കി പോലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്നത്


പുറത്തേയ്ക്ക് ചാടാൻ വെമ്പി നിന്ന കണ്ണീർക്കണങ്ങളെ കർച്ചീഫ് കൊണ്ട്, ആരും കാണാതെ ,ശാലിനി മെല്ലെ തുടച്ചെടുത്തു.


മോള് സങ്കടപ്പെടണ്ട, അങ്കിളിന് അവിടുന്ന് തീരെ ഒഴിഞ്ഞ് നില്ക്കാൻ പറ്റാത്തത് കൊണ്ടല്ലേ ഞങ്ങളുടെയൊപ്പം വരാതിരുന്നത് ,മോള് നോക്കിക്കോ ? നമ്മളെയെല്ലാം ഞെട്ടിച്ച് കൊണ്ട് അടുത്ത് തന്നെ ഒരു ദിവസം അങ്കിളിവിടെ ലാൻ്റ് ചെയ്യും അത് കൊണ്ട് ഇപ്പോൾ സന്തോഷത്തോടെയിരിക്ക്


ശാലിനി നീതുവിൻ്റെ മൂർദ്ധാവിൽ ചുംബിച്ചിട്ട് അവളുടെ മുടിയിഴകളിൽ തഴുകി സമാധാനിപ്പിച്ചു.


നിങ്ങളൊന്നും കഴിച്ചിട്ടുണ്ടാവില്ലല്ലോ ?

കൈ കഴുകിയിട്ട് വാ ,ഞാൻ പോയി വെജിറ്റബിൾ ബിരിയാണി ഇങ്ങോട്ട് എടുത്തോണ്ട്  വരാം,


അത് വേണ്ട നാത്തൂനെ ഞങ്ങള് പന്തലിലോട്ട് വരാം അവിടിരുന്ന് കഴിക്കുമ്പോൾ എല്ലാവരെയുമൊന്ന് കാണുകയും സംസാരിക്കുകയും ചെയ്യാമല്ലോ?


നീറിപ്പുകയുന്ന മനസ്സിന് ഒരാശ്വാസമാകാൻ പരമാവധി എൻഗേജ്ഡ് ആവാനായിരുന്നു ശാലിനി ശ്രമിച്ചത്.


നീയെന്താ ഒന്നും കഴിക്കാതെ വെറുതെ കുഴച്ച് കൊണ്ടിരിക്കുന്നത് ?ചോറ് ഇഷ്ടപ്പെട്ടില്ലെങ്കിൽ നല്ല ഇഡ്ഡലിയും സാമ്പാറുമുണ്ട് എടുക്കട്ടെ


വല്യേട്ടൻ്റെ ചോദ്യം കേട്ടവൾ തല ഉയർത്തി നോക്കി


അയ്യോ വേണ്ട എട്ടാ ... എനിക്ക് വലിയ വിശപ്പില്ല, ഞാൻ  മക്കൾക്ക് കമ്പനി കൊടുക്കാൻ, കൂടെ ഇരുന്നു എന്നേയുള്ളു


പെട്ടെന്ന് വായിൽ വന്നൊരു കളവ് ,വല്യേട്ടന് മറുപടിയായി കൊടുത്തു.


എന്നാൽ മക്കള് വയറ് നിറച്ച് കഴിക്ക്,


ദേവുവിൻ്റെയും, നന്ദുവിൻ്റെയും തോളിൽ തട്ടി വാത്സല്യത്തോടെ പറഞ്ഞിട്ട്, വല്യേട്ടൻ അടുത്ത ടേബിളിലേക്ക് പോയപ്പോൾ ദൂരെ ഒരാൾ തൻ്റെ നേരെ നോക്കി മണ്ഡപത്തിൻ്റെ തൂണിൽ ചാരിനില്ക്കുന്നത് ശാലിനി കണ്ടു.


നരേന്ദ്രനല്ലേ അത്?


അവളുടെ ഉള്ളിലിരുന്നാരോ ചോദിച്ചു


താടിയും മുടിയും വളർന്നിട്ട് ആളെ കണ്ടാൽ പെട്ടെന്ന് മനസ്സിലാവില്ല


തൻെറ വല്യമ്മാവൻ്റെ മകനാണ്, താനുമായി മൂന്ന് വയസ്സിൻ്റെ മൂപ്പേയുള്ളു കക്ഷിക്ക് ,പക്ഷേ ഇപ്പോൾ കണ്ടാൽ തൻ്റെ വല്യേട്ടനെക്കാൾ പ്രായം പറയും


അതങ്ങനാ കുടിച്ച് കുടിച്ച് സ്വയം ആരോഗ്യം നശിപ്പിച്ച് കളഞ്ഞതല്ലേ?കഴിഞ്ഞ പ്രാവശ്യം നാട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞിരുന്നു നരൻ്റെ കുടി സഹിക്കാൻ വയ്യാഞ്ഞിട്ട് അവൻ്റെ ഭാര്യ ഇട്ടേച്ച് പോയിരിക്കുവാന്ന്


ഒരിക്കൽ അടുത്ത് കിട്ടിയപ്പോൾ സ്വകാര്യമായി താൻ ചോദിച്ചായിരുന്നു എന്തിനാ ഇങ്ങനെ കുടിച്ച് നശിക്കുന്നതെന്ന്


താനാഗ്രഹിച്ചതൊന്നും തനിക്ക് കിട്ടിയിട്ടില്ലന്നും അതിൻ്റെ നിരാശകൊണ്ടാണ് കുടിക്കുന്നതെന്നുമാണ് അന്ന് പറഞ്ഞത്


അതെന്താ നരേട്ടൻ ആഗ്രഹിച്ചതെന്ന തൻ്റെ ചോദ്യത്തിന്, പുച്ഛത്തോടെ ഒന്ന് ചിറി കോട്ടുകയായിരുന്നു ആദ്യം ചെയ്തത്


പശുവും ചത്തു ,മോരിലെ പുളിയും പോയി ഇനി അതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് പറഞ്ഞ് ആടിയാടി അന്ന് തൻ്റെ മുന്നിൽ നിന്ന് പോവുകയായിരുന്നു.


നിങ്ങള് കഴിക്ക് ,മമ്മി ദേ ഇപ്പോൾ വരാം


ശാലിനി എഴുന്നേറ്റ് കൈ കഴുകിയിട്ട് നരേന്ദ്രൻ്റെയടുത്തേക്ക് ചെന്നു


എന്താ നരേട്ടാ... ഇത്, എന്ത് കോലമാണ്? ഇതൊരു കല്യാണ വീടല്ലേ ?ഈ താടിയും മുടിയുമൊക്കെ വെട്ടിച്ച് വൃത്തിയായിട്ടൊന്ന് വന്ന് കൂടെ?


ആദ്യം ഒരു പൊട്ടിച്ചിരിയായിരുന്നു

അതിന് മറുപടിയായി വന്നത്.


ഞാൻ വൃത്തിയും വെടിപ്പുമായി നടന്ന ഒരു കാലമുണ്ടായിരുന്നു, ആരെയും കൊണ്ട് മോശമെന്ന് പറയിപ്പിക്കാതെ, സദ്ഗുണ സമ്പന്നനായി നടന്ന ഒരു കാലം, അന്ന് എന്നെ ശ്രദ്ധിക്കാനോ, ഒരു നല്ല അഭിപ്രായം പറയാനോ ആരുമുണ്ടായിരുന്നില്ല, എന്തിന്? എന്നെ അങ്ങനെ നടക്കാൻ പ്രേരിപ്പിച്ച നീ പോലും എന്നെ മൈൻഡ് ചെയ്തില്ല ,തുറന്ന് പറയാൻ മടിയായിരുന്നത് കൊണ്ട്, എൻ്റെ പെരുമാറ്റങ്ങൾ കൊണ്ടെങ്കിലും എനിക്ക് നിന്നോടുള്ള, ഇഷ്ടം നീ മനസ്സിലാക്കുമെന്ന് കരുതി കാത്തിരുന്ന എന്നെ ഒരു വിഡ്ഡിയാക്കി, പെട്ടെന്നൊരു ദിവസം നീയൊരു ഗൾഫുകാരൻ്റെ ഭാര്യയായി പോയപ്പോഴാണ്, ഞാനാദ്യമായി നിരാശയുടെ പടുകുഴിയിലേക്ക് വീണത്, അതിൽ നിന്നൊരു മോചനം കിട്ടി തുടങ്ങിയത്, മറ്റൊരു പെൺകുട്ടി എൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നതോടെയാണ്, പക്ഷേ വിധി അവിടെയും എൻ്റെ സന്തോഷം തല്ലിക്കെടുത്തി, വിവാഹം കഴിഞ്ഞ് അഞ്ചാറ് കൊല്ലമായിട്ടും കുട്ടികളുണ്ടാകാത്തത്, 

എന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടാണെന്ന് പറഞ്ഞ്, ഒടുവിൽ ഭാര്യയും ഇട്ടേച്ച് പോയപ്പോൾ,നാട്ട്കാര് പറഞ്ഞു, എൻ്റെ കുടി, മൂത്തിട്ടാണെന്ന്‌ ,

ഇനി നീ പറ ,ഞാൻ പിന്നെ എന്തിന് വേണ്ടിയാണ് വൃത്തിയായിട്ട് നടക്കേണ്ടത് ? 

ആർക്ക് വേണ്ടിയാണ് ഞാൻ നല്ലവനായി ജീവിക്കേണ്ടത് ?


അയാളുടെ ചോദ്യങ്ങൾ ശാലിനിയിൽ കുറ്റബോധമുണ്ടാക്കി.


നരൻ പറഞ്ഞത് ശരിയാണ്,

അയാളുടെ സ്നേഹം താൻ അറിയായ്കയല്ല ,

അറിഞ്ഞില്ലെന്ന് നടിച്ചതായിരുന്നു, അച്ഛനൊരിക്കലും നരനുമായുള്ള ബന്ധം അംഗീകരിക്കില്ലെന്നറിയാമായിരുന്നു, അത് കൊണ്ടായിരുന്നു, അന്ന് താൻ സുരേഷേട്ടൻ്റെ ഭാര്യയായി തീർന്നത്


ഒരു നിമിഷം ശാലിനിയുടെ ഓർമ്മകൾ പിന്നിലേക്ക് പോയി.


മമ്മീ ... ദേ സുമാത്തയുടെ കോൾ ...


കുട്ടികളുടെ വിളി കേട്ടപ്പോൾ, നരൻ്റെ മുന്നിൽ നിന്ന് രക്ഷപെടാൻ, ഒരു പഴുത് കിട്ടിയ ആശ്വാസമായിരുന്നു ശാലിനിക്ക്.


ശരി നരേട്ടാ.. ഞാൻ കോൾ അറ്റൻറ് ചെയ്യട്ടെ,


അവൻ്റെ മുന്നിൽ നിന്ന് തിരിച്ച് ചെന്ന് ശാലിനി ഫോൺ വാങ്ങി ചെവിയിൽ വച്ചു.


ങ്ഹാ പറയൂ സുമാത്താ ...


മാം.. എന്തായി പോയിട്ട് ,കാശിൻ്റെ കാര്യം വല്ലതും റെഡിയായോ?


ഇല്ല സുമാത്താ.. നാളെയല്ലേ കല്യാണം, അത് കഴിഞ്ഞേ എല്ലാവരോടും ഞാൻ വിവരം പറയു,സുരേഷേട്ടൻ്റെ വിവരം വല്ലതും അറിയാൻ കഴിഞ്ഞോ ?


ഞാൻ കുറച്ച് മുൻപ് പോയി ഭക്ഷണം കൊടുത്തു , കുഴപ്പമൊന്നുമില്ല ,മാം കാശുമായി വന്നാൽ സാറിന് ഉടൻ റിലീസാകാൻ പറ്റുമെന്ന് പറഞ്ഞു


ഓഹ്, നീയദ്ദേഹത്തിന് ഭക്ഷണം കൊണ്ട് കൊടുത്തല്ലേ ?ഞാൻ പറയാതെ തന്നെ നിനക്കത് തോന്നിയല്ലോ സുമാത്താ..


അദ്ദേഹം എൻ്റെ ഭായിയെ പോലെയല്ലേ മാം ,ഞാൻ ശ്രദ്ധിച്ചോളം ,സമാധാനമായിരുന്നോളു


സുമാത്തയുടെ വാക്കുകൾ ശാലിനിക്ക് നല്കിയ സമാധാനം തെല്ലൊന്നുമായിരുന്നില്ല .

ബാക്കി വായിക്കുക.

To Top